മസ്‌ജിദുൽ അഖ്‌സയും ബൈത്തുൽ മഖ്‌ദിസും

//മസ്‌ജിദുൽ അഖ്‌സയും ബൈത്തുൽ മഖ്‌ദിസും
//മസ്‌ജിദുൽ അഖ്‌സയും ബൈത്തുൽ മഖ്‌ദിസും
ആനുകാലികം

മസ്‌ജിദുൽ അഖ്‌സയും ബൈത്തുൽ മഖ്‌ദിസും

ലസ്തീൻ പോരാട്ടത്തെക്കുറിച്ച ചർച്ചകളിൽ സ്വാഭാവികമായും മസ്‌ജിദുൽ അഖ്‌സയും ബൈത്തുൽ മഖ്‌ദിസുമെല്ലാം കടന്നുവരാറുണ്ട്. ഇത്തരം ചർച്ചകൾ വായിക്കുമ്പോൾ അതേക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളുള്ളതായി മനസ്സിലാകുന്നു. ആനുകാലികങ്ങളിലും യൂട്യുബിലും മറ്റ് സോഷ്യൽ മീഡിയകളിലുമെല്ലാം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ പലരും ചെറുതും വലുതുമായ തെറ്റുകൾ വരുത്തുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. മസ്‌ജിദുൽ അഖ്‌സയെക്കുറിച്ചും ബൈത്തുൽ മഖ്‌ദിസിനെക്കുറിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിധാരണകളാണ് ഈ അബദ്ധങ്ങൾക്ക് കാരണം. ഇവയുടെ ചരിത്രം മനസ്സിലാക്കിയാൽ ആ തെറ്റിദ്ധാരണകൾ നീങ്ങും. വളരെ സംക്ഷിപ്തമായി അവയുടെ ചരിത്രം വിശദീകരിക്കാനുള്ള ശ്രമം നടത്തുകയാണ്.

നിർമ്മിച്ചതാര് ?

പടച്ചവനെ ആരാധിക്കാനായി ആദ്യമായി നിർമ്മിക്കപ്പെട്ട സ്ഥലമാണ് മക്കയിലെ മസ്‌ജിദുൽ ഹറാമെന്നും രണ്ടാമതായി നിർമ്മിക്കപ്പെട്ട സ്ഥലമാണ് മസ്‌ജിദുൽ അഖ്‌സയെന്നും ഇത് രണ്ടിന്റെയും ഇടയിൽ നാല്പത് വർഷങ്ങളാണുള്ളതെന്നും പ്രവാചകൻ പറഞ്ഞതായുള്ള അബൂ ദർറിൽ നിന്നുള്ള ഒരു നിവേദനം ബുഖാരിയിലുണ്ട്. ആദം നബിക്ക് മുമ്പ് തന്നെ മലക്കുകളാണ് രണ്ട് മസ്‌ജിദുകളും നിർമ്മിച്ചതെന്നും ഇബ്‌റാഹീം നബിയും സുലൈമാൻ നബിയും അവ പുതുക്കിപ്പണിയുകയുമാണ് ചെയ്തതെന്നും ഈ ഹദീഥിനെ വ്യാഖ്യാനിച്ച പണ്ഡിതന്മാരുണ്ട്. ഇബ്‌റാഹീം നബി തന്റെ മകൻ ഇസ്മാഇലിനെ കൂട്ടി മസ്‌ജിദുൽ ഹറമിലെ കഅ്ബ നിർമ്മിച്ചത് പോലെ രണ്ടാമത്തെ മകനായ ഇസ്‌ഹാഖിനെ കൂട്ടി മസ്‌ജിദുൽ അഖ്‌സയിലെ ബൈത്തുൽ മഖ്‌ദിസ് നിർമ്മിച്ചുവെന്നും വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. രണ്ടാണെങ്കിലും ഈ രണ്ട് സ്ഥലങ്ങളുടെയും നിർമ്മിതിക്കിടയിൽ നാല്പത് വർഷങ്ങളാണുള്ളത്.

അനുഗ്രഹീതദേശം

മസ്‌ജിദുൽ അഖ്‌സയുൾക്കൊള്ളുന്ന പ്രദേശത്തെ അല്ലാഹു വിളിക്കുന്നത് ‘നാം അനുഗ്രഹിച്ച’(بَارَكْنَا) സ്ഥലമെന്നാണെന്ന് ഖുർആനിൽ നാല് തവണ ആവർത്തിക്കുന്നുണ്ട്. (7: 137, 17: 1, 21: 71, 21: 81). ഇതിൽ ഒരു വചനത്തിൽ പറയുന്നത് ലോകങ്ങൾക്കെല്ലാം അനുഗ്രഹമാക്കിയ സ്ഥലത്തേക്ക് ഇബ്രാഹീം നബിയെയും ലൂത്വ് നബിയെയും അല്ലാഹു രക്ഷപ്പെടുത്തിയെന്നാണ് (21: 81). ഇബ്‌റാഹീം നബിയുടെ കാലം മുതൽ തന്നെ ഈ സ്ഥലം അനുഗ്രഹീതമാണെന്ന് പ്രഖ്യാപിക്കുന്ന ഗ്രന്ഥം ഖുർആൻ മാത്രമാണ്. ഇബ്‌റാഹീമിന്റെ മകനായ ഇസ്‌ഹാഖിന്റെ മകനായ യാക്കോബിന്റെ മറ്റൊരു പേരാണ് ഇസ്‌റാഈൽ. അദ്ദേഹത്തിന്റെ മക്കളാണ് ഇസ്രായില്യർ. ആ ജനത ഉണ്ടാകുന്നതിന് മുമ്പ് തന്നെ ദൈവാനുഗ്രഹത്തിന് വിധേയമായ സ്ഥലമാണ് മസ്‌ജിദുൽ അഖ്‌സയുടെ അനുബന്ധപ്രദേശങ്ങളെന്നർത്ഥം.

പവിത്രഭൂമി

ഫറോവയുടെ പീഢനങ്ങളിൽ നിന്ന് രക്ഷപ്പെട്ട ജനതയോട് മൂസാനബി ആവശ്യപ്പെട്ടത് ‘അല്ലാഹു നിങ്ങൾക്കായി നിശ്ചയിച്ച പവിത്ര ഭൂമിയിൽ പ്രവേശിക്കുക’ ( ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ) എന്നായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നു (5: 21). ‘പവിത്രഭൂമി’യെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അർദ്വൽ മഖ്‌ദിസ’ എന്ന പദദ്വയത്തെയാണ്. ‘അർദ്വൽ മഖ്‌ദി’യിൽ നിർമ്മിക്കപ്പെട്ട ദേവാലയമാണ് ബൈത്തുൽ മഖ്‌ദിസ്. മസ്‌ജിദുൽ അഖ്‌സയുൾക്കൊള്ളുന്ന പ്രദേശത്തെയാണ് ഖുർആൻ അർദ്വൽ മഖ്‌ദിസയെന്ന് വിളിച്ചിരിക്കുന്നത്.

മധ്യപൗരസ്ത്യ ദേശത്ത് ജീവിച്ചിരുന്ന കാനാന്യർ പുരാതന കാലം മുതൽ തന്നെ ജറൂസലേമിലെ മോരിയാ കുന്നിനെ വിശുദ്ധസ്ഥലമായി കരുതിയിരുന്നുവെന്ന് ബൈബിൾ പണ്ഡിതന്മാർ വ്യക്തമാക്കുന്നുണ്ട്. (റവ: എ സി ക്ലെയ്റ്റൻ: ബൈബിൾ നിഘണ്ടു, പുറം 447; “Jerusalem Archaeological Sites: Mount Moriah”, Jewish Virtual Library, https://www.jewishvirtuallibrary.org/) അബ്രഹാം മകനായ ഇസ്ഹാഖിനെ ബലിയർപ്പിക്കാനായി കൊണ്ടുപോയത് ഈ മലയിലേക്കാണ് എന്നാണ് ബൈബിൾ പറയുന്നത് (ഉൽപത്തി 22: 8). ഇസ്ഹാഖിന്റെ മകനായ യാക്കോബ് സ്വർഗ്ഗത്തിലേക്കുള്ള ഭൂമിയിൽ നിന്നുള്ള ഗോവണിയായി സ്വപ്‍നം കണ്ട സ്ഥലവും ദൈവാലയം എന്ന നിലയിൽ അദ്ദേഹം കൽസ്‌തൂപം നാട്ടിയതും ഈ മലയിലാണ് (ഉൽപത്തി 28 : 11-22 ). ഈ മലയാണ് ഇന്ന് Temple Mount എന്നറിയപ്പെടുന്നത്. കഅ്ബാലയത്തിന് ചുറ്റുമുള്ള മക്കൻ പ്രദേശങ്ങൾക്ക് മൊത്തത്തിൽ മസ്‌ജിദുൽ ഹറാം എന്ന് വിളിക്കുന്നത് പോലെ ഖുർആനും ഹദീഥുകളും മസ്‌ജിദുൽ അഖ്‌സയെന്ന് വിളിച്ചിരിക്കുന്നത് ഈ കുന്നിനെ മൊത്തത്തിലാണെന്നാണ് മനസ്സിലാകുന്നത്.

ബൈത്തുൽ മഖ്‌ദിസ്

മസ്‌ജിദുൽ അഖ്‌സയിൽ ആദ്യമായി ഒരു പ്രാർത്ഥനാമണ്ഡപം പണിയുന്നത് ഇസ്‌റാഈൽ ഗോത്രത്തിന്റെ പിതാവായ യാക്കോബിന്റെ പതിനൊന്നാം തലമുറയുടെ രാജാവായിരുന്ന ദാവീദാണെന്നാണ് ബൈബിൾ പറയുന്നത് (1 ദിനവൃത്താന്തം 21: 26). അദ്ദേഹത്തെ ഇസ്രാഈലിന്റെ രാജാവായി മാത്രമാണ് ബൈബിൾ പഴയനിയമം പരിചയപ്പെടുത്തുന്നത്; ഖുർആനിലെ ദാവൂദ് നബിയാകട്ടെ ഭരണാധികാരിയും അതോടൊപ്പം തന്നെ പ്രവാചകനുമാണ്. ദാവൂദ് നബിക്ക് ഒരു പ്രാർത്ഥനാമണ്ഡപം (الْمِحْرَابَ) ഉണ്ടായിരുന്നതായി ഖുർആനും വ്യക്തമാക്കുന്നുണ്ട്. (38: 21)

ദാവീദിന്റെ പ്രാർത്ഥനാമണ്ഡപം നിന്നിടത്ത് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഒരു പ്രാർത്ഥനാലയം പണിതത് അദ്ദേഹത്തിന്റെ മകനായ സോളമനായിരുന്നുവെന്നാണ് ബൈബിൾ പറയുന്നത് (1 ദിനവൃത്താന്തം 22: 8-11). ഇതാണ് ഇംഗ്ലീഷിൽ ഒന്നാം ദേവാലയം (First Temple) എന്നും ഹിബ്രുവിൽ ബേത്ത് ഹാം മിഖ്ദാസ് ( בֵּית־הַמִּקְדָּשׁ Bēṯ hamMīqdāš) എന്നും അറിയപ്പെടുന്നത്. അറബിയിൽ ബൈത്തുൽ മഖ്‌ദിസ് ( بَيْتَ الْمَقْدِسِ ) എന്നാണ് ഇതിന്ന് പറയുക. ഖുർആനിലെവിടെയും ഈ ബൈത്തുൽ മഖ്‌ദിസിനെക്കുറിച്ചോ അതാരാണ് നിർമ്മിച്ചതെന്നോ ഉള്ള സൂചനകളില്ല. നബിയുടെ നിശാപ്രയാണത്തെ(ഇസ്റാഅ്) ക്കുറിച്ച് പറയുമ്പോൾ അത് ഖുറൈശികൾ നിഷേധിച്ചപ്പോൾ ബൈത്തുൽ മഖ്‌ദിസ് അല്ലാഹു നബി(സ)ക്ക് കാണിച്ചുകൊടുത്തുവെന്നും നബി അതേക്കുറിച്ച് അവർക്ക് വിശദീകരിച്ചുകൊടുത്തുവെന്നും ബുഖാരിയിൽ ജാബിറു ബ്നു അബ്ദുല്ലയിൽ നിന്നുള്ള ഒരു നിവേദനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

മുപ്പതിനായിരം പ്രധാനതൊഴിലാളികളെയും എൺപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും മുവ്വായിരത്തി മുന്നൂറ് മേൽനോട്ടക്കാരെയും ഉപയോഗിച്ച് ഏതാണ്ട് എട്ട് വർഷങ്ങളെടുത്ത് സോളമൻ 957 ബി.സി. യിലാണ് ബേത്ത് ഹാം മിഖ്ദാസിന്റെ പണി പൂർത്തിയാക്കിയത് എന്നാണ് ബൈബിളിൽ നിന്ന് മനസ്സിലാകുന്നത് (1 രാജാക്കന്മാർ 5, 6, 7 അധ്യായങ്ങൾ). മന്നാ നിറച്ച സ്വർണപ്പാത്രവും, അഹറോൻറെ തളിർത്ത വടിയും, പത്തു കല്പനകളടക്കമുള്ള നിയമങ്ങൾ കൊത്തിയ ഫലകങ്ങളും സൂക്ഷിച്ചിരുന്ന വാഗ്ദാനപേടകം ഇസ്രാഈല്യരുടെ ഈ ആരാധനാകേന്ദ്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇസ്‌റാഈൽ രാജാവായിരുന്ന യെഹോയാക്കീമിന്റെ ഭരണകാലത്ത് ബി.സി. 598 ൽ ജെറുസലേം ആക്രമിച്ച് കീഴടക്കിയ ബാബിലോണിയൻ രാജാവായ നെബുക്കദ്‌ നസർ രണ്ടാമൻ ഈ ആരാധനാലയം കൊള്ളയടിക്കുകയും വിലപ്പെട്ട വസ്തുക്കളെല്ലാം കടത്തിക്കൊണ്ടുപോവുകയും ചെയ്തു. പത്ത് വർഷങ്ങൾക്ക് ശേഷം BC 586 ൽ നസറിന്റെ പടയാളികൾ ജെറൂസലേം പട്ടണം കത്തിച്ചുകളഞ്ഞപ്പോൾ അതോടൊപ്പം സോളമൻ പണികഴിപ്പിച്ച ദേവാലയം പൂർണ്ണമായും കത്തി നശിച്ചുവെന്നാണ് ബൈബിൾ പറയുന്നത്. (2 രാജാക്കന്മാർ 24, 25 അധ്യായങ്ങൾ). നിർമ്മിക്കപ്പെട്ടതിനുശേഷം 470 വർഷവും, 6 മാസവും, 10 ദിവസവും കഴിഞ്ഞ് അത് തീവച്ച് നശിപ്പിക്കപ്പെട്ടതോടോപ്പം തന്നെ അവിടെയുള്ള ഇസ്രാഈല്യരെ അടിമകളാക്കി ബാബിലോണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ബി.സി. 586 മുതൽ 516 വരെ എഴുപത് വർഷം ദീർഘിച്ച ഈ അടിമത്തത്തെയാണ് ബാബിലോണിയൻ വിപ്രവാസം എന്ന് വിളിക്കുന്നത്.

രണ്ടാം ദേവാലയം

പേർഷ്യാ ചക്രവർത്തിയായിരുന്ന ദാരിയൂസ് ബാബിലോൺ ആക്രമിച്ച് കീഴടക്കി യഹൂദരെ സ്വാതന്ത്രരാക്കിയതിന് ശേഷം, ബി.സി. 536-ൽ ആണ് മസ്‌ജിദുൽ അഖ്‌സയിൽ രണ്ടാമത്തെ ദേവാലയത്തിൻറെ പണി തുടങ്ങുന്നതെന്ന് ബൈബിളിലെ എസ്രായുടെ പുസ്തകത്തിലെ ആദ്യ അധ്യായങ്ങളിൽ നിന്ന് മനസ്സിലാവും. രണ്ടാം ദേവാലയത്തിന്റെ നിർമ്മാണത്തിന് ഇസ്രാഈല്യർക്ക് പ്രചോദനം നൽകുകയും ദൈവികനിയമങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്ത എസ്രായെ യഹൂദർ പരിഗണിക്കുന്നത് അഹരോന്റെ പരമ്പരയിലുള്ള പുരോഹിതനായാണ്. ഉസൈറിനെ ദൈവപുത്രനായി വരെ പരിഗണിക്കുന്നവർ യഹൂദർക്കിടയിലുണ്ടായിരുന്നുവെന്ന് ഖുർആൻ പറയുന്നുണ്ട്. (9: 30) നിർമ്മാണം തുടങ്ങി 21 വർഷങ്ങൾക്ക് ശേഷം ബി.സി. 515 ൽ പൂർത്തിയായ ഈ ദേവാലയത്തിന് ഒന്നാം ദേവാലയത്തിൻറെ പ്രൗഢിയും ഗാംഭീര്യവും ഉണ്ടായിരുന്നില്ല.

അത് പ്രൗഢിയോടെ പുതുക്കിപ്പണിയാനാരംഭിച്ചത് ബിസി 37 മുതൽ 4 വരെയുള്ള കാലയളവിൽ റോമാസാമ്രാജ്യത്തിന്റെ സാമന്തരാജാവായി ഇസ്‌റാഈൽ ഭരിച്ച ഹേറോദേസ് ഒന്നാമനാണ്. ബി.സി. 20 ൽ ആരംഭിച്ച നിർമ്മാണം 40 വർഷങ്ങൾ കൊണ്ട് പൂർത്തിയായപ്പോൾ സോളമൻ നിർമ്മിച്ച ദേവാലയത്തെക്കാൾ വലുതും പ്രൗഢവുമായിത്തീർന്നു. യേശുക്രിസ്തുവിന്റെ ജനനസമയത്തെ രാജവായിരുന്നു ഹേറോദേസ് എന്ന് മത്തായിയുടെ സുവിശേഷത്തിലെ രണ്ടാം അധ്യായത്തിലെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. ദേവാലയം പുതുക്കിപ്പണിതത്തോടൊപ്പം വിശുദ്ധമെന്ന് കരുതപ്പെടുന്ന അതിന്റെ പരിസരത്ത് ഒരു ചുറ്റുമതിൽ കൂടി അദ്ദേഹം പണിയിപ്പിച്ചു. പതിനായിരം ജോലിക്കാർ പത്ത് വര്ഷം പണിയെടുത്താണത്രെ ഈ ചുറ്റുമതിൽ പൂർത്തിയാക്കിയത്. ഈ ചുറ്റുമതിലിന് ഉള്ളിലുള്ള സ്ഥലത്തെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് മസ്‌ജിദുൽ അഖ്‌സ.

മറിയം ബീവിയുടെ പള്ളി

തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ യേശുമാതാവായിരുന്ന മറിയമിന്റെ അമ്മ ദേവാലയത്തിലേക്ക് നേർച്ചയാക്കിയ സംഭവം ബൈബിളിലില്ലാത്തതും ഖുർആനിൽ പരാമർശിക്കുന്നതുമായ ചരിത്രങ്ങളിലൊന്നാണ്. സകരിയ്യാ നബിയുടെ സംരക്ഷണത്തിലായിരുന്ന മറിയം ബീവി തന്റെ ബാല്യകാലം ചെലവഴിച്ചത് മസ്‌ജിദുൽ അഖ്‌സയിൽ ഹേറോദേസ് രാജാവ് രണ്ടാം ദേവാലയം നിർമ്മിക്കുന്ന കാലത്തായിരിക്കണം. അവിടുത്തെ പ്രാർത്ഥനാമണ്ഡപത്തിൽ വെച്ച് മറിയം ബീവിക്ക് അല്ലാഹുവിൽ നിന്ന് അത്ഭുതകരമായി ഭക്ഷണപദാർത്ഥങ്ങൾ ലഭിച്ചതായുള്ള ഖുർആൻ പറയുന്ന ചരിത്രത്തിലെ സംഭവങ്ങൾ നടന്നതെല്ലാം (ഖുർആൻ 3: 35-37) ആ ദേവാലയത്തിൽ വെച്ചുതന്നെയായിരിക്കണം. നാല് സുവിശേഷങ്ങളിലും (മത്തായി 21: 12–17, മാർക്കോസ് 11: 15–19, ലൂക്കോസ് 19: 45–48, യോഹന്നാൻ 2: 13–16) കാണുന്ന വാണിഭക്കാരെ പുറത്താക്കി കൊണ്ടുള്ള ദേവാലയശുദ്ധീകരണം നടന്നതും ബൈത്തുൽ മഖ്‌ദിസിന്റെ ഈ പുനർനിർമ്മാണവേളയിലായിരിക്കണം.

യഹൂദഭീകരതയും ദേവാലയത്തിന്റെ തകർച്ചയും

ബി.സി. 4-ൽ ഹേറോദേസ് ഒന്നാമൻ മരണപ്പെട്ടതോടെ മസ്ജിദുൽ അഖ്‌സയുൾക്കൊള്ളുന്ന യഹൂദ്യയുടെയും ശമര്യയുടെയും ഭരണമേറ്റെടുത്തത് മൂത്ത മകനായ അർക്കലിയോസായിരുന്നു. അദ്ദേഹത്തിന്റെ പ്രാപ്തിക്കുറവ് മൂലം ഈ പ്രദേശങ്ങൾ റോമൻ ഗവർണ്മെന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി. റോമൻ ഭരണകൂടം അവിടെ നിയോഗിച്ച കുറേന്യോസ് എന്ന ഗവർണ്ണറുടെ ഭരണപരിഷ്കാരങ്ങളോട് വിയോജിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സെലോട്ടുകൾ (Zealots) ആണ് ലോകചരിത്രത്തിലെ ആദ്യത്തെ ഭീകരവാദപ്രസ്ഥാനമായി അറിയപ്പെടുന്നത്. റോമക്കാർക്കെതിരെ അവർ നടത്തിയ ആദ്യവിപ്ലവം അടിച്ചമർത്തപ്പെടുകയും നേതാവായിരുന്ന യൂദാ കൊല്ലപ്പെടുകയും ചെയ്തതോടെ അവർ താൽക്കാലികമായി ഇല്ലാതായി.

എ.ഡി 44-ൽ യഹൂദ്യ ഒരു ഔദ്യോഗിക റോമൻ പ്രവിശ്യയായി മാറിയതോടെ യഹൂദർക്കിടയിൽ അതിനോടുള്ള എതിർപ്പ് രൂക്ഷമായി. സെലോട്ടുകൾ പുനരുജ്ജീവിക്കപ്പെട്ടു. അവരിൽ നിന്ന് അതിഭീകരന്മാരായ മറ്റൊരു വിഭാഗം ഉടലെടുക്കുത്തത് ഇക്കാലത്താണ്. വസ്ത്രത്തിനുള്ളിൽ ഒളിച്ചു വെക്കാവുന്ന ഒരു ചെറിയ കഠാരയുമായി പൊതുസ്ഥലങ്ങളിൽ ചുറ്റിനടന്ന് റോമാക്കാരെയും അവരുമായി അനുഭാവം പുലർത്തിയിരുന്ന യഹൂദരെയും കൊലപ്പെടുത്തിയ ശേഷം ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞു കളയുകയും ചെയ്തിരുന്നതിനാൽ ഈ ഭീകരസംഘത്തെ ‘കഠാരക്കാർ’ എന്നർത്ഥം വരുന്ന സിക്കാരികൾ (Sicarii) എന്നാണ് വിളിച്ചത്. എ.ഡി 66 മുതൽ 70 വരെയുള്ള കാലയളവിൽ റോമാക്കാർക്കെതിരെ നടന്ന യഹൂദരുടെ കലാപത്തിന്റെ നേതൃത്വം സെലോട്ടുകൾക്കായിരുന്നു. കലാപത്തിൽ യഹൂദർ തകരുകയും ജെറുസലേം പട്ടണം റോമാക്കാരുടെ കീഴിലാവുകയും ചെയ്തു. സെലോട്ടുകൾ മസാദയിലെ അവരുടെ കോട്ടയിലേക്ക് പിൻവാങ്ങുകയും എ.ഡി.73-ൽ റോമൻ പടയാളികൾ അത് വളഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുകയുമാണ് ചെയ്തത്. ഈ കലാപത്തോടനുബന്ധിച്ച് റോമാ പടയാളികളാണ് ഹേറോദേസ് പുതുക്കിപ്പണിത ബൈത്തുൽ മഖ്‌ദസ് തകർത്തത്. യഹൂദ റബ്ബിമാരിൽ പലരും സെലോട്ടുകളാണ് ദേവാലയത്തിന്റെ നാശത്തിന് കാരണക്കാരെന്ന് വിമർശിച്ചിരുന്നുവെന്ന് തൽമൂദിലുള്ളതായി യഹൂദവിജ്ഞാനകോശം പറയുന്നുണ്ട്. (Jewish Encyclopedia, 2nd ed., Vol. 21, Page. 472)

വിലാപമതിൽ

യഹൂദർക്കെതിരെയുള്ള പടയോട്ടത്തിൽ റോമാ സൈന്യത്തെ നയിച്ച അന്ന് രാജകുമാരനും പിന്നീട് ചക്രവർത്തിയും ആയിത്തീർന്ന ടൈറ്റസ് ദേവാലയത്തെ നാശത്തിൽ നിന്ന് രക്ഷിക്കണമെന്നും അത് റോമാക്കാരുടെ ദേവാലയമാക്കണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം എത്തുന്നതിന് മുമ്പ് റോമൻ സൈന്യം അത് കത്തിച്ചുകളയുകയാണുണ്ടായതെന്നും ചരിത്രകാരനായ ജോസിഫസ് പറയുന്നുണ്ട് (https://josephus.org). ടൈറ്റസ് മസ്‌ജിദുൽ അഖ്സയിൽ പ്രവേശിച്ചപ്പോഴേയ്ക്കും അതിനെ പൊതിഞ്ഞുള്ള പടിഞ്ഞാറൻ മതിൽ ഒഴികെ ബാക്കിയെല്ലാം തകർക്കപ്പെട്ടിരുന്നു. ആ മതിൽ മാത്രമാണ് അദ്ദേഹത്തിന് തകർക്കപ്പെടാതെ സംരക്ഷിക്കുവാൻ കഴിഞ്ഞത്. എ ഡി 70 ൽ റോമാക്കാർ ബൈത്തൽ മഖ്‌ദസ് തകർത്തതോടെ ഇസ്രാഈല്യരുടെ നിർമ്മിതിയായി അവിടെ അവശേഷിച്ചത് ഈ പടിഞ്ഞാറൻ മതിൽ (western wall) മാത്രമാണ്. ദേവാലയത്തിന്റെ തകർച്ചയ്ക്ക് ശേഷം യഹൂദർ ആ മതിലിൽ തല ചേർത്ത് തങ്ങളുടെ നഷ്ടസ്വപ്നത്തെയോർത്ത് വിലപിച്ചു പ്രാർത്ഥിക്കുന്നതിനാൽ ആ മതിലിനെ ‘വിലാപത്തിന്റെ മതിൽ’ (wailing wall) എന്നും വിളിക്കാറുണ്ട്.

റോമാക്കാരുടെ യഹൂദപീഢനങ്ങൾ

ജെറുസലേം പട്ടണം തകർക്കപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന യഹൂദരിൽ ഭൂരിപക്ഷവും പ്രവാസികളായി അടുത്ത പ്രദേശങ്ങളിലേക്ക് കുടിയേറി. റോമൻ ആധിപത്യത്തിനെതിരെ 115 ൽ നടന്ന കിറ്റോസ് യുദ്ധവും (Kitos War) മതപീഡനങ്ങൾക്കെതിരെ 132 ൽ നടന്ന ബാർ കോഖ്ബ വിപ്ലവവും (Bar Kokhba revolt) അടിച്ചമർത്തിയ റോമാസാമ്രാജ്യം അവശേഷിച്ച യഹൂദന്മാരെ ക്രൂരമായി പീഡിപ്പിക്കാനാരംഭിച്ചു. റബ്ബിമാരെ കൊന്നൊടുക്കുകയും തോറയും ഹിബ്രു കലണ്ടറും ചേലാകർമ്മവും നിരോധിക്കുകയും മസ്‌ജിദുൽ അഖ്‌സയിൽ ബാക്കിയായിരുന്ന വിശുദ്ധ ലിഖിതങ്ങൾ കത്തിക്കുകയുമെല്ലാം ചെയ്തത് ഹാഡ്രിയൻ (Hadrian) ചക്രവർത്തി (117 – 138) യാണ്. അദ്ദേഹത്തിന്റെ യഹൂദപീഡനങ്ങൾ അതിന്റെ മൂർച്ഛയിലെത്തിയത് തകർന്ന ജറൂസലേമിനെ റോമാ കോളനിയാക്കിയതോടെയാണ്.

ബൈത്തുൽ മഖ്‌ദിസ് നിന്നിടത്ത് റോമൻ ദേവനായ ജുപിറ്ററിന്റെ ക്ഷേത്രം പണിയുകയും ജറൂസലേമിന്റെ പേര് മാറ്റി ഐലിയ കാപ്പിറ്റോലിന (Aelia Capitolina) എന്ന ലാറ്റിൻ പേര് നല്കുകയും റോമൻ സൈനികരുടെ താമസസ്ഥലമാക്കി അതിനെ മാറ്റുകയുമെല്ലാം ചെയ്തത് ഹാഡ്രിയൻ ചക്രവർത്തിയാണ്. അറബ് രചനകളിൽ ജറൂസലേമിനെ വിളിച്ചിരിക്കുന്ന ഈലിയ ഈ ലാറ്റിൻ നാമത്തിന്റെ അറബ് രൂപാന്തരീകരണമാണ്. ജെറുസലേം പട്ടണത്തിലോ അതിന്നടുത്ത സ്ഥലങ്ങളിലോ ഒന്നും ജൂതന്മാർ താമസിക്കരുതെന്ന വിലക്കുണ്ടായിരുന്നു. തങ്ങളുടെ ദേവാലയം തകർക്കപ്പെട്ടതിനെ അനുസ്മരിക്കുന്ന വർഷത്തിൽ ഒരിക്കലുള്ള ജൂതവിലാപദിവസ (Tisha B’Av) ത്തിലല്ലാതെ മറ്റൊരിക്കലും അവർക്ക് ജറൂസലേമിലേക്ക് പ്രവേശനം നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തതും ഈ ചക്രവർത്തി തന്നെ!

ഫിലസ്തീൻ

ജറൂസലേമിന് ചുറ്റുമുള്ള റോമൻ ഭരണപ്രദേശങ്ങൾക്ക് മൊത്തത്തിൽ സിറിയ പലസ്തീന (Syria Palaestina) എന്ന് വിളിക്കാനാരംഭിച്ചതും അതിന്റെ തലസ്ഥാനമായി സീസറിയ മാരിട്ടീമ (Caesarea Maritima) യെ നിശ്ചയിച്ചതുമെല്ലാം ഹാഡ്രിയൻ ചക്രവർത്തിയുടെ കാലത്തായിരുന്നു. ക്രിസ്താബ്ദം 132 ലാണ് ഈ പ്രദേശത്തെ ഔദ്യോഗികമായി ഫിലസ്തീൻ എന്ന് വിളിക്കാനാരംഭിച്ചതെങ്കിലും ക്രിസ്തുവിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഫിലിസ്ത്യനരുടെ വാസസ്ഥലമെന്ന നിലയിൽ ഈ പ്രദേശത്തെ ഫിലിസ്തീൻ എന്ന് വിളിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്നാണ് ഗവേഷകന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ രാംസെസ് രണ്ടാമൻ ഫറോവയുടെ ശവകുടീരക്ഷേത്രത്തിൽ ബിസി 1190 ൽ എഴുതിയ ഒരു ചുവർ ലിഖിതത്തിലാണ് ഫിലിസ്ത്യനരെക്കുറിച്ച ആദ്യത്തെ പരാർമർശമുള്ളതെന്ന് Encyclopedia Brittanica വ്യക്തമാക്കുന്നുണ്ട്.

ക്രൈസ്തവ തീർത്ഥാടനകേന്ദ്രം

ക്രിസ്തുവിന്റെ ജനനവും അത്ഭുതങ്ങളും സുവിശേഷപ്രവർത്തനങ്ങളും അപ്പോസ്തലന്മാരുടെ പ്രബോധനപ്രവർത്തങ്ങളുമെല്ലാം നടന്നത് ജെറുസലേമിലും പരിസരപ്രദേശങ്ങളിലുമായിരുന്നെങ്കിലും ആ പ്രദേശങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യങ്ങൾ കല്പിക്കപ്പെട്ടതായി അപ്പോസ്തലപ്രവർത്തികളിലോ നാലാം നൂറ്റാണ്ട് വരെയുള്ള ക്രൈസ്തവസാഹിത്യങ്ങളിലോ ഒന്നും കാണാൻ കഴിയുന്നില്ല. ജെറുസലേമിന് പ്രത്യേകമായ പ്രാധാന്യം കൽപ്പിക്കുകയും അവിടേക്ക് തീർത്ഥയാത്ര നടത്തുകയുമെല്ലാം ചെയ്യുന്ന സമ്പ്രദായങ്ങൾ ക്രൈസ്തവർക്കിടയിൽ ആരംഭിച്ചത് നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി ക്രിസ്തുമതം തീരുമാനിക്കപ്പെട്ടതോടെയാണ്.

ക്രിസ്താബ്ദം 312 ൽ താൻ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ശ്രമഫലമായുണ്ടായ 313 ലെ മിലൻ ശാസനയിലൂടെ (Edict of Milan) റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവർ സവിശേഷമായി പരിഗണിക്കപ്പെടുവാൻ ആരംഭിച്ചതിന് ശേഷം അദ്ദേഹം തന്റെ മാതാവായ ഹെലനയെ ജെറുസലേമിലേക്ക് പറഞ്ഞയക്കുകയും ക്രിസ്തുവിന്റെ തിരുശേഷിപ്പുകൾ കണ്ടെത്തുകയും ചെയ്ത ശേഷമാണ് ജെറുസലേം ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാകുന്നത്. ആദ്യത്തെ ക്രിസ്ത്യൻ തീർത്ഥാടകയായി പരിഗണിക്കപ്പെടുന്ന സെന്റ് ഹെലന വിശുദ്ധയായി വാഴ്ത്തപ്പെടുന്നതും അക്കരണത്താലാണ്.

ക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ബെത്‌ലഹേമിലെ ഗുഹക്ക് മുകളിൽ വിശുദ്ധ ഹെലന 326 ൽ സ്ഥാപിച്ച ഫിലസ്തീനിലെ ആദ്യത്തെ ക്രൈസ്തവദേവാലയമായ ചർച്ച് ഓഫ് നേറ്റിവിറ്റി, കുരിശുമരണത്തിനും പുനരുത്ഥാനത്തിനുമിടയിൽ ക്രിസ്തുവിന്റെ ശരീരം സൂക്ഷിച്ചതായി കരുതപ്പെടുന്ന കല്ലറയ്ക്ക് മുകളിൽ 356 ൽ അവർ തന്നെ സ്ഥാപിച്ച ചർച്ച് ഓഫ് ദി ഹോളി സെപുൽക്കർ എന്നിവയാണ് പ്രധാനപ്പെട്ട ക്രൈസ്തവതീർത്ഥാടന കേന്ദ്രങ്ങൾ. ഹാഡ്രിയൻ ചക്രവർത്തി 133 ൽ സ്ഥാപിച്ച ജുപിറ്റർ ദേവന്റെ ക്ഷേത്രം തകർത്ത് അവിടെ ഹോളി സെപുൽക്കർ പണിയാനാണ് വിശുദ്ധ ഹെലന കല്പിച്ചത്.

സോളമന്റെ ദേവാലയവും ക്രിസ്ത്യാനികളും

ജറുസലേം തങ്ങളുടെ ആധിപത്യത്തിലായിരുന്ന കാലത്തൊന്നും തന്നെ ബൈബിൾ പഴയ നിയമത്തിൽ പല തവണ പരാമർശിച്ചിട്ടുള്ള സോളമന്റെ ദേവാലയം പുതുക്കിപ്പണിയാനോ അവിടെ ഏതെങ്കിലും തരത്തിലുള്ള സ്മാരകമെങ്കിലും നിർമ്മിക്കുവാനോ വിശുദ്ധ ഹെലനയടക്കമുള്ള ഒരു ക്രൈസ്തവ വ്യക്തിത്വവും പരിശ്രമിച്ചിട്ടില്ല. തിയോഡോസിസ് ഒന്നാമന്റെ ഭരണകാലത്ത് 380 ൽ പുറപ്പെടുവിച്ച തെസ്സലോനിക്ക ശാസനയിലൂടെ (Edict of Thessalonica) നൈസിയൻ ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗികമതമായും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളെയെല്ലാം അനൗദ്യോഗികവും പീഢനങ്ങൾക്ക് വിധേയമാക്കാവുന്ന പാഷണ്ഡതകളായും പ്രഖ്യാപിക്കപ്പെട്ടതിന് ശേഷവും തകർക്കപ്പെട്ടുകിടക്കുന്ന ബേത്ത് ഹാം മിഖ്ദാസിന്റെ പുനർനിർമ്മാണത്തിനോ അവിടെ ഏതെങ്കിലും രീതിയിലുള്ള ഒരു ദേവാലയം ഉണ്ടാക്കുന്നതിനോ ഉള്ള യാതൊരു ശ്രമവും റോമാസാമ്രാജ്യത്തിന്റെ ഭാഗത്ത് നിന്നോ മറ്റേതെങ്കിലും ക്രിസ്ത്യാനികളുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.

തകർന്ന ദേവാലയം നിന്ന സ്ഥലത്ത് നഗരമാലിന്യങ്ങൾ നിക്ഷേപിച്ചുകൊണ്ടിരുന്ന എ ഡി 70 മുതൽക്കുള്ള തങ്ങളുടെ സമ്പ്രദായം തുടരുകയാണ് ക്രിസ്തുമതം ഔദ്യോഗികമതമായതിന് ശേഷവും റോമാക്കാർ ചെയ്തുകൊണ്ടിരുന്നത്. ജൂതവിലാപദിവസത്തിൽ മാത്രം ജറൂസലേമിലേക്ക് ജൂതന്മാർക്ക് പ്രവേശനം നൽകുകയെന്ന ഹാഡ്രിയൻ ചക്രവർത്തിയുടെ തീരുമാനം തുടരുകയാണ് കോൺസ്റ്റന്റൈൻ ചക്രവർത്തിയും പിൻഗാമികളും ചെയ്തത്.

ക്രൈസ്തവരുടെ യഹൂദപീഢനങ്ങൾ

റോമിന്റെ ഔദ്യോഗികമതം ക്രൈസ്തവതയായപ്പോൾ ജെറുസലേമിലും പരിസരങ്ങളിലുമുള്ള യഹൂദന്മാർ കൂടുതൽ പീഡിപ്പിക്കപ്പെടുകയാണ് ചെയ്തത്. ഇതിന്ന് ഒരു ഇടക്കാലാശ്വാസമുണ്ടായത് റോമിന്റെ പരാജയത്തോടെയാണ്. ബൈസന്റൈൻ റോമിനെ സസാനിയൻ പേർഷ്യൻ ജനറലായ ഷർവഹാസിന്റെ നേതൃത്വത്തിലുള്ള സൈന്യം 614 ൽ പരാജയപ്പെടുത്തിയത് യഹൂദർക്ക് ആശ്വാസമായി. പേർഷ്യക്കാർ ജറുസലേം പട്ടണത്തിന്റെ ഭരണം ഏൽപ്പിച്ചത് ജൂതനേതാവായ നെഹമിയാ ബെൻ ഹുശീലിനെയാണ്. റോമിലെ ക്രിസ്ത്യൻ ഭരണത്തിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുകയെന്ന ലക്ഷ്യത്തോടെ ഷർവാഹാസിന്റെ സൈന്യത്തിൽ ചേർന്ന യഹൂദന്മാരോടുള്ള പ്രത്യുപകാരമായിരുന്നു അത്. അതോടെ അയൽപ്രദേശങ്ങളിലെല്ലാം ഉള്ള ജൂതന്മാർ ജറുസലേമിലേക്ക് കുടിയേറാൻ തുടങ്ങി.

ജെറുസലേമിലേക്കുള്ള യഹൂദരുടെ കുടിയേറ്റം സഹിക്കാൻ കഴിയാതെ ക്രിസ്ത്യാനികൾ ജൂതന്മാർക്കെതിരെ കലാപം അഴിച്ചുവിടുകയും നെഹമിയാ അടക്കമുള്ള പല ജൂതനേതാക്കളെയും വധിക്കുകയും ചെയ്‌തു. ഇതിൽ കോപാകുലനായെത്തിയ ഷർവഹാസിന്റെ സൈന്യം തൊണ്ണൂറായിരത്തോളം ക്രിസ്ത്യാനികളെ കൊന്നൊടുക്കി. ജറുസലേമിലെ പാത്രിയാർക്കീസായിരുന്ന സക്കറിയാസിനെയടക്കം മുപ്പത്തിഅയ്യായിരത്തിലധികം പേരെ മെസൊപ്പൊട്ടോമിയയിലേക്ക് നാടുകടത്തുകയും അടിമകളാക്കിമാറ്റി വിൽക്കുകയും ചെയ്തു. യേശുവിനെ ക്രൂശിച്ചു കൊന്നതായി ക്രൈസ്തവർ വിശ്വസിക്കുന്ന ‘യാഥാർത്ഥ കുരിശ്‌’ (The True Cross) അവിടെ നിന്ന് എടുത്ത് മാറ്റി പേർഷ്യൻ തലസ്ഥാനമായ ടെസിഫോണിലേക്ക് കൊണ്ട് പോയി. ക്രിസ്തുവിന്റെ കല്ലറയായി കരുതപ്പെടുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ചർച്ച് ഓഫ് ദി ഹോളി സെപുൽക്കർ അടക്കം നിരവധി ചർച്ചുകൾ അഗ്നിക്കിരയാക്കി.

സോളമന്റെ ദേവാലയം നിന്നിരുന്ന മസ്‌ജിദുൽ അഖ്‌സയിൽ ക്രിസ്താബ്ദം 70 ന് ശേഷം ആദ്യമായി യഹൂദന്മാർ ഒരു ദേവാലയം നിർമ്മിക്കുകയും ആരാധനകൾ നടത്തുകയും ചെയ്തത് പേർഷ്യക്കാരുടെ ഭരണകാലത്താണ്.

എന്നാൽ 617 ആയപ്പോഴേക്ക് പേർഷ്യക്കാർ തങ്ങളുടെ നയം മാറ്റുകയും ക്രൈസ്തവരെ പ്രീണിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. ഭരണം ഏല്പിക്കപ്പെട്ടിരുന്ന ജൂതന്മാരുടെ കഴിവുകേടുകളും ക്രൈസ്തവരുടെ മുഖ്യപുരോഹിതനായിരുന്ന മോഡസ്റ്റോസ് പാത്രിയാർക്കീസായി സ്ഥാനമേറ്റെടുത്തശേഷമുള്ള പേർഷ്യക്കാരെ പ്രീതിപ്പെടുത്തുന്ന നടപടികളുമാണ് ഈ നയം മാറ്റത്തിന് കാരണമായത്. മോഡസ്റ്റോസിനെ അവിടുത്തെ ഭരണനിർവ്വഹണ ചുമതല ഏൽപ്പിക്കാൻ വരെ പേർഷ്യക്കാർ തയ്യാറായി. അതോടെ ജറൂസലേമിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റത്തിന് വിലക്ക് കല്പിക്കുകയും അവിടെയുണ്ടായിരുന്നവരെ മെല്ലെ മെല്ലെ പുറത്താക്കാൻ തുടങ്ങുകയും ചെയ്തു. മസ്‌ജിദുൽ അഖ്‌സയിൽ യഹൂദന്മാർ നിർമ്മിച്ച ദേവാലയത്തെ തകർക്കുകയും പ്രാർത്ഥനാമണ്ഡപങ്ങൾ നശിപ്പിക്കുകയും ചെയ്തത് മോഡസ്റ്റോസിന്റെ നേതൃത്വത്തിലാണ്.

പേർഷ്യൻ ചക്രവർത്തിയായിരുന്ന ഖുസ്രു രണ്ടാമൻ 628 ൽ കൊല്ലപ്പെട്ടുവെങ്കിലും ഷർവഹാസിന്റെ കൈകളിൽ തന്നെയായിരുന്ന ജറൂസലേമിന്റെ ഭരണം റോമിന്റെ കൈകളിലേക്ക് തിരിച്ചു വന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്. ‘യഥാർത്ഥ കുരിശും’ മറ്റ് ക്രൈസ്തവ തിരുശേഷിപ്പുകളും ജെറുസലേമിലേക്ക് തിരിച്ചു കൊണ്ട് വരികയും ബാബിലോണിയയിലും മറ്റും പ്രവാസത്തിലായിരുന്ന ജറുസലേം വാസികളായിരുന്ന ക്രിസ്ത്യാനികൾക്ക് തിരിച്ച് വരാനും തങ്ങളുടെ താമസസ്ഥലങ്ങൾ പുനർനിമ്മിക്കുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കയും ചെയ്തത് ഇക്കാലത്താണ്. 630 മാർച്ച് 21 ന് ഹിറാക്ളിയസ് ചക്രവർത്തി നേരിട്ടെത്തി കുരിശടക്കമുള്ള തിരുശേഷിപ്പുകൾ യഥാസ്ഥാനങ്ങളിൽ പുനഃപ്രതിഷ്ടിച്ചത് വീണ്ടും ജറുസലേം ക്രൈസ്തവറോമിന്റെ പൂർണ്ണമായ അധീനതയിലായിത്തീർന്നുവെന്നതിന്റെ പ്രഖ്യാപനമായിരുന്നു.

ജറൂസലേമിന്റെ റോം ഭരണകാലത്ത് നടന്നത് അക്ഷരാർത്ഥത്തിലുള്ള ജൂതനിർമ്മൂലനമായിരുന്നു. ആദ്യം ജറൂസലേമിൽ നിന്ന് അവരെ പുറത്താക്കി. ജറൂസലേമിന് മൂന്ന് നാഴിക അകലെ മാത്രമേ ജൂതന്മാർക്ക് താമസിക്കുവാൻ അവകാശമുണ്ടായിരുന്നുള്ളൂ. പിന്നെ അവരെ മതപരിവർത്തനത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നു. ജൂതനേതാവായ തിബേരിയാസുകാരനായ ബെഞ്ചമിനും കുറേ കൂട്ടാളികളും നബ്‌ളൂസിൽ വെച്ച് മാമോദീസ മുങ്ങിക്കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജെറുസലേമിലേക്ക് അവർക്കും പ്രവേശനമുണ്ടായിരുന്നില്ല. ജറൂസലേമിൽ നിന്ന് തുടങ്ങിയ ജൂത കൂട്ടക്കൊല ഗലീലിയിലെ മറ്റു പ്രദേശങ്ങളിലേക്കും നീണ്ടു. ഈജിപ്തിലേക്ക് പലായനം ചെയ്യുകയും ആൾതാമസമില്ലത്ത മലമുകളിൽ കയറി രക്ഷപ്പെടുകയും ചെയ്ത ജൂതന്മാർ മാത്രമാണ് വധിക്കപ്പെടാതിരുന്നത്.

യേശുവിനെ കൊന്നവരാണെന്നതും പേർഷ്യക്കാരെ സഹായിച്ചുവെന്നതും മാത്രമായിരുന്നില്ലത്രെ ഹിറാക്ളിയസിന്റെ ജൂതവിരോധത്തിന് കാരണം. ചേലാകർമ്മം ചെയ്ത ഒരു വിഭാഗം തന്റെ സിംഹാസനം കീഴടക്കുമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നുവത്രെ. ചേലാകർമ്മം ചെയ്യുന്നവരായ ജൂതന്മാരെ കൊന്നൊടുക്കാനും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിക്കുവാനും ഇതിനൊന്നും കഴിയാത്തവരെ നാടുകടത്താനുമെല്ലാം അദ്ദേഹം ധൃഷ്ടമായത് അവർ തന്റെ സിംഹാസനത്തിന് ഭീഷണിയാണെന്ന് കരുതിക്കൊണ്ടായിരുന്നുവെന്നർത്ഥം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.