യൂറോപ്പിൽ പതഞ്ഞുപൊങ്ങിയ ഇസ്‌ലാംവെറുപ്പ് കേരളത്തിലെത്തിയപ്പോൾ…
ഭാഗം -2
1071ൽ നടന്ന മാൻസിക്കർട്ട് യുദ്ധത്തിൽ സെൽജുക്ക് തുർക്കികൾ അനതോലിയ (ഇന്നത്തെ തുർക്കി) കീഴടക്കിയതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന്റേതായിരുന്ന വലിയൊരു ഭൂഭാഗം തന്നെ ഇസ്ലാമികസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ 1453 -ൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലാകുന്നതോടെയാണ് ബൈസന്റൈൻ സാമ്രാജ്യം നാമാവശേഷമാകുന്നത്. ബൈസന്റൈൻ ഭരണം അവസാനിക്കുകയും ഇസ്ലാമികഭരണം ആരംഭിക്കുകയും ചെയ്തത് വലിയ അനുഗ്രഹമായാണ് ആ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന അമുസ്ലിംകൾ പോലും കരുതിയതെങ്കിലും സാമ്രാജ്യത്തിന്റെ ഗുണഭോക്താക്കളായിരുന്ന സഭ തികച്ചും അസഹിഷ്ണുതയോടെയാണ് അതിനെ കണക്കാക്കിയത്. ബൈസന്റയിൻ സാമ്രാജ്യത്തിലേക്ക് കടക്കുകയും അതിനെ സംസ്കരിക്കാൻ ശ്രമിക്കുകയും ചെയ്ത മുസ്ലിംകളോടുള്ള അസഹിഷ്ണുതയും വിരോധവുമല്ലാതെ മറ്റൊന്നും തന്നെ അക്കാലത്തെ ഇസ്‌ലാംവിരോധത്തിനും വിമർശനങ്ങൾക്കുമൊന്നുമുള്ള ഹേതുവായി വർത്തിച്ചിട്ടില്ലെന്ന് ഇസ്‌ലാംഭീതിയുൽപ്പാദിപ്പിക്കുന്ന നേരത്തെ സൂചിപ്പിച്ച രണ്ട് രചനകളിലൂടെയും കണ്ണോടിച്ചാൽ മനസ്സിലാവും.
ഇസ്‌ലാംവിരുദ്ധതയും നബിനിന്ദയുമെല്ലാം യൂറോപ്പിൽ വളർന്നു വികസിക്കുന്നത് കുരിശുയുദ്ധങ്ങൾക്ക് സമാന്തരമായാണെങ്കിലും അവയുടെ ബീജങ്ങൾ പാകുന്നത് റിക്കോൻക്വിസ്റ്റയുടെ ആദ്യനാളുകളിലായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ച രചനകൾ വ്യക്തമാക്കുന്നു. യൂറോപ്പിന്റെ ഒരറ്റത്ത് അന്തലൂസിലെ കോർഡോവ, ഗ്രനാഡ, സെവില്ല തുടങ്ങിയ നഗരങ്ങൾ ലോകത്തിന്റെ ജ്ഞാനവിനിമയകേന്ദ്രങ്ങളായിത്തീർന്നപ്പോൾ അവയിൽ നിന്നുയരുന്ന ഇസ്ലാമിന്റെ വെളിച്ചം യൂറോപ്പിൽ മുഴുവൻ വ്യാപിക്കുമോയെന്ന ആവലാതിയിൽ നിന്നാണ് ഇസ്‌ലാംവെറുപ്പിന്റെ ബീജങ്ങൾ ഉയിരെടുത്തതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ വെറുപ്പിന്റെ വ്യാപനത്തിന് യൂറോപ്പ് ഉപയോഗിച്ചത് കള്ളക്കഥകളെയും അർദ്ധസത്യങ്ങളെയുമായിരുന്നു. ഇസ്ലാമിനെയും നബിയെയും കുറിച്ച് പഠിപ്പിക്കുകയെന്ന വ്യാജേന നിർമ്മിച്ചെടുത്ത മിഥ്യകൾക്ക് കയ്യും കണക്കുമില്ല.
യൂറോപ്യൻ ഭാഷയിൽ രചിക്കപ്പെട്ട അക്കാലത്തെ നബിചരിത്രങ്ങൾ പ്രവാചകനിൽ ആരോപിച്ചത് അന്തിക്രിസ്തുവിന്റെ രൂപലാവണ്യങ്ങളായിരുന്നു. അന്തലൂസിലെ ക്രിസ്ത്യൻ പണ്ഡിതനായിരുന്ന കൊർദോവക്കാരൻ പോൾ അൽവാറോയാണ് (Álvaro of Córdoba) അക്കലത്തെ ഇസ്‌ലാം വിമർശകരിൽ അഗ്രഗണ്യരിൽ ഒരാളായി അറിയപ്പെടുന്നത്. ഇസ്‌ലാം സൃഷ്ടിച്ച ജ്ഞാനപ്രഭയാൽ അറബ്- ഇസ്‌ലാമികസംസ്കാരത്താൽ സ്വാധീനിക്കപ്പെട്ട അന്തലൂസിലെ ക്രിസ്ത്യാനികളെ (Mozarabic Christians) ഇസ്ലാമിൽ നിന്നകറ്റുകയും അവരിൽ ഇസ്‌ലാമിനോട് വെറുപ്പുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 854ൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ ‘ഭാസുരമായ മാർഗ്ഗദർശനം’ (Indiculus Luminosus) എന്ന കൃതിയിലെ ആരോപണങ്ങളാണ് പിൽക്കാലത്തെ മിഷനറിമാരും ഓറിയന്റലിസ്റ്റുകളുമെല്ലാം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
‘നിങ്ങളെന്തിനാണ് ക്രിസ്ത്യാനികളേ, അറബികളുടെ കാവ്യങ്ങളും പ്രണയവുമെല്ലാം ഇഷ്ടപ്പെടുന്നത്… നിങ്ങൾ നിങ്ങളുടെ സ്വന്തം ഭാഷയെ മറക്കുകയാണോ?‘ എന്ന പുസ്തകത്തിലെ ചോദ്യത്തിൽ നിന്ന് തന്റെ രചനാലക്ഷ്യമെന്താണെന്ന് പോൾ അൽവാറോ വെളിപ്പെടുത്തുന്നുണ്ട്; മുസ്ലിംകളായിട്ടില്ലെങ്കിലും ഇസ്ലാമികസംസ്കാരത്തിൽ ആകൃഷ്ടരാവുകയും അറബിഭാഷ അഭ്യസിക്കുകയും ചെയ്തിരുന്ന മൊസാറബ് ക്രിസ്ത്യാനികൾ മെല്ലെ ഇസ്ലാമിലെത്തിച്ചേരുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവിൽ നിന്നാണ് ഈ ആഹ്വാനമുണ്ടാവുന്നത്. പ്രവാചകനെയും ഇസ്‌ലാമിനെയുമെല്ലാം പരസ്യമായി നിന്ദിക്കുകയും ആക്ഷേപിക്കുകയും ഖേദപ്രകടനം നടത്താനും തിരുത്താനും അവസരങ്ങൾ നൽകിയിട്ടും അതിന്ന് തയ്യാറാവാതിരിക്കുകയും ചെയ്യുക വഴി രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷക്ക് വിധിക്കക്കപ്പെടുകയും ചെയ്ത കൊർദോബയിലെ രക്തസാക്ഷികളെ പ്രകീർത്തിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. മുഹമ്മദ് നബി ദൈവത്തിന്റെയാളല്ല, പ്രത്യുത, യുദ്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആളാണ്; കെട്ടുകഥകളാലും വൈരുധ്യങ്ങളാലും നിറഞ്ഞ ഖുർആൻ ദൈവികമാകാൻ യാതൊരു സാധ്യതയുമില്ല; ഇസ്‌ലാമിക നിയമങ്ങളിൽ മുഴുവൻ കാമാതുരതയാണ്; ത്രിത്വവും യേശുവിന്റെ ദിവ്യത്വവും അംഗീകരിക്കാത്തതിനാൽ ഇസ്‌ലാം ആത്മീയമായി ഊഷരമാണ്; അന്തിക്രിസ്തുവിന്റെ മുൻഗാമിയാണ് മുഹമ്മദ് നബി(സ); തന്റെ പുസ്തകത്തിലുടനീളം അദ്ദേഹം സമർത്ഥിക്കാൻ ശ്രമിക്കുന്ന ആശയങ്ങളുടെ രത്നച്ചുരുക്കമിതാണ്. (Kenneth Baxter Wolf: The Indiculus luminosus of Paul Alvarus (Translated Texts for Historians, 84) , Liverpool University Press, 2023)
820 നും 840 നുമിടയിൽ ഫ്രാൻസിലോ ഇറ്റലിയിലോ വെച്ച് രചിക്കപ്പെട്ട ‘മുഹമ്മദിന്റെ കഥ’ (Storia de Mahometh) യാണ് ലത്തീനിൽ എഴുതപ്പെട്ട ഏറ്റവും പഴയ നബിചരിത്രം! വളരെയേറെ വികൃതമായ ഒരു നബിചിത്രം വരച്ചുവെക്കുന്ന ഈ വിലക്ഷണകൃതി എങ്ങനെയാണ് ഒരു ചരിത്രഗ്രൻഥമായി പരിഗണിക്കപ്പെട്ടതെന്ന് വായനക്കാർ ആശ്ചര്യപ്പെട്ടുപോകും. ഒരു വിധവയുടെ സംരക്ഷണത്തിൽ വളരുകയും അതെ വിധവയെത്തന്നെ ഇണയാക്കുകയും ചെയ്ത അനാഥൻ; കൊള്ളപ്പലിശ വഴി സമ്പന്നനായ കച്ചവടക്കാരൻ; കഴുകന്റെ രൂപത്തിലെത്തിയ പിശാചാണ് ഗബ്രിയേൽ എന്ന പേരിൽ അദ്ദേഹത്തിന് ബോധനങ്ങൾ നൽകിയത്; വിഗ്രഹാരാധന വെടിഞ്ഞ അറബികളെക്കൊണ്ട് ആയുധമെടുപ്പിച്ചാണ് അദ്ദേഹം ബൈസന്റയിൻ സാമ്രാജ്യത്തെയടക്കം തറ പറ്റിച്ചത്; സങ്കീർത്തനങ്ങളും ഗീതങ്ങളുമെല്ലാം നിർമ്മിച്ചെടുത്ത് ജനകീയനാകാൻ ശ്രമിച്ച അദ്ദേഹം തന്റെ സ്വാർത്ഥതാല്പര്യത്തിനായുള്ള നിയമങ്ങളാണ് മതമെന്ന പേരിൽ നിർമ്മിച്ചത്; മരണശേഷം മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേൽക്കുമെന്ന് അദ്ദേഹം പ്രവചിച്ചെങ്കിലും അത് നടന്നില്ല; തങ്ങളുടെ സാന്നിധ്യത്താൽ ഭയന്നുകൊണ്ടാണ് മാലാഖമാർ വരാത്തതെന്ന് കരുതിയ അനുയായികൾ അദ്ദേഹത്തിന്റെ ജഢം ഉപേക്ഷിച്ച് പോവുകയും നായ്ക്കൾ തിന്നാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് അത് മറമാടിയത്; മുസ്ലിംകളുടെ നായ്ക്കളോടുള്ള വിരോധത്തിന് കാരണമതാണ്. ഇങ്ങനെ പോകുന്നു സ്റ്റോറിയയിലെ നബിചരിത്രം! (Kenneth Baxter Wolf: “Counterhistory in the Earliest Latin Lives of Muhammad”. In Christiane J. Gruber; Avinoam Shalem (eds.). The Image of the Prophet between Ideal and Ideology, De Gruyter, 2004, pp. 13–26)
850നും 900 ത്തിനുമിടയിൽ സ്പെയിനിൽ വെച്ച് എഴുതപ്പെട്ട ‘മെറ്റോബിയസ് പ്രഭുവിന്റെ പുസ്തകത്തിൽ നിന്നുള്ള ചെങ്കോൽ’ (Tultusceptru de libro domni Metobii) എന്ന മറ്റൊരു ലഘുപുസ്തകവും വളരെ വികൃതമായ മറ്റൊരു നബിചിത്രമാണ് വരച്ചുവെച്ചിരിക്കുന്നത്. സാത്താന്റെ ദാസനെക്കുറിച്ച പ്രവചനമെന്ന രൂപത്തിലാണ് പുസ്തകം നബിയെക്കുറിച്ച് സംസാരിക്കുന്നത്. ദൈവത്തിന്റെ ദൂതനെന്ന് അവകാശപ്പെട്ടുകൊണ്ട് കടന്നുവരുന്ന ഒരാൾ, അയാളുടെ യഥാർത്ഥ ലക്‌ഷ്യം ജനതതികളെ വഞ്ചിക്കുകയാണ്; ആ കള്ളപ്രവാചകന് സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും ബോധനങ്ങൾ നൽകുന്നത് യഥാർത്ഥത്തിൽ പിശാചാണെങ്കിലും താൻ ദൈവദൂതനാണെന്നാണ് അയാൾ അവകാശപ്പെടുന്നത്; ഗബ്രിയേലിലൂടെയുള്ള ദൈവികബോധനത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെങ്കിലും അതിനെ വികലമാക്കുന്നതാണ് അയാളുടെ വചനങ്ങൾ; മാലാഖയെന്ന് അവകാശപ്പെടുന്നത് യഥാർത്ഥത്തിൽ ഒരു പിശാചാണ്; ആ കള്ളപ്രവാചകന്ന് കുറെ അനുയായികളുണ്ട്; അയാൾ യുദ്ധങ്ങളിൽ ജയിക്കുന്നുണ്ട്; ബൈബിളിലെ സത്യങ്ങളും പാഷണ്ഡതകളും വിഷയാസക്തിയിൽ അധിഷ്ഠിതമായ നിയമങ്ങളും കൂട്ടിക്കലർത്തിക്കൊണ്ട് ഒരു മതവും അയാൾ സ്ഥാപിച്ചിട്ടുണ്ട്. ഹിംസയും ആസക്തിയും ഭൗതികലാഭവുമാണ് അയാളുടെ പ്രചോദകങ്ങളെന്ന് അത് ഉറപ്പാക്കുന്നു. ഈ വ്യാജമതം കുറച്ചുകാലം മാത്രമേ നിലനിൽക്കൂ.; ലോകാവസാനമാവുകയും ക്രിസ്തു തിരിച്ചുവരികയും ചെയ്യുമ്പോഴേക്ക് ആത്യന്തികമായി ക്രൈസ്തവയാഥാർഥ്യം മാത്രമാണുണ്ടാവുക; ഇതാണ് ആ കൊച്ചുപുസ്തകത്തിന്റെ ഉള്ളടക്കം (Norman Daniel: Islam and the West: The Making of an Image, Edinburgh University Press, 1960, Pages 57–59)
820 നും 830 നുമിടയിൽ ഖലീഫ മഅ്മൂനിന്റെ ഭരണകാലത്ത് പുറത്തിറങ്ങിയ ‘രിസാലത്തുൽ കിന്ദി’ (رسالة عبد المسيح بن إسحاق الكندي) എന്ന അറബി കൃതി അന്തലൂസിലെ മൊസാർബിക് ക്രിസ്ത്യാനികളെ ലക്ഷ്യമാക്കിയുള്ള മറ്റൊരു രചനയാണ്. ഇസ്ലാമിലേക്കും അറബ് സംസ്കാരത്തിലേക്കും ആകൃഷ്ടരായിരുന്ന മൊസാർബിക് ക്രിസ്ത്യാനികളിൽ ഇസ്ലാമിനെക്കുറിച്ച് വെറുപ്പുണ്ടാക്കുക മാത്രമാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്ന് അതിന്റെ വരികളിലൂടെ സഞ്ചരിച്ചാൽ ബോധ്യമാകും. ഖലീഫ മഅ്മൂനിന്റെ ബന്ധുവെന്ന രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന അബ്ദുല്ലാഹി ബിൻ ഇസ്മായിൽ അൽ ഹാഷിമി എന്ന മുസ്ലിമും അബ്ദുൽ മസീഹ് ബിൻ ഇസ്‌ഹാഖ് അൽ കിന്ദി എന്ന ക്രൈസ്തവനും തമ്മിൽ നടക്കുന്ന സംവാദത്തിന്റെ രൂപത്തിലുള്ളതാണ് പുസ്തകം. പോൾ അൽവാറോയുടെ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തന്നെ ഇസ്ലാമിനെതിരെ ഉന്നയിക്കുകയും അതോടൊപ്പം ക്രൈസ്തവവിശ്വാസങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് ആരാണെന്നോ എന്നാണ് രചിക്കപ്പെട്ടത് എന്നോ കൃത്യമായി അറിയില്ല. അറബിയിലുള്ള മൂലഗ്രൻഥത്തിൽ നിന്ന് പന്ത്രണ്ടാം നൂറ്റാണ്ടിൽ ലത്തീനിലേക്ക് പരിഭാഷപ്പെടുത്തിയ കോപ്പികളാണ് ഇന്ന് നിലനിൽക്കുന്ന പുരാതനമായ കയ്യെഴുത്ത് പ്രതികൾ. 1882 ൽ സർ വില്യം മൂറാണ് ‘മഅ്മൂനിന്റെ രാജസദസ്സിൽ വെച്ച് എഴുതപ്പെട്ട അൽ കിന്ദിയുടെ ന്യായീകരണം’ എന്ന തലക്കെട്ട് നൽകി ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. (Sir William Muir: The Apology of Al Kindy, written at the court of Al Mâmûn (A. H. 215; A. D. 830), 1882, London, Smith, Elder & co)
ഏകദൈവത്വത്തിനെതിരാണ് ത്രിയേകത്വമെന്നും യേശുവിന്റെ ദൈവികത്വമെന്ന ആശയം ദൈവികമഹത്വത്തിന് യോജിക്കുന്നതല്ലെന്നും ക്രിസ്തുവിന്റെ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പുമൊന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും സ്ഥാപിച്ചുകൊണ്ട് സുഹൃത്തായ അൽകിന്തിയെ യുക്തിയുടെയും പ്രമാണങ്ങളുടെയും മതമായ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് അൽഹാശ്മി എഴുതിയ കത്തിൽ നിന്നാണ് പുസ്തകത്തിന്റെ തുടക്കം. ഇതിന്നുള്ള അൽകിന്തിയുടെ മറുപടിയെന്ന നിലയിലുള്ള പുസ്തകത്തിന്റെ സിംഹഭാഗത്തിലും മുഹമ്മദ് നബിയെ നിന്ദിക്കുകയും ഖുർആനിനെ വിമർശിക്കുകയും ചെയ്യുന്ന പരാമർശങ്ങളാണുള്ളത്. ഹിംസയിലൂടെയും രാഷ്ട്രീയ അധികാരത്തിലൂടെയും തന്റെ മതം പ്രചരിപ്പിച്ചയാളാണ് മുഹമ്മദ് നബി. ലോകത്തിന്റെ ഭരണവും ഭൗതിക സുഖങ്ങളും വിഷയാസക്തിയുമായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം; ക്രിസ്തു സമാധാനവും മാപ്പ് നൽകലും പഠിച്ചപ്പോൾ നബി പഠിപ്പിച്ചത് ഹിംസയും പ്രതികാരവുമാണ്; ദൈവികമെന്ന് വിളിക്കപ്പെടാവുന്ന യാതൊന്നും തന്നെ ഖുർആനിലിലില്ല; അത് നിറയെ വൈരുധ്യങ്ങളും അധാർമ്മികവുമായ ആശയങ്ങളുമാണുള്ളത്. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ഗ്രൻഥങ്ങളിൽ നിന്ന് കോപ്പിയടിച്ചവയാണ് അതിലെ ആശയങ്ങളിലധികവും; ലൈംഗികതയും ശാരീരികസുഖങ്ങളും യുദ്ധവും പ്രതികാരവുമെല്ലാമാണ് ഇസ്ലാമികനിയമങ്ങളുടെ കാതൽ; ദേഹേച്ഛകളുടെ പൂർത്തീകരണത്തിലേക്കല്ലാതെ ആത്മീയമായ ഔന്നത്യത്തിലേക്ക് നയിക്കാത്തവയാണ് ആ നിയമങ്ങൾ. ഇങ്ങനെ പോകുന്നു രിസാലത്തുൽ കിന്ദി’യിലെ ഇസ്‌ലാം വിമർശനങ്ങൾ. (John V. Tolan: Saracens: Islam in the Medieval European Imagination, Columbia University Press, 2002, Pages 54–59)
രിസാലത്തുൽ കിന്ദി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തുന്നത് 1156 ൽ അന്തരിച്ച ഫ്രാൻസിലെ ക്ലെൻസി മഠാധിപതിയായിരുന്ന പൂജനീയ പത്രോസിന്റെ (Peter the Venerable) ശ്രമഫലമായാണെന്ന് വില്യം മൂർ ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖത്തിൽ പറയുന്നുണ്ട്. കുരിശുയുദ്ധങ്ങൾ തുടങ്ങിയതോടെ യൂറോപ്പിൽ ആക്കം കൂടിയ ഇസ്ലാമിനെ തമസ്കരിക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ നടന്ന വ്യക്തിത്വമായിരുന്നു പീറ്റർ ദി വെനെറബിൾ. ഇസ്ലാമിക സ്പെയിൻ സന്ദർശിച്ചപ്പോഴാണ് യൂറോപ്യൻമാർ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വസ്തുത അദ്ദേഹം മനസ്സിലാക്കുകയും അതിന്ന് തടയിടുവാനുള്ള സമഗ്രമായ ഒരു തന്ത്രത്തിന് രൂപം നൽകുവാൻ പ്രചോദിതനാവുകയും ചെയ്തത്. ഇസ്ലാമികസാഹിത്യങ്ങളെ തെറ്റായി പരിഭാഷപ്പെടുത്തുകയും അങ്ങനെ ഇസ്ലാമിനെയും പ്രവാചകനെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു ആ തന്ത്രത്തിന്റെ കാതൽ.
തന്റെ പദ്ധതികൾ നടപ്പാക്കാനായി തോലഡോക്കാരനായ പത്രോസിന്റെ (Peter of Toledo) നേതൃത്വത്തിൽ കെറ്റോണുകാരനായ റോബർട്ട് (Robert of Ketton), കരിന്ത്യക്കാരനായ ഹെർമൻ (Herman of Carinthia) എന്നിവരെ പീറ്റർ ചുമതലപ്പെടുത്തി. അവരെ സഹായിക്കാൻ മുഹമ്മദ് എന്ന് പേരുള്ള ഒരു മുസ്ലിമുമുണ്ടായിരുന്നതായാണ് പഠനങ്ങളിൽ കാണുന്നത്. റോബർട്ട് ഓഫ് കെറ്റോണിന്റെ ലത്തീൻ ഖുർആൻ പരിഭാഷയാണ് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകയെന്ന പീറ്റർപദ്ധതിയുടെ ഭാഗമെന്ന നിലയിൽ പുറത്തിറങ്ങിയ പ്രഥമ ഗ്രൻഥം. യൂറോപ്യൻ ഭാഷകളിലുള്ള ആദ്യത്തെ ഖുർആൻ പരിഭാഷയായ ഇത് പ്രസിദ്ധീകരിച്ചത് 1143 ലാണ് . ‘കള്ളപ്രവാചകനായ മുഹമ്മദിന്റെ നിയമം’ (Lex Mahumet pseudoprophete) എന്ന (John Tolan: The Latin Qur’an, 1143–1500: Translation, Transition, Interpretation, https://www.academia.edu/65259010/) തലക്കെട്ടിൽ നിന്ന് തന്നെ അതിന്റെ ഉള്ളടക്കം എത്രത്തോളം വികലമായിരിക്കുമെന്ന് മനസ്സിലാക്കാം. റോബർട്ട് ഓഫ് കെറ്റോണിന്റെ പുസ്തകം ഖുർആനിന്റെ നേർക്കുനേരെയുള്ള പരിഭാഷയോ നിഷ്കളങ്കമായി അതിനെ മനസ്സിലാക്കാനുള്ള ശ്രമമോ അല്ലെന്നും അദ്ദേഹത്തിന്റെ സർഗ്ഗാത്മകമായ ഒരു സ്വാതന്ത്രരചനയാണെന്നും ഗവേഷകനും അമേരിക്കയിലെ നോത്രദാം സർവ്വകലാശാല പ്രൊഫെസ്സരുമായ തോമസ് ബർമൻ സമർത്ഥിക്കുന്നുണ്ട്. (Thomas Burman: Reading the Qur’an in Latin Christendom, 1140–1560, University of Pennsylvania Press, 2007). ഇസ്‌ലാമിനെ യുക്തിഹീനവും ക്രിസ്തുമതത്തിൽ നിന്ന് കടമെടുത്ത ആശയവുമായി അവതരിപ്പിക്കാൻ തക്ക രൂപത്തിൽ ഖുർആൻ വചനങ്ങളെ തന്നിഷ്ടപ്രകാരം ക്രമീകരിക്കുകയും സംക്ഷേപിക്കുകയും ഒഴിവാക്കുകയുമെല്ലാം ചെയ്തുകൊണ്ടുള്ളതാണ് ആദ്യത്തെ ലത്തീൻ പരിഭാഷയെന്നതിന് അദ്ദേഹം തെളിവുകൾ നിരത്തുന്നുണ്ട്.
തനിക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം നിശ്ചയിച്ചുകൊണ്ടുള്ളതാണ് കെറ്റോണിന്റെ ഖുർആൻപരിഭാഷ. ക്രിസ്തുമതതത്ത്വങ്ങളാണ് ശരിയെന്ന് സമർത്ഥിക്കുന്ന രചനാരീതി; ‘അല്ലാഹു’വെന്ന പദത്തിന്റെ പരിഭാഷ ‘മുഹമ്മദിന്റെ ദേവൻ’ (Deus Mahumetis) എന്നും റസൂലുല്ലായുടെ പരിഭാഷ ‘കള്ളദൈവത്തിന്റെ ദൂതൻ’ (messenger of the false god) എന്നുമാണ്; ക്രിസ്ത്യാനികളെയും ജൂതന്മാരെയും വിമർശിക്കുന്ന വചനങ്ങൾ ഒഴിവാക്കുകയോ മൃദുലമായി അവതരിപ്പിക്കുകയോ ചെയ്തിരിക്കുന്നു; സ്വർഗ്ഗത്തെയും സ്വർഗ്ഗസ്ത്രീകളെയും യുദ്ധത്തെയും കുറിച്ച വചനങ്ങൾ തീവ്രവും ഭോഗാലസവും അക്രമാസക്തവുമായി പരിഭാഷപ്പെടുത്തി ഇസ്ലാമിനെക്കുറിച്ച് ചർച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ചിത്രത്തെ ബലപ്പെടുത്തിയിരിക്കുന്നു; ഖുർആനിലെവിടെയും പരാമർശിച്ചിട്ടില്ലാത്ത പൈശാചികവചനങ്ങളെക്കുറിച്ച സൂചനകൾ ഇടയ്ക്കിടയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നു; ഒരു ഗ്രൻഥം പരിഭാഷപ്പെടുത്തുമ്പോൾ പാലിക്കേണ്ട സത്യസന്ധത തീരെ പാലിക്കാത്ത ഈ പരിഭാഷയാണ് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കുവാൻ ഏഴ് നൂറ്റാണ്ടുകളോളം യൂറോപ്പ് ഉപയോഗിച്ച പ്രാഥമിക സ്രോതസ്സ്! ഈ പരിഭാഷയുപയോഗിച്ചാണ് ക്രിസ്ത്യൻ ദൈവശാത്രജ്ഞരിൽ പ്രമുഖരായ സെന്റ് തോമസ് അക്വിനാസ്, നിക്കോളാസ് ഓഫ് ക്യൂസ, മാർട്ടിൻ ലൂഥർ തുടങ്ങിയവരെല്ലാം ഇസ്‌ലാമിനെ മനസ്സിലാക്കുകയും വിമർശിക്കുകയും ചെയ്തത്. അവരുടെ വിമർശനങ്ങൾ എത്രമാത്രം വാസ്തുതാപരവും വസ്തുനിഷ്ഠവുമായിരിക്കുമെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്.
ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും വികലമായ പരിഭാഷകളും ഇസ്ലാമിനെക്കുറിച്ച വികൃതമായ അപഗ്രഥനങ്ങളുമടങ്ങിയ പത്ത് രചനകളുടെ സമാഹാരമാണ് ലത്തീനിൽ ‘കോർപ്പസ് ഇസ്‌ലാമോലാറ്റിനം’ (Corpus Islamolatinum) അഥവാ ‘കോർപ്പസ് ക്ലൂനിയാസിനസ്’ (Corpus Cluniacense) എന്നറിയപ്പെടുന്നത്; പീറ്റർ ദി വെനെറബിളിന്റെ ശ്രമഫലമായാണ് ഇവയുടെ രചനയും ക്രോഡീകരണവുമെല്ലാം നടന്നത്. (David Thomas; Alex Mallett; Juan Pedro Monferrer Sala; Johannes Pahlitzsch; Mark Swanson; Herman Teule; John Tolan (editors). Christian–Muslim )Relations: A Bibliographical History. Vol. 3 (1050–1200), 2011, Leiden: Brill. pp. 604–610). പീറ്റർ ദി വെനെറബിൾ രചിച്ച ‘മുസ്ലിംകളുടെ വഴികേടുകളുടെ സംക്ഷിപ്തം’, തന്റെ പരിഭാഷാ പ്രോജെക്ടിനെക്കുറിച്ച് ക്ലയർവാക്സുകാരനായ ബെർണാർഡിന് അദ്ദേഹമെഴുതിയ കത്ത്, റോബർട്ട് കെറ്റോണിന്റെ ഖുർആൻ പരിഭാഷയും ഹദീഥുകളുടെ പരിഭാഷകളും ചരിത്രഗ്രൻഥങ്ങളുടെ പരിഭാഷകളും, കെറിന്ത്യക്കാരനായ ഹെർമന്റെ മുഹമ്മദ് നബിയെക്കുറിച്ച അറബിഗ്രൻഥങ്ങളുടെ പരിഭാഷകൾ എന്നിവയാണ് ഈ ഗ്രന്ഥസമാഹാരത്തിലുള്ളത്. ‘മുസ്ലികളുടെ നിയമങ്ങളെക്കുറിച്ച് ഞാൻ പഠിക്കുന്നത് അത് പിന്തുടരുന്നതിന് വേണ്ടിയല്ല, പ്രത്യുത അവയെ വിമർശിച്ച് തോൽപ്പിക്കുന്നതിന് വേണ്ടിയാണ്’ എന്ന ബെർണാർഡിന് എഴുതിയ കത്തിലുള്ള പീറ്റർ ദി വെനെറബിളിന്റെ പരാമർശം (James Kritzeck, Peter the Venerable and Islam, Princeton University Press, 1964, Page 38) അദ്ദേഹത്തിന്റെ ലക്ഷ്യത്തെയും ഉദ്ദേശശുദ്ധിയേയും സുതരാം വെളിപ്പെടുത്തുന്നുണ്ട്.
ഇസ്ലാമിനെയും മുഹമ്മദ് നബിയെയും കുറിച്ച പിൽക്കാല യൂറോപ്പിന്റെ ധാരണകൾ രൂപീകരിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച പുസ്തകക്കൂട്ടമാണ് കോർപ്പസ് ഇസ്‌ലാമോലാറ്റിനം. മുഹമ്മദ് നബിയെ അന്തിക്രിസ്തുവിന്റെ മുൻഗാമിയും വ്യാജപ്രവാചകനും അധാർമ്മികനും യുദ്ധക്കൊതിയനുമെല്ലാം ആയി ചിത്രീകരിക്കുന്നവയാണ് ഈ ഗ്രൻഥസമാഹാരത്തിലെ പുസ്തകങ്ങളെല്ലാം. സ്വിസ്സ് ഓറിയന്റലിസ്റ്റും പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവുമായ തിയോഡോർ ബിബ്ലിയാണ്ടെറാണ് സ്വിസ്സ് പട്ടണമായ ബാസലിൽ നിന്ന് 1543 ൽ ഈ പുസ്തകക്കൂട്ടം അച്ചടിക്കുകയും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്തത്. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ നേതാവായ മാർട്ടിൻ ലൂഥർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ക്രിസ്തുമതത്തിൽ നിന്നുള്ള ഒരു വ്യതിയാനകക്ഷിയായി ഇസ്ലാമിനെ കണ്ടുകൊണ്ടുള്ളതാണ് ഈ അവതാരിക. കള്ളപ്രവാചകനെന്ന് മുഹമ്മദ് നബിയെ വിശേഷിപ്പിക്കുന്ന ലൂഥർ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ നബി കൊണ്ടുവന്ന ആദർശത്തെ എതിർത്ത് തോൽപ്പിക്കാൻ കഴിയുകയുള്ളൂവെന്നതിനാലാണ് ഇത് പ്രസിദ്ധീകരിക്കേണ്ടത് അനിവാര്യമായിത്തീരുന്നത് എന്നാണെഴുതുന്നത്. പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപ്പ് ഇസ്ലാമിനെയും മുഹമ്മദ് നബിയെയും മനസ്സിലാക്കിയത് പ്രധാനമായും ഈ ഗ്രന്ഥസമുച്ചയത്തിന്റ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുതിയ ഓറിയന്റലിസ്റ്റ് പഠനങ്ങൾ വരുന്നത് വരെയുള്ള യൂറോപ്യൻ സാഹിത്യത്തിലും കലകളിലുമെല്ലാം മുഹമ്മദ് നബി(സ) ചിത്രീകരിക്കപ്പെടുന്നത് ക്രൂരനും കൊള്ളരുതാത്തവനും നരകത്തിൽ നരകിക്കുന്നവനും അധാർമ്മികനും അന്തിക്രിസ്തുവും പിശാചിന്റെ പ്രതിരൂപവുമെല്ലാമായിത്തീർന്നത്. കൊലപാതകങ്ങൾ ജീവിതവൃത്തമാക്കിയ ആൾക്കൂട്ടങ്ങളായി മുസ്ലിംകളെയും യുദ്ധത്തിനും അധാർമ്മികതകൾക്കും പ്രേരിപ്പിക്കുന്ന മതഗ്രൻഥമായി ഖുർആനിനെയും അവതരിപ്പിക്കുന്ന കലാ-സാഹിത്യരചനകളും അക്കാലത്തുണ്ടാവയവയാണ്.
പീറ്റർ ദി വെനെറബിളിൽ നിന്ന് ഇസ്‌ലാംനിന്ദയുടെ കൊടിയേറ്റുവാങ്ങിയ സ്പെയിനിലെ വാലൻസിയക്കാരനായ ബിഷപ്പ് പെഡ്രോ പാസ്‌ക്കൽ, ഇറ്റാലിയൻ മിഷനറിയായ റിക്കോർഡോ ഡെ മോണ്ടെ ഡി ക്രോസെ, സ്പാനിഷ് പണ്ഡിതനായ രാമൻ ലുൽ എന്നിവർ പീറ്ററിൽ നിന്ന് അല്പം കൂടി മുന്നോട്ട് പോയി മുഹമ്മദ് നബി(സ) യെ വിശേഷിപ്പിച്ചത് ഒരു അന്തിക്രിസ്‌തു തന്നെയായാണ്. ക്രിസ്തുമതത്തിൽ നിന്ന് തെറ്റിപ്പോയ ഒരു പാഷണ്ഡതയായാണ് അവരെല്ലാം ഇസ്‌ലാമിനെ കണ്ടത്.
ഇസ്‌ലാമിനെ വിമർശിക്കുകയും പ്രവാചകനെ നിന്ദിക്കുകയും ചെയ്തുകൊണ്ട് 1300 ൽ റിക്കോർഡോ ഡെ മോണ്ടെ ഡി ക്രോസെ എഴുതിയ ‘സാരസന്മാരുടെ നിയമങ്ങൾക്കെതിരെ’ (Contra Legem Sarracenorum) നൂറ്റാണ്ടുകളോളം യൂറോപ്പിനെ സ്വാധീനിച്ച ഗ്രൻഥമാണ്; അതിലെ ആശയങ്ങളുടെ വെളിച്ചത്തിലാണ് പിൽക്കാല യൂറോപ്പ് ഇസ്‌ലാമിനെ അപഗ്രഥിച്ചത്. (“Muhammad.” Encyclopædia Britannica. 2007. Encyclopædia Britannica Online; https://academic.eb.com/). പീറ്റർ ദി വെനെറബിളിന്റെ പുസ്തകക്കൂട്ടത്തിലുള്ളതല്ലാത്ത മറ്റ് ആശയങ്ങളൊന്നും ഈ പുസ്തകത്തിലില്ലെങ്കിലും വായനക്കാർക്ക് കൂടുതൽ ഹൃദ്യമായിത്തോന്നുന്നതായിരുന്നു ഇതിന്റെ രചനാശൈലി. മാർട്ടിൻ ലൂഥർ തന്റെ ആമുഖത്തോടുകൂടിയുള്ള ഈ പുസ്തകത്തിന്റെ 1542 ലെ പതിപ്പ് പ്രസിദ്ധീകരിച്ചത് ‘ഖുർആനിന്, അഥവാ മുസ്ലിംകളുടെ നിയമത്തിനുള്ള ഖണ്ഡനം’ (Confutatio Alcorani, seu legis Saracenorum) എന്ന തലക്കെട്ടോടെയാണ്. അതേവർഷം തന്നെ അതിന്റെ ജർമ്മൻ പരിഭാഷ അദ്ദേഹം തന്നെ നിർവ്വഹിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ആമുഖത്തിൽ ലൂഥർ മുഹമ്മദ് നബിയെ(സ) വിശേഷിപ്പിച്ചത് ഒരു പിശാചും സാത്താന്റെ ആദ്യജാതനുമെന്നാണെന്ന് കത്തോലിക്ക് എൻസൈക്ലോപീഡിയ പറയുന്നുണ്ട്. (Gabriel Oussani: “Mohammed and Mohammedanism”, Catholic Encyclopedia (1913), https://www.catholic.com/)
പതിമൂന്നാം നൂറ്റാണ്ട് മുതൽ തന്നെ ഇസ്‌ലാംവെറുപ്പും നബിബിന്ദയും യൂറോപ്പിലെ സാഹിത്യങ്ങളിലും കലകളിലും വ്യാപകമാകാൻ തുടങ്ങിയിരുന്നു. ഇറ്റാലിയൻ കവിയായ ഡാന്റെ അലിഘീറിയുടെ ദിവ്യകോമഡിയിൽ (divine comedy) മുഹമ്മദ് നബിയും അലിയുമെല്ലാം പിശാചുക്കളുടെ മർദ്ദനങ്ങൾ നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടിക്കുന്ന കലഹക്കാരും കലാപപ്രിയരുമായ നരകവാസികളോടൊപ്പം വെന്തെരിഞ്ഞുകൊണ്ടിരിക്കുന്നവരാണ്. (Quoted by Gehan M. Anwar E smaiel Deeb: “Inventing a Myth: The Medieval Islamic Civilization through Western Perspectives”, International Journal of Language and Literature, December 2014, Vol. 2, No. 4, pp. 139-177). അതിന്ന് ശേഷം പുറത്തുവന്ന പല നാടകങ്ങളിലും സാഹിത്യങ്ങളിലും മുഹമ്മദ് നബി അന്തിക്രിസ്തുവോ ക്രൂരനും ഭോഗാലസനുമായ കള്ളപ്രവാചകനോ ആയാണ് ചിത്രീകരിക്കപ്പെട്ടത്. നവോത്ഥാനകാലത്തും ഇതിന്ന് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. നവോത്ഥാനത്തിന്റെ എഴുത്തുകാരിലൊരാളായി പരിചയപ്പെടുത്തപ്പെടുന്ന ഫ്രഞ്ച് നാടകരചയിതാവ് വോൾട്ടയർ 1736 ൽ എഴുതിയ ഒരു നാടകത്തിന്റെ പേര് “വർഗ്ഗീയത അഥവാ പ്രവാചകൻ മുഹമ്മദ്” (Le fanatisme, ou Mahomet le Prophète) എന്നായിരുന്നു. (Voltaire: Fanaticism, or Mahomet the Prophet, South Carolina , 2017). ക്രൂരനും നികൃഷ്ടനുമായി മുഹമ്മദ് നബി(സ)യെ ചിത്രീകരിക്കുന്ന നിരവധി വരികൾ ഈ നാടകത്തിലുണ്ട്. നബിയെയും ഇസ്ലാമിനെയും കുറിച്ച തന്റെ ധാരണകൾ പിൽക്കാലത്ത് വോൾട്ടയർ തിരുത്തിയതായും ഇസ്‌ലാമികനിയമങ്ങളെയും നബിയുടെ നവോത്ഥാനശ്രമങ്ങളെയും പുകഴ്ത്തിയതായും പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. (Ahmad Gunny: Images of Islam in eighteenth-century writings, London, 1996, Page 142)
മുഹമ്മദ് നബി (സ) അന്തിക്രിസ്തുവാണെന്ന് സമർത്ഥിക്കാനായി വ്യത്യസ്ത രൂപങ്ങളിൽ പരിശ്രമിച്ച എഴുത്തുകാരും കലാകാരന്മാരുമുണ്ട്. നിരക്ഷരാനായിരുന്നുവെന്നതും വർത്തകയായ വിധവയെ ഇണയാക്കിയെന്നതും ബാഹ്യഭാര്യത്വം സ്വീകരിച്ചുവെന്നതും യുദ്ധങ്ങൾ നയിച്ചുവെന്നതും ക്രിസ്തുവിൽ നിന്ന് വ്യത്യസ്തമായി തികച്ചും സാധാരണമായ മരണം വരിച്ചുവെന്നതുമെല്ലാം അദ്ദേഹം അന്തിക്രിസ്തുവാണെന്നതിന്റെ ലക്ഷണങ്ങളായി ഗണിച്ച എഴുത്തുകാരുണ്ട്. ക്രിസ്താബ്ദം 632 ൽ മരണപ്പെട്ട മുഹമ്മദ് നബിയുടെ വിയോഗവർഷം 666 ആണെന്ന് തിരുത്തിക്കൊണ്ട് ബൈബിളിലെ വെളിപാട് പുസ്തകത്തിൽ (13:18) പരാമർശിച്ച അന്ത്യദിനത്തോടനുബന്ധിച്ച് വരുന്ന മൃഗത്തിന്റെ സംഖ്യയാണിതെന്നും അതിനാൽ അദ്ദേഹം അന്തിക്രിസ്തുവാണെന്നും സ്ഥാപിച്ചവരുണ്ട്. (Richard Southern, Western Views of Islam in the Middle Ages, Harward University Press,1962, Pages 16–18). പിശാചിന്റെ അവതാരമെന്ന അർത്ഥത്തിൽ മഹൗണ്ട് (Mahound) എന്നാണ് അദ്ദേഹത്തിന്റെ നാമമെന്ന് പരിഹസിച്ചവരുണ്ട്. (മധ്യകാല യൂറോപ്പിൽ കുപ്രസിദ്ധമായ മഹൗണ്ട് എന്ന പേരാണ് സൽമാൻ റുഷ്ദി തന്റെ ‘പൈശാചികവചനങ്ങളി’ൽ ഉപയോഗിച്ചിരിക്കുന്നത്) മദ്യപിച്ച് ലക്കുകെട്ട് കിടന്നപ്പോൾ ഒരുകൂട്ടം പന്നികൾ ആക്രമിച്ച് കൊന്നതാണ് അദ്ദേഹത്തെയെന്നതിനാലാണ് മുസ്ലിംകൾക്ക് മദ്യവും പന്നിമാംസവും നിരോധിക്കപ്പെട്ടതെന്ന് ഗവേഷണം ചെയ്തവരുണ്ട്. ബൈബിളിനെക്കുറിച്ച് നബി പഠിച്ചത് ഒരു ആരിയൻ സന്യാസിയിൽ നിന്നാണെന്നും അദ്ദേഹത്തോടൊപ്പം കുടിച്ചുന്മാദിച്ച് കിടന്നുറങ്ങിയപ്പോൾ നബിയുടെ വാളുപയോഗിച്ച് ഒരു ജൂതൻ സന്യാസിയെ കൊന്നുവെന്നും അതിനാലാണ് മദ്യം നിഷിദ്ധമായത് എന്നുമാണ് മറ്റൊരു ഗവേഷണം. (Kenneth Meyer Setton: Western Hostility to Islam and Prophecies of Turkish Doom, Diane Publishing,1992, pp 1-5)
യൂറോപ്പിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തെ ഭയപ്പെട്ടവർ അന്തിക്രിസ്തുവിന്റെയും കള്ളപ്രവാചകന്റെയും വിഷയാസക്തന്റെയും ക്രൂരന്റെയും യുദ്ധക്കൊതിയന്റെയുമെല്ലാം രൂപങ്ങൾ ചാർത്തി നബിജീവിതത്തെയും പിശാചിനെ ആരാധിക്കുന്ന പ്രാകൃതരായി മുസ്ലിംകളെയും അവതരിപ്പിച്ചതിന് പിന്നിൽ രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ആദർശമഹിമയും പ്രായോഗികനന്മയും കണ്ട് അതിലേക്ക് ആകർഷിച്ചുകൊണ്ടിരുന്ന അന്തലൂസിലെ മോസറബുകളെപ്പോലെയുള്ളവരെ ആദർശമാറ്റത്തിൽ നിന്ന് തടയിടുകയായിരുന്നു ഒന്നാമത്തെ ലക്‌ഷ്യം. പ്രാകൃതമായ പിശാചാരാധനയുടെയും അധാർമ്മികമായ കാമകേളികളുടെയും മതമാണ് ഇസ്‌ലാമെന്ന് വരുത്തി അതിന്റെ പിടിയിൽ നിന്ന് ലോകത്തെ രക്ഷിക്കുവാൻ ശ്രമിക്കുന്ന യൂറോപ്പിന്റെ കുരിശുപടയാളികളും റീക്കോൻക്വിസ്റ്റാപോരാളികളും നിർവ്വഹിക്കുന്ന ‘മഹത്തായ’ ദൗത്യത്തെ ന്യായീകരിക്കുകയെന്നതായിരുന്നു രണ്ടാമത്തേത്. കോളനിവൽക്കരണത്തിന് വേണ്ടിയുള്ള സാമ്രാജ്യത്വത്തിന്റെ പിൽക്കാലശ്രമങ്ങൾക്കുള്ള ന്യായീകരണങ്ങളിലും ഈ രണ്ട് മാനങ്ങളും കാണാൻ കഴിയും. ഇസ്ലാമിന്റെ പ്രവാചകനെയും വേദഗ്രൻഥത്തെയും പൈശാചികവൽക്കരിച്ച് അവതരിപ്പിക്കുകയും അവയെ പിൻപറ്റുന്ന മുസ്ലിംകളെ ക്രൂരന്മാരും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടുള്ള പീറ്റർ ദി വെനെറബിളിനെപ്പോലെയുള്ളവരുടെ രചനകളിൽ നിന്നും ഡാന്റെ അലിഘീറിയെപ്പോലെയുള്ളവരുടെ കവിതകളിൽ നിന്നും വോൾട്ടയറിനെപ്പോലെയുള്ളവരുടെ നാടകങ്ങളിൽ നിന്നുമാണ് പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ കോളനികളുണ്ടാക്കിയർ ഇസ്ലാമിനെ മനസ്സിലാക്കിയത്. അവരോടൊപ്പം കപ്പലിൽ ഇന്ത്യയിലെത്തിയ മിഷനറിമാരിലൂടെ അതുവരെ കേരളത്തിന് പരിചയമില്ലാത്ത വിചിത്രമായ ഒരു മുസ്ലിംസ്വത്വം നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കപ്പെട്ടു; ക്രൂരതയുടെയും പരുക്കൻ സ്വഭാവത്തിന്റെയും സംസ്കാരമില്ലായ്മയുടെയും സ്ത്രീലമ്പടതയുടെയുമായ തിന്മകൾ ഘനീഭവിച്ചുണ്ടായ ഒരു സ്വത്വം. അതിൽ നിന്നുണ്ടായതാണ് കേരളത്തിലെ മുസ്ലിംവെറുപ്പ്. ബോധപൂർവ്വമായി നിർമ്മിച്ചെടുത്ത കൃത്രിമസ്വത്വത്തിൽ നിന്നുണ്ടായ ഈ വെറുപ്പിന്റെ ഉപോല്പന്നമാണ് മുസ്ലിംകൾ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയോടെയുള്ള വിദ്വേഷം. യൂറോപ്യർ തുടങ്ങിവെച്ച ഈ വെറുപ്പുൽപ്പാദനം ഇവിടെ നടന്ന മതപ്രചാരണത്തിലൂടെയും യൂറോപ്പിനെ അനുകരിച്ചുകൊണ്ടുള്ള നമ്മുടെ നാട്ടിലെ സാഹിത്യങ്ങളിലൂടെയും കലകളിലൂടെയുമെല്ലാം പരിപോഷിപ്പിക്കപ്പെട്ടതിന്റെ കൂടി ഫലമായാണ് ഈ വിദ്വേഷം വ്യാപകമായത്.

No comments yet.