മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -8

//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -8
//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -8
ആനുകാലികം

മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -8

യൂറോപ്പിൽ പതഞ്ഞുപൊങ്ങിയ ഇസ്‌ലാംവെറുപ്പ് കേരളത്തിലെത്തിയപ്പോൾ…

ഭാഗം -1

വിസിഗോത്ത് രാജവംശത്തിന് കീഴിൽ സാധാരണക്കാർ അനുഭവിച്ചുകൊണ്ടിരുന്ന അസമത്വങ്ങളും അനീതികളുടെയും ഇടയിലേക്കാണ് നീതിയുടെയും സമത്വത്തിന്റെയും ആദർശവുമായി ഇസ്‌ലാം സ്പെയിനിലേക്കെത്തുന്നത്. ഭൂസ്വത്തുക്കളിൽ ഭൂരിപക്ഷവും കയ്യടക്കിവെച്ചിരുന്ന ജനസംഖ്യയിൽ ന്യൂനാൽ ന്യൂനപക്ഷം മാത്രമായ വിസിഗോത്ത് ആഢ്യന്മാർക്ക് അനുകൂലമായിരുന്നു അവർ ഭരിച്ചിരുന്ന സ്പെയിനിലെ നിയമങ്ങളും നീതിയുമെല്ലാമെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ റോജർ കോളിൻസ് ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് സമർത്ഥിക്കുന്നുണ്ട് (Roger Collins: Visigothic Spain, 409–711, Cambridge University Press, 1983). റോമാക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളിൽ ഭൂരിഭാഗവും അക്രമങ്ങളിലൂടെ വിസിഗോത്തുകൾ കൈവശപ്പെടുത്തി. 654 ൽ റെക്‌സസ്‌വിൻസ്‌ രാജാവിന്റെ കാലത്ത് നടപ്പാക്കാനാരംഭിച്ച ‘വിസിഗോത്തുകളുടെ നിയമസംഹിത’ ( The Lex Visigothorum) പ്രകാരമുള്ള ശിക്ഷാനിയമങ്ങളിൽ നിറയെ ഉച്ചനീചത്വങ്ങളാണുണ്ടായിരുന്നത്.. പിഴ ഒടുക്കി ആഢ്യന്മാർക്ക് രക്ഷപ്പെടാവുന്ന കുറ്റങ്ങളിൽ സാധാരണക്കാർക്കുള്ള ശിക്ഷ കൈകാലുകൾ മുറിക്കുകയോ അടിമകളാക്കിത്തീർക്കുകയോ ആയിരുന്നു. താങ്ങാൻ കഴിയാത്ത ചുങ്കങ്ങൾ ഏർപ്പെത്തുകയും അത് അടക്കാൻ കഴിയാത്തവരുടെ സ്വത്തുകൾ കണ്ടുകെട്ടുകയും ചെയ്യുന്നതിന് അനുവാദം നൽകുന്നവയായിരുന്നു നിയമങ്ങൾ. അനുസരണക്കേടുകൾക്കുമുള്ള ശിക്ഷ ഭൂസ്വത്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. താഴേക്കിടയിലുള്ളവർക്ക് ആഢ്യന്മാരെ വിവാഹം ചെയ്യുവാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ എന്തെങ്കിലും കാരണങ്ങളുണ്ടാക്കി സാധാരണക്കാരായ സ്ത്രീകളെ അടിമകളാക്കുകയും അവരെ വെപ്പാട്ടികളാക്കി ഉപയോഗിക്കുകയും ചെയ്യുന്ന സമ്പ്രദായം വ്യാപകമായിരുന്നു. സിസിനാന്റ് രാജാവിന്റെ നിർദ്ദേശപ്രകാരം സെവല്ലയിലെ വിശുദ്ധ ഇസിഡോറിന്റെ അധ്യക്ഷതയിൽ 633ൽ നടന്ന തോലടോയിലെ നാലാം സഭാസമ്മേളനത്തിലെ (Fourth Council of Toledo A.D. 633) ‘പുരോഹിതന്മാർ വെപ്പാട്ടികളെ വെക്കരുത്’ എന്ന നിർദേശം കാണിക്കുന്നത് പുരോഹിതന്മാർക്കിടയിൽ പോലും ആ സമ്പ്രദായം വ്യാപകമായിരുന്നുവെന്നാണെന്ന് റോജർ കോളിൻസ് നിരീക്ഷിക്കുന്നുണ്ട്.

വിസിഗോത്ത് സാമ്രാജ്യം കാത്തോലിക് ചർച്ചിന് കീഴിലായതിന് ശേഷം അവരുടെ മതപരമായ അസഹിഷ്‌ണുത അതിതീവ്രമായിത്തീർന്നുവെന്നാണ് പൗരാണിക-മധ്യകാല യൂറോപ്യൻ പഠനത്തിൽ അഗ്രഗണ്യനായ ബ്രിട്ടീഷ് ചരിത്രകാരൻ എഡ്വേർഡ് ആർതർ തോംപ്സൺ പറയുന്നത് (Edward A. Thompson: The Goths in Spain, Oxford,1969, Pages 235–243). ക്രിസ്തു സൃഷ്ടിയാണെന്നും അനശ്വരനല്ലെന്നും വിശ്വസിച്ചിരുന്ന ആരിയൻ ക്രിസ്ത്യാനികളായിരുന്ന സമയത്ത് വിസിഗോത്ത് ഭരണാധികാരികളുടെ കത്തോലിക്കരോടും മതന്യൂനപക്ഷങ്ങളോടുമുള്ള സമീപനം താരതമ്യേന സൗഹൃദപൂർണ്ണമായിരുന്നു. ഇതിന്ന് മാറ്റമുണ്ടാകുന്നത് 589 ൽ റിക്കാർഡ് ഒന്നാമൻ രാജാവ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും കത്തോലിക്കാ മതാധിപത്യത്തിലേക്ക് സ്‌പെയിൻ മാറുകയും ചെയ്യുന്നത് മുതലാണ്. രാഷ്ട്രീയമായ തീരുമാനങ്ങളെടുക്കുന്നത് ബിഷപ്പുമാരായിത്തീർന്നതോടെയാണ് സ്പെയിനിൽ അസഹിഷ്ണുത വിളയാടാനാരംഭിക്കുന്നത്. ആരിയൻമാർ കൂട്ടമായി നിർബന്ധ പരിവർത്തനത്തിന് വിധേയമായി; അവരുടെ പള്ളികൾ കത്തോലിക്കാ പള്ളികളാക്കിത്തീർക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തു; പരിവർത്തനത്തിന് തയ്യാറല്ലാത്ത ആരിയൻമാർ നാടുകടത്തപ്പെട്ടു; പരസ്യസംവാദങ്ങൾ നടത്തി ആരിയൻമാരെ തോൽപ്പിച്ചതായി വരുത്തിക്കൊണ്ടായിരുന്നു ഈ പീഢനങ്ങൾ. ജൂതന്മാർക്കെതിരെയുള്ള പീഢനങ്ങളായിരുന്നു ഇതിനേക്കാൾ ഭീകരം. 616 ൽ സിസേബത് രാജാവ് ജൂതന്മാരെയെല്ലാം നിർബന്ധിച്ച് മാമ്മോദീസാ മുക്കി ക്രിസ്ത്യാനികളാക്കാൻ ഉത്തരവിട്ടു; ജൂതന്മാരായിത്തുടരുന്നവരെ അധികാരസ്ഥാനങ്ങളിൽ നിന്നെല്ലാം മാറ്റിനിർത്തി; അവരുടെ മക്കൾക്ക് ക്രിസ്ത്യൻവിദ്യാഭ്യാസം നൽകണമെന്ന് ശഠിച്ചു; ചേലാകർമ്മവും ശാബ്ബത്ത് ആചരണവും നിരോധിച്ചു; സിനഗോഗുകൾ അടച്ചുപൂട്ടുകയോ തകർക്കുകയോ ചെയ്തു. 694 ൽ നടന്ന പതിനേഴാമത് തോലഡോ സഭാസമ്മേളനം ജൂതന്മാരെല്ലാം ചതിയന്മാരാണെന്നും അവരെ അടിമകളാക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് കുഴപ്പമില്ലെന്നും പ്രഖ്യാപിച്ചു. അവിടെയുണ്ടായിരുന്ന പ്രകൃതമതക്കാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അവരുടെ ആചാരങ്ങൾ അന്ധവിശ്വാസങ്ങളെന്ന് മുദ്രകുത്തി നിരോധിച്ചു; കൊല്ലുകയോ നാടുകടത്തുകയോ സ്വത്തുക്കൾ കണ്ടുകെട്ടുകയോ ആയിരുന്നു അവ അനുഷ്ഠിക്കുന്നവർക്കുള്ള ശിക്ഷ.

അസമത്വങ്ങളും അതിക്രമങ്ങളും അസഹിഷ്ണുതയും നിറഞ്ഞ സാമൂഹ്യക്രമം ഒരു വശത്ത്; ഉൾപ്പോരുകളും അധികാരവടംവലിയും നിറഞ്ഞ രാഷ്ട്രീയക്രമം മറുവശത്ത്. അവിടേക്കാണ് മാനവികതയുടെ ആദർശവും നീതിനിഷ്ഠമായ സാമൂഹ്യക്രമവുമായി ഇസ്‌ലാം കടന്നു വരുന്നത്. പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന സ്പെയിൻകാർ മുസ്‌ലിംകളെ കണ്ടത് അധിനിവേശകാരികളായിട്ടായിരുന്നില്ല, പ്രത്യുത വിമോചകരായായിരുന്നു. തങ്ങളെ അടിമകളാക്കിത്തീർത്ത വിസിഗോത്ത് ക്രിസ്താനികളിൽ നിന്നുള്ള വിമോചകരായി മുസ്‌ലിംകളെ കണ്ട ജൂതന്മാർ അവർക്ക് സ്വാഗതമരുളുകയും അവരോടൊപ്പം രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയുമാണ് ചെയ്തതെന്ന് മോണ്ട്ഗോമറി വാട്ട് എഴുതുന്നുണ്ട് (W. Montgomery Watt: A History of Islamic Spain, Edinburg, 1977, Page 22). അമിതമായ ചുങ്കങ്ങൾ ചുമത്തിയും അസമത്വത്തിലധിഷ്ഠിതമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചും തങ്ങളെ പ്രയാസപ്പെടുത്തുന്ന ഭരണക്രമത്തിൽ നിന്നുള്ള രക്ഷകരായാണ് മുസ്‌ലിംകളെ സ്പെയിനിലെ സാധാരക്കാർ കാണതെന്ന് ഫിലിപ്പ് കെ ഹിറ്റിയും രേഖപ്പെടുത്തുന്നുണ്ട് (Philip K. Hitti: History of the Arabs, Macmillen, 1970, Page 480). സ്പെയിനിലേക്കുള്ള മുസ്‌ലിം മുന്നേറ്റത്തെ അധിനിവേശമായിക്കരുതി ചെറുക്കുന്നതിന് പകരം വിമോചനമായിക്കരുതി സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു സ്പെയിനിലെ സാധാരക്കരുടേത് എന്ന് ഒരുവിധം എല്ലാ ചരിത്രകാരന്മാരും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ രക്ഷിക്കാൻ വരുന്നവരെന്ന് കരുതി മുസ്‌ലിംകൾക്ക് നഗരവാതിലുകൾ തുറന്ന് കൊടുത്തത് അവിടെയുള്ള സാധാരണക്കാരായിരുന്നുവെന്നതാണ് സത്യം. (Richard Fletcher: Moorish Spain, Weidenfeld & Nicolson, 1992, Page 15)

സ്പെയിനിലെ മുസ്‌ലിംഭരണാധികാരികൾ അവിടെയുണ്ടായിരുന്നവരുടെ പ്രതീക്ഷക്കൊത്തുയർന്നു. അമിതമായ നികുതിഭാരത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്തി. അവിടെയുണ്ടായിരുന്ന ജൂതന്മാരെയും ക്രിസ്ത്യാനികളെയുമെല്ലാം ഇസ്‌ലാമികരാഷ്ട്രത്തിലെ സംരക്ഷിതപ്രജകളായി (ദിമ്മികൾ) പരിഗണിക്കുകയും അവർക്ക് പൂർണ്ണമായ മതസ്വാതന്ത്ര്യം നൽകുകയും ചെയ്തു. ചർച്ചുകളും സിനഗോഗുകളും നിർമ്മിക്കുവാനും സംരക്ഷിക്കുവാനും അവർക്ക് അവകാശം നൽകി. രാഷ്ട്രനിർമ്മാണപ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കി. അർഹരായവർക്ക് ഉയർന്ന ഉദ്യോഗങ്ങളും സ്ഥാനമാനങ്ങളും നൽകി. പണക്കാരനും പാവപ്പെട്ടവനും ഒരേ നിതീതിയെന്ന ഇസ്‌ലാംമികസാമൂഹ്യക്രമത്തിൽ എല്ലാവരും സാംതൃപ്തരായി. സംതൃപ്തദായകവും നീതിനിഷ്ഠവുമായ സാമൂഹ്യക്രമത്തിൽ ജീവിക്കുന്നത് കൊണ്ട് തന്നെ അവരിൽ പലരും ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. പലരും ഇസ്‌ലാം സ്വീകരിച്ചു; മറ്റു ചിലർ ക്രിസ്ത്യാനികളായി തുടർന്നുകൊണ്ട് തന്നെ ഇസ്‌ലാമികസംസ്‌കരത്തിൽ നിന്നുള്ള പല ഘടകങ്ങളും ജീവിതത്തിലേക്ക് ആവാഹിച്ചു . മുസ്‌ലിംകളായവർ ഒന്നുകിൽ ഇസ്‌ലാമിന്റെ ആദർശങ്ങളിൽ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു; അല്ലെങ്കിൽ ഇസ്‌ലാമികനീതി അനുഭവിച്ചതിൽ നിന്ന് മുസ്‌ലിമാകുവാൻ പ്രചോദിതരായവരായിരുന്നു; സമൂഹം ഇസ്‌ലാമികമായപ്പോൾ അതിന്റെ സൗകര്യങ്ങൾ ആഗ്രഹിച്ചുകൊണ്ട് മുസ്‌ലിംകളായവരുമുണ്ടായിരുന്നു; എന്നാൽ ഒരിക്കലും അവിടെ നിർബന്ധിതമായ മതപരിവർത്തനങ്ങൾ നടന്നില്ല; സ്പെയിനിൽ മുസ്‌ലിംകൾ നിർബന്ധിതമതപരിവർത്തനം നടത്തിയെന്നതിന് യാതൊരു തെളിവുമില്ലെന്നും സ്പാനിഷ് സമൂഹത്തിന്റെ ഇസ്‌ലാമീകരണം സാമൂഹികകാരണങ്ങളാൽ പ്രചോചിതമായി സാവധാനത്തിൽ സ്വമേധയാ നടന്നതാണെന്നും മോണ്ട്ഗോമേറി വാട്ട് തെളിവുകൾ നിരത്തി വ്യക്തമാക്കുന്നുണ്ട് (W. Montgomery Watt: Opt. Cit Page 47)

ഇസ്‌ലാമിന്റെ ആഗമനത്തോടെ സ്പെയിനിൽ നാല് വിഭാഗം ജനങ്ങളുണ്ടായി. ഒന്ന്, അവിടേക്ക് വന്ന അറബികളും ബെർബറുകളുമടങ്ങുന്ന വിദേശികളും അവരുടെ പിൻഗാമികളും; അവരെല്ലാവരും മുസ്‌ലിംകളായിരുന്നു. രണ്ട്, സ്പെയിനിലെ തദ്ദേശീയരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച ‘മുവല്ലദൂൻ’ എന്നറിയപ്പെട്ടവർ. മൂന്ന്‌, ഇസ്‌ലാമികരാഷ്ട്രത്തിന്റെ സംരക്ഷിതപ്രജകളായ ക്രിസ്ത്യാനികൾ; അവർ അറിയപ്പെട്ടത് മൊസറബുകൾ എന്നാണ്. നാല്, സംരക്ഷിത പ്രജകൾ തന്നെയായ ജൂതന്മാർ.

സ്പെയിനിൽ ജീവിക്കുന്ന ഓരോ വിഭാഗത്തിനും ഇസ്‌ലാമികരാഷ്ട്രസംവിധാനം ഗുണകരമായി ഭവിച്ചതെങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ അവിടുത്തെ ന്യൂനാൽ ന്യൂനപക്ഷമായിരുന്ന ജൂതന്മാരുടെ കാര്യം മാത്രമെടുത്ത് പരിശോധിച്ചാൽ മതി. മുസ്‌ലിംസ്പെയിനിന്റെ ആരംഭത്തിൽ അവിടെയുണ്ടായിരുന്നത് ഒരു ശതമാനത്തിൽ കുറഞ്ഞ ജൂതജനസംഖ്യയായിരുന്നു; ക്രിസ്ത്യൻ വിസിഗോത്തുകളുടെ ക്രൂരമായ പീഡനങ്ങളെയും നാട് കടത്തലുകളെയും നിർബന്ധിത മതപരിവർത്തനത്തെയും അതിജീവിച്ചവരായിരുന്നു അവർ. 850 ൽ അമവിയ്യാ ഇമാറാത്തിന്റെ മൂർദ്ധന്യത്തിൽ ഇത് രണ്ട് ശതമാനമായിത്തീർന്നു. കൊർദോവാ അമവിയ്യാ ഖിലാഫത്തിന്റെ കാലത്ത്, ആയിരാമാണ്ടിൽ ഇത് മൂന്ന് ശതമാനത്തോളമായി ഉയർന്നു. എന്താണിതിന് കാരണം? പീഢനങ്ങളും ഉച്ചനീചത്വങ്ങളുമില്ലാതെ തങ്ങളുടെ മതവും സംസ്കാരവുമനുസരിച്ച് ജീവിക്കുവാൻ അവസരമുണ്ടായപ്പോൾ വിസിഗോത്തുകളുടെ ക്രൂരതകൾ സഹിക്കവയ്യാതെ ഓടിപ്പോയവരും അല്ലാത്തവരുമായ ജൂതന്മാർ ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ മറ്റ് കോണുകളിൽ നിന്നും അന്തലൂസിലേക്ക് കുടിയേറി.. അങ്ങനെ വന്നവരും അല്ലാത്തവരുമായ ജൂതന്മാരെ ഇസ്‌ലാമികസമൂഹം സംരക്ഷിതപ്രജകളായി സ്വീകരിച്ച് രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാക്കി. അവരിൽ അർഹരായവർ ഉന്നതമായ സ്ഥാനങ്ങളിൽ അവരോധിതരായി. അന്തലൂസിയൻ പട്ടണങ്ങളിലെ ജൂതസാന്നിധ്യം പത്ത് ശതമാനത്തോളമായിരുന്നു. ഏറ്റവും പ്രഗത്ഭരായ ജൂതറബ്ബിമാരിലൊരാളായി ഇന്നും യഹൂദസമൂഹം ആദരിക്കുന്ന മോമോണൈഡ്സ്, ചികിത്സകനും ജൂത പണ്ഡിതനുമായ ഹസ്ദായി ബിൻ ശർപൂത്, രാഷ്ട്രതന്ത്രജ്ഞനും സൈനിക കമ്മാൻഡറുമായ സാമുവൽ ബിൻ നഗറില്ല എന്നിവരെയെല്ലാം സംഭാവന ചെയ്യാൻ അന്തലൂസിന് കഴിഞ്ഞത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയിലും സമാധാനത്തിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ സാമൂഹ്യസംവിധാനം അവിടെ നിലനിന്നതുകൊണ്ടാണ്.

ഇസ്‌ലാംമിക സ്പെയിനിന്റെ വളർച്ചയിൽ അറബികളും ബെർബറുകളുമടങ്ങുന്ന വിദേശികളുടെയും അവരുടെ പിൻഗാമികളുടെയും എണ്ണത്തിന്റെ ശതമാനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും കാണുന്നില്ല. ആഗമനകാലത്ത്, എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവർ അഞ്ചു ശതമാനത്തിലധികമായിരുന്നുവെങ്കിൽ ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അവർ പത്ത് ശമനത്തോളവും അമവിയ്യാ ഇമാറത്തിന്റെ കാലത്ത് 850ൽ അത് പതിനഞ്ച് ശതമാനത്തോളവും കൊർദോവ ഖിലാഫത്തിന്റെ കാലത്ത് ആയിരാമാണ്ടിൽ അത് പത്ത് ശതമാനത്തിലധികവുമായിരുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ സ്പെയിനിലെ തദ്ദേശീയരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച മുവല്ലദൂനുകളുടെയും ഇസ്‌ലാമികരാഷ്ട്രത്തിലെ ക്രിസ്ത്യാനികളായ മൊസറബ്സിന്റെയും സ്ഥിതി അതായിരുന്നില്ല. 720 ലെ കണക്കുകൾ പ്രകാരം മുവല്ലദൂനുകൾ പത്ത് ശതമാനത്തിൽ താഴെയും മൊസറബ്സ് എൺപത്തി അഞ്ച് ശതമാനത്തോളവുമായിരുന്നു. 850 ആയപ്പോഴേക്ക് മുവല്ലദൂനുകൾ അറുപത് ശതമാനത്തോളവും മൊസറബുകൾ മുപ്പത്തിയഞ്ച് ശതമാനത്തോളവുമായിത്തീർന്നു. അന്തലൂസിന്റെ സുവർണ്ണ കാലമായപ്പോഴേക്ക് മുവല്ലദൂനുകളുടെ ശതമാനം വീണ്ടും വർധിച്ചു. അത് എഴുപത്തിയഞ്ച് ശതമാനത്തോളവും മൊസറബുകൾ പതിനഞ്ച് ശതമാനത്തിലധികവുമായിത്തീർന്നു. കൊർദോവാ ഖിലാഫത്തിന്റെ പതനത്തിന് ശേഷവും മുവല്ലദൂൻ വർദ്ധനവിൽ ഇടിവ് സംഭവിച്ചില്ല. 1200 ലെ ജനസംഖ്യയിൽ എൺപത് ശതമാനത്തിലധികവും മുവല്ലദൂനുകളാണുണ്ടായിരുന്നത്; പത്ത് ശതമാനത്തിൽ താഴെ മാത്രം മൊസറബുകളും എട്ട് ശതമാനത്തോളം മാത്രം വിദേശികളുടെ പിൻഗാമികളും രണ്ട് ശതമാനം ജൂതന്മാരുമാണ് അന്നുണ്ടായിരുന്നത് എന്നാണ് രേഖകൾ കാണിക്കുന്നത്. (ജനസംഖ്യാകണക്കുകൾ മോണ്ട്ഗോമേറി വാട്ടിന്റെ നേരത്തെ ഉദ്ധരിച്ച പുസ്തകത്തിൽ നിന്നും റോജർ കോളിൻസിന്റെ ‘സ്പെയിനിലെ ഖലീഫമാരും രാജാക്കന്മാരും’ (Roger Collins, Caliphs and Kings: Spain, 796–1031, Wiley-Blackwell, 2012) എന്ന പുസ്തകത്തിൽ നിന്നുമെടുത്തവയാണ്)

യൂറോപ്പിന്റെ ഒരു വശത്ത് നടക്കുന്ന ഇസ്‌ലാമികസമൂഹത്തിന്റെ വളർച്ച കത്തോലിക്കാസഭയെയും പുരോഹിതരെയും തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. വാളിന്റെ മുനയിൽ നിർത്തിയുള്ള തങ്ങളുടെ മാമ്മോദീസകളിൽ നിന്നുള്ളതിനേക്കാളധികം പേരെ ആദർശപ്രചാരണവും പ്രയോഗവൽക്കരണവും വഴി ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ കഴിയുന്നുണ്ടെന്ന സത്യമുൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. ഇസ്‌ലാമികാദർശങ്ങളുടെ സമർപ്പണത്തിലൂടെയും ഇസ്‌ലാമികനീതിയുടെ പ്രയോഗവൽക്കരണത്തിലൂടെയും ഇസ്‌ലാമികസ്വാഹോദര്യത്തിന്റെ സംസ്ഥാപനത്തിലൂടെയുമുള്ള മുസ്‌ലിംസമൂഹത്തിന്റെ വളർച്ചക്ക് തടയിടാൻ ഇസ്‌ലാമിനെ തമസ്കരിച്ച് അവതരിപ്പിക്കുകയെന്ന തന്ത്രമാണ് പിന്നീട് പയറ്റപ്പെടുന്നത്. അറബിഭാഷയും സംസ്കാരവും സ്വായത്തമാക്കുന്നതിൽ നിന്ന് തുടങ്ങുന്ന മോസറബുകളുടെ ഇസ്‌ലാമിനോടുള്ള പ്രതിപത്തി ഇല്ലാതെയാക്കുവാൻ ആ സംസ്കാരത്തെത്തന്നെ തെറ്റായി അവതരിപ്പിക്കുകയും അതിനെ വെറുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന സൂത്രമാണ് പ്രയോഗിക്കപ്പെട്ടത്. ഇസ്‌ലാമിനെ വാളിന്റെ മതമായും മുഹമ്മദ് നബിയെ ഭോഗാലസതയുടെ പര്യായമായും ഖുർആനിനെ വൈരുധ്യങ്ങളുടെ കേദാരമായും ഇസ്‌ലാമികസംസ്കാരത്തെ ആത്മീയതയില്ലാത്ത ആദർശമായുമെല്ലാം അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളുണ്ടാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

യൂറോപ്പിലേക്ക് ഇസ്‌ലാം കടക്കുന്നതിന് മുമ്പ്, ബൈസന്റൈൻ സാമ്രാജ്യത്തിന് കീഴിലായിരുന്ന സിറിയ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ പ്രധാനപ്പെട്ട പല പ്രദേശങ്ങളും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന കാലം മുതൽ തന്നെ ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും തമസ്കരിക്കുവാൻ വേണ്ടിയുള്ള യൂറോപ്യൻ പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നുവെന്ന് കാണാം . പ്രവാചക വിയോഗത്തിന് പത്ത് വർഷങ്ങൾക്കുള്ളിൽ രചിക്കപ്പെട്ട ‘പുതുതായി സ്‌നാപനമേറ്റ യാക്കോബിന്റെ അധ്യാപനങ്ങൾ ‘ (Doctrina Jacobi nuper baptizati) എന്ന ഗ്രീക്ക് രേഖയാണ് ഇസ്‌ലാം വിമർശനമുൾക്കൊള്ളുന്ന ഉപലബ്ധമായ ആദ്യത്തെ യൂറോപ്യൻരചനയായി പരിഗണിക്കപ്പെടുന്നത്; ഹിരാക്ലിയസ് ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ ജോര്‍ജിന്റെ നേതൃത്വത്തിൽ നടന്ന കൂട്ട മതപരിവര്‍ത്തനത്തിൽ മാമോദീസ സ്വീകരിച്ച് ക്രൈസ്തവനാകാൻ നിർബന്ധിതനായിത്തീർന്ന ജൂതനായിരുന്ന യാക്കോബ്, സ്‌നാപനത്തിന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ രേഖയാണിത്.( Robert G. Hoyland: Seeing Islam as Others Saw It: A Survey and Evaluation of Christian, Jewish and Zoroastrian Writings on Early Islam, New Jersey,1997 Pages 55-61 ) യാക്കോബും പിതൃവ്യപുത്രനായ ജസ്റ്റസും മറ്റു ചിലരും കൂടി ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെപ്പറ്റി നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് ജസ്റ്റസിന്റെ സഹോദരന്‍ സീസിറിയക്കാരനായ അബ്രഹാമിന്റെ എഴുത്ത് കടന്നുവരുന്നതും പ്രസ്തുത എഴുത്തിലുള്ള പരാമര്‍ശങ്ങള്‍ ഉദ്ധരിക്കപ്പെടുന്നതും. തകര്‍ന്നുകൊണ്ടിരിക്കുന്ന ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അവസ്ഥയില്‍ പരിതപിക്കുകയും അറബ് വിജയങ്ങളെ അഭിശപ്തമായി കാണുകയും ചെയ്യുന്ന ഈ രേഖ, പുതിയ പ്രവാചകന്റെ ആഗമനത്തോടനുബന്ധിച്ച ജൂതന്‍മാരുടെ ആഹ്ലാദം അനുചിതമാണെന്ന് സ്ഥാപിക്കുവാനാണ് പ്രധാനമായും പരിശ്രമിക്കുന്നത്.

നൂറ്റാണ്ടുകളായി ക്രൈസ്തവ റോമിന്റെ പീഡനങ്ങളേറ്റ് പ്രയാസപ്പെട്ടിരുന്ന ജൂതന്‍മാര്‍ മുസ്‌ലിംകളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയായിരുന്നുവെന്നും തങ്ങള്‍ക്ക് മോചനം നല്‍കിയ വ്യക്തിയെന്ന നിലയില്‍ മുഹമ്മദ് നബി(സ)യുടെ നിയോഗത്തിലൂടെ തങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘ആ പ്രവാചക’ന്റെ(യോഹന്നാന്റെ സുവിശേഷം 1:19-22) ആഗമനമാണുണ്ടായിരിക്കുന്നതെന്നാണ് അവര്‍ കരുതിയതെന്നും ഈ രേഖ വ്യക്തമാക്കുന്നു. റോമാ പടയാളികളാല്‍ പിടിക്കപ്പെട്ട് നാളുകള്‍ നീണ്ടുനിന്ന കാരാഗൃഹവാസത്തിനുശേഷം മാത്രം സ്‌നാപനത്തിന് സമ്മതിച്ചയാളാണ് യാക്കോബ്; ആദ്യമെല്ലാം എതിര്‍ത്തുനിന്നുവെങ്കിലും നിവൃത്തിയൊന്നുമില്ലാതെ ക്രിസ്ത്യാനിയാകേണ്ടിവന്നയാളാണ് ജസ്റ്റസ്; പീഡനങ്ങള്‍ക്കൊടുവില്‍ മാമോദീസ സ്വീകരിക്കേണ്ടിവന്ന ഇവരെപ്പോലെയുള്ള മുന്‍കാല ജൂതന്‍മാരില്‍ പുതിയ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ഭീതിയുണ്ടാക്കുകയും അവർ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടാതിരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് അബ്രഹാമിന്റെ എഴുത്തിനുള്ളതെന്ന് അതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ വ്യക്തമാകും.

മുഹമ്മദ് നബി(സ) പ്രവാചകനല്ലെന്ന് സ്ഥാപിക്കുവാനായി അബ്രഹാം കണ്ടുമുട്ടിയ വേദജ്ഞാനി പറഞ്ഞത് ‘പ്രവാചകന്‍മാരൊന്നും വാളുമായി വരാറില്ലാത്തതിനാല്‍ അയാള്‍ വ്യാജനാണ്’ എന്നായിരുന്നുവെന്നാണ് രേഖയിലുള്ളത്. ജ്ഞാനിയുടെ നിര്‍ദേശപ്രകാരം നബിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റസിന്റെ സഹോദരന്‍ അബ്രഹാം എത്തിച്ചേരുന്നത് ‘മനുഷ്യരക്തം ചിന്തുകയെന്നതല്ലാതെയുള്ള സത്യങ്ങളൊന്നും പറയപ്പെട്ട പ്രവാചകനില്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല’യെന്ന നിരീക്ഷണത്തിലാണെന്നും രേഖ പറയുന്നു. വാളിന്റെ പ്രവാചകനാണ് മുഹമ്മദ് നബിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹം വ്യാജനാണെന്നും കുറെ രക്തച്ചൊരിച്ചിലുകള്‍ സൃഷ്ടിക്കുകയല്ലാതെ മറ്റൊരു നന്മയും അദ്ദേഹത്തില്‍നിന്നുണ്ടായിട്ടില്ലെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് നബിചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് വ്യക്തമാക്കുന്നതാണീ രേഖ. നബിവിയോഗത്തിന് ശേഷം പത്തുവര്‍ഷങ്ങള്‍ക്കുളളിൽ, ക്രിസ്താബ്ദം 634 നും 640 നുമിടയിലാണ് ‘യാക്കോബിന്റെ അധ്യാപനങ്ങൾ’ രചിക്കപ്പെട്ടിട്ടുള്ളത്. നീണ്ട കാരാഗൃഹവാസത്തിന്റെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാനായി ക്രിസ്തുമതത്തില്‍ അംഗത്വമെടുത്ത യാക്കോബിനെപ്പോലെയുള്ളവരുടെ മനസ്സിന്റെ അകത്തളങ്ങളിലെവിടെയെങ്കിലും ജൂതന്‍മാരുടെ വിമോചകനായിത്തീര്‍ന്ന പ്രവാചകനെക്കുറിച്ച് ആദരവ് നാമ്പിടുന്നുവെങ്കില്‍ അത് മുളയിലേ നുള്ളിക്കളയേണ്ടതുണ്ടെന്ന് കരുതുന്ന അബ്രഹാമിന്റെയും അയാളുടെ ഉപദേശകനായ വേദജ്ഞാനിയുടെയും മാനസികാനില മാത്രമാണ് അതിൽ പ്രതിഫലിക്കുന്നത്.

യൂറോപ്പിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിന് ശേഷം ഇസ്ലമിനെതിരെയുള്ള തമസ്കരണശ്രമങ്ങൾക്ക് ആക്കം കൂടി. കത്തോലിക്കാ സഭ വിശുദ്ധനായി പരിഗണിക്കുന്ന ഡമസ്കസുകാരനായ യോഹന്നാൻ (John of Damascus) ആണ് ക്രൈസ്തവലോകത്തുനിന്നുള്ള ഇസ്‌ലാംവിമർശനത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ‘വിജ്ഞാനത്തിന്റെ തൂണ്’ (Fount of Knowledge) എന്ന ഗ്രന്ഥത്തിന്റെ ‘പാഷണ്ഡതകൾ ഒറ്റനോട്ടത്തിൽ: എങ്ങനെ അവ തുടങ്ങി; എവിടെ നിന്നാണവയുടെ ഉല്പത്തി’ (Heresies in Epitome: How They Began and Whence They Drew Their Origin) എന്ന രണ്ടാം ഭാഗത്താണ് ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ അപഗ്രഥനങ്ങൾ അദ്ദേഹം നടത്തുന്നത് (Writings, by St John of Damascus, Trans: Frederic H. Chase, Jr., The Fathers of the Church, Vol . 37, Washington DC: Catholic University of America Press, 1958, pp. 153-160). മുഹമ്മദ് നബി(സ)യെ വ്യാജപ്രവാചകനും ഖുർആനിനെ അസംബന്ധങ്ങളുടെ ഗ്രൻഥവുമായി അവതരിപ്പിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ വിമർശനങ്ങൾ. ആരിയൻ ക്രിസ്തുമതത്തിൽ പെട്ട ഏതോ പുരോഹിതനാണ് മുഹമ്മദ് നബി(സ)യുടെ പ്രാഥമികസ്രോതസ്സ് എന്നും ആ പുരോഹിതൻ പറഞ്ഞുകൊടുത്ത കാര്യങ്ങൾ തന്റേതായ ഭാഷയിൽ എഴുതിയുണ്ടാക്കുകയാണ് നബി ചെയ്തതെന്നുമാണ് ജോൺ ഓഫ് ദമാസ്കസ് സമർത്ഥിക്കുവാൻ ശ്രമിക്കുന്നത്. അംഗീകരിക്കപ്പെട്ട സഭാപിതാക്കളെയും അവരുടെ രചനകളെയും സംഭവനകളെയും പരിചയപ്പെടുത്തുന്ന കത്തോലിക്കാ സഭയുടെ 127 വാല്യങ്ങളുള്ള ഗ്രന്ഥപരമ്പരയിൽ 37 ആം വാല്യമായി സഭ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. ഇസ്‌ലാമിന്റെ ആദ്യകാലം മുതൽ തന്നെ അതിന്നെതിരെയുള്ള അടിസ്ഥാനരഹിതമായ വിമർശനങ്ങൾ സഭ ഔദ്യോഗികമായിത്തന്നെ നടത്താൻ തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് 749 ൽ മരണപ്പെട്ട ജോണിന്റെ രചനകൾ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.