മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -7

//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -7
//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -7
ആനുകാലികം

മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -7

പ്രെസ്റ്റർ ജോൺ നിരാശയും മലപ്പുറംവിരോധവും

“കിഴക്ക് ഒരു ധനിക രാജ്യമുണ്ട്; പ്രെസ്റ്റർ ജോൺ ഭരിക്കുന്ന നാട്. അവിടെ സ്വർണ്ണനദികളുണ്ട്; വിലയേറിയ രത്നങ്ങളുടെ കൂമ്പാരങ്ങളുണ്ട്; പളുങ്കുകൊട്ടാരങ്ങളുണ്ട്; അവിടത്തെ യുവത്വത്തിന്റെ ഉറവയിൽ കുളിച്ചാൽ പിന്നെയൊരിക്കലും വാർദ്ധക്യമുണ്ടാവുകയില്ല.
അവിടെ രോഗങ്ങളില്ല; അവിടുത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഒരു ഗോപുരമാണ്; മാന്ത്രികവസ്തുക്കളാൽ സമൃദ്ധമായ അവിടം ഭരിക്കുന്നത് 72 ക്രിസ്ത്യൻരാജാക്കന്മാരാണ്. ഇവരുടെയെല്ലാം മുകളിൽ ഭരണചക്രം തിരിക്കുന്ന ശക്തനായ ക്രിസ്ത്യൻ രാജാവാണ് പ്രെസ്റ്റർ ജോൺ. നിരവധി പേർ ഉൾക്കൊള്ളുന്ന ശക്തമായ പട്ടാളവും വിചിത്രശേഷികളുള്ള അത്ഭുത ജീവികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ സൈന്യം. കുരിശുയോദ്ധാക്കളെ സഹായിക്കാനും വിശുദ്ധ ദേശങ്ങൾ പിടിച്ചടക്കാനും അദ്ദേഹം സന്നദ്ധമാണ്; അതിനാൽ കുരിശുയോദ്ധാക്കളേ, നിങ്ങൾ ശക്തമായി മുന്നേറുക; പ്രെസ്റ്റർ ജോൺ ഉടൻ വരും; അദ്ദേഹമെത്തിയാൽ നിങ്ങളോടൊപ്പം ചേർന്ന് മുസ്‌ലിംകളെ നാമാവശേഷമാക്കും”

മുസ്‌ലിംകളിൽ നിന്ന് കുരിശുപട പിടിച്ചടക്കിയ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയുള്ള നൂറുദ്ദീൻ സെങ്കിയുടെ പടയോട്ടങ്ങൾ വിജയം കാണുന്നതിൽ പരിഭ്രാന്തമായ യൂറോപ്പ് നടത്തിയ രണ്ടാം കുരിശുയുദ്ധത്തിന്റെ (1147–1149) പരാജയത്തിന് ശേഷം യൂറോപ്പിൽ പ്രചരിച്ച പ്രെസ്റ്റർ ജോൺ മിത്തിന്റെ സംക്ഷിപ്തമാണിത്. പോപ്പ് യൂജിനിയസ് മൂന്നാമൻ മാർപ്പാപ്പയുടെ ആഹ്വാനത്തിൽ പ്രചോദിതരായി രണ്ടാം കുരിശുയുദ്ധം നയിച്ച അന്നത്തെ അതിശക്തരായ ഫ്രാൻസിന്റെ ലൂയി ഏഴാമന്റെയും ജർമനിയുടെ കോൺറാഡ് മൂന്നാമന്റെയും നേതൃത്വത്തിലുള്ള കുരിശുപട പരാജയപ്പെട്ട് പിൻവാങ്ങിയപ്പോൾ നിരാശപ്പെട്ട യൂറോപ്യരെ പ്രചോദിപ്പിക്കുന്നതിനായി പുരോഹിതന്മാരിലാരോ പടച്ചുവിട്ട കള്ളക്കഥയായിരുന്നു ഇത്. മുസ്‌ലിംകൾക്കെതിരെയുള്ള യുദ്ധത്തിൽ ഇപ്പോൾ കുരിശുപടയാളികൾ പരാജയപ്പെട്ടുവെങ്കിലും ആസന്ന ഭാവിയിൽ തന്നെ പ്രെസ്റ്റർ ജോണിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന യുദ്ധത്തിൽ തങ്ങൾ വിജയിക്കുക തന്ന ചെയ്യുമെന്ന മിഥ്യാബോധം വളർത്തി അവരെ രണസജ്ജരാക്കുകയായിരിക്കണം ഈ കഥാനിർമ്മാണത്തിന്റെ ലക്‌ഷ്യം.

1165 നോടനുബന്ധിച്ച് പ്രെസ്റ്റർ ജോണിൽ നിന്നുള്ളതെന്ന രൂപത്തിൽ യൂറോപ്പിൽ പ്രചരിച്ച ഒരു കത്തിൽ നിന്നാണ് ഈ മിത്തിന്റെ നിർമ്മിതിയെന്നാണ് ഗവേഷകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. (Keagan Brewer: Prester John: The Legend and its Sources, Ashgate Publishing, 2015). ലത്തീൻ ഭാഷയിൽ ആദ്യം പ്രചരിച്ച ഈ കത്തിന്റെ പരിഭാഷകൾ ഏറെ വൈകാതെ പുരാതന ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ പുറത്തിറങ്ങുകയും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പ്രചുരപ്രചാരം സിദ്ധിക്കുകയും ചെയ്തു. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ ക്രൈസ്തവരെ സഹായിക്കുന്ന രാജാവായ പുരോഹിതനെ സ്വാഗതം ചെയ്യാൻ യൂറോപ്പ് ദാഹിച്ചു. നിരവധി സമ്മാനങ്ങളുമായി ഉണ്ണിയേശുവിനെ കാണാൻ വന്ന മൂന്ന് ജ്ഞാനികളുടെ പിൻഗാമിയായ സമ്പന്നനും ശക്തനുമായ ഇന്ത്യൻ രാജാവാണ് പ്രെസ്റ്റർ ജോൺ എന്ന വംശാവലിയും ഇതോടൊപ്പം തന്നെ പ്രചരിച്ച കഥകളിലുണ്ടായിരുന്നു. പ്രെസ്റ്റർ ജോൺ കഥകളുടെ തുടക്കം 1165 ലെ കത്തിൽ നിന്നായിരുന്നുവെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനവും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കവുമായപ്പോഴേക്ക് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ ഒരു ക്രിസ്ത്യൻ പ്രതിനായകാനായി ആ മിത്ത് വളർന്നു വികസിക്കുകയായിരുന്നു. യൂറോപ്യൻ കുരിശുയോദ്ധാക്കളുടെ ക്രൂരതയോടും മനുഷ്യത്വമില്ലായ്മയോടും ഇസ്ലാമികമായ മാന്യതയും കാരുണ്യവുമുപയോഗിച്ച് പ്രതികരിച്ച സ്വലാഹുദ്ധീൻ അയ്യൂബിയുടെ ഖ്യാതി യൂറോപ്പിൽ പരന്നപ്പോൾ അതിന്ന് സമാന്തരമായി വളർന്ന വന്ന ഒരു ക്രിസ്ത്യൻ മിത്തായിരുന്നു പ്രെസ്റ്റർ ജോൺ എന്ന് പറയാം. ഇല്ലാത്ത പ്രെസ്റ്റർ ജോണിനെ ഉയർത്തിക്കാണിച്ചാണ് അയ്യൂബിയെപ്പോലെ മനുഷ്യത്വത്തോടൊപ്പം അധികാരവുമില്ല ഒരാൾ ഞങ്ങൾക്കുമുണ്ടെന്ന് ക്രിസ്ത്യൻയൂറോപ്പ് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.

ഈജിപ്ത് പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന അഞ്ചാം കുരിശുയുദ്ധത്തെ അയ്യൂബിയുടെ മകനായ സുൽത്താൻ അൽ കാമിൽ ദയനീയമായി പരാജയപ്പെടുത്തിയതോടെ പ്രെസ്റ്റർ ജോൺ മിത്തിന് കൂടുതൽ പ്രചാരമുണ്ടായി. യുദ്ധം കഴിഞ്ഞ് 1221 ൽ തിരിച്ചെത്തിയ ആക്രെയുടെ ബിഷപ്പായിരുന്ന ജാക്വസ് ഡി വിട്രിയാണ് ഈ മിത്തിനെ യാഥാർഥ്യമെന്ന രീതിയിൽ യൂറോപ്പിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചത്. സ്വർണ്ണം, വജ്രം, മറ്റു വിലപ്പെട്ട രത്നങ്ങൾ എന്നിവയുടെ കൂമ്പാരങ്ങളോടെയുള്ള അതിശയകരമായ സമ്പത്ത്, നിഗൂഢമായ രഹസ്യങ്ങൾ, അത്ഭുതകരമായ ജീവികൾ, ആകർഷകമായ പ്രകൃതി സൗന്ദര്യം, സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നിവയാൽ നിറഞ്ഞ ഏഷ്യയിലെ ഒരു വിശാലമായ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന പ്രെസ്റ്റർ ജോണിന്റെ മക്കളും പേരമക്കളും ക്രിസ്ത്യൻ ലോകത്തെ സഹായിക്കാൻ തയ്യാറാണെന്ന രീതിയിലുള്ള ഡി വിട്രിയുടെ കഥകൾ മുസ്‌ലിംകളോട് യുദ്ധം ചെയ്ത് കുഴങ്ങിയവരെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. പ്രെസ്റ്റർ ജോണിന്റെ പേരമകനായ ദാവീദ് രാജാവ് പേർഷ്യയെയും ഖവാരിസ്മി സാമ്രാജ്യത്തെയും തോൽപ്പിച്ച ശേഷം ജറുസലേമിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന പച്ചക്കള്ളം പററഞ്ഞാണ് ഫ്രഞ്ച് ചരിത്രകാരനായി അറിയപ്പെടുന്ന അദ്ദേഹം കുരിശുപടയാളികളെ ഉദ്ദീപിപ്പിക്കാൻ ശ്രമിച്ചത്. ക്രിസ്തുമതവുമായി യാതൊരു ബന്ധവുമില്ലാത്ത ജെങ്കിസ്‌ഖാന്റെ നേതൃത്വത്തിൽ നടന്ന മംഗോളിയൻ അധിനിവേശത്തെ ചൂണ്ടി ‘ഇതാ ക്രിസ്ത്യൻ പോരാളിയായ പ്രെസ്റ്റർ ജോൺ എത്തിക്കഴിഞ്ഞു’വെന്ന് ആക്രെബിഷപ്പും കൂട്ടാളികളും യൂറോപ്പിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രൂപം പ്രാപിച്ച പ്രിസ്റ്റർ ജോൺ മിത്ത് പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്യൻ മനസ്സുകളെ പ്രചോദിപ്പിക്കുകയും അക്രമാസക്തരാക്കുകയും ചെയ്തുവെന്ന വസ്തുത അതിന്റെ ആഴം മനസ്സിലാക്കിത്തരുന്നുണ്ട്. 1385 മുതൽ 1433 വരെ പോർച്ചുഗൽ ഭരിച്ച
അവിസ്‌ രാജവംശത്തിന്റെ സ്ഥാപകൻ കിംഗ് ജോൺ ഒന്നാമൻ പ്രെസ്റ്റർ ജോണിനെ തേടി തന്റെ ഭരണകാലത്ത് നടത്തിയ പരിശ്രമങ്ങളാണ് യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള രാഷ്ട്രീയബന്ധങ്ങൾക്ക് കാരണമായതെന്ന് ആഫ്രിക്കൻ പഠനങ്ങളിൽ അഗ്രഗണ്യനായ മാറ്റിയോ സൽവഡോർ സമർത്ഥിക്കുന്നുണ്ട്. (Matteo Salvadore: The African Prester John and the Birth of Ethiopian-European Relations, 1402–1555, . Taylor & Francis, 2017, Pages 34–37). പ്രെസ്റ്റർ ജോണിനെ കണ്ടെത്താൻ വേണ്ടി നടത്തിയ പരിശ്രമങ്ങൾക്ക് പ്രചോദനവും നേതൃത്വവും നൽകിയതിനാൽ കടൽയാത്ര നടത്തിയിട്ടില്ലങ്കിലും കിംഗ് ജോൺ ഒന്നാമന്റെ മകൻ അറിയപ്പെടുന്നത് നാവികനായ ഹെൻറി രാജകുമാരൻ (Prince Henry the Navigator) എന്നാണ്. 1481മുതൽ 1495 വരെ പോർച്ചുഗൽ ഭരിച്ച കിംഗ് ജോൺ രണ്ടാമന്റെ ഭരണകാലത്ത് പര്യവേഷകരായ പേറോ ഡ കോവിൽഹയെ ഇന്ത്യയിലേക്കും അഫോൻസോ ഡി പൈവയെ എത്യോപ്യയിലേക്കും രഹസ്യദൂതന്മാരായി പറഞ്ഞയച്ചതും പ്രെസ്റ്റർ ജോണിന്റെ സാമ്രാജ്യം കണ്ടെത്തുകയും അതുമായി രാഷ്ട്രീയബന്ധമുണ്ടാക്കി മുസ്‌ലിംകളെ തുരത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്. 1488–1489 കാലത്ത് കേരളത്തിലെത്തിയ കോവിൽഹ കോഴിക്കോട്ടെ തോമാശ്ലീഹാ ക്രിസ്ത്യാനികളെ പ്രെസ്റ്റർ ജോണിന്റെ പ്രജകകളായും അവിടെയുണ്ടായിരുന്ന ഹിന്ദുക്ഷേത്രങ്ങളെ ക്രിസ്ത്യൻ ദേവാലയങ്ങളായും തെറ്റിദ്ധരിച്ചുകൊണ്ട് രാജവിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സന്നാഹങ്ങളും സമ്മാനങ്ങളുമായുള്ള 1497ലെ വാസ്കോ ഡ ഗാമയുടെ ഇന്ത്യായാത്രയുണ്ടാകുന്നതെന്ന് സുപ്രസിദ്ധ ഇന്ത്യൻ ചരിത്രകാരനായ സഞ്ജയ് സുബ്രഹ്മണ്യം സമര്ഥിക്കുന്നുണ്ട്. (Sanjay Subrahmanyam, The Portuguese Empire in Asia, 1500–1700: A Political and Economic History, Wiley-Blackwell, 1993, Pages 55–59 )

കിംഗ് ജോൺ രണ്ടാമന് ശേഷം പോർച്ചുഗീസ് രാജാവായിത്തീർന്ന മാനുവൽ ഒന്നാമന്റെ പ്രെസ്റ്റർ ജോൺ ചക്രവർത്തിക്കുള്ള സന്ദേശവും വഹിച്ചുകൊണ്ടാണ് 1498 മെയ് 20 ന് വാസ്കോ ഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നത്. മുസ്‌ലിംകൾക്കെതിരെ തങ്ങളെ സഹായിക്കണമെന്നും മുസ്‌ലിം വ്യാപാരികളുടെ കുത്തകയായിരുന്ന സമുദ്രവ്യാപാരം തകർത്ത് നമുക്കൊരുമിച്ച് പുതിയ വ്യാപാരപാത പണിയാമെന്നുമുള്ള സന്ദേശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നതെന്നതിന് തെളിൽവായി സഞ്ജയ് സുബ്രഹ്മണ്യൻ അക്കാലത്തെ രേഖകൾ ഉദ്ധരിക്കുന്നുണ്ട്. (Ibid, Pages 55–59). വമ്പിച്ച സ്വീകരണം പ്രതീക്ഷിച്ച് കോഴിക്കോട്ടെത്തിയ ഗാമ കണ്ടത് പ്രെസ്റ്റർ ജോണിന്റെ കീഴിലുള്ള നാട്ടുരാജാവെന്ന് തങ്ങൾ കരുതിയ സാമൂതിരിയും അദ്ദേഹത്തിന്റെ നാവികപ്പടയായ മരക്കാർപടയും തങ്ങളെ പ്രതിരോധിക്കുന്നതാണ്. ഇത് കുറച്ചൊന്നുമല്ല ഗാമയെയും കൂട്ടരെയും ചൊടിപ്പിച്ചത്. ആ ചൊടിയുടെ ബഹിർസ്ഫുരണമാണ് മലബാർ തീരത്ത് പിന്നീട് കണ്ടത്. ഹിന്ദുക്കളായ സാമൂതിരിമാരുടെ സാമ്രാജ്യം സംരക്ഷിക്കുവാൻ മുസ്‌ലിംകളായ കുഞ്ഞാലി മരക്കാന്മാരുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാരോട് പടവെട്ടുന്നത് ഉൾക്കൊള്ളാൻ യൂറോപ്യന്മാർക്ക് കഴിയുമായിരുന്നില്ല. ആ ഐക്യം തകർക്കാനും അവിടെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാനുമാണ് അവർ പിന്നീട് ശ്രമിച്ചത്.

കുരിശുയുദ്ധങ്ങൾക്ക് ശേഷം റിക്കോൻക്വിസ്റ്റയോടൊപ്പം നടന്ന ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള സമാന്തരകടൽമാർഗ്ഗം തേടിയുള്ള യൂറോപ്യൻയാത്രകൾക്ക് പിന്നിലുള്ള പ്രചോദനങ്ങളിലൊന്ന് ഭീമമായ സമ്പത്തും സൗകര്യങ്ങളുമായി തങ്ങളെ കാത്തിരിക്കുന്ന പ്രെസ്റ്റർ ജോൺ ചക്രവർത്തിയെക്കുറിച്ച പ്രതീക്ഷയായിരുന്നുവെന്ന് പറഞ്ഞല്ലോ. പോർച്ചുഗീസ് കോളനിവൽക്കരണത്തോടനുബന്ധിച്ചുണ്ടായ രക്തച്ചൊരിച്ചിലുകളിൽ ഇരകളായത് പ്രധാനമായും മുസ്‌ലിംകളായതിന് കാരണം തങ്ങൾ പ്രതീക്ഷിച്ച പ്രെസ്റ്റർ ജോണിനെ കണ്ടെത്താൻ കഴിയാത്തതിലുള്ള നിരാശയായിരുന്നു. 1492 ആഗസ്റ്റ് മൂന്നിന് ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിലെ പാലോസ് ഡി ല ഫ്രോണ്ടറയിൽ നിന്നും 1497 ജൂലൈ എട്ടിന് വാസ്കോ ഡാഗാമ പോർച്ചുഗലിലെ ലിബ്‌സണിൽ നിന്നും ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ടത് പട്ട് പാത (Silk Road) യിലൂടെയുള്ള സ്വർണ്ണത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരത്തിന്റെ മുസ്‌ലിംകുത്തക തകർക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിൽ എവിടെയോ ഉള്ള പ്രെസ്റ്റർ ജോണിന്റെയോ പിൻഗാമികളുടെയോ പിന്തുണ നേടിയെടുത്ത് അതിലൂടെ കുരിശുയുദ്ധങ്ങളിലേറ്റ തിരിച്ചടികൾക്ക് മറുപടി നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്. അന്തലൂസിലെ മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞർ വികസിപ്പെച്ചെടുത്ത ആസ്റ്റ്രോലാബും (Astrolabe) കോമ്പസുമെല്ലാം (compass) പരിചയപ്പെട്ടത് യൂറോപ്യർക്ക് കപ്പൽയാത്രകൾക്ക് പ്രചോദനവും സഹായകവുമായിത്തീർന്നു. സിൽക്ക് റോഡിൽ വ്യാപകമായിരുന്ന മുസ്‌ലിംസാനിധ്യം അവസാനിപ്പിക്കുകയും സ്വർണ്ണത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരക്കുത്തക മുസ്‌ലിംകളിൽ നിന്ന് കൈക്കലാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടന്ന അധിനിവേശങ്ങളാണല്ലോ ഏഷ്യയിലെയും ആഫ്രിക്കയിലെയും പല പ്രദേശങ്ങളും യൂറോപ്യൻ നാടുകളുടെ കോളനികളാവുന്നതിൽ കലാശിച്ചത്.

യൂറോപ്യന് നാവിക മുന്നേറ്റങ്ങൾക്ക് രാഷ്ട്രീയ അധിനിവേശത്തോടൊപ്പം ക്രിസ്തുമതപ്രചാരണം എന്ന ലക്‌ഷ്യം കൂടിയുണ്ടായിരുന്നുവെന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. അധിനിവേശ കപ്പലുകളിൽ സൈനികര്ക്കും ആയുധങ്ങള്ക്കുമൊപ്പം മിഷനറിമാർ കൂടിയുണ്ടായിരുന്നു. റോമന് കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമത പ്രചാരണം യൂറോപ്പിന് പുറത്തേക്ക് കടക്കുന്നത് ഈ നാവികപര്യവേഷണങ്ങൾക്കൊപ്പമാണ്. സാമ്രാജ്യത്വവികാസത്തിനുള്ള ന്യായം തന്നെ അത് ക്രിസ്തുമതപ്രചാരണത്തിന് സഹായകമാകുമെന്നതായിരുന്നു. സ്പാനിഷ് അധിനിവേശങ്ങള്ക്കുള്ള മതപരമായ സാധൂകരണമായി ഉപയോഗിക്കപ്പെട്ടിരുന്നത് 1513ലെ റെക്വെരിമിയെന്റോ (Requerimiento) വിളംബരമായിരുന്നു. ഈ ഭൂമി തങ്ങള്ക്ക്’ തന്നത് കർത്താവാണെന്നും അതിനാൽ തങ്ങളെ ചെറുക്കുവാൻ ആർക്കും അവകാശമില്ലെന്നും എതിർക്കുന്നവരെ കൊല്ലാനും അടിമകളാക്കാനും സ്‌പെയ്‌നിന് ദൈവദത്തമായ അവകാശമുണ്ടെന്നും പ്രഖ്യാപിക്കുന്ന ഈ വിളംബരം വായിച്ചുകൊണ്ടാണ് സ്പാനിഷ് അധിനിവേശക്കാർ തദ്ദേശീയരെ നേരിട്ടത്. കൊളോണിയലിസത്തിന്റെ ചിറകിലേറിയാണ് ക്രിസ്തുമതം ഒരു ലോകമതമായി മാറിയത് എന്നർത്ഥം.

സ്പെയിനിനും പോർച്ചുഗലിനും ദൈവത്തിന്റെ ഭൂമിയെ കോളനികളാക്കാൻ വിഭജിച്ചുകൊടുത്തത് പോലും കത്തോലിക്കാ സഭയാണ്. 1494 ജൂൺ 7ന് അവർ തമ്മിലുണ്ടാക്കിയ ടോർഡെസില്ലാസ് ഉടമ്പടിക്ക് (Treaty of Tordesillas) കാർമ്മികത്വം വഹിച്ചത് സഭയാണ്. അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ 1493 മെയ് 4-ന് പുറപ്പെടുവിച്ച ഇന്റർ കായേറ്ററ (Inter caetera)യെന്ന ഉത്തരവാണ് (Papal bull) ഈ ഉടമ്പടിക്ക് നിമിത്തമായത്. അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ്‌വെർഡെ ദ്വീപുകളിൽ നിന്ന് ഒരു കാല്പനിക രേഖ വരക്കുകയും ഈ രേഖയുടെ പടിഞ്ഞാറുള്ള പ്രദേശങ്ങൾ സ്പെയിനിനും കിഴക്കുള്ള പ്രദേശങ്ങൾ പോർച്ചുഗലിനും അധീശപ്പെടുത്താനുള്ള അധികാരം നൽകുകയും ചെയ്യൂന്നതായിരുന്നു ഈ ഉത്തരവ്. ഉത്തരവിനോടനുബന്ധിച്ച് നടന്ന അധിനിവേശങ്ങളെയും അവയെ ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്ത മിഷനറിമാരെയും കുറിച്ച് വിശദമായി മനസ്സിലാക്കുവാൻ ക്രിസ്ത്യൻ ചരിത്രകാരനായ ബിഷപ്പ് സ്റ്റീഫൻ നീലിന്റെ ‘കൊളോണിയലിസവും ക്രിസ്ത്യൻ മിഷനുകളും’ എന്ന പുസ്തകം വായിച്ചാൽ മതിയാകും. (Stephen Neill: Colonialism and Christian Missions, New York, 1966, pages 54–55)

തങ്ങളെ സ്വീകരിക്കുവാൻ പ്രെസ്റ്റർ ജോണോ അദ്ദേഹത്തിന്റെ പിൻഗാമികളോ ഉണ്ടാവുമെന്നും അവരുമായി രാഷ്ട്രീയബന്ധമുണ്ടാക്കി മുസ്‌ലിംകളെ തറപറ്റിക്കുകയും ഇന്ത്യ മുഴുവൻ തങ്ങൾക്ക് കീഴിലാക്കുകയും കുരിശുയുദ്ധങ്ങളിലേറ്റ തിരിച്ചടികൾക്ക് പ്രതികാരം ചെയ്യാമെന്നും ചെയ്യാമെന്ന് പ്രതീക്ഷിച്ച യൂറോപ്യർക്ക് തെറ്റി. പ്രതീക്ഷിക്കപ്പെട്ട രാജാവോ സ്വാഗതമരുളുന്ന അന്തരീക്ഷമോ കേരളത്തിലുണ്ടായിരുന്നില്ല; ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികൾ അവരെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നതിന് പകരം എതിര് നിൽക്കുകയാണ് ചെയ്തത്. മാർത്തോമ്മാ ക്രിസ്ത്യാനികളെ ലത്തീൻ സഭയിൽ ലയിപ്പിക്കുകയും അവരുടെ പ്രാദേശിക ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി 1599 ജൂൺ മാസത്തിൽ കൊച്ചിയിലെ ഉദയംപേരൂരിൽ സംഘടിപ്പിച്ച ഉദയംപേരൂർ സൂന്നഹദോസ് (Synod of Diamper) സഭാസമ്മേളനം പരാജയപ്പെടുകയും സുന്നഹദോസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശ് സത്യവും കഴിഞ്ഞതോടെ പ്രെസ്റ്റർ ജോണിനെക്കുറിച്ച താങ്കളോയുടെ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നുവെന്ന് അവർക്ക് മനസ്സിലായി. പോർച്ചുഗീസുകാരോടൊപ്പം നിന്നവർ കത്തോലിക്കരും അല്ലാത്തവർ ഓർത്തോഡോക്സുകാരുമായി ഭിന്നിച്ചത് ഈ സത്യത്തോടെയാണ്. തങ്ങളെ സ്വീകരിക്കാൻ പ്രെസ്റ്റർ ജോൺ ഇല്ലാത്തതിന്റെ പക മുഴുവൻ പോർച്ചുഗീസുകാർ തീർത്തത്. മലബാറിലെ മുസ്‌ലിംകളോടാണ്.

തങ്ങൾ ഏതൊരു മുസ്‌ലിംകൾക്കെതിരെ സഹായവും ഐക്യവും തേടിയാണോ കേരളതീരത്തെത്തിയത് ആ മുസ്‌ലിംകളാണ് മലബാറിലെ കച്ചവടം നിയന്ത്രിക്കുന്നതെന്ന വസ്തുത തെല്ലൊന്നുമല്ല പോർച്ചുഗീസുകാരെ പ്രകോപിപ്പിച്ചത്. പ്രെസ്റ്റർ ജോണിനെ കണ്ടെത്താൻ വേണ്ടിയുള്ള തങ്ങളുടെ ഒന്നാമത്തെ യാത്ര പരാജയപ്പെട്ടതിന്റെ അരിശം മുഴുവൻ വാസ്കോ ഡ ഗാമയും കൂട്ടരും തങ്ങളുടെ രണ്ടാമത്തെ യാത്രയിൽ മുസ്‌ലിംകളോടാണ് തീർത്തത്. 1502 ൽ ഹജ്ജിന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള നാനൂറോളം പേരെ വഹിച്ചുകൊണ്ട് കോഴിക്കോട് നിന്ന് പുറപ്പെട്ട കപ്പൽ കണ്ണൂരിൽ വെച്ച് പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും മുഴുവൻ തീർത്ഥാടകരെയും കത്തിച്ചുകൊല്ലുകയും ചെയ്തുകൊണ്ടായിരുന്നു ഗാമയുടെ അരിശപ്രകടനത്തിന്റെ തുടക്കം. കപ്പലിലുണ്ടായിരുന്ന ഏതാനും പേരെ അവർ ക്രിസ്ത്യാനികളായി മാറുകയും അവരുടെ സമ്പത്ത് മുഴുവൻ ഗാമക്ക് നൽകുകയും ചെയ്തതിനാൽ കൊല്ലാതെ വെറുതെ വിട്ടുവെന്ന സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ നിരീക്ഷണം (Sanjay Subrahmanyam, Pages: 80–82) ശരിയാണെങ്കിൽ അന്നത്തെ ആ മതംമാറ്റമായിരിക്കണം യൂറോപ്യരുടെ ഇന്ത്യയിലെ ആദ്യത്തെ മിഷനറിപ്രവർത്തനം. മുസ്‌ലിം വ്യാപാര മേഖലകൾ തകർത്തുകൊണ്ട് 1502 ൽ തന്നെ കോഴിക്കോട് നടത്തിയ ബോംബാക്രമണം മുസ്‌ലിംകൾക്ക് തങ്ങളെ രക്ഷിക്കാനാവില്ലെന്ന് സാമൂതിരിയെ അറിയിക്കാൻ വേണ്ടി നടത്തിയതായിരിക്കണമെന്ന് ചരിത്രവിശാരദനായ കെ.എം പണിക്കർ നിരീക്ഷിക്കുന്നുണ്ട്. (K.M. Panikkar: Malabar and the Portuguese, D. B. Taraporevala sons,1929, Pages: 45–50). മുസ്‌ലിംവ്യാപാരികളുടെ കപ്പലുകൾ പിടിച്ചെടുത്ത് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് അറബിക്കടലിലെ നിത്യസംഭവമായി മാറി. അവർക്ക് കച്ചവടം ചെയ്യണമെങ്കിൽ പോർച്ചുഗീസുകാരിൽ നിന്ന് കർത്താസ് പാസുകൾ വാങ്ങണമെന്ന സ്ഥിതികൂടി ഉണ്ടായതോടെ അറബിക്കടൽ പോർച്ചുഗീസുകാരുടെ ആധിപത്യത്തിന് കീഴിലാണെന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിന്നെതിരെ സാമൂതിരിമാർക്ക് പിന്നിൽ അണിനിരന്നുകൊണ്ട് കുഞ്ഞാലി മരക്കാർമാരുടെ നേതൃത്വത്തിൽ മരക്കാർപട നടത്തിയ സമരങ്ങളാണ് മുഹമ്മദലി മരക്കാർ എന്ന നാലാം കുഞ്ഞാലിയെ 1600 മാർച്ച് 16 ന് അന്നത്തെ സാമൂതിരിയുടെ ഒത്താശയോടെ ചതിച്ച് കൊന്നതോടെ അവസാനിച്ചത്.

ഇല്ലാത്ത പ്രെസ്റ്റർ ജോണിൽ നിന്നുള്ളതാണെന്ന രൂപത്തിൽ പ്രചരിപ്പിക്കപ്പെട്ട ഇല്ലാത്ത കത്തിൽ നിന്ന് തുടങ്ങുകയും ഭൂമിയിലെവിടെയും ഇല്ലാത്ത മഹത്വങ്ങളാൽ പ്രകീർത്തിക്കപ്പെട്ട ഇല്ലാക്കഥകളാൽ സമ്പന്നമാക്കപ്പെടുകയും ചെയ്ത ഒരു ശുദ്ധമിത്തിനെ തേടിയെത്തി നിരാശരായവർ പിന്നീട് കേരളത്തിൽ ചെയ്തത് പച്ചക്കള്ളങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകൾ നിർമ്മിച്ച് ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുവാൻ ശ്രമിക്കുകയാണ്. സാമൂതിരിയുടെ നാട് സംരക്ഷിക്കാൻ വേണ്ടി കുഞ്ഞാലി മരക്കാർമാരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ അവരുടെ സ്വാർത്ഥതയായി അവതരിപ്പിക്കുന്നതിൽ നിന്നാരംഭിക്കുന്നതാണ് അവരുടെ പച്ചക്കക്കള്ളങ്ങൾ. മുസ്‌ലിംകളെ പരുക്കന്മാരും വിശ്വസിക്കാൻ കൊള്ളാത്തവരും ക്രൂരന്മാരും വഞ്ചകരുമെല്ലാമായി ചിത്രീകരിക്കാൻ വേണ്ടി അവരുണ്ടാക്കിയ കഥകൾ ആദ്യം കൊച്ചി രാജാവും പിന്നീട് സാമൂതിരിയുമെല്ലാം വിശ്വസിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. പോർച്ചുഗീസ് പച്ചക്കള്ളങ്ങൾ വിശ്വസിച്ച് മുസ്‌ലിംകളെ പിണക്കിയവർക്ക് ഏത് സംഭവിച്ചുവെന്നത് ചരിത്രമാണ്. കൊച്ചി രാജാവ് ആദ്യം പോർച്ചുഗീസുകാരുടെ സാമന്തനും പിന്നീട് അധികാരങ്ങളെല്ലാം അടിയറവ് വെച്ചനാട്ടുരാജാവുമായിത്തീർന്നു. സാമൂതിരി കുറെയെല്ലാം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും നല്ലൊരു നാവികപ്പട്ടയുടെ അഭാവത്തിൽ അദ്ദേഹത്തിനും വല്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. പ്രെസ്റ്റർ ജോണിനെയുപയോഗിച്ച് മുസ്‌ലിംകൾക്കെതിരെ ഉണ്ടാക്കിയ ഇല്ലാക്കഥകളെയും വെറുപ്പുൽപ്പാദനത്തെയും കുറിച്ച് മധ്യകാല ബൗദ്ധിക-സാംസ്കാരിക പഠനത്തിൽ അഗ്രഗണ്യനായ ആസ്‌ത്രേലിയൻ ചരിത്രകാരൻ ക്രീഗൻ ബ്രെവർ തന്റെ ‘ഇതിഹാസങ്ങളും കള്ളങ്ങളും’എന്ന ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. (Keagan Brewer: ‘Legends and Lies’(Section 5) in Prester John: The Legend and its Sources, Routledge, 2015, Pages 115–140)

കേരളത്തിലേക്കുള്ള മുസ്‌ലിംകളുടെ ആഗമനകാലം മുതൽ നിലനിന്ന ഹിന്ദു-മുസ്‌ലിം സൗഹൃദത്തെ തകർക്കാനായി പോർച്ചുഗീസുകാർ പടച്ചുവിട്ട മുസ്‌ലിം- മാപ്പിള വാർപ്പുമാതൃകകളെയാണ് പിൽക്കാലത്ത് ഇന്ത്യയിലേക്ക് വന്ന യൂറോപ്യരും പിന്തുടർന്നത്. മുസ്‌ലിംകൾക്കെതിരെ തങ്ങളെ സഹായിക്കാൻ സന്നദ്ധനായി കാത്തിരിക്കുന്ന പ്രെസ്റ്റർ ജോണിനെ കണ്ടെത്താനുള്ള തടസ്സം മുസ്‌ലിംകളുടെ സമുദ്രാധിപത്യമാണെന്ന് വിലപിച്ചുകൊണ്ടാണ് ഈ മാതൃകകളെ യൂറോപ്പിൽ അവർ പ്രചരിപ്പിച്ചത്. ക്രൂരന്മാരും വഞ്ചകരും വിശ്വസിക്കാൻ കൊള്ളാത്തവരും പരുക്കൻ സ്വഭാവക്കാരും സംസ്കാരമില്ലാത്തവരുമാണ് മലബാറിലെ മുസ്‌ലിംകളെന്ന ധാരണയുണ്ടാക്കിയത് അവർക്കെതിരെയുള്ള തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാൻ വേണ്ടിയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള തീർത്ഥാടകരെ ചുട്ടുകൊന്നതിന് ഇത്തരം ന്യായീകരണങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. ഇസ്‌ലാമോഫോബുകൾ ഇന്നും പിന്തുടരുന്നത് ഇതേ മാതൃകകളാണ്. മുസ്‌ലിംകളുടെ ജില്ലയായ മലപ്പുറം തിന്മകളുടെ ജില്ലയായി ചിത്രീകരിക്കപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല. പ്രെസ്റ്റർ ജോണിനെ കണ്ടെത്താൻ കഴിയാത്തതിലുള്ള നിരാശയും മലപ്പുറംവിരോധത്തിന്റെ ബീജങ്ങൾ അന്വേഷിച്ചാൽ അവിടെ കണ്ടെത്താനാവുമെന്ന് സാരം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.