മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -2

//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -2
//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -2
ആനുകാലികം

മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -2

ഇസ്‌ലാമും യൂറോപ്പും തമ്മിൽ

ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഹമ്മദ് നബി(സ)യുടെ ദൂതുമായി ബൈസന്റയിൻ സഖ്യത്തിലായിരുന്ന ഗസ്സാനികളുടെ ഭരണാധികാരിയായ ശുറഹ്ബീൽ ഇബ്നു അംറിനടുത്തെത്തിയ ദൂതൻ ഹാരിസ് ബ്നു ഉമൈർ (റ) കൈമാറിയ പ്രവാചകസന്ദേശത്തിലുണ്ട് യൂറോപ്പിന്റെ ഇസ്‌ലാംവിരോധത്തിന് കാരണമെന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം. “ മനുഷ്യരെ മറ്റുമനുഷ്യരുടെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച്, ഏകദൈവമായ അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് നയിക്കാനാണ് നാം അയക്കപ്പെട്ടിരിക്കുന്നത്. അനീതിയുൾക്കൊള്ളുന്ന ജീവിതവ്യവഹാരങ്ങളി നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും, ലോകത്തിന്റെ പരിമിതികളിൽ നിന്ന് ഇസ്‌ലാമിന്റെ വിശാലതയിലേക്കുമാണ് ഞങ്ങൾ നിങ്ങളെ വിളിക്കുന്നത്”

ഉച്ചനീചത്വങ്ങളുടെയും പൗരോഹിത്യത്തിന്റെയും ചൂഷണങ്ങളുടെയും അനീതിയുടെയും ലോകക്രമത്തിന്റെ വക്താക്കൾക്ക് ദൈവത്തിനും മനുഷ്യർക്കുമിടയിൽ ദല്ലാളന്മാർ ആവശ്യമില്ലെന്ന ഇസ്‌ലാമിന്റെ ആത്മീയതയും മനുഷ്യരെല്ലാം ഒന്നാണെന്ന ഇസ്‌ലാമിന്റെ മാനവികതയും അനീതി ആരിൽ നിന്നുണ്ടാവുന്നതാണെങ്കിലും അത് അനീതിയായി പരിഗണിക്കണമെന്ന ഇസ്‌ലാമിന്റെ നീതിസങ്കല്പവും മനുഷ്യജീവിതത്തെ നയിക്കേണ്ടത് ദൈവികനിയമങ്ങളാണ് പുരോഹിതകല്പനകളല്ലെന്ന ഇസ്‌ലാമിന്റെ ധാർമ്മികതയും ഉൾക്കൊള്ളാൻ കഴിയാത്തതു കൊണ്ടുതന്നെ പ്രവാചകന്റെ ക്ഷണം തിരസ്കരിക്കുകയും ദൂതുമായി ചെന്നയാളെ വധിക്കുകയുമാണ് ഗസ്സാനികളുടെ ഭരണാധികാരി ചെയ്തത്.

നബിദൂതനെ വധിച്ച് ഇസ്‌ലാമിനോടുള്ള ശത്രുത പ്രഖ്യാപിച്ച ബൈസന്റയിൻ സഖ്യക്കാരോടുള്ള പ്രതികാരമെന്ന നിലയിൽ മുഅ്തയിൽ വെച്ച് പ്രവാചകാനുചരന്മാർ റോമാസാമ്രാജ്യവുമായി ഏറ്റുമുട്ടുന്നത് മുതലാണ് യൂറോപ്പുമായുള്ള ഇസ്‌ലാമിന്റെ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ഹിജ്‌റ 13 ൽ അബൂബക്കറി(റ)ന്റെ ഭരണകാലത്ത് നടന്ന അജ്നാദൈൻ യുദ്ധം മുതൽ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ ഇസ്‌ലാമിക ഭരണത്തിന് കീഴിലേക്ക് വന്നുകൊണ്ടിരുന്നു. സിറിയയും (636 CE), ഫലസ്തീനും (636–637 CE) ഈജിപ്‌തും (639–642 CE) നോർത്ത് ആഫ്രിക്കയും (642–709 CE) അനത്തോലിയയിലെ പ്രധനസ്ഥലങ്ങളുമെല്ലാം (7 മുതൽ 9 വരെ നൂറ്റാണ്ടുകൾ) ഇസ്‌ലാമികസാമ്രാജ്യത്തിന്റെ ഭാഗമായിത്തീരുന്നത് റോമിന്റെ പ്രഭാവകാലത്തിന് ശേഷമാണ്.

330 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിൾ തന്റെ പുതിയ തലസ്ഥാനമായി സ്വീകരിച്ചുകൊണ്ട് ബൈസന്റൈൻ സാമ്രാജ്യം സ്ഥാപിച്ചതിന് ശേഷമുണ്ടായ ആദ്യത്തെ വെല്ലുവിളി ഇസ്‌ലാമിൽ നിന്നുണ്ടായതായിരുന്നില്ല. സാമ്രാജ്യമുണ്ടായി അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം 380 ൽ തിയോഡോസിയസ് ഒന്നാമൻ ചക്രവർത്തി ക്രിസ്തുമതത്തെ അതിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതോടെ അവിടെയുണ്ടായിരുന്ന പൗരാണികമതങ്ങൾ ഇല്ലാതാവുകയും അവരുടെ ആചാരങ്ങങ്ങളും ആഘോഷങ്ങളുമെല്ലാം സ്വാംശീകരിച്ചുകൊണ്ടുള്ള ക്രിസ്തുമതം നിർമ്മിക്കപ്പെടുകയും അങ്ങനെ പഴയ റോമിന്റെ സംസ്കാരം തന്നെ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുകയെന്നതായിരുന്നു ബൈസന്റൈൻ സാമ്രാജ്യത്തിന്റെ നിലപാട്. ഈ നിലപാടിന് വെല്ലുവിളിയുണ്ടാകുന്നത് ബാർബേറിയന്മാരുടെ റോമൻ അധിനിവേശത്തിന് ശേഷമാണ്. അതാണ് ബൈസൻന്റൈൻ സാമ്രാജ്യം നേരിട്ട ആദ്യത്തെ വെല്ലുവിളി. നാഗരികതയുടെ ഈറ്റില്ലമായിരുന്ന റോമിനെ അധോഗതിയിലേക്ക് തള്ളിവിട്ടത് ഈ ബാർബേറിയൻ അധിനിവേശമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. (David Womersley and Edward Gibbon: The History of the Decline and Fall of the Roman Empire, Penguin Classics; Abridged, 2000)

റോമാക്കാർ അപരിഷ്‌കൃതർ അഥവാ ബാർബറിയൻമാർ (Barbarians) എന്ന് വിളിച്ച ഗോത്രവർഗ്ഗക്കാരുടെ നേതാവ് ഒഡോആസർ 476 സെപ്റ്റംബർ 4 ന് റോമാചക്രവർത്തിയായ റൊമുലസ് അഗസ്റ്റുലസിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തതോടെയാണ് റോം അധോഗതിയിലേക്ക് ആപതിക്കാൻ തുടങ്ങിയത്. ബാർബേറിയൻ ഭരണകാലത്തും മതരംഗം കൈകാര്യം ചെയ്തിരുന്നത് ക്രൈസ്തവസഭ തന്നെയായിരുന്നു. ഗോത്ത്, വാൻഡലുകൾ, ഫ്രാങ്കുകൾ, ഹൻസ്, ഓസ്ട്രോഗോത്ത്, ആംഗ്ലോ-സാക്സൺസ് തുടങ്ങിയ ബാർബറിക് ഗോത്രങ്ങളെ ക്രിസ്ത്യാനികളാക്കാൻ അവർക്ക് കഴിഞ്ഞു. ത്രിത്വമോ യേശുവിന്റെ ദിവ്യത്വമോ അംഗീകരിക്കാത്ത ആരിയൻ ക്രിസ്ത്യാനികളായാണ് (Arian Christians) ആദ്യം അവർ മാറിയതെങ്കിലും ക്രമേണ അവരെ കാത്തോലിക്കാമതത്തിന്റെ അനുയായികളായിത്തീർക്കാൻ സഭയ്ക്ക് കഴിഞ്ഞു. ക്രിസ്തുമതത്തെ ഔദ്യോഗികമതമായി സ്വീകരിച്ചതിന് ശേഷവും സാംസ്കാരിക- വിദ്യാഭ്യാസ- ശാസ്ത്രീയ- സാമൂഹിക മേഖലകളിൽ പഴയ പ്രതാപം നിലനിർത്തിയിരുന്ന ബൈസന്റൈൻ സാമ്രാജ്യം പക്ഷെ, ബാർബറിയൻമാരുടെ ഭരണത്തിന് കീഴിൽ ഈ രംഗങ്ങളിലെല്ലാം അധോഗതിയിലേക്ക് കൂപ്പുകുത്തി. തങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ബാർബേറിയൻ ഭരണക്രമത്തിൽ ഇടപെടാതെ സഭാതാല്പര്യങ്ങൾ സംരക്ഷിക്കുകയെന്ന നിലപാട് സ്വീകരിച്ച സഭ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെല്ലാം മുന്നിൽ നിന്ന് നേതൃത്വം നൽകിക്കൊണ്ട ഇക്കാലത്ത് യൂറോപ്പിനെ ഇരുട്ടിലേക്ക് നയിക്കുകയാണ് ചെയ്തത്. ഈ ഇരുട്ടിനെ ഭേദിച്ചുകൊണ്ടാണ് റോമൻ പ്രദേശങ്ങളിലേക്ക് ഇസ്‌ലാം കടന്നുചെല്ലുന്നത്.

പഴയ റോമാ സാമ്രാജ്യത്തിന്റെ ഗരിമ ഇല്ലാതെയാവുകയും ബാർബേറിയൻമാരുടെ ഭരണത്തിന് കീഴിൽ വിദ്യാഭ്യാസവും ശാസ്ത്രവും സാംസ്കാരിക പൈതൃകവും വാണിജ്യവും രാഷ്ട്രീയ സംവിധാനങ്ങളും തകരുകയും മൂഢവിശ്വാസങ്ങളും ദാരിദ്ര്യവും സമൂഹത്തെ പിടിച്ചുകുലുക്കുകയും ചെയ്ത ആറ്, ഏഴ് നൂറ്റാണ്ടുകളിലെ ഇരുണ്ട യൂറോപ്പ് പിന്നീട് ഉയിർത്തെഴുന്നേൽക്കാൻ തുടങ്ങുന്നത് CE 711 ൽ ത്വാരിഖ് ബിൻ സിയാദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം സ്പെയിൻ കീഴടക്കിയതോടെയാണ്. അമവിയ്യാ ഖലീഫയായിരുന്ന വലീദ് ഒന്നാമന്റെ ഗവർണറായിരുന്ന മൂസ ബിൻ നുസൈറിന്റെ നേതൃത്വത്തിൽ ആഫ്രിക്കയിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ കീഴടക്കിയതോടെ മുസ്‌ലിംസൈന്യത്തിന്റെ ഭാഗമായിത്തീർന്ന ഉത്തര ആഫ്രിക്കയിലെ സ്വദേശി ഗോത്രജനവിഭാഗമായ ബെർബറുകളും അറബികളും ഉൾപ്പെടുന്ന മവറിഷ് സൈന്യം (Moorish Army) ജിബ്രാൾട്ടർ കടലിടുക്കിൽ കടന്ന് വിസിഗോത്ത് രാജവംശത്തെ പരാജയപ്പെടുത്തുന്നതോടെ ആരംഭിക്കുന്നതാണ് യൂറോപ്പിലെ ഇസ്‌ലാമിന്റെ ചരിത്രം. സ്പെയിനിലെയും പോർച്ചുഗലിലെയും ഒരു വലിയ ഭാഗം ഒരുമിച്ച് ചേർന്ന് അൽ അന്തലൂസ് എന്ന പേരിൽ ലോകത്തിന് തന്നെ മാതൃകയായിത്തീർന്ന സാംസ്കാരികകേന്ദ്രമാകുന്നതിലേക്കാണ് ഇത് നയിച്ചത്.

ബാർബേറിയൻ യൂറോപ്പിന്റെ ഇരുട്ടിൽ നിന്ന് ഇസ്‌ലാമിന്റെ പ്രഭാവലയത്തിലെത്തിയ സ്പെയിനിലുണ്ടായ മാറ്റങ്ങൾ അത്ഭുതകരമായിരുന്നു. അന്തലൂസിലെ കോർഡോവ, ഗ്രനാഡ, സെവില്ല തുടങ്ങിയ നഗരങ്ങൾ ജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി; അവിടെനിന്ന് ഉയർന്നു വന്ന വിജ്ഞാനികളുടെ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, തത്വചിന്ത എന്നിവയിലെ സംഭാവനകൾ യൂറോപ്പിന്റെ നവോഥാനത്തിന് (Renaissance) അടിത്തറയായി; ഗ്രീക്ക്-റോമൻ-ഇന്ത്യൻ പൈതൃകങ്ങളിലുള്ള ഗ്രന്ഥങ്ങൾ അറബിയിലേക്കും ലാറ്റിനിലേക്കും വിവർത്തനം ചെയ്തത് ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടത്തിന് നിമിത്തമായി; ഇന്ത്യയും ആഫ്രിക്കയുമടക്കം വ്യത്യസ്തദിക്കുകളിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, സ്വർണ്ണം തുടങ്ങിയവ യൂറോപ്പിലേക്കും ഇരുമ്പും പട്ടുമെല്ലാം തിരിച്ചും കൊണ്ടുപോവുക വഴി ആഫ്രിക്ക, ഏഷ്യ, മധ്യപൗരസ്ത്യ ദേശങ്ങൾ എന്നിവയുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തി പ്രാപിച്ചു; മതവിശ്വാസികൾക്ക് എങ്ങനെ സഹിഷ്ണുതയുടെയും സഹവർത്തിത്തത്തോടെയും ജീവിക്കാമെന്ന് ഇസ്‌ലാമിക സ്പെയിൻ പ്രായോഗികമായി യൂറോപ്പിനെ പഠിപ്പിച്ചു; യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ജീവിച്ച ജൂതന്മാരും ക്രൈസ്തവരുമെല്ലാം മുസ്‌ലിംകൾക്ക് കീഴിലായിരുന്നപ്പോൾ സമ്പൂർണ്ണമായ മതസ്വാതന്ത്ര്യം അനുഭവിച്ചു. മൂന്ന് മതവിഭാഗങ്ങളും ചേർന്ന് സ്ഥാപിക്കുകയും മൂന്ന് സംസ്കാരങ്ങളുടെയും പ്രതീകങ്ങളുൾക്കൊള്ളുകയും ചെയ്യുന്ന, 1238 ൽ മുഹമ്മദ് ഇബ്‌ൻ യൂസുഫ് ഇബ്‌ൻ നസറിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഗ്രാനഡയിലെ അൽഹംബ്ര കൊട്ടാരത്തെ അക്കാലത്തെ സഹവർത്തിത്തത്തിന്റെ പ്രതീകമായാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്. (“The Alhambra Palace”, https://henriettaszovati.com/)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.