മലപ്പുറത്തോടുള്ള വെറുപ്പ്; വിത്ത് പാകിയത് പോർച്ചുഗീസ് മിഷനറിമാരാണ് !
ഭാഗം -3
പോർച്ചുഗീസ് മിഷനറിമാരുടെ നസ്രാണികളോടുള്ള നിലപാടിനേക്കാൾ ക്രൂരമായിരുന്നു ഹിന്ദുക്കളോടും മുസ്‌ലിംകളോടുമുള്ള നിലപാടുകൾ. അവരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമുള്ള മതം മാറ്റങ്ങൾ നടത്താനാണ് മിഷനറിമാർ ശ്രമിച്ചത്. നസ്രാണികളെ തെറ്റായ വിശ്വാസമുൾക്കൊള്ളുന്ന പാഷണ്ഡന്മാരായി കണ്ട് (heretics) ‘പരിഷ്കരിക്കാൻ ശ്രമിച്ചപ്പോൾ മുസ്‌ലിംകളെ ‘ശത്രുക്കളായ അവിശ്വാസികളായി’ (infidels) കണ്ട് ഒന്നുകിൽ മതംമാറ്റുകയോ അല്ലെങ്കിൽ കൊന്നു തള്ളുകയോ ചെയ്യുക എന്നതായിരുന്നു അവരുടെ നയം. മുസ്‌ലിംകൾക്കെതിരായ മതം മാറ്റശ്രമത്തിന്റെ ആദ്യത്തെ ഉദാഹരണമാണ് 1502-ലെ ‘മിറി’ കപ്പൽ ദുരന്തം. കോഴിക്കോട്ടെയും മലബാറിലെ മറ്റ് ഭാഗങ്ങളിലെയും സമ്പന്നരായ വ്യാപാരികളും അവരുടെ കുടുംബങ്ങളും മക്കയിൽ പോയി ഹജ്ജ് കർമ്മം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഏഴിമലയ്ക്ക് സമീപം വെച്ച് വാസ്കോ ഡ ഗാമയുടെ കപ്പൽപ്പട മുസ്‌ലിം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള മിറി കപ്പലിനെ തടഞ്ഞത്. ഗാമ അവരോട് ആവശ്യപ്പെട്ടത് ക്രിസ്തുമതം സ്വീകരിക്കാനാണ്. ക്രിസ്തുമതം സ്വീകരിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും കൊച്ചിയിലോ കണ്ണൂരിലോ സുരക്ഷിതമായി എത്തിക്കാമെന്ന് പോർച്ചുഗീസുകാർ വാഗ്ദാനം ചെയ്തുവെങ്കിലും മുസ്‌ലിംകൾ അത് നിരസിച്ചു. അതിലുണ്ടായിരുന്ന പ്രമുഖ മുസ്‌ലിം വ്യാപാരികൾ മോചനദ്രവ്യമായി വലിയൊരു തുക വാഗ്ദാനം ചെയ്‌തെങ്കിലും മാമോദീസ മുങ്ങുകയെന്ന നിബന്ധനയിൽ നിന്ന് പിറകോട്ട് പോകാൻ ഗാമ തയ്യാറായില്ല. തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനായി മരണം വരിക്കാൻ സന്നദ്ധനായിരുന്നു മുസ്‌ലിംകൾ. നാനൂറ് ഹാജിമാരെയും പോർച്ചുഗീസുകാർ ജീവനോടെ ദഹിപ്പിച്ചു. മുതിർന്നവരെ കപ്പലിലിട്ട് കത്തിക്കുന്നതിന് മുമ്പ് അവരുടെ ഇരുപതോളം കുട്ടികളെ ബലമായി കപ്പലിൽ നിന്ന് മാറ്റുകയും ഗോവയിലെ സെമിനാരികളിൽ എത്തിച്ച് ക്രിസ്ത്യാനികളായി വളർത്തുകയും ചെയ്തു. മുസ്‌ലിംകൾക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ മിഷനറി പ്രവർത്തനമാണിത്. (K.M. Panikkar: Opt.Cit: Page 42-45)
ശതുക്കളായ അവിശ്വാസികളായി (infidels) കണ്ട് മുസ്‌ലിംകളെ മതം മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്ന നയം സ്വീകരിച്ചപ്പോൾ ഹിന്ദുക്കളെ ‘മതംമാറ്റാൻ എളുപ്പമുള്ള അവിശ്വാസികൾ’ (gentiles) ആയി പരിഗണിച്ച് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങൾ തകർക്കാനും സാമ്പത്തികമായി ഒറ്റപ്പെടുത്തി മതം മാറ്റാനുമാണ് പോർച്ചുഗീസുകാർ ശ്രമിച്ചത്. 1543-ൽ പോർച്ചുഗീസ് ഗവർണർ മാർട്ടിൻ അൽഫോൺസോ ഡി സൂസ നടത്തിയ കൊല്ലം തേവലക്കര ക്ഷേത്രം ആക്രമണമാണ് പോർച്ചുഗീസുകാർ നടത്തിയ ക്ഷേത്രധ്വംസനങ്ങളിൽ പ്രധാനപ്പെട്ടത്. ക്ഷേത്രത്തിനകത്തെ വിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പൂജയ്ക്കുള്ള വെള്ളിപ്പാത്രങ്ങളും അവർ ബലമായി കവർന്നു. വലിയൊരു തുക മോചനദ്രവ്യം നൽകിയാൽ ആക്രമണം നിർത്താമെന്നായിരുന്നു ഡി സൂസയുടെ വാഗ്ദാനമെങ്കിലും പണം നൽകിയ ശേഷവും കൊള്ളയടിക്കൽ തുടരുകയാണ് അയാൾ ചെയ്തത്. യുദ്ധത്തിൽ നിന്ന് രക്ഷനേടാൻ ക്ഷേത്രത്തിനകത്ത് അഭയം പ്രാപിച്ചിരുന്ന ഹിന്ദുക്കളെ പോർച്ചുഗീസ് സൈനികർ ക്രൂരമായി ഉപദ്രവിച്ചു. ക്ഷേത്രത്തിലെ സ്വർണ്ണം കവർന്നതിന് പുറമെ, അവിടെയുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ നിർബന്ധപൂർവ്വം ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമിച്ചതായും, വിസമ്മതിച്ചവരെ വധിച്ചതായും എ. ശ്രീധരമേനോനും കെ.എം. പണിക്കരുമെല്ലാം രേഖപ്പെടുത്തുന്നുണ്ട് (A. Sreedhara Menon: Pages 214 – 215& K.M. Panikkar, Pages 102 – 105).
തേവലക്കര പോലുള്ള ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുമ്പോൾ അവിടുത്തെ ജനങ്ങളെ കൂട്ടത്തോടെ മതംമാറ്റാൻ ശ്രമിക്കുന്നത് പോർച്ചുഗീസ് മിഷനറിമാരുടെ ഒരു രീതിയായിരുന്നുവെന്ന് കെ.എസ്. മണിലാൽ തന്റെ ഹോർത്തൂസ് മലബാറിക്കൂസിനെക്കുറിച്ചുള്ള തന്റെ സാമൂഹിക-സാംസ്കാരിക പഠനത്തിൽ സൂചിപ്പിക്കുന്നുമുണ്ട്. (K.S. Manilal: Hortus Malabaricus and the Socio-Cultural Heritage of Kerala, Calicut, 2012, Page18 – 20) അവിശ്വാസികളുടെ വിഗ്രഹങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കുന്നത് അവരെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അത്യാവശ്യമാണെന്നും സൈനികരുടെ സാന്നിധ്യം മിഷനറിമാരുടെ പ്രസംഗത്തേക്കാൾ വേഗത്തിൽ മതംമാറ്റത്തിന് സഹായിക്കുന്നുവെന്നും മിഷനറിമാർ കരുതിയിരുന്നതായി അക്കാലത്തെ പോർച്ചുഗീസ് രേഖകളുദ്ധരിച്ചുകൊണ്ടുള്ള പ്രമുഖ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും ചരിത്രകാരനുമായ ഫ്രെഡറിക് ചാൾസ് ഡാൻവേഴ്‌സിന്റെ (1833–1906) നിരീക്ഷണം ശരിയായിരുന്നുവെന്ന് ഇത്തരം ചെയ്തികൾ വ്യക്തമാക്കുന്നുണ്ട്. (Frederick Charles Danvers: The Portuguese in India: Being a History of the Rise and Decline of their Eastern Empire , London., 1894, Vol. II, Pages : 480 – 482)
ഹിന്ദുക്കളുടെ വിഗ്രഹാരാധനയെ ‘പിശാച് ആരാധന’ (Devil Worship) എന്നാണ് വിശേഷിപ്പിച്ചുകൊണ്ടുള്ള മിഷനറി എഴുത്തുകൾ; ക്ഷേത്രങ്ങളിലെ വിഗ്രഹാരാധനയെ നിരോധിക്കാനുള്ള ശ്രമം; പരസ്യമായ ഹൈന്ദവ ഘോഷയാത്രകളും ആഘോഷങ്ങളും തടയാൻ ശ്രമിച്ച നടപടി; പള്ളിപ്പുറത്തെയും പരിസരപ്രദേശങ്ങളിലെയും ഹൈന്ദവ ജനതയെ നിർബന്ധിച്ച് പള്ളികളിൽ എത്തിച്ചതായും അവിടെ വെച്ച് മതംമാറ്റത്തിന് പ്രേരിപ്പിച്ചതായുമുള്ള രേഖകൾ; പോർച്ചുഗീസ് അധികാരപരിധിയിലുള്ള സ്ഥലങ്ങളിൽ മരിക്കുന്ന ഹിന്ദുക്കളുടെ അനാഥരായ മക്കളെ, അവർക്ക് അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ പോലും പിടിച്ചെടുക്കാൻ മിഷനറിമാർക്ക് അനുവാദമുണ്ടെന്ന 1559-ൽ പോർച്ചുഗീസ് രാജാവ് പുറപ്പെടുവിച്ച കൽപ്പന; ഈ കല്പന നടപ്പാക്കിക്കൊണ്ട്, ഹിന്ദു കുടുംബങ്ങളിൽ അനാഥരാകുന്ന കുട്ടികളെ നിർബന്ധമായും ക്രിസ്ത്യൻ മിഷനറിമാർക്ക് കൈമാറണം എന്ന തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളായ കൊച്ചി, കണ്ണൂർ കോട്ടകൾക്ക് ചുറ്റും നടപ്പാക്കിയ നിയമം; അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട കുട്ടികളെ മതം മാറ്റുകയും ഗോവയിലെ ‘കോളേജ് ഓഫ് സാന്താ ഫെ’ (College of Santa Fe) പോലുള്ള സെമിനാരികളിൽ പഠിപ്പിക്കുകയും ചെയ്തതായുള്ള എഴുത്തുകുത്തുകൾ; മതം മാറുന്ന ഹിന്ദുക്കൾക്ക് നികുതി ഇളവുകളും സർക്കാർ ജോലികളിലും മുൻഗണനയും നൽകിയത്; മതം മാറാൻ വിസമ്മതിക്കുന്ന ഹിന്ദു വ്യാപാരികൾക്ക് മേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾ; ഹിന്ദുക്കളെ മതംമാറ്റാൻ സൈനികരെ ഉപയോഗിച്ചത്; ‘ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർക്കപ്പെടുകയും അവയുടെ സ്ഥാനത്ത് വിശുദ്ധ കുരിശുകൾ സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ, നാട്ടുകാർ തങ്ങളുടെ ദൈവങ്ങളുടെ നിസ്സഹായത തിരിച്ചറിയുകയും ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് വരാൻ പ്രേരിതരാവുകയും ചെയ്യുന്നു’ വെന്ന മിഷനറി മനോഭാവം; പോർച്ചുഗീസുകാരുടെ നിർബന്ധിത മതപരിവർത്തനത്തിനുള്ള തെളിവുകൾ ഓരോന്നായി പോർച്ചുഗീസ് രേഖകൾ ഉദ്ധരിച്ചുകൊണ്ട് ഡാൻവേഴ്‌സ് നിരത്തുന്നുണ്ട്.
(F. C. Danvers: Opt. Cit (Vol. I).Pages 463 – 465.)
ഇന്ത്യയടക്കമുള്ള ഏഷ്യയിലെ പോർച്ചുഗീസ് കോളനികളുടെയെല്ലാം പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർട്ടിൻ അൽഫോൻസോവിനോടൊപ്പം കാത്തോലിക്കാവിശുദ്ധനായ ഫ്രാൻസിസ് സേവ്യർ 1542 മെയ് ആറിന് പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായ ഗോവയിലെത്തിയതോടെയാണ് പോർച്ചുഗീസ് മിഷനറി പ്രവർത്തനങ്ങൾ അവയുടെ ക്രൂരഭാവം സമ്പൂർണ്ണമായി വെളിപ്പെടുത്താനാരംഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് മിഷനറി സംഘങ്ങൾ ഒരു കൈയിൽ കുരിശും മറ്റേ കയ്യിൽ വാളുമായാണ് മലബാറിലെത്തിയതെന്ന് ക്രിസ്തുമതത്തിന്റെ ചരിത്രമെഴുതിയ കെസി വർഗ്ഗീസ് നിരീക്ഷിക്കുന്നുണ്ട്. (കെസി വർഗ്ഗീസ്: ക്രിസ്തുമതം ചരിത്രവും ദർശനവും, തിരുവനന്തപുരം, 2019 പേജ്: 412) ഇവർ ഒട്ടു വളരെ മുസ്‌ലിംകളെയും യഹൂദരെയും കൊല്ലുകയുണ്ടായിയെന്ന ചരിത്രകാരനായ എസ്. എസ്. കോഡർ തന്റെ The Jesuit in History of Kerala എന്ന ഗ്രൻഥത്തിൽ എഴുതിയത് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
ഹെൻഡറിക് അലക്‌സോഡിയാസ് ഫാൽക്കോവ എന്ന കർദ്ദിനാൾ ഗോവയിൽ ചുമതലയേറ്റ ഉടനെത്തന്നെ കൊങ്കണി, അറബി, സംസ്‌കൃതം ഭാഷകൾ നിരോധിക്കുകയും കൊങ്കണികളുടെ ഉത്സവാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ധാരാളം മുസ്‌ലിം പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും തകർക്കുകയും ചെയ്തതായി ജോസ് കരിമ്പനയും എഴുതുന്നുണ്ട്. ബർദേസിൽ 280 ഉം സാൽസെറ്റിൽ 300 ഉം ക്ഷേത്രങ്ങൾ നശിപ്പിച്ചതിനും ആയിരക്കണക്കിന് കൊങ്കണികളെ ക്രിസ്ത്യാനികളാക്കിയതിനും അതിന്ന് സന്നദ്ധമല്ലാത്ത ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും നാടുകത്തിയതിനും രേഖകളുണ്ടെന്നാണ് അദ്ദേഹം എഴുതുന്നത്. രണ്ടര ലക്ഷത്തിലധികം ജനസംഖ്യയുണ്ടായിരുന്ന ഗോവയിൽ ഇരുപതിനായിരത്തോളം പേരൊഴിച്ച് ബാക്കിയെല്ലാവരും ക്രിസ്തുമതം സ്വീകരിക്കുകയോ നാട് വിട്ട് പോവുകയോ ചെയ്തുവെന്നാണ് അദ്ദേഹം ഉദ്ധരിക്കുന്ന കണക്ക്. (ജോസ് കരിമ്പന: പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും, കോഴിക്കോട്, 2024, പേജ് 95).
‘വിഗ്രഹങ്ങൾ തകർക്കപ്പെടുമ്പോൾ അവിശ്വാസികളുടെ കുട്ടികൾ അത് കണ്ട് സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ ആനന്ദം തോന്നുന്നു…’വെന്ന് ഫ്രാൻസിസ് സേവ്യർ പറഞ്ഞതായി എംഎൻ പിയേഴ്‌സണും ഉദ്ധരിക്കുന്നുണ്ട്. (M.N. Pearson, The Portuguese in India (The New Cambridge History of India). Cambridge, 2006, Page 116 – 118.) മുസ്‌ലിം പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കുന്നതോടൊപ്പം തന്നെ ഹൈന്ദവ പുരാണങ്ങളും ഖുർആനും പരസ്യമായി കത്തിക്കുക എന്നത് കൂടി സേവ്യറുടെ നയമായിരുന്നു. 1546-ൽ പോർച്ചുഗീസ് രാജാവ് ജോൺ മൂന്നാമൻ ഗോവയിലെ ഗവർണർക്ക് അയച്ച കത്തിൽ അവിശ്വാസികളുടെ ആചാരങ്ങൾ പാടേ തുടച്ചുനീക്കാൻ ഉത്തരവിട്ടിരുന്നതായുള്ള ശ്രീധരമേനോന്റെ പ്രസ്താവന (A. Sreedhara Menon, Page: 214 – 215) ഇതോട് ചേർത്ത് വായിച്ചാൽ സേവ്യറുടെ മതഭ്രാന്തിന്റെ സ്രോതസ്സിനെപ്പറ്റി കൃത്യമായി മനസ്സിലാവും.
പോർച്ചുഗീസ് രാജാവിന്റെ ചൈനയിലും ജപ്പാനിലും മലാക്കയിലുമെല്ലാം സന്ദർശനം നടത്തിയ ശേഷമാണ് ഫ്രാൻസിസ് സേവ്യർ ഇന്ത്യയിലെത്തുന്നത്. ആദ്യം ഗോവയിലും പിന്നീട് കേരളത്തിലുമെത്തിയ അദ്ദേഹം പ്രലോഭനങ്ങളും ഭീഷണിയും വഴി പ്രധാനമായും മതംമാറ്റിയത് മൽസ്യത്തൊഴിലാളികളെയും താഴ്ന്ന ജാതിക്കാരെയുമായിരുന്നുവെന്നാണ് ജോസ് കരിമ്പന നിരീക്ഷിക്കുന്നത്. (ജോസ് കരിമ്പന: Opt. Cit. പേജ് 90). കേരളത്തിന്റെ തീരപ്രദേശങ്ങളിലെ എണ്പത്തിനായിരത്തോളം പേരെ അദ്ദേഹം ക്രിസ്തുമതത്തിൽ ചേർത്തുവത്രെ ! ഇവിടെ വന്ന് മൂന്ന് വർഷങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ 1545 ൽ അദ്ദേഹം പോർച്ചുഗീസ് രാജാവിന് യൂറോപ്പിലേതുപോലെയുള്ള മതവിചാരണക്കോടതി ഇവിടെയും സ്ഥാപിക്കണമെന്ന് കത്തെഴുതി. ‘ഇന്ത്യയിൽ ഹിന്ദുക്കളും മുസ്‌ലിംകളും യഹൂദരും ഉൾപ്പെടെ വലിയൊരു ജനസമൂഹം ക്രിസ്തുമതം സ്വീകരിക്കാത്തവരായുണ്ട്. അവരെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരുവാനും വിശ്വാസം സ്വീകരിച്ചവർ വഴിതെറ്റിപോകാതിരിക്കുവാനും മതവിചാരണക്കോടതി സ്ഥാപിക്കേണ്ടത് അനിവാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് 1560 ൽ പോർച്ചുഗൽ ഇൻക്വിസിഷൻ കോടതിയുടെ ഒരു ശാഖ ഗോവയിൽ ആരംഭിക്കുന്നത്. തെക്ക് കിഴക്കൻ ഏഷ്യയിലെ പോർച്ചുഗീസ് ഭരണപ്രദേശങ്ങളെല്ലാം ഈ കോടതിയുടെ അധികാരപരിധിയിലായിരുന്നുവത്രെ. (ജോസ് കരിമ്പന: അതേ പുസ്തകം പേജ് 91)
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ഭീകരമായ ശിക്ഷാമുറകൾ നടപ്പാക്കിയിരുന്ന ഇൻക്വിസിഷൻ കോടതികളുടെ ചെയ്തികളെക്കുറിച്ച് ലോകത്തോട് ആദ്യമായി വിളിച്ചു പറഞ്ഞത് ചാൾസ് ഡെല്ലോൺ എന്ന ഫ്രഞ്ച് ഡോക്ടറാണ്. ഒരു കത്തോലിക്കാ വിശ്വാസിയായിരുന്ന അദ്ദേഹം പോർച്ചുഗീസ് മിഷനറിമാരുടെ ചില ആചാരങ്ങളെ സ്വകാര്യ സംഭാഷണങ്ങളിൽ യുക്തിപരമായി ചോദ്യം ചെയ്തത് ചാരന്മാർ വഴി പുരോഹിതന്മാർ അറിഞ്ഞതാണ് അദ്ദേഹം പിടിക്കപ്പെടാനുള്ള കാരണം. 1674-ൽ ഗോവയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് വർഷത്തോളം ഇൻക്വിസിഷൻ തടവറയിൽ പീഡനങ്ങൾ അനുഭവിക്കുകയും വിദേശിയും ഡോക്ടറുമായിരുന്നതിനാൽ പിന്നീട് മോചനം ലഭിക്കുകയും ചെയ്ത അദ്ദേഹം ഫ്രാൻസിലെത്തി തന്റെ അനുഭവങ്ങൾ എഴുതിയതോടെയാണ്, കത്തോലിക്കാ വിശുദ്ധനായ ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിൽ പോർച്ചുഗീസ് മിഷനറിമാർ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളെക്കുറിച്ച് ലോകം അറിയാൻ തുടങ്ങിയത്. 1687ൽ അദ്ദേഹമെഴുതിയ ‘ഗോവയിലെ ഇൻക്വിസിഷന്റെ വിവരണം’ (Henry Wharton(Translation): The History of the Inquisition, as It Is Exercised at Goa Written in French, by the Ingenious Monsieur Dellon, … with an Account of His Deliverance, London, 1688) എന്ന ഫ്രഞ്ച് കൃതിയും പോർച്ചുഗീസ് ചരിത്രകാരനായ അലക്സാണ്ടർ ഹെർക്കുലാനോ 1854 നും 1859 നുമിടയിൽ മൂന്ന് വാല്യങ്ങളായി രചിച്ച ‘പോർച്ചുഗൽ ഇൻക്വിസിഷന്റെ ഉല്പത്തിയുടെയും സംസ്ഥാപനത്തിന്റെയും ചരിത്രം’ (Alexandre Herculano (Author), John C Branner (Translator): History of the Origin and Establishment of the Inquisition in Portugal, Stanford University, 1926) എന്ന പോർച്ചുഗീസ് കൃതിയുമാണ് ഗോവയിലെയും പോർച്ചുഗലിലെയും ഇൻക്വിസിഷന്റെ ക്രൂരചിത്രം ലോകത്തിന് നൽകുന്ന രണ്ട് പ്രധാനപ്പെട്ട രചനകൾ.
യൂറോപ്പിന് പുറത്ത് ഇസ്‌ലാമിന്റെ വ്യാപനം തടയാനും ക്രിസ്തുമതം പ്രചരിപ്പിക്കാനും പോർച്ചുഗീസ് രാജാക്കന്മാർ കാണിച്ച താല്പര്യത്തിന് പ്രതിഫലമായി മാർപ്പാപ്പ നൽകിയ പദ്രുവാദോ (Padroado) അധികാരത്തിന്റെ തണലിലാണ് പോർച്ചുഗീസ് മിഷനറിമാർ മറ്റു മതസ്ഥരെ നിർബന്ധിച്ച് പരിവർത്തിക്കുവാനും അതിന്ന് സന്നദ്ധമല്ലാത്തവരെ പീഡിപ്പിക്കുവാനുമെല്ലാമുള്ള നയങ്ങൾ രൂപീകരിച്ചത്. 1450-കളിൽ ആരംഭിച്ച ഈ അധികാരം 1493-ലെ ഇന്റർ കെയ്‌റ്റെറ (Inter Caetera), 1506-ലെ ദുദും സിക്വിഡെം (Dudum Siquidem) തുടങ്ങിയ പോപ്പിന്റെ ഉത്തരവുകളിലൂടെ (Papal Bulls) സ്ഥിരീകരിക്കപ്പെട്ടു. പോർച്ചുഗീസ് കോളനികളിൽ ബിഷപ്പുമാരെയും മറ്റ് സഭാനേതാക്കളെയും നാമനിർദ്ദേശം ചെയ്യാനും സഭയുടെ ദശാംശം (tithe) പിരിക്കാനും പള്ളികൾ നിർമ്മിക്കാനും മിഷനറിമാരുടെ ശമ്പളം നിശ്ചയിക്കാനുമെല്ലാമുള്ള അധികാരം രാജാവിന് നൽകുന്നതായിരുന്നു മാർപ്പാപ്പയുടെ ഉത്തരവ്. ഫ്രാൻസിസ് സേവ്യറിനെപ്പോലെയുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് സൈനികവും നിയമപരവുമായ പരിരക്ഷ നൽകിയത് പദ്രുവാദോ ആയിരുന്നു. രാജാവിന് ലഭിച്ച ഈ ആത്മീയ അധികാരം ഉപയോഗിച്ചാണ് ഗോവയിൽ ഇൻക്വിസിഷൻ കോടതി സ്ഥാപിക്കാനും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ (നസ്രാണികൾ) ലത്തീൻ സഭയുടെ കീഴിൽ കൊണ്ടുവരാനുമെല്ലാം പോർച്ചുഗീസുകാർ ശ്രമിച്ചത്. പോപ്പിൽ നിന്ന് പോർച്ചുഗീസ് രാജാവിന് ലഭിച്ച പദ്രുവാദോ അധികാരം മിഷനറിമാരുടെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നും സഭയുടെ ഭരണപരമായ കാര്യങ്ങളിൽ എങ്ങനെയാണ് രാജാവിന്റെ ഇടപെടലുകളുണ്ടായതെന്നും സ്റ്റീഫൻ നീലിന്റെ ‘ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ചരിത്രം’ ആധികാരികമായി മനസ്സിലാക്കിത്തരുന്നുണ്ട് (Stephen Neill, A History of Christianity in India: The Beginnings to AD 1707, Pages 120 – 125).
ഭരിക്കപ്പെടുന്നവർ ഭരണാധികാരിയുടെ മതം പിന്തുടരണമെന്ന നയം സ്വീകരിച്ച ജോൺ മൂന്നാമൻ രാജാവ് മതംമാറ്റത്തെ തന്റെ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായാണ് കണ്ടത്. പോർച്ചുഗീസ് കോളനികളിൽ ജീവിക്കുന്ന മതം മാറാൻ സന്നദ്ധരല്ലാത്തവർ അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനയി ക്രിസ്ത്യാനികളായി അഭിനയിക്കേണ്ടി വന്നവരാണ് ഇൻക്വിസിഷൻ കോടതികളുടെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായത്. പരിവർത്തിതർ യഥാർത്ഥത്തിൽ കത്തോലിക്കരായിട്ടുണ്ടോ എന്ന് നിരീക്ഷിക്കാൻ മാത്രമായി ചാരന്മാരുണ്ടായിരുന്നു. അവർ കൊടുക്കുന്ന വിവരങ്ങൾക്കനുസരിച്ചാണ് ഇൻക്വിസിഷൻ കോടതികളിൽ ആളുകൾ എത്തിച്ചേർന്നത്.
ഹിന്ദുക്കളായിരുന്നവരാണെങ്കിൽ രഹസ്യമായി വീട്ടിൽ തുളസിത്തറ വെക്കുക, നെറ്റിയിൽ കുറി തൊടുക, പൂണൂൽ ധരിക്കുക, വിഗ്രഹങ്ങൾ സൂക്ഷിക്കുക, ജാതകം നോക്കുക, പുനർജന്മത്തിൽ വിശ്വസിക്കുക തുടങ്ങിയവ; മുസ്‌ലിംകളായിരുന്നവരാണെങ്കിൽ പന്നിമാംസം കഴിക്കാൻ വിസമ്മതിക്കുക, രഹസ്യമായി നിസ്കരിക്കുക, താടി വളർത്തുക, വെള്ളിയാഴ്ചകളിൽ പ്രത്യേക ആചാരങ്ങൾ പാലിക്കുക, ദൈവത്തിന് മാനുഷികമായ രൂപമൊന്നുമില്ലെന്ന് പറയുക തുടങ്ങിയവ; യഹൂദരായിരുന്നവരാണെങ്കിൽ ശനിയാഴ്ച ശാബത്ത് ദിവസത്തിൽ ജോലി ചെയ്യാതിരിക്കുക, മാംസം യഹൂദ രീതിയിൽ പാകം ചെയ്യുക തുടങ്ങിയവ; സുറിയാനി ക്രിസ്ത്യാനികളായിരുന്നവരാണെങ്കിൽ പാരമ്പര്യ മതഭാഷയായ സുറിയാനി ഉപയോഗിക്കുക, പോർച്ചുഗീസ് ബിഷപ്പുമാരെ അനുസരിക്കാതിരിക്കുക തുടങ്ങിയവ; ഇവയായിരുന്നു ഇൻക്വിസിഷൻ നടപടികൾക്ക് വിധേയമാകാനുള്ള കാരണങ്ങൾ. ഇവ കൂടാതെ ആയുർവ്വേദചികിത്സ നടത്തുന്നതും പ്രാദേശികമായ മരുന്നുകൾ നൽകുന്നതും ജ്യോതിഷവും രോഗശാന്തിക്കായി മന്ത്രങ്ങൾ ചൊല്ലുന്നതും ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നതും സഭയുടെ നിയമങ്ങളെയോ മാർപ്പാപ്പയുടെ അധികാരത്തെയോ ചോദ്യം ചെയ്യുന്നതും സഭ നിരോധിച്ച പുസ്തകങ്ങളായ ഖുർആനോ സുറിയാനി ഗ്രന്ഥങ്ങളോ കൈവശം വെക്കുന്നതും ഹിന്ദുക്കളുമായോ മുസ്‌ലിംകളുമായോ അടുത്ത ബന്ധം പുലർത്തുന്നതുമെല്ലാം മതവിചാരണക്കോടതിയിലെത്താനുള്ള കാരണങ്ങളായിരുന്നു. ഹലാൽ രീതിയിൽ മൃഗത്തിന്റെ കഴുത്തറുത്ത് രക്തം പൂർണ്ണമായും വാർന്നു കളയുന്നത് കണ്ടാൽ അത് ഇസ്‌ലാമിക ആചാരമായി കണക്കാക്കി അത് ചെയ്തവരെ ഇൻക്വിസിഷന് വിധേയമാക്കുമായിരുന്നു. ധനികരായ മുസ്‌ലിം വ്യാപാരികളുടെ സ്വത്ത് കണ്ടുകെട്ടുകയെന്ന ലക്ഷ്യത്തോടെ അവർക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ച് ഇൻക്വിഷന് വിധേയമാക്കുന്ന പതിവുമുണ്ടായിരുന്നുവത്രെ.
1560 മുതൽ ‘കാസ ഡ ഇൻക്വിസിഷൻ’ (Casa da Inquisição) ആയിരുന്നു ഇന്ത്യയിലെ മതവിചാരണ കോടതിയുടെ ആസ്ഥാനം. ബിജാപ്പൂരിലെ ആദിൽ ഷാഹി രാജവംശത്തിന്റെ ഭരണത്തിലായിരുന്ന ഗോവയിൽ സുൽത്താനായിരുന്ന ആദിൽ ഷായിൽ നിന്ന് പോർച്ചുഗീസ് ഗവർണറായിരുന്ന അഫോൺസോ ഡി അൽബുക്കർക്ക് ആയിരക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് 1510-ൽ പിടിച്ചെടുത്ത കൊട്ടാരത്തിന് രൂപമാറ്റം വരുത്തിക്കൊണ്ടാണ് ഇത് നിർമ്മിക്കപ്പെട്ടത്. പഴയ ഗോവയിലെ സെ കത്തീഡ്രലിന് (Se Cathedral) അഭിമുഖമായി സ്ഥിതി ചെയ്തിരുന്ന ഇതിനെ കോടതിയും തടവറകളും പീഡനമുറികളുമെല്ലാം അടങ്ങിയ ഒരു സമുച്ചയമായി മാറ്റുകയായിരുന്നു. വെളിച്ചമോ ശുദ്ധവായുവോ കടക്കാത്ത വിധം അടച്ചുപൂട്ടിയ ഇരുന്നൂറോളം ചെറിയ സെല്ലുകളായിരുന്നു അതിലുണ്ടായിരുന്നത്. തടവുകാർ കരയുന്ന ശബ്ദം പോലും പുറത്തു കേൾക്കാത്തവിധം കട്ടിയുള്ള ഭിത്തികളാൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിനുള്ളിൽ നടക്കുന്നത് എന്താണെന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. വെളിച്ചമോ കാറ്റോ കടക്കാത്ത ചെറിയ മുറികളിൽ തടവുകാരെ മാസങ്ങളോളം അടച്ചിടും. ആരോടും സംസാരിക്കാൻ അനുവാദമില്ല. ശബ്ദം കേൾക്കാതിരിക്കാൻ തടവുകാരുടെ വായ മൂടിക്കെട്ടും. മുറിക്കുള്ളിൽ തന്നെ മലമൂത്രവിസർജനം നടത്തേണ്ടി വരുന്നതിനാൽ പടരുന്ന രോഗങ്ങളും ദുർഗന്ധവും കാരണം പലരും വിചാരണക്ക് മുമ്പ് തന്നെ മരിക്കും. ജയിലിനുള്ളിലെ ദുർഗന്ധത്തെക്കുറിച്ചും, മാസങ്ങളോളം ആരെയും കാണാതെ ഇരുട്ടിൽ കഴിഞ്ഞതിനെക്കുറിച്ചും പലർക്കും ഭ്രാന്ത് പിടിച്ചതിനെക്കുറിച്ചും മറ്റുപലരും ആത്മഹത്യ ചെയ്തതിനെക്കുറിച്ചുമെല്ലാമുള്ള ചാൾസ് ഡെല്ലോനിന്റെ അനുഭവാവിഷ്കാരത്തിലെ വരികൾ കണ്ണീരോട് കൂടിയല്ലാതെ ആർക്കും വായിച്ച് മുഴുമിപ്പിക്കാൻ കഴിയില്ല.
കുറ്റാരോപിതരെ ഇൻക്വിസിറ്റർമാർ (inquisitors) എന്ന് വിളിക്കപ്പെടുന്ന പുരോഹിതന്മാർ ഇൻക്വിസിഷൻ കോടതിയിൽ വെച്ച് വിസ്തരിക്കും. ഒന്നും പറയാത്തവരെ ക്രൂരമായി മർദ്ദിക്കും. മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുന്നതിനുള്ള മുറകളാണ് പിന്നെ നടക്കുക. കൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ച് വിപരീത ദിശകളിലേക്ക് വലിച്ചുനീട്ടുന്ന ദ റാക്ക് (the rack) എന്ന യന്ത്രത്തിൽ കിടത്തി പ്രതിയുടെ അസ്ഥികൾ സന്ധികളിൽ നിന്ന് വേർപെടുകയും പേശികൾ അറ്റുപോകുകയും ചെയ്യുന്നത് അതിൽ പീഡിപ്പിക്കുക, കൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ച് വിപരീത ദിശകളിലേക്ക് വലിച്ചുനീട്ടുന്ന സ്ട്രാപ്പാഡോ (strappado) യിൽ പ്രതിയെ കിടത്തി അസ്ഥികൾ സന്ധികളിൽ നിന്ന് വേർപെടുകയും പേശികൾ അറ്റുപോകുകയും ചെയ്യുന്നത് വരെ അത് പ്രവർത്തിപ്പിക്കുക, കൈകൾ പുറകിലേക്ക് കെട്ടി മേൽക്കൂരയിൽ നിന്ന് തൂക്കിയിടുകയും പെട്ടെന്ന് താഴേക്ക് വീഴ്ത്തുകയും നിലത്തു തൊടുന്നതിന് തൊട്ടുമുമ്പ് ചങ്ങല വലിച്ചു നിർത്തുകയും ചെയ്ത് ചുമലിലെ എല്ലുകൾ പൊട്ടിക്കുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടാക്കുകയും ചെയ്യുക, അകവശത്ത് മൂർച്ചയുള്ള ആണികളുള്ള ഒരു പെട്ടിയായ ഇരുമ്പ് കന്യക (iron maiden)ക്കുള്ളിൽ പ്രതിയെ അടച്ച് ആണികൾ ശരീരത്തിൽ തറച്ചുകയറ്റുക; ഇവയായിരുന്നു കുറ്റം സമ്മതിപ്പിക്കാനുള്ള മുറകൾ.
പീഡനങ്ങൾ സഹിക്കവയ്യാതെ കുറ്റം സമ്മതിച്ചു കഴിഞ്ഞാൽ പിന്നെ വിധിയാണ്. പാഷാണ്ഡതക്കുള്ള ശിക്ഷ മരണമാണ്. മതവിചാരണ കോടതിയുടെ മരണശിക്ഷയാണ് ഓട്ടോ ദാ ഫെ (auto-da-fé). വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലാൻ കൊണ്ടുപോകുന്നത് ‘സാമ്പെനിറ്റോ (Sanbenito) ധരിച്ചാണ്. നരകത്തിലെ തീജ്വാലകളുടെയും പിശാചുക്കളുടെയും ചിത്രങ്ങളുള്ള വസ്ത്രമാണിത്. ഇത് ധരിച്ച് ജനമധ്യത്തിലൂടെ അപമാനിച്ച് ഘോഷയാത്രയായി കൊണ്ടുപോയാണ് വധശിക്ഷ നടപ്പാക്കുന്നത്. ശാരീരികവും മാനസികവും വൈകാരികവുമായി അവശനായ അയാളെ നഗരമധ്യത്തിൽ തൂണിൽ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊല്ലുകയാണ് ചെയ്യുക. മരിച്ചുപോയവരെ പോലും ഇൻക്വിസിഷൻ കോടതി വെറുതെ വിടുമായിരുന്നില്ല. മരിച്ചു കഴിഞ്ഞാണ് ഒരാൾ അയാളുടെ പഴയ മതം രഹസ്യമായി ആചരിച്ചിരുന്നു എന്ന് തെളിയുന്നതെങ്കിൽ ശവക്കുഴി തോണ്ടി അസ്ഥികൾ പുറത്തെടുത്ത് പരസ്യമായി ദഹിപ്പിക്കുമായിരുന്നുവത്രേ !
മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന രീതിയിലുള്ള ക്രൂരതകളാണ് ഈ മതകോടതികൾ സ്ത്രീകളോടും കുട്ടികളോടും കാണിച്ചത്. വിശ്വാസത്യാഗം ആരോപിക്കപ്പെടുന്ന സ്ത്രീകളെ ശാരീരികമായും മാനസികമായും തകർക്കാനുള്ള പ്രത്യേക രീതികളെ ‘ശുദ്ധീകരണം’ എന്നാണ് വിളിക്കുക.
പരസ്യമായി വിവസ്ത്രരാക്കി സ്ത്രീകളുടെ ശരീരത്തിൽ ‘പിശാചിന്റെ അടയാളങ്ങൾ’ (devil’s marks) ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഒന്ന്; അവരെ മാനസികമായി തകർക്കാനുള്ള നടപടിയായിരുന്നു ഇത്. ഇൻക്വിസിഷൻ ജയിലുകളിലെ കാവൽക്കാരും ഉദ്യോഗസ്ഥരും സ്ത്രീ തടവുകാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് മറ്റൊന്ന്; രഹസ്യ തടവറകളിൽ വെച്ച് പുറംലോകം അറിയാതെ നടക്കുന്ന സ്ത്രീപീഡനങ്ങൾ. തടവറയിൽ ഗർഭിണികളുമുണ്ടായിരുന്നു; പക്ഷെ അവർക്ക് മാനുഷികമായ യാതൊരു പരിഗണനയും നൽകിയിരുന്നില്ല. കഠിനമായ തടവുശിക്ഷ; ജയിലിനുള്ളിലെ വൃത്തികെട്ട അന്തരീക്ഷം; അതിൽ പ്രസവിക്കേണ്ടി വന്ന സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് ചാൾസ് ഡെല്ലോൺ വിവരിക്കുന്നുണ്ട്. പലപ്പോഴും കുഞ്ഞുങ്ങൾ ജനിച്ചയുടനെ രോഗം ബാധിച്ചു മരിക്കുമായിരുന്നു. ശനിയാഴ്ചകളിൽ നല്ല വസ്ത്രം ധരിക്കുന്ന യഹൂദ രീതിയോ വെള്ളിയാഴ്ചകളിൽ പ്രത്യേക ഭക്ഷണം പാകം ചെയ്യുന്ന മുസ്‌ലിം രീതിയോ പിന്തുടരുന്നുവെന്ന കരണത്താലായിരുന്നു സ്ത്രീകൾ പിടിക്കപ്പെട്ടിരുന്നത്. അവരും കുടുംബവുമെല്ലാം ശിക്ഷിക്കപ്പെടാൻ കാരണമായി ഇവ മാത്രം മതിയായിരുന്നുവത്രെ !
കേവലമൊരു മതകോടതി മാത്രമായിരുന്നില്ല ഇൻക്വിസിഷനെന്നും, മുസ്‌ലിംകളെ സാമ്പത്തികമായി തകർക്കുകയെന്ന രാഷ്ട്രീയലക്ഷ്യം കൂടി അതിനുണ്ടായിരുന്നുവെന്നും അലക്സാണ്ടർ ഹെർക്കുലാനോ തെളിവുകൾ നിരത്തി സമർത്ഥിക്കുന്നുണ്ട്. (Alexandre Herculano, Opt. Cit. Page 392). ഒരാൾ കുറ്റാരോപിതനായിക്കഴിഞ്ഞാൽ അയാളുടെ വീട്, സ്വർണ്ണം, കച്ചവടം തുടങ്ങിയ സകല സ്വത്തുക്കളും കണ്ടുകെട്ടുകയാണ് ആദ്യത്തെ നടപടി; കുറ്റം തെളിഞ്ഞില്ലെങ്കിൽ പോലും കണ്ടുകെട്ടിയ സ്വത്തുക്കളൊന്നും തിരികെ ലഭിക്കില്ല. ധനികരായ മുസ്‌ലിംവ്യാപാരികളെ നശിപ്പിക്കാനുള്ള രാഷ്ട്രീയതന്ത്രമായിരുന്നു ഇത്. കൊല്ലത്തെയും പുറക്കാട്ടെയും കായംകുളത്തെയും നിരവധി വ്യാപാരികളെ ഇങ്ങനെ തകർത്തതായി കെഎം പണിക്കർ എഴുതുന്നുണ്ട്. (K.M. Panikkar, Pages 163 – 165) പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓരോ വർഷവും ശരാശരി 50 മുതൽ 100 വരെ ആളുകളെ കേരള തീരങ്ങളിൽ നിന്ന് മാത്രം വിചാരണയ്ക്കായി ഗോവയിലേക്ക് കൊണ്ടുപോയിരുന്നുവെന്നതിനുള്ള തെളിവുകൾ ചരിത്രകാരനായ അന്റോണിയോ ഡി സിൽവ റെഗോ (António da Silva Rego) സമാഹരിച്ച പോർച്ചുഗീസ് മിഷനറി രേഖകളിൽ (Documentação para a História das Missões do Padroado Português do Oriente) നിന്ന് ചരിത്രകാരനായ കെഎസ് മാത്യു ഉദ്ധരിക്കുന്നുണ്ട്. (K.S. Mathew, Portuguese Trade with India in the Sixteenth Century.Pages 180 – 185). 1812 വരെയുള്ള കാലയളവിൽ ഗോവയിലെ ഇൻക്വിസിഷൻ കോടതി പതിനാറായിരത്തിലധികം പേരെ മതവിചാരണ ചെയ്യുകയും 57 പേരെ വധശിക്ഷക്ക് വിധേയരാക്കുകയും വിചാരണക്കിടയിൽ 664 പേർ പീഡനങ്ങൾ മൂലം ജയിലിൽ വെച്ച് മരണമടയുകയും ചെയ്തതായാണ് ജോസ് കരിമ്പന എഴുതുന്നത്. (ജോസ് കരിമ്പന: നടേ ഉദ്ധരിച്ച പുസ്തകം പേജ് 95)
1812-ൽ ഗോവ ഇൻക്വിസിഷൻ നിർത്തലാക്കിയപ്പോൾ, ഭാവിയിൽ തങ്ങൾക്കെതിരെ തെളിവുകൾ ഉണ്ടാകാതിരിക്കാനായി അവിടെയുണ്ടായിരുന്ന പതിനായിരക്കണക്കിന് വിചാരണ രേഖകൾ (Trial Records) പോർച്ചുഗീസുകാർ കത്തിച്ചുകളഞ്ഞു. അവശേഷിച്ച ചില രേഖകൾ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. നീണ്ട രണ്ടര നൂറ്റാണ്ടിലധികം നിലനിന്ന ഗോവ ഇൻക്വിസിഷന്റെ ഭീകരത വെളിപ്പെടുത്തുവാൻ ലിസ്ബണിലെ നാഷണൽ ആർക്കൈവ്സിൽ (Arquivo Nacional da Torre do Tombo) സൂക്ഷിച്ചിട്ടുള്ള പരിമിതമായ ഈ രേഖകൾ തന്നെ ധാരാളമാണ്. ഗോവാ ഇൻക്വിസിഷനെക്കുറിച്ച് മറാത്തി ഗ്രന്ഥകാരനായ ആനന്ദ് കാക്ബ പ്രിയോൽക്കർ 1961 ൽ എഴുതിയ ‘ഗോവ ഇൻക്വിസിഷൻ: കിഴക്കിനായുള്ള ഭീകരന്യായാസനം’ (Anant Kakba Priolkar: The Goa Inquisition: The Terrible Tribunal for the East, Panaji, Goa, 2010) ആണ് ഗോവ ഇൻക്വിസിഷനെക്കുറിച്ച് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരികമായ ആധുനിക പഠനം. കത്തിച്ചു കളഞ്ഞ രേഖകൾക്ക് പകരം സമകാലികരായ സഞ്ചാരികളുടെയും അതിജീവിച്ചവരുടെയും വിവരണങ്ങൾ ക്രോഡീകരിച്ച് പ്രിയോൽക്കർ ഈ ക്രൂരതകളെ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ശിക്ഷാമുറകളോടൊപ്പം മറ്റു ചില മിഷനറിക്രൂരതകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഭാരമുള്ള തടിയിൽ കെട്ടി മനുഷ്യരെ കടലിലേക്ക് ഒഴുക്കിവിടുകയായിരുന്നുവത്രെ കാപട്യം സംശയിച്ചിരുന്ന പുത്തൻ ക്രിസ്ത്യാനികൾക്ക് നൽകിയിരുന്ന ശിക്ഷകളിലൊന്ന്; വിശ്വാസമുണ്ടെങ്കിൽ അവരെ ദൈവം രക്ഷിക്കുമെന്നായിരുന്നു അതിന്ന് പറഞ്ഞിരുന്ന ന്യായം. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ശരീരത്തിൽ അടിക്കുക, മരിക്കുന്നത് വരെ പട്ടിണിക്കിടുക, കൈകാലുകൾ അടിച്ചൊടിക്കുക എന്നീ ശിക്ഷാമുറകളെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. (A.K. Priolkar, Pages 150-170)
2009 ൽ ഫ്രാൻസിലെ ആൽബർട്ടോ ബെൻവെനിസ്റ്റെ ലിറ്റററി പ്രൈസിന് അർഹമായ പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനായ റിച്ചാർഡ് സിംലറുടെ ‘അരുണോദയത്തിന്റെ പരിപാലകൻ’ (Richard Zimler: Guardian of the Dawn, London, 2005) എന്ന നോവൽ ഗോവ ഇൻക്വിസിഷനിന്റെ ക്രൂരചിത്രം വരച്ചുകാണിക്കുന്ന സർഗാത്മക സൃഷ്ടികളിലൊന്നാണ്. മാതാപിതാക്കളുടെ മുന്നിൽ വെച്ച് മക്കളുടെ ശരീരാവയവങ്ങളെ ഒന്നൊന്നായി പിഴുതുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും രക്ഷപ്പെടണമെങ്കിൽ മാമോദീസ മുങ്ങണമെന്ന ഉപാധി വെക്കുകയും ചെയ്യുന്ന പോർച്ചുഗീസ് സുവിശേഷരീതിയാണ് നോവലിന്റെ കഥാതന്തു. ക്രിസ്തുസ്നേഹത്തിന്റെയും മതപ്രചാരണത്തിന്റെയും ലോകത്തിന്റെ സുവിശേഷീകരണത്തിന്റെയും പേരിലാണ് ഈ ക്രൂരതകളെല്ലാം ന്യായീകരിക്കപ്പെട്ടിരുന്നത്.

No comments yet.