മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -9

//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -9
//മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -9
ആനുകാലികം

മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -9

മലപ്പുറത്തോടുള്ള വെറുപ്പ്; വിത്ത് പാകിയത് പോർച്ചുഗീസ് മിഷനറിമാരാണ് !

ഭാഗം -2

ക്നായി തൊമ്മന്റെ ആഗമനം മുതൽ പട്ടണങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ വ്യാപാരികളായിരുന്ന നസ്രാണികൾ പിൽക്കാലത്ത് കർഷകരായിത്തീർന്നതിന് പിന്നിലെ കാരണങ്ങൾ പലതാണ്. വിദേശത്ത് കുരുമുളകിന് വലിയ വിപണിയുണ്ടായപ്പോൾ അതിന്റെ ഉൽപ്പാദനം നിയന്ത്രിക്കേണ്ടത് സാമ്പത്തികമായി അത്യാവശ്യമായി വരികയും ഉൽപ്പന്നം സ്വന്തമായി കൃഷി ചെയ്താൽ മാത്രമേ കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയൂവെന്ന് തിരിച്ചറിയുകയും ചെയ്തതാണ് ഒന്നമത്തെ കാരണം. കാടുകൾ വെട്ടിത്തെളിക്കാനും കൃഷി ചെയ്യാനും വലിയ തോതിൽ ഭൂമി പതിച്ചുനൽകുകയും ആയുധം ധരിക്കാനുള്ള അവകാശമുണ്ടാവുകയും ചെയ്തതിനാൽ വന്യമൃഗങ്ങളെയും മറ്റും നേരിട്ട് ഉൾനാടുകളിൽ കൃഷി ഇറക്കാൻ നസ്രാണികൾക്ക് എളുപ്പമായതാണ് രണ്ടാമത്തെ കാരണം. അനിശ്ചിതത്വങ്ങൾ നിറഞ്ഞകപ്പൽ കച്ചവടത്തേക്കാൾ ഭൂമി കൈവശം വെക്കുന്നത് വലിയ സാമൂഹിക പദവിയും സ്ഥിരതയും നൽകിയപ്പോഴാണ് നസ്രാണികൾ ‘ഭൂവുടമകളായ കർഷകർ’ (landed gentry) ആയി മാറിയതെന്ന് റവ: ലെസ്‌ലി ബ്രൗൺ നിരീക്ഷിക്കുന്നുണ്ട് (L.W. Brown: Opt. Cit. Pages168-170). അറബിക്കടലിലെ കപ്പൽ യാത്രകളിൽ വൈദഗ്ധ്യമുള്ള മുസ്‌ലിംകൾ കേരളതീരത്ത് എത്തിയതോടെ അവർ കടൽ കടന്നുള്ള വ്യാപാരത്തിന്റെ (overseas trade) ചുമതല ഏറ്റെടുക്കുകയും കൂടുതൽ സുരക്ഷിതവും സാമ്പത്തികനേട്ടമുണ്ടാക്കുന്നതുമായ കൃഷിയിലേക്ക് ക്രൈസ്തവർ ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടാവുകയുമാണ് ചെയ്തതെന്നാണ് കെഎം പണിക്കർ സമർത്ഥിക്കുന്നത്. (KM Pankkar: Malabar and the Portuguese, Bombay, 1929, Pages 22; 184 – 186)

ഇസ്‌ലാം പ്രചരിക്കുന്നതിന് മുൻപേ അറബികൾക്ക് കേരളവുമായി വ്യാപാര ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള നിരവധി തെളിവുകൾ ചരിത്രകാരന്മാരായ ശ്രീധരമേനോനും നീലകണ്ഠ ശാസ്ത്രിയും ഉദ്ധരിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ചരിത്രകാരനായ പ്ലിനിയുടെ (Pliny the Elder) ‘നാച്ചുറൽ ഹിസ്റ്ററി’, രണ്ടാം നൂറ്റാണ്ടിലെ ടോളമിയുടെ (Claudius Ptolemy) ‘ജിയോഗ്രഫി’ എന്നീ രചനകളിൽ കേരളത്തിലെ തുറമുഖങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ അറബ് വ്യാപാരികൾ റോമൻ കപ്പലുകൾക്ക് വഴികാട്ടികളായി പ്രവർത്തിച്ചിരുന്നതായി സൂചിപ്പിക്കുന്നുണ്ട്; ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ (Periplus of the Erythraean Sea) ഗ്രന്ഥത്തിൽ മുസിരിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളെക്കുറിച്ച് പറയുമ്പോൾ അറബ് കപ്പലുകൾ വരുന്നതിനെക്കുറിച്ചും ചെങ്കടലിൽ (Red Sea) കപ്പലുകൾ ഏത് മാസത്തിൽ പുറപ്പെടണമെന്ന കൃത്യമായ അറിവ് അറബികൾക്ക് ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്; അറബ് കപ്പലുകൾ ഏതു വിധത്തിലാണ് മൺസൂൺ കാറ്റുകൾ ഉപയോഗിച്ച് മലബാർ തീരത്തേക്ക് എത്തിയിരുന്നതെന്നും, അവർ എങ്ങനെ റോമൻ കപ്പലുകളെ സഹായിച്ചിരുന്നെന്നും കൂടി ഈ പുസ്തകത്തിലുണ്ട്; റോമാക്കാരടക്കമുള്ള വിദേശികൾക്ക് കേരളത്തെക്കുറിച്ച് ഉണ്ടായിരുന്ന അറിവ് പലപ്പോഴും അറബ് ഇടനിലക്കാരിൽ (arab intermediaries) നിന്ന് ലഭിച്ചതായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നാണ് മേനോനും ശാസ്ത്രിയും സമർത്ഥിക്കുന്നത്. (ശ്രീധരമേനോൻ: കേരള ചരിത്രം, കോട്ടയം, 2013 പേജ് 60-70; K. A. Nilakanta Sastri, MA: Foreign Notices of South India: From Megasthenes to Ma Huan, Madras, 1939 Pages 51– 64) യെമനിലെ സാബിയൻ ഭരണകാലത്ത് തന്നെ അറബികൾക്ക് കേരളവുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും കൊടുങ്ങല്ലൂരിലും കൊല്ലത്തും ഉണ്ടായിരുന്ന അവരുടെ സ്വാധീനത്തെക്കുറിച്ചും മുസ്‌ലിം ചരിത്രകാരനായ പി.എ. സെയ്തുമുഹമ്മദും തെളിവുകളുദ്ധരിച്ച് സമർത്ഥിക്കുന്നുണ്ട്. (പി.എ. സെയ്തുമുഹമ്മദ്: കേരള മുസ്‌ലിം ചരിത്രം, തൃശൂർ, 1951 പേജ്: 35 – 38). ഇസ്‌ലാമിന്റെ ഉദയത്തിന് മുമ്പ് തന്നെയുണ്ടായിരുന്ന അറബികളുടെ ഈ കേരളബന്ധം ഇസ്‌ലാമിന് ശേഷം കൂടുതൽ ശാക്തീകരിക്കുകയാണ് ഉണ്ടായതെന്നാണ് ഈ ചരിത്രകാരന്മാരെല്ലാം വ്യക്തമാക്കുന്നത്.

കേരളത്തിലെത്തിയ ക്രിസ്ത്യാനികളും മുസ്‌ലിംകളുമെല്ലാം ഇവിടെയുണ്ടായിരുന്ന ഹിന്ദുരാജാക്കന്മാരുടെ പ്രത്യേകമായ ആദരവിന് വിധേയമായവരായിരുന്നുവെന്നാണ് ചരിത്രരേഖകൾ പറഞ്ഞുതരുന്നത്. ക്രൈസ്തവർക്കും മുസ്‌ലിംകൾക്കും രാജാക്കന്മാർ നൽകിയ ബഹുമതിപ്പേരായിരുന്നു ‘മാപ്പിള’. കൊടുങ്ങല്ലൂരിലെ ചേര രാജാക്കന്മാർ വിദേശ വ്യാപാരികളായി വന്ന ക്രൈസ്തവർക്ക് നൽകിയ ‘മഹാപിള്ള’ എന്ന വാക്കാണ് മാപ്പിളയായി മാറിയതെന്നാണ് ചരിത്രകാരന്മാരുടെ പൊതുവായ പക്ഷം. മഹാപിള്ള എന്നാൽ ‘വലിയ കുട്ടി’ അല്ലെങ്കിൽ ‘ബഹുമാനപ്പെട്ട വ്യക്തി’ എന്നർത്ഥം. കേരളീയരായ സ്ത്രീകളെ വിവാഹം കഴിച്ച വിദേശ വ്യാപാരികളുടെ മക്കളെ ‘അമ്മയുടെ മക്കൾ’ എന്ന നിലയിൽ വിളിച്ചിരുന്ന മാപ്പിള്ളയാണ് (mother’s son) മാപ്പിളയായിത്തീർന്നതെന്നും തങ്ങളുടെ പെണ്മക്കളെ വിവാഹം ചെയ്ത വിദേശികളെ പുതിയതായി വന്ന മരുമകൻ എന്ന അർത്ഥത്തിൽ വിളിച്ച മാപ്പിള (bridegroom)യിൽ നിന്നാണ് ഈ അഭിസംബോധനയുണ്ടായതെന്നുമെല്ലാം അഭിപ്രായപ്പെട്ടവരുണ്ട്. ഏതായിരുന്നാലും പശ്ചിമേഷ്യയിൽ നിന്ന് വന്ന ക്രിസ്ത്യൻ വ്യാപാരികളുടെയും പ്രാദേശിക ക്രൈസ്തവരുടെയും പിൻഗാമികൾ സുറിയാനി മാപ്പിള എന്നും അറബ് വ്യാപാരികളുടെയും പ്രാദേശിക മുസ്‌ലിംകളുടെയും പിൻഗാമികൾ ജോനക മാപ്പിള എന്നുമാണ് അറിയപ്പെട്ടത്. സുറിയാനി മതഭാഷയായി ഉപയോഗിക്കുന്ന ക്രിസ്ത്യാനികൾ സുറിയാനി മാപ്പിളമാരും അറബി മതഭാഷയായി ഉപയോഗിക്കുന്ന മുസ്‌ലിംകൾ ജോനക മാപ്പിളമാരുമായിത്തീർന്നുവെന്ന് കേരള മുസ്‌ലിംകളെക്കുറിച്ച് ഗവേഷണം നടത്തിയ അമേരിക്കൻ പ്രൊഫസർ സ്റ്റീഫൻ എഫ് ഡെയിൽ എഴുതുന്നുണ്ട്. (Stephen Frederic Dale: The Mappilas of Malabar, 1498-1922, Clarendon Press, 1980, Page 26). പുരാതന ഇന്ത്യയിൽ ഗ്രീക്കുകാരെയും റോമക്കാരെയും സൂചിപ്പിക്കാനുപയോഗിച്ച ‘യവന’ എന്ന വാക്ക് ലോപിച്ച ‘ജോനക’ ആയി മാറിയതായിരിക്കണം.

ഹിന്ദു രാജാക്കന്മാരുടെ ഭരണത്തിന് കീഴിൽ, കേരളത്തിന്റെ സാമ്പത്തികനട്ടെല്ലായി വർത്തിച്ചത് സുറിയാനി മാപ്പിളമാരും ജോനക മാപ്പിളമാരുമായിരുന്നു. ഹിന്ദു രാജാക്കന്മാരുടെ സംരക്ഷണയിൽ, നസ്രാണികളുടെ ഉൽപ്പാദന ശേഷിയും മുസ്‌ലിംകളുടെ ആഗോള വിപണന ശേഷിയും ചേർന്നപ്പോഴാണ് കേരളം മധ്യകാല ലോകത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായി മാറിയതെന്ന് കെഎം പണിക്കർ സമർത്ഥിക്കുന്നുണ്ട്. (K.M. Pankkar: Opt.Cit , Pages 22-25). തരിസാപ്പള്ളി ചെപ്പേട്, വീരരാഘവ പട്ടയം തുടങ്ങിയവയിൽ രേഖപ്പെടുത്തിയിട്ടുള്ള അധികാരങ്ങൾ സുറിയാനി മാപ്പിളമാർക്കും ജോനക മാപ്പിളമാർക്കുമുണ്ടായിരുന്നു. കാട് വെട്ടിത്തെളിച്ച് ഉൽപ്പാദിപ്പിക്കാനുള്ള കായികക്ഷമതയും ഭൂമിയുമായുള്ള ബന്ധവുമുണ്ടായിരുന്നതിനാൽ ഉൾനാടുകളിലെ കൃഷിയിൽ ശ്രദ്ധിച്ചിരുന്ന ക്രിസ്ത്യാനികളും അവർ ഉല്പാദിപ്പിക്കുന്ന കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ തുറമുഖങ്ങളിൽ എത്തിക്കാനും അവിടെനിന്ന് കപ്പലുകളിൽ കയറ്റി അറേബ്യയിലേക്കും ചൈനയിലേക്കും മറ്റും എത്തിക്കാനുള്ള നാവിക വൈദഗ്ധ്യമുണ്ടായിരുന്ന മുസ്‌ലിംകളും ചേർന്ന് രൂപീകരിച്ച ‘സാമ്പത്തിക സഖ്യ’ (economic alliance) മായിരുന്നു കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലെന്ന് എ ശ്രീധരമേനോൻ നിരീക്ഷിക്കുന്നുണ്ട് (A. Sreedhara Menon: A Survey of Kerala History) മുസ്‌ലിംകൾ നടത്തുന്ന വിദേശ വ്യാപാരത്തിലൂടെ ലഭിക്കുന്ന നികുതിയായിരുന്നു രാജാക്കന്മാരുടെ പ്രധാനപ്പെട്ട വരുമാനം എന്നതിനാൽ അവർ മുസ്‌ലിം വ്യാപാരികൾക്കും നസ്രാണി കർഷകർക്കും പ്രത്യേക അവകാശങ്ങൾ നൽകുകയും സംരക്ഷിക്കുകയും ചെയ്തു എന്ന് പറയുന്നതാവും ശരി.

ഹിന്ദു രാജാക്കന്മാരുടെ രാഷ്ട്രീയ മേൽക്കോയ്മയും, നസ്രാണികളുടെ ഉൽപ്പാദനക്ഷമതയും, മുസ്‌ലിംകളുടെ വിദേശ വ്യാപാര വൈദഗ്ധ്യവും ഒത്തുചേർന്ന ഒരു ‘ത്രികോണ ബന്ധമായിരുന്നു’ (triangular relationship) മധ്യകാല കേരളത്തിന്റെ ഐശ്വര്യത്തിന് കാരണമായതെന്നാണ് മദ്രാസ് സർവ്വ കലാശാല നരവംശശാസ്ത്രം തലവനായിരുന്ന എൽ എ കൃഷ്ണയ്യരുടെ നിരീക്ഷണം. (L.A. Krishna Iyer: Social History of Kerala, Madras, 1968, Pages 85 – 88). ഭൂമി കൈവശം വെച്ച രാജാവും നമ്പൂതിരിമാരും ഭൂവുടമകളായും (landlords) ഈ ഭൂമിയിൽ അധ്വാനിച്ച് കുരുമുളകും മറ്റും വിളയിച്ച നസ്രാണികർഷകർ ഉല്പാദകരായും (producers) പാടങ്ങളിലും പറമ്പുകളിലും കായികമായി അധ്വാനിച്ചിരുന്ന താഴ്ന്ന ജാതിയിൽപ്പെട്ട വലിയൊരു വിഭാഗം തൊഴിലാളികളായും (laborers) കൃഷിസ്ഥലങ്ങൾക്കും വ്യാപാര പാതകൾക്കും കാവൽ നിന്ന നായർ പടയാളികൾ സംരക്ഷകരായും (protectors) ഉൽപന്നങ്ങൾ വിദേശത്തെത്തിച്ചു നാടിന്റെ സാമ്പത്തിക നട്ടെല്ല് നിലനിർത്തിയ മുസ്‌ലിംകൾ കയറ്റുമതിക്കാരും കച്ചവടക്കാരുമായും (traders and exporters) രാജാവിന്റെ ഖജനാവ് നിറച്ച വ്യാപാരത്തിലൂടെ ലഭിക്കുന്ന നികുതി (ചുങ്കം) രാജ്യത്തിന്റെ സൈനികവും ഭരണപരവുമായ ചെലവുകൾക്ക് ഉപയോഗിക്കുക വഴി നാട്ടിലുള്ളവരെല്ലാം ഗുണഭോക്താക്കളാവുകയും (beneficiaries) ചെയ്യുന്ന ‘പരസ്പര പൂരകമായ നിർവ്വഹണപരമായ ഉദ്ഗ്രഥനം’ (functional integration) ആയിരുന്നു കേരളത്തിൽ പൊതുവെയും തിരുവിതാംകൂറിൽ പ്രത്യേകിച്ചും നിലനിന്നിരുന്നത്. എന്നാൽ നസ്രാണികൾ കുറവായിരുന്ന മലബാറിലെ കൃഷിഭൂമിയുടെ വലിയൊരു ഭാഗം നിയന്ത്രിച്ചിരുന്നത് നായർ തറവാടുകളായിരുന്നു. നമ്പൂതിരി ജന്മിമാരിൽ നിന്ന് ഭൂമി ‘കാണം’ (പാട്ടം) എടുത്ത് കൃഷി ചെയ്യിച്ചിരുന്നത് നായർ വിഭാഗമായിരുന്നു. മലബാറിലെ മുസ്‌ലിംകളാവട്ടെ, വിപൽ സാധ്യത ഏറെയുള്ള സമുദ്രവ്യാപാരം നടത്തുന്നതോടൊപ്പം തന്നെ കോഴിക്കോടിനെപ്പോലെയുള്ള വലിയ തുറമുഖ നഗരങ്ങളുടെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ രാജാവിനെ സഹായിക്കുന്ന ‘ധനകാര്യവിദഗ്ദർ’ (financiers) കൂടിയായിരുന്നുവെന്ന് ഡെയിൽ എഴുതുന്നുണ്ട്. (Stephen Frederic Dale: Opt. Cit. Page 24-28)

കുരിശുയുദ്ധങ്ങളിലെ പരാജയം സൃഷ്ടിച്ച നിരാശയും റിക്കോൺക്വിസ്റ്റയിൽ നിന്നുള്ള ഊർജ്ജവും തങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുന്ന പ്രെസ്റ്റർ ജോണിനെക്കുറിച്ച പ്രതീക്ഷയുമായി കേരളത്തിൽ കപ്പലിറങ്ങിയ പോർച്ചുഗീസ് അധിനിവേശകരും അവരോടൊപ്പമുണ്ടായിരുന്ന കത്തോലിക്കാ പുരോഹിതരുമാണ് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്ന സാമുദായിക സഹവർത്തിത്വം തകർക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ പ്രമുഖ ചരിത്രകാരന്മാരായ എം.ജി.എസ്. നാരായണൻ, എ. ശ്രീധരമേനോൻ, കെ.എം. പണിക്കർ, എൽ. എ. കൃഷ്ണയ്യർ, സ്റ്റീഫൻ എഫ് ഡെയിൽ എന്നവരെല്ലാം ഒരേ അഭിപ്രായക്കാരാണ്. ‘സാമുദായിക വിഭജന’ (communal division) ത്തെയും ‘മതപരമായ ഐക്യദാർഢ്യ’ (religious solidarity)ത്തെയും തങ്ങളുടെ വ്യാപാര താല്പര്യത്തിനും അധിനിവേശത്തിനും വേണ്ടി ആദ്യമായി ഉപയോഗിച്ചത് പോർച്ചുഗീസ് അധിവേശകരായിരുന്നുവെന്ന് ഡെയിൽ തെളിവുകളുദ്ധരിച്ച് സമർത്ഥിക്കുന്നുണ്ട്. അവരോടോപ്പമെത്തിയ കത്തോലിക്കാ പുരോഹിതന്മാർ ചോദിച്ചത് ‘ക്രിസ്ത്യാനികളായ നിങ്ങൾ എന്തിന് അവിശ്വാസികളായ മുസ്‌ലിംകളുമായി ചേർന്ന് കച്ചവടം ചെയ്യുന്നു?’വെന്നായിരുന്നു. ‘ക്രിസ്ത്യാനികളായ നിങ്ങളെ സഹായിക്കാനാണ് ഞങ്ങൾ വന്നത്, അതിനാൽ അവിശ്വാസികളായ മുസ്‌ലിംകളുമായുള്ള ബന്ധം ഉപേക്ഷിച്ച് ഞങ്ങളുമായി സഹകരിക്കണം’എന്ന അഭ്യർത്ഥനയിൽ നിന്നാരംഭിച്ച നസ്രാണികളുടെ ക്രിസ്തീയ സ്വത്വം ഒരു ആയുധമായി ഉപയോഗിച്ച് മുസ്‌ലിംകളെ തകർക്കാനുള്ള ശ്രമം അവസാനം ചെന്നെത്തിയത് ‘അവിശ്വാസികളായ മുസ്‌ലിംകളുമായോ ഹിന്ദുക്കളുമായോ ചേർന്ന് സാമൂഹികമായോ സാമ്പത്തികമായോ ഇടപഴകുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന 1599-ലെ ഉദയംപേരൂർ സൂനഹദോസിന്റെ കൽപ്പനകളിലാണ്. (Ibid, Page 51)

കേരളത്തിലെ ആദ്യത്തെ സാമുദായിക ധ്രുവീകരണത്തിന് കാരണമായത് പോർച്ചുഗീസ് അധിനിവേശകരുടെയും അവരോടൊപ്പം വന്ന കത്തോലിക്കാ പാതിരിമാരുടെയും ചെയ്തികളായിരുന്നുവെന്ന സ്റ്റീഫൻ എഫ് ഡെയിലിന്റെ നിരീക്ഷണം ശരിയാണെന്ന് ഉദയംപേരൂർ സൂനഹദോസിന്റെ കൽപ്പനകൾ പരിശോധിച്ചാൽ മനസ്സിലാകും. മുസ്‌ലിം വൈദ്യന്മാർ ചികിത്സയുടെ ഭാഗമായി ചില മന്ത്രങ്ങളോ പ്രാർത്ഥനകളോ നടത്തുന്നുണ്ടെന്നും, അത് നസ്രാണികളുടെ വിശ്വാസത്തിന് വിരുദ്ധമാണെന്നും ആരോപിച്ച് മുസ്‌ലിം വൈദ്യന്മാരെ സമീപിക്കുന്നത് പാപമായി പ്രഖ്യാപിച്ചത് (എട്ടാം അധ്യായം, പതിനൊന്നാം കൽപ്പന); അവിശ്വാസികളായ അധ്യാപകർ കുട്ടികളുടെ മനസ്സിൽ ഇതര മതവിശ്വാസങ്ങൾ കുത്തിവെക്കുമെന്ന് പറഞ്ഞ് മുസ്‌ലിം/ഹിന്ദു ആശാന്മാരുടെ കളരികളിലും പാഠശാലകളിലും നസ്രാണി കുട്ടികൾ പഠിക്കുന്നത് തടഞ്ഞത്; മുസ്‌ലിംകളോടൊപ്പം ഭക്ഷണം കഴിക്കുന്ന നസ്രാണികൾ ശുദ്ധീകരണ ചടങ്ങുകൾക്ക് വിധേയരാകണം എന്ന് നിർദ്ദേശിച്ചത് (ഒൻപതാം അധ്യായം, ഒന്നും രണ്ടും കൽപ്പനകൾ); അവിശ്വാസികളായ മുസ്‌ലിംകളുമായോ ഹിന്ദുക്കളുമായോ ഉള്ള അമിതമായ സൗഹൃദം വിശ്വാസത്തിന് ഹാനികരമാണെന്ന് പറഞ്ഞ് മുസ്‌ലിംകളുമായി ചേർന്ന് കച്ചവടം നടത്തുന്നത് തടഞ്ഞത്; നസ്രാണി പുരുഷന്മാർ മുസ്‌ലിം വ്യാപാരികളെപ്പോലെ ചില പ്രത്യേക രീതികളിൽ തലപ്പാവ് ധരിക്കുന്നത് നിരോധിച്ചത് (ഒൻപതാം അധ്യായം, പതിനഞ്ചാം കൽപ്പന); നസ്രാണികളായ ആശാരിമാരോ കല്ല് പണിക്കാരോ മുസ്‌ലിം പള്ളികളോ ഹിന്ദു ക്ഷേത്രങ്ങളോ പണിയാൻ പോകുന്നത് സഭയിൽ നിന്ന് പുറത്താക്കാൻ കാരണമാകുന്ന കുറ്റമായി പ്രഖ്യാപിക്കപ്പെട്ടത് (ഒൻപതാം അധ്യായം, അഞ്ചാം കൽപ്പന); ഇന്ത്യയിലെയും കേരളത്തിലെയും കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക സൂനഹദോസായ ഉദയംപേരൂർ സൂനഹദോസ് (Synod of Diamper) മലയാളികൾക്കിടയിൽ സാമുദായിക ധ്രുവീകരണത്തിന് അടിത്തറ പണിതത് ഈ കല്പനകളിലൂടെയായിരുന്നു (ഡോ. സ്കറിയ സക്കറിയ: ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ, ഇടമറ്റം ,1994 പേജ് 168-217)

ഈ കാനോനകൾ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ പോർച്ചുഗീസ് അധിനിവേശകന്മാർ ക്രിസ്ത്യൻ-മുസ്‌ലിം വിഭജനമുണ്ടാക്കി മുസ്‌ലിംകളെ സാമ്പത്തികമായി തകർക്കാനും അവരുടെ അധീശത്വമുറപ്പിക്കുവാനും വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. നസ്രാണികൾ ഉൽപ്പാദിപ്പിക്കുന്ന കുരുമുളക് മുസ്‌ലിം വ്യാപാരികൾക്ക് നൽകുന്നത് കർശനമായി തടഞ്ഞുകൊണ്ടുള്ള സാമ്പത്തിക ഉപരോധമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. മുസ്‌ലിം ഇടനിലക്കാരെ ഒഴിവാക്കി കുരുമുളക് നേരിട്ട് പോർച്ചുഗീസ് ഫാക്ടറികളിൽ എത്തിക്കാൻ നസ്രാണികളെ അവർ നിർബന്ധിച്ചു. ഉൾനാടൻ ജലപാതകളിലൂടെ മുസ്‌ലിം വ്യാപാരികൾക്ക് ചരക്ക് എത്തിക്കുന്നത് തടയാൻ പോർച്ചുഗീസുകാർ കാവൽ ഏർപ്പെടുത്തിയത് വഴി നസ്രാണികളും മുസ്‌ലിംകളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള സാമ്പത്തിക വിനിമയം തകർക്കപ്പെട്ടു. മുസ്‌ലിംകളോടൊപ്പമോ അവരുടെ വീട്ടിൽ നിന്നോ ഭക്ഷണം കഴിക്കുന്നത് വിലക്കുക വഴി രണ്ട് സമുദായങ്ങൾക്കിടയിലുണ്ടായിരുന്ന സാമൂഹിക ഐക്യത്തിന് വിള്ളലുണ്ടാക്കി. മുസ്‌ലിംകളെ ‘അവിശ്വാസികൾ’ എന്ന് മുദ്രകുത്തി അവരുമായുള്ള സാമൂഹിക സമ്പർക്കം പാപമാണെന്നുള്ള പാതിരിമാരുടെ പ്രചാരണം ഈ വിള്ളൽ ഗുരുതരമാക്കി. നസ്രാണികൾ തങ്ങളുടെ കൃഷിസ്ഥലങ്ങളിൽ മുസ്‌ലിം തൊഴിലാളികളെ നിയമിക്കുന്നതിനോ, മുസ്‌ലിം വ്യാപാരികളിൽ നിന്ന് മുൻകൂർ പണം (വാങ്ങുന്നതിനോ പോർച്ചുഗീസുകാർ തടസ്സങ്ങൾ സൃഷ്ടിച്ചു. മുസ്‌ലിം വ്യാപാരികൾ കൃഷിക്കാർക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കി നസ്രാണികളെ പോർച്ചുഗീസ് സാമ്പത്തിക വ്യവസ്ഥയുടെ ആശ്രിതരാക്കി മാറ്റാൻ ശ്രമിച്ചു. പോർച്ചുഗീസ് അധിനിവേശകരുടെ വർഗ്ഗീയ വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ഊർജ്ജം നൽകുകയെന്ന ദൗത്യം മാത്രമാണ് ഉദയംപേരൂർ സൂനഹദോസ് ചെയ്തത്. (Stephen Frederic Dale: Opt. Cit. Page 51, 52)

കേരളത്തിലെ നസ്രാണികളെ സുറിയാനി പാരമ്പര്യത്തിൽ നിന്നും പേർഷ്യൻ സഭയുടെ സ്വാധീനത്തിൽ നിന്നും മാറ്റി റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പോർച്ചുഗീസ് ആർച്ചുബിഷപ്പ് അലെക്സിസ് ഡി മെനസിസിന്റെ നേതൃത്വത്തിൽ നടന്ന ഉദയംപേരൂർ സൂനഹദോസ് തൊട്ടുകൂടായ്മ, ബാലവിവാഹം, ബഹുഭാര്യാത്വം, അടിമത്തം, അമിത പലിശ എന്നിവ നിരോധിക്കുകയും മലയാളം ആരാധനക്ക് ഉപയോഗിക്കാൻ അനുവദിക്കുകയും പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പുരോഗമനപരമായ കാൽവെപ്പായിരുന്നുവെന്ന് സ്ഥാപിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം നസ്രാണികളെ സ്നേഹിക്കുകയായിരുന്നില്ല, പ്രത്യുത അവരെ റോമൻ സഭയുടെയും പോർച്ചുഗീസ് കിരീടത്തിന്റെയും വിശ്വസ്തരായ പ്രജകളാക്കി മാറ്റുക എന്നതായിരുന്നുവെന്ന് ഡോ. സ്കറിയ സക്കറിയ തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ (‘സാംസ്കാരിക അധിനിവേശം’) വ്യക്തമാക്കുന്നുണ്ട് (ഡോ. സ്കറിയ സക്കറിയ:, Opt. Cit. പേജ് 28 – 35).

തങ്ങളെ സഹായിക്കാനെന്ന വ്യാജേന പോർച്ചുഗീസുകാർ ചെയ്ത വ്യാപാരനടപടികൾ യഥാർത്ഥത്തിൽ ഒരു യൂറോപ്യൻ കെണിയായിരുന്നുവെന്ന് ക്രിസ്ത്യാനികൾ മനസ്സിലാക്കിയപ്പോഴേക്ക് അവർക്ക് പോലും നിയന്ത്രിക്കുവാൻ കഴിയാത്ത വിധം പോർച്ചുഗീസ് അധിനിവേശത്തിന്റെ ദൃംഷ്ടങ്ങൾ കേരളത്തെ വരിഞ്ഞുമുറുക്കിയിരുന്നുവെന്ന് കെഎം പണിക്കരും സ്റ്റീഫൻ ഡെയിലും സമർത്ഥിക്കുന്നുണ്ട്. (K.M. Panikkar,, Page 185; Dale, Page 51). സത്യസന്ധവും ഇസ്‌ലാമികവുമായി വ്യാപാരം നടത്തിയിരുന്ന മുസ്‌ലിംകളെ തകർക്കുകയും വിപണി പോർച്ചുഗീസ് കുത്തകയായി (monopoly) മാറുകയും ചെയ്തതോടെ യൂറോപ്യൻ അവരുടെ തനിനിറം കാണിക്കാൻ തുടങ്ങിയെന്ന് പറയുന്നതാവും ശരി.
മുസ്‌ലിംകൾ നിലനിർത്തിയിരുന്നത് സ്വതന്ത്ര വിപണിയിയായിരുന്നു; അവിടെ മികച്ച വില ലഭിച്ചിരുന്നവയായിരുന്നു നസ്രാണികളുടെ ഉൽപന്നങ്ങൾ. അവയെ പോർച്ചുഗീസുകാരുടെ കുത്തകവിപണിയിൽ അവർ നിശ്ചയിച്ച വിലക്ക് വിൽക്കുവാൻ നസ്രാണികൾ നിർബന്ധിതരായി. നസ്രാണികളെക്കൊണ്ട് മുസ്‌ലിംകൾ നൽകിയിരുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് കുരുമുളക് നൽകുമെന്ന് അവർ കരാർ ഒപ്പിടുവിച്ചു. ഇഷ്ടമുള്ളവർക്ക് ചരക്ക് വിൽക്കാനുള്ള നസ്രാണികളുടെ സ്വാതന്ത്ര്യം അവർ നിയമം വഴി തടഞ്ഞു.

തങ്ങളുടെ ഉൽപ്പന്നങ്ങൾ പോർച്ചുഗീസ് ഫാക്ടറികളിൽ എത്തിക്കാൻ നസ്രാണികൾ നിർബന്ധിക്കപ്പെട്ടു. വിലയായി പണത്തിന് പകരം വിലകുറഞ്ഞ യൂറോപ്യൻ തുണികളും മറ്റും നൽകി നസ്രാണികളെ കബളിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴുമുണ്ടായത്. നസ്രാണികൾക്ക് കൃഷി ആവശ്യങ്ങൾക്കായി മുൻകൂർ പണം നൽകുന്ന പതിവ് മുസ്‌ലിം വ്യാപാരികൾക്കുണ്ടായിരുന്നു; അത് പോർച്ചുഗീസുകാർ നിർത്തലാക്കിയത് കൃഷിക്കാരെ വലിയ കടക്കെണിയിലാക്കി. മുസ്‌ലിംകളെ വ്യാപാരത്തിൽ നിന്ന് മാറ്റിനിർത്തിയത് കേരളത്തിന്റെ ആഭ്യന്തര വിപണിയെ തകർത്തു. ഉൾനാടൻ ചന്തകളിൽ നിന്ന് തീരദേശത്തേക്ക് സാധനങ്ങൾ എത്തിച്ചിരുന്ന മുസ്‌ലിം വ്യാപാരികൾ ഇല്ലാതായതോടെ നസ്രാണികളുടെ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി. പോർച്ചുഗീസുകാർ നസ്രാണികളോട് കാണിച്ചത് ‘മതപരമായ സ്നേഹമല്ല’, മറിച്ച് ‘സാമ്പത്തികമായ തന്ത്രമായിരുന്നു’ വെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നസ്രാണി-മുസ്‌ലിം സാമ്പത്തിക സഖ്യം തകരുകയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വിദേശികളുടെ കയ്യിലാവുകയും ചെയ്തിരുന്നുവെന്നാണ് പണിക്കരും ഡെയിലും സമർത്ഥിക്കുന്നത്.

തങ്ങളെ പാരമ്പര്യത്തിൽ നിന്നകറ്റുകയും സാമ്പത്തികമായി തകർക്കുകയുമാണ് പോർച്ചുഗീസുകാർ ചെയ്യുന്നതെന്ന് അനുഭവിച്ചറിയുകയും ഉദയംപേരൂർ സൂനഹദോസ് കൂടി കഴിഞ്ഞതോടെ അത് പൂർണ്ണമായി ബോധ്യപ്പെടുകയും ചെയ്ത കേരളത്തിലെ നസ്രാണികൾ പോർച്ചുഗീസ് ആധിപത്യത്തിനും ലത്തീൻവൽക്കരണത്തിനും എതിരെ നടത്തിയ സമരമായിരുന്നു 1653-ൽ നടന്ന കൂനൻ കുരിശ് സത്യം.
പൗരസ്ത്യ സുറിയാനി ആരാധനാക്രമം ‘മതവിരുദ്ധമാണെന്ന്’ ആരോപിച്ച് അത് ലത്തീൻ രീതിയിലേക്ക് മാറ്റാൻ ശ്രമിച്ചതും ഉദയംപേരൂരിൽ വെച്ച് ഭീഷണിപ്പെടുത്തി തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കുമെന്ന് ഒപ്പിടുവിച്ചതും മുസ്‌ലിംകളുമായുള്ള കച്ചവടം നിരോധിച്ചതും, പാരമ്പര്യ ആചാരങ്ങൾ മാറ്റിയതുമെല്ലാം വഴി സാമ്പത്തികമായും സാമൂഹികമായും തളർന്ന നസ്രാണികൾക്കുള്ളിൽ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധം പൊട്ടിത്തെറിക്കാൻ കാരണമായത് ‘അഹത്തല്ലാഹ്’ എന്ന മെത്രാനെ പോർച്ചുഗീസുകാർ തടവിലാക്കി കൊലപ്പെടുത്തിയെന്ന വാർത്ത പരന്നതാണ്.

തങ്ങളെ നയിക്കാൻ ഒരു മെത്രാനെ അയച്ചുതരണമെന്ന് പൗരസ്ത്യ സഭകളോട് ആവശ്യപ്പെട്ട കേരളത്തിലെ നസ്രാണികൾളുടെ അപേക്ഷ സ്വീകരിച്ചാണ് 1652-ൽ അവരെ സഹായിക്കാൻ അഹത്തല്ലാഹ് പേർഷ്യയിൽ നിന്നെത്തിയത്. പേർഷ്യൻ മെത്രാന്റെ ആഗമനം തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ മയിലാപ്പൂരിൽ വെച്ച് അദ്ദേഹത്തെ പിടികൂടി. തങ്ങൾ ക്ഷണിച്ചുവരുത്തിയ മെത്രാനെ ഗോവയിലേക്ക് കൊണ്ടുപോകാനായി കൊച്ചി തുറമുഖത്ത് കപ്പലിൽ എത്തിച്ചിട്ടുണ്ടെന്ന വാർത്ത അറിഞ്ഞ ആയിരക്കണക്കിന് നസ്രാണികൾ കൊച്ചിയിൽ ഒരുമിച്ചുകൂടി. അർക്കദിയാക്കോൻ തോമസിന്റെ നേതൃത്വത്തിലെത്തിയ അവർ തങ്ങളുടെ മെത്രാനെ വിട്ടയയ്ക്കണമെന്നും കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പോർച്ചുഗീസുകാർ കപ്പൽ തുറമുഖത്ത് അടുപ്പിച്ചില്ല; പകരം അഹത്തല്ലാഹ് കപ്പലിൽ വെച്ച് കൊല്ലപ്പെട്ടുവെന്നും കടലിൽ കെട്ടിത്താഴ്ത്തിയെന്നുമുള്ള വാർത്തകൾ ബോധപൂർവ്വം പരത്തിക്കൊണ്ട് നസ്രാണികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ അദ്ദേഹത്തെ ഗോവയിൽ കൊണ്ടുപോവുകയും അവിടെ വെച്ച് ഇൻക്വിസിഷൻ കോടതി വിചാരണ ചെയ്ത് പാഷണ്ഡനെന്ന് മുദ്രകുത്തി ദഹിപ്പിക്കുകയുമാണ് ചെയ്തത്.

തങ്ങളെ സാമൂഹികമായും സാമ്പത്തികമായും തകർക്കുകയുമാണ് പോർച്ചുഗീസുകാർ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പതിനായിരക്കണക്കിന് നസ്രാണികൾ മട്ടാഞ്ചേരിയിലെ പള്ളിക്കു മുന്നിൽ 1653 ജനുവരി 3 ന് ഒരുമിച്ചുകൂട്ടി കുരിശിൽ തൊട്ട് ചെയ്ത പ്രതിജ്ഞയാണ് ‘കൂനൻ കുരിശ് സത്യം’ എന്നറിയപ്പെടുന്നത് . പോർച്ചുഗീസ് ജെസ്യൂട്ട് മെത്രാന്മാരെ ഇനി ഒരിക്കലും അംഗീകരിക്കില്ലെന്നും അവർക്ക് കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രതിജ്ഞ. കുരിശിൽ കെട്ടിയ കയറിൽ പിടിച്ച് എല്ലാവരും ഒരേസമയം സത്യം ചെയ്തപ്പോൾ ആ കൽക്കുരിശ് അല്പം ചരിഞ്ഞു പോയതിനാലാണ് ഇതിന് ‘കൂനൻ കുരിശ് സത്യം’ എന്ന് പേരു വന്നതെന്നാണ് പറയപ്പെടുന്നത്. (Michael Geddes:The History of the Church of Malabar, From the Time of Its Being First Discover’d by the Portuguezes in the Year 1501, London, 1694, Pages 100-112)

കൂനൻ കുരിശ് സത്യത്തിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ്, 1653 മെയ് 22 ന് നസ്രാണികൾ ആലങ്ങാട് പള്ളിയിൽ വലിയൊരു യോഗം ചേർന്ന് തന്റെ അഭാവത്തിൽ 12 പുരോഹിതന്മാർ ചേർന്ന് ഒരാളെ മെത്രാനായി വാഴിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് പോർച്ചുഗീസ് തടവിൽ നിന്ന് അഹത്തല്ലാഹ് തങ്ങൾക്ക് അയച്ച കത്തുകൾ വായിക്കുകയും നസ്രാണികളുടെ നേതാവായിരുന്ന അർക്കദിയാക്കോൻ തോമസിനെ അവർ തങ്ങളുടെ മെത്രാനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് മുതലാണ് കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ സഭാഭിന്നതകൾ ആരംഭിക്കുന്നത്. വിദേശ മെത്രാന്മാരുടെ സഹായമില്ലാതെ അധികാരമേറ്റ ആദ്യത്തെ ഈ സ്വദേശി മെത്രാൻ അറിയപ്പെട്ടത് മാർത്തോമാ ഒന്നാമൻ എന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണം സഭയെ രണ്ടായി വിഭജിച്ചു. പുതിയ മെത്രാനെ അനുഗമിച്ച് സ്വതന്ത്രമായി നിന്നവർ പുത്തൻകൂറ്റുകാർ എന്നും ലത്തീൻ മിഷനറിമാരുടെ സ്വാധീനത്താൽ റോമൻ സഭയിലേക്ക് മടങ്ങിയവർ പഴയകൂറ്റുകാർ എന്നും അറിയപ്പെട്ടു. 1665-ൽ അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ മെത്രാനായ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കേരളത്തിലെത്തുകയും മാർത്തോമ്മാ ഒന്നാമന്റെ മെത്രാൻ സ്ഥാനത്തെ അംഗീകരിച്ച് സഭാ നിയമപ്രകാരം ക്രമപ്പെടുത്തുകയും ചെയ്തതോടെ നസ്രാണികളുടെ അന്ത്യോക്യൻ സഭയുമായുള്ള ബന്ധം ഔദ്യോഗികമായിത്തീർന്നു. അദ്ദേഹത്തിന്റെ വരവോടെ പുത്തൻകൂറ്റുകാരുടെ ആരാധനാക്രമത്തിൽ വലിയ മാറ്റങ്ങൾ വന്നു. അതുവരെ ഉപയോഗിച്ചിരുന്ന പൗരസ്ത്യ സുറിയാനി (East Syrian/Chaldean) രീതിക്ക് പകരം പാശ്ചാത്യ സുറിയാനി (West Syrian/Antiochian) രീതിയിലുള്ള ‘മാറായക്കോബ്’ (Liturgy of St. James) ആരാധനാക്രമം പ്രചാരത്തിലായി. ഇവർ ഭിന്നിച്ചാണ് പിന്നീട് ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ സഭകളുണ്ടായത്. (കെസി വർഗീസ്: ക്രിസ്തുമതം ചരിത്രവും ദർശനവും, തിരുവനന്തപുരം, 2019, പേജ് 408- 415)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.