പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി 1969 ജൂണ്‍ 16ന് രൂപീകരിക്കപ്പെട്ടതാണ് മലപ്പുറം ജില്ല; കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള, സംസ്ഥാനത്തെ പ്രധാന നാല് നദികളായ ചാലിയാര്‍, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ എന്നീ പ്രധാനപ്പെട്ട നാല് നദികൾ ഒഴുകുന്ന, പേര് അന്വർത്ഥമാക്കുന്ന രീതിയിൽ മലകൾ നിറഞ്ഞ പ്രദേശം. എഴുപത് ശതമാനം മുസ്‌ലിംകളും ഇരുപത്തിയെട്ട് ശതമാനം ഹിന്ദുക്കളും രണ്ട് ശതമാനം ക്രിസ്ത്യാനികളും സൗഹൃദത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന സ്ഥലം; 94 ഗ്രാമ പഞ്ചായത്തുകളിലും 12 മുൻസിപ്പാലിറ്റികളിലുമായി കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണിത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും ചേര്‍ന്ന 1967ലെ സപ്തകക്ഷി സര്‍ക്കാർ മലപ്പുറം ജില്ല പ്രഖ്യാപിച്ചതുമുതൽ ജില്ലയോടുള്ള വിരോധം കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും കേട്ടുകൊണ്ടേയിരുന്നിട്ടുണ്ട്. മലപ്പുറം ജില്ലാ വിരുദ്ധ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാന്ധിയനായ കെ കേളപ്പന്‍ 1969 ജൂണിൽ നടത്തിയ പ്രസംഗത്തിൽ മുതൽ മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്ന് പരിഹസിച്ചുകൊണ്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 2025 ഏപ്രിലിൽ നടത്തിയ പ്രഭാഷണത്തിൽ വരെയുള്ള പരാമർശങ്ങൾ വ്യക്തമാക്കുന്നത് തലമുറകൾ കഴിഞ്ഞിട്ടും ഈ വിരോധം പച്ചയായി നിലനിൽക്കുന്നുവെന്നാണ്.
ജില്ലാ രൂപീകരണകാലത്ത് മലപ്പുറം ജില്ലാ വിരുദ്ധ സമിതി ചെയര്‍മാന്‍ കെ കേളപ്പനും ജനസംഘം ജനറല്‍ സെക്രട്ടറി പി പരമേശ്വരനും കൺവീനർ ഒ. രാജഗോപാലനുമെല്ലാം പറഞ്ഞുണ്ടാക്കിയ ജില്ലയിൽ നീണ്ടുകിടക്കുന്ന കടൽക്കരയിലൂടെ പാക്കിസ്ഥാനിൽ നിന്ന് ചാരന്മാരെത്തുമെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും മുസ്ലീംജന്മിമാർ ഹരിജനങ്ങളുടെ ഭൂമി കയ്യേറുന്നതിന് ജില്ലാരൂപീകരണം നിമിത്തമാകുമെന്നും അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന പൊന്നാനിയിലെ ഇസ്ലാമിക സംഘടനയുടെ പ്രവർത്തനം വ്യാപകമായി അമുസ്‌ലിംകൾക്ക് ജീവിക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്നും ഒരു കുട്ടിപ്പാക്കിസ്ഥാൻ പിറക്കുമെന്നുമെല്ലാമുള്ള ഭീഷണികളിൽ ഒന്നുപോലും യാഥാർഥ്യമല്ലെന്നതിന് അര നൂറ്റാണ്ടായുള്ള ജില്ലാചരിത്രം സാക്ഷിയാണ്. എന്നാൽ ജില്ലാവിരോധത്തിന്റെ തീവ്രത കുറയ്ക്കാൻ ഈ സാക്ഷ്യത്തിനൊന്നും കഴിഞ്ഞിട്ടില്ലെന്നതിനുള്ള തെളിവാണ് വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന. (മലപ്പുറം ജില്ലാ വിരുദ്ധ സമിതി നേതാക്കളുടെ പ്രസ്താവനകൾ 1969 ജൂൺ 4, 6 തീയതികളിലെ മാതൃഭൂമിയിൽ നിന്നും ജൂൺ 7 ലെ ചന്ദ്രികയിൽ നിന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവന 2025 ഏപ്രിൽ 5 ലെ മാതൃഭൂമിയിൽ നിന്നുമെടുത്തവയാണ്.)
വളരെ വലിയ പാലക്കാട്, കോഴിക്കോട് ജില്ലകൾക്കിടയിൽ ഒരു ജില്ല കൂടി സ്ഥാപിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാർ സേവനം ലഭിക്കുന്ന സ്ഥിതിയുണ്ടാക്കുകയും വേണമെന്നുള്ള 1960 ൽ പാങ്ങിൽ കുറുവ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാപ്പുട്ടി മുന്നോട്ടു വെച്ച ആശയം അന്നത്തെ മങ്കട എം.എൽ.എ. അഡ്വ. പി. അബ്ദുൽ മജീദ് നിയമസഭയിൽ ഉന്നയിക്കുമ്പോൾ നാടിന്റെ വികസനമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും അതിന്നു പിന്നിലുണ്ടായിരുന്നില്ലെന്നാണ് അവരുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാവുന്നത്. ജില്ലക്ക് വേണ്ടി നിർദ്ദേശിക്കപ്പെട്ട ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ ഭൂരിപക്ഷവും മുസ്‌ലിംകളാണെന്ന കാരണം മാത്രമായിരുന്നു മലപ്പുറം ജില്ലയ്‌ക്കെതിരെ നിലനിൽക്കാൻ പ്രമുഖരായ ഗാന്ധിയരടക്കമുള്ളവരെ പ്രേരിപ്പിച്ചത്. കാട്ടുപന്നിയെ കൊല്ലാന്‍ വെച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് പാലക്കാട് ജില്ലയിലെ സൈലന്റ്‌വാലിക്ക് സമീപം തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗര്‍ഭിണിയായ ഒരു ആന ചരിഞ്ഞപ്പോൾ അത് മലപ്പുറത്താണെന്ന് വരുത്തി ജില്ലയെ അപകീർത്തിപ്പെടുത്താൻ ദേശീയമാധ്യമങ്ങളും നേതാക്കളും കാണിച്ച ആവേശത്തിന്റെ പിന്നിലും ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിംകളാണെന്ന കാരണമില്ലാതെ മറ്റൊന്നുമല്ല. ‘മലപ്പുറം ജില്ലക്കാര്‍ അക്രമണോത്സുകരാണെന്നും അവര്‍ വിഷം കൊടുത്ത് നൂറുകണക്കിനു മൃഗങ്ങളെയും പക്ഷികളെയും കൊന്നൊടുക്കിയിട്ടുണ്ടെന്നു’മുള്ള ആനയെ കൊന്ന വാർത്ത വന്നയുടനെയുള്ള മേനകാ ഗാന്ധിയുടെയും (“Maneka Gandhi tears into Kerala government over elephant’s death, says no action taken despite frequent incidents” The Time of India Jun 3, 2020, https://timesofindia.indiatimes.com/) ‘പടക്കം തീറ്റിക്കല്‍ ഭാരതീയ സംസ്‌കാരമല്ലെന്നും മലപ്പുറത്ത് ആനയെ കൊന്ന സംഭവം സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുമെന്നുമുള്ള കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെയും (“Not in Indian culture to feed firecrackers and kill: Prakash Javadekar on elephant’s death in Kerala”, June 4, 2020, https://indianexpress.com) പ്രസ്താവനകളിൽ നിന്ന് ജില്ലാരൂപീകരണത്തിന് ശേഷം പതിറ്റാണ്ടുകൾ നിരവധി കഴിഞ്ഞിട്ടും കെടാതെ നിൽക്കുന്ന മുസ്‌ലിംകൾ ഭൂരിപക്ഷമായ ജില്ലയോടുള്ള വിരോധമാന് വായിച്ചെടുക്കാൻ കഴിയുന്നത്.
കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമന കാലം മുതൽ നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സഹവർത്തിത്വത്തിന്റെ മഹിതമായ ആദ്യകാലമാതൃകളിലെവിടെയും പരസ്പരമുള്ള വെറുപ്പും വിദ്വേഷവും മലയാളനാട്ടിലെവിടെയും കാണുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നില്ല. മുസ്‌ലിംകൾ നടത്തിയ സമുദ്രവാണിജ്യം വഴി വ്യത്യസ്ത നാടുകളിലെയും വ്യത്യസ്ത മതങ്ങളിലുള്ളവരും കൂടിചേരുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെ ഉദയമാണ് മലബാറിലുണ്ടായത്. പരസ്പരം കൊണ്ടും കൊടുത്തും കൊണ്ട് ആദ്യ കാല മുസ്‌ലിംകളും ഹൈന്ദവരും തമ്മിലുണ്ടായ സഹവര്‍ത്തിത്തത്തെ ഡോ. എം ജി എസ് നാരായണന്‍ പരിചയപ്പെടുത്തുന്നത് ‘പരസ്പരാശ്രിത സാമൂഹികത’ എന്നാണ്. (ഡൊ. എം. ജി. എസ്. നാരായണന്‍: ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍, കോഴിക്കോട്, 2011, പുറം 137). കച്ചവടക്കാരായ മുസ്‌ലിംകൾക്ക് കടൽയാത്രക്ക് കപ്പലുകള്‍ വേണം; ഹിന്ദുക്കളായ ആശാരിമാർ അതവർക്ക് നിര്‍മ്മിച്ചു നല്‍കി; മരത്തിൽ അധ്വാനിച്ച് പണിയെടുക്കുന്നവർക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പ് മുസ്‌ലിംവ്യാപാരികൾ നല്ല കൂലി കൊടുത്തു; കപ്പലിനോടൊപ്പം തന്നെ തങ്ങൾക്ക് ആരാധിക്കുവാനുള്ള ഇടങ്ങളും ആശാരിമാരെക്കൊണ്ട് വ്യാപാരികൾ നിർമ്മിപ്പിച്ചു; അതിനാൽ ഹിന്ദുക്കളുടെ അമ്പലങ്ങളും മുസ്‌ലിം പള്ളികളും ഒരേ ആകൃതിയിലുള്ളവയായി; തങ്ങളുടെ ഉത്പന്നങ്ങൾക്ക് നല്ല വില നൽകി വാങ്ങുന്ന മുസ്‌ലിംവ്യാപാരികളോട് കൃഷിക്കാർക്ക് താല്പര്യമായി; മലബാറിലെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിച്ച് തങ്ങളുടെ നാട്ടുരാജ്യങ്ങൾക്ക് വരുമാനമുണ്ടാക്കുന്നവരെ ഭരണാധികാരികളും ഇഷ്ടപ്പെട്ടു; മുസ്‌ലിംകളുടെ ജീവിതരീതിയും ആദർശവും കണ്ട് ഇസ്ലാമിലേക്ക് ആകർഷിച്ചവരെ നാട്ടുരാജാക്കളും പ്രോത്സാഹിപ്പിച്ചു; മുക്കുവകുടുംബങ്ങളിലുള്ള ഒരാളെയെങ്കിലും മുസ്‌ലിമായി വളർത്തണമെന്ന് കല്പന പുറപ്പെടുവിക്കുന്ന ഹിന്ദുരാജാക്കന്മാരുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. സാമൂതിരിമാരുടെയും കോനാതിരിമാരുടെയുമെല്ലാം വിശ്വസ്തരായ പ്രജകളും സഹായികളുമായി വളർന്ന മുസ്‌ലിംകളുമായി അവർ നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് കേരളത്തിന് ഹിന്ദു-മുസ്‌ലിം സഹവർത്തിത്വത്തിന്റെ മഹിതമായ ആദ്യകാലമാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത്.
വെറുപ്പും വിദ്വേഷവുമില്ലാതെ വളർന്നുവന്ന ഈ ‘പരസ്പരാശ്രിത സാമൂഹികത’യെ തകർക്കുകയും കേരളത്തിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകുകയും ചെയ്തത് അധിനിവേശകരായി ഇവിടെയെത്തിയ യൂറോപ്യരായിരുന്നുവെന്ന് നിലമേൽ എൻഎസ്എസ് കോളേജ് ചരിത്രവിഭാഗം പ്രൊഫസ്സർ എസ്. അജയ കുമാർ തെളിവുകൾ നിരത്തി സമർത്ഥിക്കുന്നുണ്ട്.(Ajayakumar S: “Religious Harmony in Early Medieval Kerala – A Historical Review, IJRAR June 2018, Volume 5, Issue 2, www.ijraar.org) തങ്ങളുടെ കച്ചവടതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് കേരളീയമായ സൗഹൃദാന്തരീക്ഷം തകർക്കാൻ യൂറോപ്യർ ശ്രമിച്ചതെന്ന ചരിത്രകാരന്മാരുടെ വിശകലനം ശരിയാണെങ്കിലും അതോടൊപ്പം കൂട്ടിച്ചേക്കേണ്ട ചില വസ്തുതകൾ കൂടിയുണ്ട്. അവരുടെ അധിനിവേശ താല്പര്യത്തിന്റെയും മുസ്‌ലിംവിരോധത്തിന്റെയും പ്രത്യയശാസ്ത്രപരിസരം കൂടി കൂട്ടിച്ചേർക്കുമ്പോൾ മാത്രമേ ആ വിശകലനം പൂർണ്ണമാവൂ. അതുകൂടി പരിഗണിച്ചുകൊണ്ട് അവർ വിത്തിട്ടുപോയ വെറുപ്പിനെ അപഗ്രഥിക്കുമ്പോഴാണ് യൂറോപ്യരുടെ ‘ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക’യെന്ന നയത്തിന്റെ ആത്മാവെന്തെന്ന് മനസ്സിലാക്കാൻ കഴിയുക. ഈ നയമാണ് അന്നും ഇന്നും എന്നുമുള്ള യൂറോപ്യൻ ലോകവീക്ഷണത്തിന്റെയും വ്യാപാരതന്ത്രങ്ങളുടെയും രാഷ്ട്രീയവ്യവഹാരങ്ങളുടെയുമെല്ലാം നട്ടെല്ല്. അന്താരാഷ്ട്രസമൂഹം നേരിടുന്ന ഇസ്‌ലാമോഫോബിയയും പ്രാദേശികതലത്തിൽ നാം അനുഭവിക്കുന്ന മലപ്പുറംവിരോധവുമെല്ലാം ഒരേ പ്രത്യയശാസ്ത്രത്തിൽ നിന്നുണ്ടാവുന്നവയാണ്; യൂറോപ്പിന്റെ ഇസ്‌ലാംവിരോധമെന്ന പ്രത്യയശാസ്ത്രം.

Alhamdulillah
السلام عليكم ورحمه الله وبركاته
Dear Akbarka
Good job
Insha Allah – May Allah accept your effort,
Barakallahu feekum
Barakallahu feekum Akbar sahib.
‘Think differently and write differently and guide the Ummah differently’
This is your path 🤲