മരണം കഥ പറയുമ്പോൾ

//മരണം കഥ പറയുമ്പോൾ
//മരണം കഥ പറയുമ്പോൾ
ആനുകാലികം

മരണം കഥ പറയുമ്പോൾ

Print Now
നിങ്ങളുടെ ഓർമകൾ എന്നെ തഴുകുന്നുണ്ടോ എന്നറിയില്ല. നിങ്ങൾ എന്നെ ഓർക്കുന്നില്ലെങ്കിലും അരികിലായി ഞാൻ ഉണ്ട് എന്ന് നിങ്ങൾ മറന്നു കളയുന്നു. ഇനിയും കാലമുണ്ടെടോ. ഇനിയും സമയമുണ്ട് ട്ടോ.. എന്ന് ചിന്തകളും സ്വപ്നങ്ങളും നിങ്ങളെ പറഞ്ഞ് പറ്റിച്ചിരിക്കുകയാണ്.

ഹറാമിലേക്ക് നോക്കിയ കണ്ണുകളെ റബ്ബ് അന്ധമാക്കിയില്ല. ഹറാമുകൾ കേട്ടിരുന്നപ്പോൾ നിന്നേ ബധിരനാക്കിയില്ല. ഹറാമുകൾ ചിന്തിച്ചപ്പോൾ ഭ്രാന്തനാക്കിയില്ല. പകരം നിന്നേ തേടി ഞാൻ വരുന്നത് വരെ തൗബയുടെ വാതായനങ്ങൾ നിങ്ങൾക്കു മുന്നിൽ തുറന്നിട്ടുതന്നു. എന്തേ സമയം കിട്ടിയില്ല. എന്തെ അതിനുമാത്രം നിങ്ങളുടെ കരങ്ങൾ ഉയർത്തിയില്ല.

ഓർമപ്പെടുത്തലുകൾ ഏറെ തന്നിട്ടും മനുഷ്യാ നീ എന്നേക്കാൾ മറന്നതായ മറ്റൊന്നും ഇല്ല. നിലാവ് ഒരിക്കലും നിദ്രക്ക് വാക്കുകൊടുത്തിട്ടില്ല. രാവ് പകലിനും വാക്കുകൊടുത്തിട്ടില്ല. ഉരുണ്ടുകൂടിയ മഴമേഘങ്ങൾ ഉറപ്പുനൽകാറില്ല പിന്നെ എങ്ങനെയാണ് നീ മാത്രം പലതിനും ഉറപ്പു നൽകുന്നത്. ശ്വസിച്ചുതീർക്കുന്ന ഈ ഇടവേളക്കുവേണ്ടി സമ്പാദിക്കുമ്പോൾ നാളേയുടെ ലോകത്തേക്ക് വേണ്ടി ഒന്നും സമ്പാദിച്ചില്ലെങ്കിൽ, നന്മകൾ മാത്രം ആനന്ദം തരുന്ന, കൂട്ടിരിക്കാൻ ആരും വരാത്ത, ചങ്ങാതിമാരും കുടുംബക്കാരും കവാടംവരെ വന്ന് തിരികെ പോകുന്ന, ലോകത്തേക്ക് നിന്നേ കൂട്ടിക്കൊണ്ടു പോകാൻ ഞാൻ വരുമ്പോൾ നിലക്കാൻ പോകുന്ന ശ്വാസത്തെ ഓർത്തു ദുഃഖിക്കേണ്ടി വരും. അന്ന്, ദുനിയാവിന് വേണ്ടി മാത്രം ചലിപ്പിച്ച കരങ്ങൾ തൗബക്കായി ആദ്യമായി ഉയർത്തുമ്പോൾ ഉയർന്നെന്ന് വരില്ല. ദിക്കറിനായി നിന്റെ നാവിനെ ഉണർത്താൻ കഴിഞ്ഞെന്നും വരില്ല.

നന്മക്കായുള്ളതിനോടൊന്നും പിന്നീടാവാം എന്ന് പറയരുത് പിന്നീടാവാം എന്ന് പറയുമ്പോഴെല്ലാം ഒട്ടും പിന്നിലേക്കില്ലെന്ന് സമയവും പറഞ്ഞുക്കൊണ്ടിരിക്കുന്നുണ്ട്.
നിന്റെ ശരീരത്തെ വെള്ള പുതച്ചു കിടത്തുമ്പോഴും അത്തറും കർപ്പൂരവും കൊണ്ട് മേനിയും വീടും സുഗന്ധപൂരിതമാകുമ്പോഴും നമ്മുടെ ആത്മാവിനും വെള്ള പുതച്ചു സുഗന്ധപൂരിതമാവണമെകിൽ പ്രവർത്തനങ്ങളെ നന്മയിലൂടെ ആക്കിടണം. അപ്പോൾ നിന്റെ വീടിന്റെ സുഗന്ധത്തേക്കാൾ നീ ഉറങ്ങാൻ പോകുന്ന ഖബർ സുഗന്ധപൂരിതമായിത്തീരും. മനുഷ്യാ നീ എന്നെ മറന്ന് പലതിനും വേണ്ടി കാത്തിരിക്കുന്നു. പറയാതെ ഒരു ദിനം ഞാൻ കടന്ന് വരുമ്പോൾ ഇടറാതിരിക്കാൻ ചില ഒരുക്കങ്ങൾ അനിവാര്യം ആണ് ട്ടോ. കാത്തിരിക്കണം എന്ന് പറയാൻ അർഹത ഒട്ടും ഇല്ല എങ്കിലും ജീവിത തിരക്കുകൾക്കുള്ളിൽ ഇടക്കൊന്ന് എന്നെ ഓർക്കണം എന്ന് പറയാതിരിക്കാനും നിർവാഹമില്ല.

No comments yet.

Leave a comment

Your email address will not be published.