മനുഷ്യന്റെ നിസ്സഹായത !!

//മനുഷ്യന്റെ നിസ്സഹായത !!
//മനുഷ്യന്റെ നിസ്സഹായത !!
ആനുകാലികം

മനുഷ്യന്റെ നിസ്സഹായത !!

Print Now
ദൈവവിധിയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഭൗതികവാദികൾ പറയാറുള്ളതാണ് മനുഷ്യർ പരിശ്രമിച്ചാൽ നേടാൻ കഴിയാത്തത് ഒന്നുമില്ലെന്ന്! അതിന് അവർ ഏതാനും ഉദാഹരണങ്ങളും നിരത്താറുണ്ട്. നടക്കാൻ പോലും ശേഷിയില്ലാത്തവണ്ണം തളര്‍വാതം പിടിപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പരിശ്രമിച്ചു ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയ വിൽമ റുഡോൾഫിന്റെയും (Wilma Rudolph), ആയിരത്തിലധികം സംരംഭങ്ങൾ തുടങ്ങിയിട്ട് അതെല്ലാം പരാജയപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെ തന്റെ വാർധക്യത്തിലും പൊരുതി ഒടുവിൽ വിജയിച്ച KFC ഉടമ കേണൽ സാൻഡേഴ്സിന്റെയും (Colonel Sanders), ഇരുകൈകളും കാലുകളും ഇല്ലാതിരുന്നിട്ടും ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ നിക്കിന്റെയുമെല്ലാം (Nick Vujicic) ജീവിതകഥകൾ അവർ നിരന്തരം ആവർത്തിക്കുന്നവയിൽ ചിലതു മാത്രം.

തീർച്ചയായും ദൃഢനിശ്ചയവും ആത്മവിശ്വാസവും നിരന്തര പരിശ്രമങ്ങളും ജീവിതത്തിൽ ആവശ്യമാണ്. അവ തന്നെയാണ് പലരുടെയും ജീവിതവിജയത്തിന്റെ നിദാനങ്ങളും. എന്നാൽ ഇതൊക്കെ വെച്ച് ദൈവത്തെയും വിധി-വിശ്വാസത്തെയും നിഷേധിക്കുന്നവർ തീർച്ചയായും അല്പജ്ഞാനികൾ തന്നെയത്രേ! കാരണം, ഈ പറഞ്ഞ ആളുകൾ മാത്രമല്ലല്ലോ ഈ ഭൂമിയിൽ ഉണ്ടായിട്ടുള്ളത്.!

ദൃഢനിശ്ചയം ഉള്ള രണ്ടുപേർ ഓട്ടമത്സരം നടത്തിയാൽ രണ്ടുപേരും ഒന്നാം സ്ഥാനത്ത് എത്തുമോ? രാപകൽ വിശ്രമമില്ലാതെ പണിയെടുത്തവരൊക്കെ മറ്റുള്ളവരെക്കാൾ ജീവിതനിലവാരം മെച്ചപ്പെട്ടവരാണോ? സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ എവറസ്റ് പോലെയുള്ള കൊടുമുടികൾ കീഴടക്കിയ എത്ര പേർ മാർബിളും ഗ്രാനൈറ്റും പതിച്ചു അതിനു മുകളിൽ കാർപ്പെറ്റും വിരിച്ചു മാർദ്ദവമാക്കിയ തറയിലൂടെ നടക്കുമ്പോൾ കുഴഞ്ഞുവീണു മരിക്കുന്നു?… വിഷയം വളരെ ലളിതമാണ്. ദൈവത്തെ നിഷേധിക്കാൻ വേണ്ടി ഭൗതികവാദികൾ ഉണ്ടാക്കിയ ഒരു സമവാക്യമാണ് ‘മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ല’ എന്നത്.!

ഒരു ചെറിയ അനുഭവം വിവരിക്കാം. ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന കാലം. കോഴിക്കോടുള്ള എം.എസ്.എസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആ സമയത്ത് തന്നെ എൻട്രൻസ് കോച്ചിങ്ങിനും ചേർന്നിരുന്നു. അവിടെ ഞങ്ങൾക്ക് ഒരു അധ്യാപകൻ ഉണ്ടായിരുന്നു. റഫീക്ക് എന്നാണ് അദ്ദേഹത്തിൻറെ പേരെന്നാണ് ഓർമ്മ. ഞങ്ങളെ കൂടാതെ ഒരു പെൺകുട്ടിക്ക്‌ കൂടി അദ്ദേഹം പേഴ്സണലായി ക്ലാസ്സ് എടുത്തു കൊടുത്തിരുന്നു. പഠിക്കാൻ അതി മിടുക്കി. ഞങ്ങളേക്കാൾ അദ്ദേഹത്തിന് പ്രതീക്ഷ ഉണ്ടായിരുന്നത് അവളിലായിരുന്നു. അവൾക്ക് ഉയർന്ന റാങ്ക് കിട്ടുമെന്ന് അദ്ദേഹത്തിനും അവൾക്കും ദൃഢവിശ്വാസമുണ്ടായിരുന്നു. അങ്ങനെ ഏറെ പ്രതീക്ഷയോടെ പരീക്ഷക്കു വേണ്ടി അവൾ പരീക്ഷാ ഹാളിലെത്തി. ചോദ്യപ്പേപ്പർ കയ്യിൽ കിട്ടിയ ഉടൻ ആകാംക്ഷയോടെ അവൾ ചോദ്യങ്ങളൊക്കെ വായിച്ചുനോക്കി. മുഴുവൻ എളുപ്പമുള്ള ചോദ്യങ്ങൾ. ഒന്നിച്ച് അവസാനം ഒ.എം.ആർ ഷീറ്റിൽ മാർക്ക് ചെയ്യാമെന്ന് കരുതി അവൾ എല്ലാ ഉത്തരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ രേഖപ്പെടുത്തി വെച്ചു. ശേഷം ഓരോന്നായി ഒ.എം.ആർ ഷീറ്റിൽ കറുപ്പിക്കാൻ തുടങ്ങി.

നിർഭാഗ്യമെന്ന് പറയട്ടെ, ഒരു ചോദ്യത്തിനുള്ള ഉത്തരം അവൾ രേഖപ്പെടുത്തിയത് തൊട്ടടുത്ത വരിയിൽ ആയിപോയി. തുടർന്നുള്ള തൊണ്ണൂറോളം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവൾ നേരത്തെ ചോദ്യപ്പേപ്പറിൽ എഴുതി വെച്ചത് പ്രകാരം തുടർന്നുള്ള വരികളിൽ മാർക്ക് ചെയ്ത് കറുപ്പിച്ചു.

തൊണ്ണൂറിലധികം ഉത്തരങ്ങൾ ഒ.എം.ആർ ഷീറ്റിൽ മാർക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് അതെല്ലാം നമ്പർ മാറി പോയിട്ടുണ്ടെന്ന് അവൾ തിരിച്ചറിയുന്നത്. അതോടെ കുടുംബത്തിന്റെയും അധ്യാപകരുടെയും സർവ്വ പ്രതീക്ഷയുമായിരുന്ന, കേരളത്തിലെ പത്രമാധ്യമങ്ങളിൽ ഒന്നാമത്തെ പേജിൽ വിജയശ്രീലാളിതയായി പുഞ്ചിരിയോടെ ഏവരും പ്രതീക്ഷിച്ച അവളുടെ മനോനില തെറ്റി, അവളെ പരീക്ഷാ ഹാളിൽ നിന്നും നേരെ മാനസിക ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ഞങ്ങളുടെ അധ്യാപകൻ അന്ന് പറഞ്ഞത്.

ഇതിനെയാണ് സഹോദരങ്ങളെ ‘ദൈവിക വിധി’ എന്ന് പറയുന്നത്. അത് മനുഷ്യ യുക്തിക്ക് ചിലപ്പോൾ നേർക്കുനേരെ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും നമ്മുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം ഈ ലോകത്ത് തന്നെ ലഭിക്കുമെന്നും മരണശേഷം മറ്റൊരു ലോകമോ ജീവിതമോ ഇല്ലെന്നും വാദിക്കുന്നവർക്ക് എന്താണ് ഈ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് പറയാനുള്ളത്?

ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലെ ഒരായിരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എന്റെ മനസ്സിൽ തറച്ച ഒരു അനുഭവം വിശദീകരിച്ചു എന്ന് മാത്രം.

ഇതിന്റെയർത്ഥം ഒന്നും പരിശ്രമിക്കാതെ എല്ലാം ദൈവിക വിധിക്ക് വിടണം എന്നല്ല; നമ്മൾ ചെയ്യേണ്ട പണി പൂർണമായും ചെയ്തതിനു ശേഷം ദൈവത്തിൽ ഭരമേല്പിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമ്മുടെ പരിശ്രമങ്ങളുടെ ഫലങ്ങൾ ജീവിതത്തിൽ കാണുമ്പോൾ വിനയാന്വിതരാവുകയും ദൈവത്തോട് കൃതജ്ഞതയുള്ളവരാവുകയും, പ്രയാസങ്ങളും പരാജയങ്ങളും നേരിടുമ്പോൾ അവയെല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കി ക്ഷമിക്കുകയും ചെയ്യുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. തീർച്ചയായും അത് തന്നെയാണ് മനുഷ്യ മനസ്സുകൾക്ക് ഏറെ സാന്ത്വനമേകുന്നതും! കൂടെ, നമ്മുടെ യഥാർത്ഥ ജീവിതവും കർമ്മങ്ങൾക്കുള്ള പ്രതിഫലവും കുറ്റമറ്റ നീതിയും നടപ്പിലാകുന്നത് വരാനിരിക്കുന്ന ജീവിതത്തിലാണെന്ന വിശ്വാസവും.

1 Comment

  • Very good

    abdulmanafck@gmail.com 16.02.2020

Leave a comment

Your email address will not be published.