
എത്ര പെട്ടെന്നാണ് ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് അവന്റെ സ്വപ്നങ്ങളുടെ ആകാശ നീലിമയിൽ കാർ മേഘമായി കടന്നു വന്നത്.
ഇഷ്ടംപോലെ ഒന്ന് പുറത്തിറങ്ങാനോ, ചങ്ക് ചെങ്ങായിമാരുമൊത്ത് ആർമാദിക്കാനോ സാധിക്കുന്നില്ല.
എങ്ങിനെയെങ്കിലും പണം സമ്പാദിച്ച് തോന്നിയ പോലെ ചെലവഴിച്ചിരുന്ന അവന്റെ മുമ്പിൽ ഇന്ന് കൂരിരുട്ടാണ്. നിത്യ ചെലവിന് പോലും മറ്റുള്ള സുമനസ്സുകളുടെ കാരുണ്യത്തെ കാത്തു കിടക്കുന്ന അവൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ലല്ലോ ഇങ്ങനെയെല്ലാം വന്ന് ഭവിക്കുമെന്ന്.
ഭയപ്പാടോടെ നിമിഷങ്ങൾ തള്ളി നീക്കുന്ന അവന്റെ ഉള്ളിൽ തീയാണ്. ഏത് നിമിഷവും മരണത്തിന് കീഴടങ്ങേണ്ടി വരുമെന്നുള്ള ഭയം കാരണം ഉറക്കമില്ലാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവൻ ഇന്ന് നിരാശയുടെ ആഴിയിൽ മുങ്ങി താണു കൊണ്ടിരിക്കുകയാണ്.
പ്രവാസികളുടെ കാര്യമാണ് മറ്റുള്ളവരെക്കാൾ പരിതാപകരം. ചെകുത്താനും കടലിനുമിടയിൽ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രവാസികൾ പലരും ഇത്തരമൊരവസ്ഥയിലാണ്. ജോലി നഷ്ടപ്പെടവർ, ശമ്പളം വെട്ടിക്കുറച്ചവർ, മാസവേതനം മാസങ്ങളോളമായി കിട്ടാത്തവർ, താൻ ജീവനേക്കാൾ സ്നേഹിക്കുന്ന തന്റെ കുടുംബാംഗങ്ങൾക്കോ, നാട്ടുകാർക്കോ എന്തെങ്കിലും സംഭവിക്കുമോ എന്ന വിഷമത്തിൽ ജീവിതം തള്ളി നീക്കുന്ന ഒരു പാട് ജന്മങ്ങളുണ്ട് ഈ മരുഭൂമിയിൽ. തിരിച്ചു നാട്ടിലെത്തുമ്പോൾ തന്റെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ ഇനി കഴിയില്ലല്ലോ എന്ന മനോവേദനയിൽ ഉള്ളം നീറി കഴിയുന്ന പ്രവാസിയുടെ വേദന എത്രത്തോളമുണ്ടെന്ന് മറ്റൊരു പ്രവാസിക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.
ജീവിതമെന്നുള്ളത് ഇ.സി.ജി പോലെയാണെന്ന് പറയുന്നത് എത്ര സത്യമാണ്. ഉയരത്തിന്റെയും താഴ്ചയുടെയും ഗ്രാഫ് നിലക്കുമ്പോൾ ജീവിതാന്ത്യം സംഭവിക്കുന്നു. സന്തോഷത്തിന്റെയും, ദുഃഖത്തിന്റെയും ഉയർച്ചയുടെയും, താഴ്ചയുടെയും ഗ്രാഫ് ഉൾക്കൊള്ളുന്നത് തന്നെയാണല്ലോ ജീവിതത്തിന്റെ കണക്ക് പുസ്തകം.
സന്തോഷങ്ങളും, ദുഃഖങ്ങളും സമ്മിശ്രമായ ഈ ജീവിതത്തിൽ സന്തോഷം മാത്രമേ പാടുള്ളൂ അല്ലെങ്കിൽ ഈ ജീവിതത്തെ അവസാനിപ്പിച്ചു കളയാം എന്ന് ചിന്തിക്കുന്നവർ നാഥൻ നൽകിയ വിലപ്പെട്ട ജീവനെ ഹനിക്കാൻ തനിക്ക് യാതൊരു അവകാശവുമില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഞാൻ വലിയ പ്രശ്‌നത്തിലാണ് എന്ന് ആവലാതി പറയുന്നതിനേക്കാൾ നല്ലത് പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് നിന്ന് കൊണ്ട് ഇങ്ങിനെ പറഞ്ഞു നോക്കൂ, പ്രശ്‌നങ്ങളെ, എനിക്ക് വലിയൊരു രക്ഷിതാവുണ്ട്, എനിക്കവൻ നല്ലതേ നൽകാറുള്ളൂ. പ്രശ്‌നങ്ങൾ ഓടി ഒളിക്കുന്ന വഴിയിൽ പിന്നീട് പുല്ലു പോലും മുളക്കില്ല.
അല്ലാഹു ഇത്തരത്തിലൊരു മഹാമാരി തന്ന് എന്നെ ശിക്ഷിച്ചല്ലോ എന്ന് പിറു പിറുക്കുന്നതിനേക്കാൾ അവനിലേക്ക് അടുക്കാനുള്ള സുവർണാവസരം നൽകി എന്നെ അനുഗ്രഹിച്ചിരിക്കുന്നല്ലോ എന്നൊന്ന് ചിന്തിച്ചു നോക്കൂ. പ്രശ്‌നങ്ങളുടെ മാമലകൾ മഞ്ഞു മലകളായി ഉരുകി തീരുന്നത് നമുക്കനുഭവപ്പെടും. നിരാശയുടെ നിലയില്ലാ കയത്തിൽ മുങ്ങി താണ് കൊണ്ടിരുന്ന ഏതൊരാൾക്കുമുള്ള പിടി വള്ളിയാണ് ഇസ്‌ലാം. മുസ്‌ലിം സുഹൃത്ത് സമ്മാനിച്ച മുസല്ലയിൽ ഇരിക്കുമ്പോൾ സമാധാനം ലഭിച്ച് ഇസ്‌ലാമിലേക്ക് കടന്ന് വന്ന പ്രമുഖരുടെ വാർത്ത യഥാർത്ഥ വിശ്വാസിക്ക് ഇസ്‌ലാം നൽകുന്ന സമാധാനത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് നമ്മെ തര്യപ്പെടുത്തുന്നു.
എല്ലാം നേടിയെന്ന് അഹങ്കരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ കുലത്തിന് നഷ്ട്ടപ്പെട്ട സമാധാനം തിരിച്ചു നൽകാൻ ഇസ്‌ലാമിന് മാത്രമേ സാധിക്കൂ എന്ന് നിഃസംശയം പറയാം.
ഒരു ഡ്രൈവർ ചീറി പായുന്ന വാഹനത്തിന്റെ ബ്രേക്ക് ഉപയോഗിക്കുന്നത് മുമ്പിലുള്ള വലിയ അപകടത്തിൽ നിന്നും മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ്. ബ്രേക്ക് ഉപയോഗിക്കുമ്പോൾ യാത്രക്കാർ ആടിയുലയാറുണ്ട്. അത് പോലെ തന്നിഷ്ടത്തിന് ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യരെ അവന്റെ മുമ്പിലുള്ള നരകത്തിൽ നിന്നും രക്ഷപ്പെടുത്താനായി കാരുണ്യവാൻ നൽകിയിരിക്കുന്ന ഒരു ബ്രേക്ക് ആണോ ഈ മഹാമാരി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള കാരണങ്ങൾ നമ്മുടെ പാപങ്ങളാണ്. രഹസ്യമായും, പരസ്യമായും നാം ചെയ്‌തു കൂട്ടിയ പാപകറകൾ നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു എന്നുള്ളതാണ് സത്യം. പാപങ്ങളെ കഴുകി ശുദ്ധിയാക്കാനും, ഹൃദയ വിശാലത ലഭിക്കാനും, കടങ്ങൾ വീടാനും, പ്രയാസങ്ങൾ ദുരീകരിക്കാനും, പ്രശ്‌ന പരിഹാരത്തിനുമായി നിങ്ങൾ ആഗ്രഹിക്കുന്നില്ലേ..
കൃത്യമായുള്ള നമസ്ക്കാരം, മാതാ പിതാക്കൾക്ക് പുണ്യം ചെയ്യുക, പാപ മോചനം വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ കൃത്യമായി ചെയ്‌തു നോക്കൂ, മുൻഗാമികൾ അനുഭവിച്ചത് പോലെയുള്ള വല്ലാത്തൊരു സമാധാനവും, സന്തോഷവും നമുക്കനുഭവിക്കാനാവും.
മരുഭൂയിൽ വീശിയടിക്കുന്ന ചൂട് കാറ്റ് കൊണ്ട് പലരും ബുദ്ധിമുട്ടുന്നുവെങ്കിലും, ഈത്തപ്പഴം പഴുക്കാൻ അത് അത്യന്താപേക്ഷിതമാണ്.
ഡോക്ടർ രോഗിയെ ഓപ്പറേഷൻ ചെയ്യുമ്പോൾ രോഗിക്കും, ബന്ധുക്കൾക്കും കുറച്ചൊക്കെ വേദനിക്കുമെങ്കിലും അത് അവന്റെ ഭാവി ഭാസുരമാക്കാനുള്ളതാണെന്ന് ആർക്കാണറിയാത്തത്. അത് പോലെ ഈ മഹാമാരി കൊണ്ട് എന്തെല്ലാം നന്മയായാണ് സർവ്വശക്തൻ മാനുഷിക കുലത്തിന് നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് നമുക്കറിയില്ല.
മനസ്സ് തളരാതെ, കൂടുതൽ കരുത്താർജ്ജിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കാൻ നമുക്കെല്ലാം സാധിക്കുമാറാകട്ടെ.
ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെ, തളരാത്ത മനസ്സുമായി കൂടുതൽ കരുത്താർജിക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ. നൈമിഷികമായ ഈ ജീവിതത്തെ അറ്റമില്ലാത്ത പാരത്രിക ജീവിതത്തിന്റെ വിഭവങ്ങൾ സമ്പാദിക്കാനുള്ള ഒരിടത്താവളമായി കാണാനുള്ള ഉൾക്കാഴ്ച നമുക്കെല്ലാം ലഭിക്കുമാറാകട്ടെ.
ماشاء الله
മാഷാ അള്ളാഹ് .. കോവിഡ് എന്ന മഹാമാരി വിതച്ച വിപത്തുകളെ അർത്ഥസംഗക്കിടമില്ലാത്ത വിധം ലളിതമായി വിശദീകരിക്കാനുള്ള ശ്രമം വളരെയധികം വിജയിച്ചിട്ടുണ്ട്. എഴുത്തുകൾ തുടരട്ടെ. ഇനിയും ഇതുപോലെയുള്ളത് അതല്ലെങ്കിൽ ഇതിലും മികവുറ്റ വിഷയവുമായി വരും ദിനങ്ങളിൽ ഉണ്ടാവുമെന്ന ശുപാപ്തിവിശ്വാസത്തോടെ … സുബൈർ കടുരൻ
മാ ശാ അല്ലാഹ്,
നന്നായിട്ടുണ്ട്.