മദ്യനിരോധനം: ഇസ്‌ലാമിന്റെ നിസ്തുല മാതൃക

//മദ്യനിരോധനം: ഇസ്‌ലാമിന്റെ നിസ്തുല മാതൃക
//മദ്യനിരോധനം: ഇസ്‌ലാമിന്റെ നിസ്തുല മാതൃക
ആനുകാലികം

മദ്യനിരോധനം: ഇസ്‌ലാമിന്റെ നിസ്തുല മാതൃക

Print Now
ദ്യനിർമാർജനം ഇപ്പോൾ ഒരു ചർച്ചാവിഷയമായിരിക്കുകയാണ്. മാരകമായ കൊറോണാ വൈറസ് പടർന്നുകൊണ്ടിരിക്കുമ്പോഴും മദ്യശാലകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടച്ചിടാൻ ഗവൺമെന്റുകൾക്ക് ഏറെ പ്രയാസം നേരിടുന്ന അവസ്ഥ നാമോരോരുത്തരും വീക്ഷിക്കുകയുണ്ടായി. മദ്യം കിട്ടാതെ ചില മദ്യപാനികൾ ജീവനൊടുക്കിയ ദാരുണമായ സംഭവങ്ങൾക്കും നമ്മുടെ നാട് സാക്ഷിയായി. ലോക്ക്ഡൌണിനെത്തുടർന്ന് മദ്യം ലഭിക്കാത്തതിനാൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യുന്നതിനു വേണ്ടിയുള്ള നടപടികളും സർക്കാർ ആരംഭിക്കാനിരിക്കുകയാണ്. മദ്യാസക്തി എന്നത് അത്രത്തോളം കടുപ്പമേറിയതാണെന്നാണ് ഓരോ വാർത്തകളും സൂചിപ്പിക്കുന്നത്.

മദ്യപാനികളിൽ ചിലർ അവരുടെ ജീവിത സാഹചര്യങ്ങൾ മൂലമോ ജീവിതത്തിൽ നേരിട്ട എന്തെങ്കിലും ദുരനുഭവങ്ങൾ മൂലമോ മദ്യപാനം ഒരു ശീലമായി സ്വീകരിച്ചവരാണ്. സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഇവർക്ക് മദ്യം കിട്ടാത്ത സന്ദർഭങ്ങളിൽ ചില അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് നാം മദ്യാസക്തി എന്ന് വിളിക്കുന്നത്. ലോക്ക്ഡൌണിന്റെ ഭാഗമായി മദ്യശാലകൾ അടച്ചിടുമ്പോൾ ഏറെ പ്രയാസമനുഭവിക്കുന്ന വിഭാഗമാണിവർ. ഈയൊരു പ്രതിസന്ധിയാണ് പെട്ടെന്ന് മദ്യം നിർത്തലാക്കുന്ന സന്ദർഭങ്ങളിൽ സർക്കാരുകൾ നേരിടുന്ന വെല്ലുവിളി. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നതിന് പുറമെ അത് വ്യക്തിയെയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന കാര്യവും നിസ്തർക്കമാണ്. മദ്യരഹിതമായ ഒരുസമൂഹത്തെ വാർത്തെടുത്തതിൽ അത്യുൽകൃഷ്ടമായ ഒരു മാതൃക ലോകത്തിനുമുന്നിൽ കാഴ്ചവച്ച ഇസ്‌ലാമിന്റെ ഈ രംഗത്തുള്ള കാഴ്ചപ്പാട് നമുക്ക് പരിശോധിക്കാം.

പിഴുതെറിയപ്പെട്ട മദ്യചഷകങ്ങൾ

‘സ്വബാഹാഹ്…’ സുപ്രധാനമായ മുന്നറിയിപ്പുകൾക്കു വേണ്ടി അറബികൾ വിളിച്ചുപറയുന്ന സംബോധനയാണിത്. സ്വഫാ കുന്നിന്റെ മുകളിൽ വച്ച് അന്ന് മുഴങ്ങിക്കേട്ട സ്വരം മറ്റാരുടേതുമായിരുന്നില്ല; മക്കാനിവാസികളുടെ സ്നേഹനിധിയായ, അൽ അമീൻ (സത്യസന്ധൻ) എന്ന് സ്വഭാവ വൈശിഷ്ട്യത്താൽ വിശേഷിപ്പിക്കപ്പെട്ട മുഹമ്മദിന്റെﷺ സ്വരമായിരുന്നു അത്. ഖുറൈശികൾക്കിടയിലെ ഉപഗോത്രങ്ങളുടെയെല്ലാം പ്രമുഖർ സ്വഫാ കുന്നിന്റെ താഴ്‌വരയിൽ സന്നിഹിതരായി. അവരോടായി അദ്ദേഹം ചോദിച്ചു: “ഈ മലയുടെ എതിർവശത്ത് ഒരു വലിയ സൈന്യം നിങ്ങളെ ആക്രമിക്കുന്നതിനായി സജ്ജരായി നിൽക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കുമോ?” അവർ പറഞ്ഞു: “തീർച്ചയായും. കാരണം ഇതിനുമുമ്പ് നീ കളവുപറഞ്ഞതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ.” തുടർന്ന് മുഹമ്മദ് ﷺ സുപ്രധാന സന്ദേശം അവരോടായി മൊഴിഞ്ഞു: “എങ്കിൽ മരണാനന്തരജീവിതത്തിലെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ. അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും ബഹുദൈവാരാധനയെ വർജ്ജിക്കുകയും ചെയ്യുക.” ഹിറാ ഗുഹയിൽ വച്ച് ജിബ്‌രീൽ (അ) എന്ന മാലാഖയിൽനിന്ന് സ്രഷ്ടാവിന്റെ സന്ദേശം സ്വീകരിച്ച മുഹമ്മദ് ﷺ അങ്ങനെ പ്രവാചകനായിത്തീർന്നു. അദ്ദേഹം മുഹമ്മദ് നബി ﷺ എന്ന പേരിൽ അറിയപ്പെട്ടു.

മദ്യം അന്നത്തെ അറേബ്യൻ ജനതയുടെ എല്ലാമെല്ലാമായിരുന്നു. മരണപ്പെട്ടാൽ മുന്തിരിവള്ളിയുടെ ചുവട്ടിൽ മറവുചെയ്യണമെന്നും എങ്കിൽ ശവക്കല്ലറയിൽ വച്ചുപോലും തങ്ങൾക്ക് മദ്യത്തിന്റെ രുചി ആസ്വദിക്കാമല്ലോ എന്നും പ്രത്യാശിക്കാൻമാത്രം മദ്യത്തിലും തന്മൂലമുള്ള വഴിവിട്ട ജീവിതരീതികളിലും അഭിരമിച്ചിരുന്ന സമൂഹമായിരുന്നു അവർ. മദ്യത്തിനുവേണ്ടി ജീവിക്കുകയും മദ്യത്തിനുവേണ്ടി മരിക്കുകയും ചെയ്ത പ്രസ്തുത ജനതയോട് ‘നിങ്ങൾ മദ്യം ഉപേക്ഷിക്കുക’ എന്ന ആഹ്വാനം മുഴക്കുകയായിരുന്നില്ല പ്രവാചകൻ ﷺ ആദ്യമായി ചെയ്തത്; പ്രത്യുത സൃഷ്ടിപൂജ ഉപേക്ഷിച്ച് ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്നും മാരണാനന്തരം ഒരു ജീവിതമുണ്ടെന്നും അവിടെ രക്ഷ പ്രാപിക്കണമെങ്കിൽ സ്രഷ്ടാവിന്റെ നിയമനിർദേശങ്ങൾ അനുധാവനം ചെയ്യേണ്ടതുണ്ടെന്നുമുള്ള തത്ത്വത്തിലേക്കുള്ള ക്ഷണമായിരുന്നു അദ്ദേഹം ആദ്യമായി നിർവഹിച്ചത്. ഈ ആദർശ പ്രബോധനമായിരുന്നു പ്രവാചകത്വത്തിനുശേഷമുള്ള പതിമൂന്നു വർഷക്കാലത്തെ മക്കാജീവിതത്തിൽ അദ്ദേഹത്തിന്റെ ദൗത്യം. സർവശക്തനായ അല്ലാഹു ദുർജ്ജനങ്ങൾക്ക് പരലോകത്ത് ഏർപ്പെടുത്തിയിട്ടുള്ള നരകശിക്ഷയെ ഭയന്നുകൊണ്ടും സജ്ജനങ്ങൾക്കായുള്ള അവന്റെ പാരിതോഷികമായ സ്വർഗീയജീവിതത്തെ ആഗ്രഹിച്ചുകൊണ്ടും മദ്യപാനമുൾപ്പെടെയുള്ള തിന്മകൾ ഉപേക്ഷിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് നബി ﷺ ആദ്യം ചെയ്തത് എന്നർത്ഥം. പ്രവാചകപത്നിയായ ആഇശ (റ) പറയുന്നു: “ചെറിയ അധ്യായങ്ങളാണ് ഖുർആനിൽ ആദ്യമായി അവതരിച്ചത്. സ്വർഗവും നരകവുമെല്ലാമാണ് അവയിലെ പ്രതിപാദ്യവിഷയങ്ങൾ. അങ്ങനെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ധാരാളമായി കടന്നുവന്നപ്പോൾ വിധിവിലക്കുകളെക്കുറിച്ചുള്ള സൂക്തങ്ങൾ ഇറങ്ങി. ആദ്യം ഖുർആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത്’ എന്നായിരുന്നുവെങ്കില്‍ ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല’ എന്ന് അവർ പറയുമായിരുന്നു. ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഉപേക്ഷിക്കുകയില്ല’ എന്നായിരിക്കും അവർ പറയുക.”(ബുഖാരി).

അല്ലാഹുവിനെയും അവന്റെ പരലോകവിചാരണയെയും സംബന്ധിച്ച കൃത്യമായ അവബോധം മനുഷ്യമനസുകളിലേക്ക് സന്നിവേശിക്കപ്പെട്ടെങ്കിൽ മാത്രമേ കളങ്കരഹിതമായി തിന്മകളെ ഉപേക്ഷിക്കുവാനും നന്മകളെ പുണരുവാനും മനുഷ്യർക്ക് സാധിക്കുകയുള്ളൂ. ഈ രീതിയിൽ അറേബ്യൻ ജനസമൂഹം സംസ്കരിക്കപ്പെട്ട ശേഷമാണ് മദ്യം ഉപേക്ഷിക്കേണ്ടതാണെന്ന സന്ദേശമുൾക്കൊള്ളുന്ന ആദ്യവചനം അല്ലാഹു അവതരിപ്പിക്കുന്നത്: “(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ്‌ പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌.” (ഖുർആൻ 2:219). മലയാളത്തിലെ പ്രമുഖ ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളിലൊന്നായ അമാനി തഫ്സീറിൽ ഈ സൂക്തം വിശദീകരിക്കവെ വ്യക്തമാക്കുന്നത് കാണുക: “മദ്യപാനികളില്‍നിന്ന് സ്വന്തം കുടുംബങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും, നാട്ടുകാര്‍ക്കും അനുഭവപ്പെടുന്ന ശല്യങ്ങളും അക്രമങ്ങളും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. വാക്കേറ്റവും, അടിപിടിയും മാത്രമല്ല, നിയമലംഘനം, കളവ്, തോന്നിയവാസങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയ എല്ലാ നീചകൃത്യങ്ങള്‍ക്കും മദ്യപാനം ഇടയാക്കുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കഷ്ട നഷ്ടങ്ങള്‍ പുറമെയും. ചൂതാട്ടങ്ങളുടെ കഥയും ഏറെക്കുറെ ഇതുതന്നെ. കള്ളുകുടി നിമിത്തം ദുര്‍വ്യയം ശീലിക്കുന്നുവെങ്കില്‍, ചൂതാട്ടം നിമിത്തം അന്യരുടെ ധനം അന്യായമായി കൈക്കലാക്കലായിരിക്കും ലക്ഷ്യം. ലക്ഷ്യം പ്രാപിക്കാതെ വരുമ്പോള്‍ പാപ്പരത്തവും നേരിടും. ഇതെല്ലാംതന്നെ കുറ്റകരവും പാപകരവുമാണല്ലോ. ഇങ്ങനെയുള്ള ദോഷവശങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് فِيهِمَا إِثْمٌ كَبِيرٌ (രണ്ടിലും വലിയ തെറ്റുണ്ട്) എന്ന് പറഞ്ഞത്. അതേ സമയത്ത് താല്‍ക്കാലികമായ ചില ഗുണങ്ങളും അവമൂലം ലഭിക്കുന്നു. ആനന്ദം, ഉന്‍മേഷം. ധൈര്യം, ദഹനശക്തി, ധനം നേടല്‍, തൊഴില്‍ സാധ്യത മുതലായവ. എല്ലാം താല്‍ക്കാലികം മാത്രമാണെങ്കിലും അവ അതുമൂലം ലഭിക്കുന്ന പ്രയോജനങ്ങളാണല്ലോ. ഇത്തരം ഗുണങ്ങളെ ഉദ്ദേശിച്ചാണ് وَمَنَافِعُ لِلنَّاسِ (മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുണ്ട്) എന്ന് പറഞ്ഞത്. ഗുണങ്ങളേക്കാള്‍ ദോഷങ്ങളാണ് കവിഞ്ഞുനില്‍ക്കുന്നതെന്ന് വെറും ഭൗതിക വീക്ഷണത്തില്‍ക്കൂടി മാത്രം അവയെ വിലയിരുത്തുന്നവര്‍ക്കുപോലും അറിയാവുന്നതാണ്. അതെ, മനസ്സാക്ഷിയുണ്ടെങ്കില്‍, ഭൗതിക ജീവിതത്തിലും, പാരത്രിക ജീവിതത്തിലും നേരിടുവാനിരിക്കുന്ന ദോഷങ്ങളാകട്ടെ, കൂടുതല്‍ ഭയങ്കരവും ഗൗരവതരവും തന്നെ. ചില ആളുകള്‍ ധരിക്കാറുള്ളതുപോലെ, ഗുണദോഷങ്ങളുടെ എണ്ണം നോക്കിയല്ല- ഗൗരവം നോക്കിയാണ്- അവയുടെ പ്രയോജനത്തെക്കാള്‍ കുറ്റമാണ് അധികം വലുത് (وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നതെന്ന് മേല്‍വിവരിച്ചതില്‍ നിന്നും മറ്റും സ്പഷ്ടമാണ്.” (https://malayalamqurantafsir.com/thafseer.php). ഇതാണ് മദ്യനിരോധനത്തിന്റെ ആദ്യഘട്ടം.

പല സ്വഹാബികളും ആദ്യഘട്ടത്തിൽത്തന്നെ മദ്യപാനം ഉപേക്ഷിച്ചെങ്കിലും ചിലർ വീണ്ടും അതിൽ മുഴുകി. അങ്ങനെ ചില സ്വഹാബികള്‍ മദ്യപിച്ചു ലഹരി ബാധിച്ചവരായി നമസ്‌കരിച്ചപ്പോള്‍ ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റായി പാരായണം ചെയ്യുകയുണ്ടായി. തന്മൂലം മദ്യനിരോധനത്തിന്റെ രണ്ടാംഘട്ടമായിക്കൊണ്ട് വിശുദ്ധ സൂക്തങ്ങൾ അവതരിക്കുകയുണ്ടായി: “സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ.” (ഖുർആൻ 4:43). അമാനി തഫ്സീർ വ്യക്തമാക്കുന്നു: “‘ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌കരിക്കരുതെ’ന്നോ മറ്റോ പറയാതെ, ‘ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുത്’ എന്നാണ് അല്ലാഹു പറഞ്ഞ വാക്ക്. ഇതില്‍ നിന്ന് ലഹരി ബാധിച്ചുകൊണ്ട് പള്ളിയില്‍ പ്രവേശിക്കുന്നതും, മറ്റുള്ളവര്‍ നമസ്‌കരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുന്നതും വര്‍ജ്ജിക്കേണ്ടതുണ്ടെന്നുകൂടി മനസ്സിലാക്കാവുന്നതാണ്. നമസ്‌കാരം സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ കര്‍മമായിരിക്കെ ലഹരിയുള്ളപ്പോള്‍ നമസ്‌കരിക്കുവാന്‍ പാടില്ലെന്നു വരുമ്പോള്‍, നമസ്‌കാര സമയത്തേക്ക് ലഹരി നീങ്ങിപ്പോകാവുന്ന വിധത്തിലേ കള്ള് ഉപയോഗിക്കാവൂ എന്നുകൂടി ഈ കല്‍പനയില്‍ അന്തര്‍ഭവിച്ചു കാണാവുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കും ഈ വചനം അവതരിച്ചശേഷം രാത്രി മാത്രമേ സത്യവിശ്വാസികള്‍ മദ്യം ഉപയോഗിക്കുമായിരുന്നുള്ളുവെന്ന് ചില രിവായത്തുകളില്‍ വന്നിട്ടുള്ളതും. അക്കാലത്ത് നമസ്‌കാരം പള്ളിയില്‍വെച്ച് ജമാഅത്തായി നടത്തപ്പെടലായിരുന്നു പതിവ് എന്നുള്ളതും സ്മരണീയമാകുന്നു. ‘മദ്യം – അല്ലെങ്കില്‍ കള്ള് – ഉപയോഗിച്ചവരായിക്കൊണ്ട്’ എന്ന് പറയാതെ, ‘ലഹരി ബാധിച്ചവരായിക്കൊണ്ട് (وَأَنتُمْ سُكَارَى)’ എന്ന് പറഞ്ഞിരിക്കയാല്‍, മദ്യപാനം മുഖേനയല്ലാതെ – മറ്റു വല്ലതും മുഖേനയും – ലഹരി ബാധിച്ചാലും നമസ്‌കാരത്തെ സമീപിക്കുവാന്‍ പാടില്ലെന്നും മനസ്സിലാക്കാം. അതുപോലെത്തന്നെ ‘നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് അറിയുമാറാകുന്നതുവരെ’ എന്ന വാക്കില്‍നിന്ന് ലഹരിയോടുകൂടി നമസ്‌കരിച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ പറയേണ്ടതില്ലല്ലോ.”(https://malayalamqurantafsir.com/thafseer.php)

മദ്യനിരോധനത്തിന്റെ രണ്ടാം ഘട്ടംകൂടി വന്നതോടെ നിരവധി സത്യവിശ്വാസികൾ മദ്യപാനത്തിൽനിന്ന് വിരമിച്ചു. അപൂർവം ചിലർ പിന്നെയും മദ്യപാനികളായി അവശേഷിച്ചിരുന്നു. അങ്ങനെ മദ്യനിരോധനത്തിന്റെ മൂന്നാംഘട്ടമായിക്കൊണ്ട് മദ്യപാനം പൂർണമായി നിരോധിച്ചുകൊണ്ടുള്ള ഖുർആൻ വചനങ്ങൾ അല്ലാഹു അവതരിപ്പിച്ചു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?” (ഖുർആൻ 5:90,91). ഈ വചനം അവതരിച്ചപ്പോള്‍ അതുവരേയും മദ്യപാനം നിർത്താതെ അവശേഷിച്ചിരുന്ന സ്വഹാബികള്‍ ഉറച്ച മനസോടെ പ്രഖ്യാപിച്ചു: انتهينا انتهينا- “ഞങ്ങള്‍ വിരമിച്ചു! വിരമിച്ചു!”(https://malayalamqurantafsir.com/thafseer.php). എല്ലാ സത്യവിശ്വാസികളും മദ്യപാനം പൂർണമായും നിർത്തി. മദീനയുടെ തെരുവീഥികളില്‍ക്കൂടി മദ്യം ഒഴുകി. മദ്യമില്ലാത്ത ദിനങ്ങളെക്കുറിച്ച് ചിന്തിക്കുകപോലും സാധ്യമല്ലാതിരുന്ന ഒരു സമൂഹത്തെ മദ്യത്തിൽനിന്ന് പൂർണമായി വിരമിക്കുകയും മദ്യപാനത്തെ അതിശക്തമായി എതിർക്കുകയും ചെയ്യുന്ന ഒരു സമൂഹമാക്കി ഇസ്‌ലാം പരിവർത്തിപ്പിച്ചു. ചരിത്രത്താളുകളിൽ രേഖീകരിക്കപ്പെട്ട നിസ്തുലമായ പരിവർത്തനം!

ലഹരിപദാർത്ഥങ്ങൾ: ഇസ്‌ലാമിന്റെ സമീപനം

മദ്യപാനം വൻപാപമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി ﷺ പറയുന്നു: “ജിബ്‌രീൽ എന്നെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ‘അല്ലയോ മുഹമ്മദ്, മദ്യത്തെയും മദ്യം വാറ്റുന്നവനെയും വാറ്റിപ്പിക്കുന്നവനെയും മദ്യപാനിയെയും ആർക്കുവേണ്ടി മദ്യം കടത്തുന്നുവോ അവനെയും മദ്യവിൽപനക്കാരനെയും അത് വാങ്ങുന്നവനെയും കുടിക്കുന്നവനെയും കുടിപ്പിക്കപ്പെടുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു.” (അഹ്‌മദ്‌). മറ്റൊരു ഹദീഥ് കാണുക: “മദ്യപാനി മരണപ്പെട്ടാൽ വിഗ്രഹാരാധകനെപ്പോലെയാണ് അല്ലാഹുവിനെ കണ്ടുമുട്ടുക.” (അഹ്‌മദ്‌). “നീ മദ്യം കഴിക്കരുത്; നിശ്ചയം അത് എല്ലാ തിന്മകളുടെയും താക്കോലാണ്” എന്നും പ്രവാചകൻ ﷺ പഠിപ്പിക്കുകയുണ്ടായി. (ഇബ്‌നുമാജ). മദ്യപാനത്തെ അങ്ങേയറ്റം മ്ലേച്ഛകരമായ ഒരു പ്രവൃത്തിയായാണ് ഇസ്‌ലാം പരിഗണിക്കുന്നതെന്നർത്ഥം. മദ്യപാനികൾക്ക് മദീനയുടെ ഭരണാധികാരിയെന്ന നിലയില്‍ ഈത്തപ്പനപ്പട്ടയും ചെരിപ്പുമുപയോഗിച്ചുള്ള നാല്‍പത് അടി നബിﷺയും അദ്ദേഹത്തിന് ശേഷം മദീനയുടെ ഭരണാസാരഥ്യമേറ്റെടുത്ത ഖലീഫാ അബൂബക്കറും(റ) ശിക്ഷയായി വിധിച്ചിരുന്നുവെന്ന് ആധികാരികമായ നിവേദനങ്ങളില്‍ കാണാം. (ബുഖാരി, അഹ്‌മദ്‌). മദ്യപാനിക്ക് നാൽപത് അടി എന്നത് ഇസ്‌ലാമികഭരണകൂടം നൽകേണ്ട ശിക്ഷയാണ്; വ്യക്തികൾ നടപ്പാക്കേണ്ടതല്ല. മദ്യപാനിക്ക് സ്നേഹത്തിലൂടെയും സൗഹൃദത്തിലൂടെയും ഇസ്‌ലാമിക ബോധവൽക്കരണമെത്തിച്ചുകൊടുക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. ഭരണാധികാരിയുടെ അടുത്ത് എത്തിയാൽ മാത്രമാണ് ഇസ്‌ലാമിക കർമശാസ്ത്രപ്രകാരം ശിക്ഷ നടപ്പാക്കപ്പെടുക. അബൂഹുറൈറ (റ) എന്ന പ്രവാചകാനുചരൻ നിവേദനം ചെയ്യുന്നു: “ഒരിക്കൽ മദ്യപാനിയായ ഒരു വ്യക്തി നബിﷺയുടെ അടുക്കൽ ഹാജരാക്കപ്പെട്ടു. ‘നിങ്ങളദ്ദേഹത്തെ അടിക്കുക’ എന്ന് നബി ﷺ പറഞ്ഞു. അങ്ങനെ ഞങ്ങളിൽ ചിലർ കൈകൊണ്ടും ചിലർ ചെരിപ്പുകൊണ്ടും മറ്റു ചിലർ വസ്ത്രംകൊണ്ടും അദ്ദേഹത്തെ അടിച്ചു. അടിയവസാനിച്ചപ്പോൾ ജനക്കൂട്ടത്തിലെ ഒരാൾ ‘അല്ലാഹു നിന്നെ (ആ മദ്യപനെ) നിന്ദിക്കട്ടെ’ എന്ന് പറഞ്ഞു. അപ്പോൾ ‘നിങ്ങൾ അങ്ങനെ പറയരുത്, അദ്ദേഹത്തിനെതിരെ പിശാചിനെ നിങ്ങൾ സഹായിക്കരുത്’ എന്നായിരുന്നു നബിﷺയുടെ മറുപടി.” (ബുഖാരി, അബൂദാവൂദ്, ഇബ്നു ഹിബ്ബാൻ). മദ്യപാനത്തിന് ഇസ്‌ലാമിക ഭരണാധികാരി നൽകുന്ന ശിക്ഷപോലും ആ തിന്മയിൽനിന്ന് വ്യക്തികളെ മോചിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണെന്നും മദ്യപാനമെന്ന തിന്മയെയാണ് നാം വെറുക്കേണ്ടതെന്നും മദ്യപിക്കുന്ന വ്യക്തിയെ വെറുക്കരുതെന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. മദ്യപിച്ച ഒരാൾ ഒരു സത്യവിശ്വാസിക്ക് മുന്നിലെത്തിയാൽ അദ്ദേഹത്തിന്റെ മദ്യപാനമെന്ന ആ തിന്മയെ പരസ്യപ്പെടുത്താതിരിക്കുകയും അദ്ദേഹത്തെ രഹസ്യമായി ദയാപൂർവം ഉപദേശിക്കുകയുമാണ് ആ സത്യവിശ്വാസി ചെയ്യേണ്ടത്. സച്ചരിതരായ മുൻഗാമികളുടെ മാതൃകയും അതാണ്. മദ്യപാനിയോട് നാം കാരുണ്യം കാണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നു തന്നെയാണ് ഇസ്‌ലാമിന്റെ ഉത്തരം.

മദ്യമുൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗങ്ങൾ ഇസ്‌ലാമിൽ ശക്തമായി നിരോധിക്കപ്പെട്ടിരിക്കുന്നു. ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ് ഇസ്‌ലാമിൽ. ഇബ്‌നു ഉമർ (റ) എന്ന സ്വഹാബിയിൽനിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന നബിവചനം കാണുക: “ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധവുമാണ്.” മറ്റൊരു ഹദീഥിലെ പരാമർശം ഇങ്ങനെ: “എന്റെ സമുദായത്തിൽ പെട്ട ചിലർ നിശ്ചയമായും മദ്യം കഴിക്കും. പക്ഷേ, അതിനവർ ‘മദ്യം’ എന്നല്ലാത്ത പേർ വിളിക്കും.” (അഹ്‌മദ്‌, നസാഈ). ലഹരിയുണ്ടാക്കുക എന്നതാണ് നിഷിദ്ധതയുടെ മാനദണ്ഡം. ലഹരിയുടെ കലർപ്പ് സംശയിക്കാവുന്ന വസ്തുക്കളുടെ ഉപയോഗത്തിലേക്ക് വഴുതിവീഴാതിരിക്കാൻ പര്യാപ്തമാകുംവിധം വിവിധയിനം രുചികരമായ ആഹാരപദാർത്ഥങ്ങളും പാനീയങ്ങളും ഇന്ന് നമുക്ക് ലഭ്യമാണ്. അനുവദനീയവും ശുദ്ധവുമായ ഇത്രയേറെ വിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന ഈ അവസ്ഥാവിശേഷം അല്ലാഹു തന്റെ ദാസന്മാർക്ക് നൽകിയ ഒരനുഗ്രഹമാണ്. അവ നിഷിദ്ധതയുടെ കലർപ്പുപോലും സംശയിക്കാവുന്ന പദാർത്ഥങ്ങളിൽനിന്ന് വിട്ടുനിൽക്കുവാൻ സത്യവിശ്വാസികളെ സഹായിക്കുന്നു.

മദ്യത്തിന്റെ രുചിയില്ലാത്ത ജീവതമെന്നത് സങ്കൽപിക്കുകപോലും സാധ്യമല്ലാത്തവിധം മദ്യപാനത്തിൽ മുഴുകിയിരുന്ന അറേബ്യൻ ജനതയിൽനിന്ന് മദ്യത്തെ തുടച്ചുനീക്കി സാംസ്കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹമാക്കി അവരെ ലോകത്തിനു കാണിച്ചുകൊടുക്കുവാൻ ഇസ്‌ലാമിക സന്ദേശങ്ങളുടെ പ്രയോഗവൽക്കരണം വഴി മുഹമ്മദ് നബിﷺക്ക് സാധിച്ചു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ സമ്പൂർണ മദ്യരഹിത സമൂഹമെന്ന ആശയം ആദ്യമായി നടപ്പിൽ വരുത്തിയത് മുഹമ്മദ് നബിﷺയാണെന്ന് നിസ്സംശയം പറയാം.

2 Comments

  • جزاك الله خيرا

    abdul jaleel,e 04.04.2020
  • Anonymous 06.04.2020

Leave a comment

Your email address will not be published.