മത പരിത്യാഗികളെ സൃഷ്ടിക്കുന്നത് !?

//മത പരിത്യാഗികളെ സൃഷ്ടിക്കുന്നത് !?
//മത പരിത്യാഗികളെ സൃഷ്ടിക്കുന്നത് !?
ആനുകാലികം

മത പരിത്യാഗികളെ സൃഷ്ടിക്കുന്നത് !?

Print Now
പ്രശസ്തിയും പണവും അതിയായി ആഗ്രഹിക്കുകയും എന്നാൽ അതിനൊത്ത സത്യസന്ധതയോ ബൗദ്ധിക ശേഷിയോ, കഴിവുകളോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ഒന്ന് പയറ്റി നോക്കാവുന്ന വ്യവസായമായി ഇസ്‌ലാം വിമർശന മേഖല മാറിയിട്ട് കുറച്ചായി. ഇതിന് അന്താരാഷ്ട്ര തലത്തിൽ നിന്ന് തന്നെ എടുത്ത് പറയാവുന്ന ഒരു മാതൃകയിൽ നിന്നും തുടങ്ങാം.

മതംവിട്ടു എന്ന അവകാശ വാദത്തിന് പുറത്ത് നിരന്തരമായ ഇസ്‌ലാം വിരുദ്ധ വീഡിയോകൾ നിർമ്മിക്കുന്നതിൽ കുപ്രസിദ്ധനാണ് തുർകിഷ് സ്വദേശി രിദ്വാൻ അയ്ഡെമിർ. സഹ ഇസ്‌ലാം വിരോധിയും ക്രിസ്ത്യൻ സുവിശേഷകനുമായ ഡേവിഡ് വുഡും ഒത്ത് ഖുർആൻ വലിച്ച് കീറുകയും ചവച്ച് തുപ്പുകയും ചെയ്ത് വീഡിയോ ഇട്ടപ്പോൾ ആയിരുന്നു തൻ്റെ ചാനലിന് കൂടുതൽ സന്ദർശക പ്രവാഹം ഉണ്ടായത് എന്ന് അദ്ദേഹം തന്നെ ഒരു സംഭാഷണത്തിന് ഇടയിൽ പറയുന്നുണ്ട്. ആദ്യത്തിൽ ഡയറ്റിംഗും ആരോഗ്യ പരിപാലനവും, എക്സർസൈസുമൊക്കെ വിഷയങ്ങളാക്കി യൂട്യൂബിൽ വീഡിയോ ചെയ്ത് തുടങ്ങിയ രിദ്വാൻ്റെ വ്ലോഗർ ജീവിതം ആ വിഷയത്തിൽ അധികം ശ്രദ്ധ ലഭിക്കാതെ പരാചയമാവുകയായിരുന്നു. അതിന് ശേഷമാണ് ഇസ്‌ലാം വിരുദ്ധ വീഡിയോകൾ നിർമ്മിച്ച് ശ്രദ്ദയുണ്ടാക്കാം എന്ന അറിവിലേക്ക് ഇദ്ദേഹം എത്തുന്നത്. ഇന്ന് അന്താരാഷ്ട്ര ഇസ്‌ലാം വിരുദ്ധരുടെ ഒരു പ്രധാന ആരാധനാ കഥാപാത്രം ആകാൻ രിദ്വാന് അതിലൂടെ കഴിഞ്ഞു. ഈ സ്വഭാവത്തിൽ മറ്റു വിഷയങ്ങളിൽ പരാചയമാകുന്നവർക്ക് ഇസ്‌ലാം വിമർശനം തൊഴിലായി സ്വീകരിക്കാം എന്ന സന്ദേശമാണ് രിദ്വാൻ നൽകുന്നത്.

സ്വയം തയ്യാറാക്കുന്ന ഇസ്‌ലാം വിമർശന സ്ക്രിപ്റ്റുകൾ ഒറ്റക്കിരുന്ന് ക്യാമറാ നോക്കി വായിക്കുന്ന സ്വഭവത്തിലാണ് ഇദ്ദേഹത്തിൻ്റെ അവതരണങ്ങൾ. എന്നാൽ മുസ്‌ലിം ചിന്തകരെ അഭിമുഖീകരിക്കേണ്ടി വന്ന സന്ദർഭങ്ങളിലെല്ലാം തൻ്റെ വിമർശനങ്ങൾ പരാചയമാണെന്ന് രിദ്വാന് സമ്മതിക്കേണ്ടി വരുന്നതും കാണാം. ഈ സ്വഭാവത്തിൽ മൊഹമ്മദ് ഹിജാബും ആയുള്ള രിദ്വാൻ്റെ ഒരു അഭിമുഖ സംഭാഷണമുണ്ട്. പറയുന്ന എല്ലാ വിമർശനങ്ങൾക്കും ഉത്തരം ലഭിക്കുമ്പോൾ മത പരിത്യാഗി എന്ന ഐഡൻ്റിറ്റി വിറ്റ് ജീവിക്കുന്ന ഇദ്ദേഹം ഇളിഭ്യനാകുന്നതും, തിരിച്ച് നിരീശ്വര വിശ്വാസത്തിൻ്റെ ധാർമിക അധപതനത്തെ ചോദ്യം ചെയ്യുമ്പോൾ ഉത്തരം മുട്ടുന്നതും രസകരമായ കാഴ്ചയാണ്. കേരളത്തിലും സമാന രീതിയിൽ മുർത്തദ്ദ് ഐഡൻ്റിറ്റി വിൽപന ചരക്കായിട്ട് കുറച്ചായി. സംഘപരിവാർ മുതൽ നീളുന്ന എല്ലാ മുസ്‌ലിം വിരുദ്ധ ചേരികളും ഇസ്‌ലാം വിട്ടവൻ എന്ന് പരിചയപ്പെടുത്തിയാൽ പൂമാലയിട്ട് സ്വീകരണം തരും.

വാസ്തവത്തിൽ മതം വിട്ടവരെന്ന് അവകാശപ്പെടുന്നവരെ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുക മാത്രമാണ് ഈ വേദികളിലെല്ലാം സംഭവിക്കുന്നത്. ഇസ്‌ലാം വിട്ടവരെന്ന്‌ പറഞ്ഞ് വരുന്ന എത്ര വിവരമില്ലാത്ത മനുഷ്യനും ഈ സാഹചര്യത്തിൽ ബുദ്ധിജീവി സ്ഥാനം ലഭിക്കും. അത്തരക്കാരെ ആഘോഷപൂർവം സ്റ്റേജുകളിൽ കയറ്റി ഇസ്‌ലാമിനെ തെറി പറയിക്കുന്നവർക്ക് പ്രേരണ എന്ത്തന്നെയായാലും മുസ്‌ലിം സമുദായത്തോടുള്ള സദുദ്ദേശപരമായ വികാരമാണെന്ന് കരുതാൻ പറ്റില്ല, പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ.

മതം വിട്ടെന്ന അവകാശവാദത്തിന് പുറത്ത് പിന്നീട് ആ മതത്തെ നിരന്തരമായി കുറ്റം പറഞ്ഞ് നടക്കുന്നവരുടെ മനോനിലക്ക് യുക്തിയുമായി പുലബന്ധം പോലുമില്ല, മറിച്ച് അതിവൈകാരികമായ മത വിരോധത്താൽ നയിക്കപ്പെടുക മാത്രമാണതിൽ അധികപേരുമെന്ന് സാമൂഹ്യ വിശകലനങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. അതി പ്രശസ്തരായ പല മതരഹിത ബുദ്ധിജീവികളുടെയും മതവിമർശന ജീവിതം തന്നെയാണതിൻെറ തെളിവും. മനുഷ്യൻ അടിസ്ഥാനപരമായി നിലനിന്നിരുന്ന ഒരാശയത്തിൽ നിന്നും പുറത്ത് പോയി പുതിയൊരു ആശയം സ്വീകരിക്കുമ്പോൾ സംഭവിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, താൻ ബുദ്ധി മുട്ടുകളും, സമ്മർദ്ദങ്ങളുമൊക്കെ അനുഭവിച്ച് സ്വീകരിച്ച തൻറെ പുതിയ ഐഡന്റിറ്റി മറ്റെന്തിനെക്കാളും അവർക്ക് വിലപ്പെട്ടതായിരിക്കും. രണ്ട്, നാസ്തികരെ സംബന്ധിച്ച്, അവർ സ്വീകരിച്ചിരുന്ന മതം അവരെ സദാചാരപരമായി തളച്ചിടുകയായിരുന്നു എന്ന ചിന്ത ആ ആശയത്തോട് ഉള്ള പകയ്ക്ക് കാരണമാകാം. ഒരാശയം പരിത്യജിച്ച് പുതിയ മാർഗ്ഗം സ്വീകരിക്കുമ്പോൾ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ അതിനെതിരെ ഉണ്ടാകുന്ന സമ്മർദങ്ങൾക്കും, പ്രശ്നങ്ങൾക്കും കാരണമായി പഴയ ആശയത്തെ കാണും. അതും തൻറെ പഴയ മതത്തെയോ ആശയത്തെയോ വെറുക്കുന്നതിന് കാരണമാകും. പിന്നീട് സമൂഹത്തെ ബോധ്യപ്പെടുത്താനും, കാണിക്കാനും തൻറെ പൂർവ്വ മതത്തെ കേന്ദ്രീകരിച്ച് വിമർശനാത്കമായി സംസാരിക്കൽ മാത്രമാകും അവരുടെ ചോദന. അഥവാ മതവിമർശനങ്ങൾ സ്വയം ന്യായീകരിക്കാനും, വൈകാരികമായ പൂർവ്വമതവിരോധം തീർക്കാനും ഇവർ കൈക്കൊള്ളുന്ന ഉപാധി മാത്രമായിത്തീരും. ചുരുക്കത്തിൽ, ഇത്തരക്കാരെ മനഃശാസ്ത്രപരമായി നയിക്കുന്നത് തൻറെ പഴയ മതത്തോട് ഉണ്ടാകുന്ന വിരോധവും പകയും മാത്രമായിരിക്കും.

എന്നാൽ ഇതേ മനശാസ്ത്രം തന്നെയല്ലേ മതപരിവർത്തനത്തിന് വിധേയരാകുന്ന എല്ലാവരിലും പ്രവർത്തിക്കുന്നതെന്നും, എങ്കിൽ നാസ്തികരെ മാത്രം മതവിരോധികളും, മാനസിക രോഗികളുമായും അടയാളപ്പെടുത്തുന്നതിന്റെ യുക്തി എന്താണെന്നും മറു ചോദ്യമുണ്ടാകാം. ഇതിൻറെ മറുപടി നാസ്തികതയും മത ദർശനങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തിൽ തന്നെ കിടപ്പുണ്ട്. മതങ്ങൾക്കെല്ലാം കൃത്യമായ ആശയങ്ങളും, ലോകവീക്ഷണവും, സാമൂഹ്യ ലക്ഷ്യങ്ങളുമൊക്കെയുണ്ടാകും. അതുകൊണ്ട് തന്നെ ആ ദർശനങ്ങളിൽ ഒന്നിനെ സ്വീകരിക്കുന്നവർക്ക് ക്രിയാത്മകമായ ഉദ്ദേശ്യങ്ങളും കാണും. എന്നാൽ നാസ്തികത മുന്നോട്ടുവെക്കുന്നത് കേവലമായ നിരാകരണം മാത്രമാണ്. അതിനപ്പുറം മാനവികമോ, ധാർമ്മികമോ ആയി ഒരു സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്ന യാതൊന്നും നാസ്തികത കൊണ്ട് ഉണ്ടാവുന്നില്ല. അത് അടിസ്ഥാനപരമായി പറയുന്ന ദൈവനിഷേധം പോലും തെളിവുകളെ ആശ്രയിച്ചുള്ള ഒരു വാദമല്ലെന്ന് നവനാസ്തികതയുടെ ആചാര്യനായ ഡോക്കിൻസ് തന്നെ പല വേദികളിലും സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ ക്രിയാത്മകമായ ഒരു സാമൂഹ്യ സൃഷ്ടിയോ, യുക്തിപരമായ അടിത്തറയോ ചോദനയായി ഇല്ലാതെ കേവലം മതങ്ങൾക്കെതിരെ പരദൂഷണ വർത്തമാനങ്ങൾ പറയാൻ വേണ്ടി മാത്രമായി ഒരു സംഘം പ്രവർത്തിക്കുന്നു എങ്കിൽ അവരുടെ ചോദന മതവിരോധം മാത്രമാണെന്ന് മനസ്സിലാക്കാൻ ഐൻസ്റ്റൈന്റെ ബുദ്ധിയൊന്നും വേണ്ടല്ലോ!

ഇതിന് നേർക്കുനേരെ തെളിവ് വേണമെന്ന് പറയുന്നവർ നവനാസ്തികരെ ശരിക്കൊന്ന് നിരീക്ഷിച്ച് പഠിക്കട്ടെ. ദൈവനിഷേധത്തിന് തെളിവുകള്‍ ഇല്ലെങ്കില്‍ പിന്നെയെന്താണ് നാസ്തിക പ്രസ്ഥാനങ്ങള്‍ക്ക് പ്രേരണ എന്നറിയാന്‍ ആകെയുള്ള മാര്‍ഗം നിരീശ്വര പ്രസ്ഥാനങ്ങള്‍ കൊണ്ട് അവരെന്താണ് ചെയ്യുന്നത് എന്നു വിലയിരുത്തുക മാത്രമാണ്. ഒരു സംഘടന അതിന്റെ വികാരത്തിനും ചോദനയ്ക്കും ലക്ഷ്യത്തിനും അനുസരിച്ചാണല്ലോ പ്രവര്‍ത്തിക്കുക. അങ്ങനെ നോക്കുമ്പോള്‍ സാം ഹാരിസും ഹിച്ചന്‍സും ഡോക്കിന്‍സും മുതല്‍ കേരളത്തിലെ രവിചന്ദ്രനും ജബ്ബാറും വരെ മതങ്ങളെ കുറ്റം പറഞ്ഞും അപഹസിച്ചും മാത്രമാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് എന്ന് എളുപ്പം മനസ്സിലാകും.

ഇത് കേവലം നാസ്തിക സംഘടനാ നേതാക്കളുടെ മാത്രം കാര്യമല്ല! ശാസ്ത്രബോധം ഉണ്ടാക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന ഒരു നാസ്തിക അണിയും ഇന്നുവരെ തെര്‍മോഡൈനാമിക്‌സിന്റെ സെക്കന്റ് ലോ കേട്ട് ഉത്തേചിതരായി കയ്യടിച്ചത് ആരും കണ്ടുകാണില്ല. പക്ഷേ നാസ്തിക പ്രമുഖന്‍മാര്‍ മതങ്ങളെക്കുറിച്ച് പറയുന്ന പരദൂഷണ വര്‍ത്തമാനങ്ങളില്‍ ഉത്തേജിതരാവുകയും ആഹ്‌ളാദിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന നിരീശ്വരന്‍മാരെ നാസ്തിക പരിപാടികളില്‍ ധാരാളം കാണാം. അതുകൊണ്ട് തന്നെയാണ് ശാസ്ത്ര വിഷയങ്ങള്‍ ക്ലാസ് എടുക്കുന്നവരെക്കാള്‍ മതങ്ങളെ കുറ്റം പറയുന്നവരോടും നിരന്തരമായി മതവിരോധം പ്രസംഗിക്കുന്നവരോടും നാസ്തികര്‍ക്ക് പ്രിയമേറുന്നത്. ചില ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റുകളെ കോപ്പിയടിച്ച് ഇസ്‌ലാം വിമര്‍ശനം തൊഴിലാക്കി നടക്കുന്ന മാഷുമാർ നാസ്തിക നേതാക്കളാകുന്നതിന്റെ മനഃശാസ്ത്രമിതാണ്. അഥവാ കേരളീയ യുക്തിവാദി സംഘങ്ങള്‍ വെറും മതവിദ്വേഷ സംഘങ്ങള്‍ മാത്രമാണിന്ന്.

ഇതൊരു തരത്തിൽ പഴയ ആദർശത്തോട് കൈക്കൊള്ളുന്ന വൈകാരികമായ പകതീർക്കൽ കൂടിയാണ്. ഇതിന് നല്ലൊരു ഉദാഹരണമായി പറയാൻ കഴിയുക അയൻ ഹിർസി അലി എന്ന പ്രശസ്ത പാശ്ചാത്യൻ ഇസ്‌ലാം വിമർശകയുടെ നിലപാടുകൾ തന്നെയാവും. ഒരു ATHEIST എന്ന് സ്വയം അടയാളപ്പെടുത്തുന്നുവെങ്കിലും അടിസ്ഥാനപരമായി മുൻ മതത്തോട് ഉണ്ടായ വൈകാരികമായ വിരോധം മാത്രമാണ് അവരെ അങ്ങനെ ആക്കുന്നതെന്ന് അവരുടെ തന്നെ രചനകൾക്ക് ഇടയിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. ഇസ്‌ലാം ഏറ്റവും മോശം ആദർശമാണെന്നും അത് ലോകത്തിന് തന്നെ ആപത്താണ് എന്നും ആവർത്തിച്ച് പറഞ്ഞ് നടക്കുന്ന അയാൻ ഹിർസി അലി അതിനുള്ള പരിഹാര മാർഗ്ഗങ്ങളും തൻറെ ഒരു കൃതിയിൽ നിർദ്ദേശിക്കുന്നുണ്ട്. അതിലൊന്നിൽ മുസ്‌ലിംകൾക്ക് ഇടയിൽ ക്രിസ്ത്യൻ സുവിശേഷ പ്രചരണവും, അങ്ങനെ അല്ലാഹുവിന്റെ സ്ഥാനത്ത് ദൈവമായി യഹോവയെ മുസ്‌ലിംകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന അവസ്ഥയെയുമാണ് അവർ പരിഹാരമായി നിർദ്ദേശിക്കുന്നത്. അഥവാ അയാൻ ഹിർസി അലിയെ സംബന്ധിച്ചിടത്തോളം നിരീശ്വരത്വത്തോടുള്ള അമിതമായ കൂറോ, വർദ്ധിച്ച സെക്യുലർ ബോധം കൊണ്ട് മതരഹിതമായ ലോകമുണ്ടാക്കാനുള്ള സ്വപ്നമോ ഒന്നുമല്ല ചോദന. മറിച്ച് അവരുടെ ശ്രദ്ധ മുഴുവൻ തൻറെ മുൻ മതത്തിൽ മാത്രമാണ്. അതിന് ബദലായി ഏത് മാരക പ്രത്യയ ശാസ്ത്രം വരുന്നതിനോടും അവർക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ ഇതേ സ്ഥാനത്ത് ക്രൈസ്തവതയിൽ നിന്നും മതരാഹിത്യം കൈക്കൊണ്ട ഒരാൾ പറയുക ക്രിസ്തുമതം കൂടുതൽ അപകടകരമായിരിക്കും എന്നാകും. അഥവാ മതരഹിതരുടെ മതരാഹിത്യവും, മതവിരോധവും പ്രവർത്തിക്കുന്നത് പൂർവ്വ മതത്തെ കേന്ദ്രീകരിച്ചാണ്.

യുക്തി രഹിതരായ ഇത്തരം മത വിരോധി ജീവികളെ പൊതു ഇടങ്ങളിൽ നിന്നെങ്കിലും മാറ്റി നിർത്താനാണ് സമൂഹം ശ്രമിക്കേണ്ടത്. തങ്ങൾ മതം ഉപേക്ഷിച്ചേ എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുകയും, സംഘപരിവാർ രാഷ്ട്രീയത്തിന് ഒത്ത് തുള്ളുകയും ചെയ്യുന്ന രംഗ ബോധമില്ലാത്ത കുറച്ച് മതരഹിത മനോരോഗികളെ മനശാസ്ത്രപരമായി ചികിത്സിച്ച് നേരേയാക്കേണ്ട ഉത്തരവാദിത്തം സമുഹത്തിനുണ്ട്.

No comments yet.

Leave a comment

Your email address will not be published.