മതവിരോധത്തിന്റെ മതമാണ് നാസ്തികത

//മതവിരോധത്തിന്റെ മതമാണ് നാസ്തികത
//മതവിരോധത്തിന്റെ മതമാണ് നാസ്തികത
ആനുകാലികം

മതവിരോധത്തിന്റെ മതമാണ് നാസ്തികത

Print Now
ക്കഴിഞ്ഞ മാര്‍ച്ച് 15നു 51 പേരെ കൊന്നുകൊണ്ട് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മുസ്‌ലിം പള്ളികളിലായി നടന്ന വെടിവെപ്പും ഏപ്രില്‍ 21നു ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിൽ മൂന്നു ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണങ്ങളുമെല്ലാം ചെറിയ ഇടവേളയ്ക്കുശേഷം ഭീകരാക്രമണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ നിമിത്തമായിരിക്കുകയാണ്.

ഫ്രഞ്ച് വിപ്ലവാനന്തരം തീവ്ര വിപ്ലവകാരികളാല്‍ ഉണ്ടായ സാമൂഹ്യ അവസ്ഥയെ കാണിക്കാന്‍ ഉത്ഭവിച്ച TERRORISM എന്ന പദം സത്യത്തില്‍ ഒരു വിഭാഗത്തിനു മാത്രമായി സംവരണമാക്കപ്പെട്ടതൊന്നുമല്ല എന്നതാണ് യാഥാർത്ഥ്യം. കുരിശു യുദ്ധക്കാരും നാസ്തിക കമ്മ്യൂണിസ്റ്റ് സംഘടനകളും മാവോയിസ്റ്റ് തീവ്രവാദികളും തീവ്ര ബുദ്ധിസ്റ്റുകളും ഹിന്ദുത്വ വാദികളും ഐസിസും അല്‍ ക്വയ്ദയുമെല്ലാം അതിന്റെ പ്രയോക്താക്കളായി ഉണ്ടായിട്ടുണ്ട്.

ഈ ചരിത്ര വസ്തുതയെ മുന്നില്‍വെച്ച് വിശകലനം ചെയ്താല്‍ തന്നെ ഭീകരവാദം എന്നത് വിവിധ മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മത നിരാസകര്‍ക്കും നാസ്തികര്‍ക്കും ഇടയിലെല്ലാം സമാനമായി കാണപ്പെടുന്നുണ്ടെങ്കിലും അതുകൊണ്ട് ഭീകരതയ്ക്ക് പ്രത്യേകിച്ചൊരു മതവുമില്ലെന്നും സാമാന്യ ബുദ്ധിയുള്ള മനുഷ്യന്‍മാര്‍ക്കെല്ലാം അംഗീകരിക്കാനാകും.

ചരിത്രമെടുത്ത് പരിശോധിച്ചു നോക്കിയാല്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഒന്നാം ലോകയുദ്ധത്തില്‍ 15 മില്യണും രണ്ടാം ലോക യുദ്ധത്തില്‍ 55 മില്യണും റഷ്യന്‍ സിവില്‍ വാറില്‍ ഒന്‍പത് മില്യണും ചൈനീസ് സിവില്‍ വാറില്‍ രണ്ടര മില്യണും എന്നിങ്ങനെ രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടുമെല്ലാം മനുഷ്യചരിത്രം യുദ്ധത്തിന്റെ ഭീകരത കൊണ്ട് ചുവന്നതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഭീകരതയ്ക്ക് മതമില്ലെന്നു പറയുമ്പോള്‍ അപസ്മാര സമാനമായ വെപ്രാളത്തോടെ ഭീകരതയ്ക്ക് മതം മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തുന്ന നാസ്തിക പ്രമുഖന്‍മാര്‍ ഓര്‍ക്കേണ്ടത് ദശലക്ഷങ്ങളുടെ ചോരകൊണ്ട് ചരിത്രത്തെ ചുവപ്പിച്ച സ്റ്റാലിനും മാവോയുമെല്ലാം നാസ്തികരായിരുന്നു എന്നു മാത്രമല്ല തങ്ങള്‍ സ്വപ്നം കണ്ട ഭൗതികവാദ ക്രമത്തിലുള്ള ലോകത്തിനായി പരിശ്രമിച്ചവര്‍ കൂടിയാണവര്‍.

റഷ്യയിലും ചൈനയിലുമായി നടന്ന ഈ കമ്മ്യൂണിസ്റ്റ് ഭീകര വിപ്ലവങ്ങളില്‍നിന്നുമാവേശമുള്‍ക്കൊണ്ടാണ് പിന്നീട് ലോകത്തുടനീളം നക്‌സല്‍ ഭീകര പ്രസ്ഥാനങ്ങളുണ്ടായത്. സ്വന്തം ശരീരത്തില്‍ ബോംബ് വെച്ചുകെട്ടി സ്വനാശത്തിലൂടെ ചുറ്റുപാടിനെയും നശിപ്പിക്കുന്ന ചാവേര്‍ ആക്രമണരീതിയ്ക്ക് തുടക്കമിട്ടതും വ്യാപകമായി അതിനെ ഉപയോഗിച്ചതും അതുവഴി ഇന്‍ഡ്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ശ്രീലങ്കന്‍ പ്രസിഡന്റ് രണസിംഹയുമുള്‍പ്പെടെ രാഷ്ട്രതലവന്‍മാരെ വരെ വധിച്ചുകളഞ്ഞ തമിഴ് പുലികള്‍ മാര്‍ക്‌സിസ്റ്റ്/ലെനിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഭൗതികവാദ സംഘടനയായിരുന്നു.

കേവലം തീവ്ര മതവിരുദ്ധതയും വിരോധവും കൊണ്ട് നിരപരാധികളായ അനേകം മതവിശ്വാസികളെ കൊല്ലുകയും ജയിലിലടക്കുകയും അവരുടെ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുകയും ചെയ്ത് മത ഉന്മൂലനത്തിനായി 1925 മുതല്‍ 1947 വരെ സോവിയറ്റ് യൂണിയനു കീഴില്‍ The struggle against religion is the struggle for socialism എന്ന മുദ്രാവാക്യത്തോടെ നിരീശ്വര ലോകത്തിനായി ഭീകരതയുടെ പണിയെടുത്ത തീവ്രനാസ്തികരുടെയെല്ലാം (League of Militant Atheists) ചോതന മതമില്ലാത്ത ലോകമെന്ന ആധുനിക നിരീശ്വരന്‍മാരുടെ കൂട സ്വപ്നമായിരുന്നു. എന്തിനേറെ പറയുന്നു മാവോ സേതൂങിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുന്ന ഇടതുപക്ഷ ഭൗതികവാദ അടിത്തറയുള്ള നക്‌സലുകള്‍ കഴിഞ്ഞ മാസമാണ് ഈ മഹാരാഷ്ട്രയില്‍ പോലും 15 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചത്.

ഇതെല്ലാം കണ്‍മുന്നില്‍ നടക്കുമ്പോഴും മതമാണ് ഭീകരതയെന്ന് കണ്ണുമടച്ചു കിടന്നു മോങ്ങാന്‍ മതവിരോധം ലേശമൊന്നും മൂത്താല്‍ പോരാ. മതങ്ങളില്‍ കുറ്റമാരോപിച്ച് മാത്രം അതിജീവനത്തിന് പാടുപെടുന്ന നവനാസ്തിക ഗതികേടുകള്‍ മാത്രമാണ് മതം പ്രത്യേകിച്ച് ഇസ്‌ലാം ഭീകരവാദമാണെന്ന നാസ്തിക പഴിപറച്ചിലുകളിലും മുഴച്ചു നില്‍ക്കുന്നത്. വാസ്തവത്തില്‍ ഒരു ആശയത്തെയും പ്രത്യയശാസ്ത്രത്തെയും അത് ലോകത്തിന് നല്‍കിയതെന്തെന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടതെങ്കില്‍ നിരീശ്വര വിശ്വാസി പ്രസ്ഥാനങ്ങള്‍ ഭീകരസംഘങ്ങള്‍ എന്നതില്‍ കവിഞ്ഞൊരു പേരുപോലും അര്‍ഹിക്കുന്നില്ല. കാരണം നിരീശ്വര പ്രസ്ഥാനങ്ങള്‍ ഒരു സംഘടിത-രാഷ്ട്രീയ ശക്തിയായി വളര്‍ന്ന് അധികാരത്തിലേറുകയോ നിരീശ്വരന്‍മാര്‍ ഭൂരിപക്ഷമാവുകയോ ചെയ്തിടത്തെല്ലാം മറ്റുള്ളവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചും, അടിച്ചമര്‍ത്തിയും കൊന്നും വരെ ഭീകരമായൊരു സാമൂഹ്യ അവസ്ഥയെത്തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഭരണകൂടത്തിന്റെ പക്ഷം നിരീശ്വരവാദപരമായിരിക്കുമെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട നാസ്തിക രാഷ്ട്രങ്ങളിലെ സ്ഥിതിവിഗതികള്‍ പരിശോധിക്കുന്നവര്‍ക്കത് വ്യക്തമാകും. അത്തരത്തില്‍ State atheism പ്രയോഗവല്‍ക്കരിച്ച രണ്ടു പ്രമുഖ രാഷ്ട്രങ്ങളാണ് സോവിയറ്റ് റഷ്യയും ചൈനയും. സോവിയറ്റ് യൂണിയനില്‍ 1924 മുതല്‍ 1953 വരെയുള്ള സ്റ്റാലിന്റെ ഭരണകാലത്ത് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 20 മില്യണും 1949 മുതല്‍ 1975 വരെ മാവോ സേതൂങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ തുടച്ചുനീക്കപ്പെട്ടത് 40 മില്യണ്‍ മനുഷ്യരുമാണ്. സംഘടിത ശക്തിയായിട്ടെന്തുണ്ടാക്കി എന്ന ചോദ്യത്തിനു മുന്നില്‍ ആകെപ്പാടെ നാസ്തികര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ള രാഷ്ട്ര സംവിധാനങ്ങളിലെ സ്ഥിതികളാണിവ. രണ്ട് ലോകമഹായുദ്ധങ്ങളിലായി കൊല്ലപ്പെട്ട മനുഷ്യരുടെ കണക്കുമായി കിടപിടിക്കുന്നതാണ് ഈ ഔദ്യോഗിക നാസ്തിക രാഷ്ട്രങ്ങള്‍ കൊന്നുതള്ളിയ മനുഷ്യരുടെ എണ്ണം.

ഇതൊക്കെ കേവലം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ തലക്ക് വെച്ച് സ്വയം നല്ലപിള്ള ചമയുന്ന സ്ഥിരം നാസ്തിക മറുപടികളൊക്കെ വെറും സഹതാപാര്‍ഹമാണെന്നു പറയാതെ വയ്യ!

മനുഷ്യരെല്ലാം മറ്റു നാല്‍കാലികള്‍ക്കും സമാനമായ ജന്തുവിഭാഗമാണെന്നും കേവലമൊരു പദാര്‍ത്ഥ മിശ്രിതം മാത്രമാണെന്നും നന്മതിന്മകളെന്നത് കേവലമായ മനുഷ്യനിര്‍മിത സങ്കല്‍പങ്ങള്‍ എന്നതിലുപരി യാതൊന്നുമല്ലെന്നും അതുകൊണ്ട് തന്നെ എത്ര നന്മ ചെയ്താലും അതുകൊണ്ടൊരു ഗുണവുമില്ലെന്നും എത്ര തിന്മ ചെയ്താലും അതുകൊണ്ട് തനിക്കൊരു ദോഷവും വരാനില്ലെന്നും ഗാന്ധിജിയെപ്പോലെ മഹാനായി ജീവിച്ചാലും ഹിറ്റ്‌ലറെ പോലെ സ്വന്തം തോന്ന്യാസ യുക്തിക്കനുസരിച്ച് അനേകമാളുകളെ കൊന്നും ചൂഷണം ചെയ്തും ഏറ്റവും ദുഷിച്ച ജീവിതം നയിച്ചാലും ഒരു മരണത്തോടെ രണ്ടു പേരും സമന്‍മാര്‍ തന്നെയാകുമെന്നും അതിലുപരി ചെയ്യുന്ന നന്മതിന്മകള്‍ക്കനുസൃതമായ ഫലങ്ങളൊന്നും അനുഭവിക്കേണ്ടതില്ലെന്നും ഒക്കെ പഠിപ്പിക്കുന്ന നിരീശ്വര വിശ്വാസത്തിന്റെ ധാര്‍മിക ശൂന്യമായ അടിസ്ഥാന ആദര്‍ശങ്ങള്‍ തലയ്ക്ക് കയറാത്ത ഒരാള്‍ക്കും ദശലക്ഷങ്ങളുടെ ചോരചിന്തിച്ചതില്‍ പാപബോധം തോന്നാതിരിക്കില്ല.

സ്വന്തം യുക്തിക്ക് തോന്നുന്നതൊക്കെ തന്നെയാണ് ശരിയെന്നും ആ യുക്തി തനിക്ക് തോന്നുന്നപോലെ നടപ്പിലാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നുമുള്ള യുക്തിവാദി ആശയമൊക്കെ തന്നെയാണല്ലോ ഇവരിലും പ്രവര്‍ത്തിച്ചത്. അഥവാ ഈ കൂട്ടക്കുരുതികളുടെയെല്ലാം അടിത്തറ കിടക്കുന്നത് നിരീശ്വര വിശ്വാസത്തിലും ഭൗതികവാദത്തിലും ഒക്കെത്തെന്നയാണ്.

ഏതായാലും നാസ്തികതയും മതനിഷേധവും അടിച്ചേല്‍പിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ തട്ടിത്തൊഴിച്ച് റഷ്യ പുറത്തുവന്നു. പാഠപുസ്തകങ്ങളില്‍ പോലും നിരീശ്വരവാദവും മതനിഷേധ ആശയങ്ങളും കുത്തിനിറച്ച് നാസ്തിക മസ്തിഷ്‌ക പ്രക്ഷാളനങ്ങള്‍ക്ക് അടിമയായിക്കിടന്ന ആ സമൂഹം അതിനെയെല്ലാം അവഗണിച്ച് മതമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യ അവസ്ഥയിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍ നാസ്തികതയില്‍ തന്നെ കടിച്ചു തൂങ്ങിക്കിടക്കുന്ന ചൈനയുടെ മതങ്ങളോടുള്ള നിലപാട് ഇന്നും ഭീകരവും പരിതാപകരവുമാണ്. ഒരു കോടിയോളം മുസ്‌ലിംകള്‍ താമസിക്കുന്ന ചൈനയിലെ ഷിന്‍ജ്യാങില്‍ റമളാന്‍ വ്രതനിരോധം മുതല്‍ മതചിഹ്‌നമായി മുഖത്ത് അല്‍പം താടി വെക്കുന്നതിന് വരെ വിലക്കാണ്. ഐക്യരാഷ്ട്രസഭ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പത്തു ലക്ഷത്തോളം ഉയിഗൂര്‍ മുസ്‌ലിംകളാണ് തടവുകാരായി ഷിന്‍ജ്യാങ് പ്രവിശ്യയിലെ ക്യാമ്പുകളില്‍ കഴിയുന്നത്. മുസ്‌ലിം സമുദായത്തെ രാജ്യത്തുനിന്നും തുടച്ചുനീക്കാനുള്ള വന്‍പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ഈ ക്യാമ്പുകള്‍ എന്നും ഇസ്‌ലാമിനെ ഒരു മാനസിക രോഗമായാണ് ചൈന കാണുന്നതെന്നും ഈ അടുത്ത കാലത്ത് ന്യുയോര്‍ക്ക് ടൈംസ്, ദി അറ്റ്‌ലാന്റിക് തുടങ്ങിയ പ്രസിദ്ധീകരണങ്ങല്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

കൂടാതെ മത വിശ്വാസത്തിന്റെ പേരില്‍ വിശ്വാസി സമൂഹം നിരന്തരം നിരീക്ഷിക്കപ്പെടുന്നതും ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങള്‍ വരെ തച്ചു തകര്‍ക്കപ്പെടുന്നതുമെല്ലാം ചൈനയില്‍ നിന്നുള്ള സര്‍വസാധാരണമായ വാര്‍ത്തയായിക്കഴിഞ്ഞിരിക്കുന്നു.

ഭീകരതയുടെ മതം ചികയുന്ന നാസ്തികര്‍ക്ക് ഇതിലൊന്നും ഭീകരതയും സ്വാതന്ത്ര്യ നിഷേധവും വര്‍ഗീയ വിവേചനങ്ങളും കാണാന്‍ കഴിയുന്നില്ല എന്നതുതന്നെയാണ് നാസ്തിക വര്‍ഗീയതയ്ക്കുള്ള തെളിവും. നിരീശ്വര വിശ്വാസം മാത്രമാണ് ശരിയെന്നും അതല്ലാത്ത ആശയങ്ങളെല്ലാം തെറ്റാണെന്നും അതുകൊണ്ട് അവയെല്ലാം തടയപ്പെടേണ്ടവയാണെന്നും നാസ്തികര്‍ അന്ധമായി വിശ്വസിച്ച് നടക്കുന്നതുകൊണ്ടാണല്ലോ അവര്‍ ന്യൂനപക്ഷമായിരിക്കുന്നിടത്തുപോലും സോഷ്യല്‍ മീഡിയയില്‍ കയറി മതങ്ങളെ തെറി പറഞ്ഞും അശ്ലീലവല്‍ക്കരിച്ചും ആത്മരതി തേടുന്നത്.

ഈ സോഷ്യല്‍ മീഡിയ തെറി വിളികളില്‍ തെളിഞ്ഞു കിടക്കുന്ന നിരീശ്വരന്‍മാരുടെ തീവ്ര വര്‍ഗീയ ബോധവും മതവിരോധവും തന്നെയാണ് ഭൂരിപക്ഷമാവുകയോ അധികാരം കയ്യില്‍ വരുകയോ ചെയ്യുമ്പോള്‍ പ്രകടമാകുന്നത്. ഉള്ളില്‍ തീവ്രവാദങ്ങള്‍ ഉണ്ടാവുകയും അത് പ്രയോഗവല്‍ക്കാന്‍ പറ്റിയ സാമൂഹ്യ അവസ്ഥയും ആള്‍ ബലവും ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രമാണ് ഈ നാസ്തിക തീവ്രവാദങ്ങള്‍ സോഷ്യല്‍ മീഡിയ തെറി വിളികളില്‍ മാത്രമായി ഒതുങ്ങുന്നത് എന്നു മനസ്സിലാക്കാന്‍ ആള്‍ ബലവും അധികാരവും നിരീശ്വരന്‍മാരുടെ കയ്യില്‍ വന്ന സ്ഥലങ്ങളിലെ സാമൂഹ്യ അവസ്ഥകള്‍ നിരീക്ഷിച്ചാല്‍ മതിയെന്നു ചുരുക്കം.

അങ്ങനെ നിരീക്ഷിക്കുന്നവര്‍ക്ക് നാസ്തികത ഒരു രാഷ്ട്ര ശക്തിയുടെ ഭാഗമായി വളര്‍ന്നുവന്നിടത്തെല്ലാം അത് നൈസര്‍ഗികമായി പേറുന്ന മതവിരോധ തീവ്രവാദങ്ങളുടെ ഭീകരമായ പ്രയോഗവല്‍ക്കരണം തന്നെയാണ് കാണാന്‍ കഴിയുന്നത്. റഷ്യയും ചൈനയുമെല്ലാം അതിന്റെ വെറും ഉദാഹരണങ്ങള്‍ മാത്രം.

മതവിരോധത്തിന്റെ മനഃശാസ്ത്രം

എന്താണ് നിരീശ്വരവാദത്തിന് പ്രേരണ എന്ന ചോദ്യത്തിന് വര്‍ഗീയതയും മതവിരോധവും മാത്രമാണിതിനടിസ്ഥാനം എന്നു മനസ്സിലാക്കാന്‍ ഇത്തരം ചരിത്രപരമായ അവലോകനം തന്നെ ധാരാളമാണ്. കാരണം ചരിത്രത്തിലെവിടെയും ദൈവമില്ലെന്ന് ഒരു തെളിവിന്റെയോ ന്യായത്തിന്റെയോ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും നിരീശ്വരന്‍മാര്‍ ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം തെളിവും ന്യായവുമൊന്നുമല്ല അതിലുപരി വ്യക്തിപരമായ കാരണങ്ങള്‍ തന്നെയാണ് നിരീശ്വര വിശ്വാസത്തിന് പ്രേരണ എന്നു തന്നെയാണ്. ഇന്നും സ്ഥിതി വ്യത്യസ്തം ഒന്നുമല്ല. അല്‍ ജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ റിച്ചാര്‍ഡ് ഡോക്കിന്‍സ് സംസാരിച്ചു തുടങ്ങുന്നത് താന്‍ Atheist ആണെങ്കിലും പൂര്‍ണമായ ഉറപ്പോടെ ഒന്നില്ലാ എന്നു ആര്‍ക്കും പറയാന്‍ കഴിയില്ല എന്നു സമ്മതിച്ചുകൊണ്ടാണ്.
ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നടന്ന മറ്റൊരു പൊതുചര്‍ച്ചക്കിടെ ദൈവമില്ലെന്ന കാര്യത്തില്‍ തനിക്ക് പൂര്‍ണമായ ഉറപ്പൊന്നുമില്ലെന്നു തന്നെ ഡോക്കിന്‍സ് സമ്മതിക്കുന്നുണ്ട്. അഥവാ ദൈവമില്ലെന്നു ശാസ്ത്രീയമായി തെളിവുകള്‍ വെച്ച് സമര്‍ത്ഥിച്ചല്ല, ഇന്നും ഒരു നാസ്തികനും നിരീശ്വര വിശ്വാസം കൊണ്ട് നടക്കുന്നത്. കാരണം അങ്ങനെ ദൈവമില്ലെന്നു പറയാന്‍ ഒരു ന്യായവും നവനാസ്തികതയ്ക്ക് തുടക്കം കുറിച്ച ആള്‍ എന്നറിയപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിനു പോലും ഉദ്ധരിക്കാനായിട്ടില്ല.

ദൈവനിഷേധത്തിന് തെളിവുകള്‍ ഇല്ലെങ്കില്‍ പിന്നെയെന്താണ് നാസ്തിക പ്രസ്ഥാനങ്ങള്‍ക്ക് പ്രേരണ എന്നറിയാന്‍ പിന്നെയാകെയുള്ള മാര്‍ഗം നിരീശ്വര പ്രസ്ഥാനങ്ങള്‍ കൊണ്ട് അവരെന്താണ് പ്രവര്‍ത്തിക്കുന്നത് എന്നു വിലയിരുത്തുക മാത്രമാണ്. ഒരു സംഘടന അതിന്റെ വികാരത്തിനും ചോദനത്തിനും ലക്ഷ്യത്തിനും അനുസരിച്ചാണല്ലോ പ്രവര്‍ത്തിക്കുക. അങ്ങനെ നോക്കുമ്പോള്‍ സാം ഹാരിസും ഹിച്ചന്‍സും ഡോക്കിന്‍സും മുതല്‍ കേരളത്തിലെ രവിചന്ദ്രനും ജബ്ബാറും വരെ മതങ്ങളെ കുറ്റം പറഞ്ഞും അപഹസിച്ചും മാത്രമാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് എന്ന് എളുപ്പം മനസ്സിലാകും.

ഇത് കേവലം നാസ്തിക സംഘടനാ നേതാക്കളുടെ മാത്രം കാര്യമല്ല! ശാസ്ത്രബോധം ഉണ്ടാക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന ഒരു നാസ്തിക അണിയും ഇന്നുവരെ തെര്‍മോഡൈനാമിക്‌സിന്റെ സെക്കന്റ് ലോ കേട്ട് ഉത്തേചിതനായി കയ്യടിച്ചത് ആരും കണ്ടുകാണില്ല. പക്ഷേ നാസ്തിക പ്രമുഖന്‍മാര്‍ മതങ്ങളെ പറയുന്ന പരദൂഷണ വര്‍ത്തമാനങ്ങളില്‍ ഉത്തേചിതനാവുകയും ആഹ്‌ളാദിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന നിരീശ്വരന്‍മാരെ നാസ്തിക പരിപാടികളില്‍ തന്ന ധാരാളം കാണാം. അതുകൊണ്ട് തന്നെയാണ് ശാസ്ത്ര വിഷയങ്ങള്‍ ക്ലാസ് എടുക്കുന്നവരെക്കാള്‍ മതങ്ങളെ കുറ്റം പറയുന്നവരെയും നിരന്തരമായി മതവിരോധം പ്രസംഗിക്കുന്നവരെയും നാസ്തികര്‍ക്ക് പ്രിയമേറുന്നത്. ചില ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റുകളെ കോപ്പിയടിച്ച് ഇസ്‌ലാം വിമര്‍ശനം തൊഴിലാക്കി നടക്കുന്ന മാഷുമാർ നാസ്തിക നേതാക്കളാകുന്നതിന്റെ മനഃശാസ്ത്രമിതാണ്. അഥവാ കേരളീയ യുക്തിവാദി സംഘങ്ങള്‍ വെറും മതവിദ്വേഷ സംഘങ്ങള്‍ മാത്രമാണിന്ന്.

വര്‍ഗീയത എന്തുകൊണ്ടാണെന്നും അതിന്റെ സാമൂഹ്യ മനഃശാസ്ത്രമെന്താണെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനു പകരം മതങ്ങളെ പഴി പറയാനുള്ള ഉപാധിയായി വര്‍ഗീയതയെ കണ്ടുപയോഗിച്ചിടത്തു തന്നെയാണ് നാസ്തികതയ്ക്ക് പിഴച്ചത്. മനുഷ്യന്റെ വര്‍ഗീയ ചേരിതിരിവിനും പരസ്പരമുള്ള കടന്നാക്രമങ്ങള്‍ക്കുമൊക്കെ വാസ്തവത്തില്‍ മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഗോത്രകാല മനുഷ്യരെ സംബന്ധിച്ച നരവംശ പഠനങ്ങള്‍ തന്നെയതിന് ധാരാളം ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട് താനും.

പ്രാചീന മനുഷ്യന്‍ വ്യത്യസ്ത രീതികളിലുള്ള തലപ്പാവ് ധരിച്ചിരുന്നതും, വ്യത്യസ്ത ചിഹ്നങ്ങളും പച്ച കുത്തലുകളും കൊടിയടയാളങ്ങളും ഒക്കെ സ്വീകരിച്ചിരുന്നതും തങ്ങളുടേതായ ഒരു പ്രത്യേക വിഭാഗത്തെ കാണിക്കാനും തിരിച്ചറിയാനും അങ്ങനെ ഒരു Group identity നല്‍കുന്ന സുരക്ഷിത ബോധത്തിനകത്ത് ജീവിച്ചു പോകാനും ഒക്കെയാണെന്ന് മനുഷ്യന്റെ സാമൂഹ്യ ചരിത്ര പഠനങ്ങളും മനഃശാസ്ത്ര പഠനങ്ങളും പറഞ്ഞു തരുന്നുണ്ട്.

ഇങ്ങനെ ഒരു സംഘത്തിനകത്തെ സ്വത്വ ബോധത്തില്‍ ജീവിച്ചിരുന്ന വ്യക്തി സ്വാഭാവികമായും മനുഷ്യരെ രണ്ടു തരത്തിലാണ് നോക്കി കാണുക, ഒന്ന് തന്റെ സംഘത്തിനകത്തെ (In group) വ്യക്തികളെ സഹോദര മനുഷ്യരായും മറ്റു മനുഷ്യരെ പുറമെ നിന്നുള്ള എപ്പോഴും തങ്ങളെ ആക്രമിച്ചേക്കാവുന്ന ശത്രു വിഭാഗമായും (Out group). അഥവാ ഈ വിഭാഗീയത മനുഷ്യ ചരിത്രത്തില്‍ തന്നെയുള്ള മനുഷ്യന്റെ ജനിതക സ്വഭാവമാണെന്നു ചുരുക്കം.

ഇങ്ങനെ വിഭാഗീയതയില്‍ ജീവിക്കുന്ന മനുഷ്യ സമൂഹങ്ങള്‍ക്കിടിയില്‍ പരസ്പരം ആക്രമണങ്ങളും യുദ്ധങ്ങളുമെല്ലാം എന്തുകൊണ്ടുണ്ടാകുന്നു എന്നതിനും പരിണാമ മനഃശാസ്ത്രം (Evolutionary psychology) ഉത്തരം തരുന്നുണ്ട്. അതിനു കാരണം മനുഷ്യനും മറ്റു ജീവികളെപ്പോലെ സ്വാര്‍ത്ഥ ജനിതകത്തിനുടമയാണെന്നത് തന്നെയാണ്. അതിനാല്‍ കൂടുതല്‍ അതിജീവന യോഗ്യമായ വാസസ്ഥലവും വിഭവങ്ങളും സാധന സമ്പത്തുകളും മറ്റൊരു സംഘത്തിന് കീഴിലാകും എന്നു മാത്രമല്ല പുറമേ നിന്നുള്ള സംഘത്തിന്റെ ഇണകളെ അധീനപ്പെടുത്തുക കൂടിയാണ് ഇത്തരം യുദ്ധങ്ങളിലൂടെ ചെയ്യുന്നത്.

ഇങ്ങനെ കൂടുതല്‍ ഇണകളെ ലഭിക്കുകയും അവയിലൂടെ കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്തവരുടെ ജനിതക പകര്‍പ്പ് ആയിരിക്കും തലമുറകളിലൂടെ അതിജീവിച്ച് ആധുനിക മനുഷ്യന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. അഥവാ വിഭാഗീയതയും വര്‍ഗീയതയുമൊക്കെ മനുഷ്യന്റെ അതിജീവനത്തിന്റെ ഭാഗമായ മനഃശാസ്ത്ര സ്വഭാവങ്ങളാണ്.

അതിനാല്‍ തന്നെ ഈ ജനിതകം ചുമന്ന് ജീവിക്കുന്ന ആധുനിക മനുഷ്യനും വളരെ വേഗമൊരു ഗ്രൂപ്പിന്റെ ഭാഗമാവുകയും ആ സംഘബോധത്തോടെ പെരുമാറാനും തുടങ്ങുമെന്നാണ് Henry Tajfelന്റെ സോഷ്യല്‍ ഐഡന്റിറ്റി തിയറി (Social identity theory) പറയുന്നത്.

ഇതിനു ഉപോല്‍ബലകമായി തെളിവുകളും നിരവധിയാണ്. ആളുകള്‍ വളറെ വേഗത്തില്‍ ഏതെങ്കിലും കായിക താരത്തിന്റെയോ സിനിമാ നടന്റെയോ പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ടാക്കുന്നതും, രാഷ്ട്രീയത്തിന്റെയോ ദേശീയതയുടെയോ മതത്തിന്റെയോ പേരില്‍ സംഘം ചേരുന്നതും സംഘത്തിന്റെ സ്വത്വബോധം അനുസരിച്ച് പെരുമാറുന്നതുമൊക്കെ ഇതിനു നിത്യജീവിതത്തില്‍ തന്നെ നാം കാണുന്ന തെളിവുകള്‍ ആണ്. ഇങ്ങനെ ഒരു സംഘത്തിനകത്തെ ആളാണ് താനെന്ന സ്വത്വചിന്ത ആ സംഘത്തിനകത്ത് ഉള്‍പ്പെടാത്തവരൊന്നും തന്റെ ആളുകള്‍ അല്ലെന്നുള്ള മനോഗതിക്ക് നിദാനമാകുന്നതാണ് വര്‍ഗീയതയുടെയും കാരണം. അഥവാ ഈ വര്‍ഗീയത എന്നത് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്തതകളുടെയെല്ലാം പേരില്‍ ഉണ്ടാകാം.

അത് നിറത്തിന്റെ പേരിലോ, തൊഴിലിന്റെ പേരിലോ ഭാഷയുടെ പേരിലോ ദേശീയതയുടെ പേരിലോ രാഷ്ട്രങ്ങളുടെ പേരിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലോ ഒക്കെയായി ഉണ്ടായിട്ടുളളതുമാണ്.
ഇതിനു സമാനമായിത്തന്നെയാണ് നിലനില്‍ക്കുന്ന ശക്തമായൊരു സാമൂഹ്യ പ്രസ്ഥാനം എന്ന നിലയ്ക്ക് മതങ്ങളും ദുരുപയോഗിക്കപ്പെടുന്നത്. അഥവാ നിലനില്‍ക്കുന്ന ഏതൊരു ഐഡന്റിറ്റിയെയും എന്ന പോലെ വര്‍ഗീയത മതത്തെ ദുരുപയോഗിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ സർവ്വ മനുഷ്യരും ഒരേ മാതാപിതാക്കളില്‍ നിന്നാണെന്നും അതുകൊണ്ട് തന്നെ അവരെല്ലാം സഹോദരീസഹോദരന്‍മാരാണെന്നും അവര്‍ക്കിടയിലുള്ള വൈചിത്യങ്ങള്‍ പരസ്പരം തിരിച്ചറിയപ്പെടാനുള്ള വ്യത്യസ്ത ഗുണങ്ങള്‍ മാത്രമാണെന്നും അതിലുപരി നിറത്തിന്റെയോ കുലത്തിന്റെയോ ദേശീയതയുടെയോ പേരില്‍ ആരും ഉന്നതരും അധമരും ആകുന്നില്ലെന്നും വിയോജിപ്പുകള്‍ ഉള്ള ശത്രു സംഘത്തോട് പോലും നീതി പാലിക്കണമെന്നുമൊക്കെ പഠിപ്പിക്കുന്നതിലൂടെ വര്‍ഗീയതയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന സകല മനഃശാസ്ത്ര കാരണങ്ങളെയും ആശയപരമായി പിഴുതെറിയാന്‍ ഇസ്‌ലാമിന് കഴിയുന്നുണ്ട്.

പക്ഷേ ആശയപരമായി ഒരു സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനുഗുണമായി നിരീശ്വര വിശ്വാസത്തിന് ഒന്നും നല്‍കാനില്ലാത്തതുകൊണ്ട് തന്നെ മുകളില്‍ ഉദ്ധരിച്ച വര്‍ഗീയതയ്ക്ക് നിദാനമാകുന്ന മനഃശാസ്ത്ര പ്രശ്‌നങ്ങളെല്ലാം നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക് ബാധകമാണ്.

നിരീശ്വര ആശയക്കാര്‍ വളരുകയും ഒരുമിക്കുകയും സംഘടിക്കുകയും ചെയ്താലും ഉണ്ടാവുക സംഘബോധവും തങ്ങളുടെ സംഘത്തില്‍ ഉള്‍പ്പെടാത്തവര്‍ അന്യ മനുഷ്യരുമാണെന്ന വര്‍ഗീയ ചിന്ത തന്നെയാണ്. ആ വര്‍ഗീയതയുടെ പ്രായോഗികവല്‍കരണമാണ് നാസ്തികര്‍ ഒരു സംഘടിത ശക്തിയായി വളര്‍ന്നു വന്ന സോവിയറ്റ് റഷ്യയിലും ചൈനയിലുമെല്ലാം ഉണ്ടായതും. ഇന്നും നാസ്തികര്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നാസ്തിക പരിപാടികളും നിരന്തരം മതങ്ങളെ അവഹേളിക്കുന്നതും തെറി പറയുന്നതുമൊക്കെ ഈ മാനസിക പ്രശ്‌നം കൊണ്ടു തന്നെ. നാസ്തിക പ്രമുഖന്‍മാര്‍ മതങ്ങള്‍ക്കെതിരെ പറയുന്ന പരദൂഷണ വര്‍ത്തമാനങ്ങളില്‍ ആഹ്‌ളാദിക്കുകയും ആത്മരതി കൊള്ളുകയും ചെയ്യുന്ന നിരീശ്വര വിശ്വാസി അണികളില്‍ പ്രവര്‍ത്തിക്കുന്നതും ഈ മതവിദ്വേഷമാണ്.

മത ദര്‍ശനങ്ങളെ പിന്തുടരുന്നവരെയെല്ലാം തങ്ങള്‍ക്കന്യമായവരായി കാണുകയും അവരെ ഏതെങ്കിലും രീതിയില്‍ ആക്രമിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോള്‍ വന്യമായൊരു മാനസിക അനുഭൂതി ലഭിക്കുകയും ചെയ്യുന്ന പച്ചയായ വര്‍ഗീയതയുടെ ചികിത്സിക്കപ്പെടേണ്ട മാനസിക അവസ്ഥയാണ് ആധുനിക നിരീശ്വരന്‍മാരിലും പ്രവര്‍ത്തിക്കുന്നതെന്നു ചുരുക്കം.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

9 Comments

 • വർഗീയ ,ഭീകര ചിന്തകളുടെ ഉറവിടവും കാരണങ്ങളും നമുക്കു ചുറ്റിലും നമുക്ക് മുൻപും കഴിഞ്ഞുപോയ പച്ചയായ യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ ഭംഗിയായി വിവരിച്ചു. ഇത്തരം ചിന്താധാരകളെ മുന്നുംപിന്നും നോക്കാതെ സ്വീകരിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മുഴുവൻ “ശാസ്ത്രക്കുഞ്ഞു”ങ്ങളും ഈവഴി വന്ന് മിണ്ടാതെ കടന്ന് പോകേണ്ടതാണ്.😀

  മുഹമ്മദ് ശാഫി പറമ്പിൽ പീടിക 02.07.2019
  • ഈ ലേഖനം വായിക്കാനുള്ള ക്ഷമ ഏതായാലും ശാസ്ത്ര ക്കുഞ്ഞുങ്ങൾക്ക് ഉണ്ടാവില്ല. ഇനി അഥവാ വായിച്ചാൽ തലച്ചോറ് കെട്ടുപിണഞ്ഞ് ബ്രേക്ക് ഡൗണാകും.

   Ibrahim cm 02.07.2019
 • ആണാവട്ടെ പെണ്ണാവട്ടെ,
  തീർച്ചയായും ചിന്തിക്കാത്ത
  നിരീശ്വരവാദി നാശമടയുക തന്നെ ചെയ്യും.

  AO 02.07.2019
 • മതത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തി സ്വന്തം ദർശനത്തിന്റെ പോരായ്മകൾ മറച്ചുവയ്ക്കുന്ന നാസ്തികരുടെ കണ്ണ് തുറപ്പിക്കാൻ ഈ ലേഖനം മതിയായതാണ്.

  Muhsin 02.07.2019
 • നല്ല ആശയങ്ങൾ നല്ല അവതരണം
  ഒരു കുറിപ്പ് : ഭീകരപ്രസ്ഥാനങ്ങളെ പറയുമ്പോൾ മുസ്ലിം നാമത്താൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനകൾ കൊന്ന് കൂട്ടിയ മനുഷ്യരിൽ 75% ത്തിലധികവും മുസ്ലിംകളെ തന്നെയാണ് എന്ന യാഥാർത്ഥ്യവും കൂടി നാം ഓർക്കേണ്ടതുണ്ട്…..

  Hyder ali 03.07.2019
 • മത ഗ്രന്ഥങ്ങൾ ഇത്രയും വ്യാഖ്യാനങ്ങൾക്കു വിധേയ മാകുന്നത് അത് ദൈവം ഇറക്കിയതല്ല എന്നതിന് തെളിവല്ലേ, അതിൽ പ്രപഞ്ചത്തെ പറ്റി പറയുന്നത് ദൈവം കേട്ടാൽ ദൈവം ഒരു അജ്ഞൻ ആണെന്ന് തോന്നും കാലങ്ങളായി മനുഷ്യരെ ഭയപ്പെടുത്തി ചൂക്ഷണം ചെയ്തുകൊണ്ടിക്കുന്ന മതത്തെ പിന്നെ എന്തു ചെയ്യണം, തുറന്നു കാട്ടുക തന്നെ വേണം, മതത്തിൽ മനുഷ്യ പോരോഗതിക്കു എന്താ ഉള്ളത്

  മൊയ്‌ദീൻ 03.07.2019
 • മൊയ്ദീൻ ഭായ് സ്ഥിരം നാസ്തിക മറുപടികൾ തട്ടുന്നതിന് മുൻപ് ഇൗ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ശരിക്കുമൊന്ന് വായിച്ച് മനസ്സിലാക്കാൻ ആദ്യമൊന്ന് ശ്രമിക്കണം..
  മത ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ചു എന്നതാണ് താങ്കൾ പറയുന്ന ഒന്നാമത്തെ ആരോപണം..

  എന്നാൽ ഇൗ ലേഖനം മുഴുവൻ എടുത്ത് പരിശോധിച്ചാലും വ്യാഖ്യാനം പോയിട്ട് മത ഗ്രന്ഥങ്ങളിലെ ഒരു ആഖ്യാനം പോലും കാണില്ല..( ഉണ്ടെങ്കിൽ കാണിക്കാം)!

  ഇൗ ലേഖനത്തിൽ മുഴുവൻ ആകെ പറയുന്നത് നാസ്തികരുടെ മത വിരോധ/ വർഗ്ഗീയ മനശ്ശാസ്ത്രവും അതിന്റെ രക്ത പങ്കിലമായ ചരിത്ര വസ്തുതകളും നാസ്തികത ചുമക്കുന്ന ആശയ ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങളും ഒക്കെയാണ്..

  എന്നിട്ടും മത ഗ്രന്ഥം വ്യാഖ്യാനിച്ചത് ആണെന്ന സ്ഥിരം നാസ്തിക മറുപടി ഞിങ്ങളിൽ നിന്ന് കണ്ടപ്പോൾ ശരിക്കും ചിരി മാത്രമാണ് വന്നത്..😂

  പിന്നെ ഖുർആനിന്റെ പ്രപഞ്ച വീക്ഷണം അശാസ്ത്രീയം ആണെന്ന് പറഞ്ഞ് വന്ന കുപ്രസിദ്ധ മലയാളി ഇസ്ലാം വിരോധി
  Ea ജബ്ബാറിന്റെ ബ്ലോഗിന് തന്നെ മുൻപ് മറുപടി കൊടുത്തിട്ട് ഉള്ളതാണ്.. (അതിവിടെ വായിക്കാം: https://wp.me/p8KlNZ-X )

  ഇതിന് ജബ്ബാർ മാഷ് പോലും എവിടെയും തിരിച്ച് മറുപടി തന്നു കണ്ടിട്ടില്ല.പറ്റുമെങ്കിൽ തരാൻ താങ്കൾ എങ്കിലും ജബ്ബാർ മാഷിനെ ഉപദേശിക്കുക.

  പിന്നെ മത ഗ്രന്ഥം വ്യാഖ്യാനിക്കുന്നത് പ്രശ്നമാണ് എന്ന് പറയുന്ന താങ്കൾക്ക് മത ഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച് അതിൽ അശാസ്ത്രീയത ഉണ്ടെന്ന് ഒക്കെ ആരോപിക്കുന്നത് പ്രശ്നമായി തോന്നുന്നില്ല എങ്കിൽ നല്ല നമസ്കാരം.😊

  ഷാഹുൽ pkd 04.07.2019
  • തകർത്തു ഷാഹുൽ …ഇതിനൊന്നും ഇവറ്റകൾക്ക് ഉത്തരമുണ്ടാവില്ല. കോപ്പി പേസ്റ്റ് ശാസ്ത്രവാദികൾ …വിഡ്ഢി കോമരങ്ങൾ….

   AFREEN 04.07.2019
 • ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ എന്റെ ഒരു സംശയം ആണ്. നിരീശ്വരവാദ ആശയ പ്രകാരം നന്മ ചെയ്ത ഗാന്ധിജിക്കോ തിന്മയിൽ അഴിഞ്ഞാടിയ ഹിറ്റലർക്കോ അത് മൂലം മരണ ശേഷം ഒരു വ്യത്യാസവും വരില്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. ഞാൻ നിരീശ്വരവാദത്തിന്റെ യുക്തിയിലേക്കു കടക്കുന്നില്ല. പക്ഷെ ഇസ്ലാമിക വിശ്വാസപ്രകാരം ശിര്ക്ക് ചെയ്ത ഗാന്ധിജി നിത്യമായി നരകത്തിൽ തന്നെ ആയിരിക്കണം. നേരെ മറിച്ചു ഹിറ്ലർ ഏകദൈവത്തിൽ മാത്രമാണ് വിശ്വസിച്ചിട്ടുള്ളതെങ്കിൽ ഒരു നിശ്ചിത കാലത്തിനു ശേഷം നരകത്തിൽ നിന്ന്‌ സ്വർഗത്തിൽ വരാനുള്ള സാധ്യത ഉണ്ട്. ഇതിനെ കുറിച്ചു എന്താണ് അഭിപ്രായം

  Sahad 06.07.2019

Leave a comment

Your email address will not be published.