മതവിദ്യാഭ്യാസം സ്വകാര്യ-സർക്കാർ സ്‌കൂളുകളിൽ

//മതവിദ്യാഭ്യാസം സ്വകാര്യ-സർക്കാർ സ്‌കൂളുകളിൽ
//മതവിദ്യാഭ്യാസം സ്വകാര്യ-സർക്കാർ സ്‌കൂളുകളിൽ
വിദ്യാഭ്യാസം

മതവിദ്യാഭ്യാസം സ്വകാര്യ-സർക്കാർ സ്‌കൂളുകളിൽ

Print Now

All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice
(Article 30 (1) Indian constitution)

ന്യൂനതകളേതുമില്ലാത്ത ഒരു സമ്പൂര്‍ണ ഭരണ സംവിധാനമാണ് ആധുനിക ലോകത്ത് ഉടലെടുത്ത പ്രത്യക്ഷ ജനാധിപത്യ ക്രമമെന്ന് (Representative democracy) ആരെങ്കിലും അവകാശപ്പെടാന്‍ യാതൊരു തരവുമില്ല. ”മറ്റേത് തിന്മയേക്കാളും ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ തിന്മയാണ് ജനാധിപത്യമെന്ന് ഇന്‍ഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പോലും പറഞ്ഞതായി കാണാം.(1) ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമായതുകൊണ്ട് തന്നെ അത്തരമൊരു സംവിധാനത്തില്‍ ന്യൂനപക്ഷ ജനത അവഗണിക്കപ്പെടുകയെന്നത് അതിന്റെ സ്വാഭാവികമായൊരു പരിണിതിയാണ്. അനേകം ജാതികളോടും ഉപജാതികളോടും കൂടിയ ജനസഞ്ചയത്തിന്റെ ഭൂമികയായ ഇന്‍ഡ്യയില്‍ ജനാധിപത്യ ഭരണക്രമം മൂലം ആരും തന്നെ അവശതയനുഭവിക്കേണ്ടി വരരുതെന്ന ദീര്‍ഘദൃഷ്ടിയുടെ ഫലമാണ് രാജ്യത്തിന്റെ ഭരണഘടനയുടെ നിര്‍മാണഘട്ടത്തില്‍ ഓരോ പടവും അതീവ സൂക്ഷ്മതയോടുകൂടി ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. ഇന്‍ഡ്യയിലെ ഏതൊരു പൗരനും വിഭാഗത്തിനും അവരുടെ മതത്തിലും വിദ്യാഭ്യാസത്തിലും നല്‍കപ്പെട്ടിട്ടുള്ള ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവും ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങളുടെ സൂക്ഷ്മതയുടെ ഫലമാണ്.

രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ സ്‌കൂളുകള്‍ മൂന്ന് തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1) സര്‍ക്കാര്‍ സ്‌കൂളുകള്‍ അഥവാ പൊതുവിദ്യാലയങ്ങള്‍; 2) എയ്ഡഡ് സ്‌കൂളുകള്‍ അഥവാ സര്‍ക്കാര്‍ ധനസഹായത്തോടുകൂടി സ്വകാര്യ വ്യക്തികളോ മാനേജ്‌മെന്റുകളോ നടത്തുന്ന സ്‌കൂളുകള്‍; 3) സ്വകാര്യ സ്‌കൂളുകള്‍ അഥവാ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. കേരളത്തില്‍ ഇന്ന് കൂടുതല്‍ സ്‌കൂളുകളുള്ളത് രണ്ടാമത്തെ വിഭാഗത്തിലാണ്. അതിന് സാമുദായികമായ കാരണങ്ങളുമുണ്ട്. ഒന്നും രണ്ടും വിഭാഗം സര്‍ക്കാര്‍ ധനസഹായത്തോടു കൂടി നടക്കുന്നതായതുകൊണ്ട് തന്നെ അവിടങ്ങളില്‍ മതപഠനം നടക്കുന്നില്ല. ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ പൊതുവിദ്യാലയങ്ങളില്‍ മതം പഠിപ്പിച്ചിരുന്നുവെങ്കിലും സ്വതന്ത്ര ഇന്‍ഡ്യയില്‍ പൊതുഖജനാവിലെ ധനം കൊണ്ട് മതം പഠിപ്പിക്കുന്നതിന് ഭരണഘടനയില്‍ സോപാധിക വിലക്കുണ്ട്.(2) മൂന്നാം വിഭാഗമായ അണ്‍ എയ്ഡഡ്  സ്വകാര്യ സ്‌കൂളുകളിലാണ് ഓരോ സമുദായവും മതപഠനം നടത്തിവരുന്നത്. ഒന്നര നൂറ്റാണ്ടിലധികമായി കേരളത്തില്‍ എയ്ഡഡ്-
അണ്‍ എയ്ഡഡ് വ്യത്യാസമില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം നടന്നുവരുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ ആഗോള പ്രതിഭാസമായ ഇസ്‌ലാമോഫോബിയയെന്ന മനോരോഗത്തിന്റെ തരംഗമാണോയെന്നറിയില്ല, രാജ്യത്ത് മുസ്‌ലിം മതപഠനം നടന്നുവരുന്ന മദ്രസകള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ തീവ്രവാദ ആരോപണങ്ങളുടെ ഒളിയമ്പുകള്‍ എറിഞ്ഞ് നിരന്തരം ഉപദ്രവിക്കുകയാണ് ചില തല്‍പര കക്ഷികളായ മീഡിയയും, നിയമപാലക വിഭാഗങ്ങളിലെ ചില ‘ഗറില്ലാ’ പോരാളികളും! ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ അനുഭവിച്ചുവരുന്ന ന്യൂനപക്ഷങ്ങളോടുള്ള ‘ബ്രാഹ്മണിക്കല്‍ ബ്യൂറോക്രസി’യുടെ അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം ഉത്ഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധികൊണ്ട് മാത്രം ചിന്തിച്ചാല്‍ മതിയാകുന്നതാണ്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതമെന്നത് ജനനം, മരണം, വിവാഹം, അനന്തരാവകാശം തുടങ്ങിയ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കേവല ആചാരങ്ങളല്ല. മനസ്സിനെ സാന്ത്വനപ്പെടുത്താനുള്ള ഒരു കൂട്ടം മന്ത്രോച്ചാരണങ്ങളുടെ ചട്ടക്കൂടുമല്ല. നേരെമറിച്ച് ജീവിതത്തിന്റെ ഓരോ നിമിഷത്തിലും കാത്തുസൂക്ഷിക്കേണ്ട ദൈവികമായ സൂക്ഷ്മതയാണ്. ഈ സൂക്ഷ്മതയുടെ സാരാംശം കുടികൊള്ളുന്നത് സ്രഷ്ടാവായ ദൈവത്തോട് നന്ദി പ്രകടിപ്പിക്കണമെന്ന സ്വയംബോധ്യത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പ്രസ്തുത സൂക്ഷ്മതയില്‍ നിന്നുള്ള വ്യതിചലനം ദൈവത്തോടുളള നന്ദികേടാകുമെന്ന ആശങ്ക ഏതൊരു മുസ്‌ലിമിനെയും സദാ അലട്ടുന്നതുമാണ്. ഇനി ഇങ്ങനെയൊരു ആശങ്ക ഒരു വ്യക്തിക്ക് ഇല്ലാതിരുന്നാല്‍പോലും ഇസ്‌ലാമിക വിശ്വാസപ്രകാരം അത് വ്യക്തമായ നന്ദികേടായി തീരുന്നതാണ്. ദൈവികമായ സൂക്ഷ്മത ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ മനുഷ്യനും ദൈവവും തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ച് പഠിക്കേണ്ടതും ദൈവം മനുഷ്യന് നല്‍കിയ സഹായങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഈ പഠനങ്ങള്‍ പകര്‍ന്നു നല്‍കലാണ് ഇസ്‌ലാമിക മതപഠനത്തിന്റെ ഉള്‍കാമ്പ്. തങ്ങളുടെ മക്കള്‍ക്ക് സ്രഷ്ടാവായ ദൈവവുമായി ഒരാത്മബന്ധമുണ്ടായിരിക്കണമെന്ന് ഓരോ മുസ്‌ലിം രക്ഷിതാക്കളും അതിയായി ആഗ്രഹിക്കുകയും അത്തരം പഠനങ്ങള്‍ നല്‍കുന്നതില്‍ അവര്‍ അതീവജാഗ്രത പാലിക്കുന്നവരുമായതുകൊണ്ടാണ് ലോകത്തെല്ലായിടത്തും മുസ്‌ലിംകള്‍ക്കിടയില്‍ മതപഠനം ഒരനിവാര്യതയായും, സാര്‍വത്രികമായും നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ അത് എവിടെ നിന്നെങ്കിലും തടയപ്പെട്ടാല്‍ അതിന് ബദല്‍മാര്‍ഗം തേടുന്നതിലും അവര്‍ വ്യഗ്രത കാണിക്കുന്നത് സ്വാഭാവികമാണ്. ആധുനിക ലോകത്ത് മതാതീതമായ മനുഷ്യസഹവര്‍ത്തിത്വത്തിനു വേണ്ടി നിര്‍മിച്ചെടുത്ത മതേതരത്വം എന്ന രാഷ്ട്രീയ സംജ്ഞ ഇന്ന് പ്രസരിപ്പിക്കുന്നത് കൃത്രിമമായ സഹിഷ്ണുത (Artificial tolerance) മാത്രമാണ്. എന്നാല്‍ ഈ ആശയം സാമൂഹികമായി ജന്മം കൊണ്ടതായിരുന്നുവെന്നും, തലമുറകള്‍ കൈമാറിവന്ന മൂല്യവത്തായ പൈതൃകമായിരുന്നുവെന്നതും നാം എവിടെയൊക്കെയോ വിസ്മരിച്ചുപോയി. ആധുനിക മതേതരത്വത്തിന്റെ ആന്തരികശില കൃത്രിമമായ സഹിഷ്ണുതയായതുകൊണ്ട് തന്നെ അതിന്റെ പരോക്ഷവും പരമവും, ചിലപ്പോഴെല്ലാം പ്രത്യക്ഷവുമായ ലക്ഷ്യം മതത്തെ പൊതുമണ്ഡലത്തില്‍നിന്ന് പുറംകാലുകൊണ്ട് തട്ടിത്തറിപ്പുകയെന്നതായിരിക്കും. ഇതുകൊണ്ടാണ് ഇന്ന് പല രാഷ്ട്രങ്ങളിലും മതം സ്വകാര്യവല്‍കരിക്കപ്പെട്ട ഒന്നായി മാറിയത്. മതം വ്യക്തിയുടെ സ്വകാര്യമണ്ഡലത്തില്‍ മാത്രം നിര്‍വഹിക്കേണ്ട ഒന്നായി പരിവര്‍ത്തിക്കപ്പെട്ടത്. വിദ്യാഭ്യാസരംഗത്ത് വ്യാപകമായിരുന്ന മതവിദ്യാഭ്യാസം ഇതോടുകൂടി മാറ്റിനിര്‍ത്തപ്പെട്ടു. ഇവിടെയാണ് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമായും പരിശീലിക്കേണ്ട മതപഠനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരുന്നത്. കേരളത്തില്‍ അത് മദ്രസകളും സ്വകാര്യ സ്‌കൂളുകളുമായിട്ടാണ് രൂപപരിണാമം പ്രാപിച്ചത്. എന്നാല്‍ മദ്രസകള്‍ക്കുള്ള പ്രയാസം ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സ്‌കൂള്‍ പ്രവൃത്തി സമയത്തിനു പുറമെ രാവിലെയോ വൈകിട്ടോ രണ്ടര മണിക്കൂര്‍ സമയം മറ്റൊരു സ്ഥാപനത്തില്‍കൂടി പോകേണ്ടി വരുന്നു എന്നതാണ്. പ്രൈമറി തലത്തിലുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ആറുമണിക്കൂറില്‍ കൂടുതല്‍ നീളുന്ന അധ്യായനം പ്രയാസമുണ്ടാക്കുന്നുവെന്നതുകൊണ്ടാണ് ശിശുസംരക്ഷണാവകാശ കമ്മീഷനും
വിദ്യാഭ്യാസ വകുപ്പും സമയക്രമത്തില്‍ കണിശത വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. മാത്രവുമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം രണ്ട് സ്ഥാപനങ്ങളിലേക്ക് പോകേണ്ടതായും വരുന്നു. ഈയൊരു സങ്കീര്‍ണമായ പ്രശ്‌നത്തെ മറികടക്കാന്‍ ഭരണഘടന അനുവദിച്ച നിയതമായ മാര്‍ഗത്തിലുള്ള ഒരു ആശ്വാസവും ആശ്രയവുമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. ഭരണഘടന അനുവദിക്കുന്നുവെന്നതുകൊണ്ട് തന്നെ അത് സാമുദായികമായ ഒരു അവകാശം കൂടിയാണ്. ഇന്‍ഡ്യയെന്ന രാജ്യത്തെ, വിശിഷ്യ കേരളത്തിലെ സാമൂഹികഘടന രൂപപ്പെട്ടത് തന്നെ സാമുദായിക ശക്തികളുടെ മുന്നേറ്റതിലൂടെയാണ്. അതിനെ വിസ്മൃതിയിലാഴ്ത്താനും സവര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമാണ് സാമുദായിക മുന്നേറ്റങ്ങളെ വര്‍ഗീയമെന്ന് മുദ്ര കുത്തുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗം ഇത്രമേല്‍ ശക്തിപ്പെട്ടതും രാജ്യത്തെ ഉന്നതമായ സാക്ഷരതാനിരക്കിലേക്ക് സംസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും സര്‍ക്കാരിനെക്കാളും പങ്കുവഹിച്ചത് സാമുദായിക സംഘടനകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാ ണെന്നത് സാമൂഹ്യബോധമുള്ള ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്.

കേരളത്തിന്റെ പകുതിയോളം വരുന്ന മലബാര്‍ പ്രദേശം ഒരു കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ടുകൂടി, അക്കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ രൂപം സിദ്ധിച്ചുവന്ന പെരിയാറിന്റെ ദ്രാവിഡ മുന്നേറ്റത്തിന്റെ പാതയിലായിരുന്നില്ല കേരളത്തിലെ സാമൂഹിക ഉയര്‍ത്തെഴുന്നേല്‍പുകള്‍ ഉടലെടുത്തത്. അതിന്റെ പ്രധാന ഹേതുവാകട്ടെ കേരളത്തെ വരിഞ്ഞുമുറുക്കിയ ജാതീയതയുടെ കരാളഹസ്തങ്ങളായിരുന്നു. ഓരോ ജാതിസമുദായം തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് നിലകൊണ്ടത്. വിദ്യാഭ്യാസരംഗത്തും സാമുദായിക നേതാക്കള്‍ ശ്രദ്ധ പതിപ്പിച്ചത് വിദ്യ അഭ്യസിക്കുന്നതിലൂടെ സ്വന്തം സമുദായത്തിന്റെ സ്വത്വം (Identity) കാത്തുസൂക്ഷിക്കാനും, സാംസ്‌കാരിക മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവര്‍ ഉന്നത ഉദ്യോഗപദവികള്‍ സ്വന്തമാക്കുന്നതിനുമായിരുന്നു. ആധുനിക മാതൃകയിലുള്ള ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിന് ആദ്യമായി ശ്രമമുണ്ടാകുന്നത് തിരുവിതാംകൂറിലാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അന്നത്തെ തിരുവിതാംകൂര്‍ റാണിയായിരുന്ന റാണി ഗൗരിപാര്‍വതി ഭായി 1817 ജൂണ്‍ മാസത്തില്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോയുടെ സഹായത്തോടെ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവുകളും രാജ്യം വഹിക്കുമെന്ന ഉത്തരവ് കല്‍പിക്കുകയുണ്ടായി.(3) കൂടാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സ്വകാര്യ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളുമുണ്ടായി. ഇത് ഒട്ടനവധി ക്രൈസ്തവ മിഷനറി സ്‌കൂളുകള്‍ തുറക്കാന്‍ കാരണമായി.(4) ക്രൈസ്തവരാണ് സ്വകാര്യ സ്‌കൂള്‍ രംഗത്ത് വ്യവസ്ഥാപിതമായി കാലെടുത്തുവെച്ച ആദ്യകൂട്ടര്‍. ബ്രിട്ടീഷ് ഭരണത്തിന്റെ തണലും ഒത്താശയും ഇക്കൂട്ടര്‍ക്ക് വേണ്ടുവോളം ലഭിച്ചിരുന്നുതാനും. വൈദേശികമായ പല മിഷനറി ഗ്രൂപ്പുകളും കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. കേരളത്തിന്റെ തെക്കുഭാഗത്ത് 1795ല്‍ ഇംഗ്ലണ്ടില്‍ രൂപീകരിച്ച ലണ്ടന്‍ മിഷനറി സൊസൈറ്റിയും ( London Missionary Society/LMS), മധ്യഭാഗത്ത് 1799ല്‍ ബ്രിട്ടനില്‍ സ്ഥാപിതമായ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും (Church Mission Society/CMS), വടക്കുഭാഗത്ത് 1815ല്‍ ജര്‍മനിയില്‍ രൂപംകൊണ്ട ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷനും (Basel Evangelical Mission) അവരുടേതായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. കോട്ടയത്തെ മാന്നാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ കുര്യോക്കോസ് ഏലിയാസ് ചാവറ എന്ന ചാവറയച്ചന്റെ, ഓരോ പള്ളിയുടെ കൂടെയും ഒരു പള്ളിക്കൂടം സ്ഥാപിക്കണമെന്ന ഉത്തരവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ഉണ്ടാകുകയുണ്ടായി.(5) വളരെ നേരത്തെ വിദ്യാഭ്യാസ രംഗത്ത് നടത്തിയ കാല്‍വെയ്പിനെ തുടര്‍ന്നും മിഷനറി സൊസൈറ്റികള്‍ക്ക് വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ക്ക് പുറമെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് (grant-in-aid) കൂടെ ലഭ്യമായതോടെ കേരളത്തിന്റെ വിദ്യാഭ്യാസ മണ്ണിലേക്ക് വേഗത്തില്‍ വേരുകളാഴ്ത്താന്‍ ക്രൈസ്തവസഭകള്‍ക്ക് സാധിച്ചു. യൂറോപ്പില്‍ നിന്നെത്തിയ ക്രൈസ്തവ മിഷനറിമാരുടെയെല്ലാം  പ്രധാനലക്ഷ്യം ഇന്നാട്ടിലെ അധഃകൃത വര്‍ഗത്തെ മതപരിവര്‍ത്തനം ചെയ്യിച്ച് ക്രിസ്തുവിന്റെ അനുയായികളാക്കി തീര്‍ക്കുകയെന്നത് മാത്രമായിരുന്നു.(6) കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനമില്ലാതിരുന്നത് ക്രൈസ്തവ സ്‌കൂളുകളില്‍ വലിയതോതില്‍ അവര്‍ണവിഭാഗ ഹിന്ദുക്കളെ ലഭിക്കുന്നതിന് കാരണമായി. ക്രൈസ്തവ മിഷനറി സ്‌കൂളുകള്‍ ഉപയോഗിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെ മതപരിവര്‍ത്തനത്തിനാണെന്ന ദുഷ്ടലാക്ക് മനസ്സിലാക്കിയ തിരുവിതാംകൂര്‍ രാജസഭ ചാന്നാര്‍മാര്‍ക്കും മറ്റു പിന്നാക്കജാതിക്കാര്‍ക്കും മാത്രമായി സ്‌കൂള്‍ ആരംഭിച്ചെങ്കിലും വേരുറച്ചുപോയ സവര്‍ണ ജാതീയ ബോധത്തിന്റെ ഫലമായി അത്പരാജയപ്പെടുകയാണുണ്ടായത്.(7) മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനു കണ്ടെത്തിയ മാര്‍ഗം വിദ്യാലയങ്ങളിലൂടെ വിദ്യ പകര്‍ന്ന് നല്‍കുന്നതിനിടയിലൂടെയായതിനാലാണ് വിമര്‍ശിക്കപ്പെട്ടതും, ഇനിയും വിമര്‍ശിക്കപ്പെടേണ്ടതും. ക്രൈസ്തവര്‍ അവരുടെ മതം അവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിലും ആര്‍ക്കും പരാതിയില്ല, എന്നാല്‍ അത് സൃഗാലബുദ്ധിയോടുകൂടി ഇതര മതസ്ഥരുടെ മസ്തിഷ്‌കത്തിലേക്കുകൂടി കടത്തിവിട്ട് പരിവര്‍ത്തിക്കപ്പെടുന്നതാണ് എതിര്‍ക്കപ്പെട്ടതും, ഇനിയും എതിര്‍ക്കപ്പെടേണ്ടതും. ഈ രൂപത്തില്‍ വിദ്യാഭ്യാസരംഗം വ്യാപകമായി കയ്യടിക്കിയ മിഷനറി സംഘങ്ങള്‍ക്ക് ക്രിസ്താബ്ദം 1910 ആകുമ്പോഴേക്കും 1648 സ്‌കൂളുകളുണ്ടായിരുന്നു.(8)ക്രിസ്താബ്ദം 1900ത്തില്‍ തിരുവിതാംകൂറില്‍ ആകെയുള്ള 3683 സ്‌കൂളുകളില്‍ 2313 (62.9%) എണ്ണവും സ്വകര്യ അണ്‍എയ്ഡഡ് മേഖലയിലായിരുന്നു.(9)

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ സഭകളുടെ മിഷനറി പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തിയാല്‍, അവ സാമുദായികമായി ശക്തി പ്രാപിക്കാനിടയാക്കിയ പ്രധാനകാരണം സര്‍ക്കാര്‍ സര്‍വീസിലെ ജോലികള്‍ക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി തുടങ്ങിയതാണ്. 1887 മുതല്‍ ‘പകര്‍ത്തെഴുത്ത്'(Copyist) ജോലിക്ക് മലയാളം സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റും, 1888 മുതല്‍ റവന്യു വിഭാഗത്തിലെ വകുപ്പ് മേധാവികള്‍ക്കും, ഉപമേധാവികള്‍ക്കും പരീക്ഷയും, അതേസമയത്തുതന്നെ മജിസ്‌ട്രേറ്റുമാര്‍ക്ക് ക്രിമിനല്‍ നിയമങ്ങളില്‍ പരീക്ഷയും നിര്‍ബന്ധമാക്കി.(10) 1891ല്‍ വിദ്യാഭ്യാസ യോഗ്യതയോടൊപ്പം തന്നെ സര്‍വീസിലേക്കുള്ള പരീക്ഷയും പാസ്സാകുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കുവെന്ന് തീര്‍പ്പ് കല്‍പിക്കുന്ന ഉത്തരവുകള്‍ പുറത്തുവന്നു.(11) രണ്ട് പ്രശ്‌നങ്ങളാണ് ഇതുമൂലം ജനങ്ങള്‍ക്കുണ്ടായത്. ഒന്ന്, തിരുവിതാംകൂറില്‍ അക്കാലഘട്ടത്തിലെ സര്‍ക്കാര്‍ ജോലികളിലധികവും കയ്യടക്കി വെച്ചിരുന്നത് തമിഴ് ബ്രാഹ്മണരായിരുന്നു. മറ്റൊരുകൂട്ടര്‍ സ്വദേശി ബ്രാഹ്മണരും, ചുരുക്കം ചില ക്രൈസ്തവരും. സര്‍ക്കാര്‍ ജോലികളില്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയതോടുകൂടി നായര്‍-ഈഴവജാതി വിഭാഗങ്ങള്‍ക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ജോലിയെന്നത് വിദൂര സ്വപ്‌നം മാത്രമായി. രണ്ട്, പൊതുവിദ്യാലയങ്ങളൊന്നും തന്നെ താഴ്ന്ന ജാതിക്കാരെയോ പിന്നാക്ക വിഭാഗക്കാരെയോ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് തുടരുന്നതുമൂലം ജോലിക്കുവേണ്ടി വിദ്യ അഭ്യസിക്കാനുള്ള മാര്‍ഗവുംഇവര്‍ക്ക് മുമ്പിലില്ലായിരുന്നു. ഇതിനെതിരെയുണ്ടായ വമ്പിച്ച പ്രക്ഷോഭങ്ങളിലും അവകാശ പോരാട്ടങ്ങളിലൂടെയുമാണ് കേരളത്തിന്റെ ഇന്നത്തെ സാമൂഹിക ഘടനയെ തന്നെ പടുത്തുയര്‍ത്തുന്ന  തരത്തിലുള്ള സാമുദായിക മുന്നേറ്റങ്ങളുണ്ടായത്.

ഈയവസരത്തിലാണ് കേരളത്തിലെ ആദ്യത്തെ സാമുദായിക പ്രക്ഷോഭം അരങ്ങേറുന്നത്. തിരുവിതാംകൂര്‍ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍ എന്നീ പേരുകളില്‍ വിളിക്കപ്പെടുന്ന പ്രക്ഷോഭം ഭരണസിരാകേന്ദ്രങ്ങളിലെ വൈദേശിക ബ്രാഹ്മണാധിപത്യത്തിനുനേരെയുള്ള സമരം കൂടിയായിരുന്നു. 1891ല്‍ തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച ഒരു അവകാശപത്രിക അഥവാ മെമ്മോറാണ്ടമാണ് ഈ പേരിന് നിദാനം. നാടിന്റെ പലഭാഗത്തും 1890 മുതലേ ഇതിന്റെ അലയടിക്കാന്‍ തുടങ്ങി. ‘തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്’ എന്ന മുദ്രാവാദ്യം ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്നത് ഡോ. പി.പല്‍പു, കെ.പി ശങ്കരമേനോന്‍, ജി.പരമേശ്വരപിള്ള എന്നിവരായിരുന്നു.(12) 1891 ജനുവരി 11ന് രാജസമക്ഷം മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചു. 10037 വ്യക്തികള്‍ ഒപ്പിട്ട ഭീമമായ ഹര്‍ജിയില്‍ പക്ഷേ മുസ്‌ലിംകള്‍ തഴയപ്പെടുന്നതായി മനസ്സിലാക്കാം. മലയാളി മെമ്മോറിയല്‍ പരിഗണിച്ചിരുന്നത് നായര്‍-ഈഴവര്‍-സിറിയന്‍ ക്രൈസ്തവര്‍ എന്നിവരെയായിരുന്നു. തിരുവിതാംകൂറിലെ അന്നത്തെ കണക്ക് പ്രകാരം 145909 മുസ്‌ലിംകള്‍ ഉണ്ടായിരുന്നിട്ടും മെമ്മാറാണ്ടത്തിന്റെ തുടക്കത്തില്‍ തന്നെ അതില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെക്കുറിച്ച് ഇങ്ങനെ പറയുന്നതായി കാണാം. ”ഇതില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ (a) തിരുമനസ്സിലെ പ്രജകളല്ലാത്ത യൂറോപ്യന്‍മാരും (b) മുഹമ്മദീയരുടെ ഇടയില്‍ വിദ്യാഭ്യാസം തീരെ താഴ്ന്ന നിലവാരത്തില്‍ ഉള്ളവരും (c) സംസ്ഥാന ജനസംഖ്യയില്‍ പരിമിതമായി മാത്രമുള്ള (ആകെ 97 പേര്‍) ജൂതന്‍മാരും ആണ്.”(13) വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കിടയില്‍ നിന്നുണ്ടായ പ്രക്ഷോഭത്തില്‍നിന്ന് വിദ്യാഭ്യാസം കുറഞ്ഞവരെ തന്നെ ഒഴിവാക്കുന്നതിലുള്ള സാംഗത്യമാണ് പിടികിട്ടാത്തത്. മെമ്മോറിയലില്‍ ഉടനീളം നിരത്തുന്ന വിവിധ കണക്കുകളിലെവിടെയും മുസ്‌ലിംകളെക്കുറിച്ച യാതൊരു പരാമര്‍ശവും കാണുന്നുമില്ല. എന്നാല്‍ മലയാളി മെമ്മോറിയല്‍ ഈഴവര്‍ക്കും ഗുണം ചെയ്തില്ല. മെമ്മോറിയലിന് രാജസന്നിധിയില്‍നിന്നു നല്‍കിയ മറുപടിയില്‍ ജാതീയമായ വെറുപ്പുകള്‍ തികട്ടിവരുന്നതായി കാണാം. അതിലൊരു ഭാഗത്ത് ഈഴവരെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ”ഹര്‍ജിയില്‍ ആകര്‍ഷിച്ചു ചേര്‍ത്തിരിക്കുന്നവരായ തീയ്യന്‍മാരെക്കുറിച്ചു പറയുന്നതായാല്‍ അവരുടെ സ്ഥിതി ഹര്‍ജിക്കാര്‍ക്കു തന്നെ അറിയാവുന്നതാണ്. അവരുടെ ഈ രാജ്യത്തെ സാമൂഹ്യസ്ഥിതി ആലോചിച്ചു നോക്കിയാല്‍ അവര്‍ പ്രായേണ വിദ്യാവിഹീനരും സര്‍ക്കാരുദ്യോഗത്തിന് അവരെ പ്രാപ്തരാക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസത്തിന് പോകുന്നതിനേക്കാള്‍ അവരുടെ സ്വന്തം തൊഴിലുകളായ കൃഷി, കയര്‍ പിരിപ്പ്, തെങ്ങുചെത്ത് മുതലായവ കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നവരും ആകുന്നു.”(14) ഇന്നത്തെ എം.ബി.ബി.എസിന് തുല്യമായ അക്കാലത്തെ എല്‍.എം.എസ് ബിരുദം നേടിയിട്ടും ജാതീയതയുടെ പേരില്‍മാത്രം തിരുവിതാംകൂര്‍ സര്‍വീസില്‍ ജോലി നിഷേധിക്കപ്പെട്ട് മൈസൂരില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഡോ. പല്‍പുവിനെ ഇത് വല്ലാത്ത സങ്കടത്തിലാഴ്ത്തി. ഇത് ഈഴവസമുദായത്തെ സംഘടിപ്പിച്ച് മറ്റൊരു പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന് വീര്യം പകര്‍ന്നു. ഇതിനെത്തുടര്‍ന്ന് 1895 മെയ് 13ന് അദ്ദേഹം വ്യക്തിപരമായി ഒരു മെമ്മോറിയല്‍ മഹാരാജാവിന് സമര്‍പ്പിക്കുകയും 1896 സെപ്റ്റംബര്‍ മൂന്നിന് 13176 ഈഴവര്‍ ഒപ്പുവെച്ച ഭീമമായ ഈഴവ മെമ്മോറിയലും തിരുവിതാംകൂര്‍ രാജാവിന് സമര്‍പ്പിച്ചു.(15) എന്നാല്‍ ഇതുകൊണ്ടൊന്നും ഈഴവസമുദായത്തെ വേണ്ടരൂപത്തില്‍ സംഘടിപ്പിച്ചു നിര്‍ത്താന്‍ പല്‍പുവിന് സാധിച്ചില്ല. ഈയിടക്കാണ് വിവേകാനന്ദ സ്വാമികള്‍ മൈസൂര്‍ സന്ദര്‍ശിക്കുന്നത്. സ്വാമിയെ കാണാന്‍ അവസരം ലഭിച്ച പല്‍പു ഈഴവരോടുള്ള അനീതിക്ക് പരിഹാരം കാണുന്നതിനെക്കുറിച്ചും അവരെ ശക്തമായി സംഘടിപ്പിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചും ഏറെനേരം ഗൗരവമായി ചര്‍ച്ച ചെയ്തു. ഒരു ആത്മീയ പുരുഷനെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി സംഘടനയുണ്ടാക്കാനുള്ള സ്വാമിയുടെ ഉപദേശം പല്‍പുവിനെ സ്വാധീനിച്ചതിന്റെ ഫലമായി, അക്കാലത്ത് അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി പ്രശസ്തിയാര്‍ജ്ജിക്കുകയും, ഈഴവ സമുദായത്തിന്റെ ആരാധ്യപുരുഷനായിത്തീര്‍ന്ന ശ്രീനാരായണ ഗുരുവിനെ പോയി കാണുകയും അദ്ദേഹത്തെ നേതൃത്വത്തില്‍ നിര്‍ത്തി ശ്രീനാരായണ ധര്‍മപരിപാലന യോഗം (എസ്.എന്‍.ഡി.പി)എന്ന സംഘടനക്ക് രൂപം നല്‍കുകയുമുണ്ടായി.(16) 1903 മെയ് 15-ാം തീയതി രജിസ്റ്റര്‍ ചെയ്ത ഈ ഈഴവ സംഘടനയാണ് കേരളത്തിലെ ആദ്യത്തെ സാമുദായിക സംഘടനയായി അറിയപ്പെടുന്നത്. ഈഴവരുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗപ്രാതിനിധ്യത്തിനും വേണ്ടി എസ്.എന്‍.ഡി.പി നിതാന്തപരിശ്രമങ്ങളിലേര്‍പ്പെട്ടു. ‘സംഘടിച്ചു ശക്താരാകൂ, വിദ്യകൊണ്ട് ഉന്നതരാകൂ’ എന്നതായിരുന്നു സംഘടന സ്ഥാപിതകാലത്ത് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. നാരായണഗുരുവിന്റെ പരിശ്രമഫലമായി ആദ്യം അരുവിപ്പുറത്തും പിന്നീട് വര്‍ക്കലയിലും ഈഴവര്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. അവകാശപോരാട്ടത്തിന്റെ ഫലമായി പൊതുവിദ്യാലയങ്ങള്‍ ഈഴവര്‍ക്ക് തുറന്നുകൊടുക്കപ്പെട്ടു. ഡോ. പല്‍പുവിനെ പോലെതന്നെ പ്രഗല്‍ഭ കവിയായ കുമാരനാശാനും എസ്.എന്‍.ഡി.പിയുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ഇതിന്റെയെല്ലാം ശ്രമഫലമായി 1875ല്‍ വെറും 3.15 ശതമാനം സാക്ഷരതയുണ്ടായിരുന്ന ഈഴവസമൂഹത്തിന് 1931 ആകുമ്പോഴേക്കും 21.3 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചു.(17)

മലയാളി മെമ്മോറിയലില്‍ വിദ്യാഭ്യാസ-ഉദ്യോഗ രംഗങ്ങളില്‍ ചില നേട്ടങ്ങളുണ്ടാക്കുവാന്‍ സാധിച്ചെങ്കിലും ഈഴവരെപ്പോലെ ഒരു സാമുദായിക സംഘടനയുണ്ടാക്കി മുന്നോട്ടുപോകലാണ് പുതിയ നൂറ്റാണ്ടിലെ പുരോഗതിക്ക്നല്ലതെന്ന് നായന്‍മാരും തിരിച്ചറിഞ്ഞു. ചങ്ങനാശേരിയിലെ പെരുന്ന സ്വദേശിയായ മന്നത്ത് പത്മനാഭപിള്ളയുടെ അസൂയാവഹമായ നേതൃത്വത്തില്‍ 1914 ഒക്‌ടോബര്‍ 31ന് പെരുന്നയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് തുടക്കംകുറിച്ച നായര്‍ ഭൃത്യജനസംഘമാണ് പില്‍ക്കാലത്ത് നായര്‍ സമുദായത്തിന്റെ നെടുംതൂണായ നായര്‍ സര്‍വീസ് സൊസൈറ്റിയായി (എന്‍.എസ്.എസ്)മാറിയത്.(18) കേരളഗാന്ധിയെന്നറിയപ്പെടുന്ന കെ.കേളപ്പന്‍ എന്‍.എസ്.എസിന്റെ മുന്‍നിര പ്രവര്‍ത്തകനും, ആദ്യകാല പ്രസിഡന്റുമായിരുന്നു. സംഘടനയുടെ രൂപീകരണത്തിനുശേഷം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് വിദ്യാഭ്യാസരംഗത്ത് വളരെ കുറഞ്ഞകാലത്തിനുള്ളില്‍ നായര്‍ സമുദായം സ്വന്തമാക്കിയത്. കറുകച്ചാലില്‍ ദാനമായി കിട്ടിയ എഴുപത് ഏക്കര്‍ ഭൂമിയില്‍ 1915ല്‍ എന്‍.എസ്.എസിന്റെ കീഴിലെ ആദ്യ സ്‌കൂള്‍ ആരംഭിച്ചു. താമസിയാതെ തന്നെ നായര്‍ സമുദായത്തിനായി ചങ്ങനാശേരിയില്‍ തന്നെയുള്ള പ്രാകുളത്തും പെരുന്നയിലും സ്‌കൂളുകള്‍ ആരംഭിച്ചു.(19)

പുലയര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907ല്‍ സാധുജന പരിപാലനസംഘം രൂപീകരിച്ചു. വിദ്യാഭ്യാസ-സാമൂഹ്യരംഗത്ത് കടുത്ത വിവേചനങ്ങള്‍ അനുഭവിച്ചിരുന്ന സമുദായമായിരുന്നു പുലയരും, കിഴകപുലയരും, പറയരും, കുരുവനുമെല്ലാം. ഇവര്‍ക്കെല്ലാം വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പ്രവര്‍ത്തനം. ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും അയ്യങ്കാളിക്കുണ്ടായിരുന്നു.(20) 1910ല്‍ അയിത്തജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതി സംഘടന നേടിയെടുത്തു. എന്നിരുന്നാലും മേല്‍ജാതിക്കാര്‍ക്ക് അത് അസഹനീയം തന്നെയായിരുന്നു. ഉത്തരവ് വന്നതിന്റെ തൊട്ടടുത്ത അധ്യയന വര്‍ഷത്തില്‍ അയ്യന്‍ എന്നൊരാളിന്റെ മകളായ പഞ്ചമി എന്നൊരു പെണ്‍കുട്ടിയെ അയ്യങ്കാളി ബാലരാമപുരം ഊരൂട്ടമ്പലം സ്‌കൂളില്‍ ചേര്‍ത്തതിനെ തുടര്‍ന്ന്  സംഘര്‍ഷങ്ങള്‍ അരങ്ങേറിയതും ആ സ്‌കൂള്‍ അഗ്നിക്കിരയാക്കപ്പെട്ടതുമെല്ലാം ജാതിവിവേചനത്തിന്റെ അന്ധതകള്‍ വെളിവാക്കുന്ന ചരിത്രസത്യങ്ങളാണ്.(21)
പിന്നീട് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അയിത്തജാതിക്കാര്‍ക്കു മാത്രമായി സ്‌കൂളുകള്‍ക്ക് തുടക്കം കുറിച്ചു.(22) 1911ല്‍ 0.7 ശതമാനം മാത്രമുണ്ടായിരുന്ന പുലയ വിഭാഗത്തിന്റെ സാക്ഷരത 1921ല്‍ 2.7 ശതമാനമായെങ്കിലും എത്തിക്കാന്‍ ഈ വിപ്ലവകരമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു.(23)’നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യവുമായി നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ ജന്മം കൊണ്ടു. ഇ.എം.എസ് നമ്പൂതിരിപ്പാടും വി.ടി ഭട്ടതിരിപ്പാടും ഇതിന്റെ ആദ്യകാല മുന്‍നിര നേതാക്കളായിരുന്നു. മുക്കുവസമുദായത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കുവേണ്ടി പണ്ഡിറ്റ് കെ.പികറുപ്പന്റെ നേതൃത്വത്തില്‍ വാലസമുദായ പരിഷ്‌കരണിസഭ 1912ലും രൂപംകൊണ്ടു.(24) ക്രൈസ്തവ സമുദായത്തിനുള്ളില്‍ നേരത്തെ തുടക്കം കുറിച്ച സംഘങ്ങള്‍ കൂടുതല്‍ ശക്തി കൈവരിക്കുന്നതും ഈ ഘട്ടത്തിലാണ്. 1866ല്‍ രൂപീകരിച്ച നസ്രാണിജാതി ഐക്യസംഘം, പിന്നീട് 1918ല്‍ കേരളീയ കത്തോലിക്ക മഹാജന സഭയായും, പില്‍ക്കാലത്ത് ഓള്‍ കേരള കത്തോലിക് കോണ്‍ഗ്രസ് (എ.കെ.സി.സി) എന്ന പേരിലും അറിയപ്പെട്ടു.(25)

കേരളത്തിലെ സര്‍വ സമുദായങ്ങളും തങ്ങളുടേതായ പുരോഗതിക്ക് വേണ്ടി സംഘടിച്ചു ശക്തരാവുകയും, അതിലൂടെ സ്വസമുദായങ്ങള്‍ക്കുവേണ്ടി സ്‌കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസത്തിലൂടെ ആധുനികയുഗത്തിലെ അതിജീവനത്തിന് പ്രാപ്തരാക്കിയെടുക്കുകയും, സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിയെടുക്കുകയും ചെയ്തുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ സഹ്യപര്‍വതത്തിനും അറബികടലിനുമിടയിലുള്ള അന്തരീക്ഷം നവോത്ഥാന പോര്‍വിളികളാല്‍ നിറഞ്ഞുനിന്നപ്പോഴും, കേരളത്തിലെ മുസ്‌ലിം സമുദായം മാത്രം ഒരു തുരുത്തില്‍ ഒറ്റപ്പെട്ടതുപോലെയായിരുന്നു. 1960കള്‍ മുതലാണ് ഇതരസമുദായങ്ങള്‍ ആദ്യകാലഘട്ടത്തില്‍ നേടിയതുപോലത്തെ ഒരു നേരിയ പുരോഗതിയെങ്കിലും മുസ്‌ലിം സമുദായത്തിനുണ്ടായത്.(26) നായരും, ഈഴവരും, ഇതരഹിന്ദുക്കളും, വിവിധ ക്രൈസ്തവ വിഭാഗങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യരണ്ട് ദശകങ്ങളില്‍ തന്നെ സംഘടിച്ച സാമുദായിക പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു തുടക്കത്തിലും നല്ലൊരു മുന്നേറ്റത്തിലും ഒരുപാട് കാതങ്ങള്‍ പുരോഗമന പാതയിലൂടെ സഞ്ചരിച്ചപ്പോഴും ഇവിടുത്തെ മാപ്പിള മുസ്‌ലിം സമുദായം ഒരു മഹാദുരന്തത്തെ നേരിടാന്‍ പോകുന്നേയുണ്ടായിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഒറ്റപ്പെട്ട സാമുദായിക പരിഷ്‌കരണ പ്രക്രിയകള്‍ മാത്രമേ മുസ്‌ലിം സമുദായത്തില്‍ അരങ്ങേറിയുള്ളൂ. മലബാറില്‍ സനാഉല്ലാ മക്തി തങ്ങളുടെയും, മധ്യകേരളത്തില്‍ ഷൈഖ് മാഹിന്‍ ഹമദാനി തങ്ങളുടെയും, തിരുവിതാംകൂറില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്. 1922ല്‍ മാത്രമാണ് മുസ്‌ലിംകള്‍ക്ക് നല്ലൊരു തുടക്കത്തോടുകൂടി ഒരു സംഘടിത മുന്നേറ്റത്തിനുള്ള ശ്രമമുണ്ടായത്. 1921ല്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍ താമസിക്കുന്ന ഏറനാട്, വള്ളുവനാട് താലൂക്കുകളടങ്ങിയ ഇന്നത്തെ മലപ്പുറം ജില്ലയിലുണ്ടായ സായുധ സമരത്തിന്റെ ആഘാതത്തില്‍ നിന്നും മാനസികമായും, ഭൗതികമായും കരകയറാന്‍ യുഗങ്ങള്‍ തന്നെ വേണ്ടിവന്നു. കേരളത്തില്‍ സാമുദായിക മുന്നേറ്റങ്ങള്‍ ആരംഭിച്ചിട്ടുപോലും ഇന്നാട്ടിലെ മുസ്‌ലിംകള്‍ മാത്രം വലിയ സന്നാഹത്തോടുകൂടി അത്തരം ശ്രമങ്ങള്‍ക്കൊന്നും മുതിര്‍ന്നതായി ചരിത്രത്തില്‍ കാണുന്നില്ല. ദേശീയതലത്തില്‍ അലീഗര്‍ മുസ്‌ലിം യുണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ത്ഥികളാലും പില്‍ക്കാലത്ത് മുഹമ്മദലി ജിന്നയുടെ സാരഥ്യത്താലും രാജ്യം മുഴുവന്‍ വേരാട്ടം ലഭിച്ച, മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കായി മുസ്‌ലിംകളുടേതായ ഒരു പാര്‍ട്ടിയെന്ന ആശയത്തിന് അഥവാ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന് പക്ഷേ കേരള മണ്ണില്‍ അക്കാലഘട്ടത്തിലൊന്നും വേരോട്ടമുണ്ടായില്ലെന്നതാണ് സത്യം. എന്നാല്‍ രാഷ്ട്രീയമായി മലബാറിലെ മുസ്‌ലിംകള്‍ സംഘടിച്ചതാകട്ടെ കോണ്‍ഗ്രസിലും അതിന്റെ തന്നെ ഉല്‍പന്നമായ ഖിലാഫത്ത് പ്രസ്ഥാനത്തിലുമാണ്. കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനം നല്‍കിയ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെയുളള വിപ്ലവവീര്യവും, ജന്മിത്വത്തിന്റെ ചൂഷണങ്ങളോടുള്ള അടങ്ങാത്തപകയും, പൂര്‍വകാല പിതാക്കള്‍ സാമ്രാജ്യത്വ-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയ വീരചരിതങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജ്ജവും പിറന്ന നാട്ടില്‍ സ്വാതന്ത്ര്യത്തോടെ കഴിയാനുള്ള ഉള്‍ക്കിടിലമായ മോഹവും ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ വെച്ച് സകല അധിനിവേശ-ചൂഷകശക്തികളോടും ഏറ്റുമുട്ടാന്‍ അവരെ നിര്‍ബന്ധിതരാക്കി. പരിമിതമായ ആള്‍ബലവും ആയുധവും കൊണ്ട് വിക്‌ടോറിയന്‍ ഭരണസംവിധാനത്തിലെ എണ്ണമറ്റ പടക്കോപ്പുകളോട് ഏറ്റുമുട്ടാനിറങ്ങിയ മാപ്പിളമാര്‍ക്ക് മറ്റേതൊരു ശക്തിക്കും കഴിയാത്ത രൂപത്തില്‍ ബ്രിട്ടീഷ് സൈന്യത്തെ വിറകൊള്ളിക്കാന്‍ സാധിച്ചു. വൈദേശിക ഭരണ-സൈന്യമേധാവികളുടെ ഉറക്കം കെടുത്തിയ മാപ്പിള സമരപോരാട്ടത്തെ അടിച്ചൊതുക്കാന്‍ ആറുമാസം സമയമെടുത്തു. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അടക്കം ഇന്നത്തെ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പട്ടാളക്യാമ്പുകള്‍ ആരംഭിച്ചിട്ടും മതിയാകാതെ നേപ്പാളില്‍നിന്നും ഗൂര്‍ഖാ പട്ടാളത്തെ വരെ ഇറക്കുമതി ചെയ്തിട്ടാണ് പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ സാധിച്ചത്. മാത്രവുമല്ല സമാധാന ശ്രമങ്ങള്‍ക്കായുള്ള എല്ലാ വാതിലുകളും ബ്രിട്ടീഷ് സര്‍ക്കാര്‍ ഭദ്രമായി അടച്ചുവെച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന നേതാക്കള്‍ക്കാര്‍ക്കും തന്നെ മലബാറിലേക്ക് പ്രവേശനാനുമതി ഇല്ലായിരുന്നു. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിച്ച സൈന്യനടപടികള്‍ വിവരണാതീതമായ ക്രൂരതകളാണ് കാഴ്ചവെച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ കേവലം ആറുമാസം കൊണ്ട് ഭാരതപ്പുഴയ്ക്കും ചാലിയാറിനും മധ്യേയുള്ള ഭൂമി പച്ചയ്ക്ക് കത്തിച്ച് വെണ്ണീറാക്കി തീര്‍ത്തു. കത്തിയമര്‍ന്ന ആ വെണ്ണീറില്‍നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെണീറ്റതാണ് ഇന്ന് കേരളത്തില്‍ കാണുന്ന മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും. ആ ഉയര്‍ത്തെഴുന്നേല്‍പില്‍ അവരുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ മതാത്മക അന്തരീക്ഷത്തെ ജീവിതത്തിനുചുറ്റും നിലനിര്‍ത്തുകയെന്നത് സമുദായത്തിന്റെ മൗലികമായ അവകാശത്തിന്റെ ഭാഗം കൂടിയായിരുന്നു. 1912ലെ കണക്ക് പ്രകാരം കേരളത്തിലെ സ്‌കൂളുകളില്‍ ആകെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 47 ശതമാനം ക്രൈസ്തവരും, 38 ശതമാനം നായന്‍മാരും, 12 ശതമാനം ഈഴവരുമായിരിക്കെ മുസ്‌ലിം കുട്ടികള്‍ വെറും മൂന്നു ശതമാനം മാത്രമായിരുന്നു.(27)ഭൗതികവിദ്യാഭ്യാസത്തോടു കൂടി മതവിദ്യാഭ്യാസം കൂടി ചേര്‍ത്തുപഠിപ്പിക്കുന്ന ഇന്ന് വ്യാപകമായി കണ്ടുവരുന്ന രൂപത്തിലുള്ള മുസ്‌ലിം സ്വകാര്യ-അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ തുടക്കം കൊടുങ്ങല്ലൂരിലെ അഴീക്കോടാണ്. കെ.എം സീതിസാഹിബിന്റെ പിതാവായ നമ്പൂരിമഠത്തില്‍ സീതിമുഹമ്മദാണ് 1909ല്‍ തന്റെ നാടായ അഴീക്കോട് മതവിദ്യാഭ്യാസത്തോട് കൂടിയ ഒരു മുസ്‌ലിം സ്‌കൂളിന് തുടക്കം കുറിക്കുന്നത്.(28) പിന്നീട് സര്‍ക്കാരിനു വിട്ടുകൊടുത്ത ആ സ്‌കൂളാണ് ഇന്നത്തെ അഴീക്കോട് ഗവണ്‍മെന്റ് യു.പിസ്‌കൂള്‍. പില്‍ക്കാലത്ത് കേരള നിയമസഭയുടെ സ്പീക്കറായ കെ.എം സീതിസാഹിബും,കെ.പി.സി.സി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുംപഠിച്ചിരുന്നത് ഈവിദ്യാലയത്തിലായിരുന്നു.(29) മുസ്‌ലിം കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ അറബി പഠനം കൊണ്ടുവരുന്നതിന് നിതാന്തം പരിശ്രമിച്ച വ്യക്തിയായിരുന്നു വക്കം അബ്ദുല്‍ ഖാദര്‍ മൗലവി. വിദ്യ അഭ്യസിക്കുന്നതിന് മതമെന്നോ മതേതരമെന്നോ വേര്‍തിരിവ് നിലനില്‍ക്കുന്നില്ലെന്നും മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരിക്കരുത് വിദ്യാഭ്യാസമെന്നും മതപഠനം കൂടി ഉള്‍ചേര്‍ന്ന വ്യക്തികളുടെ സമഗ്രവികാസത്തിനുതകുന്നതായിരിക്കണം വിദ്യാഭ്യാസമെന്നതുമാണ് മൗലവിയുടെ നിരീക്ഷണം.(30) തിരുവിതാംകൂറിലെ മുസ്‌ലിംകളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാനായി മൗലവി ആവിഷ്‌കരിച്ച രണ്ട് പദ്ധതികള്‍, ഒന്ന്, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അധികൃതരുടെ സഹായമഭ്യര്‍ത്ഥിക്കുകയും അവയില്‍ മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസവും നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുക. രണ്ട്, സാമ്പത്തികമായി കഴിവുള്ളവരെ തേടിപ്പിടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ പ്രേരിപ്പിക്കുക എന്നിവയാണ്.(31) സര്‍ക്കാരിനെക്കൊണ്ട് മുസ്‌ലിംകള്‍ക്കായി മതവിദ്യാഭ്യാസം കൂടി നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സ്‌കൂളുകള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം തന്നെ സമുദായത്തിനകത്തെ സമ്പന്നരായ വ്യക്തികളുടെ സഹായത്താല്‍ സ്വകാര്യ സ്‌കൂളുകളും തുടങ്ങാന്‍ മൗലവി കഠിനമായി പരിശ്രമിച്ചിരുന്നു. വക്കം മൗലവിയുടെ പ്രവര്‍ത്തനഫലമായി 1914ല്‍, 25 മുസ്‌ലിം കുട്ടികളെങ്കിലുമുള്ള സ്‌കൂളുകളില്‍ ക്വുര്‍ആന്‍ അധ്യാപകരെയും അറബി അധ്യാപകരെയും നിയമിക്കാനുള്ള ഉത്തരവ് നിലവില്‍വന്നു.(32)
ഇത്തരം അധ്യാപകര്‍ക്കുള്ള യോഗ്യതകള്‍ നിര്‍ണയിക്കുന്ന സ്ഥാപനങ്ങളൊന്നും തന്നെ അന്ന് നിലവിലുണ്ടായിരുന്നില്ല എന്നതിനാല്‍ വക്കം മൗലവിയുടെ ‘സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുന്നവരെയാണ് ഇത്തരത്തില്‍ അധ്യാപകരായി നിയമിക്കാന്‍ ഉത്തരവ് വന്നത്.(33) മുസ്‌ലിംകളുടെ വിദ്യാഭ്യാസകാര്യത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താന്‍ ഒരു സംഘടനയുടെ ആവശ്യകതയെപ്പറ്റി വക്കം മൗലവി തന്റെ ‘മുസ്‌ലിം’ എന്ന ആനുകാലികത്തില്‍ ഇപ്രകാരം പറയുന്നതായി കാണാം.

”കേരളത്തിലെ മുഹമ്മദീയ വര്‍ഗക്കാര്‍ ഏറ്റവും ശോചനീയമായ അവസ്ഥയിലാണെന്നു പറയാതെ നിവൃത്തിയില്ല. ഈ വാസ്തവത്തെ അവര്‍ തന്നത്താന്‍ അറിഞ്ഞ് വേണ്ടത് പ്രവര്‍ത്തിക്കാതിരുന്നത് മാത്രമല്ല, ഇതര മതസ്ഥര്‍ പത്രം മുഖേനയും മറ്റും പലവിധത്തിലും അവരെ ഓര്‍മിപ്പിച്ചിട്ടുപോലും ആരും ഈ വിഷയത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നതില്‍ വ്യസനിക്കുകയല്ലാതെ എന്താണ് ചെയ്ക? കേരള മുഹമ്മദീയരെക്കുറിച്ച് വിദ്യാവിഹീനന്‍മാര്‍ എന്നുള്ള ധ്വനികള്‍ കര്‍ണങ്ങളെ ഭേദിക്കുമാറ് ഇപ്പോഴും ഏതുഭാഗത്തു നിന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

കേരളത്തില്‍ ഒരു മുഹമ്മദീയ മഹാസഭയുടെ ആവശ്യകത, അതിന്റെ മൂര്‍ധന്യത്തെ പ്രാപിച്ചിരിക്കുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ സ്ഥലങ്ങളിലുള്ള മുസ്‌ലിം സഹോദരങ്ങള്‍ ഏകമനസ്സോടുകൂടി ഒരു സഭ സ്ഥാപിക്കുന്നതാകയാല്‍, ഈ സമുദായത്തിന് ഇപ്പോള്‍ നേരിട്ടിരിക്കുന്ന ദോഷങ്ങളെ അതുവഴിയായി അചിരേണ പരിഹരിക്കാവുന്നതാണ്. ഇപ്രകാരമുള്ള സഭകളും യോഗങ്ങളും കൊണ്ടല്ലാതെ യാതൊരു സമുദായവും ഉള്‍ഗതി പ്രാപിച്ചിട്ടില്ലെന്ന് ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.”(34)

ഇതരസമുദായങ്ങള്‍ സംഘടനകള്‍രൂപീകരിച്ച് മുന്നേറുന്നതുപോലെ മുസ്‌ലിംകള്‍ക്കിടയിലെ വിദ്യാഭ്യാസപരമായ അവശതകള്‍ പരിഹരിക്കാന്‍ ഒരു സംഘടന വേണമെന്ന മൗലവിയുടെ അതിയായ ആഗ്രഹമാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. തിരുവനന്തപുരത്തെ ചിറയിന്‍കീഴിനടുത്ത് പെരുമാതുറ എന്ന സ്ഥലത്ത് 1923 മെയ് അഞ്ച്, ആറ് തീയതികളിലായി നടന്ന മൗലവി അധ്യക്ഷനായ ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സമുദായത്തിന്റെ പ്രഥമ സമ്മേളനത്തില്‍ അംഗീകരിച്ച 12 മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ രണ്ടെണ്ണം താഴെ പറയും പ്രകാരമായിരുന്നു.

1) മുസ്‌ലിം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാലോചിത വിദ്യാഭ്യാസം നല്‍കുകയും അവരെ ഉപരിപഠനത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

2) മുസ്‌ലിംകളെ ലൗകിക വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാനുതകുന്നവിധം കൂടുതല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക. ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ അറബി അധ്യാപകരെ നിയമിക്കുക. ഈ അടിയന്തിരാവശ്യങ്ങള്‍ നേടുന്നതിനായി അധികൃതസമക്ഷം നിവേദനം സമര്‍പ്പിക്കുക.(35)

പൊതുവിദ്യാലയങ്ങളില്‍ മതേതര-ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മുസ്‌ലിംകള്‍ക്ക് മതപഠനത്തിന്റെ ഭാഗമായ അറബിഭാഷ കൂടി പഠിപ്പിക്കുന്നതിന്റെ ആവശ്യകതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മൗലവി തന്റെ അവസാന കാലഘട്ടങ്ങളില്‍ പോലും. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. 1914 ഡിസംബര്‍ 15ലെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഗസറ്റില്‍ ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി നല്‍കിയ വിജ്ഞാപനം ഇതിന്റെ തെളിവാണ്.

”മുഹമ്മദീയ വിദ്യാഭ്യാസം ഇപ്പോഴും അതൃപ്തികരമായ സ്ഥിതിയില്‍ ഇരിക്കുന്നു എന്നും വിദ്യാഭ്യാസത്തിന് ആ വര്‍ഗക്കാര്‍ക്ക് നല്‍കിയിട്ടുള്ള സൗകര്യങ്ങളെ അവര്‍ മതിയായിടത്തോളം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍നിന്നും ഗവണ്‍മെന്റ് വ്യസനസമേതം അറിയിക്കുന്നു. ലോവര്‍ ഗ്രേഡ് ഗവണ്‍മെന്റ് പാഠശാലകളില്‍ ഫീസുകൂടാതെ നല്‍കപ്പെടുന്ന വിദ്യാഭ്യാസത്തെ ആ വര്‍ഗത്തില്‍ ചേര്‍ന്നവരായ കൂടുതല്‍ എണ്ണം ബാലന്‍മാര്‍ ഉപയോഗപ്പെടുത്താതിരിക്കുന്ന കാലത്തോളം ഫീസില്‍ കൂടുതല്‍ ആനുകൂല്യങ്ങളാകട്ടെ, അന്യരാജ്യങ്ങളില്‍ നിന്ന് സാങ്കേതികവിദ്യങ്ങള്‍ അഭ്യസിക്കുന്നതിന് വേതനങ്ങള്‍ ആകട്ടെ, മുഹമ്മദീയരുടെയിടയില്‍ വിദ്യാഭ്യാസം അഭിവൃദ്ധി പ്രാപിക്കുന്നതിന് ഉപയോഗിക്കുകയില്ലെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടതിനോട് ഗവണ്‍മെന്റ് യോജിക്കുന്നു. ആ വര്‍ഗത്തിലെ പ്രമാണികള്‍ ഉത്സാഹിക്കുകയും പാഠശാലകളില്‍ കൂടുതല്‍ ഹാജരാകുന്നതിന് യത്‌നിക്കുകയും ചെയ്യേണ്ടത് അതിപ്രധാനമാകുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ആ വര്‍ഗക്കാര്‍ക്ക് കൂടുതലായി എന്തു സൗകര്യങ്ങള്‍ നല്‍കണം എന്ന് ആലോചിക്കുന്നതിനുള്ള കാലം എത്തും. മുഹമ്മദീയ വിദ്യാഭ്യാസത്തെപ്പറ്റി കൂടുതലലായി അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ആലോകിക്കുന്നുണ്ട്. കാര്യനടത്തിപ്പിന് ഉതകുന്ന വല്ല നിര്‍ദ്ദേശങ്ങളും കിട്ടുന്നപക്ഷം അദ്ദേഹം ഗവണ്‍മെന്റിന് എഴുതി ബോധിപ്പിക്കുന്നതും ആകുന്നു.” (36)

ഉത്തരവിന്‍പ്രകാരം

എ.ജെ വിയറാഗവണ്‍മെന്റ്

ചീഫ് സെക്രട്ടറി

ഇതുപ്രകാരം ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ‘മുസ്‌ലിം വിദ്യാഭ്യാസം പ്രചരിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. മതേതര-ഭൗതിക വിഷയങ്ങള്‍ക്ക് പുറമെ മതപഠനം കൂടി സാധ്യമാക്കുകയാണ് മുസ്‌ലിംകളെ സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള മാര്‍ഗമെന്ന് മനസ്സിലാക്കിയ പ്രസ്തുത യോഗത്തെ തുടര്‍ന്ന്, മുസ്‌ലിംകള്‍ക്കായി 75 പുതിയ സ്‌കൂളുകള്‍ തുടങ്ങുകയും അവിടങ്ങളിലെല്ലാം ആധുനിക പാഠ്യപദ്ധതികള്‍ക്ക് പുറമെ ക്വുര്‍ആനും അറബിയും പഠിപ്പിക്കാനും വ്യവസ്ഥ ചെയ്യുകയുണ്ടായി.(37) മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മദ്രസാ വിദ്യാഭ്യാസത്തില്‍ ആധുനിക-ഭൗതിക വിദ്യാഭ്യാസം കൂടിയുള്‍പ്പെടുത്തി വിദ്യ അഭ്യസിക്കുന്നതിന് മത-മതേതര വേര്‍തിരിവുകളില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം പ്രധാനാധ്യാപകനായ വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയില്‍ ഭൂപടവും ഗ്ലോബുംമറ്റ് ആധുനിക പഠനസാമഗ്രികളും വിജ്ഞാനീയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു ചാലിലകത്തിന്റെ വിദ്യാഭ്യാസ വിപ്ലവം.(38) മതേതര വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസം കൂടി നല്‍കിക്കൊണ്ടുള്ള ഒരു ഉന്നതമായ വിദ്യാഭ്യാസത്തിന് അതിയായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍. അലിഗര്‍ മുസ്‌ലിം സര്‍വകലാശാലയുടെ മാതൃകയില്‍ കേരള മുസ്‌ലിംകള്‍ക്കും ഒരു ഉയര്‍ന്ന കോളേജ് സ്ഥാപിക്കണമെന്ന മോഹവുമായി അദ്ദേഹം അലിഗറില്‍ പോയി അവിടുത്തെ രീതികള്‍ പഠിച്ചു മനസ്സിലാക്കുകയും തിരിച്ചുവന്നതിനുശേഷം കൊച്ചി ദിവാനായിരുന്ന പി.രാജഗോപാലാചാരി നല്‍കിയ എട്ട് ഏക്കര്‍ ഭൂമിയില്‍ തതുല്യമായ മാതൃകയില്‍ കോളേജ് നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയുമുണ്ടായി. ഈജിപ്തില്‍നിന്ന് പ്രഗല്‍ഭരായ അധ്യാപകരെ കൊണ്ടുവരണമെന്നു പോലും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മഹാനുഭാവന്റെ സ്വപ്‌നം പക്ഷേ യാഥാര്‍ത്ഥ്യമായില്ല.(39) 1922ല്‍ കൊടുങ്ങല്ലൂരില്‍ രൂപീകരിച്ച നിഷ്പക്ഷ സംഘം എന്ന കൂട്ടായ്മ, അതേവര്‍ഷം ഏപ്രില്‍ 24ന് ഏറിയാട് ചന്തമൈതാനിയിലെ യോഗത്തില്‍വെച്ച് മുസ്‌ലിം ഐക്യസംഘം എന്ന പേരില്‍ പുനഃസംഘാടനം ചെയ്തതാണ് കേരള മുസ്‌ലിംകളുടെ നാനോന്മുഖമായ പുരോഗതിക്ക് വേണ്ടി രംഗത്തുവന്ന ആദ്യത്തെ സംഘടന.(40) ഇതുപോലൊരു സംഘടനയായിരുന്നു വക്കം മൗലവി ആഗ്രഹിച്ചിരുന്നതും. ആലുവയില്‍വെച്ചു നടന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാമത് സമ്മേളനത്തില്‍ മാപ്പിളമാര്‍ക്ക് മാത്രമായുള്ള സാമുദായിക സ്‌കൂളുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കിയിരുന്നു.(41)ഇതേ സമ്മേളനത്തില്‍വെച്ചാണ് ‘കേരള ജംഇയത്തുല്‍ ഉലമ’ (കെ.ജെ.യു) എന്ന കേരളത്തിലെ മുസ്‌ലിംകളുടെ ആദ്യത്തെ പണ്ഡിതസഭ രൂപം കൊള്ളുന്നത്. 1926 മെയ് മാസത്തില്‍ നടന്ന ഐക്യസംഘത്തിന്റെ നാലാമത് വാര്‍ഷിക സമ്മേളനത്തില്‍ സ്‌കൂളുകളില്‍ ഇസ്‌ലാമിക മതപഠനത്തിനായി അധ്യാപകരെ നിയമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടും പ്രമേയമുണ്ടായിരുന്നു.(42) 1934ല്‍ പുളിക്കലില്‍വെച്ചുനടന്ന കേരള ജംഇയത്തുല്‍ ഉലമയുടെ പതിനൊന്നാമത് സമ്മേളനം വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സമക്ഷം താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു നിവേദനം സമര്‍പ്പിക്കുകയുണ്ടായി.

1) മുസ്‌ലിംകളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനായി സ്‌കൂളുകളില്‍ മതവിദ്യാഭ്യാസത്തിന് സംവിധാനമൊരുക്കുക.

2) മാപ്പിള സ്‌കൂളുകളില്‍ മുസ്‌ലിം മതപഠനത്തിനായി അധ്യാപകരെ നിയമിക്കുക.

3) സ്‌കൂളുകളില്‍ അറബി അധ്യാപകരെ നിയമിക്കുക.

4) മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഇളവ് ചെയ്തുകൊടുക്കുക.

5) വിദ്യാഭ്യാസവകുപ്പില്‍ മുസ്‌ലിം പ്രതിനിധികളെ നിയമിക്കുക.

6) മുസ്‌ലിംകള്‍ക്കായി കൂടുതല്‍ ഹൈസ്‌കൂളുകളും ട്രെയിനിംഗ് സ്‌കൂളുകളും തുടങ്ങുക.(43)

മുസ്‌ലിംകള്‍ തിങ്ങിപാര്‍ക്കുന്ന മലപ്പുറത്ത് ഹോസ്റ്റല്‍ സൗകര്യങ്ങളോടുകൂടിയ ഒരു ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ കെ.എം സീതിസാഹിബിന്റെ നേതൃത്വത്തില്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടന്നു. 1936 അധ്യയന വര്‍ഷത്തില്‍ ക്ലാസ് തുടങ്ങാനിരിക്കെ രക്ഷിതാക്കള്‍ കുട്ടികളെ അയക്കുന്ന ലക്ഷണമൊന്നും കാണാത്തതിനാല്‍, സീതിസാഹിബ്, സി.എന്‍ അഹമദ് മൗലവി തുടങ്ങിയവര്‍ സ്‌കൂളില്‍ മതപഠനവും പരിശീലനവും കൂടിയുണ്ടായിരിക്കുമെന്ന് കാണിച്ചുകൊണ്ട് ലഘുലേഖകള്‍ പുറത്തിറക്കുകയും അവ മംഗലാപുരം മുതല്‍ തിരുവിതാംകൂര്‍ വരെ കാറെടുത്ത് പ്രചാരണം നടത്തുകയുമുണ്ടായി.(44) തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ നടന്ന ഹൈസ്‌കൂളിന്റെ ഉദ്ഘാടനം കേരള മുസ്‌ലിംകളുടെ ഒരു മഹോത്സവമായിരുന്നുവെന്ന് സി.എന്‍ അഹമദ് മൗലവി പില്‍ക്കാലത്ത് സ്മരിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് മതേതര വിദ്യാഭ്യാസത്തോടൊപ്പം തുല്യപ്രാധാന്യത്തോടുകൂടി മതപഠനംകൂടി ലഭിക്കുന്നതിന് കേരള മണ്ണില്‍ അഹോരാത്രം പണിയെടുത്ത ഒരേയൊരു വ്യക്തി കെ.എം സീതിസാഹിബാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നട്ടെല്ലായി അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്. മാപ്പിളമാരുടെ സാമൂഹിക വികാസത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെന്ന പോലെ മാപ്പിളമാര്‍ക്ക് പരമ്പരാഗത മുസ്‌ലിം താല്‍പര്യങ്ങള്‍ പഠിപ്പിക്കാന്‍ പ്രത്യേക സ്‌കൂളുകളും അനിവാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു.(45) വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ‘താന്‍ ഒരു മുസ്‌ലിമാണെന്ന് മുസ്‌ലിം വിദ്യാര്‍ത്ഥിക്കു മറക്കാന്‍ കഴിയില്ല, തന്റെ മതത്തിന്റെ തത്വങ്ങള്‍ പഠിക്കാനും തന്റെ സാംസ്‌കാരിക ചരിത്രം സ്വാംശീകരിക്കാനും അവനും അവള്‍ക്കും അവസരം ലഭിക്കണം.’ എന്നും അദ്ദേഹം പ്രസ്താവിച്ചതായി കാണാം.(46) തന്റെ 29-ാം വയസ്സില്‍ തന്നെ കൊച്ചി നിയമസഭയില്‍ അംഗമായിരുന്ന സീതിസാഹിബ്, മതവിദ്യാഭ്യാസത്തിനുള്ള അവകാശത്തിനുവേണ്ടി നിരവധി തവണ പോരാടുകയും, സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് പൊതുവിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ടിരുന്ന ക്വുര്‍ആന്‍-അറബി അധ്യാപകരുടെ ക്ഷേമത്തിനും വേതന വര്‍ദ്ധനവിനും വേണ്ടി സഭയില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അറബി അധ്യാപകരെ ഇതര ഭാഷാ അധ്യാപകരോട് തുല്യരായി പരിഗണിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. 1930 ഓഗസ്റ്റ് 14ന് കൊച്ചിയില്‍ എത്ര ക്വുര്‍ആന്‍ അധ്യാപകരുണ്ടെന്നും, അവരില്‍ എത്രപേര്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തിനുള്ളില്‍ അധ്യാപനം നടത്തുന്നവരുണ്ടെന്നുമുള്ള സീതിസാഹിബിന്റെ ചോദ്യത്തിന് മറുപടി ലഭിക്കുന്നത് ആകെയുള്ള 66 പേരില്‍ 35 പേര്‍പ്രവൃത്തി സമയത്തിനുള്ളില്‍ അധ്യാപനം നടത്തുന്നവരായിട്ടാണ്.(47) അക്കാലഘട്ടത്തില്‍ പൊതുവിദ്യാലയങ്ങളില്‍ എല്ലാ വിഷയങ്ങളുമെന്ന പോലെ ഒരു വിഷയമായി ക്വുര്‍ആന്‍ പഠിപ്പിക്കപ്പെട്ടിരുന്നു. അതിന്റെ രണ്ടാഴ്ച മുമ്പുപോലും അദ്ദേഹം ക്വുര്‍ആന്‍ അധ്യാപകര്‍ക്ക് ഒരു സാധാരണ പ്രൈമറി സ്‌കൂള്‍ അധ്യാപകനുള്ള കുറഞ്ഞ വേതനമെങ്കിലും ലഭ്യമാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.(48) അതേവര്‍ഷം ഓഗസ്റ്റ് 15ന്, നാലുമാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഏറിയാട് വെച്ചുനടന്ന മുസ്‌ലിം യോഗത്തിന്റെ തീരുമാനപ്രകാരം സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യത്തിന് സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന ചോദ്യത്തിന് ലഭിക്കുന്ന മറുപടിയും നിരാശാജനകമാണ്. മുസ്‌ലിം സമുദായം നിരന്തരം ആവശ്യപ്പെട്ടിട്ടും ക്വുര്‍ആന്‍ അധ്യപകരുടെ വേതനം ഉയര്‍ത്താനോ, അറബി അധ്യാപകരെ സംസ്‌കൃത ഭാഷാ അധ്യാപകര്‍ക്ക് തുല്യമായ പരിഗണന നല്‍കുന്നതിലോ, വിദ്യാഭ്യാസ വകുപ്പില്‍ ഒരു മുസ്‌ലിം ഉദ്യോഗസ്ഥനെ നിയമിക്കുന്നതിലോ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഖേദപൂര്‍വം അറിയിക്കുകയും, സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയത്തിന് ഉടനടി പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കുകയുമാണ് ഉണ്ടായത്.(49) യാതൊരുവിധ തുടര്‍നപടികളും ഉണ്ടാകാത്തതിനെ തുടര്‍ന്ന് 1931 ഫെബ്രുവരി 16-ാം തീയതി അദ്ദേഹം ഇംഗ്ലീഷില്‍ നീണ്ട പ്രസംഗം ചെയ്യുന്നത് ഇപ്രകാരം കാണാം,

”ഈ ആദരണീയ സഭയില്‍ ഒരു മുസ്‌ലിം പ്രതിനിധിയായി ഞാന്‍ എന്നുമുതല്‍ വന്നുവോ അന്നുമുതല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നുണ്ട്. ക്വുര്‍ആന്‍ ടീച്ചറുടെ ജോലി, മതവിദ്യാഭ്യാസം നടത്തുന്നയാളിന്റേതല്ല. പ്രധാനജോലി അറബി ഭാഷയില്‍ പ്രാഥമിക അറിവ് കുട്ടികള്‍ക്ക് നേടി കൊടുക്കുക എന്നതാണ്. അറബിഭാഷ മുസ്‌ലിംകളെ സംബന്ധിച്ച് അവരുടെ മതവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന ഭാഷയാണ്. അതുകൊണ്ട് തന്നെ ആ ഭാഷ കുട്ടികളെ ആദ്യം മുതല്‍ പഠിപ്പിക്കാന്‍ അവര്‍ അറബി പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് അയക്കുന്നു. നമ്മുടെ സ്‌കൂളുകള്‍ അത് പഠിപ്പിക്കാത്തുകൊണ്ട് ആധുനിക സ്‌കൂളുകളെ അവര്‍ ഒഴിവാക്കി സ്വകാര്യ യാഥാസ്ഥിതിക സ്‌കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നു. അതുമൂലം ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രയോജനം അവര്‍ക്ക് നഷ്ടപ്പെടുന്നു. നമ്മുടെ സര്‍ക്കാര്‍ ഇത് മനസ്സിലാക്കി മുസ്‌ലിം കുട്ടികളെ ആകര്‍ഷിക്കാന്‍ അറബി പഠനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നു. ഈ പരീക്ഷണം ഇതുവരെ ചെയ്തിടത്തോളം വിജയകരമാണ്. കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വരാന്‍ പ്രേരണ ക്വുര്‍ആന്‍ ടീച്ചര്‍മാര്‍ തന്നെയാണ്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ലളിതമായ കാരണം അവര്‍ അവരുടെ സഹോദരസമുദായങ്ങള്‍ക്ക് തുല്യമായി ഖജനാവിലേക്ക് സമ്പത്ത് കൂട്ടാന്‍ ഉതകുന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നീതി ലഭ്യമാക്കണം. പക്ഷേ അങ്ങനെ അവര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ പ്രോത്സാഹനമെന്ന നിലയില്‍ അറബി പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ പ്രോത്സാഹനം ഗുണകരമാകണമെങ്കില്‍ അത് ഗുണകരമായി തന്നെ നല്‍കണം. അറബി അധ്യാപകരെ പട്ടിണിക്കിട്ടിട്ട് അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്നത് തീര്‍ച്ചയായും ശരിയായ നടപടിയല്ല. അവര്‍ക്ക് ഉചിതമായ വേതനം നല്‍കി നിലനില്‍പ് തന്നെ ഉറപ്പാക്കാത്ത സാഹചര്യത്തില്‍ അവരില്‍ നിന്ന് കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം പ്രതീക്ഷിക്കാന്‍ സാധ്യമല്ല. അവര്‍ എപ്പോഴും അതൃപ്തരായതിനാല്‍ അവരിലെ പ്രേരണ, അതിജീവിക്കാന്‍ പറ്റാത്തവിധം ജോലിയില്‍നിന്നും ഒഴിഞ്ഞുമാറാനായിരിക്കും. അനന്തരഫലമായി ക്വുര്‍ആന്‍ ടീച്ചര്‍മാര്‍ ഉണ്ടെങ്കിലും മുസ്‌ലിം കുട്ടികള്‍ എണ്ണത്തില്‍ കൂടാന്‍ പോകുന്നില്ല. അധ്യാപകരുടെ ജോലിയിലെ നിലവാരം മോശമാണെന്ന് രക്ഷകര്‍ത്താക്കള്‍ തന്നെ പരാതിപ്പെടുന്നു. ക്വുര്‍ആന്‍ ടീച്ചര്‍മാര്‍ അറബി പഠിപ്പിക്കുന്നുവെന്നല്ലാതെ മറ്റു ടീച്ചര്‍മാരെപ്പോലെ കുട്ടികളെ തന്നെയാണ് അവരും പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിഗണന അവര്‍ക്ക് നിഷേധിക്കരുത്. വിദ്വേഷം ഉളവാക്കുന്ന വിവേചനം അവരും മറ്റു സഹോദര അധ്യാപകരുമായി ഉണ്ടാക്കാന്‍ പാടില്ല. എന്റെ അപേക്ഷ അര്‍ദ്ധ പട്ടിണിക്കാരായ അവരോട് നീതി പുലര്‍ത്താന്‍ ഒട്ടും സമയംനഷ്ടപ്പെടുത്തരുതെന്നാണ്. സ്‌പെഷ്യല്‍ ഫിനാന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഒരു പൗരാണിക ഭാഷയും മറ്റൊന്നുമായി ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം പാടില്ലെന്നാണ്. സര്‍ക്കാര്‍ മനോഭാവം മാറ്റി അറബി പണ്ഡിറ്റുമാരെയും സംസ്‌കൃത പണ്ഡിറ്റുമാരെയും ഒന്നായി കാണണം. പക്ഷേ അറബിക് ടീച്ചര്‍മാരെ മറ്റ് ഭാഷാ അധ്യാപകരെക്കാളും ഒരു ഗ്രേഡ് കുറച്ചാണ് കാണുന്നത്. സംസ്‌കൃതത്തെയും മറ്റ് ഭാഷകളെയും പോലെ അറബി ഒരു ക്ലാസിക് ഭാഷയാണ്. അറബി നിലവില്‍ പ്രയോഗത്തിലുള്ള ഭാഷയും അത് ഉന്നതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹിത്യവുമാണ്. അങ്ങനെയുള്ളപ്പോള്‍ എന്തുകൊണ്ടാണ് അവരെ തരംതാഴ്ന്നവരായി കാണുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുമ്പ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്നത്തെ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ എന്നെ ആശ്വസിപ്പിച്ചത്, ഇക്കാര്യം പരിശോധിച്ച് അസമത്വം ഇല്ലാതാക്കുമെന്നായിരുന്നു. എന്റെ അറിവില്‍ അടുത്തുനടന്ന ശമ്പളപരിഷ്‌കരണമനുസരിച്ച് മറ്റ് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ 25 മുതല്‍ 50 രൂപ വരെ ശമ്പളം കൈപ്പറ്റുന്നുവെന്നാണ്. അതേ ജോലിഭാരമുള്ള അറബി ടീച്ചര്‍മാര്‍ക്ക് അതേ ശമ്പളം നല്‍കാതിരിക്കാന്‍ യാതൊരു ന്യായീകരണവുമില്ല.” (50)

തുടര്‍ന്ന് സഭയിലെ ജൂത അംഗമായ എ.ബി സേല അദ്ദേഹത്തെ പിന്‍താങ്ങികൊണ്ട് ആകെയുള്ള 25 ക്വുര്‍ആന്‍ ടീച്ചര്‍മാരുടെയും രണ്ട് ഹീബ്രു ടീച്ചര്‍മാരുടെയും അവശതകള്‍ക്ക് ഉടനടി പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസ ചുമതലയുള്ള ഐ.എന്‍ മേനോന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഉറപ്പ് നല്‍കുന്നതായും കാണാം.(51) ശരിയായ രൂപത്തില്‍ ഗുണമേന്മയോടുകൂടി മുസ്‌ലിംകളുടെ മതപഠനം സാധ്യമാകുന്ന സ്‌കൂളുകളെ മുസ്‌ലിം രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുകയുള്ളുവെന്നും അത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ സ്വകാര്യ സ്‌കൂളുകളിലായിരിക്കും പോവുകയെന്നും സീതിസാഹിബ് തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ സൂചിപ്പിക്കുന്നത് ഇവ്വിഷയകമായി അടിവരയിട്ട് ശ്രദ്ധിക്കേണ്ടതാണ്. അക്കാലത്തെ സ്വകാര്യ സ്‌കൂളുകള്‍ യാഥാസ്ഥിതികമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ലാത്ത ധാരാളം സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും കേരളത്തിലെ വര്‍ത്തമാനകാല തീവ്രമതേരതരവാദികള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളില്‍ ധാര്‍മികപഠനം പ്രത്യേകമായി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സഭയിലെ ചര്‍ച്ചയില്‍ സീതിസാഹിബ് സജീവമായി ഇടപെടുന്നുണ്ട്. ബില്ല് അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച സി.വി കുര്യന്‍ എന്ന സഭാംഗം പുതുതലമുറയില്‍ ധാര്‍മികമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും അത് നികത്താനായി പൊതുവിദ്യാലയങ്ങളില്‍ ധാര്‍മിക പഠനം പ്രത്യേകവിഷയമായി ഉള്‍പ്പെടുത്തണമെന്നും, പ്രസ്തുത ധാര്‍മിക പഠനം ദൈവവിശ്വാസത്തിലൂന്നിയുള്ളതായിരിക്കണമെന്നും സമര്‍ത്ഥിച്ചു. ഇതിന് ഉപോല്‍ബലകമായി ഇന്‍ഡ്യയിലെ വ്യത്യസ്ത നാടുകളില്‍നിന്നും, അമേരിക്കയില്‍ നിന്നുമെല്ലാം ഈ രൂപത്തിലുള്ള തെളിവുകള്‍ അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. ഇത് നടപ്പില്‍ വരുത്താന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ചുമതലയുള്ള അംഗമായ ഐ.എന്‍ മേനോന്‍ സംസാരിച്ചപ്പോള്‍, ലോകത്തെല്ലായിടത്തുമെന്ന പോലെ മത-ധാര്‍മിക പഠനങ്ങളെ ഭയക്കുന്ന യുക്തിവാദ-ഭൗതികവാദ ദര്‍ശനത്തിന്റെ വക്താക്കള്‍ തന്നെ കേരളത്തിലും ഇതിനെ നിശിതമായി എതിര്‍ത്തു. കേരളത്തിലെ തലയെടുപ്പുള്ള യുക്തിവാദികളിലൊരാളായി അറിയപ്പെടുന്ന കൊച്ചി നിയമസഭാംഗം കൂടിയായ സഹോദരന്‍ കെ.അയ്യപ്പന്‍ തന്റെ സംഭാഷണം ആരംഭിക്കുന്നതുതന്നെ ഇത് നടപ്പില്‍ വരുത്തുന്നതിലുള്ള സര്‍ക്കാരിന്റെ പ്രയാസങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു. മതപഠനമെന്നും ധാര്‍മികപഠനമെന്നും പേരിട്ടുവിളിക്കുന്ന വിഷയങ്ങള്‍ സ്‌കൂളുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് സാമുദായിക സംഘട്ടനങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ നിലനില്‍പ് സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിലാണെന്നും, മനുഷ്യര്‍ക്കിടയില്‍ ധാര്‍മിക മൂല്യമുയര്‍ത്തണമെങ്കില്‍ അവരെ സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം താനിത് പറയുന്നത് മൂലം ആര്‍ക്കും ദേഷ്യം തോന്നേണ്ട ആവശ്യമില്ലെന്നും പറഞ്ഞിട്ടാണ് അവസാനിപ്പിച്ചത്.(52)
തുടര്‍ന്ന് സഹോദരന്‍ അയ്യപ്പന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് സീതിസാഹിബ് പ്രതികരിച്ച് ഇങ്ങനെയായിരുന്നു;

”തെക്കേ ഈഴവനിയോജകമണ്ഡല പ്രതിനിധി അവര്‍കള്‍ ചെയ്ത പ്രസംഗം കൊണ്ട് എനിക്കു ലേശവും ദ്വേഷം ഉണ്ടായില്ല. അദ്ദേഹം ചില വിഷമങ്ങള്‍ നീക്കാന്‍വേണ്ടി ഈ പ്രമേയത്തെ അനുകൂലിക്കുന്നതില്‍ പ്രയാസമുണ്ടെന്നു പറഞ്ഞിട്ട് അതിനു പരിഹാരമായി പറഞ്ഞ ചികിത്സയെ സംബന്ധിച്ചാണ് എനിക്ക് വിഷമം തോന്നുന്നത്. അദ്ദേഹം പറയുന്നു സോഷ്യല്‍ സയന്‍സ് പഠിപ്പിക്കണമെന്ന്. ജനങ്ങള്‍ക്ക് സുഖമായിരിക്കത്തക്ക എന്താണെന്ന്, സാമുദായിക രീതി എന്താണെന്ന് പഠിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു. ലോകത്തില്‍ ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പുകളും കലഹങ്ങളും അഭിപ്രായഭേദങ്ങളും ഉണ്ടാക്കി വളര്‍ത്തുന്ന ഒന്നാണ് സോഷ്യല്‍ സയന്‍സ് എന്നുള്ളതില്‍ അഭിപ്രായവ്യത്യാസത്തിനു വകയില്ല. അദ്ദേഹം സന്‍മാര്‍ഗ പഠനത്തെ പഴിക്കുന്നതിനുമുമ്പ് ഇതിനെപ്പറ്റി അല്‍പമെങ്കിലും ആലോചിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. സാമ്പത്തിക അടിസ്ഥാനമാണ് മനുഷ്യരുടെ അഭിവൃദ്ധിയുടെ മാനദണ്ഡമെന്നും അടിസ്ഥാനമെന്നും അദ്ദേഹം പറയുന്നതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നില്ല. സമുദായശാസ്ത്രത്തെക്കുറിച്ചുള്ള -അതിനെപ്പറ്റിയും ആയിരം അഭിപ്രായക്കാരുണ്ട്- ഓരോ അഭിപ്രായക്കാരും അവരുടെ അഭിപ്രായത്തിനനുസരിച്ച രാജഭരണനില, രാഷ്ട്രീയ സമ്പ്രദായം എന്നിവയെ സോഷ്യലിസം എന്നുപറയുന്നു. അതാതു വിഭാഗക്കാര്‍ അവരുടെ ഭാഗത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു. ഇങ്ങനെ സോഷ്യല്‍ സയന്‍സ് എന്നതില്‍ തന്നെ വളരെ വളരെ വിഷമങ്ങളും പ്രയാസങ്ങളും നേരിട്ടിട്ടുണ്ട്. ഇപ്രകാരമുള്ള ഒരു വിഷയമാണ് സന്‍മാര്‍ഗത്തിനു പകരം വേണ്ടതെന്നു അദ്ദേഹം വിചാരിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ല. സന്‍മാര്‍ഗികപഠനം ചെയ്യുന്നതുകൊണ്ട് പുതിയ അന്ധവിശ്വാസങ്ങളും പഴയ തെറ്റിദ്ധാരണകളും ആധ്യാത്മികമായ അന്ധവിശ്വാസങ്ങളും വന്നുചേരുമെന്നാണ് അദ്ദേഹത്തിനുള്ള ഭയം. വാസ്തവത്തില്‍ ആ ആശങ്കയ്ക്കു വഴിയുണ്ടാകത്തക്ക പഴയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മതത്തിന്റെ പേരില്‍ നടക്കുന്നുണ്ടെന്നുള്ളതിനെ ആരും നിഷേധിക്കുന്നില്ല. ശാസ്ത്രത്തിന്റെ പേരില്‍ എന്തെല്ലാം അക്രമങ്ങള്‍ നടന്നിട്ടുണ്ട്? ഇന്നും നടന്നുകൊണ്ടിരിക്കുന്നു. ഈ സയന്‍സിന്റെ പേരിലും സഹായത്തിലും ലോകത്തില്‍ എത്ര നാശങ്ങളാണ് ജനങ്ങള്‍ വരുത്തികൂട്ടിയിട്ടുള്ളത്? കഴിഞ്ഞ ലോകമഹായുദ്ധം തന്നെയും ആ ശാസ്ത്രത്തിന്റെ പ്രയോഗത്തോടുകൂടി നടത്തപ്പെട്ടതാണെന്നു വിസ്മരിക്കാന്‍ കാലമായിട്ടില്ല. എത്രതന്നെ പ്രയാസങ്ങളുണ്ടായിരുന്നാലും ശാസ്ത്രങ്ങള്‍ പഠിക്കണം, മതവും പഠിക്കണം. മതം ദുഷിപ്പിക്കരുത്, ശാസ്ത്രവും ദുഷിപ്പിക്കരുത്. ഓരോ മതത്തിലും നിന്നുകൊണ്ട് എല്ലാ മതക്കാര്‍ക്കും പൊതുവായ സന്‍മാര്‍ഗിക പഠനം ചെയ്യുന്നതുകൊണ്ട് അന്ധവിശ്വാസങ്ങള്‍ എന്തിനുവരണം? സന്‍മാര്‍ഗിക പഠനം വേണമെന്നു പറയുന്നവര്‍ മതങ്ങളുടെ സനാതനതത്വങ്ങള്‍ പഠിപ്പിക്കണമെന്നേ പറയുന്നുള്ളൂ. ദൈവവിശ്വാസം പഠിപ്പിക്കണമെന്ന് പറയുന്നു. ദൈവം ഉണ്ടെന്ന് വിശ്വസിക്കാത്തവരൊഴിച്ച് ബാക്കി എല്ലാ മതക്കാരും ദൈവമെന്ന ഒരു അദൃശ്യശക്തി ഉണ്ടെന്നു ദൃഢമായി വിശ്വസിക്കുന്നു. ദൈവത്തിന്റെ സ്വഭാവം ഇന്നതാണെന്ന് വരുമ്പോള്‍ മാത്രമാണ് അഭിപ്രായവ്യത്യാസമുണ്ടാകുന്നത്. ഒരു സ്രഷ്ടാവുണ്ടെന്നും അദ്ദേഹം അദൃശ്യനും സര്‍വശക്തനുമാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. അത് പഠിപ്പിക്കുമ്പോള്‍ ലോകത്തില്‍ കുഴപ്പവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമെന്നുള്ളത് വെറും അബദ്ധപ്രസ്താവനയാണ്. സഹോദരസ്‌നേഹം വര്‍ദ്ധിക്കുന്നു. പരസ്പരവിശ്വാസം ഉണ്ടാകുന്നു. ഇങ്ങനെയുള്ള സംഗതികള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് വളരെ അത്യാവശ്യമാണ്.

ഇത് പഠിപ്പിക്കുന്നത് ആരാണെന്നാണ് ഇനിയത്തെ ചോദ്യം ഈ സംഗതിക്ക് എളുപ്പത്തില്‍ ഉത്തരം പറയാം. ആര്‍ക്കും പഠിപ്പിക്കാം. പഠിപ്പിക്കേണ്ടത് എന്താണെന്ന് ഒരു നിശ്ചയം ചെയ്യേണ്ട ആവശ്യമെയുള്ളൂ. നാം ഇപ്പോള്‍ ശാസ്ത്രം പഠിപ്പിക്കുന്നു. അവയ്ക്കു പാഠപുസ്തകങ്ങള്‍ ഉണ്ട്. അത് നോക്കി പഠിപ്പിക്കുന്നു. ലോകത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം പഠിപ്പിക്കുന്നതിന് പ്രത്യേകം ആളുകളെ വേണമെന്നുണ്ടെങ്കില്‍ ഒരു വിഷയവും പഠിപ്പിക്കാന്‍ നിവൃത്തിയില്ലാതെ വരും. ഓള്‍ ജിബ്രാ പഠിക്കുന്നു. സോഷ്യല്‍ സയന്‍സ് തന്നെയും പഠിക്കുന്നു. അതിനൊക്കെ പ്രത്യേകം ആളുകള്‍ വേണമെങ്കില്‍ ഒന്നും പഠിപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് വരും. ആ ദൃഷ്ടി വെച്ചുകൊണ്ട് ആലോചിക്കേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ നിലയില്‍ ഇത് പഠിപ്പിക്കാന്‍ നമുക്ക് വലിയ വിഷമമില്ല. ആളുകള്‍ക്ക് സന്‍മാര്‍ഗികനിഷ്ഠ ഉണ്ടാക്കിതീര്‍ക്കുന്നതിന് ചില ഉപായങ്ങളെല്ലാം നാം എടുക്കേണ്ടതാണ്. കഥകളായും പ്രസംഗങ്ങളാലും ഉപദേശങ്ങളായും നാം അവയെ പഠിപ്പിക്കണം. അതിനെല്ലാം ഒരു പദ്ധതി ഉണ്ടായിരിക്കണമെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. അതിന് ഒരു വിഷമവുമില്ല. അന്ധവിശ്വാസങ്ങള്‍ പുനര്‍ജീവിക്കുകയുമില്ല. ലോകത്തില്‍ മനുഷ്യര്‍ നന്നായിട്ടുണ്ടെങ്കില്‍ അത് ദൈവവിശ്വാസത്തിന്റെ ആത്മവിശ്വാസത്തിന്റെ ഫലമാണ്. ആത്മവിശ്വാസം ഇല്ലാത്തകൊണ്ടുള്ള ഒരു നന്മയും ലോകത്തില്‍ ഉണ്ടായിട്ടില്ല. അത് തീര്‍ച്ചയായും പറയാന്‍ സാധിക്കും. നിരീശ്വരവാദികള്‍ പോലും തങ്ങള്‍ അറിയാതെ തന്നെ ആത്മാവില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ത്യാഗം, സഹോദരസ്‌നേഹം മുതലായ മറ്റു ഗുണങ്ങള്‍ ഉണ്ടാകുന്നത്. ഇത്രമാത്രം പറഞ്ഞിട്ട് ഞാന്‍ പ്രമേയത്തെ ബലമായി പിന്താങ്ങുന്നു.”(53)

ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കുകയാണ് പിന്നീട് സഭ ചെയ്തത്. പിന്നീടൊരിക്കല്‍ സ്‌കൂളുകളില്‍ മത-ധാര്‍മിക പഠനം നിര്‍ബന്ധമാക്കണമെന്ന ബില്‍ അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കെ.എം സീതിസാഹിബും സഹോദരന്‍ അയ്യപ്പനും തമ്മില്‍ സഭയില്‍വെച്ച് ഏറെനേരം നീണ്ടുനിന്ന ഒരു സംവാദം തന്നെ അരങ്ങേറുകയുണ്ടായി. മിസ് സ്വാരിസ് എന്ന വനിതാ മെമ്പര്‍ അവതരിപ്പിച്ച ബില്ല് എല്ലാ സ്‌കൂളുകളിലും മത-ധാര്‍മിക പഠനം (religious and moral instruction) നിര്‍ബന്ധമാക്കണമെന്നതായിരുന്നു ആവശ്യം. മതത്തെ സ്‌കൂളുകളില്‍ നിന്ന് പുറന്തള്ളിയത് മൂലം കടുത്ത പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ നാം അനുഭവിക്കേണ്ടി വരുമെന്നും അത് തടയാന്‍ എത്രയും വേഗത്തില്‍ മതധാര്‍മിക പഠനം നിര്‍ബന്ധമാക്കണമെന്നും ഒരു സുദീര്‍ഘമായ സംഭാഷണത്തിലൂടെ അവര്‍ വിശദീകരിച്ചു. സഭയിലെ പല മെമ്പര്‍മാരും ഇത് നടപ്പില്‍ വരുത്താനുള്ള സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സഹോദരന്‍ അയ്യപ്പന്റെ പ്രതികരണം തീര്‍ത്തും വ്യത്യസ്തമായിരുന്നു. മതം മനുഷ്യന്റെ അന്വേഷണബുദ്ധിയെ മരവിപ്പിക്കുന്നതാണെന്നും, മതപഠനം സ്‌കൂളുകളില്‍ നടത്തുന്നപക്ഷം മതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഉടലെടുക്കുമെന്നും, മതവും സന്‍മാര്‍ഗവും തമ്മില്‍ ബന്ധമില്ലെന്നും നാസ്തികന്‍മാരെല്ലാം സല്‍സ്വഭാവികളാണെന്നത് ഇതിന്റെ തെളിവാണെന്നും തന്റെ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.(54) ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് സീതിസാഹിബ് നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

”എന്റെ സ്‌നേഹിതന്‍മാരായ ചില മെമ്പര്‍മാര്‍ ഇവിടെ അഭിപ്രായപ്പെട്ടതുപോലെ മതപരമായ വിദ്യാഭ്യാസ വിഷയം പല കാരണങ്ങള്‍കൊണ്ടും നടപ്പില്‍ വരുത്തുവാന്‍ കുറച്ചു പ്രയാസമുണ്ടെന്നുള്ള ഭാഗത്തെ ഞാന്‍ നിഷേധിക്കുന്നില്ല. ഈ പ്രമേയത്തെ സംബന്ധിച്ച് ഇവിടെ പ്രസംഗിച്ചവരെല്ലാം മതപരമായ വിഷയം നിര്‍ബന്ധിതമാക്കുന്നതുകൊണ്ട് ആളുകള്‍ തമ്മില്‍ ശണ്ഠയ്ക്ക് കാരണമാകുന്നതാണെന്നും, ആസ്തിക്യത്തിനും നാസ്തിക്യത്തിനും തമ്മില്‍ പല കുഴപ്പങ്ങള്‍ക്കും ഇടയാക്കുമെന്നും ഒക്കെയാണ് പറഞ്ഞിട്ടുള്ളത്. എന്റെ ദൃഷ്ടിയില്‍ ഈ പ്രമേയം നടപ്പില്‍ വരുത്തുന്നതുകൊണ്ട് ഈ വക ദോഷങ്ങളൊന്നും തന്നെ സംഭവിക്കാനിടയില്ലെന്നാണ് തോന്നുന്നത്.”

”മതപഠനം ലോകത്തെ ദുഷിപ്പിക്കുന്നതാണെങ്കില്‍, അത് മനുഷ്യരുടെ ഇടയില്‍ എതിര്‍പ്പും വിപ്ലവവും ഉണ്ടാക്കുന്നതാണെങ്കില്‍ അതുതന്നെയാണ് മതപരമായ വിദ്യാഭ്യാസം വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് പ്രധാനമായ ന്യായം. മതം പഠിപ്പിക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വശംവദരാകാതെ മതത്തിലുള്ള സാത്വികമായ പ്രമാണത്തെയും ന്യായമായ അനുഷ്ഠാനങ്ങളെയും പരമമായ ആദര്‍ശങ്ങളെയും സ്വീകരിക്കാന്‍ കഴിയുമെന്നുള്ളതിനാല്‍ ഈ മതപഠനം വിദ്യാഭ്യാസ വിഷയത്തില്‍ ഏര്‍പ്പെടുത്തിയാല്‍ എന്ത് ദോഷമാണ് വരാനുള്ളത്?””ഇതുകൊണ്ട് ഒരുത്തരും അവര്‍ ഇപ്പോള്‍ അനുഷ്ഠിച്ചുവരുന്ന മതം വേണ്ടെന്നു വയ്ക്കണമെന്നുള്ള നിര്‍ബന്ധം വരുന്നില്ല. വിദ്യാലയങ്ങളില്‍ ഇതുകൂടി ഉണ്ടായാല്‍ നല്ലതാണ്. അതിനാല്‍ മതപഠനം വിദ്യാലയങ്ങളില്‍ നിര്‍ബന്ധിതമാക്കേണ്ട കടമ ഗവണ്‍മെന്റിനാണ്.”

”ലോകത്തുള്ള ഓരോ മതങ്ങളുടെയും അന്വേഷണബുദ്ധി കുട്ടികള്‍ക്കുണ്ടാകുന്നത് മതപഠനം കൊണ്ടാകുന്നു. ഇവിടെ മതപരമായ അഭ്യസനം വിദ്യാലയങ്ങളില്‍ നടപ്പിലായിട്ടില്ലാത്തതിനാല്‍ അതുസംബന്ധമായ ഗുണങ്ങള്‍ ആളുകള്‍ക്ക് ഇതുവരെ മനസ്സിലാക്കുവാന്‍ ഇടവന്നിട്ടില്ല. അതുകൊണ്ടാണ് ഇപ്രകാരമുള്ള തെറ്റിദ്ധാണയ്ക്ക് കാരണമായി തീര്‍ന്നിട്ടുള്ളത്. വാസ്തവത്തില്‍ അന്വേഷണബുദ്ധി കുട്ടികളില്‍ ജനിപ്പിക്കുവാനാണ് മതപഠനം ഉപകരിക്കുന്നത്. ബുദ്ധിക്കും മനസ്സിനും വികാസം വരുത്തുവാന്‍ മതപഠനം ആവശ്യമാണ്. ഇത് ഞാന്‍ വിശ്വസിക്കുന്നതായ ഒരു മതപ്രമാണത്തെ അടിസ്ഥാനമാക്കി വെച്ചുകൊണ്ടാണ് പറയുന്നത്.” ”സകലമതങ്ങളിലുമുള്ള അടിസ്ഥാനപ്രമാണം ഒരിക്കലും മനുഷ്യരുടെ അന്വേഷണബുദ്ധിയെ തടയുന്നില്ലെന്നാണ് എന്റെ അഭിപ്രായം. അത് അവര്‍ അഭ്യസിക്കുമ്പോള്‍ തന്നെ അവര്‍ക്കു കാലാന്തരത്തില്‍ ദോഷവശങ്ങളായി തീരുമെന്നു ബോധ്യപ്പെടുന്ന ഭാഗങ്ങളെപ്പറ്റി ചിന്തിക്കാതെ അവരവരുടെ മതത്തെ സംരക്ഷിക്കാനാണ് നോക്കേണ്ടത്. അല്ലാതെ തന്റെ മതത്തിനെതിരായുള്ള ദോഷവശങ്ങളെ അഭ്യസിച്ചു അവനവന്റെ മതത്തെ ദുഷിപ്പിക്കേണ്ട ആവശ്യമില്ല. ഒരു മതവിഷയം പഠിക്കുന്നതുകൊണ്ട് ഒരുത്തന്റെയും സ്വന്തം മതം ദുഷിക്കുവാനും അവകാശമില്ല. ഇതുവരെ അങ്ങനെ ഒരു മതം ദുഷിച്ചതായി കേട്ടിട്ടുമില്ല.”

”ഈ കഴിഞ്ഞ മഹായുദ്ധം തന്നെ ഉണ്ടായതെന്തുകൊണ്ടാണെന്നു നോക്കിയാല്‍ അത് നാസ്തികന്‍മാര്‍ മാത്രമായിട്ട് ഉണ്ടാക്കിയ ഒരു യുദ്ധമാണെന്നു കാണാം. അങ്ങനെ നാസ്തികന്‍മാര്‍ തുടങ്ങിയ ആ യുദ്ധത്തെ തടയുവാന്‍ മതനിഷ്ഠയുള്ളവര്‍ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. പാപജീവിതത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ജീവിച്ചിരിക്കുന്നിടത്തോളം കാലം സുഖജീവിതം ഉണ്ടാകണമെന്നുള്ള ഉദ്ദേശത്തോടുകൂടി നാസ്തിക്യത്തില്‍ വിശ്വാസമുള്ളവരായ നാസ്തികന്‍മാര്‍ തന്നെയാണ് ഇക്കഴിഞ്ഞ മഹായുദ്ധം ഉണ്ടാക്കിയത് നാസ്തികന്‍മാര്‍ക്ക് നാസ്തികമെന്നുള്ളത് അവരുടെ മതമാണ്.” (55)

തുടര്‍ന്ന് ബില്ല് പാസാക്കുന്നതിന് വോട്ടിങിന് നിര്‍ദ്ദേശിക്കുകയും ഒമ്പതിനെതിരെ പതിനേഴ് വോട്ടുകള്‍ക്ക് പ്രമേയം തള്ളിപ്പോവുകയുമാണുണ്ടായത്. സ്വാതന്ത്ര്യലബ്ദിക്കുശേഷം പൊതുവിദ്യാലയങ്ങളില്‍ മതപഠനം പാടില്ലെന്ന നിയമം ഭരണഘടനാനിര്‍മാണ അസംബ്ലിയില്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അന്ന് മദ്രാസ് നിയമസഭയില്‍ അംഗമായിരുന്ന സീതിസാഹിബ് അസംബ്ലിയില്‍വെച്ച് നടത്തിയ പ്രസംഗത്തില്‍ ഖേദത്തോടെ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്.

”ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മതവിദ്യാഭ്യാസം അവസാനിപ്പിക്കുമെന്ന സമീപകാലത്തെ ഗവണ്‍മെന്റ് ഉത്തരവ് മുസ്‌ലിം സമുദായത്തിന്റെയും പ്രത്യേകിച്ച് മാപ്പിള സമുദായത്തിന്റെയും വിദ്യാഭ്യാസ പുരോഗതിക്കെതിരായ കനത്ത ആഘാതമാണെന്ന് ദുഃഖത്തോടുകൂടി എനിക്ക് പറയേണ്ടതുണ്ട്. ഞാന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന കാര്യം എന്താണെന്നാല്‍ പബ്ലിക് സ്‌കൂളുകളില്‍ മതപഠനത്തിനായി ഗവണ്‍മെന്റ് പണം വിനിയോഗിക്കുന്നതിന് ഭരണഘടന തടസ്സമാണെന്നാണ് കരുതപ്പെടുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മതപരമായ വിദ്യാഭ്യാസം നല്‍കുന്നതിന് അനുവാദം നല്‍കേണ്ടതാണ്. അതുവഴി മുസ്‌ലിം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മതപരമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസരം കിട്ടും. ഗവണ്‍മെന്റ് ഈയിടെ പുറപ്പെടുവിച്ച ഉത്തരവ് മാപ്പിള സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വളരെയേറെ നാശം സൃഷ്ടിച്ചതായി എനിക്കറിയാവുന്നതുകൊണ്ടാണ് ഞാന്‍ ഇക്കാര്യം ഗവണ്‍മെന്റിന്റെ അടിയന്തിരശ്രദ്ധയില്‍ കൊണ്ടുവരുന്നത്. മതപരമായ വിദ്യാഭ്യാസം നിര്‍ത്തലാക്കിയതിനുശേഷം ഒട്ടേറെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസുകളില്‍ വരാതായി എന്നത് ഒരു സത്യാവസ്ഥ ആണെന്ന് എനിക്കറിയാം. മതവിദ്യാഭ്യാസം വീടുകളില്‍ നല്‍കാമെന്നും അതിനുള്ള ഇടപാടുകള്‍ സ്വകാര്യമായി ചെയ്യാമെന്നും പറയാന്‍ എളുപ്പമാണ്. അത് യഥാര്‍ത്ഥ അനുഭവത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത കാര്യമാണെന്ന് കാണാന്‍ കഴിയും. ഈ പ്രശ്‌നത്തില്‍ മുസ്‌ലിം സമൂഹം എത്തിനില്‍ക്കുന്ന പ്രയാസമേറിയ സാഹചര്യത്തോട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി അനുകമ്പ പ്രകടിപ്പിക്കുമെന്നും അതിന് ഒരു പരിഹാരം കാണാന്‍ അവരെ സഹായിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.”(56)

ക്വുര്‍ആന്‍ അധ്യാപനം പോലെ തുടര്‍ന്നു വന്നിരുന്ന മതപഠനങ്ങള്‍ക്ക് പോലും വിരാമം കുറിച്ചുകൊണ്ട് രാജ്യം മതേതരത്വത്തിന്റെ പുതിയ മാതൃകകളെ പുല്‍കിയപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് കനത്ത ആഘാതമാണ് ഏറ്റത്. മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ ഉയര്‍ച്ചയുടെ തോത് കുറയ്ക്കാന്‍ ഇത് കാരണമായി. മതം പൂര്‍ണമായും സ്വകാര്യവല്‍കരിക്കപ്പെട്ട സമൂഹത്തില്‍ അത് സ്വായത്തമാക്കാന്‍ ‘സ്വകാര്യവല്‍കരിക്കപ്പെട്ട’ മാര്‍ഗങ്ങള്‍ കണ്ടെത്തിയതിന്റെ ഫലമാണ് ഇന്ന് കാണുന്ന മത-മതേതര വിദ്യാഭ്യാസം ഒരുമിച്ചു നല്‍കുന്ന മുസ്‌ലിം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. ഉന്നത വിദ്യാഭ്യാസരംഗത്തും മുസ്‌ലിം സമുദായം മതം പഠിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും നിഷ്‌കര്‍ഷത പാലിച്ചിരുന്നുവെന്നതിന്റെ തെളിവാണ് 1948ല്‍ മുസ്‌ലിം സമുദായത്തിന്റെതായി സ്ഥാപിതമായ ആദ്യത്തെ കോളേജില്‍ (ഫറൂഖ് കോളേജ്) നിലനിര്‍ത്തിയ ഇസ്‌ലാമിക അന്തരീക്ഷം. അവിടെ പഠിച്ചിരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നിര്‍ബന്ധവും കാമ്പസിനകത്ത് ആരാധനക്കായി പള്ളിയുമുണ്ടായിരുന്നു.(57) 1816ല്‍ കേരളത്തില്‍ ആദ്യത്തെ കോളേജ് -സി.എം.എസ് കോട്ടയം- നിലവില്‍ വന്ന് 132 വര്‍ഷങ്ങള്‍ക്കുശേഷമാണ് മുസ്‌ലിം സമുദായത്തിന് ഒരു കോളേജ് ഉണ്ടാകുന്നത് എന്നതുതന്നെ ഉന്നതവിദ്യാഭ്യാസരംഗത്തെ അവരുടെ പിന്നാക്കാവസ്ഥയുടെ ആഴം വെളിവാക്കുന്നതാണ്.(58) ഫാറൂഖ് കോളേജിനുശേഷം രണ്ടാമതൊരു കോളേജ് വരാന്‍ വീണ്ടും 19 വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. 1967ലാണ് മണ്ണാര്‍ക്കാട് മുസ്‌ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ആദ്യത്തെ കോളേജ് -എം.ഇ.എസ് മണ്ണാര്‍ക്കാട്- പ്രവര്‍ത്തനമാരംഭിക്കുന്നത്.(59) ഉന്നത വിദ്യാഭ്യാസരംഗത്ത് പിന്നാക്കമായത് കാരണത്താല്‍ തന്നെ സര്‍ക്കാര്‍ സര്‍വീസുകളിലെ ഉദ്യോഗതലങ്ങളിലും മുസ്‌ലിംകള്‍ തീര്‍ത്തും പിന്നിലായിരുന്നു. മലയാളി-ഈഴവ മെമ്മോറിയലുകള്‍ക്കുശേഷം ഉദ്യോഗപ്രാതിനിധ്യത്തിനുവേണ്ടി കേരളത്തില്‍ അരങ്ങേറിയ വമ്പിച്ച സാമുദായിക പോരാട്ടമയിരുന്നു 1930കളില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭം. മലയാളി മെമ്മോറിയലിലൂടെ നായര്‍ സമുദായത്തിന് കാര്യമായ നേട്ടങ്ങളുണ്ടായെങ്കിലും ഈഴവ മെമ്മോറിയലിലുടെ അര്‍ഹമായ അവകാശങ്ങള്‍ ഈഴവസമുദായത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തത് ഈഴവ-മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങളായിരുന്നു. നാലു പതിറ്റാണ്ട് മുമ്പ് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്ന നായര്‍ സമുദായം നിവര്‍ത്തന പ്രക്ഷോഭത്തെ എതിര്‍ക്കാന്‍ മുന്‍നിരലിയുണ്ടായിരുന്നുവെന്നത് കേരളീയ സാമൂഹ്യമണ്ഡലത്തില്‍ ജാതീയത ഉയര്‍ത്തിവിടുന്ന വിരോധാഭാസത്തിന്റെ ഫലങ്ങളായിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സമുദായങ്ങള്‍ ഒരുമിച്ചു കൂടിക്കൊണ്ട് ഒരു അഖില തിരുവിതാംകൂര്‍ സംയുക്ത രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കുകയും, 1933 ജനുവരി 25ന് തിരുവനന്തപുരത്തെ എല്‍.എം.എസ് ഹാളില്‍ സമ്മേളിച്ചുകൊണ്ട് നിയമനിര്‍മാണത്തിലും ഉദ്യോഗങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവര്‍ത്തന പ്രമേയം പാസാക്കി.(60) 1935ല്‍ പ്രക്ഷോഭത്തിന്റെ രണ്ടാം വാര്‍ഷികം കോഴഞ്ചേരിയില്‍ നടന്നുകൊണ്ടിരിക്കെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നേതാവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും പില്‍ക്കാലത്ത് തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവനെ അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുണ്ടായി.(61) ഇത് പ്രക്ഷോഭത്തിന് വീര്യം കൂട്ടി. തത്ഫലമായി 1936 സെപ്റ്റംബര്‍ മാസം മുതല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ സാമുദായിക സംവരണം നിലവില്‍ വരികയും ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മീഷണറായി ജസ്റ്റിസ് ഡോ. ജി.ഡി നോക്‌സിനെ നിയമിക്കുകയുമുണ്ടായി.(62) എന്നാല്‍ പ്രക്ഷോഭത്തിനുമുന്നില്‍ ജാതീയതയുടെ വേലികള്‍ ഭേദിച്ച് തിടുക്കത്തിലുള്ള കീഴടങ്ങലുകള്‍ക്ക് തയ്യാറാവാന്‍ അധികാരികളെ പ്രേരിപ്പിച്ചതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ അരങ്ങേറിയത് ഒരു മതപരിവര്‍ത്തനരസവാഭമാണ്! ജന്മിത്തത്തിന്റെ പേരില്‍ സവര്‍ണരാല്‍ ചാര്‍ത്തപ്പെടുന്ന അടിമത്തത്തിന്റെ ട്രേഡ്മാര്‍ക്ക് ഇനിയും പേറാന്‍ തങ്ങള്‍ക്ക് സൗകര്യമില്ലെന്ന ഗൗരവമായ ആലോചനകളും, പരസ്യമായ ചര്‍ച്ചകളും ഈഴവരും ഇതരപിന്നാക്ക സമുദായക്കാരും തെക്കന്‍ കേരളത്തില്‍ വ്യാപകമായി ഇക്കാലഘട്ടത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ഏവരും ഒരുപോലെ അംഗീകരിച്ച ഒരേയൊരു പരിഹാരമാര്‍ഗം ഒന്നടങ്കം മതം മാറുകയെന്നതായിരുന്നു. സി.വി കുഞ്ഞിരാമനെപ്പോലുള്ളവര്‍ ക്രിസ്തുമതമാകാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കെ.സുകുമാരന്‍, കെ.പി തയ്യില്‍, കെ.അയ്യപ്പന്‍ തുടങ്ങിയ നേതാക്കള്‍ ഇസ്‌ലാം മതത്തിനോട് താല്‍പര്യം പ്രകടിപ്പിച്ചു.(63) 1936ല്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കേരള തിയ്യ യൂത്ത് ലീഗ് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന പേരില്‍ ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കുകയുണ്ടായി. അവര്‍ണ പിന്നാക്ക സമുദായങ്ങള്‍ ഒന്നിച്ചതും, അവര്‍ണ ജാതിക്കാര്‍ ഒന്നടങ്കം മതംമാറാന്‍ തീരുമാനിച്ചതും രാജസദസ്സിനെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്നതായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനു പിന്നിലെ ചേതോവികാരം. കൂടാതെ ഇതേസമയത്തുതന്നെ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ”ക്ഷേത്രവാതിലുകള്‍ തുറന്നതോടെ ഈഴവര്‍ നിവര്‍ത്തനവും മറന്നു, ജയിലില്‍ കിടന്ന സി.കേശവനെയും മറന്നു, അവര്‍ ഓടി ക്ഷേത്രത്തില്‍ കയറി. അതോടെ ഐക്യമുന്നണിയും തകര്‍ന്നു, മതംമാറ്റവും തകര്‍ന്നു. ഈഴവരെ രാഷ്ട്രീയമായി നിര്‍വീര്യമാക്കുകയും സാംസ്‌കാരികമായി വന്ധ്യംകരിക്കുകയുമാണ് ക്ഷേത്രപ്രവേശനത്തിലെ തമ്പുരാക്കന്‍മാര്‍ സാധിച്ചതെന്ന്” പ്രമുഖ ചരിത്രകാരനായ ഡോ. എം.എസ് ജയപ്രകാശ് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിലെ അവതാരികയില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കൊച്ചിയിലും സാമുദായികാടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ നേരത്തെ സംവരണം തുടങ്ങിയിരുന്നു.(64) ഇന്‍ഡ്യയെന്ന മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണചക്രം തിരിക്കുന്ന മൂന്ന് സുപ്രധാന ഘടകങ്ങളാണ് നിയമനിര്‍മാണം (legislature), നീതിന്യായം (judiciary), നിര്‍വാഹകസമിതി (executive) എന്നിവ. ഇവയിലുള്ള പങ്കാളിത്തം ചില സമുദായങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നത് ഇതര സമുദായങ്ങള്‍ പാര്‍ശ്വവല്‍കരിക്കാന്‍ ഇടയാകും. ഇന്നും ഇവയില്‍ ബഹുഭൂരിപക്ഷം കയ്യാളുന്നത് സവര്‍ണ മേധാവികളാണ്. ജനസംഖ്യാനുപാതികമായി എല്ലാ സമുദായങ്ങള്‍ക്കും ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. ഇന്ന് പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ പിന്നാക്കമായതിന്റെ കാരണം ജാതീയതയും ജന്മിത്വവും ആയതുകൊണ്ട് തന്നെയാണ് ജാതി തിരിച്ചുള്ള സംവരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാന്‍ കഴിയൂ എന്ന് സമുദായ നേതാക്കള്‍ വാദിച്ചത്. സാമുദായിക സംവരണം വന്നതുകൊണ്ട് മാത്രമായില്ല, അതിന് തക്കതായ വിദ്യാഭ്യാസവും നേടിയാല്‍ മാത്രമേ സംവരണത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. എന്നാല്‍ നിജപ്പെടുത്തിയ വിദ്യാഭ്യാസ മാനദണ്ഡം കൈവരിച്ചവരാണെങ്കില്‍ സംവരണത്തിലൂടെ അര്‍ഹമായത് ലഭിക്കുക തന്നെ വേണം. അതിനുപകരം വിദ്യാഭ്യാസം ഉണ്ടെങ്കില്‍ തന്നെയും വ്യക്തി സാമ്പത്തികമായി ഉയര്‍ന്നവനാണോ താഴ്ന്നവനാണോയെന്ന് നോക്കേണ്ട കാര്യമില്ല. സാമ്പത്തിക അവശതയനുഭവിക്കുന്നവര്‍ക്കും ദാരിദ്ര്യത്തില്‍ കഴയുന്നവര്‍ക്കും അതിന്റെ നിര്‍മാര്‍ജ്ജനത്തിനായി ധാരാളം പദ്ധതികള്‍ വേറെയുണ്ട്. സംവരണവും വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയുമായി യാതൊരു ബന്ധവും നിലനില്‍ക്കുന്നില്ല. ഒരു സമുദായത്തിലെ മുഴുവന്‍ അംഗങ്ങളും സമ്പന്നരാണെന്നതിന്റെ പേരില്‍ അവരെ സംവരണത്തിന് പരിഗണിക്കാതിരിക്കുന്നതിലൂടെ അവര്‍ക്ക് ഭരണത്തിന്റെ യാതൊരു തലങ്ങളിലും പ്രത്യേകിച്ച് ഉദ്യോഗതലങ്ങളില്‍ യാതൊരു പങ്കാളിത്തവുമില്ലാത്ത അവസ്ഥക്ക് കാരണമാകുകയും സമുദായം അരികുവല്‍കരിക്കപ്പെടാനും അവരുടെ അവകാശങ്ങള്‍ തഴയപ്പെടാനുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇനി സാമ്പത്തിക സംവരണം ഒരു മാനദണ്ഡമായി കൊണ്ടുവരികയാണെങ്കില്‍ തന്നെ, അതല്ലെങ്കില്‍ സംവരണത്തിന്റെ ലക്ഷ്യം ജനങ്ങളുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തുകയെന്നതാണെങ്കില്‍ നിലവില്‍ ഉദ്യോഗതലങ്ങളില്‍ ഇരിക്കുന്നവര്‍ സമ്പന്നതയുടെ അതിര്‍ത്തികള്‍ ഭേദിച്ചിട്ടുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തി ദരിദ്രരായവരെ നിയമിക്കാനുള്ള നടപടി കൂടി സ്വീകരിക്കേണ്ടി വരും. ഐക്യകേരളത്തിലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാരാണ് സംവരണത്തില്‍ സമ്പത്ത് കലക്കി അട്ടിമറിക്കാന്‍ ആദ്യമായി ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിസഭ നിലവില്‍വന്ന് ഇ.എം.എസ് ചെയര്‍മാനായി രൂപീകരിച്ച ഭരണപരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആദ്യമായി വ്യക്തമാകുന്നത്. മാത്രമല്ല സംവരണത്തിലൂടെ നിയമിതരാകുന്ന താഴ്ന്ന ജാതിക്കാരും പിന്നാക്ക വിഭാഗക്കാരും കാര്യക്ഷമതയില്ലാത്തതിനാല്‍ ഭരണത്തിന്റെ നിലവാരത്തിനും ഗുണത്തിനും ഇടിവ് സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.(65) ഇതില്‍ നിന്നാണ് പില്‍കാലത്ത് സംവരണവിരോധികള്‍ക്ക് ആശ്വാസം നല്‍കുന്ന ക്രീമിലെയര്‍ എന്ന ആശയം വികാസം പ്രാപിച്ചത്. വമ്പിച്ച വിവാദങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെയുണ്ടായത്. ആയിടക്ക് തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍ ശ്രീനാരായണഗുരു സ്മാരക വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന മഹാസമ്മേളനത്തില്‍ കേരള കൗമുദി പത്രാധിപരും സമ്മേളനത്തിന്റെ അധ്യക്ഷനുമായിരുന്ന കെ.സുകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തികൊണ്ട് നടത്തിയ പ്രസംഗം കേരള രാഷ്ട്രീയ ചരിത്രത്തില്‍ ‘കുളത്തൂര്‍ പ്രസംഗം’ എന്ന പേരില്‍ ഇന്നും പ്രസിദ്ധമാണ്. കാര്യക്ഷമതയെക്കുറിച്ച് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. ”റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന അതിവിചിത്രങ്ങളായ വാദഗതികള്‍ ഈഴവ-ക്രൈസ്തവ-മുസ്‌ലിം സമുദായങ്ങളെ ചരിത്രപരമായ നിവര്‍ത്തന പ്രസ്ഥാനത്തിലേക്കു നയിക്കാന്‍ പ്രേരിപ്പിച്ച അതേവാദഗതികള്‍ തന്നെയാണ്. പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം സംവരണം ചെയ്തിരിക്കുന്നതുകൊണ്ട് സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത നശിക്കുന്നു എന്ന വാദം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കമ്മിറ്റിയും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഏതടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ കമ്മിറ്റി എത്തിയതെന്ന് എനിക്ക് നിശ്ചയമില്ല. ഒരു ഉദ്യോഗത്തിന് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യത എന്താണെന്നു തിട്ടപ്പെടുത്തിയതിനുശേഷം സംവരണ സമുദായങ്ങളില്‍നിന്ന് നിശ്ചിത യോഗ്യത സമ്പാദിച്ചവരില്‍ ഏറ്റവും സമര്‍ത്ഥരെയാണ് തെരഞ്ഞെടുത്തുവരുന്നത്. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജാതിയുടെ പേരില്‍ മാര്‍ക്ക് സമ്പാദിച്ചും ശുപാര്‍ശയുടെ പേരില്‍ ക്ലാസ് നേടിയും കൃത്രിമയോഗ്യത സമ്പാദിക്കുന്ന ഉദ്യോഗാര്‍ത്ഥികളെക്കാള്‍ പ്രായോഗിക രംഗത്ത് അതിസമര്‍ത്ഥരാണെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുവാന്‍ ഞാന്‍ റിഫോംസ് കമ്മിറ്റിയെ വെല്ലുവിളിക്കുന്നു.”(66) സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്, അദ്ദേഹം പറയുന്നു, ”മറ്റൊരു വിചിത്രവാദം കമ്മിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് താഴെക്കിടയിലുള്ള ഉദ്യോഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍ക്കും സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്നതാണ്. എന്നാല്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലതാനും. സാമ്പത്തികശേഷി ഉദ്യോഗലബ്ദിക്ക് മാനദണ്ഡമാക്കുകയാണെങ്കില്‍ അതില്‍ പിന്നെ പിന്നാക്കമെന്നും മുന്നാക്കമെന്നും ജാതിയുടെ പരിഗണന ആവശ്യമുണ്ടോ? സംവരണ വ്യവസ്ഥയുടെ പ്രയോഗംകൊണ്ട് ഉദ്യോഗമണ്ഡലത്തിലേക്ക് അല്‍പാല്‍പമായി പിടിച്ചുകയറിയ ഈഴവനെയും മുസ്‌ലിമിനെയും മറ്റു പിന്നാക്ക സമുദായക്കാരെയും അവിടെനിന്നും ഇറക്കിവിട്ട് സര്‍ക്കാര്‍ ഉദ്യോഗമാകുന്ന അപ്പവും മീനും പണ്ടേപ്പോലെ തങ്ങള്‍ക്കുമാത്രമായി അനുഭവിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കൗശലപൂര്‍വമായ ഒരു കെണിയാണ് ഈ നിര്‍ദ്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി, അവരുടെ പാര്‍ട്ടി പരിഗണനയും പാര്‍ട്ടി ഭക്തിയും എത്ര അടിയുറച്ചതായിരുന്നാലും ഈഴവര്‍ക്കു ശേഷിച്ചിട്ടുണ്ടെന്നു വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നതു നന്നായിരിക്കും.”(67) സംസ്ഥാനത്തിന്റെ പലഭാഗത്തും നിയമസഭയ്ക്കകത്തും ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നു. 1958 ഡിസംബര്‍ രണ്ടിന് മുസ്‌ലിം ലീഗ് എം.എല്‍.എ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ നിയമസഭയില്‍ പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ ചെയ്ത പ്രസംഗം കാര്യക്ഷമതാവാദവും സാമ്പത്തിക സംവരണവും മുസ്‌ലിംകളെയും മറ്റു പിന്നാക്ക സമുദായങ്ങളെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് മനസ്സിലാക്കി തരുന്നതാണ്. സുദീര്‍ഘമായ പ്രസംഗത്തിന്റെ പ്രധാനഭാഗം താഴെ കൊടുക്കുന്നു.

”സര്‍, സാമുദായിക പ്രാതിനിധ്യവാദത്തെ പൊളിക്കുവാന്‍വേണ്ടി രണ്ടു വാദമുഖങ്ങളാണ് ഇവിടെ ഉന്നയിച്ചുകണ്ടത്. അതില്‍ പ്രധാനമായിട്ടുള്ളത് കാര്യക്ഷമതാവാദമാണ്. സാമുദായിക പ്രാതിനിധ്യത്തോടുള്ള എതിര്‍പ്പിന്റെ കഴമ്പില്ലായ്മ നമ്മുടെ ബഹു: ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജിലെ ഡിഗ്രി കോഴ്‌സിന്റെ കണക്കുകള്‍ ഇവിടെ ഉദ്ധരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതിനെ സംബന്ധിച്ച് തുരുതുരെ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അപ്പോള്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നമ്മുടെ ആരോഗ്യമന്ത്രിയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തെ ക്ഷോഭിപ്പിക്കേണ്ട എന്നു വിചാരിച്ചാണ് പറയത്തക്ക ഉപചോദ്യങ്ങളൊന്നും ഞങ്ങള്‍ ചോദിക്കാതിരുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിനായി 27 പേരെ തെരഞ്ഞെടുത്തിട്ട്, 26 ലക്ഷം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തില്‍ നിന്നോ അതിനേക്കാള്‍ കൂടുതല്‍ ജനസംഖ്യ വരുന്ന ഈഴവ സമുദായത്തില്‍ നിന്നോ ആരെയും എടുത്തിട്ടില്ലെന്നദ്ദേഹം പറഞ്ഞു. കാര്യക്ഷമതാവാദം സ്വീകരിച്ചാല്‍ ഈ സമുദായങ്ങള്‍ക്കെന്തു വരുമെന്ന് നാം കണ്ടുവല്ലോ. മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മിനിമം ക്വാളിഫിക്കേഷനുള്ള ധാരാളം ആളുകളുണ്ടായിരുന്നു; ഒരാളെപ്പറ്റി ഞാന്‍ നേരിട്ടറിയും. സാമുദായിക പ്രാതിനിധ്യതത്വം അംഗീകരിക്കുകയും അതിന്റെ പേരില്‍ വലിയ കോലാഹലങ്ങളും കണ്ഠക്ഷോഭങ്ങളുമെല്ലാം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലാവസ്ഥയില്‍പോലും 27 പേരില്‍ ഒരൊറ്റ മുസ്‌ലിമിനും പ്രവേശനം കൊടുക്കുവാനുള്ള അവസരം ഉണ്ടായില്ലെങ്കില്‍, റിസര്‍വേഷന്‍ കൂടിയില്ലാതെ പോയാല്‍ എന്താണനുഭവമെന്നു പറഞ്ഞു മനസ്സിലാക്കേണ്ടതായ കാര്യമില്ല. സാമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച് ഈ സഭയില്‍ ഒരു ചോദ്യം എങ്കിലും ചോദിക്കാത്ത ദിവസമില്ല. എന്റെ ബഹുമാന്യ സ്‌നേഹിതനും സഹപ്രവര്‍ത്തകനുമായ മി. മൊയ്തീന്‍കുട്ടി ഹാജി ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം മുഖ്യമന്ത്രി മേശപ്പുറത്തുവെച്ചിരിക്കുന്നത് എന്റെ മുഖത്തേക്ക് ഇപ്പോള്‍ തുറിച്ചുനോക്കുകയാണ്. മുസ്‌ലിം സമുദായത്തിന് ഉദ്യോഗം ലഭിച്ചിട്ടുള്ളതിന്റെ ഒരു കണക്ക് ആ ഉത്തരത്തിലുണ്ട്. മേലേക്കിടയിലുള്ള ഉദ്യോഗങ്ങള്‍ കാര്യമായൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. പത്തു ശതമാനം സീറ്റുകള്‍ ഞങ്ങള്‍ക്ക് റിസര്‍വ് ചെയ്തിട്ടുള്ളതില്‍ ഏഴര ശതമാനം സീറ്റുകളാണ് കിട്ടിയിട്ടുള്ളത്. എനിക്കും എന്റെ യജമാനനും കൂടി അറുന്നൂറ്റി പതിനഞ്ചു രൂപയാണ് ശമ്പളമെന്നു പണ്ട് മുന്‍സിഫ് കോര്‍ട്ടിലെ ഒരു കീഴ്ജീവനക്കാരന്‍ പറഞ്ഞതുപോലെ ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ഉദ്യോഗങ്ങളില്‍ ഇരിക്കുന്നവരുടെ കണക്കുകള്‍ കൂടി ചേര്‍ത്തിട്ടാണ് ഈ ഏഴര ശതമാനം ഒപ്പിച്ചിരിക്കുന്നത്. റിസര്‍വേഷന്‍ ഉണ്ടായിരുന്നിട്ടു ലഭിച്ചത് ഏഴര ശതമാനം മാത്രമാണെന്നിരിക്കെ ഇപ്പോള്‍ കാര്യക്ഷമതാവാദം പൊന്തിവന്നിട്ടുള്ളത് ഈ ഏഴര ശതമാനം കൂടി തട്ടിയെടുക്കാനാണോ? മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടത്തുവാനുദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തിനു കിട്ടുന്ന ശതമാനം എത്രയായിരിക്കും? മിക്കവാറും പൂജ്യത്തിനടത്തു നില്‍ക്കുന്ന ഒരു ശതമാനം തന്നെയായിരിക്കും. അതുകൊണ്ട് കാര്യക്ഷമതാവാദത്തിന്റെ മറവില്‍ തൂങ്ങിനിന്ന് സംവരണത്തെ എതിര്‍ക്കുന്നത് ശരിയല്ല. കാര്യക്ഷമതാവാദം എപ്പോഴെല്ലാം ഉന്നയിക്കപ്പെട്ടുവെന്ന് ശ്രീ. കെ.ആര്‍ നാരായണന്‍ ചരിത്രം പറയുകയുണ്ടായി. മലയാളി മെമ്മോറിയല്‍ കാര്യക്ഷമതാവാദം മനസ്സില്‍വെച്ചുകൊണ്ടല്ല ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചത്. അന്ന് ബ്രാഹ്മണന്‍ കാര്യക്ഷമതാവാദം മുഴക്കി. അതിനുശേഷം ഈഴവരും മുസ്‌ലിംകളും ക്രിസ്ത്യാനികളും കൂടിച്ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭണമെന്ന പേരില്‍ ഒരു വലിയ പ്രക്ഷോഭം തന്നെ നടത്തുകയുണ്ടായി. അന്നു നായരാണ് കാര്യക്ഷമതാവാദം മുഴക്കിയത്. ചരിത്രപണ്ഡിതനായ നമ്മുടെ മുഖ്യമന്ത്രിക്ക് അതിനെപ്പറ്റി അറിയാവുന്നതുകൊണ്ട് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. ഇന്നീഴവരും മുസ്‌ലിംകളുംകൂടി സാമുദായിക പ്രാതിനിധ്യതത്വം അംഗീകരിക്കണമെന്നു പറയുമ്പോള്‍ മുമ്പുതിന്നു വാദിച്ചുകൊണ്ടിരുന്ന ക്രിസ്ത്യാനികള്‍ കൂടി അങ്ങേഭാഗത്തു ചേര്‍ന്നുകൊണ്ട്, ഇപ്പോള്‍ കാര്യക്ഷമതാവാദത്തെപ്പറ്റി പറയുകയാണ്.

ഇവിടെ ഉന്നയിച്ച മറ്റൊരു വാദഗതി പാവങ്ങളെയും പണക്കാരെയും സംബന്ധിച്ചുള്ളതാണ്. എല്ലാ സമുദായങ്ങളിലും ഈ രണ്ടുകൂട്ടരെയും കാണാമെന്നും എല്ലാ സമുദായത്തിലുമുള്ള പാവങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നുമാണ് ഈ വാദത്തിന്റെ ചുരുക്കം. ഈ തത്വസിദ്ധാന്തങ്ങള്‍ ഇപ്പോള്‍ ചിലര്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നതായി കാണുന്നുണ്ട്. പണക്കാര്‍ക്കുവേണ്ടി ഞാന്‍ സംസാരിച്ചു എന്നു പ്രചരണവേല നടത്തുന്നു, എങ്കില്‍ തന്നെയും എനിക്കതില്‍ വിരോധമില്ല. പ്രചരണവേലകൊണ്ടു കണ്ണുമൂടിക്കെട്ടുന്ന കാലവും കുറെയൊക്കെ കഴിഞ്ഞുപോയി. ജനങ്ങളിന്നു കുറെയൊക്കെ ചിന്തിക്കുന്നുണ്ട്. ഒരു പിന്നാക്ക സമുദായത്തില്‍പെട്ട, മറ്റുതരത്തില്‍ ഉദ്യോഗനിയമനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കാന്‍ സൗകര്യമില്ലാത്ത ഒരു സമുദായത്തില്‍പെട്ട പണക്കാരന് റിസര്‍വേഷന്‍ നല്‍കണമോ? പണക്കാര്‍ക്ക് എന്തിനാണ് ഉദ്യോഗം? എന്തിനാണ് റിസര്‍വേഷന്‍? അതൊക്കെ പാവങ്ങള്‍ക്കല്ലേ വേണ്ടത് എന്നു ചോദിക്കുന്നുണ്ട്. അതുകേട്ടാല്‍ കൊള്ളാവുന്ന ഒരാശയമാണ്. ഈ പറയുന്നവര്‍ പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നൊരു പ്രശസ്തി എളുപ്പത്തില്‍ ലഭിക്കും. നല്ലതുതന്നെ. പക്ഷേ ഇവിടെ അത് പ്രസക്തമല്ല. കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള നല്ലൊരു നിയമജ്ഞനാണെന്ന് കരുതിപ്പോരുന്ന ശ്രീമാന്‍ ഈശ്വരയ്യര്‍ ഇതിനെ സംബന്ധിച്ച് ഒരു ലേഖനം പത്രത്തില്‍ എഴുതിയത് ഞാന്‍ വായിക്കുകയുണ്ടായി. പിന്നോക്ക സമുദായക്കാരുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കുന്നത് ഭരണഘടനാപരമായി ശരിയല്ല എന്നദ്ദേഹം അതില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ ലേഖനം എന്റെ കൈവശമില്ല. ഭരണഘടന 16 (4)-ാം വകുപ്പ് പ്രകാരമാണ് പിന്നോക്ക സമുദായക്കാര്‍ക്കു പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഭരണഘടന 15 (4)-ാം വകുപ്പനുസരിച്ചു പറയുന്നത് പിന്നോക്ക സമുദായക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രാതിനിധ്യം നല്‍കണമെന്നാണ്. ഈ രണ്ടു വകുപ്പുകളിലും പാവങ്ങളെ സംബന്ധിച്ച് പറയുന്നില്ല. എഡ്യുക്കേഷണലി ആന്റ് സോഷ്യലി എന്നാണ് പറയുന്നത്. 15 (4)-ാം വകുപ്പ് മദ്രാസിലെ ചെമ്പകരാമന്‍ കേസ് എന്ന ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് വന്നതെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയാണെങ്കില്‍ 16 (4)-ാം
വകുപ്പും 15 (4)-ാം വകുപ്പും എഡ്യുക്കേഷണലും സോഷ്യലും ആയി അതായത് വിദ്യാഭ്യാസപരവും സാമൂഹ്യവുമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ്. അല്ലാതെ പണക്കാരെയോ പാവപ്പെട്ടവരെയോ വേറെവേറെ ഉദ്ദേശിച്ചല്ല. അക്കാര്യം മനസ്സിലാക്കാതെയാണ് സാമുദായിക പ്രാതിനിധ്യത്തിനെതിരായി ഇപ്പോള്‍ ഈ കമ്മിറ്റിക്കാരടക്കം ചിലര്‍ വാദിക്കുന്നത്. പാവങ്ങളെയും പണക്കാരെയും കൂടി ഈ വകുപ്പുകളുമായി കൂട്ടിക്കുഴച്ചാല്‍ നിയമപരമായിത്തന്നെ വേണ്ടാത്ത കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നതായിരിക്കും. പാവപ്പെട്ടവരെ സംബന്ധിച്ചാണെങ്കില്‍ ഭരണഘടന 340-ാം വകുപ്പനുസരിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്കുവേണ്ടി സഹായം നല്‍കാന്‍ ഉത്തരവുകള്‍ പാസാക്കുന്നതിനുള്ള അധികാരം ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. അതനുസരിച്ച് ഗവണ്‍മെന്റ് വേണ്ടതു ചെയ്തുകൊള്ളണം എന്നല്ലാതെ ഈ സാമുദായിക പ്രാതിനിധ്യവുമായി ഈ പ്രശ്‌നം കൂട്ടിക്കുഴക്കരുത്. പാവങ്ങള്‍ക്ക്, അതായത്, സാമ്പത്തികമായി അധഃപതിച്ചു കിടക്കുന്നവര്‍ക്ക് സഹായമൊന്നും ചെയ്യേണ്ട എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ റിസര്‍വേഷന്‍ വേറെ കാര്യം. അത് ഇന്നത്തെ നിലനോക്കുമ്പോള്‍ ഇനിയും കുറേനാള്‍ കൂടി തുടര്‍ന്നേ മതിയാവൂ. അതുകൊണ്ട് റിപ്പോര്‍ട്ടില്‍ ആരും ആവശ്യപ്പെടാതെ തന്നെ എഴുതിചേര്‍ത്ത ആ ഭാഗം എടുത്തുകളയുവാന്‍ ഒരുപക്ഷേ കുറേ ധൈര്യം ഗവണ്‍മെന്റിനാവശ്യമാണെങ്കില്‍ തന്നെ ആ ധൈര്യം അവലംബിച്ചുകൊണ്ട് അതെടുത്തു കളയണമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു.” (68)

സമുദായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഇത്തരം ഭരണപരിഷ്‌കാരങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെയും ഭരണരംഗത്തെ ഉദ്യോഗപ്രാതിനിധ്യത്തെയും എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്ന് സി.എച്ചിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്. ഇതേ മന്ത്രിസഭ ഇതേ കാലയളവില്‍ തന്നെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചതും. സാമുദായിക ഉന്നമനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട സ്വകാര്യസ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതും മതവിശ്വാസികളെ നിരുത്സാഹപ്പെടുത്തുന്നതുമായ ധാരാളം കെണികളടങ്ങിയതായിരുന്നു പ്രസ്തുത വിദ്യാഭ്യാസബില്‍. മതസാമുദായിക സംഘടനകള്‍ നടത്തിക്കൊണ്ടിരുന്ന സ്വകാര്യ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിച്ചതിനും പാഠപുസ്തകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ആശയം കുട്ടികളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അക്കാലത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ സ്‌കൂളുകള്‍ കൈവശമുണ്ടായിരുന്ന ക്രൈസ്തവ വിഭാഗം തന്നെയാണ് കൂടുതലായി വിദ്യാഭ്യാസ ബില്ലിനെ എതിര്‍ത്തതും. 1957 മെയ് 22-ാം തീയതി കോട്ടയത്തുവെച്ച് കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്റെ യോഗത്തില്‍ എടുത്ത തീരുമാനങ്ങളിലെ ആദ്യത്തെ മൂന്നെണ്ണം താഴെ പറയും പ്രകാരമായിരുന്നു.

 1. വിദ്യാലയ ദേശസാത്കരണം എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുന്നു.
 2. വിദ്യാഭ്യാസ വിഷയകമായി ഏതെങ്കിലും ബില്‍ തയ്യാറാക്കുന്നുണ്ടെങ്കില്‍ കരടുബില്‍ പ്രസിദ്ധീകരിച്ചു പൊതുജനാഭിപ്രായം അറിഞ്ഞശേഷമേ നിയമനിര്‍മാണം പാടുള്ളൂ.
 3. ഭാവിതലമുറയില്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശം കുത്തിവെക്കുന്ന വിധം വിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്തുന്നതിന് ഗവണ്‍മെന്റ് പ്രകടിപ്പിക്കുന്ന വ്യഗ്രതയെ ഗൗരവപൂര്‍വം വീക്ഷിക്കുകയും അത്തരം സംരംഭങ്ങളില്‍ നിന്നു പിന്‍മാറണമെന്നു ഗവണ്‍മെന്റിനോടാവശ്യപ്പെടുകയും ചെയ്യുന്നു.(69)

വിദ്യാഭ്യാസ മന്ത്രി ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്ത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും നാടിനെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാ ഈശ്വരവിശ്വാസികളും സമാധാനകാംക്ഷികളും കൈക്കൊള്ളണമെന്ന് കേരള കത്തോലിക്ക കോണ്‍ഗ്രസ് മെയ് 26ന് യോഗം ചേര്‍ന്നുകൊണ്ട് ആഹ്വാനം ചെയ്തു.(70) അതേസമയം ഈശ്വരവിശ്വാസം നിഷേധിക്കുന്ന വിധത്തിലുള്ള പാഠങ്ങള്‍ ഉണ്ടാകരുതെന്നും അത് ഭാരതീയ സംസ്‌കാരത്തിനു തന്നെ വിരുദ്ധമായിരിക്കുമെന്നും മക്കള്‍ക്ക് ഏതുതരത്തിലുള്ള വിദ്യാഭ്യാസം നല്‍കണമെന്നും അവരെ ഏതു സ്‌കൂളില്‍ പഠിപ്പിക്കണമെന്നുള്ള അവരുടെ അവകാശത്തെ നിഷേധിക്കുന്നതായാല്‍ അതിനെ ചെറുക്കാന്‍ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവകാശമുണ്ടായിരിക്കുമെന്നും കേരള കാത്തലിക് ബിഷപ്‌സ് മെയ് 29ന് എറണാകുളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.(71) ജൂണ്‍ ആറിന് ചേര്‍ന്ന കാനായ കത്തോലിക്ക മഹാജനസഭ വര്‍ക്കിംഗ് കമ്മിറ്റിയും പാഠപുസ്തക പരിഷ്‌കരണത്തിലൂടെയും അധ്യാപകനിയമനത്തിലെ ഇടപെടലിലൂടെയും വിദ്യാലയങ്ങളില്‍ കമ്മ്യൂണിസം അടിച്ചേല്‍പിക്കാനുള്ള ഗൂഢാലോചന ചെറുക്കണമെന്ന് പ്രമേയം പാസാക്കി.(72) ഒക്‌ടോബര്‍ അഞ്ചാം തീയതി എറണാകുളത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി പാഠപുസ്തകങ്ങളില്‍കൂടി കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ ചെയ്തിട്ടുള്ള പരിശ്രമങ്ങളെ ആക്ഷേപിക്കുകയും പാഠപുസ്തകത്തില്‍ ഇസ്‌ലാമിനെ പറ്റിയും വിശുദ്ധ പ്രവാചകനെ പറ്റിയുമുള്ള തെറ്റായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ശക്തിയായി ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.(73) നിയമസഭയില്‍ വിദ്യാഭ്യാസ ബില്ലിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സി.എച്ച് മുഹമ്മദ് കോയ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി. അദ്ദേഹം പറഞ്ഞു.

”മാഡം ഡപ്യൂട്ടി സ്പീക്കര്‍, വിദ്യാഭ്യാസപരമായി ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍ പോകുന്നുവെന്നു വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഈ നാട്ടിലെ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ നയം നേരത്തെതന്നെ പ്രഖ്യാപിക്കപ്പെടുന്നത് പ്രയോജനപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നു. പ്രൈവറ്റ് സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍മാരുടെ അവശതകള്‍ പരിഹരിക്കപ്പെടേണ്ടതാണ്. അതു പരിഹരിക്കപ്പെടുന്ന കാര്യത്തില്‍ നിര്‍ബന്ധം ചെലുത്തുകയും വേണം. അതിനുവേണ്ടി ഞങ്ങള്‍ അങ്ങേയറ്റം വാദിച്ചിട്ടുണ്ട്, വാദിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ പ്രൈവറ്റ് സ്‌കൂള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും നമുക്ക് സ്വീകരിച്ചുകൂടാ, എന്നുമാത്രമല്ല അത്തരം പ്രൈവറ്റ് സ്‌കൂളുകള്‍ ഏതുദ്ദേശത്തോടുകൂടി ഉണ്ടാക്കുവാന്‍ അനുവദിക്കപ്പെട്ടുവോ ആ ഉദ്ദേശത്തെയും നമുക്ക് പരാജയപ്പെടുത്തിക്കൂടാ. അധ്യാപകന്‍മാരുടെ മിനിമം യോഗ്യത നിശ്ചയിക്കുന്നതിലും, പാഠ്യപദ്ധതികളിലും, പരീക്ഷയിലും മറ്റ് എല്ലാ കാര്യങ്ങളിലും ഫലപ്രദമായ നിയന്ത്രണം ഗവണ്‍മെന്റിനുണ്ടായിരിക്കേണ്ടതാണ്. പക്ഷേ സ്‌കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പും ശിക്ഷണവും സദാചാരപരമായ നിലവാരവും അപകടത്തിലാകുമാറ് മാനേജര്‍മാരെ ശ്വാസം മുട്ടിക്കുന്ന നിലപാട് ഗര്‍ഭത്തിലിരിക്കുന്ന ബില്ലില്‍ ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം പരിഗണിക്കുന്നതു നന്നായിരിക്കും. മലബാറില്‍ കുറേ ഹൈസ്‌കൂളുകള്‍ ഉദാരപൂര്‍വം അനുവദിച്ചുകൊടുത്തു. അതിനു ഞാന്‍ ഗവണ്‍മെന്റിനോടു നന്ദി പറയുന്നു. പക്ഷേ പിച്ചക്കാര്‍ക്ക് ചോറു കൊടുക്കുന്നതുപോലെയാണ് സ്‌കൂളുകള്‍ അനുവദിച്ചുകൊടുത്തിട്ടുള്ളത്. അഞ്ചും ആറും നാഴിക സമചതുരത്തില്‍ വിദ്യാഭ്യാസത്തിനു യാതൊരു സൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ ഹൈസ്‌കൂളുകള്‍ ഇല്ല. ചോദിക്കുന്നവര്‍രൊക്കെ സ്‌കൂള്‍ കൊടുത്തു. പിന്നെ വന്നവരോടു തീര്‍ന്നുപോയി എന്നുപറയുന്ന നയം വ്യവസ്ഥാപിതമായിട്ടുള്ളതല്ല. കെട്ടിടങ്ങളും ഉപകരണങ്ങളും കൊടുക്കുന്ന പണക്കാര്‍ക്കു സ്‌കൂള്‍ അനുവദിക്കും. ഇത് ഉള്ളവനെ മാത്രം വിളിച്ചു സദ്യ കൊടുക്കുന്നതുപോലെയാണ്. കെട്ടിടങ്ങളും ഉപകരണങ്ങളും സാധനങ്ങളും കൊടുത്താലേ സ്‌കൂള്‍ അനുവദിക്കാവൂ എന്നു മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ശാഠ്യം പിടിക്കുന്നു. ആശുപത്രിയുടെ കാര്യത്തില്‍ ഡോക്ടര്‍ എ.ആര്‍ മേനോന്‍ സ്വീകരിച്ചിട്ടുളള അയവ് വിദ്യാഭ്യാസമന്ത്രിയും സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.”(74)

സ്വകാര്യ സ്‌കൂളുകള്‍ ഏത് ഉദ്ദേശത്തിലാണോ നിലവില്‍ വന്നിട്ടുള്ളത് ആ ഉദ്ദേശത്തെ പരാജയപ്പെടുത്തിക്കൂടായെന്ന സി.എച്ചിന്റെ നിര്‍ദ്ദേശം ശ്രദ്ധേയമാണ്. മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് വിശിഷ്യാ മുസ്‌ലിം സമുദായത്തിന് സ്വകാര്യ സ്‌കൂളുകള്‍ എന്നത് അവരുടെ മതപരമായ സംസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടിയെന്ന ഉദ്ദേശത്തിലാണ് ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അനുവദിക്കുന്നത് തുലോം വിരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി കൂടി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ച് അക്കാലത്ത് സ്ഥലവും കെട്ടിടങ്ങളും സംഭാവന ചെയ്തുകൊണ്ട് സ്‌കൂളുകള്‍ നേടിയെടുക്കുകയെന്നത് തീര്‍ത്തും അപ്രാപ്യമായിരുന്നു. മൂന്നുതരം പ്രശ്‌നങ്ങള്‍ മുസ്‌ലിം സമുദായത്തെ ഈ സമയത്ത് അലട്ടിയിരുന്നതായി കാണാം.

 1. മതപഠനം സ്‌കൂളില്‍ നിര്‍ത്തല്‍ ചെയ്തതിനെ തുടര്‍ന്ന് പ്രയാസമനുഭവിച്ചിരിക്കുന്ന സമയത്ത് പാഠപുസ്തക പരിഷ്‌കരണത്തിലൂടെ കമ്മ്യൂണിസം അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതുമൂലം മക്കളെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ വീണ്ടും ഭയക്കുന്ന അവസ്ഥ വരും.
 2. സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങുവാനുള്ള സമുദായത്തിന്റെ സാമ്പത്തിക പരാധീനത.
 3. നിലനില്‍ക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ നിയന്ത്രണം കയ്യാളാനുള്ള സര്‍ക്കാര്‍ ശ്രമം രക്ഷിതാക്കളെ ഭീതിയിലാഴ്ത്തുന്നു.

ഇതിനിടെ വിദ്യാഭ്യാസ ബില്ല് നടപ്പില്‍ വരുത്താന്‍ അനുകൂല വിധിക്കുവേണ്ടി മന്ത്രിസഭ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിടുകയും എന്നാല്‍ രാഷ്ട്രപതി അത് കേന്ദ്രമന്ത്രിസഭയ്ക്ക് വിടുകയും കേന്ദ്രമന്ത്രിസഭ ബില്ല് പരിശോധിച്ച് വിധി പറയാനായി സുപ്രീം കോടതി ബെഞ്ചിന് വിടുകയും ചെയ്തു. സുപ്രീം കോടതിയില്‍ അന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് ബാരിസ്റ്റര്‍ ജെ.എന്‍ പ്രിറ്റിനെയാണ് വരുത്തിയത്.(75) സുപ്രീം കോടതിയില്‍ വാദം നടത്തുന്നതിനിടെ രാജ്യത്തെ മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയത്തുല്‍ ഉലമാ ഹിന്ദിന്റെ വക്കീലായ നൂറുദ്ദീന്‍ അഹ്മദ് ബില്ലിനെ എതിര്‍ത്തു രംഗത്തുവന്നുകൊണ്ട് ഇങ്ങനെ വാദിച്ചു. ”കേരളത്തിലെ വിദ്യാഭ്യാസ ശതമാനം ഇന്‍ഡ്യയിലെ ഏറ്റവും കൂടിയതാണെന്ന് കേരള ഗവണ്‍മെന്റ് ഈ ബില്ലിന്റെ മുഖവുരയില്‍ തന്നെ പറഞ്ഞിരിക്കെ, കേരളത്തിലെ വിദ്യാഭ്യാസം നന്നാക്കാന്‍ വേണ്ടി എന്നുപറഞ്ഞ് ഇങ്ങനെ ഒരു ബില്‍ കൊണ്ടുവന്നത് ആശ്ചര്യം തന്നെ. ഇംഗ്ലണ്ടില്‍ അക്ഷരജ്ഞാനമുള്ളവരുടെ എണ്ണം 90, കേരളത്തില്‍ 85! പ്രൈവറ്റ് ഏജന്‍സികളുടെ സ്തുത്യാര്‍ഹ സേവനമാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത്. അപ്പോള്‍ വിദ്യാഭ്യാസോത്കര്‍ഷമല്ല കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ദേശസാല്‍കരണമാണ്. മുഖവുരയില്‍ കേരളാ ഗവണ്‍മെന്റ് കൊടുത്തിരിക്കുന്ന ലക്ഷ്യപ്രസ്താവന കപടമാണ്. കാരണം ബില്ലിലെ വകുപ്പുകള്‍ ആ പ്രസ്താവനയുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല.”(76) സര്‍ക്കാര്‍ വക്കീലായ ജെ.എന്‍ പ്രിറ്റ് അവതരിപ്പിച്ചത് തീര്‍ത്തും വിചിത്രമായ വാദങ്ങളാണ്. കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ന്യൂനപക്ഷമല്ലെന്നും സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ നാലിലൊന്നും മുസ്‌ലിംകള്‍ ഏഴിലൊന്നുമുണ്ട്. ന്യൂനപക്ഷമെന്നു പറയാവുന്നത് യഹൂദര്‍ മാത്രമാണെന്നും അവരാകട്ടെ സ്‌കൂളുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു പ്രിറ്റിന്റെ വാദങ്ങള്‍.(77) മെയ് 22ന് വിദ്യാഭ്യാസ ബില്ലിലെ 3(5), 8(3), 9, 13 വകുപ്പുകള്‍ ഭരണഘടനയുടെ 30(1) വകുപ്പിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി രാഷ്ട്രപതിയെ അറിയിക്കുകയും ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് രാഷ്ട്രപതി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയുമുണ്ടായി.(78) അതേസമയം പാഠപുസ്തകങ്ങളുടെ കമ്മ്യൂണിസ്റ്റുവത്കരണം അതീവഗൗരവവും അപകടം നിറഞ്ഞതുമായിരുന്നു. മതങ്ങളെ നിസ്സാരവല്‍കരിക്കുന്നതും ഭൗതികതയെ മഹത്വവല്‍കരിക്കുന്നതുമായ അവ ഇന്‍ഡ്യയുടെ നേട്ടങ്ങളെ ചെറുതായി കാണുകയും റഷ്യയുടെയും ചൈനയുടെയും നേട്ടങ്ങളെ പര്‍വതീകരിക്കുന്നതുമായിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ‘പുതിയ പാഠപുസ്തകങ്ങളുടെ തനിനിറം’ എന്നപേരില്‍ ലഘുലേഖ പുറത്തിറക്കി.(79)പാഠപുസ്തക കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന ചിന്തകനും നിരൂപകനും അറിയപ്പെടുന്ന യുക്തിവാദിയുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള പാഠപുസ്തകത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരെ പരിഹസിച്ചുകൊണ്ട് മാതൃഭൂമിയിലെഴുതിയ ലേഖനത്തിന് മറുപടി എഴുതിയത് കേരളത്തിലെ എക്കാലത്തെയും മികച്ച ബുദ്ധിജീവിയായി വാഴ്ത്തപ്പെടുന്ന സുകുമാര്‍ അഴീക്കോടായിരുന്നു. അഴീക്കോടിന്റെ മറുപടിയില്‍ നിന്ന്.

”പ്രാര്‍ത്ഥനകളും സ്‌തോത്രങ്ങളും ചിലതില്‍ ‘സ്ഥലം പിടിച്ചിട്ടുണ്ട’ത്രെ. ഇഷ്ടമില്ലാതെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നവരെപ്പറ്റി ഉപയോഗിക്കേണ്ട വാക്കുതന്നെയാണ് കണ്‍വീനര്‍ ഉപയോഗിച്ചത്. എന്നിട്ട് ‘സ്ഥലം പിടിച്ച’ ആ പ്രാര്‍ത്ഥനകളുടെ കഥയെന്തായി? വള്ളത്തോളിന്റെ പ്രഭാതഗീതത്തിന്റെ കഥ വിചിത്രവുമാണ്. ഈശ്വരപ്രാര്‍ത്ഥനാപരമായ അതിന്റെ അവസാനത്തെ രണ്ടീരടി ഒഴിച്ചുനിര്‍ത്തിക്കൊണ്ടാണ് അതു ചേര്‍ത്തിരിക്കുന്നത്. വെറും രൂപകാലങ്കാരമായ ആ പദ്യത്തെ ഭാവസചേതനമാക്കുന്ന പ്രാര്‍ത്ഥനാംശത്തെ നീക്കിനിര്‍ത്തി ജീവനില്ലാത്തതുകൊണ്ട് പ്രദര്‍ശിപ്പിച്ചത് മാര്‍ക്‌സിയന്‍ മോഡലിലുള്ള ഈശ്വരവിശ്വാസം തന്നെയായിരിക്കുമല്ലോ!

ഈ പുസ്തകത്തില്‍ കമ്മ്യൂണിസം ഇല്ലത്രെ. പാഠ്യപുസ്തക രചനയെ ഗവണ്‍മെന്റ് സ്വാധീനിച്ചിട്ടില്ലത്രെ. എന്നിട്ടെന്തേ ഇന്‍ഡ്യയുടെ ഹൃദയത്തിലിരിക്കുന്ന പല മൂല്യങ്ങളും ഈ പുസ്തകങ്ങളില്‍ തെളിയാതെ പോയത്? പഠിപ്പിക്കേണ്ടത് പഠിപ്പിക്കില്ലെന്ന ആപല്‍കരമായ ഒരു പ്രവണത ഇവയില്‍ നമുക്കു കാണാം. പഠിപ്പിക്കേണ്ടതെന്ന് ഒരു രാഷ്ട്രം കരുതിപ്പോരുന്ന സംഗതികള്‍ പഠിപ്പിക്കാതിരിക്കലാണ് കമ്മ്യൂണിസ്റ്റുകാരുടെ കുപ്രസിദ്ധമായ ‘മസ്തിഷ്‌ക പ്രക്ഷാളന’ത്തിന്റെ ആരംഭമെന്നു ഹണ്ടര്‍ പറയുന്നു. എങ്കില്‍ ഈ പാഠപുസ്തകങ്ങളില്‍ കാണുന്നത് കണ്‍വീനര്‍ കരുതുന്നതുപോലെ വെറും ‘ഓലപാമ്പാ’വാന്‍ വഴിയില്ല. അനേകം നാടുകളെ ഇതിനകം വിഴുങ്ങിക്കഴിഞ്ഞ കമ്മ്യൂമിസ്റ്റ് രക്ഷകന്‍ ആദ്യമായി കൈക്കൊള്ളാറുള്ള നിരുപദ്രവമായ പുഴുവിന്റെ രൂപമാണിത്.”(80)

ഈയിടെയും കേരളത്തിലെ രണ്ട് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വിവാദമാവുകയുണ്ടായി. അതിലൊന്ന് മേല്‍സംഭവം പോലെതന്നെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പൊതുവിദ്യാലയങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഭാഗങ്ങള്‍ ഏഴാം തരത്തിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. മറ്റൊന്നാകട്ടെ കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി വളരെ നല്ല രൂപത്തില്‍ പോയിക്കൊണ്ടിരിക്കുന്ന സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ രണ്ടാം തരത്തിലെ പാഠപുസ്തകത്തെ സംബന്ധിച്ചായിരുന്നു. ഈ രണ്ട് പാഠഭാഗങ്ങളെയും ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

സ്‌കൂളുകളിലേക്ക് പുതുതായി ചേര്‍ക്കാന്‍ വരുന്ന മിശ്രവിവാഹിതരായ രക്ഷിതാക്കളോട് കുട്ടിയുടെ മതവും ജാതിയും എന്താണ് ചേര്‍ക്കേണ്ടത് എന്ന ചോദ്യത്തിന് മതമില്ലെന്ന് ചേര്‍ത്താല്‍ മതിയെന്നും വലുതാകുമ്പോള്‍ ഏതെങ്കിലും മതം തെരഞ്ഞെടുക്കുണമെന്നു തോന്നുകയാണെങ്കില്‍ അവനിഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ എന്ന രക്ഷിതാവിന്റെ മറുപടിയുമാണ് വിവാദ പരാമര്‍ശങ്ങള്‍. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളിലെ ഇസ്‌ലാമിക് സ്റ്റഡീസിന്റെ പാഠത്തിലാകട്ടെ ‘ശഹാദ’ എന്ന പാഠത്തിന്റെ പ്രവൃത്തി(അരശേ്ശ്യേ)യായി വരുന്ന ഭാഗമാണ് വിവാദത്തിനാധാരം. നിങ്ങളുടെ അടുത്ത സുഹൃത്ത് ഇസ്‌ലാം സ്വീകരിച്ചാല്‍ താഴെപറയുന്നവയില്‍ ഏത് ഉപദേശമാണ് നിങ്ങള്‍ നല്‍കുകയെന്ന ചോദ്യത്തിന് കൊടുത്തിരിക്കുന്നത് പേരുമാറ്റം, കുരിശുമാല ഒഴിവാക്കണം, ശഹാദത്ത് ചൊല്ലണം, വീട്ടില്‍നിന്ന് ഓടിയൊളിക്കണം, ഹലാലായ ഭക്ഷണം കഴിക്കണം എന്നിവയാണ്. ശഹാദ എന്ന പാഠം പഠിപ്പിക്കുമ്പോള്‍ ശഹാദയാണ് തെരഞ്ഞെടുക്കേണ്ടത് എന്നാലോചിക്കുവാന്‍ ഇന്റര്‍ നാഷണല്‍ ബുദ്ധിയൊന്നും ആവശ്യമില്ല. ശഹാദ എന്തോ അപകടകരമായ സാധനമാണെന്നാണ് ചിലരുടെ ധാരണ.

ശഹാദ എന്നാല്‍ ഇസ്‌ലാം മതവിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ്. ഓരോ മുസ്‌ലിമും ദിനേന നിരവധി തവണ ആരാധനയിലൂടെയും അല്ലാതെയും പ്രസ്തുത വചനം ഉരുവിടുന്നുണ്ട്. ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’വെന്ന ആശയമുള്‍ക്കൊണ്ടുകൊണ്ട് അറബിയില്‍ ഉരുവിടുന്നതാണ് ശഹാദ. ഏതെങ്കിലും ഒരു വ്യക്തിക്ക് ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് തോന്നിയാല്‍ ആദ്യം ചെയ്യേണ്ടത് ശഹാദ ചൊല്ലുകയാണ്. ഇത് ചൊല്ലുന്നതിലൂടെ മാത്രമാണ് ഒരാള്‍ മുസ്‌ലിമായിത്തീരുന്നത്. തന്നെ സൃഷ്ടിച്ച ഒരേയൊരു ദൈവത്തിനുമാത്രം സമര്‍പ്പിക്കേണ്ടിയിരുന്ന ആരാധനയില്‍ ഇത്രയും കാലം വീഴ്ച വരുത്തുകയോ, അതല്ലെങ്കില്‍ ആരാധനകളും അര്‍ച്ചനകളും മറ്റു പലര്‍ക്കും സമര്‍പ്പിക്കുകയും ചെയ്തിരുന്ന ഒരു പൂര്‍വകാലത്തുനിന്നും തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകദൈവത്തെ മാത്രം ആരാധിച്ചുകൊണ്ട് തുടര്‍ന്നുള്ള തന്റെ ആത്മീയ ജീവിതത്തെ ധന്യമാക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് മേല്‍സൂചിപ്പിച്ച ശഹാദയെന്ന ഉജ്ജ്വലമായൊരു പ്രഖ്യാപനത്തിലൂടെ, ജീവിതാന്ത്യം വരെ നിലനില്‍ക്കുന്ന ഒരു പ്രതിജ്ഞയിലൂടെ ആയിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. മുസ്‌ലിമായി ജനിച്ചവരാണെങ്കില്‍ കൂടിയും ശഹാദ വളരെ ചെറുപ്പത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതാണ് ലോകമുസ്‌ലിംകളുടെ ശീലം. ഏഴു വയസ്സായ രണ്ടാം ക്ലാസിലെ ഒരു കുട്ടി ഇസ്‌ലാമിക വിധിപ്രകാരം നമസ്‌കാരം എന്ന ആരാധന പരിശീലിച്ചു തുടങ്ങേണ്ട പ്രായവുമാണ്. പ്രസ്തുത പുസ്തകത്തിന്റെ അധ്യാപക സഹായഗ്രന്ഥത്തില്‍ (Teachers manual) പ്രസ്തുത ചോദ്യത്തിന്റെ ഉത്തരമായി കൊടുത്തിട്ടുള്ളത് ശഹാദ എന്നാണ്. മാത്രമല്ല മാതാപിതാക്കള്‍ ഏതു മതക്കാരാണെങ്കിലും അവരെ വിട്ടുപോകരുതെന്നുകൂടി അതിനോടു ചേര്‍ത്തു പറയുന്നുണ്ട്. അതേസമയം ‘മതമില്ലാത്ത ജീവന്‍’ മുന്നോട്ടുവെക്കുന്ന ആശയം മതമേതുമില്ലാതെ വളരാനും വളരുമ്പോള്‍ വേണമെന്ന് തോന്നുന്നുവെങ്കില്‍ മാത്രം ഒരു മതം തെരഞ്ഞെടുക്കാനുമാണ്. ഇനി രണ്ട് പുസ്തകത്തെയും ഒന്ന് താരതമ്യം ചെയ്തു നോക്കുക.

1) ‘മതമില്ലാത്ത ജീവന്‍’ പഠിപ്പിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. സര്‍ക്കാര്‍ സ്‌കൂള്‍ എന്നാല്‍ ഇന്നാട്ടിലെ ഓരോ പൗരന്റെ കയ്യില്‍നിന്നും നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന പണം കൊണ്ട് നടത്തപ്പെടുന്ന സ്‌കൂള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ മതം പഠിപ്പിക്കാന്‍ പാടില്ല എന്നതിന്റെ അര്‍ത്ഥം മതമില്ലാത്തവന്റെ ആദര്‍ശം പഠിപ്പിക്കാമെന്നാണോ? ‘ശഹാദ’ പഠിപ്പിക്കുന്നത് 98 ശതമാനം മുസ്‌ലിംകള്‍ പഠിക്കുന്ന ഒരു ന്യൂനപക്ഷ സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനത്തിലാണ്. ക്രൈസ്തവരും മുസ്‌ലിംകളും നടത്തുന്നതുപോലെ യുക്തിവാദികള്‍ക്കും അവരുടെ കുട്ടികള്‍ക്കുവേണ്ടി മാത്രമായി സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂള്‍ തുടങ്ങി  ഇത്പഠിപ്പിക്കാവുന്നതാണ്. ബസിലെ സ്ത്രീസംവരണ സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ളവ പുരുഷന്‍മാരുടെ സീറ്റുകളാണെന്ന അബദ്ധ ധാരണ നിലനില്‍ക്കുന്ന പോലെ രാജ്യത്തെ മത-സാമുദായിക സ്‌കൂളുകള്‍ ഒഴിച്ചുള്ള ബാക്കിയെല്ലാം ഭൗതികവാദം പഠിപ്പിക്കാനുള്ളതാണെന്ന ധാരണ ഇക്കൂട്ടര്‍ക്കുണ്ടോയെന്നു സംശയിച്ചുപോവുകയാണ്.

2) ‘ശഹാദ’ എന്ന പാഠഭാഗം പഠിപ്പിച്ചിരുന്നത് മുസ്‌ലിംകളെ മാത്രമാണ്. എന്നാല്‍ ‘മതമില്ലാത്ത ജീവന്‍’ പഠിക്കേണ്ടി വന്നത് സകല മതക്കാരും മതമില്ലാത്തവരുമാണ്. അങ്ങനെ വരുമ്പോള്‍ ആരാണ് നിര്‍ബന്ധിച്ച് മറ്റൊരാദര്‍ശത്തിലേക്ക് കുട്ടികളെ മാറ്റാന്‍ ശ്രമിക്കുന്നത്? ഇത് ഒരു നിര്‍ബന്ധിത മതനിരാസപരിവര്‍ത്തനമല്ലേ?

3) ഇനി സര്‍ക്കാര്‍ സ്‌കൂളില്‍ മതമില്ലാത്തവരെയാണ് ‘മതമില്ലാത്ത ജീവന്‍’ പഠിപ്പിച്ചിരുന്നതെങ്കില്‍ മതവിശ്വാസികളെ മതം പഠിപ്പിക്കാനും സര്‍ക്കാര്‍ സ്‌കൂളില്‍ അവസരം നല്‍കേണ്ടതല്ലേ?

4) നിലനില്‍ക്കുന്ന പാഠ്യപദ്ധതിയില്‍ തന്നെ യുക്തിവാദ-ഭൗതികവാദ ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതേവിഷയത്തിലുള്ള മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നുമില്ല. ഉദാഹരണത്തിന് മനുഷ്യന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പഠിക്കുന്നതെല്ലാം ഭൗതികവാദത്തിലധിഷ്ഠിതമായ പരിണാമ സിദ്ധാന്തമാണ് (Evolutionism). അതേസമയം സൃഷ്ടിപ്പിനെപ്പറ്റി (Creationism) പഠിപ്പിക്കുന്നുമില്ല.

5) ‘ശഹാദ’ എന്ന പാഠഭാഗം മതേതരവിരുദ്ധവും മതസ്പര്‍ധയുണ്ടാക്കുന്നതുമാണ് എന്ന് ചിലര്‍ ആരോപിക്കുന്നു. മുസ്‌ലിം പഠിക്കേണ്ട മുസ്‌ലിംകളുടെ വിശ്വാസം മുസ്‌ലിംകളെ മാത്രം പഠിപ്പിക്കുന്നത് എങ്ങനെയാണ് മതസ്പര്‍ധയുണ്ടാക്കുകയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പിന്നെ ഒരു മതദര്‍ശനം ഉള്‍ക്കൊള്ളുന്ന പാഠഭാഗം എങ്ങനെയാണ് മതേതരമാക്കുക? അതില്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉണ്ടായിരിക്കണമെന്നു പറയാം. പക്ഷേ മതം പഠിപ്പിക്കുന്ന പുസ്തകം മതേതരമാകണമെന്നു പറയുന്നത് എന്തുമാത്രം മൗഢ്യമാണ്. അതേസമയം ‘മതമില്ലാത്ത ജീവന്‍’ നോക്കുക, മതം ആവശ്യമില്ലെന്ന് പഠിപ്പിക്കുന്നത് വിശ്വാസികളായ ഹിന്ദുവിനെയും മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയുമാണ്. ഇതല്ലേ മതസ്പര്‍ധയുണ്ടാക്കുന്നത്? അത് വിശ്വാസികളെ വ്രണപ്പെടുത്തുന്നതല്ലേ? അങ്ങനെ വരുമ്പോള്‍ ‘മതമില്ലാത്ത ജീവന്‍’ ജനാധിപത്യ വിരുദ്ധമല്ലേ?

6) ‘ശഹാദ’ എന്ന മുസ്‌ലിം മതവിശ്വാസം പഠിപ്പിക്കുന്ന പാഠഭാഗം ഇസ്‌ലാമിക് സ്റ്റഡീസ് പുസ്തകത്തില്‍ നിന്നുള്ളതാണ്. ‘മതമില്ലാത്ത ജീവന്‍’ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഒരു അധ്യായമല്ല. പൊതുവിദ്യാഭ്യാസ പാഠപുസ്തകത്തിലെ സാമൂഹ്യപാഠത്തിലെ അധ്യായമാണ്.

7) ‘ശഹാദ’ ഉള്‍പ്പെടുന്ന പാഠപുസ്തകം മുസ്‌ലിംകളെ പഠിപ്പിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടനയും കെ.ഇ.ആറും (Kerala Education Rules) അനുവദിക്കുന്നുണ്ട്. എന്നാല്‍ ‘മതമില്ലാത്ത ജീവന്‍’ സകലമതക്കാരെയും പഠിപ്പിക്കാന്‍ ഏതു നിയമത്തിന്റെ പിന്‍ബലമാണുള്ളത്?

8) മതമില്ലാത്ത ജീവന്‍ നല്‍കുന്ന സന്ദേശം മതം ജീവിതത്തില്‍ ആവശ്യമില്ലെന്നും എന്നെങ്കിലും വേണമെന്നു തോന്നുന്നപക്ഷം ഇഷ്ടമുള്ളത് തെരഞ്ഞെടുത്താല്‍ മതിയെന്നുമാണ്. ഭാവിയില്‍ എപ്പോഴെങ്കിലും ഒരു ‘മതമില്ലാത്ത ജീവന്’ ഇസ്‌ലാം സ്വീകരിക്കണമെന്നു തോന്നിയാല്‍ അവന് എന്ത് പറഞ്ഞുകൊടുക്കണമെന്നാണ്  ‘ശഹാദ’ നല്‍കുന്ന സന്ദേശം.

9) മതമില്ലാത്ത ജീവന്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച അന്വേഷണകമ്മിറ്റി പുസ്തകം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു. ‘ശഹാദ’ ആരോപണവിധേയമായതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ സ്വയം പിന്‍വലിക്കുകയും ചെയ്തു. സ്വയം പിന്‍വലിച്ച സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും അന്വേഷണകമ്മിറ്റി തെറ്റാണെന്നു കണ്ടെത്തിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിലെ യുക്തി എന്താണ്?

മുമ്പ് കൊച്ചി നിയമസഭയില്‍ വെച്ചുനടന്ന ധാര്‍മികപഠനത്തെ സംബന്ധിച്ച വാഗ്വാദത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് മനുഷ്യരെ സോഷ്യല്‍ സയന്‍സ് പഠിപ്പിച്ചാല്‍ മതിയെന്ന സഹോദരന്‍ അയ്യപ്പന്റെ വാദവും, അതിന് സീതിസാഹിബ് നല്‍കിയ മറുപടിയും ഇവിടെ സ്മരണീയമാണ്. മേല്‍ സൂചിപ്പിച്ച സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളിലെ പാഠപുസ്തക വിവാദസമയത്ത് ഏറെ വിവാദങ്ങള്‍ കത്തിച്ചുവിട്ടതും പ്രസ്തുത സ്‌കൂളിനുമുന്നില്‍ കൊടിയും മുദ്രാവാക്യങ്ങളുമായി പ്രഭാതത്തിലും പ്രദോഷത്തിലും പ്രദക്ഷിണം ചെയ്തിരുന്നത് പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച് പലപ്രാവശ്യം പിടിക്കപ്പെട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ്-സംഘ്പരിവാര്‍ സംഘടനകളുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായിരുന്നുവെന്നത് വേശ്യയുടെ ചാരിത്ര്യപ്രസംഗമായിട്ട് കരുതാനേ തരമുള്ളൂ.

മുസ്‌ലിംകള്‍ അവരുടെ സ്വകാര്യ-അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ അവരുടെ മതാന്തരീക്ഷം (religious environment) നിലനിര്‍ത്തികൊണ്ടു പോകുമ്പോഴാണ് പലര്‍ക്കും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മതേതരത്വം അലാറം വെച്ച് എഴുന്നേല്‍ക്കുന്നതുപോലെ റെഡിയായി വരുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല സ്വകാര്യ സ്‌കൂളുകളില്‍ മതാന്തരീക്ഷം നിലനിര്‍ത്തുന്നത്. എല്ലാ മതക്കാരും മുമ്പേ ഇത് ശീലിച്ചു വരുന്നതാണ്. മുമ്പ് തിരുവിതാംകൂറില്‍വെച്ച് ഒട്ടനവധി സ്വകാര്യ സ്‌കൂളുകള്‍ ഉണ്ടായിരുന്ന കത്തോലിക്ക വിഭാഗത്തിനുവേണ്ടി ഒന്നാം നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന പി.ടി ചാക്കോ കത്തോലിക്കര്‍ക്ക് അവരുടെ സ്‌കൂളുകളില്‍ ‘കത്തോലിക്കാ അന്തരീക്ഷം’ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സമര്‍ത്ഥിച്ചുകൊണ്ട് സര്‍ സി.പിക്ക് ഒരു തുറന്ന കത്തെഴുതുകയുണ്ടായിട്ടുണ്ട്.(81) അതേസമയം ക്രൈസ്തവര്‍ക്ക് അവരുടെ അന്തരീക്ഷം പോ
ലെ ഹിന്ദുക്കള്‍ അവരുടെ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് നായര്‍ സമുദായത്തിന്റെ മഹാനായ നേതാവ് മന്നത്ത് പത്മനാഭന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.(82) മുസ്‌ലിംകള്‍ ഒരു ജനാധിപത്യ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന ഒരു ന്യൂനപക്ഷ അവകാശം ഉപയോഗപ്പെടുത്തുന്നതില്‍ ആര്‍ക്കാണ് ഉറക്കം നഷ്ടപ്പെടുന്നത്? അതുമാത്രം ആരെയാണ് അസ്വസ്ഥരാക്കുന്നത്? മുസ്‌ലിം സമൂഹം അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ മാത്രം എങ്ങനെയാണ് വര്‍ഗീയമാകുന്നത്? മുസ്‌ലിംകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചു മുന്നേറുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് തീവ്രവാദത്തിന്റെ ഹാരമണിയിക്കപ്പെടുന്നത്? ഇതിനെക്കുറിച്ച് ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ നേതാവായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ പറഞ്ഞ കാര്യം പ്രാധാന്യമര്‍ഹിക്കുന്നതാണ്. അദ്ദേഹം പറയുന്നു, ”സര്‍, ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു കാര്യം കൂടി ഉണ്ട്. സംവരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നാം സംസാരിക്കുമ്പോള്‍ വര്‍ഗീയത എന്ന ഉമ്മാക്കി എടുത്തുയര്‍ത്തപ്പെടാറുണ്ട്. സര്‍, ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ കിട്ടണം എന്നുപറയുന്നതുകൊണ്ട് വര്‍ഗീയത കടന്നുവരുന്നില്ല. തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കുമ്പോള്‍, അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടണമെന്ന് തോന്നുമ്പോള്‍, അവര്‍ അത് ആവശ്യപ്പെടുന്നു. സര്‍വീസിലെ പ്രാതിനിധ്യമില്ലായ്മയില്‍ നിന്നാണ് അത് ഉയര്‍ന്നത്. അസംതൃപ്തിയാണ് അതിനുകാരണം. ആ അസംതൃപ്തി മാറ്റപ്പെടുമ്പോള്‍ ഹൃദയങ്ങളുടെ ഐക്യം ഉണ്ടാകുന്നു. ഹൃദയങ്ങളുടെ ഐക്യമാണ് അല്ലാതെ ഭൗതികമായ ഐക്യത്തിനുള്ള നടപടികളല്ല രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്യുന്നത്. ഭിന്നതകള്‍ അവിടെ ഉണ്ടാകും. പക്ഷേ അവിടെ സൗഹാര്‍ദ്ദം ഉണ്ടാകണം. അതാണ് നാമെല്ലാം ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ സംതൃപ്തി ഉണ്ടായാല്‍ മാത്രമേ സൗഹാര്‍ദ്ദം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. സര്‍വീസിലുള്ള സംവരണം ജനങ്ങള്‍ക്കിടയില്‍ സംതൃപ്തി സൃഷ്ടിക്കാനുള്ള നടപടികളില്‍ ഒന്നാണ്. അപ്പോള്‍ നിങ്ങള്‍ക്ക് ജനങ്ങളോടു പറയാന്‍ കഴിയും. ‘നോക്കുക, നിങ്ങള്‍ക്ക് സര്‍വീസില്‍ മതിയായ പങ്കുണ്ട്. നിങ്ങള്‍ പരാതിപ്പെടാന്‍ ഒന്നും തന്നെ ഇല്ല.’ മറ്റുള്ളവര്‍ക്കെന്ന പോലെ മതിയായ അവസരം ലഭിക്കുന്നുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കുമ്പോള്‍, സൗഹാര്‍ദ്ദം നിലവില്‍ വരാം. വര്‍ഗീയത തലയുയര്‍ത്തുകയേ ഇല്ല. ഞാന്‍ വാദിക്കുന്ന നടപടിക്രമങ്ങള്‍ സ്വീകരിച്ച രാജ്യങ്ങള്‍ ഉണ്ട്. വളരെ ഫലപ്രദമായി അവര്‍ വര്‍ഗീയതയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സൗഹാര്‍ദ്ദമില്ലായ്മ മാറ്റാനും സൗഹാര്‍ദ്ദം സൃഷ്ടിക്കാനുമുള്ള മാര്‍ഗങ്ങളിലൊന്ന് സര്‍വീസുകളില്‍ ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികളിലൊന്നാണ് ജനങ്ങള്‍ക്കിടയില്‍ രാജ്യഭരണത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പങ്കുണ്ടെന്ന തോന്നലുണ്ടാകുന്നത്.”(83)

സ്‌കൂളുകളില്‍ മതം പഠിപ്പിക്കുന്നതു മൂലമല്ല, നേരേമറിച്ച് ഭരണത്തില്‍ അര്‍ഹമായ പങ്കാളിത്തം എല്ലാവര്‍ക്കും നല്‍കാത്തതാണ് വര്‍ഗീയത മുളപൊട്ടാനുള്ള കാരണങ്ങളിലൊന്നെന്ന് ഇസ്മയില്‍ സാഹിബ് വിശദീകരിക്കുന്നു. മലയാളി മെമ്മോറിയലില്‍നിന്ന് തഴയപ്പെട്ടതിനുശേഷം നിവര്‍ത്തന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ കൊടിപിടിച്ചിട്ടും മുസ്‌ലിം സമുദായത്തിന് ഇന്നും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. അവകാശങ്ങള്‍ക്കുവേണ്ടി കയ്യുയര്‍ത്തുമ്പോഴും ഉച്ച വെക്കുമ്പോഴും അത് വര്‍ഗീയതയായി മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. രാജ്യത്തും സംസ്ഥാനത്തുമായി വന്നിട്ടുള്ള സംവരണ കമ്മീഷനുകളെല്ലാം തന്നെ മുസ്‌ലിംകള്‍ക്ക് അവരുടെ ഓഹരി കിട്ടിയിട്ടില്ലെന്ന് പറയുന്നുണ്ട്. ക്രിസ്താബ്ദം 2000ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ജസ്റ്റിസ് നരേന്ദ്രനെ ചെയര്‍മാനായി നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പിന്നാക്ക വിഭാഗങ്ങളുടെ സര്‍വീസുകളിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. നാലു ഗ്രൂപ്പുകളിലായി എടുത്തിട്ടുള്ള സ്ഥിതിവിവര കണക്കുകളുടെ ചുരുക്കം താഴെ കൊടുക്കുന്നു. (ചാര്‍ട്ട് കാണുക)

കണക്കുകള്‍ പ്രകാരം വ്യത്യസ്ത ഗ്രൂപ്പുകളിലും ഓരോ ഗ്രൂപ്പിലെയും കാറ്റഗറിയിലുമായി മുസ്‌ലിം സമുദായത്തില്‍ നിന്ന് 7383 നിയമനങ്ങളുടെ കുറവാണ് കാണിക്കുന്നത്.(84)പ്രാതിനിധ്യത്തില്‍ ഏറ്റവും കുറവ് കാണിക്കുന്നത് മുസ്‌ലിംകള്‍ക്കാണ്. കണക്കുകളെല്ലാം
നിരത്തിയശേഷം ജസ്റ്റിസ് നരേന്ദ്രന്‍ തന്റെ റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്ത് ഇങ്ങനെപറയുന്നതായി കാണാം.

”എല്ലാ പിന്നാക്ക സമുദായങ്ങളും തങ്ങളുടെ പ്രാതിനിധ്യ നില പഴയതിലേറെ ഒരുപാട് മെച്ചപ്പെടുത്തിയിട്ടുണ്ട്, ഈഴവര്‍ പ്രത്യേകിച്ചും. അതേസമയം മുസ്‌ലിം സമുദായത്തിന്റെ നില മാത്രം വേണ്ടത്ര തൃപ്തികരമല്ല. ഇതിന്റെ പ്രധാന കാരണം വിദ്യാഭ്യാസത്തിലെ അവശതയല്ലാതെ മറ്റൊന്നുമല്ല. ഈഴവര്‍ക്ക് ഇത്രയും നേട്ടമുണ്ടാക്കി കൊടുത്തത് അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണ്. മുസ്‌ലിംകളും അവരുടെ സമുദായ നേതാക്കളും വിദ്യാഭ്യാസ ഉയര്‍ച്ചക്ക് വേണ്ടി ഒത്തൊരുമിച്ചുകൊണ്ട് മുന്നേറിയാല്‍ അധികം താമസിയാതെ തന്നെ അവരുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കും.”(85)

സമുദായം ഒന്നടങ്കം മുസ്‌ലിംകളുടെ വിദ്യാഭ്യാസ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തെ മുസ്‌ലിം സാക്ഷരത ദേശീയ ശരാശരിയെക്കാള്‍ താഴെയാണെന്നും രാജ്യം സ്വതന്ത്രമായതിനുശേഷവും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പങ്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതോടൊപ്പം രാജ്യത്തെ സാമുദായികാടിസ്ഥാനത്തിലുള്ള ബിരുദനേട്ടത്തിന്റെ (Graduation Attachment Rate) കണക്കുകളും കൊടുത്തിട്ടുണ്ട്. അതില്‍ ഹിന്ദു സമുദായം ഒന്നടങ്കം 21.9 ശതമാനവും, മറ്റു ന്യൂനപക്ഷങ്ങള്‍ 8.9 ശതമാനവുമാണെങ്കില്‍ മുസ്‌ലിംകളുടേത് വെറും 3.4 ശതമാനം മാത്രമാണ്(86)

പൊതുവിദ്യാലയങ്ങളിലെ മതപഠനം നിര്‍ത്തലാക്കിയതുമൂലം മതപഠനത്തിനായി രാവിലെയോ വൈകിട്ടോ മദ്രസകളില്‍ പോകണമെന്നതും മുസ്‌ലിംകളെ സംബന്ധിച്ച് പ്രയാസമേറിയത് തന്നെയായിരുന്നു. മുസ്‌ലിം സമുദായത്തെപ്പോലെ വ്യാപകാടിസ്ഥാനത്തില്‍ സമാന്തരമായി മതവിദ്യാഭ്യാസം നിലനിര്‍ത്തിക്കൊണ്ടു പോകുന്ന മറ്റൊരു സമുദായവും ഇല്ലെന്നത് മുസ്‌ലിംകളുടെ മതപഠനത്തിന്റെയും അവരുടെ മതവും ജീവിതവും തമ്മിലുള്ള ഇഴചേര്‍ന്ന ബന്ധത്തിന്റെയും സാമൂഹ്യമായ തെളിവുകളാണ്. മതവിജ്ഞാനീയങ്ങളിലും ഭൗതിക വിജ്ഞാനീയങ്ങളിലും ഒരുപോലെ മികച്ച വ്യക്തികളെയാണ് മുസ്‌ലിം സമുദായവും രക്ഷിതാക്കളും എപ്പോഴും ആഗ്രഹിക്കുന്നത്. കെ.എം സീതിസാഹിബിന്റെ പിതാവ് മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച ആധുനിക മാതൃകയിലുള്ള ആദ്യത്തെ സ്‌കൂള്‍ കൊടുങ്ങല്ലൂരില്‍ തുടങ്ങിയതും ആലക്ഷ്യത്തിലായിരുന്നു. എന്നാല്‍ അത്തരം സ്‌കൂളുകള്‍ കൂടുതലായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാമ്പത്തികമായി തകര്‍ക്കപ്പെട്ട ഒരു സമുദായത്തിന് കഴിയില്ലായിരുന്നു. എന്നാല്‍ എഴുപതുകളില്‍ അറബിക്കടലിന്റെ തീരത്ത് വീശിയടിച്ച ദിര്‍ഹമിന്റെയും ദിനാറിന്റെയും മന്ദമാരുതന്‍ മാപ്പിളമാര്‍ക്ക് മുമ്പില്‍ പ്രവാസത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നിട്ടത് വിദ്യാഭ്യസ പുരോഗതിയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. എഴുപതുകളില്‍ അറേബ്യന്‍ മണലാരണ്യത്തില്‍ ഉയര്‍ന്നുപൊങ്ങിയ അംബരചുംബികളില്‍ പൊടിഞ്ഞുവീണ മാപ്പിളമാരുടെ വിയര്‍പ്പുതുള്ളികള്‍ മലയാളക്കരയില്‍ ദിനാറിന്റെ മഴ പെയ്യിച്ചു. നൂറ്റാണ്ടു കാലത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ തപസ്സിരുന്ന് ഇതര സമുദായക്കാര്‍ നേടിയെടുത്ത സാമ്പത്തിക സ്ഥിരത കേവലം പതിറ്റാണ്ടുകള്‍കൊണ്ട് മലബാറിലെ മാപ്പിളമാര്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍പോലും കൈവരിച്ചത് പലരെയും അസൂയപ്പെടുത്തുന്ന ഒന്നുകൂടിയായിരുന്നു. തന്റെ സമുദായമാണ് വിദ്യാഭ്യാസപരമായി അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്നതെന്ന് ബോധ്യമുണ്ടായിരുന്ന മുസ്‌ലിം സമുദായം വിദ്യാഭ്യാസ പുരോഗതിക്കായി ധാരാളം സമ്പത്തുകള്‍ ചെലവഴിക്കാന്‍ തുടങ്ങി. അങ്ങനെ 1909ല്‍ സീതിമുഹമ്മദ് തുടക്കം കുറിച്ച മാതൃകയിലുള്ള സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിതുടങ്ങി. മൂന്നു പ്രധാന കാരണങ്ങളാണ് ഇതിനു പിന്നിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാം.

1) മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള സ്ഥാപനങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ ആവശ്യകതയായിരുന്നു. അതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ നിയമപരമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങണമായിരുന്നു.

2) പ്രവാസിയായ മാപ്പിളമാര്‍ അറേബ്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ബൂഫിയകളിലും (ചായക്കട) ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഉന്നത ഉദ്യോഗങ്ങളില്‍ വിരാജിക്കുന്ന ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പാശ്ചാത്യരെ കണ്ടുകൊണ്ട് തന്റെ മക്കളെയും അത്തരം ഉദ്യോഗങ്ങളില്‍ സ്വപ്
നം കാണാന്‍ തുടങ്ങി. ഇത് വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാപ്പിളമാരെ പ്രേരിപ്പിച്ചു.

3) സര്‍ക്കാര്‍ സ്‌കൂളിന്റെ കെടുകാര്യസ്ഥത. പണമുണ്ടെങ്കില്‍ നല്ല സൗകര്യമുള്ള സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കണമെന്ന സാധാരണക്കാരന്റെ ആഗ്രഹം.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അത് ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന് എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷേ അത് സ്വകാര്യ സ്‌കൂളുകളെ തളര്‍ത്തിയിട്ടാകണമെന്നത് നന്മയുള്ള മനസ്സിന്റെ ചിന്തയായിട്ട് കരുതാന്‍ നിവൃത്തിയില്ല. 2010-11ലെ കണക്കുപ്രകാരം ആകെയുള്ള 12644 സ്‌കൂളുകളില്‍ 863 എണ്ണം മാത്രമാണ് അംഗീകാരം കിട്ടിയ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍. ഇതില്‍ തന്നെ 4280 സ്‌കൂളുകള്‍ സാമ്പത്തികഞെരുക്കം അനുഭവിക്കുന്നവയാണ്. സാമ്പത്തിക പ്രതി സന്ധിയനുഭവിക്കുന്ന ഈ സ്‌കൂളുകളില്‍ മാത്രം 268319 വിദ്യാര്‍ത്ഥികളും, 11547 അധ്യാപകരും, 397 അനധ്യാപകജീവനക്കാരുമുണ്ട്(87) ഇവരുടെ കാര്യം തന്നെ പരുങ്ങലില്‍ നില്‍ക്കുമ്പോഴാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് താഴിടാന്‍ ചില പ്രത്യേക ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. അങ്ങനെ വന്നാല്‍ ഇത്രയും സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ എവിടെ പുനരധിവസിപ്പിക്കും. ഇനി സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍ നോക്കുക: (2012-13ലെ കണക്കുകള്‍)(88)

വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ 177

സ്ഥിരം കെട്ടിടമില്ലാത്തത് (PUCCA) 203

ടോയ്‌ലറ്റ് സൗകര്യമില്ലാത്തത്     61

കുടിവെള്ള സൗകര്യമില്ലാത്തത്     94

വൈദ്യുതി ഇല്ലാത്തത്        176

സയന്‍സ് ലാബ് ഇല്ലാത്തത്    8170

ലൈബ്രറി ഇല്ലാത്തത്        4525

ഗ്രൗണ്ട് ഇല്ലാത്തത്        3742

ഇവതന്നെ ശരിയാക്കിയെടുക്കാന്‍ ശ്രമിക്കേണ്ടിടത്താണ് മൂന്നര ലക്ഷത്തോളം വരുന്ന സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെകൂടി അടച്ചുപൂട്ടല്‍ ഭീഷണിയിലൂടെയും മറ്റു സമ്മര്‍ദ്ദങ്ങളിലൂടെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയ ശ്രമങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത അംഗീകാരത്തിനുവേണ്ടി കാത്തുനില്‍ക്കുന്ന സ്‌കൂളുകളാണ് ഇത്തരത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. 2009ലെ സര്‍വേ പ്രകാരം സംസ്ഥാനത്ത് 2646 അംഗീകാരം പ്രതീക്ഷിച്ചിരിക്കുന്ന സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഉണ്ട്. അവയിലെല്ലാം കൂടി 312443 കുട്ടികളും 22068 അധ്യാപകരും 1852 ഓഫീസ് സ്റ്റാഫുകളും ഉണ്ട്. ഇവയില്‍ പത്താം ക്ലാസ് വരെ എത്തിനില്‍ക്കുന്നത് വെറും 123 സ്‌കൂളുകള്‍ മാത്രമാണ്.(89) അംഗീകാരമില്ലാത്ത സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ മികച്ച സൗകര്യങ്ങളും മികച്ച പഠനനിലവാരവും ഒരുപാട് യോഗ്യരായവര്‍ക്ക് ജോലിയും ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് (Economics and Statistics Department) നടത്തിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.(90) സ്വകാര്യ സ്‌കൂളുകളുടെ സംഭാവനകളിലൂടെ മാത്രമാണ് കേരളം രാജ്യത്ത് ഉയര്‍ന്ന സാക്ഷരതാ നിരക്ക് കൈവരിച്ചതെന്ന വസ്തുത വിസ്മരിച്ചുകൊണ്ട് ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യേണ്ട സ്വകാര്യ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നാടിന്റെ വിദ്യാഭ്യാസ കുതിപ്പിന് സംഭവിക്കുന്ന വമ്പിച്ച പ്രത്യാഘാതമായിരിക്കുമെന്ന് വിനീതമായി ഉണര്‍ത്തട്ടെ. മുസ്‌ലിംകളെ സംബന്ധിച്ചാണെങ്കില്‍ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നത് മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് പഠിക്കാനുള്ള പരിഹാരമാര്‍ഗം കൂടിയാണ്. അവയെ തകര്‍ക്കുന്നത് മുസ്‌ലിം സമുദായത്തെ മതവിദ്യാഭ്യാസത്തില്‍ നിന്നും ഭൗതിക വിദ്യാഭ്യാസത്തില്‍ നിന്നും വീണ്ടും പിറകോട്ടു കൊണ്ടുപോകുമെന്ന കാര്യം തീര്‍ച്ചയാണ്. ആരോഗ്യരംഗവും വിദ്യാഭ്യാസരംഗവും കച്ചവടവല്‍ക്കരിക്കപ്പെടുന്നുവെന്നത് അതീവ ദുഃഖകരമായ കാഴ്ചയാണ്. ഏതു മേഖലയിലായിരുന്നാലും ഒരു ചെറുന്യൂനപക്ഷം അവയെ സാമ്പത്തികമായും അല്ലാതെയും ചൂഷണം ചെയ്‌തേക്കാം. എന്നാല്‍ ചൂഷണം തടയാനുള്ള മാര്‍ഗമായി ആ മേഖലയെ തന്നെ ഇല്ലായ്മ ചെയ്യുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതല്ലാതെ പിന്നെന്താണ്? അതേസമയം ലാഭേച്ഛകളേതുമില്ലാതെ സമുദായത്തിന്റെ ഉന്നമനത്തിനായി സ്വകാര്യ സ്‌കൂളുകള്‍ക്കുവേണ്ടി സമ്പത്ത് ചെലവഴിക്കുന്നവരെയും വളരെ പുരോഗമനാത്മകവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കുന്നവരെയും സര്‍ക്കാര്‍ കാണാതെ പോകുന്നുവെന്നതും സങ്കടകരമായ കാഴ്ചയാണ്.

അംഗീകാരമില്ലാത്തതും ഉള്ളതുമായ മൂവായിരത്തിലധികം വരുന്ന സ്വകാര്യ-അണ്‍എയ്ഡഡ്  സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചില ഉദ്യോഗസ്ഥ ലോബികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. ഭരണഘടനയിലെ 30-ാം ആര്‍ട്ടിക്കിള്‍ പറയുന്നത്, ”മത-ഭാഷാ ഭേദമില്ലാതെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും, നടത്തിക്കൊണ്ടു പോകുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്” (91) എന്നാണ്. ഏതൊരു മതന്യൂനപക്ഷത്തിനും അവരുടെ  മതാന്തരീക്ഷം സ്‌കൂളുകളില്‍ നിലനിര്‍ത്താന്‍ ഭരണഘടന അനുവദിക്കുന്നു. 1958ലെ കേരള എഡ്യുക്കേഷന്‍ ആക്റ്റ് (Kerala Education Act) പ്രകാരവും, 1959ലെ കേരള എഡ്യുക്കേഷന്‍ റൂള്‍സ് (Kerala Education Rules) പ്രകാരവും സംസ്ഥാന സര്‍ക്കാരും ഇതനുവദിക്കുന്നുണ്ട്. ഇതിന്റെ നാലാമധ്യായത്തിലെ പതിനെട്ടാം സൂചിക പറയുന്നത് സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം അനുഭവിച്ചിരിക്കുന്നുവെന്നാണ്.(92)മതപരിവര്‍ത്തനം നടത്തരുതെന്നും, കുട്ടികളുടെ സമ്മതത്തോടെയല്ലാതെ മതപഠനം നല്‍കരുതെന്നും, മതപഠനത്തിനായി എടുക്കുന്ന സമയം മറ്റു വിഷയങ്ങളുടെ സമയത്തെ ബാധിക്കരുതെന്നുമുള്ള ഉപാധികള്‍ മുന്നോട്ടുവെക്കുന്നുമുണ്ട്.

ഒരു സമുദായം സംഘടിക്കുന്നത് കൊണ്ടും അവര്‍ അവരുടെ ഉന്നമനത്തിനായി നിയതമായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടും രാജ്യത്ത് ദേശവിരുദ്ധമായി യാതൊന്നും സംഭവിക്കുന്നില്ല. രാഷ്ട്രത്തിലെ ഓരോ വിഭാഗവും ഉയര്‍ന്നുവരുമ്പോള്‍ മാത്രമാണ് രാഷ്ട്രവും പുരോഗതിയിലേക്ക് കുതിക്കുന്നത്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ വിഷയത്തില്‍ അവര്‍ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്തെ ഒരു മതസാമുദായിക ന്യൂനപക്ഷമാണ്. മുസ്‌ലിംകളെക്കുറിച്ച് വിശദമായി പഠിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ മുസ്‌ലിം സമുദായം നേരിടുന്ന പ്രധാന മൂന്നു പ്രശ്‌നങ്ങള്‍ 1) സ്വത്വം (Identitty), 2) സുരക്ഷ (Security), 3) സമത്വം (Equality) എന്നിവയാണ്.(93) സമുദായത്തിന്റെ സാംസ്‌കാരിക തനിമയോടുകൂടി സ്വത്വം നിലനിര്‍ത്താന്‍ മതാന്തരീക്ഷത്തിലുള്ള വിദ്യാഭ്യാസം അനിവാര്യമാണ്.

 

കുറിപ്പുകള്‍

 1.  പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍, ഡോ. ഡി.ജയദേവദാസ്, രാഷ്ട്രതന്ത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1991,  178.
  2. Article 28(1), 28(2), 28(3) Indian Constitution.
  3. A Padmanabha Iyer, Modern Travancore: A handbook of information, The Sridhara Printing House, Trivandrum, 1941, 100.
  4. M.S James, Political Economy of Educational Initiatives in Kerala, M.G University, 2004, 29. https://hdl.handle/10603/6358.
  5. Antony Kariyil, Church and Society in Kerala: A Sociological Study, Intercultural Publications, New Delhi, 1995, 46.
  6. Bardwell L.Smith, Religion and social conflict in South Asia, Leiden, E. J. Brill, Netherlands, 1976, 32.
  7. M.S James, Political Economy of Educational Initiatives, 36.
  8. Sasidharan Nair P, Social Context of the Educational System, A study of school education in Kerala. University of Kerala 1981, 225. http://hdl.handle.net/10603/168562.
  9. P K Michael Tharakan, Socio-Economic Factors in Educational Development. Case of Nineteenth Century Travancore. Economic and Political Weekly, Vol. XIX, No. 45, Nov. 10, 1984, Page 1915.
  10. Ibid, Economic and Political Weekly, Vol. XIX, No. 46, Nov. 17, 1984, Page 1961.
  11.Ibid.
  12. രാമകൃഷ്ണന്‍ മണേക്കര, മലയാളി മെമ്മോറിയല്‍-ഈഴവ മെമ്മോറിയല്‍, ഹരിതം ബുക്‌സ്, കോഴിക്കോട്, 2019, 20.
  13. എ.അബ്ബാസ് സേട്ട്, സംവരണം ചരിത്രവും പോരാട്ടവും, മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, തിരുവനന്തപുരം, 2012, 29.
  14. എം.കെ സാനു, ഡോ. പി.പല്‍പു, ധര്‍മബോധത്തില്‍ ജീവിച്ച കര്‍മയോഗി, ഗ്രീന്‍ ബുക്‌സ്, തൃശൂര്‍, 2013, 70.
  15. എ.അബ്ബാസ് സേട്ട്, സംവരണം ചരിത്രവും പോരാട്ടവും, 52; എം.കെ സാനു, ഡോ. പി.പല്‍പു, ധര്‍മബോധത്തില്‍ ജീവിച്ച കര്‍മയോഗി, 116.
  16. എം.കെ സാനു, ഡോ. പി.പല്‍പു, ധര്‍മബോധത്തില്‍ ജീവിച്ച കര്‍മയോഗി, 112-125.
  17. M.S James, Political Economy of Educational Initiatives, 59-61.
  18. ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഭാരതകേസരി മന്നത്ത് പത്മനാഭന്‍, സാഹിത്യപ്രവര്‍ത്തന സഹകരണസംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2011, 41.
  19. Ibid, 82-91.
  20. ടി.എച്ച്.പി ചെന്താരശ്ശേരി, അയ്യങ്കാളി, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 2013, 28-30.
  21. Ibid, 32-33.
  22. Ibid, 58-59.
  23. M.S James, Political Economy of Educational Initiatives, 63.
  24. George Mathew, Communal Road to a Secular Kerala, Concept Publishing Co., 1989, 55.
  25. Ibid, 59-60.
  26. Sasidharan Nair P, Social Context of the Educational System, A study of school education in Kerala.
  27. Nazeer P, History of muslim educational institutions in Kerala during 20th century, University of Kerala, 2011. http://hdl.handle.net/10603/8473.
  28. Ibid, 130.
  29. കാതിയാളം അബൂബക്കര്‍, കേരളീയ നവോത്ഥാനവും മണപ്പാടനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013.
  30. ഡോ. ടി.ജമാല്‍ മുഹമ്മദ്, സ്വദേശാഭിമാനി വൈക്കം മൗലവി, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 2010, 83-84.
  31. Ibid, 87.
  32. Ibid, 91-92.
  33. Ibid.
  34. പി.ഗോവിന്ദപ്പിള്ള, മതാചാര്യര്‍ മതനിഷേധികള്‍, കേരള നവോത്ഥാനം രണ്ടാം സഞ്ചിക, ചിന്ത പബ്ലിക്കേഷന്‍സ്, 2014, 51.
  35. Ibid, 52.
  36. Ibid, 53.
  37. Ibid, 54.
  38. Prof. U.Mohammad, Educational Empowerment of Kerala Muslims: A Socio-historical Perspective. Other Books, Calicut, 2007, 59.
  39. Ibid 56.
  40. കാതിയാളം അബൂബക്കര്‍, കേരളീയ നവോത്ഥാനവും മണപ്പാടനും, 74-79.
  41. Nazeer P, History of muslim educational institutions in Kerala during 20th century, 146. quoted from Mathrubhumi Newspaper 29th May 1926.
  42. Ibid, quoted from Mathrubhumi Newspaper 18th May 1926.
  43. Ibid, 145-146, quoted from Al-Murshid, Vol. 1, No. 2, March 1935.
  44. കാതിയാളം അബൂബക്കര്‍, കേരളീയ നവോത്ഥാനവും മണപ്പാടനും, 100.
  45. റോളണ്ട് ഇ.മില്ലര്‍, മാപ്പിള മുസ്‌ലിംകള്‍, Other Books, 2013, 203.
  46. Ibid.
  47. Cochin Legislative Council proceedings, Thursday 14 of August 1930, 1771.
  48. Cochin Legislative Council proceedings, Friday 1st of August 1930, 1118.
  49. Cochin Legislative Council proceedings, Frday 15 of August 1930, 1882.
  50. Cochin Legislative Council proceedings, 16 of February 1931, 549-551.
  51. Ibid.
  52. Cochin Legislative Council proceedings, Wednesday 25th March 1931, 1015-1022.
  53. Ibid, 1022-1024.
  54. Cochin Legislative Council proceedings, Tuesday 15th March 1932, 1109-1118.
  55. Ibd, 1118-1123.
  56. എ.അബ്ബാസ് സേട്ട്, സംവരണം ചരിത്രവും പോരാട്ടവും, 8485.
  57. റോളണ്ട് ഇ.മില്ലര്‍, മാപ്പിള മുസ്‌ലിംകള്‍, 204.
  58. Prof. U.Mohammad, Educational Empowerment of Kerala Muslims, 79.
  59. www.meskalladicollege.org/mes-kalladi.php
  60. എ.അബ്ബാസ് സേട്ട്, സംവരണം ചരിത്രവും പോരാട്ടവും, 60.
  61. അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം, ഒരു കൂട്ടം ലേഖകര്‍, ബഹുജന്‍ സാഹിത്യഅക്കാദമി, കോഴിക്കോട്, 2005, 15.
  62. എ.അബ്ബാസ് സേട്ട്, സംവരണം ചരിത്രവും പോരാട്ടവും, 66.
  63. അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം, അവതാരിക.
  64. എ.അബ്ബാസ് സേട്ട്, സംവരണം ചരിത്രവും പോരാട്ടവും, 69-73.
  65. Report of the Administrative Reforms Committee, 1958, 63.
  66. സംവരണപ്രശ്‌നങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളിലൂടെ (ലേഖനസമാഹാരം), ശ്രീനാരായണ കൂട്ടായ്മ, എറണാകുളം, 2001, 90-91.
  67. Ibid, 91-92.
  68. Proceedings of the Kerala Legislative Assembly, Third session-1958, Tuesday the 2nd December 1958, Official Report, Vol. VI – No. 3, 723-726.
  69. ഡോ. കുര്യാസ് കുമ്പളക്കുഴി, വിമോചനസമരം, മീഡിയ ഹൗസ്, Delhi, 201036.
  70. Ibid, 37.
  71. Ibid, 38.
  72. Ibid, 39.
  73. എം.സി വടകര, സി.എച്ച് മുഹമ്മദ് കോയ, രാഷ്ട്രീയ ജീവചരിത്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, കോഴിക്കോട്, 2007, 261.
  74. Proceedings of the Kerala Legislative Assembly, First session-1957 (second meeting), Saturday, the 15th June 1957, Official Report, Vol. I – No. 14, 1240-1241.
  75. ഡോ. കുര്യാസ് കുമ്പളക്കുഴി, വിമോചനസമരം, 103.
  76. Ibid, 103-104.
  77. Ibid.
  78. Ibid, 106-107.
  79. Ibid, 128-129.
  80. Ibid, 129-130.
  81. പി.രാജീവ്, 1957 ഇ.എം.എസ് മന്ത്രിസഭ, ചരിത്രവും രാഷ്ട്രീയവും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2008, 67.
  82. ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഭാരതകേസരി മന്നത്ത് പത്മനാഭന്‍, 229.
  83. Constituent Assembly Of India Debates (Proceedings) – Volume VII, Tuesday, the 30rd November 1948.
  84. Justice K K Narendran Commission report, 70.
  85. Ibid, 76.
  86. Social, Economic and Educational Status of the Muslim Community of India (Sachar Committe) Report, Govt. of India, 2006, 49-86.
  87. SelectedSchool Statistics,  General Education Department, Govt. of kerala.
  88. Infrastructure facilities in Schools 2012 -13, General Education Department, Govt. of kerala.
  89. Survey on unorganized Shools, Economics & Statistics Department, Govt. of kerala.
  90. Ibid.
  91. Constitution Of India, Article 30.
  92. Kerala Education Act,1958 and The Kerala. Education Rules, 1959, Fourth edition, Govt. of kerala. Chapter IV – 18, 23.
  93. Social, Economic and Educational Status of the Muslim Community of India (Sachar Committe) Report, 11.

 

No comments yet.

Leave a comment

Your email address will not be published.