മതപരിത്യാഗിയും വധശിക്ഷയും -2

//മതപരിത്യാഗിയും വധശിക്ഷയും -2
//മതപരിത്യാഗിയും വധശിക്ഷയും -2
ആനുകാലികം

മതപരിത്യാഗിയും വധശിക്ഷയും -2

Print Now
പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ എത്രയോ അമുസ്‌ലിംകള്‍ സര്‍വ്വ സ്വതന്ത്രരായി ജീവിച്ചിരുന്നു. അവരാരും അവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടില്ല. അദ്ദേഹത്തിന്റെ കാലത്തു തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും പലരും ഇസ്‌ലാം ഉപേക്ഷിക്കുകയുമുണ്ടായിട്ടുണ്ട്. അവര്‍ക്കാര്‍ക്കും തന്നെ ക്വുര്‍ആനൊ പ്രവാചകനൊ വധശിക്ഷ വിധിക്കുകയുണ്ടായിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ചില ഉദാഹരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

1. പ്രവാചകാനുചരന്‍ അബുല്‍ ഹുസ്വൈന്റെ(റ) സംഭവം തന്നെ എടുക്കുക. അദ്ദേഹമൊരു അന്‍സ്വാരി അഥവാ മക്കയില്‍ നിന്നും പലായനം ചെയ്തു വന്ന പ്രവാചകാനുചരന്മാര്‍ക്ക് മദീനയില്‍ അഭയവും സഹായവും നല്‍കിയ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാര്‍ ഉണ്ടായിരുന്നു. ശാമില്‍ നിന്നും ഒരു ക്രിസ്ത്യന്‍ കച്ചവടസംഘം മദീനയില്‍ എണ്ണവ്യാപാരത്തിനായി വരികയുണ്ടായി. പ്രസ്ഥുത സംഘം കച്ചവടം കഴിഞ്ഞ് തിരിച്ചു പോകാനിരിക്കെ അബുല്‍ ഹുസ്വൈന്റെ രണ്ടു മക്കളെ ക്രിസ്തു മതത്തിലേക്ക് ക്ഷണിച്ചു. അവര്‍ രണ്ടു പേരും ക്ഷണം സ്വീകരിക്കുകയും കച്ചവട സംഘത്തോടൊപ്പം ശാമിലേക്ക് പോവുകയും ചെയ്തു. അവരുടെ പിതാവ് പ്രവാചകസന്നിധിയില്‍ വന്ന് പരാതിപ്പെടുകയും അവരെ അന്വേഷിക്കുവാനും തിരികെ കൊണ്ടുവരാനും ദൗത്യസംഘത്തെ നിയോഗിക്കുവാനും ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ (സ) അതിനു വിസമ്മതിച്ച് വിശുദ്ധ ക്വുര്‍ആനില്‍ നിന്നും വാചകമോതുകയുണ്ടായി. ‘മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു…’ താബിഈവര്യനായ സുദ്ദി(റ)യില്‍ നിന്നും ഈ വ്യാഖ്യാനം ഇമാം ത്വബ്‌രിയടക്കം പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ദരിക്കുന്നുണ്ട്.

2. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ (റ) പറയുന്നു: ‘നമസ്‌ക്കാരത്തില്‍ തിരിയേണ്ടുന്ന ദിശ അഥവാ ലക്ഷ്യസ്ഥാനമായ ക്വിബ്‌ല മാറ്റപ്പെട്ടപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഇസ്‌ലാം ഉപേക്ഷിക്കുകയുണ്ടായി. ക്വിബ്‌ല മാറ്റം, ജനങ്ങളെ അല്ലാഹു പരീക്ഷിച്ച വമ്പിച്ച പരീക്ഷണമായിരുന്നു.

അല്ലാഹു പറഞ്ഞു: ‘ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കു സാക്ഷിയാകാനും. നീ നേരത്തെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ക്വിബ്‌ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്‍മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അത് ഏറെ പ്രയാസകരമായിരുന്നു; ദൈവിക മാര്‍ഗദര്‍ശനത്തിനര്‍ഹരായവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ ദയാപരനും കരുണാമയനുമാകുന്നു.’ (ബക്വറ:143) (മജ്മൂഉല്‍ ഫതാവാ: 7/278)

‘അല്ലാഹുവിന്റെ ദൂതര്‍ (സ) മദീനയില്‍ വന്ന് പതിനാറ് മാസം ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നമസ്‌കരിച്ചിരുന്നത്, ശേഷം കഅ്ബയിലേക്ക് തിരിക്കപ്പെട്ടു’ (മുസ്‌നദു അഹ്‌മദ്: 4/357) എന്ന് പ്രവാചകാനുചരന്മാരില്‍ നിന്നുമുള്ള നിവേദനങ്ങള്‍ നമുക്ക് കാണാം. അഥവാ ഹിജറാബ്ദം രണ്ടാം വര്‍ഷം റജബ് മാസത്തിലായിരുന്നു ക്വിബ്‌ല മാറ്റം സംഭവിക്കുന്നത്. (ഫത്ഹുല്‍ബാരി: 1/97, താരീഖു ത്വബ്‌രി:2/416)

ഹിജ്‌റ രണ്ടാം വര്‍ഷമാണ് ക്വിബ്‌ല മാറ്റം എന്നതിനര്‍ഥം മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായി കഴിഞ്ഞിട്ടാണ് സംഭവം നടക്കുന്നത് എന്നാണല്ലൊ. എന്നിട്ടും ഈ മതപരിത്യാഗികള്‍ക്ക് പ്രവാചകന്‍ വധശിക്ഷ നടപ്പാക്കിയതിന് യാതൊരു രേഖയുമില്ല. അവരുടെ മതപരിത്യാഗത്തെ പറ്റി ക്വുര്‍ആനില്‍ വചനമവതരിച്ചെങ്കിലും അവര്‍ക്കുള്ള ശിക്ഷാവിധിയെ പറ്റി ഒരു വാക്കു പോലും ആ വിശുദ്ധ വചനത്തില്‍ കാണാന്‍ സാധ്യമല്ല.

3. അറബീ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് പുരോഹിതന്മാര്‍ ഇസ്‌ലാമില്‍ നിന്നും ജനങ്ങളെ വിരക്തരാക്കാന്‍ ഒരു പുതിയ തന്ത്രം ആവിഷ്‌ക്കരിച്ച ഒരു ചരിത്രമുണ്ട്. ആദ്യം ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിക്കുക. ശേഷം ഇസ്‌ലാം തെറ്റാണെന്ന് മനസ്സിലാക്കി അതില്‍ നിന്നും വിട പറയുന്നതായും പ്രഖ്യാപിക്കുക. ഇപ്രകാരം ചെയ്യുമ്പോള്‍ ഈ പുരോഹിതന്മാരുടെ നിലപാടില്‍ സത്യസന്ധതയുണ്ടെന്ന് തന്ത്രമറിയാത്തവര്‍ ധരിച്ചേക്കും.

അങ്ങനെ വഞ്ചിതരായവര്‍ ഇസ്‌ലാം ഉപേക്ഷിച്ച് നമ്മുടെ മതത്തിലേക്ക് പോന്നേക്കാം. ഇതായിരുന്നു ആ പന്ത്രണ്ട് പുരോഹിതന്മാര്‍ ചിന്തിച്ചുണ്ടാക്കിയ പുതിയ കൗശലം. (ഇമാം സുദ്ദി (റ) യില്‍ നിന്നും ത്വബ്‌രി ഈ സംഭവം തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തുന്നുണ്ട്: 5/496) പക്ഷെ ക്വുര്‍ആന്‍ ഈ കുതന്ത്രത്തെ ലോകര്‍ക്ക് മുമ്പില്‍ തുറന്നു കാണിച്ചു:

‘വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: ‘ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലറുതിയില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം.’ (ആലു ഇംറാന്‍:72) എന്നാല്‍ അതേ ക്വുര്‍ആന്‍ അവര്‍ക്ക് ഭൗതികമായ ശിക്ഷാനടപടികളൊന്നും മുന്നോട്ട് വെച്ചതുമില്ല.

ഈ ചരിത്രങ്ങളും ക്വുര്‍ആന്‍ വചനങ്ങളും പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തില്‍ നിലനിന്നിരുന്ന ആദര്‍ശ സഹിഷ്ണുതയേയും ഇസ്‌ലാമിക രാഷ്ട്രത്തില്‍ കളിയാടിയിരുന്ന മത സ്വാതന്ത്ര്യത്തേയും തെളിയിക്കുന്നു. ഒപ്പം ആദര്‍ശ മാറ്റത്തെ ഇസ്‌ലാം ഒരിക്കലും ഭയപ്പെട്ടിരുന്നില്ല എന്നും മനസ്സിലാക്കി തരുന്നു. മത പരിത്യാഗികള്‍ക്ക് അവരുടെ ആദശമാറ്റത്തിന്റെ പേരില്‍ യാതൊരുവിത അച്ചടക്ക നടപടികളും ഇസ്‌ലാമിക പ്രമാണങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ല എന്നു മാത്രമല്ല പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കിരാതവും അന്ധകാര നിബിഢവുമായ ഒരു കാലഘട്ടത്തില്‍ മനുഷ്യാവകാശത്തിന്റെ ഉദാത്തമായ സന്ദേശം ലോകത്തിനു മുന്നില്‍ ധീരമായി ഉല്‍ഘോഷിച്ച ഒരു മതമായിരുന്നു ഇസ്‌ലാം എന്നും നമുക്ക് ബോധ്യമാകുന്നു.

പ്രവാചക കാലഘട്ടത്തില്‍ ചില മതപരിത്യാഗികള്‍ക്ക് അവരുടെ ‘രാജ്യദ്രോഹ കുറ്റത്തിന്’ ഇസ്‌ലാമിക ഭരണകൂടം വധശിക്ഷ നടപ്പാക്കിയതിനെ ചില ഇസ്‌ലാം വിമര്‍ശകര്‍ മതപരിത്യാഗത്തിനുള്ള ശിക്ഷയായി ദുര്‍വ്യാഖ്യാനിക്കാറുണ്ട്. അതിനെപറ്റിയുള്ള ചര്‍ച്ചയിലേക്ക് ഒരു ആമുഖത്തോടെ പ്രവേശിക്കാം.

ഒരാളുടെ വിശ്വാസവും രാജ്യത്തിന്റെ രാഷ്ട്രീയവും ഒരു നിലക്കും ബന്ധപ്പെട്ടു കിടക്കാത്ത ആധുനീക സാമൂഹിക രാഷ്ട്രീയ വ്യവസ്ഥക്കുള്ളില്‍ നിന്ന് മാറി വേണം പതിനാല് നൂറ്റാണ്ട് മുമ്പുള്ള ഒരു സാമൂഹിക രാഷ്ട്രീയ വിഷയത്തെ ചര്‍ച്ച ചെയ്യാന്‍ നാം തുനിയേണ്ടത്. അതുകൊണ്ട് തന്നെ ആമുഖമായി പ്രവാചക കാലഘട്ടത്തിലെ തന്നെ ഒരു ചരിത്ര സംഭവം ഉദ്ദരിക്കട്ടെ:

തബൂക് യുദ്ധത്തില്‍ നിന്ന് കാരണങ്ങള്‍ ഒന്നും കൂടാതെ വിട്ടു നിന്ന മൂന്ന് പ്രവാചകാനുചരന്മാരുടെ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആനിലെ തൗബ എന്ന അദ്ധ്യായത്തില്‍. പ്രവാചക കാലത്തെ പ്രബല രാഷ്ട്രമായ റോം മുസ്‌ലിംകളോട് യുദ്ധം ചെയ്യാന്‍ ഒരു വന്‍ സൈന്യത്തെ അയക്കാന്‍ ഇരിക്കെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ വെച്ചു തന്നെ അതിന് തടയിടാന്‍ ആയിരുന്നു തബൂക് യുദ്ധ സൈന്യത്തെ പ്രവാചകന്‍ സജ്ജമാക്കിയത്. പതിവു പോലെ പ്രവാചകാനുചരന്മാരെല്ലാം സൈന്യത്തില്‍ അംഗങ്ങളായി ചേര്‍ന്നു. എന്നാല്‍ വ്യക്തമായ കാരണങ്ങള്‍ ഒന്നും കൂടാതെ മൂന്ന് പ്രവാചകാനുചരന്മാര്‍ യുദ്ധത്തില്‍ നിന്ന് പിന്തി നില്‍ക്കുകയുണ്ടായി. കഅ്ബുബ്‌നുമാലിക്, ഹിലാലുബ്‌നു ഉമയ്യ, മുറാറത്തുബ്‌നു റബീഅ് (റ) എന്നീ അന്‍സ്വാരീ സ്വഹാബികളായിരുന്നു പ്രസ്തുത മൂന്നുപേര്‍. അസന്നിഗ്ദഘട്ടത്തില്‍ മുസ്‌ലിംകളെ കയ്യൊഴിഞ്ഞു എന്നതിനാല്‍ മുസ്‌ലിംകള്‍ ഈ മൂന്നു പേര്‍ക്കെതിരെയും ബഹിഷ്‌കരണം ഏര്‍പ്പെടുത്തുകയുണ്ടായി. ഭൂമി അവര്‍ക്ക് കുടുസ്സായി തോന്നുവോളം ആ ബഹിഷ്‌കരണം അവരെ അലട്ടി. അവര്‍ പശ്ചാത്താപ വിവശരാവുകയും അല്ലാഹുവോട് മനോവ്യഥയോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വചനം ഇറക്കുകയും ചെയ്തു.

‘പിന്നേക്ക് വെക്കപ്പെട്ടവരായ (ആ) മൂന്നാളുടെ പേരിലും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു); ഭൂമി വിശാലമായതോടെ (തന്നെ) അതവര്‍ക്ക് ഇടുങ്ങി(യതായി തോന്നി)പ്പോകുന്നതുവരെയും, തങ്ങളുടെ മനസ്സുകള്‍ തങ്ങള്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവില്‍ നിന്ന് (രക്ഷക്ക്) അവങ്കലേക്കല്ലാതെ (വേറെ) ആശ്രയസ്ഥാനമില്ലെന്ന് അവര്‍ കരുതുകയും ചെയ്യുന്നത് (വരെയും അവര്‍ ക്ലേശമനുഭവിച്ചു) (അതെ, എന്നിട്ട്) പിന്നെഅവര്‍ (പശ്ചാത്തപിച്ചു) മടങ്ങുവാന്‍ വേണ്ടി അവന്‍ അവരുടെമേല്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അല്ലാഹു തന്നെയാണ് വളരെ (കനിഞ്ഞു) മടങ്ങുന്നവനും, കരുണാനിധിയുമായുള്ളവന്‍.’ (തൗബ :118)

സംഭവത്തെ പറ്റി കഅ്ബുബ്‌നുമാലിക് (റ) പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്. ‘…അങ്ങനെ, നബി(സ)യും മുസ്‌ലിംകളും ഒരുക്കങ്ങള്‍ ചെയ്തു. ഞാന്‍ ഒരുങ്ങുവാന്‍ ശ്രമിച്ചും പിന്നോക്കം വെച്ചും ഒരു തീരുമാനവുമെടുക്കാതെകഴിഞ്ഞുകൂടി. റസൂല്‍ തിരുമേനിയും ജനങ്ങളും യാത്ര തുടങ്ങി. അപ്പോഴും ഞാന്‍ വാഹനം കയറി പുറപ്പെട്ടെങ്കിലോ എന്നുദ്ദേശിച്ചു. അയ്യോ! അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ എത്ര നന്നായേനേ! പക്ഷേ, അതിന് വിധിയുണ്ടായില്ല! റസൂല്‍ പുറപ്പെട്ടുപോയതില്‍പിന്നെ, പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ കപടവിശ്വാസത്തിന്റെ ആക്ഷേപത്തിനു വിധേയരായ ആളുകളെ, അല്ലെങ്കില്‍ അല്ലാഹു ഒഴികഴിവ് അനുവദിച്ചുകൊടുത്തിട്ടുള്ള ദുര്‍ബ്ബലരായ ആളുകളെ അല്ലാതെ എനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല…’

കഅ്ബിന്റെ ഈ വിശദീകരണത്തില്‍ നിന്നും നാം മനസ്സിലാക്കുന്ന വസ്തുതകള്‍ ഇപ്രകാരം ചുരുക്കി എഴുതാം:

1. പ്രവാചകന്റെ കാലത്തുള്ള യുദ്ധങ്ങളില്‍ മുഴുവന്‍ മുസ്‌ലിംകളും പങ്കെടുത്തിരുന്നു, അഥവാ ഇസ്‌ലാമിക സമൂഹത്തിലെ സര്‍വരും ആ സമൂഹത്തിന്റെ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ സംരക്ഷകരും, സൈനികരും, യുദ്ധ നയതന്ത്രജ്ഞരും, രാഷ്ട്ര നിര്‍മിതിയിലെ അംഗങ്ങളുമായിരുന്നു എന്നാണ്. അതുകൊണ്ടാണല്ലോ വിട്ടുനിന്ന മൂന്നു പേരുടെ അസാന്നിധ്യം ഖുര്‍ആനിലെ ഒരു ചര്‍ച്ചാ വിഷയം ആകുന്നത്.

2. കപട വിശ്വാസികള്‍, സ്ത്രീകള്‍, ദുര്‍ബലര്‍, ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്‌ലിംകള്‍, പ്രത്യേക ദൗത്യം ഏൽപിക്കപ്പെട്ട സംഘങ്ങള്‍ തുടങ്ങിയവര്‍ അല്ലാത്ത ഏവരും യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നു എന്നും നമുക്ക് മനസ്സിലാക്കാം.

ഈ ഒരു ആമുഖത്തിലൂടെ ആയിരിക്കണം മതപരിത്യാഗികള്‍ക്ക് അഥവാ മുര്‍ത്തദ്ദുകള്‍ക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രം വധശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വിധിയെ പറ്റി നാം ചര്‍ച്ച ചെയ്യേണ്ടത് എന്ന് തോന്നുന്നു. മുന്‍പ് സൂചിപ്പിച്ചത് പോലെ മുസ്‌ലിം സമൂഹത്തിലെ/ഇസ്‌ലാമിക രാഷ്ട്രത്തിലെ സര്‍വ അംഗങ്ങളും രാഷ്ട്രത്തിന്റെ സംരക്ഷകരും, സൈനികരും, യുദ്ധ നയതന്ത്രജ്ഞരും, രാഷ്ട്ര നിര്‍മിതിയിലെ അംഗങ്ങളുമായിരുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ ജീവിക്കുന്ന ജിസ്‌യ നല്‍കുന്ന അമുസ്‌ലിംകളുടെ സംരക്ഷണ ഉത്തരവാദിത്വം പോലും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയായിരുന്നു എന്നു കൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. അതുകൊണ്ടു തന്നെ രാഷ്ട്ര-രാഷ്ട്രീയ-സൈനികഭരണ കാര്യങ്ങളുടെയെല്ലാം കാവലാളുകളും സൂക്ഷിപ്പുകാരുമായ ഒരു മുസ്‌ലിം തന്റെ മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് മാറുമ്പോള്‍ സാധാരണഗതിയില്‍ നടക്കുന്നത് കേവല ആദര്‍ശ മാറ്റമല്ല. മറിച്ച് ഒരു രാഷ്ട്രത്തിന്റെ നയതന്ത്ര രഹസ്യങ്ങളെല്ലാം അറിയുന്ന ഒരാള്‍ മറ്റൊരു രാഷ്ട്രത്തിലേക്ക് കൂറും കൂടും മാറുന്നത് പോലെയാണ്. അഥവാ അക്കാലഘട്ടത്തിലെ സവിശേഷ സാമൂഹിക രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ഒരു മതപരിത്യാഗി സാധാരണഗതിയില്‍ കേവല ആദര്‍ശ മാറ്റക്കാരനല്ല, സാമൂഹിക വഞ്ചകനും രാജ്യദ്രോഹിയുമായി മാറുകയാണ് പതിവ്. ഇതിന് അപവാദമായി കേവല ആദര്‍ശമാറ്റക്കാരുണ്ടാകാം, അവര്‍ക്കാര്‍ക്കും പ്രവാചകന്‍ (സ) വധശിക്ഷ വിധിച്ചിട്ടുമില്ല.

മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍ കേവല മതം മാറ്റക്കാരന് ഒരു ഇസ്‌ലാമിക രാഷ്ട്രം വധശിക്ഷനല്‍കണമെന്ന് ഇസ്‌ലാം പറയുന്നില്ല, മതം മാറ്റത്തോടൊപ്പം സമൂഹത്തിനും രാഷ്ട്രത്തിനും ദ്രോഹം ചെയ്യുക എന്നതു കൂടി സംഭവിക്കുന്നുവെങ്കില്‍ മാത്രമേ ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ വധശിക്ഷക്ക് അയാള്‍ അര്‍ഹനായി തീരുന്നുള്ളൂ. രാജ്യദ്രോഹപരമായ അപരാധങ്ങള്‍ക്കോ യുദ്ധ-കലാപ കുറ്റങ്ങള്‍ക്കോ വധശിക്ഷ നല്‍കുക എന്നുള്ളത് സാമൂഹിക നൈതികതയുടെ ഭാഗമാകുന്നുണ്ട്. (ഈ ശിക്ഷാനടപടി തന്നെ ഭരണകൂടം അല്ലെങ്കില്‍ രാഷ്ട്രത്തിലെ നിയമവ്യവസ്ഥയിലൂടെ ആയിരിക്കണം നടപ്പിലാക്കേണ്ടത്, വ്യക്തികള്‍ക്ക് നിയമം കയ്യാളാന്‍ അവകാശമില്ല എന്ന് ഇസ്‌ലാമിക പ്രമാണങ്ങളും മുസ്‌ലിം കര്‍മ്മശാസ്ത്ര പണ്ഡിതരും ഖണ്ഡിതമായി പറയുന്നുണ്ട് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഹനഫീ (ബദാഇഉ സ്വനാഇഅ്:7/57), മാലിക്കീ (മവാഹിബുല്‍ ജലീല്‍:3/358), ശാഫിഈ (ഇആനത്തു ത്വാലിബീന്‍:4/157), ഹമ്പലീ (മുഗ്‌നി:9/8) കര്‍മ്മ ശാസ്ത്ര മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായവും ഇതു തന്നെയാണ്. ഇവ്വിഷയകമായി ലോക മുസ്‌ലിംകളുടെ ഏകോപനത്തെ ഇത് സൂചിപ്പിക്കുന്നു.)

(തുടരും)

No comments yet.

Leave a comment

Your email address will not be published.