മതത്തിന് ഭീതി പടര്‍ത്താനാവില്ല

//മതത്തിന് ഭീതി പടര്‍ത്താനാവില്ല
//മതത്തിന് ഭീതി പടര്‍ത്താനാവില്ല
തിരുമൊഴി

മതത്തിന് ഭീതി പടര്‍ത്താനാവില്ല

അബൂ മസ്ഊദ് (റ) നിവേദനം. ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നു. അദ്ദേഹത്തോടു സംസാരിക്കവെ ഭയംകൊണ്ട് അയാളുടെ ശരീരം വിറക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രവാചകന്‍ (സ) അയാളോടു പറഞ്ഞു: ‘സമാധാനിക്കൂ, (ഭയപ്പെടേണ്ട) ഞാന്‍ ഒരു രാജാവല്ല, ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ പുത്രന്‍ മാത്രമാണ്.’ (ഇബ്‌നു മാജ: 3312)

‘ഭീകരത’യ്ക്ക് (Terrorism) നിര്‍വചനങ്ങള്‍ പലരും പലയിടത്തും പലരീതിയിലും പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ‘ഭയവും ഭീതിയും’ സൃഷ്ടിക്കുകയെന്നത് അതിന്റെ പ്രകൃതിപരമായ അടയാളമാണെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയമോ മതപരമോ തത്വശാസ്ത്രപരമോ സാമൂഹികമോ ആയ ഏതു ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആയിരുന്നാലും ഹിംസാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ, ഭീതിയുടെ സാഹചര്യം സൃഷ്ടിക്കുന്നവരാണ് ‘ഭീകരര്‍’. ‘Terrorism’ എന്ന പദം വ്യുല്‍പന്നമായത് ഫ്രഞ്ച് ലാറ്റില്‍ പദങ്ങളില്‍ നിന്നാണ് (terrorisme, terror); രണ്ടും സൂചിപ്പിക്കുന്നത് ‘മഹാഭീതി’ എന്ന അര്‍ത്ഥമാണ്. 1798ലാണ് ഇംഗ്ലീഷ് നിഘണ്ടുക്കളിലേക്ക് terrorism എന്ന പദം ആദ്യമായി ചേര്‍ക്കപ്പെ ടുന്നത്; ഒരു നയമെന്ന നിലയില്‍ ഭീകരതയെ വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തുക’ എന്നതായിരുന്നു നല്‍കപ്പെട്ട വിവക്ഷ. ലോകത്തെമ്പാടുമുള്ള ഭീകരസംഘടനകളെ ആസകലം വ്യതിരിക്തമാക്കുന്ന ഘടകവും അതുതന്നെ. കൊന്നും കൊലവിളിച്ചും, ആയുധങ്ങളും അറുകൊലകളും സമൂഹമധ്യേ പ്രചരിപ്പിച്ചും ഭീകരാന്തരീക്ഷം നിലനിര്‍ത്താതെ അവക്കും നിലനില്‍പ്പില്ല. എന്നാല്‍ പ്രവാചകനാകട്ടെ ഭീതിയും ഭയവും സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യാനാഗ്രഹിക്കുന്നു. തന്റെ മുമ്പില്‍ ഭയത്താല്‍ വിറക്കുന്ന മനുഷ്യനോട് ‘ഉണക്കമാംസം തിന്നിരുന്ന ഒരു സ്ത്രീയുടെ പുത്രനായ സാധാരണ മനുഷ്യനാണ് ഞാന്‍’ എന്നുപറയുകവഴി അയാളെ ആശ്വസിപ്പിക്കുന്നു. നിര്‍ഭയത്വം അയാളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, ഭീതിലവലേശം ബാക്കിവെക്കാത്തവിധം സ്‌നേഹോഷ്മ ളമായി സംവദിക്കുന്നു. അദ്ദേഹം ഭരിച്ചിരുന്ന ‘ഇസ്‌ലാമിക് സ്റ്റേറ്റില്‍ ഒരു മതക്കാരനും വിഭാഗക്കാരനും ഗോത്രക്കാരനും അനീതിയേയോ അക്രമത്തേയോ ഭയപ്പെട്ടില്ല. പ്രവാചകപത്‌നി ആയിശ(റ)യുടെ അടുക്കല്‍ ജൂതസ്ത്രീകള്‍ വന്നിരുന്ന് സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ വൃദ്ധരായ രണ്ടു ജൂതസ്ത്രീകള്‍ ആയിശ(റ)യോട് പറഞ്ഞു, ‘(മരണാനന്തരം ശ്മശാനങ്ങളില്‍) മറമാടപ്പെട്ടവര്‍ തങ്ങളുടെ കുഴിമാടങ്ങളില്‍ (പാപകാരണങ്ങളാല്‍) ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.’ ആയിശ (റ) അക്കാര്യം വിശ്വസിച്ചില്ല. പ്രവാചകന്‍ (സ) വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അക്കാര്യത്തെപ്പറ്റി ചോദിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ), അവര്‍ പറഞ്ഞത് സത്യമാണെന്നു പ്രതികരിച്ചു. (മുസ്‌ലിം: 586) പ്രവാചകന്റെ വീട്ടില്‍ പ്രവേശിക്കുന്തോ അദ്ദേഹത്തിന്റെ ഭാര്യയോടൊത്ത് അടുക്കളയില്‍ സല്ലപിച്ചിരിക്കുന്നതോ ആ നാട്ടിലെ ജൂതസ്ത്രീകള്‍ ഭയപ്പെട്ടില്ല. എന്തിനധികം, അവരുടെ മതവിശ്വാസത്തെ സംബന്ധിച്ചുപോലും പ്രവാചകപത്‌നിയോടു സംവദിക്കു ന്നതിലും അവര്‍ക്കൊട്ടും ഭീതിയുമുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞ അവരുടെ മതവിശ്വാസങ്ങളില്‍ ശരിയായവ പ്രവാചകന്‍ (സ) സത്യപ്പെടുത്തുന്നു! എങ്കില്‍ ആ നാട്ടില്‍ നിലനിന്നിരുന്ന നിര്‍ഭയത്വവും സമാധാനാന്തരീക്ഷവും എത്ര മാതൃകാപരം.

പ്രവാചകന്‍ (സ) ഭരിച്ചിരുന്ന ‘ഇസ്‌ലാമിക് സ്റ്റേറ്റില്‍ വ്യക്തിനിയമങ്ങളിലുള്ള സ്വാതന്ത്ര്യത്തിനുമപ്പുറം ക്രിമിനല്‍ നിയമങ്ങളിലും അമുസ്‌ലിംകള്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിനുകീഴില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം പന്നിമാംസം ഭക്ഷിക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടുമെങ്കിലും ഒരു അമുസ്‌ലിം മദ്യപിക്കുകയോ പന്നിമാംസം ഭക്ഷിക്കുകയോ ചെയ്താല്‍ അതവരുടെ മതത്തില്‍ നിഷിദ്ധമല്ലാത്തതുകൊണ്ട് ശിക്ഷിക്കപ്പെടുകയില്ലെന്നും അതിനവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടെന്നും (ഇജ്മാഅ്) ഇമാം ത്വഹാവി പറയുന്നുണ്ട് (ഇഖ്തിലാഫുല്‍ ഫുഖഹാഅ്: 283). ഒരു അമുസ്‌ലിം വ്യഭിചരിക്കുന്നതും ഇതിനോടു ചേര്‍ത്തുവായിക്കണമെന്ന് ഇമാം മാലിക് (റ) പറയുന്നു (അത്തംഫീദ്: 14/392, അല്‍ മുഹല്ലാ: 9/118). പ്രവാചകസന്നിധിയിലേക്ക് വ്യഭിചരിച്ച ഒരു സ്ത്രീയെയും പുരുഷനെയും അന്നാട്ടിലെ ജൂതര്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ വേദഗ്രന്ഥമായ ‘തൗറാത്ത്’ കൊണ്ടുവരാനും അതില്‍ അനുശാസിക്കപ്പെട്ട ശിക്ഷാവിധി സ്വീകരിക്കുവാനുമാണ് അദ്ദേഹം (സ) കല്‍പിച്ചത്. (നൈലുല്‍ ഔത്വാര്‍ 7:111, 3098). അഥവാ തങ്ങളുടെ പൈതൃകങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ സ്വത്വത്തെയോ അടിയറവുവെച്ച് ഒരു രണ്ടാംകിട പൗരനായി ജീവിക്കേണ്ട ദയനീയത ഒരു യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹത്തില്‍ ആര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. അനീതിയിലധിഷ്ഠിതമായ നിയമങ്ങള്‍കൊണ്ടോ ശിക്ഷാവിധികള്‍ കൊണ്ടോ ഒരു സമൂഹമോ ഒരു പൗരനോ പ്രവാചകനാല്‍ നയിക്കപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റില്‍ അടിച്ചമര്‍ത്തപ്പെട്ടില്ല എന്നര്‍ത്ഥം.

മതമോ ആദര്‍ശമോ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും (ക്വുര്‍ആന്‍ 2:256) ഇഷ്ടമുള്ള ജീവിതമാര്‍ഗം സ്വീകരിക്കുവാന്‍ മനുഷ്യന് ഇച്ഛാസ്വാത ന്ത്ര്യമുണ്ടെന്നും (ക്വുര്‍ആന്‍ 76:3, 90:10) അതിനാല്‍ തന്നെ നിര്‍ബന്ധ മത-ആദര്‍ശ പരിവര്‍ത്തനത്തിന് അധികാരമുപയോഗപ്പെടുത്തരു തെന്നും (ക്വുര്‍ആന്‍ 10:99) ഉള്ള വിശുദ്ധ ക്വുര്‍ആനിന്റെ ശാസനകളുടെ പ്രാവര്‍ത്തിക മാതൃകയായിരുന്നു ഇസ്‌ലാമിക രാഷ്ട്രം. ഒരിക്കല്‍ തന്റെ അടുക്കല്‍ സംസാരിക്കുവാനായി വന്ന ക്രിസ്തുമത വിശ്വാസിയായ ഒരു വൃദ്ധയെ ഖലീഫ ഉമര്‍ (റ) ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയുണ്ടായി. അവര്‍ പറഞ്ഞു, ‘ഞാന്‍ ഒരു കിളവിയാണ്, മരണമെന്റെ അടുത്തെത്താറായി. ഇനി ഈ മതം (ക്രിസ്തുമതം) ഉപേക്ഷിക്കാനെനിക്ക് താല്‍പര്യമില്ല.’ ഉമര്‍ അവരെ അതിനു നിര്‍ബന്ധിച്ചില്ലെന്നു മാത്രമല്ല വിശുദ്ധ ക്വുര്‍ആനിലെ ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ (2:256) എന്ന വാക്യം ഉരുവിടുകയും ചെയ്തു (കിതാബുന്നാസിഅ് വല്‍ മന്‍സൂഖ്).

നജ്‌റാന്‍കാരനായ ക്രിസ്ത്യാനികളുമായി പ്രവാചകന്‍ (സ) ഉണ്ടാക്കിയ ഉടമ്പടയില്‍ മതസ്വാതന്ത്ര്യവും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും അതിന്റെ പരമകാഷ്ടയിലെത്തിയിരുന്നുവെന്ന് തെളിയിക്കുന്നു. ”അവരുടെ അവകാശങ്ങളോ ജീവിതരീതിയോ അവര്‍ നിലനിന്നിരുന്നതില്‍ നിന്നും ഒരു മാറ്റത്തിനും വിധേയമാക്കപ്പെടില്ല. പണ്ഡിതപുരോഹിതന്‍മാരും മാറ്റത്തിനു വിധേയമാകില്ല. പ്രതികാരനടപടികളോ നിന്ദ്യതയോ അവര്‍ക്കു മേലുണ്ടാകില്ല…. അവര്‍ ഒരുമിച്ചു കൂട്ടപ്പെടുകയോ അപമാനിക്കപ്പെടുകയോ അവരുടെ നാട്ടില്‍ മുസ്‌ലിം സൈന്യം വിന്യസിക്കപ്പെടുന്ന അവസ്ഥയോ ഉണ്ടാകില്ല…” (സുബുലുല്‍ ഹുദാ വര്‍റശാദ് 6:420) മറ്റു മതസ്ഥര്‍ സ്വന്തം അസ്തിത്വവും വ്യക്തിത്വവും ഇസ്‌ലാമിക രാഷ്ട്രത്തിനും ഭരണാധികാരികള്‍ക്കും മുമ്പില്‍ അടിയറവു വെക്കാതെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടാതെയും ജീവിക്കാനുള്ള ഭൂമിക സൃഷ്ടിക്കുകയായിരുന്നു പ്രവാചകശ്രേഷ്ഠന്‍ ചെയ്തത്. ഭയത്തിന്റെയും ഭീതിയുടെയും ഒരു കണിക പോലും അവശേഷിക്കാത്തവിധം തന്റെ രാഷ്ട്രത്തിനുകീഴില്‍ അവരും -മത, ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ- ജീവിക്കണമെന്നും അദ്ദേശം ശഠിച്ചു. ‘ഞാനും നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യസ്ത്രീയുടെ പുത്രനാണ്’ എന്നുപറയുക വഴി മനുഷ്യത്വത്തെ അതിന്റെ ഉജ്ജ്വല പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു അദ്ദേഹം; ഭീകരതയെ തമസ്‌കരിക്കുകയും.

print

1 Comment

  • MashaAllah

    Khallelulla 07.04.2019

Leave a comment

Your email address will not be published.