മതം, യുക്തിവാദം, ധാര്‍മികത

//മതം, യുക്തിവാദം, ധാര്‍മികത
//മതം, യുക്തിവാദം, ധാര്‍മികത
വായനക്കാരുടെ സംവാദം

മതം, യുക്തിവാദം, ധാര്‍മികത

Print Now
മതം
സ്രഷ്ടാവായ ദൈവത്തിന്റെ വിധിവിലക്കുകളനുസരിച്ചുള്ള ജീവിതക്രമമാണ് മതംകൊണ്ട് ഇസ്‌ലാമിക പരിപ്രേഷ്യത്തില്‍ വിവക്ഷിക്കപ്പെടുന്നത്. മതാനുഷ്ഠാന ജീവിതത്തിലൂടെ തന്റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും സമാധാനം കൈവരിക്കാന്‍ സാധിക്കുമെന്നും അതുവഴി താനുമായി ഇടപഴകുന്നവര്‍ക്ക് പ്രസ്തുത സമാധാനവും ശാന്തിയും പകര്‍ന്നു നല്‍കുവാനും മതത്തിലൂടെ മാനവികതയുടെ ഉദാത്തീകരണം സാധിക്കുമെന്നും മതം പഠിപ്പിക്കുന്നു!
അല്ലാഹു പറയുന്നു: ”എന്നില്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ (ആ) എന്റെ സന്മാര്‍ഗത്തെ ആര് പിന്‍പറ്റിയോ, അവര്‍ക്ക് ഭയപ്പെടേണ്ടതില്ല; ദുഃഖിക്കേണ്ടി വരികയുമില്ല.” (ക്വുര്‍ആന്‍ 2:38)
മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവായ ദൈവത്തിന്റെ സന്മാര്‍ഗദര്‍ശനത്തിലൂടെയുള്ള (വിവിധ വിധിവിലക്കുകളിലൂടെയുള്ള) ജീവിതക്രമത്തിലൂടെ മാത്രമേ നിര്‍ഭയത്വവും സമാധാനവും കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഈ വചനം വ്യക്തമാക്കുന്നു.
ദൈവം മനുഷ്യര്‍ക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് സ്വാതന്ത്ര്യം എന്നത്. നന്മ ചെയ്ത് ഉന്നതനാകുവാനും തിന്മ ചെയ്ത് അധമനാകുവാനും മനുഷ്യര്‍ക്ക് സാധിക്കുന്നു. സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ ദൈവിക വിധിവിലക്കുകളനുസരിക്കുമ്പോഴാണ് മാനവിക ഉദാത്തീകരണം സാധ്യമാകുന്നത്. ഒരു കാര്യം നന്മയാണോ തിന്മയാണോയെന്ന് ആത്യന്തികമായി നിര്‍ണയിക്കാന്‍ മനുഷ്യബുദ്ധിക്കോ സമൂഹത്തിനോ ശാസ്ത്രത്തിനോ സാധിക്കുകയില്ലായെന്നത് അവ തന്നെ തെളിയിക്കുന്നതാണ്. ഇവിടെയാണ് മതം പ്രസക്തമാകുന്നത്. മദ്യപിക്കരുത്, വ്യഭിചരിക്കരുത്, വധിക്കരുത് എന്നീ വിലക്കുകളുമായും അനാഥയെ സംരക്ഷിക്കണം, പാവപ്പെട്ടവരെ സഹായിക്കണം, ഏകദൈവത്തെ മാത്രം ആരാധിക്കണം, കുടുംബബന്ധം ചേര്‍ക്കണം, അയല്‍വാസിയെ സ്‌നേഹിക്കണം എന്നീ വിധികളു മായും മതം പ്രത്യക്ഷപ്പെടുന്നു. ചുരുക്കത്തില്‍ ഒരാള്‍ ദൈവികവിധിവിലക്കുകളനുസരിച്ചുള്ള ജീവിതത്തിലൂടെ ഒരു നല്ല മനുഷ്യനാകുന്നു എന്നു സാരം.
യുക്തിവാദം
എന്താണ് യുക്തിവാദമെന്ന് യുക്തിവാദി തന്നെ എഴുതുന്നു. ”മനുഷ്യന്റെ ബുദ്ധിപരമായ വിവേചനശക്തി(reason)യിലുള്ള ശക്തമായ വിശ്വാസമാണ് യുക്തിവാദമെന്നു ഡോ. അംബേദ്കര്‍ പറയുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളോടും മാനുഷിക ബന്ധങ്ങളോടുമുള്ള സമീപനത്തില്‍ ഈ വിശ്വാസം പ്രായോഗികമാക്കുമ്പോഴാണ് ഒരാള്‍ യുക്തിവാദിയാകുന്നത്.” (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലന്‍, പു റം 7)
മനുഷ്യന്റെ ബുദ്ധിപരമായ വിവേചനശക്തിയാണ് യുക്തിവാദിയുടെ വിശ്വാസം! പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളിലും മാനുഷിക ബന്ധങ്ങളിലും ഈ വിശ്വാസം Apply (പ്രയോഗവല്‍ക്കരിക്കുന്നവന്‍) ചെയ്യുന്നവനാണ് യുക്തിവാദിയെന്ന് ഇതിലൂടെ സുതരാം വ്യക്തമാകുന്നു.
ശരി! ധര്‍മാധര്‍മങ്ങളെ വ്യവഛേദിച്ചു മനസ്സിലാക്കാന്‍ മനുഷ്യബുദ്ധിക്ക് സാധിക്കുമോ?
പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളില്‍ മനുഷ്യബുദ്ധിയെന്ന വിശ്വാസം കടന്നുവരുമ്പോള്‍ ദൈവം ഇല്ലാതാകുമോ?
പ്രപഞ്ചത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ മനുഷ്യന് തന്റെ ബുദ്ധികൊണ്ട് സാധിക്കുമോ?
ഇല്ലായെന്നു ശാസ്ത്രം പറയുന്നു. അപ്പോള്‍ ഏതാണ് ശരി?
മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നത് ബുദ്ധിപരമായ വിവേചനശക്തി കൊണ്ടാണോ?
ഇവക്കെല്ലാമുത്തരം ഇല്ലായെന്നതാണെങ്കില്‍ യുക്തിവാദത്തിന് എന്ത് പ്രസക്തിയാണുള്ളത്!
ഇവിടെയാണ് മതം ഇടപെടുന്നത്. മനുഷ്യന് ബുദ്ധിയുള്ളതുപോലെ ആത്മാവുമുണ്ടെന്ന് മതം പഠിപ്പിക്കുന്നു. പ്രസ്തുത ആത്മാവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്; കേവലം ബുദ്ധി മാത്രമല്ല! എന്നാല്‍ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുകയും അതിനെ വിശ്വാസമായി കാണുകയും ചെയ്യുന്ന ഒരു വ്യക്തി തന്നെ തന്റെ യുക്തിയിലൂടെ മുന്‍വിധിയും അഹങ്കാരവുമില്ലാതെ ചിന്തിച്ചാല്‍ ഈ പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന് അവന് വെളിപ്പെടും. കാരണം അവന്റെ യുക്തി പറയുന്നു, ഒരു മൊട്ടുസൂചി പോലും താനെ ഉണ്ടായതല്ലായെന്ന്. പിന്നെ എങ്ങനെയാണ് ഈ പ്രപഞ്ചം താനെയുണ്ടായതാണെന്ന് അവന്റെ യുക്തി വാദിക്കുന്നത്? അപ്പോള്‍ ഏതൊരുവന്റെയും യുക്തി തേടുന്നത് ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന നിത്യസത്യത്തിലേക്കാണ്. അതാണ് ശരിക്കും മനുഷ്യനെ യുക്തിവാദിയാക്കുന്നത്.

ധാര്‍മികത
ദൈവം മനുഷ്യര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ധര്‍മം ചെയ്ത് ഉന്നതനാകുവാനും അധര്‍മം ചെയ്ത് അധമനാകുവാനും അവനു സാധിക്കുന്നു എന്നാല്‍ എന്താണ് ധര്‍മം, എന്താണ് അധര്‍മം?
എന്താണ് നന്മ, എന്താണ് തിന്മ?
ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുവാന്‍ മനുഷ്യബുദ്ധിക്കു സാധിക്കുമോ?
നന്മതിന്മകളെ ആത്യന്തികമായി വേര്‍തിരിച്ചു പറയാന്‍ ഒരു വ്യക്തിക്ക് സാധിക്കുമോ?
സമൂഹത്തിനു സാധിക്കുമോ?
ശാസ്ത്രത്തിനു സാധിക്കുമോ?
മദ്യപിക്കുന്ന ഒരു വ്യക്തി മദ്യപാനം നന്മയാണെന്നു ന്യായീകരിക്കാന്‍ ശ്രമിക്കും. മോഷ്ടിക്കുന്ന വ്യക്തിക്ക് അവന്റേതായ
ന്യായീകരണങ്ങളുണ്ടാകും. അപ്പോള്‍ നന്മ തിന്മകളെ വേര്‍തിരിക്കാന്‍ വ്യക്തിയെ ഏല്‍പിച്ചാല്‍ ലോകത്ത് തിന്മ തന്നെയുണ്ടാകില്ല!
സ്വകാര്യ സ്വത്താണ് ഏറ്റവും വലിയ തിന്മയെന്നും അതിന്റെ നിര്‍മാര്‍ജനത്തിലൂടെ സുന്ദരമായൊരു സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കാം എന്നും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ വാദിച്ചു. സ്വകാര്യസ്വത്തിന്റെ പേരില്‍ ഉക്രൈനിലെ രണ്ടു കോടി കര്‍ഷകരെ സ്റ്റാലിന്റെ പടയാളികള്‍ പട്ടിണിക്കിട്ടു കൊന്നു! സോഷ്യലിസ്റ്റ് രാജ്യമെന്നത് വെറും സങ്കല്‍പമാണെന്നും അത് അപ്രായോഗികമാണെന്നും പിന്നീട് ലോകത്തിനു മനസ്സിലായി. അപ്പോള്‍ രാജ്യത്തിന് നന്മതിന്മകളെ വേര്‍തിരിക്കാന്‍ സാധിക്കുകയില്ല. കടയില്‍ നിന്നും പണം കൊടുത്തു വാങ്ങുന്ന ഗോതമ്പും, കടയില്‍നിന്നും മോഷ്ടിച്ചെടുക്കുന്ന ഗോതമ്പും തമ്മില്‍ ശാസ്ത്രീയമായി ഒരു വ്യത്യാസവുമില്ല. ഗോതമ്പിലടങ്ങിയി ട്ടുള്ള പ്രോട്ടീനും മറ്റും അവയില്‍ തന്നെയുണ്ട്. അപ്പോള്‍ എങ്ങനെയാണ് ശാസ്ത്രത്തിന് നന്മതിന്മകളെ വേര്‍തിരിക്കുവാന്‍ സാധിക്കുന്നത്? ഇല്ല; ഒരിക്കലുമില്ല!
തിന്മകളോടുള്ള ഒരു യുക്തിവാദിയുടെ സമീപനമെന്താണെന്ന് ഒരു യുക്തിവാദി തന്നെ എഴുതുന്നതെന്താണെന്നു നോക്കാം.
”മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്നു മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില ‘വ്രതങ്ങള്‍’ അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൗതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരുകയില്ല. യുക്തിവാദികള്‍ പുക വലിച്ചതുകൊണ്ടോ മദ്യപിച്ചതുകൊണ്ടോ യാതൊരു തകരാറുമുണ്ടാകാനില്ല.” (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലന്‍, പുറം 14-15)
അഥവാ മദ്യപിക്കാനും മോഷ്ഠിക്കാനും വ്യഭിചരിക്കാനും യുക്തിവാദിയായാല്‍ മതിയെന്നും മതവിശ്വാസികളായാലാണ് അവക്കെല്ലാം വിലക്കേര്‍പ്പെടുത്തപ്പെടുന്നതെന്നും മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസികള്‍ അവ മുഖേന ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയുടെ ദൈവവിശ്വാസമാണോ അതോ യുക്തിവാദമാണോ ഇവിടെ മാനവികം?
സകല തിന്മകള്‍ക്കും വിലക്കില്ലാത്ത യുക്തിവാദിക്ക് മോഷണമാകാം, വ്യഭിചാരമാകാം, മദ്യപാനിയാകാം!
അതുകൊണ്ട് യുക്തിവാദം പഠിപ്പിക്കുന്നത് മാനവികമല്ല, ധര്‍മമല്ല, സദാചാരമല്ല, മറിച്ച് തിന്മയാണ് അധര്‍മമാണ്!
അതുകൊണ്ടുതന്നെ സ്രഷ്ടാവായ ദൈവത്തിനുമാത്രമേ നന്മതിന്മകളെ വേര്‍തിരിക്കാന്‍ സാധിക്കുകയുള്ളൂ. മതവിലക്കുകളില്‍ നിന്നും അകന്നുപോകുന്ന യുക്തിവാദത്തിന്റെ കുപ്പായമിട്ടവര്‍ക്കു മാത്രമേ തിന്മകളിലാപതിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം മതസ്രോതസ്സുകള്‍ അതിനെ എതിര്‍ക്കുന്നതാണ്!

3 Comments

  • GOOD

    jamsheer 27.02.2019
  • mashA allah

    അഫ്സൽ 05.03.2019
  • മാ ഷാ അല്ലാഹ്. വളരെ വിജ്ഞാനപ്രദം

    Akbar Shareef 22.03.2019

Leave a comment

Your email address will not be published.