മതം ഉപേക്ഷിക്കൂ-മാലിന്യമാകൂ…

//മതം ഉപേക്ഷിക്കൂ-മാലിന്യമാകൂ…
//മതം ഉപേക്ഷിക്കൂ-മാലിന്യമാകൂ…
ആനുകാലികം

മതം ഉപേക്ഷിക്കൂ-മാലിന്യമാകൂ…

Print Now

1) കേരളീയ സമൂഹത്തിൻറെ രണ്ട് ശതമാനം പോലും തികച്ചില്ലാത്ത ഒരു വർഗ്ഗം തങ്ങളിൽ പെടാത്തവരെയൊന്നും മനുഷ്യരായി അംഗീകരിക്കില്ല എന്ന് തിരുനെറ്റിയിൽ എഴുതി ഒട്ടിച്ചു നടക്കുന്നതാണ് വർത്തമാന കേരളത്തിലെ ദുരന്തചിത്രം. ഒരു മതം മറ്റൊരു വിശ്വാസത്തെ അംഗീകരിക്കാത്തതാണ് എന്നതിനെ മതങ്ങളുടെ ന്യൂനതയായി ആരോപിച്ച് നടക്കുന്നവർക്ക് പക്ഷേ മറ്റൊന്നും ശരിയല്ലെന്ന് പറയുക മാത്രമല്ല അവരുടെ വിശ്വാസം ഉപേക്ഷിച്ചാൽ മാത്രമേ മനുഷ്യരായിപ്പോലും ഗണിക്കപ്പെടുകയുള്ളൂ എന്ന സ്വന്തം വർഗീയ, വിദ്വേഷ നിലപാടിൽ തെല്ലും തെറ്റ് കാണാൻ പറ്റുന്നില്ല എന്നതാണ് ഇതിലെ മഹാവൈരുദ്യം. നിരീശ്വരാന്ധവിശ്വാസത്തെ സ്വയം യുക്തിവാദമെന്ന് പൊക്കി വിളിച്ച് നടക്കുന്നവർ അതിനുപയോഗിക്കുന്ന യുക്തികൊണ്ട് സ്വന്തം നിലപാടിനെ ഒന്ന് പരിശോധിച്ചാൽ തീരുന്നതേയുള്ളൂ ഈ വിദ്വേഷയുക്തിവാദം.

2) മതം എന്നതുകൊണ്ട് ആശയം, ആദർശം, അഭിപ്രായം എന്നെല്ലാമാണ് അർത്ഥമാകുന്നത്. തൻറെ മസ്തിഷ്കമുപയോഗിച്ച് മെച്ചപ്പെട്ട മത, ആശയദർശനങ്ങളെ തിരഞ്ഞെടുക്കാനും അതുപയോഗിച്ച് സാമൂഹ്യ പരിവർത്തനങ്ങൾ സൃഷ്ടിക്കാനുമൊക്കെ കഴിയുന്നു എന്നതാണ് മനുഷ്യനെ മറ്റിതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനും, ഉന്നതനുമാക്കുന്നത്. അതുപേക്ഷിച്ച് ആശയ ശൂന്യതയുടെ നാസ്തിക കാലിക്കൊക്കകളിലേക്ക് ചാടാൻ പറയുന്നവർ മനുഷ്യനാവാനല്ല മാലിന്യമാവാനാണ് നമ്മോട് ആവശ്യപ്പെടുന്നത്.

3) വ്യക്തമായ ആദർശ വീക്ഷണങ്ങളൊന്നുമുൾക്കൊള്ളാതെ സർവ്വരും അവരുടെ യുക്തിക്ക് തോന്നിയപോലെ ജീവിച്ചോട്ടെ എന്ന തോന്ന്യാസ സിദ്ധാന്തം തന്നെ സമൂഹത്തോട് ചെയ്യുന്ന തെമ്മാടിത്തരമാണ്. കൊലയും, കൊള്ളയും സ്ത്രീപീഠനവുമൊക്കെ ചെയ്യുന്നവർ അവരുടെ യുക്തിക്കനുസരിച്ച് തന്നെയാണ് അത് ചെയ്യുന്നത്. അഥവാ ലോകത്തിലെ സകല കുറ്റവാളികളും ആദ്യമൊന്നാംനമ്പർ യുക്തിവാദികളാണ്.

4) നൈസർഗികമായും, പരിണാമപരമായും ഓരോ വ്യക്തിയും സ്വാർത്ഥനാണെന്നുമാത്രമല്ല ബഹുഇണതത്പരത (polygamous nature) മുതൽ പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത പ്രകൃതങ്ങൾ ഉൾക്കൊള്ളുന്നവനാണ്. സ്വന്തം അതിജീവനം മാത്രം ലക്ഷ്യമാക്കി നിലനിൽപ്പിനായുള്ള സമരത്തിൽ അതിജീവിച്ച് വന്നവനാണ് മനുഷ്യൻ എന്നാണല്ലോ പരിണാമ സിദ്ധാന്തം തന്നെ പറയുന്നത്? ഇങ്ങനെ നൈസർഗികമായി സ്വാർത്ഥനായ മനുഷ്യൻ ആ സ്വാർത്ഥതക്കൊത്ത് തോന്നിയ പോലെ ജീവിക്കണമെന്ന് പറയുന്നവർ മനുഷ്യരെ മാലിന്യം ആക്കുകയാണ് ചെയ്യുന്നത്. അതിന് വിഘാതമായി നിൽക്കുന്ന മതങ്ങളെ ഉപേക്ഷിക്കാൻ ഈ മാലിന്യവാദികൾ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

5) യാദൃശ്ചികതയുടെ മൂർധന്യാവസ്ഥയിൽ എങ്ങനെയോ താനേ പ്രപഞ്ചമുണ്ടായെന്നും, അതിൽ യാദൃച്ഛികമായി ഭൂമിയും, ജീവനും ഒടുക്കം മനുഷ്യനും നിങ്ങളും ഞാനും ഉടലെടുത്തെന്നും, ഇനിയൊരിക്കലും ഇങ്ങനെയൊരു ജീവിതമുണ്ടാവില്ലെന്നും പറയുന്ന ഭൗതികവാദപ്രകാരം ഒരു മനുഷ്യന്റെ യുക്തിക്ക് സ്വീകരിക്കാൻ പറ്റുന്ന യുക്തിഭദ്രമായ നിലപാട് അത് പരമാവധി മുതലെടുത്ത് സുഖിച്ച് തീർക്കുക എന്നത് മാത്രമാണ്.‎ മദ്യവും ലഹരിയും സ്ത്രീപീഡനവും, മോഷണവും, കൊള്ളയും, കൊലയും സ്വന്തം സുഖത്തിനായി കണ്ടെത്തുന്ന മറ്റുചൂഷണ മാർഗങ്ങളും ഒക്കെ ഈ വീക്ഷണത്തിൽ യുക്തിവാദമാണ്.

6) ഭൗതികവാദിയാവുകയും എന്നിട്ട് ധാർമിക മതമൂല്യങ്ങൾ അനുസരിച്ചുജീവിക്കുകയും ചെയ്യുന്ന നാസ്തികർ ഉണ്ടെങ്കിൽ ഒന്നാം നമ്പർ പോഴന്മാർ അവരാണ്! യാദൃശ്ചികതയുടെ മൂർധന്യാവസ്ഥയിൽ ലോട്ടറിയടിക്കും പോലെ വീണുകിട്ടിയതാണ് ജീവിതമെന്ന് വിശ്വസിക്കുന്ന ഒരാൾക്കെങ്ങനെയാണ് അത് പരമാവധി മുതലെടുക്കാതിരിക്കാൻ കഴിയുക? വ്യഭിചരിച്ചും, മദ്യപിച്ചും പരമാവധി ജനങ്ങളെ ചൂഷണം ചെയ്തും സുഖിച്ചുതീർക്കുക എന്നതല്ലേ ഇവിടെ ഏറ്റവും യുക്തിഭദ്രമായ മാർഗ്ഗം? അങ്ങനെയല്ലെന്ന് പറയുന്നവർ ലോട്ടറിയടിച്ച കാശ് മുഴുവനും ഉപയോഗിക്കരുതെന്ന് പറയുന്നവരെപ്പോലെ മണ്ടനാണ്.

ചുരുക്കിപ്പറഞ്ഞാൽ കുറ്റവാളിയായ ഭൗതികവാദിയാണ് ഒന്നാം നമ്പർ യുക്തിവാദി! ഭൗതികവാദിയായ മാന്യനാണ് ഏറ്റവും വലിയ വിഡ്ഢിയും!

7) തെറ്റ് ചെയ്യുന്ന മതവിശ്വാസികളെ ചൂണ്ടിക്കാട്ടി നാസ്തികതയുടെ ഈ ആശയദാരിദ്ര്യത്തിന് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്ന ന്യായവൈകല്യക്കാരുണ്ട്. എന്നാൽ ഒരു മതവിശ്വാസി മോഷ്ടിക്കുമ്പോൾ മതമൂല്യങ്ങളെയും, അരുതായ്മകളെയും അവഗണിച്ച് ഭൗതിക ആർത്തിയാൽ സ്വാധീനിക്കപ്പെട്ടാണ് അത് ചെയ്യുന്നത്. ഭൗതിക താൽപര്യങ്ങളാണ് അതിന് പ്രേരണ. മോഷണം കുറ്റമാണെന്ന മതമൂല്യത്തിൽ നിന്ന് അകലുമ്പോഴാണ് മതവിശ്വാസി മോഷ്ടിക്കുന്നത്. എന്നാൽ മോഷണം തെറ്റാണെന്ന് സമർത്ഥിക്കുന്ന അതല്ലെങ്കിൽ അതിലെ തിന്മയെവ്യവച്ഛേദിക്കുന്ന നിരീശ്വര, നിർമത യുക്തിവാദ തത്വങ്ങൾ ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാൻ പറ്റുമോ? അഥവാ ഭൗതിക ആർത്തിയും, ഭൗതികവാദവും തന്നെയാണ് ഇവിടെയും വില്ലൻ!

8) സാമൂഹ്യ ഉന്നതിക്ക് അനുഗുണമായി നന്മതിന്മകളെ വ്യവഛേദിച്ച് പഠിപ്പിക്കുകയും അത് പിൻപറ്റേണ്ടതിൻറെ യുക്തി ബോധ്യപ്പെടുത്തുകയുമാണ് മതം. അതിൽ നല്ല വശം തിരഞ്ഞെടുക്കുന്നവർക്ക് കൂടുതൽ നല്ലതായ മറ്റൊരു ജീവിതവും, തിന്മയെ പിൻപറ്റുന്നവർക്ക് ദുഷിച്ച മറ്റൊരു ഭാവിയുമെന്ന സിദ്ധാന്തം പരിചയപ്പെടുത്തുന്നതിലൂടെത്തന്നെ എന്തുകൊണ്ട് നല്ല മനുഷ്യനാവണമെന്നതിന് ഏറ്റവും യുക്തിഭദ്രമായ Reason മുന്നോട്ട് വയ്ക്കുകയാണ് ഇസ്​ലാം. ജീവിതത്തിന് ലക്ഷ്യവും, അർത്ഥവും വരുന്നത് അപ്പോൾ മാത്രമാണ്. ഇതെല്ലാം വിട്ട് ആശയ ദാരിദ്ര്യത്തിന്റെ വരണ്ട ഭൗതികവാദക്കൊക്കകളിലേക്ക് ചാടാൻ പറയുന്നവർ ഏതുരൂപത്തിലുള്ള ‘മനുഷ്യനാവൽ’ ആണ് ഉദ്ദേശിക്കുന്നത്? ആദ്യം നിങ്ങൾ ഭൗതികവാദത്തിന്റെ പൊട്ടക്കിണർ ചാടിക്കിടന്ന് മാനവികതയെന്താണെന്നും, മതമെന്താണെന്നും മനുഷ്യനെന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കൂ. എന്നിട്ട് രണ്ടിന്റെയും തുടക്കത്തിൽ ‘മ’ വരുന്നതിൻറെ ട്യൂൺ നോക്കി അക്ഷര സർക്കാസം കളിക്കാം!

4 Comments

 • Jszakallah hairan shahul sahib…
  Its so helpful and informtive to me
  Will you give me your wtsup number or add me any your group

  SHAFEEQ P 07.06.2019
 • I have no whatsapp groups brother.my personal WhatsApp number is 7403702586 jazakkallah for reading..💕

  Shahul plkd 07.06.2019
 • “മദ്യവും ലഹരിയും സ്ത്രീപീഡനവും, മോഷണവും, കൊള്ളയും, കൊലയും സ്വന്തം സുഖത്തിനായി കണ്ടെത്തുന്ന മറ്റുചൂഷണ മാർഗങ്ങളും ഒക്കെ ഈ വീക്ഷണത്തിൽ യുക്തിവാദമാണ്.”
  അങ്ങിനെ എങ്കിൽ സ്വർത്തിൽ എത്തിയാൽ എല്ലാവരും യുക്തി വാദികൾ ആയി മാറില്ലേ
  കാരണം അവിടെയും മദ്യ പുഴകളും ഹൂറി മാരും ആണല്ലോ
  സ്വർഗത്തിലെ കള്ളിനു ലഹരിയിൽ ലഹരി ഇല്ല
  ഹൂറിമാർക്ക് ഓർ ഗാസം ഇല്ല എന്നൊന്നും പറയരുത്

  jaya Prakash Thattaparambil 08.06.2019
 • ഒരാൾ ചോദിച്ചു താങ്കൾ മുജാഹിദ് ആണോ? ഞാൻ പറഞ്ഞു : ഞാൻ ഖുർആൻ സുന്നിയോ അഹ്ലുസുന്നിയോ മുജാഹിദോ ജമാഅത്തോ ഖാദിയാനിയോ ….. ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂദനോ … ഖുർആനിസ്റ്റോ ബൈബിളിസ്റ്റോ ഗീതിസ്റ്റോ . … ഒന്നുമല്ല!
  അല്ലാഹു ഒരു മനുഷ്യനെയാണ് സൃഷ്ടിക്കുന്നത്. അത് ആയിത്തീരാനുള്ള ശ്രമത്തിലാണ് ഞാൻ ! മുകളിൽ പറഞ്ഞ ഒരു വിഭാഗത്തെയുമല്ല അല്ലാഹു സൃഷ്ടിക്കുന്നത് !ഏറ്റവും വലിയ ജിഹാദ് സ്വന്തം മനസ്സിനോടുള്ള ജിഹാദാണ്! ആ അർത്ഥത്തിൽ ഞാൻ മുജാഹിദാണ് !!

  Faheem 09.06.2019

Leave a comment

Your email address will not be published.