ഭ്രൂണഹത്യയും പുരോഗമനവാദവും

//ഭ്രൂണഹത്യയും പുരോഗമനവാദവും
//ഭ്രൂണഹത്യയും പുരോഗമനവാദവും
ആനുകാലികം

ഭ്രൂണഹത്യയും പുരോഗമനവാദവും

Print Now
നിച്ചിട്ടില്ലാത്ത കുഞ്ഞിനെക്കുറിച്ച് വേവലാതിപ്പെടുന്നതൊക്കെ ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ പുരോഗമനവാദികൾക്ക് വിലകുറഞ്ഞ വികാരങ്ങളായിരിക്കാം. ഭ്രൂണഹത്യക്ക് മഹത്വമാർന്ന പരിവേഷം ചാർത്തികൊടുക്കുന്ന സ്വാർത്ഥചിന്തകർ അരങ്ങു വാഴുന്ന കാലത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.

എന്ന് മുതലാണ് സ്ത്രീശാക്തീകരണത്തിന്റെ കപടവാദികൾക്ക് കുഞ്ഞുങ്ങൾ ശത്രുക്കളായത്? ഇന്ന ഇന്ന കാര്യങ്ങളിൽ കൂടി മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാകൂ എന്ന് തീരുമാനിച്ചത് ആരാണ്? വിവാഹിതരും അമ്മമാരുമായ ശക്തരായ സ്ത്രീകൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ലേ?

സമകാലിക കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP)അഥവാ Induced Abortion. വിവാഹിതയാകണമോ അമ്മയാകണമോ എന്നത് നിങ്ങളുടെ ചോയ്സ് തന്നെയാണ്. പൂർണമായും യോജിക്കുന്നു. പക്ഷെ ഒരു ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുന്നത് ചോയ്സ് അല്ല, മറിച്ച് ക്രൂരതയാണ്. ഏതൊരു ജീവനെയും കൊല്ലാനുള്ള അവകാശം മറ്റൊരാൾക്കില്ല.

ഗർഭനിരോധനമാർഗങ്ങൾ തന്നെ അനവധിയായി തരംതിരിച്ചിട്ടുണ്ട്. Natural /Traditional, Barrier, IUDs, Oral Contraceptives, Injectables, Implants, Pills, Surgical Methods. താത്കാലിക ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്നതിന് ഇസ്‌ലാം അനുമതി നൽകാതിരിക്കുന്നുമില്ല.
ജാബിർ(റ) വിൽ നിന്നും നിവേദനം: “നബിയുടെ കാലത്ത് വിശുദ്ധഖുർആൻ അവതരിച്ചുക്കൊണ്ടിരിക്കെ ഞങ്ങൾ Coitus Interruptus ചെയ്യാറുണ്ടായിരുന്നു…” (സ്വഹീഹുൽ ബുഖാരി)

എന്നാൽ വൈകിയുള്ള ഗർഭധാരണം വന്ധ്യതത്തിലേക്ക് നയിക്കുവാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു എന്നത് മറ്റൊരു സത്യം.

ഈ മാർഗങ്ങൾ എല്ലാം സ്വീകരിച്ചിട്ടും സംഭവിച്ച് പോകുന്ന ഗർഭധാരണത്തെ ആധുനികലോകം ആക്സിഡന്റൽ പ്രെഗ്നൻസി എന്ന ഓമനപേരിൽ വിളിക്കപെടുന്നു. എന്തോ അത്യാഹിതം സംഭവിച്ച പോലെ ആ ജീവന്റെ തുടിപ്പിനെ സംബോധനചെയ്യുന്ന നാമം. പുരോഗമന സമൂഹം ഇത്തരം പ്രെഗ്നൻസിക്ക് നിർദ്ദേശിക്കപ്പെടുന്ന ഏക പരിഹാരം അബോർഷനും. ഇസ്‌ലാമിക അധ്യാപനങ്ങൾക്കെതിരെയാണ് മുസ്‌ലിം നാമധാരികൾ പോലും ഈ മുറവിളി കൂട്ടുന്നത് എന്നതാണ് വേദനിപ്പിക്കുന്ന വസ്തുത.

ദാരിദ്ര്യഭയത്താൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവർക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്. അവരെ കൊല്ലുന്നത് ഭീമമായ അപരാധമാകുന്നു… (ഇസ്റാഅ്: 31)

പ്രപഞ്ചനാഥൻ ഓരോ കുഞ്ഞിനും ജനിക്കുവാനുള്ള സമയം കൃത്യമായി നിശ്ചയിട്ടുണ്ട്. ഏത് തടസങ്ങളെയും പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു കൊണ്ട് ആ കുരുന്ന് മാതാവിന്റെ ഉദരത്തിൽ നാമ്പിടുക തന്നെ ചെയ്യും. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഒരു കുഞ്ഞിനെ വളർത്താനും പരിപാലിക്കാനും ശാരീരികമായും മാനസികമായും തയ്യാറെടുക്കുമ്പോൾ മാത്രം വിവാഹിതരാവുക.

ധാർമികത ഉദ്ഘോഷിക്കുന്ന മതമാണ് ഇസ്‌ലാം. ഒരു കുരുന്നിനു പോലും തന്റെ അവകാശങ്ങൾ നിഷേധിക്കാത്ത മതം. മാതാവിന്റെ ഗർഭാശയത്തിനുള്ളിൽ പിറവിയെടുത്ത ആ ജീവന്റെ തുടിപ്പിന് ലോകം കാണുവാനുള്ള അവകാശമുണ്ട്. ആ വസ്തുതയെ നിഷേധിച്ചു കൊണ്ട് അതിനെ കൊന്നു കളയുന്നതിനെ ഏത് അളവുകോൽ വെച്ചുകൊണ്ടാണ് ന്യായീകരിക്കുവാൻ സാധിക്കുക.?

മാഇസിന്റെയും(റ) ഒരു വനിതയുടെയും ചരിത്രം മുസ്‌ലിം സമുദായത്തിന് നൽകുന്ന പാഠം അതിമഹത്തരമാണ്. വിങ്ങുന്ന ഹൃദയത്തോടെ പ്രവാചകസമക്ഷം വന്നു കൊണ്ട് മാഇസ് (റ) പറഞ്ഞു: “പ്രവാചകരേ ഞാൻ തെറ്റു ചെയ്തു പോയി”. “നീ പശ്ചാത്തപിക്കുക”എന്ന് മറുപടി നൽകിക്കൊണ്ട് പ്രവാചകൻ (സ്വ) അദ്ദേഹത്തെ മടക്കി അയയ്ക്കാൻ ശ്രമിച്ചു. പക്ഷെ “ഞാൻ വ്യഭിചരിച്ചു പോയി പ്രവാചകരെ, എനിക്ക് ശിക്ഷ നൽകണം” എന്ന് അപേക്ഷിച്ച മാഇസിന്(റ) വ്യഭിചാരത്തിനുള്ള ശിക്ഷ നബി(സ്വ)നൽകി. ദിവസങ്ങൾക്ക് ശേഷം ഒരു സ്ത്രീയും ഇതേ ആവശ്യവുമായി പ്രവാചകന്റെ അടുക്കലെത്തി. ഒപ്പം താൻ ഗർഭിണിയാണെന്ന് കൂടി പറഞ്ഞു. വധശിക്ഷ പ്രതീക്ഷിച്ചു നിന്ന ആ യുവതിയോട് പ്രവാചകൻ (സ്വ) പറഞ്ഞു. “ആ കുഞ്ഞിന് നീ ജന്മം നൽകിയ ശേഷം വരിക.” പ്രസവ ശേഷം തിരികെ വന്ന ആ വനിതയോട് നബി (സ്വ) രണ്ട് കൊല്ലക്കാലം ആ കുഞ്ഞിനെ മുലയൂട്ടാൻ ആവശ്യപ്പെട്ടു. ആ രണ്ട് കൊല്ലക്കാലം കഴിഞ്ഞെത്തിയ സ്ത്രീക്ക് ഇസ്‌ലാമികലോകം ശിക്ഷ വിധിച്ചു. ഇതാണ് പടച്ചവന്റെ മതം.

വ്യഭിചാരിണിയായ ഒരു മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ വന്നു ഭവിച്ച ആ ഭ്രൂണത്തെപ്പോലും കൊല്ലാനല്ല ഇസ്‌ലാം അവളോട് കല്പിച്ചത്, മറിച് അതിനു ജന്മം നൽകുവാനാണ്. ശേഷം പ്രസവിച്ച കുഞ്ഞിന് രണ്ട് കൊല്ലക്കാലം മുലയൂട്ടുവാനാണ് ചൊല്ലിയത്. അവൾക്ക് തന്റെ ആയുസിന്റെ ദൈർഘ്യവും ശിക്ഷയുടെ കാലാവധിയും നീട്ടികൊടുത്തത് ഒരു കുരുന്നുജീവന് വേണ്ടി മാത്രമായിരുന്നു. വ്യഭിചാരമെന്ന വൻപാപത്തിനുള്ള ശിക്ഷക്ക് പോലും ആ കുരുന്നു ജീവന് താഴെ മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ.

‘ജീവിതം ഒന്നല്ലേയുള്ളു അത് ആസ്വദിക്കണ്ടേ. അതിന് ആക്സിഡന്റൽ പ്രെഗ്നൻസി ഒരു വിലങ്ങുതടിയാണ്’ എന്ന് പറയുന്നവരോട് ഒരു ചോദ്യം. ആസ്വാദനത്തിനു തടസം നിൽക്കുന്ന, രോഗാവസ്ഥയിൽ കഴിയുന്ന വൃദ്ധരായ മാതാപിതാക്കളെ വധിക്കുന്നതും, പെയിൻ റീസെപ്റ്റർസ് ഇല്ലാതെ ജനിച്ച കുഞ്ഞിനെ കൊല്ലുന്നതും തെറ്റായിരിക്കില്ല അല്ലെ?. ഗർഭിണികളായ മൃഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയവരാണ് ഇന്ന് ഒരു മനുഷ്യജീവനെ ഇല്ലായ്മ ചെയ്യാൻ പ്രോത്സാഹനം നൽകുന്നത് എന്ന് കൂടി ഓർക്കണം.

ലിംഗനിർണയം നടത്തിയ ശേഷം ചെയ്യുന്ന ഭ്രൂണഹത്യകൾക്കെതിരെ ചില സെലക്റ്റീവ് വാദികൾ സംസാരിക്കുന്നതിനു പിന്നിലെ ധാർമികത എന്താണ് ? എന്തു കൊണ്ട് അത് മാത്രം ചോയ്സ് ആകുന്നില്ല. ഇരു ദമ്പതികൾക്കും ആവശ്യം പെൺകുഞ്ഞിനെയാണെങ്കിൽ ആൺകുഞ്ഞായ ഭ്രൂണത്തെ foeticide ചെയ്യുന്നതിലും തെറ്റ് കാണാൻ കഴിയില്ലായിരിക്കും. കാരണം അതും സ്വാതന്ത്ര്യം ആണ്. ചോയ്സ് ആണ്, എന്ന് വേണമെങ്കിൽ കപടവാദങ്ങൾ നിരത്താം.

ഓരോ കുഞ്ഞിനേയും എപ്രകാരം വളർത്തി കൊണ്ടു വരണം എന്നും മികച്ച പേരെന്റ്റിംഗ് ടെക്നിക്‌സ് എന്തൊക്കെയാണെന്നും ഇസ്‌ലാം കൃത്യമായി വിശ്വാസി സമൂഹത്തിനു പകർന്നു നൽകിയിട്ടുണ്ട്. ഓരോ കുഞ്ഞിനോടും മാതാപിതാക്കൾ പാലിക്കേണ്ട ധർമങ്ങളും മനഃശാസ്ത്രപരമായ സമീപനങ്ങളും കൃത്യമായി പഠിപ്പിച്ചു കൊടുത്തിട്ടുമുണ്ട്.
ലോകപ്രശസ്ത്രനായ ഒരു മനഃശാസ്ത്രജ്ഞൻ മാതാപിതാക്കളെ ഏഴായി തരം തിരിച്ചു.

1. authoritative parents
2. authoritarian parents
3. permissive parents
4. neglectful parents
5. alcoholic parents
6. abusive parents
7. joking parents

ഇതിൽ ഏറ്റവും മികച്ച രക്ഷകർത്തിത്വം അതോറിറ്റേറ്റീവ് ആയിട്ടുള്ള മാതാപിതാക്കളുടെയാണ്. യഥാർത്ഥത്തിൽ മാതാപിതാക്കളോട് ഇസ്‌ലാം കല്പിക്കുന്ന രക്ഷകർത്തിത്വവും അതോറിറ്റേറ്റീവ് പേരെന്റ്റിംഗ് തന്നെയാണ്. ഏഴു വയസായ കുഞ്ഞിനോട് നമസ്കരിക്കാൻ കല്പിക്കുകയും നീണ്ട മൂന്നു കൊല്ലകാലം നിരന്തരമായി ക്ഷമയോടെയും സ്നേഹത്തോടെയും ശാസനയോടെയും ഉപദേശിച്ചിട്ടും അനുസരിച്ചില്ലെങ്കിൽ മാത്രമാണ് കുഞ്ഞിനെ നേരെ കൈയ്യുയർത്താൻ ഇസ്‌ലാം കല്പിച്ചതും. അതും പത്താം വയസ്സിൽ മാത്രം. ഇതിനേക്കാൾ നന്നായി എങ്ങനെയാണ് മാതാപിതാക്കളോട് രക്ഷകർത്തിത്വത്തെപറ്റി പഠിപ്പിച്ചു കൊടുക്കുവാൻ സാധിക്കുക? മക്കൾക്കിടയിൽ പോലും പാലിക്കേണ്ട നീതി നിർവഹണത്തെപ്പറ്റി പോലും വ്യക്തവും സുതാര്യവുമായി പ്രവാചകൻ(സ്വ) ലോകത്തിനു വിവരിച്ചു നൽകിയിട്ടുണ്ട്.
അത്തരത്തിൽ വളർന്ന വരുന്ന ഒരു കുഞ്ഞിനു എങ്ങനെയാണു ഒരു സാമൂഹികവിരുദ്ധൻ ആകാൻ കഴിയുക?..

പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ (PPD) എന്ന അവസ്ഥ വാസ്തവം തന്നെയാണ്. ആഴ്ചകൾ കൊണ്ട് അവസാനിക്കുന്ന ഒരു പ്രതിഭാസം. (അതിലും കൂടുന്നുവെങ്കിൽ അത് ചികിത്സ തേടേണ്ട രോഗമാണ്) പക്ഷെ അതിനു പരിഹാരം കുഞ്ഞുങ്ങളെ കൊല്ലുന്നതല്ല.’അപൂർവം’ ചില സ്ത്രീകൾക്ക് അങ്ങനെനെയൊന്ന് ഉണ്ടാകും. (അപൂർവം ചിലർക്ക് മാത്രം)

ആർത്തവത്തിനു ദിവസങ്ങൾക്ക് ബാക്കി നിൽക്കെ സമാനമായ അവസ്ഥയിലൂടെ പോകുന്ന സ്ത്രീകളുമുണ്ട്. അതിനു പരിഹാരം ഗർഭപാത്രം നീക്കം ചെയ്യുക എന്ന് പറയും പോലെ തന്നെയാണ് ഭ്രൂണഹത്യയാണ് PPD ക്കുള്ള പരിഹാരം എന്ന് ചൊല്ലുന്നത്.

പടച്ചവന്റെ തീരുമാനങ്ങൾ ഒന്നും തന്നെ ആകസ്മികമല്ല. നാം തുഴയുന്ന ദിശയിലൂടെ ജീവിതം ഒഴുകുകയുമില്ല. സ്വപ്‌നങ്ങൾ ഒന്നും ഒരു ദിവസം കൊണ്ടോ വർഷങ്ങൾ കൊണ്ടോ അവസാനിക്കുന്നുമില്ല. ഒരു ജീവനു താഴെ മാത്രമേ ഏതൊരു സ്വപ്നവും നിൽക്കുന്നുള്ളൂ. മാതൃത്വം, അത് മഹനീയം തന്നെയാണ്. പലർക്കും ഇന്നും പൂർത്തീകരിക്കാൻ കഴിയാതെ പോകുന്ന സ്വപ്നം. കോടിക്കണക്കിന് ബീജങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ബീജമാണ് അണ്ഡവുമായി കൂടിക്കലർന്നു ഗർഭാശയത്തിൽ പറ്റിപിടിക്കുന്നത്. പ്രപഞ്ചനാഥൻ ഓരോ കുരുന്നിനെയും നൽകുന്ന സമയത്ത് സന്തോഷത്തോടെ അതിനെ സ്വീകരിക്കുക. മനുഷ്യൻ ചിന്തിക്കുന്ന സമയത്ത് തന്നെ മക്കളെ ലഭിക്കണമെന്നില്ല. അത് കൊണ്ട് വിടരാൻ കഴിയാതെ പൊലിഞ്ഞു പോകുന്ന പൂമൊട്ടായി ഒരു ഭ്രൂണവും മാറാതിരിക്കട്ടെ.

3 Comments

  • Masha allah

    Vajid 24.07.2021
  • Well Said

    Sabah Nishad 24.07.2021
  • കാലം തേടുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ എഴുത്ത്.വെൽ ഡൺ.മാഷാ അല്ലാഹ്

    the absolute stranger 25.07.2021

Leave a comment

Your email address will not be published.