ഭൂമി: ഘടനയും സംവിധാനവും

//ഭൂമി: ഘടനയും സംവിധാനവും
//ഭൂമി: ഘടനയും സംവിധാനവും
ശാസ്ത്രം

ഭൂമി: ഘടനയും സംവിധാനവും

Print Now

”അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പുനല്‍കുന്ന പര്‍വതങ്ങളുണ്ടാക്കു കയും, രണ്ടു തരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ ? (അതല്ല അവരുടെ ദൈവങ്ങളോ ഉത്തമര്‍ ?)
അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.” (വിശുദ്ധ ക്വുര്‍ആന്‍ 27 : 61)

ഭൂമിയെ വിരിച്ചുതന്നവന്‍

അറിയപ്പെട്ടിടത്തോളം, ഭൂമിയല്ലാത്ത മറ്റൊരിടത്തും ജീവന്‍ നിലനില്‍ക്കുന്നില്ല. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടാണെന്ന് കരുതിക്കൂടാ. ജീവന്റെ നിലനില്‍പ്പിനാവശ്യമായ രീതിയില്‍ സംവിധാനിക്കപ്പെട്ട ഒരു ഗ്രഹമാണ് ഭൂമി. പ്രപഞ്ചത്തിലെ ഭൂമിയുടെ സ്ഥാനം മുതല്‍ ഭൗമവസ്തുക്കള്‍ വരെ എല്ലാം തന്നെ ജീവനെന്ന പ്രതിഭാസത്തിന്റെ നിലനില്‍പിന് അനുകൂലമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് ഒരു സൂക്ഷ്മാന്വേഷിക്ക് ബോധ്യമാവും.

ഭൂമിയുടെ സ്ഥാനം

സൂര്യനുചുറ്റും പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന എട്ടു ഗ്രഹങ്ങളിലൊന്നാണ് ഭൂമി. സൂര്യനില്‍ നിന്ന് ശരാശരി 14,94,07,000 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഈ ദൂരമാണ് ഇന്ന് ഒരു ജ്യോതിര്‍മാത്ര (Astronomical unit -AU) എന്നറിയപ്പെടുന്നത്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ സംവിധാനങ്ങളുണ്ടാക്കുന്നത് ഈ ദൂരമാണ്. ഇതെങ്ങാനും അല്‍പം കൂടിയിരുന്നുവെങ്കില്‍ ഭൂമി തണുത്തുറച്ച ഒരു ഗ്രഹമാവുമായിരുന്നു. അല്‍പം കുറഞ്ഞിരുന്നുവെങ്കിലാകട്ടെ ചുട്ടുപൊള്ളുന്ന ഒരു ഗോളവും. ഒരു വര്‍ഷത്തിലൊ രിക്കലാണ് ഭൂമി സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്നത്. ഒരു പരിക്രമണത്തിനെടുക്കുന്ന സമയം കൃത്യമായി 365 ദിവസം 5 മണിക്കൂര്‍, 48 മിനുട്ട് 45.51 സെക്കന്റ് ആണ്. മണിക്കൂറില്‍ ഏകദേശം 10,8000 കിലോ മീറ്റര്‍ വേഗതയിലാണ് ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്. ഈ വേഗതയാണ് ഭൂമിയെ സൂര്യനില്‍നിന്ന് ജീവന്‍ നിലനില്‍ക്കാനാവശ്യമായ ദൂരത്തില്‍ നിലനിര്‍ത്തുന്നത്. ഈ വേഗത അല്‍പം കുറയുന്നു വെന്നു കരുതുക. എങ്കില്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണംമൂലം ഭൂമി അതിനോടടുക്കുകയും ബുധനെയും ശുക്രനെയും പോലെ ചുട്ടുപൊള്ളുന്ന ഗോളമായി മാറുകയും ചെയ്‌തേനെ. ബുധന്റെ സൂര്യന് അഭിമുഖമായ ഭാഗത്തെ താപനില 450 ഡിഗ്രി സെല്‍ഷ്യസോളം വരുമെന്നോര്‍ക്കുക. വേഗത അല്‍പം കൂടിയാലും തഥൈവ. സൂര്യനില്‍ നിന്നും അകന്ന് യൂറാനസിനെയും നെപ്ട്യൂണിനെയും പോലെ തണുത്ത ഒരു ഗ്രഹമായി മാറുമായിരുന്നു ഭൂമി. നെപ്ട്യൂണിലെ താപനില ഏകദേശം -214 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ രണ്ട് അവസ്ഥകളിലും -തണുത്ത അവസ്ഥയിലും ചൂടുള്ള അവസ്ഥയിലും- ജീവന്‍ നിലനില്‍ക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ സൂര്യനു ചുറ്റുമുള്ള പരിക്രമണത്തിന്റെ തോതാണ് ഭൂമിയിലെ ജീവനെ നിലനിര്‍ത്തുന്നതെന്നു പറയാം. ജീവന്‍ സൃഷ്ടിക്കുവാന്‍ പാകത്തില്‍ ഭൂമിയുടെ പരിക്രമണ നിരക്ക് സംവിധാനിച്ചതിനുപിന്നില്‍ അതിബുദ്ധിമാനായ ഒരു സ്രഷ്ടാവിന്റെ കഴിവാണ് ചിന്തിക്കുന്നവര്‍ക്ക് കാണാനാവുന്നത്.

സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്നതോടൊപ്പം തന്നെ ഭൂമി സ്വയം ഭ്രമണം ചെയ്യുന്നുമുണ്ട്. സ്വയം ഭ്രമണത്തിനെടുക്കുന്ന സമയം ഒരു ദിവസമാണ്. കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍ 56 മിനുട്ട് 4.09 സെക്കന്റ്. ഭ്രമണം മൂലം ഉപരിതലത്തില്‍ അനുഭവപ്പെടുന്ന വേഗത മണിക്കൂറില്‍ 1670 കിലോമീറ്ററാണ്. ഈ സ്വയംഭ്രമണമാണ് ജീവജാലങ്ങളുടെ നിലനില്‍പുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിഭാസങ്ങള്‍ക്കു കാരണമാവുന്നത്. രാത്രിയും പകലും മാറിമാറി വരുന്നത് ഭ്രമണം മൂലമാണ്. വന്‍കാറ്റുകളുടെയും സമുദ്രജല പ്രവാഹങ്ങളുടെയും ഗതിയും ഭൂഭ്രമണത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഋതുഭേദങ്ങള്‍

ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണമാണ് ഋതുഭേദങ്ങള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നതെങ്കിലും ഭ്രമണത്തിനും കാലാവസ്ഥാ മാറ്റങ്ങളില്‍ അതിന്റേതായ പങ്കുണ്ട്. ദീര്‍ഘവൃത്താകാരത്തിലുള്ള പഥത്തിലൂടെയാണ് ഭൂമി സൂര്യനെ ചുറ്റുക്കൊണ്ടിരിക്കുന്നത്. ഭൂഭ്രമണാക്ഷത്തിന്റെ ദിശ സ്ഥിരമായും സഞ്ചാര പഥലംബത്തിന് 23027′ ചരിഞ്ഞുമാണ് സ്ഥിതിചെയ്യുന്നത്. ഇതുമൂലം ദിനരാത്രങ്ങളുടെ ദൈര്‍ഘ്യത്തിന് ഏറ്റക്കുറച്ചിലുണ്ടാവുകയും ദിനംപ്രതി ആകാശത്തില്‍ സൂര്യന്റെ മധ്യാഹ്നോന്നതിക്ക് വ്യത്യാസം വരികയും ചെയ്യും. ഇത് അതത് പ്രദേശത്തെ ശീതോഷ്ണ സ്ഥിതിയെ സ്വാധീനിക്കുകയും കാലാവസ്ഥാമാറ്റത്തിന് നിമിത്തമാവുകയും ചെയ്യുന്നു. നാലു ഋതുക്കളാണ് ജ്യോതിശാസ്ത്രപരമായി ഭൂമിയില്‍ അനുഭവപ്പെടുന്നത്. വസന്തം (Spring), ഗ്രീഷ്മം (Summer), ശരത് (Autumn), ശിശിരം (Winter) എന്നിവയാണവ. ഉത്തരാര്‍ധ ഗോളത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 21 വരെ വസന്തവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 23 വരെ ഗ്രീഷ്മവും സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെ ശരത്തും ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 21 വരെ ശിശിരവുമാണ്. ദക്ഷിണാര്‍ധ ഗോളത്തിലുള്ളവര്‍ക്ക് പ്രസ്തുത കാലഘട്ടങ്ങള്‍ യഥാക്രമം ശരത്, ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ഋതുക്കളായി അനുഭവപ്പെടുന്നു. ഋതുമാറ്റങ്ങള്‍ക്കുള്ള നിമിത്തമായി വര്‍ത്തിക്കുന്നത് ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണങ്ങളാണ്. എന്നാല്‍ സ്വന്തം അക്ഷത്തില്‍ 23027′ ചരിഞ്ഞിട്ടല്ലായിരുന്നു ഭൂമിയുടെ ഭ്രമണമെങ്കില്‍ എക്കാലത്തും ഒരേ കാലാവസ്ഥയാകുമായിരുന്നു ഭൂമിയില്‍ ഉണ്ടാവുക. ഈ ചെരിവ് അല്‍പം അധികമായിരുന്നുവെങ്കില്‍ അത്യുഷ്ണത്തോടു കൂടിയുള്ള ഗ്രീഷ്മകാലവും അതിശൈത്യത്തോടു കൂടിയുള്ള ശിശിരകാലവുമായിരുന്നു ഉണ്ടാവുക. ഇപ്പോള്‍ നിലനില്‍ക്കുന്ന ചരിവാണ് സസ്യങ്ങള്‍ക്ക് ജീവിക്കുവാനും പുഷ്പിക്കുവാനും കായ്കനികള്‍ നല്‍കുവാനുമെല്ലാം തക്ക പാകത്തില്‍ ഋതുഭേദങ്ങള്‍ സൃഷ്ടിക്കുന്നത്. കൃത്യമായ 23027′ ചരിവാണ് ഋതുഭേതങ്ങളാല്‍ ഭൂമിയെ ഭംഗിയുള്ള ഗ്രഹമാക്കി നിലനിര്‍ത്തുന്നതും സസ്യശാമളമാക്കിത്തീര്‍ക്കുന്നതെന്നും പറയാം.

ഭൂമിയെ ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കുവാന്‍ തക്കരീതിയില്‍ സംവിധാനിച്ച സ്രഷ്ടാവിന്റെ സാന്നിധ്യം തന്നെയാണ് ഈ പ്രതിഭാസങ്ങളുടെ സൂക്ഷ്മമായ കൃത്യതയ്ക്കുപിന്നില്‍ കാണാന്‍ കഴിയുന്നത്. രാപ്പകലുകളുടെ മാറ്റവും ഋതുവ്യത്യാസങ്ങളും ഉണ്ടാവുന്ന രീതിയില്‍ ഭൂമിയെയും മറ്റും സംവിധാനിച്ച ഒരു മഹാശക്തിക്കു മുന്‍പില്‍ സാഷ്ടാംഗം നമിക്കുന്നതിലേക്കാണ് അവയെക്കുറിച്ച പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന സൂചനകള്‍ ശ്രദ്ധിക്കുക:

”രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു.” (39:5)

”രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.” (36:37)

”അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ?” (31:29)

അന്തരീക്ഷം ഒരു അത്ഭുതം

ഭൂമിയെ ജീവയോഗ്യമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന മറ്റൊരു കാര്യം അതിന്റെ അന്തരീക്ഷമാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ ജീവിക്കുന്നത് യഥാര്‍ത്ഥത്തില്‍ നൂറുകണക്കിന് നാഴിക ആഴമുള്ള വായുസമുദ്രത്തിന്റെ അടിത്തട്ടിലാണ്. ഒരു ജലജീവിക്ക് അതിന്റെ ചുറ്റുപാടുമുളള ജല മണ്ഡലം എത്രത്തോളം പ്രധാനമാണോ അതിനേക്കാളധികം ജീവികള്‍ക്ക് ഈ വായു മണ്ഡലവും പ്രധാനം തന്നെയാണ്. വായുസമുദ്രത്തില്‍ നിന്ന് പുറത്തെടുത്താല്‍ മനുഷ്യനടക്കമുള്ള ജീവികള്‍, വെള്ളത്തില്‍നിന്ന് പുറത്തെടുത്ത മത്സ്യത്തെ പ്പോലെ പിടഞ്ഞുമരിക്കും. ഇങ്ങനെ മനുഷ്യനടക്കമുള്ള ജീവികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് വായുമണ്ഡലം. മറ്റൊരു ഗ്രഹത്തിനുമില്ലാത്ത ഭാഗ്യമാണത്. അന്തരീക്ഷമെന്ന ഭാഗ്യം! ജീവന്‍ നിലനില്‍ക്കുവാന്‍ തക്കരീതിയില്‍ സംവിധാനിക്കപ്പെട്ട ഒരു അത്ഭുതമാണ് നമ്മുടെ അന്തരീക്ഷം.

ഭൂമിയെ പൊതിഞ്ഞുനില്‍ക്കുന്ന ഏതാണ്ട് 400 കിലോമീറ്റര്‍ മൊത്തം കനം വരുന്ന വാതകപാളികളാണ് അന്തരീക്ഷത്തിന്റെ ഘടകഭാഗ ങ്ങള്‍. ഇതിനെ പ്രധാനമായും നാലു പാളികളായി വിഭജിച്ചിരിക്കുന്നു. ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മെസോസ്ഫിയര്‍, അയണോസ്ഫിയര്‍ എന്നിവയാണ് നാലു പാളികള്‍. ഭൗമോപരിതലത്തോടു തൊട്ടുകിടക്കുന്ന അന്തരീക്ഷ പാളിയാണ് ട്രോപ്പോസ്ഫിയര്‍. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്ന ഈ മേഖലയ്ക്ക് ഏകദേശം 15 കിലോമീറ്റര്‍ കനമുണ്ട്. അന്തരീക്ഷ വായുവിന്റെ ചാക്രിക ചലനങ്ങള്‍ നടക്കുന്നതും കാലാവസ്ഥ നിര്‍ണയിക്കപ്പെടുന്നതും ഈ പാളിയില്‍ വെച്ചാണ്. ട്രോപ്പോസ്ഫിയറിന് മുകളിലായുള്ള അന്തരീക്ഷപാളിയാണ് സ്ട്രാറ്റോസ്ഫിയര്‍. ഇതിന് 35 കിലോമീറ്ററോളം കനമുണ്ട്. ഈ പാളിക്കുമുകളിലായി സ്ഥിതി ചെയ്യുന്ന, ഏകദേശം 30 കിലോമീറ്റര്‍ കന മുള്ള അന്തരീക്ഷ പാളിയാണ് മെസോസ്ഫിയര്‍. ഇതിനും പുറത്തായാണ് അന്തരീക്ഷത്തിലെ ഏറ്റവും പുറത്തെ പാളിയായ അയണോ സ്ഫിയര്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 320 കിലോമീറ്റര്‍ കനമുള്ള ഈ പാളിയില്‍ പ്രധാനമായും നൈട്രജന്റെയും ഓക്‌സിജ ന്റെയും അയോണുകളാണുള്ളത്. ഈ പാളിക്കുമപ്പുറത്തായി സ്ഥിതി ചെയ്യുന്ന ഒരു ബെല്‍ട്ടാണ് വാലന്‍അലൈന്‍ ബെല്‍ട്ട്. സൗരക്ഷോഭത്തിന്റെ ഫലമായി സൂര്യനില്‍ നിന്നും വിട്ടുപോന്ന വൈദ്യുതകണികകളാണ് ഈ ബെല്‍ട്ടിലുള്ളത്. ഭൂമിയോടു തൊട്ടുകിടക്കുന്ന അന്തരീക്ഷത്തില്‍ വിവിധങ്ങളായ രാസമാറ്റങ്ങള്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ് സാധ്യമാക്കുന്നത് അന്തരീക്ഷത്തില്‍ നടക്കുന്ന ഈ രാസപ്രവര്‍ത്തനങ്ങളാണ്. അന്തരീക്ഷത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് നൈട്രജനാണ്, വായുവിന്റെ 78.08 ശതമാനം. ഓക്‌സിജന്‍ (20.95 ശതമാനം), ആര്‍ഗണ്‍ (0.93 ശതമാനം), കാര്‍ബണ്‍ ഡയോക്‌സൈഡ് (0.03 ശതമാനം) എന്നിവയാണ് വായുവി ലുള്ള മറ്റു പ്രധാന ഘടകങ്ങള്‍. ഇതില്‍ ജന്തുക്കളെ സംബന്ധിച്ചിടത്തോളം ഓക്‌സിജന്റെ പ്രാധാന്യം പറയേണ്ടതില്ലാത്തവിധം വ്യക്തമാണ്. അവയുടെ ജീവവായുവാണ് ഓക്‌സിജന്‍. അതില്ലെങ്കില്‍ മനുഷ്യനടക്കമുള്ള ജീവികള്‍ക്കൊന്നും നിലനില്‍ക്കാനാവില്ല. അതോടൊപ്പം തന്നെ കത്തുവാന്‍ സഹായിക്കുന്ന വാതകമാണ് ഓക്‌സിജന്‍. കൂടുതല്‍ ഓക്‌സിജന്‍ ഉണ്ടാവുന്നിട ത്തോളം അഗ്നിബാധക്കുള്ള സാധ്യതയും കൂടി വരുന്നു. അതിനാല്‍ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് ഇപ്പോഴുള്ളതിലും കൂടുതലായിരുന്നുവെങ്കില്‍ അഗ്നിബാധ ഒരു നിരന്തര സംഭവമാകുമായിരുന്നു. ഒരു ചെറിയ തീപ്പൊരിക്ക് സ്‌ഫോടനാത്മകമായ അഗ്നിബാധകളുണ്ടാക്കാനാകുമായിരുന്നു. അതുകൊണ്ടാവാം ജീവന്‍ നിലനില്‍ക്കുവാനാവശ്യമായിരുന്നിട്ടും ഓക്‌സിജന്റെ അളവ് അന്തരീക്ഷ വായുവിന്റെ അഞ്ചിലൊന്നാക്കി ചുരുക്കിയത്. ഇവിടെയുള്ള ഓക്‌സിജന്റെ അളവിന് യാതൊരു കുറവും സംഭവിക്കാതിരിക്കുവാന്‍ വേണ്ടിയുള്ള സംവിധാനങ്ങളും സ്രഷ്ടാവ് തന്നെ ചെയ്തുവെച്ചിരിക്കുന്നു. അന്തരീക്ഷവായുവിന്റെ മുക്കാല്‍ ഭാഗത്തിലധികം വരുന്ന നൈട്രജന്‍, കത്താന്‍ സഹായിക്കുന്ന ഓക്‌സിജനെ നേര്‍പ്പിച്ചുകൊണ്ട് സദാ ഉണ്ടായേക്കാവുന്ന അഗ്നിബാധയില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നു. നൈട്രജന്‍ വെറുമൊരു നേര്‍പ്പിക്കുന്ന വാതകമല്ല. സസ്യങ്ങളെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായൊരു വാതകമാണത്. നൈട്രജന്‍ വളങ്ങള്‍ പ്രകാശസംശ്ലേഷണത്തിന് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ നൈട്രജനും ഓക്‌സിജനും മറ്റു വാതകങ്ങളും ഇടിമിന്നലുണ്ടാവുമ്പോള്‍ സംയോജിച്ച് സസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്കവിധത്തിലുള്ള നൈട്രജന്‍ സംയുക്തങ്ങളായിത്തീരുന്നു.

ഹരിതഗേഹ പ്രഭാവം

അന്തരീക്ഷത്തില്‍ വളരെ ചെറിയ അളവുമാത്രമുള്ള കാര്‍ബണ്‍ ഡയോക്‌സൈഡും പ്രകൃതിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വാതകമാണ്. ഒന്നാമതായി, സസ്യങ്ങളുടെ നിലനില്‍പ് അതിനെ ആശ്രയിച്ചാണിരിക്കുന്നത്. പ്രകൃതിയുടെ ഭക്ഷ്യോല്‍പാദകരായ സസ്യങ്ങള്‍ ഭക്ഷണം നിര്‍മിക്കുവാന്‍ വേണ്ടി വലിച്ചെടുക്കുന്ന വാതകമാണ് കാര്‍ബണ്‍ ഡയോക്‌സൈഡ്. ഈ വാതകമില്ലെങ്കില്‍ സസ്യങ്ങ ള്‍ക്ക് പ്രകാശസംശ്ലേഷണം നടത്താനാവില്ല; നിലനില്‍ക്കാനുമാവില്ല. അപ്പോള്‍ സസ്യങ്ങളെ പരോക്ഷമായോ പ്രത്യക്ഷമായോ ആശ്രയിച്ചു നിലനില്‍ക്കുന്ന എല്ലാ ജീവികള്‍ക്കും ജീവല്‍പ്രധാനമായ വാതകം തന്നെയാണ് കാര്‍ബണ്‍ ഡയോക്‌സൈഡ്. ഇതുകൂടാതെ ഭൂമിയില്‍ ആവശ്യമായ ഊഷ്മാവ് നിലനിര്‍ത്തുന്നതിലും കാര്‍ബണ്‍ ഡയോക്‌സൈഡ് കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ട്രോപ്പോസ്ഫിയര്‍ ചൂടാകുന്നത് സൂര്യകിരണങ്ങള്‍ നേരിട്ടുപതിക്കുന്നതുകൊണ്ടല്ല. സൂര്യകിരണങ്ങളിലടങ്ങിയ ഹ്രസ്വതരംഗങ്ങളിലെ ഊര്‍ജ്ജം സ്വീകരി ക്കാന്‍ ഇവിടെയുള്ള വാതകങ്ങള്‍ക്കു കഴിയില്ല. എന്നാല്‍ നീരാവി, കാര്‍ബണ്‍ ഡയോക്‌സൈഡ് തുടങ്ങിയ വാതകങ്ങള്‍ക്ക് ദീര്‍ഘ തരംഗങ്ങളിലെ ഊര്‍ജ്ജം സ്വീകരിക്കുവാന്‍ കഴിയും. സൂര്യപ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിച്ചുണ്ടാകുന്ന ദീര്‍ഘതരംഗങ്ങളായ ഇന്‍ഫ്രാറെഡ്  കിരണങ്ങളാണ് ട്രോപ്പോസ്ഫിയറിനെ ചൂടാക്കുന്നത്. പ്രതിഫലിച്ചുണ്ടാകുന്ന ഈ കിരണങ്ങളിലധികവും മുകളിലേക്കാണ് പോവുന്നത്. അതിലെ ചെറിയൊരു ഭാഗത്തെ നീരാവിയും കാര്‍ബണ്‍ ഡയോക്‌സൈഡും ആഗിരണം ചെയ്ത് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ താപം നിലനിര്‍ത്തുന്നു. ഇങ്ങനെ ഇന്‍ഫ്രാറെഡ് കിരണങ്ങളെ സ്വീകരിച്ച് ഭൂമിയിലെ താപനില നിലനിര്‍ത്തുന്ന പ്രക്രിയക്കാണ് ഹരിതഗേഹ പ്രഭാവം (Green House Effect) എന്നു പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവെങ്ങാനും അല്‍പം കൂടുതലായിരുന്നുവെങ്കില്‍ ഹരിതഗേഹ പ്രഭാവത്തിന്റെ തോത് വര്‍ദ്ധിക്കുകയും ഇവിടെ ചുട്ടുപൊള്ളുന്ന ഒരു അവസ്ഥയുണ്ടാവുകയും ചെയ്യുമായിരുന്നു. അതിന്റെ അളവ് അല്‍പം കുറവാണെങ്കില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ താപനില ഭൂമിയില്‍ നിലനില്‍ക്കുമായിരുന്നില്ല. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ മൊത്തം അളവില്‍ മാറ്റമൊന്നും വരാത്ത രീതിയിലാണ് ഇവിടത്തെ ജന്തു-സസ്യജാലങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്.

ഉപരിലോകം എന്ന മേല്‍ക്കൂര

ട്രോപ്പോസ്ഫിയറിന് മുകളിലുള്ള സ്ട്രാറ്റോസ്ഫിയറിലെ രാസപ്രവര്‍ത്തനങ്ങളും ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നു. ഈ പാളിയില്‍ ഓക്‌സിജന്‍, നൈട്രജന്‍, തുടങ്ങിയ വാതകങ്ങള്‍ സുലഭമാണ്. സൂര്യപ്രകാശത്തിലെ 24000 അയിലും കുറവ് തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ ഇവിടെയുള്ള ഓക്‌സിജന്‍ തന്മാത്രകളെ പ്രകാശിക വിഘടനം (Photo Dissociation) വഴി ഓക്‌സിജന്‍ ആറ്റങ്ങളാക്കി മാറ്റുന്നു. O2 Light = below 24000A >2(0) ഈ ഓക്‌സിജന്‍ ആറ്റം മറ്റൊരു ഓക്‌സിജന്‍ തന്മാത്രയുമായി ചേര്‍ന്ന് ഒരു ഓസോണ്‍ തന്മാത്രയുണ്ടാകുന്നു. ഈ പ്രവര്‍ത്തനത്തില്‍ ഒരു ഓക്‌സിജന്‍ തന്മാത്രയോ നൈട്രജന്‍ തന്മാത്രയോ ഉല്‍പ്രേരക (Catalyst)മായി വര്‍ത്തിക്കുന്നു. O2 +(0)+M(O2rN2) — O3+M

ഇങ്ങനെയുണ്ടാവുന്ന ഓസോണും മാറിയിട്ടില്ലാത്ത ഓക്‌സിജനും ചേര്‍ന്ന് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നു. 100 മുതല്‍ 3900 വരെ ഡിഗ്രി ആംസ്‌ട്രോങ് തരംഗദൈര്‍ഘ്യമുള്ളവയാണ് അള്‍ട്രാ വയലറ്റ് രശ്മികള്‍. ഇതില്‍ 18000Aനും 20000Aനും ഇടയ്ക്ക് തരംഗദൈര്‍ഘ്യമുള്ളവയെ ഓക്‌സിജന്‍ തന്മാത്രകളും, 20000Aനും 30000Aനും ഇടയ്ക്ക് തരംഗദൈര്‍ഘ്യമുള്ളവയെ ഓസോണ്‍ തന്മാത്രകളും ആഗിരണം ചെയ്യുന്നു. വിഷമയമായ ഒരു വാതകമാണ് ഓസോണ്‍. ഭൂതലത്തില്‍നിന്ന് ഏകദേശം 20-25 കിലോ മീറ്റര്‍ അകലെ തങ്ങി നില്‍ക്കുന്ന ഓസോണിന്റെ ഒരു അട്ടി തന്നെയുണ്ട്. ഇതിനെ നാം ഓസോണ്‍ കുടയെന്നു വിളിക്കുന്നു. കാരണം മറ്റൊന്നുമല്ല, ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കുന്ന മേല്‍ക്കൂരയാണ് ഈ ഓസോണ്‍ പാളി. രണ്ടായിരത്തിനും മൂവായിരത്തിനും ഇടയ്ക്ക് ആംസ്‌ട്രോങ് തരംഗദൈര്‍ഘ്യമുള്ള, ജീവകോശങ്ങള്‍ക്ക് ഏറ്റവും ഹാനികരമായ അള്‍ട്രാ വയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് അവ ഭൂമിയിലെത്താതെ നോക്കുകയെന്ന മഹത്തായ സേവനം നിര്‍വഹിക്കുന്നത് ഈ ഓസോണ്‍ പാളിയാണ്. ഓസോണ്‍ കുടയില്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ ജീവകോശങ്ങള്‍ക്ക് നിലനില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല.

ഉല്‍ക്കാനിപാതങ്ങളില്‍ നിന്ന് ഭൂമിയെ കാത്തുരക്ഷിക്കുന്നതും അന്തരീക്ഷം തന്നെ. ചന്ദ്രന്റെ ഉപരിതലം മുഴുവന്‍ കുണ്ടും കുഴിയുമാണ്. എന്താണിതിനു കാരണം? ഉല്‍ക്കകള്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചുകൊണ്ടിരിക്കുന്നതിനാലാണിത്. രാത്രിയില്‍ ആകാശത്തുകൂടി പാഞ്ഞു നടക്കുന്ന കൊള്ളിമീനുകളെല്ലാം കൂടി ഭൂമിയിലേക്കു വീണാല്‍ ഇവിടെ ജീവിതം അസാധ്യമായിരിക്കും. ഇതില്‍നിന്ന് നമ്മെ രക്ഷിക്കുന്നത് നമ്മുടെ അന്തരീക്ഷമാണ്. ഘര്‍ഷണം വഴി ഉല്‍ക്കകളെ കരിച്ചുകളഞ്ഞ് നശിപ്പിക്കുകയാണ് അന്തരീക്ഷം.

നമ്മുടെ ഉപരിതലം എല്ലാ അര്‍ത്ഥത്തിലും ഒരു മേല്‍ക്കൂര തന്നെയാണ്. മാരകമായ അള്‍ട്രാ വയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവി ടാതെ ജീവനെ സംരക്ഷിക്കുന്നത് ഈ മേല്‍ക്കൂരയാണ്. ഉല്‍ക്കാനിപാതങ്ങളേല്‍ക്കാതെ ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തുന്നതും ഈ മേല്‍ക്കൂര തന്നെ. ഭൂമിയില്‍ ജീവന്‍ സൃഷ്ടിക്കുവാന്‍ തക്കരൂപത്തില്‍ അതിന്റെ അന്തരീക്ഷ ഘടനയെ സംവിധാനിച്ച ഒരു മഹത്തായ ശക്തിവിശേ ഷത്തിന്റെ അപാരമായ വൈഭവമാണ് ഇവയ്‌ക്കെല്ലാം പിന്നില്‍ സത്യാന്വേഷികള്‍ക്ക് കാണാന്‍ കഴിയുന്നത്. ആ വൈഭവത്തിനു മുന്‍പില്‍ നമ്രശിരസ്‌കരായി നിന്നുപോകാത്തവര്‍ എത്രമാത്രം വലിയ അഹങ്കാരികളത്രെ! ക്വുര്‍ആനിന്റെ കല്‍പന ശ്രദ്ധിക്കുക:

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (2:22)

ഭൂമി എന്ന ആകാശഗോളം

നമ്മുടെ ഗ്രഹമായ ഭൂമിയെക്കുറിച്ചുള്ള നമ്മുടെ അറിവ് തുലോം പരിമിതമാണെന്നതാണ് വാസ്തവം. സത്യത്തില്‍, സൗരയൂഥത്തിലെ ഏറ്റവും രഹസ്യമയനായ ഗ്രഹം ഭൂമിയാണ്. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചും മറ്റും നമുക്ക് വളരെ കുറച്ചു മാത്രമേ അറിയൂ. ഉള്ള അറിവാകട്ടെ, അധികവും മറ്റു ഗ്രഹങ്ങളുടെ ഘടനയെക്കുറിച്ച വിവരങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന നിഗമനങ്ങളാണ്. പ്രസ്തുത നിഗമനങ്ങളിലധികവും സത്യസന്ധമാണെന്ന് ആധുനിക ഉപകരണങ്ങളുപയോഗിച്ചു കൊണ്ടുള്ള പഠനങ്ങള്‍ കാണിക്കുന്നുണ്ട്.

നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഏതാണ്ട് ഗോളാകൃതിയിലാണ്. ഗുരുത്വാകര്‍ഷണമാണ് ഈ ആകൃതിക്ക് കാരണം. എന്നാല്‍ ഭൂമിയുടെ ആകൃതി ഗോളാകൃതിയല്ല. നടുവില്‍ ഒരു ചെറിയ തുറിപ്പ് അതിനുണ്ട്. ഏതാണ്ട് ഒരു ഒട്ടകപ്പക്ഷിയുടെ മുട്ടയെപോലെയുള്ള ആകൃതി. ഈ ആകൃതിയെ ലഘു അക്ഷഗോളഭം (Oblated Spheroid) എന്നുപറയുന്നു. ഒരു ദീര്‍ഘ വൃത്തത്തിന്റെ ലഘു അക്ഷത്തെ ആസ്പദമാക്കി അതിനെ കറക്കിയാല്‍ ലഭിക്കുന്ന രൂപമാണിത്. ഗോളത്തില്‍നിന്ന് വ്യത്യസ്തമായി ഗോളഭത്തിന്റെ എല്ലാ വ്യാസങ്ങളും തുല്യമാവുകയില്ല. ഭൂമിയു ടെ മധ്യരേഖയിലൂടെയുള്ള വ്യാസം ധ്രുവങ്ങളിലൂടെയുള്ളതിനേക്കാള്‍ 21 കിലോമീറ്റര്‍ കൂടുതലാണ്. സ്വയം കറങ്ങലില്‍ നിന്നുളവാകുന്ന അപകേന്ദ്രബലമാണ് (Centrifugal Force) ഭൂമിക്ക് ഇന്നത്തെ ആകൃതി നല്‍കിയതെന്നാണ് കരുതപ്പെടുന്നത്.

പരന്ന ഭൂമി; ഉരുണ്ടതും!

നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ആകാശഗോളങ്ങളെല്ലാം പൊതുവെ ഗോളാകൃതിയുള്ളവയാണ്. ഈ ആകാശഗോളങ്ങളില്‍ നിന്ന് ഭൂമിക്കുള്ള സവിശേഷത അതില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്നതാണ്. ജീവന്‍ നിലനില്‍ക്കുവാന്‍ പാകത്തില്‍ ഭൂമിയെ സംവിധാനിച്ചതി നെക്കുറിച്ചാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ ഊന്നുന്നത്.

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (2:22)

പ്രപഞ്ചത്തിലുള്ള എന്തിനെക്കുറിച്ചും നാം പറയുമ്പോള്‍ ആപേക്ഷികമായാണ്, കേവലമായല്ല പരാമര്‍ശിക്കേണ്ടത് എന്നാണ് ആധുനിക ഭൗതികം പഠിപ്പിക്കുന്നത്. സൗരയൂഥത്തിലെ ഭൂമിക്കുപുറത്തുള്ള ഏതെങ്കിലും ഒരു കേന്ദ്രത്തിന് അപേക്ഷികമായി ഭൂമി ഉരുണ്ടതാണെന്നു പറയാം. നമ്മുടെ ഗ്യാലക്‌സിക്കു പുറത്തുള്ള ഒരു നിരീക്ഷകന് ആപേക്ഷികമായി ഭൂമിയുടെ ആകൃതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ സ്വയംഭ്രമണവും പരിക്രമണവും ഗാലക്തികകേന്ദ്രത്തെ ചുറ്റിയുള്ള സൂര്യനോടൊപ്പമുള്ള ചലനവുമെല്ലാം പരിഗണിക്കേണ്ടി വരും. ഭൂമിക്കുപുറത്തെ നിരീക്ഷകന് ആപേക്ഷികമായി ഭൂമി ഗോളാകൃതിയിലായിരിക്കുന്നതുപോലെ ഭൂമിയില്‍ ജീവിക്കുന്ന നിരീക്ഷകന് ആപേക്ഷികമായി ഭൂമി പരന്നാണുള്ളത്. പരന്ന ഭൂമിയെ പരിഗണിച്ചുകൊണ്ടാണ് ഭൂമിയിലെ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം നാം ആസൂത്ര ണം ചെയ്യുന്നത്. പരന്നഭൂമിയെ പരിഗണിച്ചുകൊണ്ട് ക്രിസ്തുവിന് മൂന്നുനൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രീക്ക് ഗണിതജ്ഞനായ യൂക്ലിഡ് നിര്‍ധരി ച്ചെടുത്ത തത്വങ്ങളില്‍ തന്നെ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആധുനിക ജ്യാമിതി നിലനില്‍ക്കുന്നതും അതുപ്രകാരം ഭൂമി യിലെ നമ്മുടെ നിര്‍മാണങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നതും മനുഷ്യര്‍ക്ക് ആപേക്ഷികമായി ഭൂമി പരന്നതായതുകൊണ്ടാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭൂമിയെ അല്ലാഹു പരത്തിയതായി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.

”ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (88:20)

”ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (50:7)

”അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാ ക്കിത്തരികയും ചെയ്തവന്‍.” (43:10)

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)

”ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!” (51:48)

”അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.” (71:19)

”ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?).” (78:6,7)

മനുഷ്യന് ആപേക്ഷികമായി, അവനും മറ്റുജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ തക്കരൂപത്തില്‍ ഭൂമിയെ വിശാലമാക്കുകയും വികസി പ്പിക്കുകയും വിതാനിക്കുകയും പരത്തുകയും ചെയ്തതിനെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഭൂമിക്കുപുറത്തെ നിരീക്ഷകന് ആപേക്ഷി കമായുള്ള ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.

”ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരി ക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.” (39:5)

രാത്രിയും പകലും പരസ്പരം ചുറ്റുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ‘യുകവ്വിറു’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു ഗോളത്തിന്‍മേല്‍ ചുറ്റുന്നതിനെപ്പറ്റിയാണ് ഇങ്ങനെ പരാമര്‍ശിക്കുക. ഉദയസ്ഥാനങ്ങളെയും അസ്തമയസ്ഥാനങ്ങളെയും കുറിച്ചു പരാമര്‍ശിക്കുമ്പോഴും ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. ” ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയി ട്ടുള്ളവന്‍”. (37:5)

”രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.” (55:17)

ഒന്നിലധികം ഉദയസ്ഥാനങ്ങളും അസ്തമയസ്ഥാനങ്ങളുമുണ്ടാവുക ഭൂമി ഗോളമായിരിക്കുമ്പോള്‍ മാത്രമാണല്ലോ? ആകാശഗോളങ്ങളും ഭൂമിയുമെല്ലാം ഗോളാകൃതിയിലുള്ളവയാണെന്ന് ആദ്യകാല മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നതായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ തന്റെ ഫതാവയില്‍ പരാമര്‍ശിക്കുന്നുണ്ട് (6/586-587). ഇമാം അഹ്മദിന്റ (റ) ശിഷ്യനായിരുന്ന അബുല്‍ഹുസൈന്‍ അഹ്മദ്ബ്‌നു ജഅ്ഫര്‍ ബ്‌നു മുനാദീ(റ)യും ഇമാം അബൂ മുഹമ്മദ്ബ്‌നു ഹസമും (റ) അബൂ ഫറാജ്ബ്‌നുല്‍ ജൗസി(റ)യുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നു ണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പ്രവാചകശിഷ്യനായിരുന്ന ഇബ്‌നു അബ്ബാസില്‍ (റ) നിന്നുള്ള ചില പരാമര്‍ശങ്ങളും ഭൂമിയും മറ്റും ഉരുണ്ടതാണെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്‍മാര്‍ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയത്രികോ ണമിതി (Spherical trigonometry) രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്ന് മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ ദി സര്‍വീസ് ഓഫ് ഇസ്‌ലാം (Astronomy in the Service of Islam) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടുപിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായും സിറിയയിലെ തദ്മൂറും റാഖ്ബയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മില്‍ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയും ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്ന് കണക്കാക്കുകയും ചെയ്തതായും മറ്റൊരുകൂട്ടം മുസ്‌ലിം ശാസ്ത്രജ്ഞരുടെ കണക്കുകള്‍പ്രകാരം ഭൂമിയുടെ ചുറ്റളവ് 40,284 കിലോമീറ്ററാണെന്നും ആധുനികയന്ത്രങ്ങളുപയോഗിച്ച് നാം ഇന്നുകണക്കാക്കുന്ന 40,068 കിലോമീറ്ററുമായി വളരെ അടുത്തുനില്‍ ക്കുന്നതാണ് അവരുടെ കണക്കാക്കലെന്നത് അത്ഭുതകരമാണെന്നും ശാസ്ത്രചരിത്രകാരനായ അഡ്വേര്‍ഡ് എസ്.കെന്നഡി തന്റെ മാത്തമാറ്റി ക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പുറം 185-201) നിരീക്ഷിക്കുന്നുണ്ട്.

ഭൂമിയെ പരത്തിയതായുള്ള ക്വുര്‍ആന്‍ പരാമര്‍ശത്തില്‍നിന്ന് അതൊരു ഗോളമല്ലെന്ന് ആദ്യകാല മുസ്‌ലിംകളൊന്നും മനസ്സിലാക്കിയിരു ന്നില്ലെന്നുസാരം.

ഭൂമിയുടെ ആന്തരികഘടന

ഭൂമിയുടെ വ്യാസാര്‍ധം 6370 കിലോ മീറ്ററാണ്. മനുഷ്യന് ഭൂമിയുടെ ഉള്ളിലേക്ക് അധികമൊന്നും പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ച് കുറെയെല്ലാം കാര്യങ്ങള്‍ മനുഷ്യനറിയാം. ഭൂകമ്പങ്ങളുടെ ഫലമായുണ്ടാകുന്ന കമ്പനതരംഗങ്ങ ളെക്കുറിച്ചു പഠിക്കുന്ന ഭൂകമ്പ വിജ്ഞാനീയമാണ് ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ച ഒട്ടേറെ വിവരങ്ങള്‍ നമുക്ക് തന്നിരിക്കുന്നത്. ഇത്തരം പഠനങ്ങളില്‍ നിന്ന് ഭൂമിയുടെ ഉള്‍ഭാഗത്തെ മൂന്നു തട്ടുകളായി കണക്കാക്കാമെന്ന് മനസ്സിലായിട്ടുണ്ട്. ഏറ്റവും മുകളിലത്തേതിനെ ഭൂവല്‍ക്ക(Earth Crust)മെന്നും ഏറ്റവും ഉള്ളിലുള്ളതിനെ കാമ്പ് (Core) എന്നും ഇവയ്ക്കിടയിലുള്ള ഭാഗത്തെ മാന്റില്‍ (Mantle) എന്നും പറ യുന്നു. ഉപരിതലത്തില്‍നിന്ന് ശരാശരി 30 മുതല്‍ 35 കിലോ മീറ്റര്‍ വരെ ആഴമാണ് ഭൂവല്‍ക്കത്തിനുള്ളത്. ഭൂമിയുടെ ആകെ വ്യാപ്തത്തി ന്റെ 6 ശതമാനവും പിണ്ഡത്തിന്റെ 0.4 ശതമാനവും ഉള്‍ക്കൊള്ളുന്ന ഇതില്‍ പ്രധാനമായും ഉള്ളത് ബസാള്‍ട്ട് പാറകളാണ്. ഭൂവല്‍ക്കത്തി ന് താഴെ ഏകദേശം 2900 കിലോ മീറ്റര്‍ വരെ വ്യാപിച്ചുകിടക്കുന്ന മധ്യഭാഗമാണ് മാന്റില്‍. വ്യാപ്തത്തില്‍ ഭൂമിയുടെ 82 ശതമാനവും പിണ്ഡത്തില്‍ 68 ശതമാനവും വരുന്ന ഈ ഭാഗത്തിന്റെ ആദ്യത്തെ 75 കിലോമീറ്ററോളം ഖരാവസ്ഥയിലും പിന്നെ 250 കിലോ മീറ്ററോളം അര്‍ധദ്രവാവസ്ഥയിലും ബാക്കിഭാഗം ദ്രാവകാവസ്ഥയിലുമാണ്. ഭൂവ്യാപ്തത്തിന്റെ 17 ശതമാനവും പിണ്ഡത്തിന്റെ 32 ശതമാനവും വരുന്ന ഏറ്റവും ഉള്ളിലെ പാളിയാണ് കാമ്പ്. 2900 കിലോമീറ്റര്‍ തൊട്ട് കേന്ദ്രഭാഗം വരെ വ്യാപിച്ചുകിടക്കുന്ന കാമ്പിന്റെ 2100ഓളം കിലോ മീറ്റര്‍ ദ്രാവകാവസ്ഥയിലും ബാക്കി ഭാഗം ഖരാവസ്ഥയിലുമാണുള്ളത്.

ഭൗമപ്രതിഭാസങ്ങളും ആന്തരികഘടനയും

ഭൂമിയില്‍ നടക്കുന്ന പല പ്രതിഭാസങ്ങള്‍ക്കും കാരണം അതിന്റെ ആന്തരിക ഘടനയാണ്. അഗ്നിപര്‍വ സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളു മെല്ലാം അതിന്റെ ആന്തരിക ഭാഗത്തുണ്ടാവുന്ന പ്രതിഭാസങ്ങളുടെ സൃഷ്ടിയാണ്. മറ്റുപല ഭൗമപ്രതിഭാസങ്ങളെയും പോലെത്തന്നെ അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളുമൊന്നും ശാസ്ത്രത്തിന്റെ വിശദീകരണത്തിന് പൂര്‍ണമായും വഴങ്ങിയിട്ടില്ല. ഭൂഗര്‍ഭത്തി ലുണ്ടാകുന്ന താപത്തെ വിസരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളില്‍ മുഖ്യമായതാണ് അഗ്നിപര്‍വത സ്‌ഫോടനം. ഭൗമാന്തര്‍ഭാഗത്തെ ഉരുകിയ പാറകള്‍ അഥവാ മാഗ്മ, ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിരുകളിലുള്ള ദുര്‍ബല ഭാഗത്തുകൂടി പുറത്തേക്കു വമിക്കുന്നതാണ് അഗ്നിപര്‍വത സ്‌ഫോടനം എന്നുപറയാം. ഇതൊരു ചെറിയ വിശദീകരണം മാത്രമാണ്. കൂടുതല്‍ വിശദമായി പറയാന്‍ ഇന്നു ശാസ്ത്ര ത്തിനു കഴിയില്ല. ഭൂകമ്പങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഭൂമിക്കടിയിലെ പ്ലേറ്റുകളുടെ ചലനവും ഉരുകിയ പാറകളുടെ മര്‍ദവുമാ ണ്  ഭൂകമ്പത്തിന് നിമിത്തമാവുന്നതെന്നു പറയാന്‍ മാത്രമേ ശാസ്ത്രത്തിനു സാധിക്കുന്നുള്ളൂ. ഇതേക്കുറിച്ചു വിശദീകരിക്കാന്‍വേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാര്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഫലമായി ഉരുത്തിരിഞ്ഞിട്ടുള്ള ഒരു സിദ്ധാന്ത മാണ് പ്ലേറ്റ് ടെക്‌റ്റോണിക്‌സ് (Plate tectonics). ഭൂമിയുടെ ഉപരിതലം ദൃഢമായ ഏതാനും പ്ലേറ്റുകള്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിട്ടുള്ള തെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഭൂമുഖത്ത് നടക്കുന്ന പ്രതിഭാസങ്ങളില്‍ പലതും ഈ സിദ്ധാന്തമുപയോഗിച്ചുകൊണ്ട് വിശദീകരി ക്കാമെങ്കിലും പലപ്പോഴും ഉണ്ടാകുന്ന അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും ഈ സിദ്ധാന്തത്തിന്റെ വിശദീകരണത്തിന് വഴങ്ങാത്തതായതിനാല്‍ പ്ലേറ്റ് ടെക്‌റ്റോണിക്‌സ് ഒരു പൂര്‍ണ സിദ്ധാന്തമല്ലെന്ന അഭിപ്രായക്കാരാണ് മിക്ക ശാസ്ത്രജ്ഞന്മാരും.

പര്‍വതങ്ങള്‍ ഭൂമിയുടെ ആണികള്‍

ഭൗമോപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതങ്ങള്‍ക്ക് വളരെ പ്രധാനമായ ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്. ഭൂമിയുടെ സന്തുലനം നിലനിര്‍ത്തുകയാണത്. കരയിലും കടലിലും ഇത്തരം ധാരാളം കിടങ്ങുകളും കുന്നുകളുമുണ്ട്. ഈ ഉയര്‍ച്ച-താഴ്ച്ചകളാണ് ഭൂമിയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നത്. പ്ലേറ്റുകളുടെ നീക്കത്തെ ഭൂനിവാസികള്‍ക്ക് അനുഭവപ്പെടുത്താതിരിക്കുന്നതില്‍ പര്‍വതങ്ങള്‍ക്ക് ഗണ്യമായ ഒരു പങ്കുണ്ട്. ഭൂകമ്പ തരംഗങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിലും അവയ്ക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടു തന്നെ ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തുന്ന ആണികളാണ് പര്‍വതങ്ങളെന്നു പറയുന്നത് തീര്‍ച്ചയായും ശരിയാണ്. മാത്രവുമല്ല, പര്‍വതങ്ങള്‍ ഗണ്യമായ അളവില്‍ ഉള്ളിലേക്ക് ആണ്ടുകിടക്കുന്നുണ്ടെന്നാണ് ആധുനിക ഗവേഷണങ്ങള്‍ കാണിക്കുന്നത്. ഭൗമാന്തര്‍ഭാഗത്തേക്ക് നീണ്ടുകിടക്കുന്ന വേരുകള്‍ പര്‍വതങ്ങള്‍ക്കുണ്ടത്രെ. ഇതുകൊണ്ടാണ് കനത്ത പാറകളുള്ള മേഖലകള്‍ക്കിടയിലൂടെ ഭൂകമ്പ തരംഗങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തതെന്നാണ് വിചാരിക്കപ്പെടുന്നത്. പര്‍വത ഭാഗങ്ങള്‍ക്കടുത്ത് ഗുരുത്വാകര്‍ഷണം കുറവായതും ഇതുകൊണ്ടു തന്നെയാണത്രെ. ഏതായിരുന്നാലും, ഭൂമിയുടെ സന്തുലനം നിലനിര്‍ത്തുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ആണികളാണ് പര്‍വതങ്ങളെന്ന കാര്യത്തില്‍ ഇന്ന് ഭൂമിശാസ്ത്രജ്ഞന്‍മാര്‍ക്ക് സംശയങ്ങളൊന്നുമില്ല. വിശുദ്ധ ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക:

”ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു.” (21:31)

”ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)” (78:6,7)

വന്‍കരകളുടെ നീക്കം

ഭൂമിയിലെ വന്‍കരകളെല്ലാം ആദ്യകാലത്ത് ഒന്നായിരുന്നുവെന്നും പിന്നീട് വേര്‍തിരിക്കപ്പെടുകയാണുണ്ടായതെന്നുമുള്ള ഒരു സിദ്ധാന്തം നിലനില്‍ക്കുന്നുണ്ട്. 1912ല്‍ ആല്‍ഫ്രെഡ് വെജിനര്‍ അവതരിപ്പിച്ച ഭൂഖണ്ഡങ്ങള്‍ സഞ്ചരിക്കുന്നുവെന്ന ആശയത്തിന്, അനേകം വാദപ്ര തിവാദങ്ങള്‍ക്കുശേഷം ഈയടുത്ത കാലത്തു മാത്രമാണ് ഭൂമിശാസ്ത്രജ്ഞന്‍മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞത്. വന്‍കരകളുടെ നീക്കത്തിന്റെ പ്രവര്‍ത്തനരൂപ(Mechanism)വും ഊര്‍ജ്ജസ്രോതസ്സും എന്താണെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞത് മൂലമാണ് ഈ തത്വം ശാസ്ത്രജ്ഞന്‍മാരുടെ പിന്തുണ കരസ്ഥമാക്കിയത്. ഇരുപത് കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു വന്‍കര മാത്രമാണുണ്ടായിരുന്നതെന്നാണ് വെജിനര്‍ വാദിച്ചത്. ഇതിന് പാന്‍ജിയ (Pangaea) എന്നും വെജിനര്‍ പേരുവിളിച്ചു. ഇത് രണ്ടായി പിളര്‍ന്ന് ലൊറേഷ്യ (Laurasia) എന്നൊരു ഉത്തര ഭൂഖണ്ഡവും ഗോണ്‍ഡ്വാനാലാന്‍ഡ് (Gond Wanaland) എന്ന ദക്ഷിണാര്‍ധ ഗോള ഭൂഖണ്ഡവുമുണ്ടായി. ഈ രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്ന് പിരിഞ്ഞാണ് ഇന്നുകാണുന്ന വന്‍കരകളെല്ലാം ഉണ്ടായത്. തെക്കേ അമേരിക്കയും ആഫ്രിക്കയുമാണ് ആദ്യമായി അകന്നുതുടങ്ങിയ വന്‍കരകള്‍. ഏതാണ്ട് ഇതേകാലത്തുതന്നെ വടക്കേ അമേരിക്കയും യൂറോപ്പും തമ്മില്‍ അകലാന്‍ തുടങ്ങി. പിന്നീടാണ് ഇന്‍ഡ്യയുള്‍ക്കൊള്ളുന്ന ഭാഗം വേര്‍പെട്ട് വടക്കോട്ടുള്ള നീക്കം തുടങ്ങിയത്. ഇതും കഴിഞ്ഞ് കുറച്ചുകാലത്തിനുശേഷമാണ് ഓസ്‌ട്രേലിയ അന്റാര്‍ട്ടിക്കയില്‍ നിന്ന് അകലാനാരംഭിച്ചത്. ഇതാണ് വെജിനറുടെ വാദം. തന്റെ വാദത്തിനനുകൂലമായ രണ്ട് പ്രധാന തെളിവുകളാണ് അദ്ദേഹം ഉന്നയിച്ചത്. വന്‍കരകളുടെ അരികുകള്‍ തമ്മില്‍ ചേര്‍ത്താല്‍ അവ കൃത്യമായും യോജിക്കും എന്നതാണ് അതിലൊന്ന്. തെക്കേ അമേരിക്കയുടെ കിഴക്കേതീരവും ആഫ്രിക്കയുടെ പടിഞ്ഞാറേ തീരവും നോക്കിയാല്‍ അത് പെട്ടെന്നു തന്നെ ബോധ്യമാകും. ഒരേതരം ജീവികളുടെ ഫോസിലുകള്‍ വ്യത്യസ്ത വന്‍കരകളില്‍ കാണപ്പെടുന്നുവെന്ന പുരാജീവിശാസ്ത്ര (Palaeontology)പരമായ തെളിവുകളാണ് മറ്റൊന്ന്. 28 കോടി കൊല്ലങ്ങള്‍ക്കുമുമ്പ് ബ്രസീലിലും തെക്കേ ആഫ്രിക്കയിലും ജീവിച്ചിരുന്ന മീസൊസോറസ് എന്ന ഇഴജന്തുവും ആഫ്രിക്കയിലും ഇന്‍ഡ്യയിലും ഓസ്‌ട്രേലിയയിലും ഒരേ കാലഘട്ടത്തില്‍ വളര്‍ന്നിരുന്ന ഗ്ലോസ്സൊപ്‌ടെരിസ് എന്ന സസ്യവുമെല്ലാം കാണിക്കുന്നത് ഈ ഭൂവിഭാഗങ്ങള്‍ അക്കാലഘട്ടത്തില്‍ ഒന്നായിരുന്നുവെന്നാണെന്ന് വെജിനര്‍ വാദിച്ചു. ഇവ കൂടാതെ പര്‍വതങ്ങളുടെയും പാറകളുടെയും ഘടനകള്‍ തമ്മിലുള്ള സാദൃശ്യവും തന്റെ സിദ്ധാന്തത്തിനനുകൂലമായി അദ്ദേഹം വ്യാഖ്യാനിച്ചു. ആദ്യകാലത്ത് വെജിനറുടെ തത്വങ്ങളെ അംഗീകരിക്കാന്‍ ഭൂമി ശാസ്ത്രജ്ഞന്‍മാര്‍ വിസമ്മതിച്ചെങ്കിലും ഭൂമിക്കടിയിലെ താപസംവഹന പ്രവാഹങ്ങളെക്കുറിച്ച അറിവും സമുദ്രത്തിന്റെ അടിത്തട്ടുകള്‍ പരന്നു പോയിക്കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലായതും അദ്ദേഹത്തിന്റെ തത്വങ്ങള്‍ അംഗീകരിക്കുന്നതിലേക്ക് ശാസ്ത്രലോകത്തെ നയിച്ചു. ഇന്ന് പ്ലേറ്റ് ടെക്‌റ്റോണിക്‌സിന്റെ അടിസ്ഥാനത്തില്‍ ഭൂഖണ്ഡചലനമെന്ന ആശയം ഏകദേശം പൂര്‍ണമായിത്തന്നെ വിശദീകരിക്കുവാന്‍ സാധിക്കും. അതുകൊണ്ടു തന്നെ സൃഷ്ടിക്കപ്പെട്ടതിനുശേഷം ഏതോതരത്തിലുള്ള ‘പരത്തല്‍’ ഭൂമിയില്‍ നടന്നിട്ടുണ്ടെന്ന പക്ഷക്കാരാണ് ഇന്നുമുഴുവന്‍ ഭൂമി ശാസ്ത്രജ്ഞ ന്‍മാരും. ”അതിനുശേഷം ഭൂമിയെ അവന്‍ പരത്തിയിരിക്കുന്നു” (79:30) എന്നാണല്ലോ ക്വുര്‍ആനും പറയുന്നത്.

കാന്തികത

ഭൂമിയുമായി ബന്ധപ്പെട്ട മറ്റൊരു അത്ഭുത പ്രതിഭാസമാണ് അതിന്റെ കാന്തികത. വലിയൊരു കാന്തമായി ഭൂമിയെ സങ്കല്‍പിക്കാവുന്ന താണ്. ഭൂമിയെന്ന കാന്തത്തിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും ധ്രുവപ്രദേശങ്ങളില്‍ തന്നെയാണെങ്കിലും ഭൂമിശാസ്ത്രപരമായ ധ്രുവങ്ങള്‍ കാന്തികധ്രുവങ്ങളുടെ ഉത്തര-ദക്ഷിണ അഗ്രങ്ങളല്ല. ഭൂമിയുടെ സാങ്കല്‍പിക അച്ചുതണ്ടില്‍ നിന്ന് അല്‍പം വ്യതിയാനം ഈ കാന്തികധ്രുവങ്ങള്‍ക്കുണ്ട്. ഭൂമിയില്‍ എല്ലായിടത്തും കാന്തികമണ്ഡലത്തിന്റെ തീവ്രത ഒരേപോലെയല്ല. ഭൂമിയുടെ അകക്കാമ്പില്‍ നിന്നാണ് ഈ കാന്തികമണ്ഡലത്തിന്റെ ഉല്‍പത്തിയെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ഭൗമകേന്ദ്രത്തിലെ ലോഹദ്രാവകങ്ങളുടെ ചലനം മൂലം ഉടലെടുത്തുകൊണ്ടിരിക്കുന്ന വൈദ്യുതപ്രവാഹങ്ങളാണ് ഈ കാന്തശക്തിക്ക് നിദാനമെന്നും കരുതപ്പെടുന്നു. എന്നാല്‍ ഇവ്വിഷയകമായി അടുത്ത കാലത്തായി നടന്ന ഗവേഷണങ്ങള്‍ കാണിക്കുന്ന ഫലങ്ങളാണ് ഏറ്റവും ആശ്ചര്യമായിട്ടുളളത്. ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുടെ ഫലമായു ണ്ടാകുന്ന പാറകളെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വസ്തുത വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ 45 ലക്ഷം വര്‍ഷങ്ങ ള്‍ക്കിടക്ക് ഭൂമിയുടെ കാന്തികത ഏഴുപ്രാവശ്യം കീഴ്‌മേല്‍ മറിഞ്ഞിട്ടുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതു ശരിയാണെ ങ്കില്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇനിയും ഒരു ‘കാന്തിക മറിച്ചില്‍’ നടക്കും. അപ്പോള്‍ എന്തെല്ലാം സംഭവിക്കുമെന്നോ ഈ മറിച്ചില്ലിനു കാരണമെന്തെന്നോ കൃത്യമായി പറയാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.

ചലനം! ചലനം!

എല്ലാ അര്‍ത്ഥത്തിലും അത്ഭുതങ്ങളുടെ ഒരു കേദാരം തന്നെയാണ് ഭൂമി. ജീവന്‍ നിലനില്‍ക്കുവാനായി പ്രത്യേകം പടക്കപ്പെട്ടതുപോലെ യാണ് ഭൂമിയിലെ സംവിധാനങ്ങള്‍. എത്രയെത്ര ചലനങ്ങള്‍ക്കാണ് ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്! ഭൂമിയുടെ സ്വയംഭ്രമണം. സുര്യനു ചുറ്റുമുള്ള പരിക്രമണം. ഗ്യാലക്‌സിക്കുചുറ്റും സൂര്യനോടൊപ്പം നടത്തുന്ന ചലനം. പ്രപഞ്ചകേന്ദ്രത്തെ ആസ്പദമാക്കി ഗ്യാലക്‌സി നടത്തുന്ന ഭ്രമണത്തോടൊപ്പമുള്ള ചലനം. പ്രപഞ്ചവികാസത്തിനനുപൂരകമായി നടത്തുന്ന ചലനം. ഇങ്ങനെ ചുരുങ്ങിയത് അഞ്ചുവിധം ചലനങ്ങള്‍ക്കെങ്കിലും ഭൂമി ഒരേസമയം വിധേയമാണ്. ഇങ്ങനെ ചലനാത്മകമായ ഭൂമിയില്‍ തങ്ങള്‍ നിശ്ചലരും സുരക്ഷിത രുമാണെന്ന ബോധമുള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുകയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു മെത്ത തന്നെയാണ്. വരണ്ട മരുഭൂമിക്കുനടുവില്‍ ഉയര്‍പ്പെട്ട സകലവിധ സംവിധാനങ്ങളോടും കൂടിയ ഒരു ഗൃഹം പോലെയാണ് അവര്‍ക്ക് ഭൂമി. അതിശീഘ്രമായ ചലനങ്ങള്‍ തങ്ങളുടെ ജീവിതത്തിനാവശ്യമായ പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍ ജീവികള്‍ക്ക് ഭൂമിയൊരു തൊട്ടിലാണ്. നമുക്ക് ജീവിക്കാനനുകൂലമായ കാലാവസ്ഥയുള്‍ക്കൊള്ളുന്ന മറ്റൊരു ആകാശഗോളവും ഇതേവരെ കണ്ടെത്തിയിട്ടില്ല. ജീവജാലങ്ങള്‍ക്കു വസിക്കാന്‍ പറ്റിയ ഒരു മെത്ത തന്നെയാണ് ഭൂമി. അള്‍ട്രാ വയലറ്റ് രശ്മികളേല്‍ക്കാതെ, ഉല്‍ക്കാ നിപാതങ്ങളേല്‍ക്കാതെ, ഓക്‌സിജന്‍ യഥേഷ്ടം ശ്വസിച്ചും വെള്ളം യഥേഷ്ടം കുടിച്ചും ഭക്ഷണപാനീയങ്ങളുയോഗിച്ചും വിശ്രമിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ഏക മെത്തയാണിത്. ഈ സംവിധാനങ്ങള്‍ക്കുപിന്നില്‍ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായ കന്റെ കരവിരുതുകളല്ലാതെ മറ്റെന്താണ് ചിന്തിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത്? ഇതു സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക:

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന (നാഥന്‍)” (2:22)

”അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍.” (13:3)

”ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തു ക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (15:19)

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം
(അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)

”അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.” (27:61)

”അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.” (67:15)

”അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.” (71:19,20)

”ഭൂമിയാകട്ടെ, നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!” (51:48)

No comments yet.

Leave a comment

Your email address will not be published.