‘ബ്ലൂ വെയ്ൽ’ സന്നിഗ്ധതകൾ

//‘ബ്ലൂ വെയ്ൽ’ സന്നിഗ്ധതകൾ
//‘ബ്ലൂ വെയ്ൽ’ സന്നിഗ്ധതകൾ
പാരന്റിംഗ്‌

‘ബ്ലൂ വെയ്ൽ’ സന്നിഗ്ധതകൾ

Print Now
എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പിറ്റേന്ന് മലയാളമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് ബ്ലൂ വെയില്‍ ഗെയിമുമായി ബന്ധപ്പെട്ട നാലു വാര്‍ത്തകളായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുമുമ്പ് ആത്മഹത്യചെയ്തമുക്കം മാമ്പറ്റ സ്വദേശി അക്ഷയ് ഗണേശ് ബ്ലൂ വെയില്‍ ഗെയിമിന്റെ ഇരയാണെന്ന നാട്ടുകാരുടെയും അല്ലെന്ന മാതാപിതാ ക്കളുടെയും അഭിപ്രായപ്രകടനങ്ങളായിരുന്നു ഒന്നാമത്തേത്. തലശ്ശേരിക്കടുത്ത കൊളശ്ശേരി സ്വദേശി ഇരുപതുകാരനായ സാവന്തിന്റെ മൂന്നു മാസങ്ങള്‍ക്കുമുമ്പു നടന്ന ആത്മഹത്യ ബ്ലൂ വെയില്‍ ഗെയിം കളിച്ചതുകൊണ്ടുണ്ടായതാണെന്ന ബന്ധുക്കളുടെ പരാതിയായിരുന്നു രണ്ടാമത്തേത്. തിരുവനന്തപുരം മലയന്‍കീഴിലെ, ജൂലൈ ഇരുപത്തിയാറിന് ആത്മഹത്യ ചെയ്ത മനോജ് രാമചന്ദ്രന്‍ ബ്ലൂവെയില്‍ അടിമത്തത്തിന്റെ ഇരയായിരുന്നുവെന്ന മാതാവ് അനുവിന്റെ വെളിപ്പെടുത്തലാണ് മൂന്നാമത്തേത്. മലയാളി മാതാപിതാക്കളെയെല്ലാം ഭീതിപ്പെടുത്തുന്നതായിരുന്നു മൂന്നു വാര്‍ത്തകളും. മൊബൈലിലോ കമ്പ്യൂട്ടറിലോ ഗെയിമുകള്‍ കളിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന മലയാളി കുട്ടികളുമെന്നതുകൊണ്ടു തന്നെ കേരളത്തില്‍ ഇപ്പോഴും ഗെയിമുകളിയുടെ അച്ചടക്കത്തെക്കുറിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയും അവയെല്ലാം മാതാപിതാക്കള്‍ സാകൂതം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനോജിന്റെ അമ്മ അനുവിന്റെ വെളിപ്പെടുത്തല്‍ സത്യസന്ധമാണെങ്കില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ ഇര കേരളത്തിലാണെന്നാണ് അത് കാണിക്കുന്നത്. ബോംബെ, അന്ധേരിയിലെ ജൂലൈ 27ന് നടന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നു ചാടിയുള്ള ആത്മഹത്യയാണ് ഇന്‍ഡ്യയിലെ ആദ്യത്തെ ബ്ലൂവെയില്‍ ദുരന്തമെന്നായിരുന്നു ഇതേവരെ കരുതിയിരുന്നത്. തലശ്ശേരിക്കാര്‍ പറയുന്നതു ശരിയാണെങ്കില്‍ മെട്രോപോളിറ്റന്‍ നഗരങ്ങളിലേതിനേക്കാള്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പെങ്കിലും ഈ കൊലയാളി ഗെയിമിന്റെ ഇരകള്‍ കേരളത്തിലുണ്ടായിട്ടുണ്ട് എന്നര്‍ത്ഥം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ തന്നെയാണല്ലോ സാക്ഷരതയുടെ ദുരന്തങ്ങള്‍ ഏറ്റു വാങ്ങുന്നവരിലും ഒന്നാമതെത്തേണ്ടത്!

ഫിലിപ് ബുദെയ്കിന്‍ എന്ന റഷ്യന്‍ മനഃശാസ്ത്രവിദ്യാര്‍ത്ഥിയായിരുന്ന ഇരുപത്തിയൊന്നുകാരന്‍ 2013ല്‍ നിര്‍മിക്കുകയും വികോണ്‍ടാക്‌റ്റെ (Vikontakte) സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ സ്വകാര്യ ലിങ്കുകളിലൂടെ പ്രചരിപ്പിക്കുകയും റഷ്യയില്‍ മാത്രം 2015 മുതല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 130 പേരുടെ മരണത്തിന് കാരണമാവുകയും അമേരിക്കയിലും ഇറ്റലിയിലും ബ്രസീലിലും സഊദി അറേബ്യയിലുമടക്കം നിരവധി റഷ്യന്‍ രാജ്യങ്ങളില്‍ ഇരകളെ സൃഷ്ടിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ബ്ലൂവെയില്‍ ചാലഞ്ച് യഥാര്‍ത്ഥത്തില്‍ ഉള്ളതു തന്നെയാണോ അതല്ല കേവലം പ്രചരണം മാത്രമാണോയെന്ന ചര്‍ച്ച സൈബര്‍ ലോകത്ത് സജീവമാണ്. ബ്ലൂവെയില്‍ സത്യമാണെങ്കിലും മിഥ്യയാണെങ്കിലും അത്തരമൊരു ഗര്‍ത്തത്തിലേക്ക് സോഷ്യല്‍ മീഡിയ അഡിക്റ്റുകള്‍ വീണു പോകാനുള്ള സാധ്യത നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. കൊലയാളി ഗെയിം രൂപകല്‍പന നല്‍കിയ ബുദെയ്കിന്‍ പിടിക്കപ്പെട്ടപ്പോള്‍ കുറ്റസമ്മതം നടത്തിക്കൊണ്ട് പറഞ്ഞതായി 2017 മെയ് 11ലെ റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വരികള്‍ ശ്രദ്ധേയമാണ്. ‘സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ജൈവമാലിന്യങ്ങളെ നീക്കംചെയ്ത് സമൂഹത്തെ ശുദ്ധീകരിക്കാനായി നിര്‍മിച്ചതാണ് ഈ ഗെയിം’. സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കൗമാരക്കാരെ കൊള്ളരുതാത്തവരാക്കിത്തീര്‍ത്ത് ഒരുതരം ജൈവമാലിന്യങ്ങളുടെ നിലവാരത്തിലെത്തിക്കുന്നുവെന്ന വസ്തുത, ബുദെയ്കിന്‍ പറഞ്ഞിട്ടില്ലെങ്കിലും, സാമൂഹ്യമനഃശാസ്ത്രജ്ഞന്‍മാരില്‍ പലരും മുമ്പേ വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. കൊലയാളി ഗെയിം നിരോധിക്കണമെന്ന് ഒച്ചപ്പാടുണ്ടാക്കുന്നവര്‍ അറിയേണ്ടത് നമ്മുടെ മക്കളുടെ ആത്മാവിനെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍, നേരത്തെ തന്നെ കൊന്നുകളഞ്ഞിട്ടുണ്ട് എന്ന സത്യമാണ്. ആത്മാവ് മരിച്ച സോഷ്യല്‍ മീഡിയ അഡിക്റ്റുകളാണ് കൊലയാളി ഗെയിമിലുള്ള പ്രവേശനക്ലിക്ക് നടത്തുന്നത്. ഒരിക്കലും തിരിച്ചുപോകാനാവില്ലെന്നു അറിഞ്ഞിട്ടും ഗെയിം തെരഞ്ഞെടുക്കുന്നതോടെ ആത്മാവ് നഷ്ടപ്പെട്ട അവരെ ആര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്യിക്കുവാന്‍ ഗെയിം ക്യൂറേറ്റര്‍ക്ക് കഴിയുന്നു. അവസാനം ഗെയിം ക്യൂറേറ്ററുടെ മരിക്കുവാനുള്ള ആജ്ഞക്കു മുമ്പില്‍ ‘നോ’ പറയാനാകാതെ അവര്‍ കീഴടങ്ങുന്നു. അതോടെ ഒന്നില്‍ തുടങ്ങിയ അടിമത്തം അമ്പതാമത്തെ ടാസ്‌കിലെത്തുന്നതോടെ ആത്മനാശത്തിനു കാരണമാകുന്നു. ആത്മാവ് നേരത്തെ തന്നെ നഷ്ടപ്പെട്ടവരെ ടാസ്‌കുകളിലൂടെ അടിമപ്പെടുത്തി ശരീരനാശത്തിലേക്ക് നയിക്കുകയെന്ന എളുപ്പപ്പണിക്ക് ക്യൂറേറ്റര്‍ക്കാവശ്യം അമ്പതു ദിവസങ്ങള്‍ മാത്രമാണ്. ആത്മാരാധനയില്‍ നിന്ന് ആത്മനാശത്തിലേക്കുള്ള വഴിയാണ് ബ്ലൂവെയില്‍ ഗെയിമിന്റെ ‘എന്റര്‍’ ബട്ടണ്‍ വഴി തുറന്നുകിട്ടുന്നത്.

മനുഷ്യരെയെല്ലാം ഉപഭോക്താക്കളായി മാത്രം കാണുന്ന കമ്പോള ജീവിതവീക്ഷണം മാര്‍ക്കറ്റിങിനു വേണ്ടി പടച്ച അതിസങ്കീര്‍ണമായ ഒരു ഓണ്‍ലൈന്‍ പ്രതിഭാസമാണ് സോഷ്യല്‍ മീഡിയയെന്ന വസ്തുതയെ കീറിമുറിച്ച് അപഗ്രഥിച്ചുകൊണ്ടല്ലാതെ ഇത്തരം ‘ഇന്റര്‍നെറ്റ് വിഷ’ ങ്ങള്‍ക്കുള്ള പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ല. വ്യക്തികളുടെ ആത്മാവിഷ്‌ക്കാരത്തിനും പാരസ്പര്യത്തിനും ബന്ധപ്പെടലുകള്‍ക്കും വേണ്ടി സഹൃദയരായ ആരൊക്കെയോ സൗജന്യമായി നിര്‍മിച്ച സേവനസന്നാഹങ്ങളാണ് സോഷ്യല്‍ മീഡിയയിലെ വിവിധ സൈറ്റുകളെന്നാണ് അവയുടെ ഉപയോക്താക്കളില്‍ മിക്കവരും മനസ്സിലാക്കിവെച്ചിരിക്കുന്നത്. പരസ്യങ്ങളൊന്നുമില്ലാതെ സേവനം മാത്രം നല്‍കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കോടിക്കണക്കിന് ഡോളറിന്റെ വിറ്റുവരവ് കണക്കുകള്‍ പറയുമ്പോഴെങ്കിലും നമ്മുടെയെല്ലാം തലച്ചോറിന്റെ വിലയാണവര്‍ വാങ്ങുന്നതെന്ന് മനസ്സിലാക്കുവാനുള്ള മിനിമം ബുദ്ധി നമുക്കെല്ലാമുണ്ടാകേണ്ടതാണ്. ഓരോരുത്തരുടെയും വികാരവിചാരങ്ങളുടെ ആന്തോളനങ്ങള്‍ അളന്ന് അതിനനുസരിച്ച് അയാളെ എങ്ങനെ സാംസ്‌കാരികമായി അടിമയാക്കാം എന്നു ചിന്തിക്കുന്ന കമ്പോള പ്രത്യയശാസ്ത്രക്കാരന്റെ കയ്യിലാണ് സോഷ്യല്‍ മീഡിയകളുടെയെല്ലാം നിര്‍മാണം. തങ്ങളുടെ യുവാക്കളെ തങ്ങള്‍ തന്നെ അടിമകളാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുന്ന രാഷ്ട്രനേതാക്കള്‍ മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അതുകൊണ്ടാണ്. നമ്മുടെ മനസ്സും മസ്തിഷ്‌കവും വികാരങ്ങളും വിചാരങ്ങളുമെല്ലാം നമ്മളറിയാതെ കച്ചവടം ചെയ്യപ്പെടുന്നുണ്ടെന്ന് അതുപയോഗിക്കുന്നവരെല്ലാം അറിയേണ്ടതുണ്ട്. പ്രസ്തുത കച്ചവടത്തിന്റെ ഫലമായുണ്ടാകുന്ന സംസ്‌കാരം -ഒരുതരം ആത്മാരാധനയുടെ സംസ്‌കാരം ആണ് ഇന്നിനെ ഭരിക്കുന്നത്. അതിന്റെ ദുരന്തമാണ് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്.

‘കള്‍ച്ചര്‍ ഓഫ് നാര്‍സിസ്സിസം’ എന്ന് സാമൂഹ്യ മനഃശാസ്ത്രജ്ഞന്‍മാരില്‍ പലരും ആധുനിക സംസ്‌കാരത്തെ വിളിച്ചിട്ടുണ്ട്. ആത്മാരാധന മനോരോഗമായിത്തീരുന്നതാണ് നാര്‍സിസിസം. ഗ്രീക്ക് പുരാണങ്ങളിലെ നാര്‍സിസസ് എന്ന വേടന്റെ പേരില്‍ നിന്നാണ് ഈ പദം നിഷ്പന്നമായി രിക്കുന്നത്. നദീദേവനായ സെഫിസസിന്റെ മകനായ നാര്‍സിസസ് സ്വന്തം സൗന്ദര്യത്തില്‍ അനുരക്തനാവുകയും നദിയിലെ തന്റെ പ്രതിബിംബത്തെ ആസ്വദിച്ച് ജീവിതം തള്ളിനീക്കുകയും അവസാനം സൗന്ദര്യവാനായ സ്വന്തം പ്രതിബിംബത്തെ പുല്‍കാന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്യുകയുമു ണ്ടായിയെന്നാണ് പുരാണം. ആത്മാരാധന അവസാനം ആത്മനാശത്തിലേ ക്കാണെത്തുകയെന്ന വലിയ പാഠം ഈ പുരാണകഥയിലുണ്ട്. അതുകൊണ്ടു തന്നെയാവണം ആത്മാരാധനയെന്ന മനോവൈകല്യത്തെ നാര്‍സിസിസമെന്നു വിളിച്ചത്. സോഷ്യല്‍ മീഡിയ വഴി കൗമാരക്കാരിലുണ്ടാകുന്നത് സങ്കീര്‍ണമായ ആത്മാരാധനാ മനോഭാവമാണ്. സെല്‍ഫിയില്‍ നിന്നുതുടങ്ങുന്ന ആത്മാരാധന അവസാനിക്കുന്നിടമാണ് ബ്ലൂവെയിലിനെപ്പോലെയുള്ള ആത്മനാശത്തിന്റെ ഗെയിമുകള്‍. ബ്ലൂവെയില്‍ നിരോധിക്കുന്നതുകൊണ്ട് തീരുന്നതല്ല പ്രശ്‌നമെന്നര്‍ത്ഥം. കൗമാരക്കാരെ നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നി ടത്തുനിന്ന് തുടങ്ങുന്നു ആത്മാരാധനയില്‍ നിന്ന് മക്കളെ രക്ഷിക്കാനുള്ള പരിശ്രമം. മൊബൈലും കമ്പ്യൂട്ടറുമൊന്നും കളിയുപകരണങ്ങ ളല്ലെന്ന ധാരണ ചെറുപ്പം മുതല്‍ കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരണം. മക്കള്‍ക്ക് ആവശ്യമാകുന്ന പ്രായത്തില്‍ അവ കൊടുക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്വന്തം മക്കള്‍ മൊബൈലും ടാബും കമ്പ്യൂട്ടറുമുപയോഗിച്ച് എന്തെല്ലാം ചെയ്യുന്നുവെന്നറിയേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കുണ്ട്. ഉപയോഗത്തില്‍ നിന്ന് അഭിനിവേ ശത്തിലേക്ക് ഗാഡ്‌ജെറ്റ് ഉപയോഗം വഴിതിരിയുന്നത് ശ്രദ്ധിക്കുവാനും തിരുത്തുവാനും അവര്‍ക്ക് സാധിക്കണം. ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആദ്യം നമ്മുടെ മക്കളുടെ ആത്മാവിനെ മെല്ലെമെല്ലെ കാര്‍ന്നു നശിപ്പിക്കും; ആത്മാവിന്റെ നാശം പൂര്‍ണമാ യിക്കഴിഞ്ഞാല്‍ പിന്നെയത് ശരീരത്തിലേക്കു കടക്കും. ബ്ലൂവെയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍. മക്കളുടെ ആഗ്രഹങ്ങ ളെല്ലാം നിറവേറ്റിക്കൊ ടുക്കുന്നവരല്ല, അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുകയും അവയെങ്ങനെ ഉപയോഗിക്കണമെന്ന് കൂടെ നിന്ന് വഴി കാട്ടുകയും ചെയ്യുന്നവരാണ്, ഉത്തരവാദിത്തമുള്ള നല്ല രക്ഷിതാക്കള്‍ എന്നോര്‍ക്കുക.

ആഗസ്റ്റ് പതിനാറിന് ബ്ലൂവെയിലുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്ത ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠത്തിന്റേതായിരുന്നു. മറ്റുമൂന്ന് ബ്ലൂവെയില്‍ വാര്‍ത്തകളും ആത്മാവ് നഷ്ടപ്പെട്ട വ്യക്തികളുടെ ജീവന്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണെങ്കില്‍ നാലാം ബ്ലൂവെയില്‍ വാര്‍ത്ത ആത്മാവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭാരതീയതയുടെ കൊല്ലിക്കുപിടിക്കുന്നതായിയെന്ന് പറയാതിരിക്കാന്‍ വയ്യ. ഇസ്‌ലാം സ്വീകരിച്ച്, ഹൈക്കോടതിയുടെ വിധി വെളിച്ചത്തില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കുന്നതിന് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിന്‍മേലുള്ള വാദത്തിനിടയിലാണ് പരമോന്നത നീതിപീഠത്തില്‍ നിന്ന് ബ്ലൂവെയില്‍ പരാമര്‍ശമുണ്ടായത്. ഹാദിയക്ക് 25 വയസ്സുണ്ടെന്നും സ്വയം തീരുമാനമെടുക്കുവാനുള്ള കഴിവുണ്ടെന്നും അതിനാല്‍ അവരുടെ മതപരിവര്‍ത്തനത്തെയും വിവാഹത്തെയും കുറിച്ച് അവരോടു ചോദിച്ചശേഷം തീരുമാനമെടുക്കണമെന്നുമുള്ള അഡ്വ. കപില്‍ സിബലിന്റെ അഭ്യര്‍ത്ഥനയെ നിഷേധിച്ചുകൊണ്ട് കുട്ടികളെ വഴിതെറ്റിക്കാന്‍ ബ്ലൂവെയിലിനെപ്പോലെയുള്ള ഗെയിമുകള്‍ക്ക് കഴിയുമെന്നതിനാല്‍ മാതാപിതാക്കള്‍ പറയുന്നതുമാത്രം പരിഗണിച്ചുകൊണ്ട് ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുവാന്‍ എന്‍.ഐ.എയെ ഏല്‍പിക്കണമെന്നാണ് കോടതി വിധിച്ചത്. അടിസ്ഥാനപരമായ പൗരാവകാശങ്ങള്‍ നേടിയെടുക്കാനുള്ള പൗരന്റെ അവസാനത്തെ അത്താണിയായ ഉന്നതനീതിപീഠത്തില്‍ നിന്ന് ഒരിന്ത്യക്കാരന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധി. ഇരുപത്തിയഞ്ചുകാരി യുടെ മൗലികാവകാശ ലംഘനത്തിന് ബ്ലൂവെയില്‍ ഗെയിം തെളിവായിത്തീരുന്ന അത്യപൂര്‍വ കാഴ്ച. ആ കാഴ്ചയുടെ നൈരാശ്യം മുഴുവന്‍ തീര്‍ക്കുന്നതായി രണ്ടു ദിവസം കഴിഞ്ഞ് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട ഹാദിയയുടെ വീഡിയോ. രണ്ടു മാസത്തോളമായി വീട്ടുതടങ്കലിലെ മാനസിക പീഡനങ്ങള്‍ക്കുശേഷവും ‘താന്‍ ഇപ്പോഴും പരിപൂര്‍ണ മുസ്‌ലിമാണ്’ എന്ന സഹോദരിയുടെ പ്രഖ്യാപനം. ഒരു ബ്ലൂവെയിലിനുംതകര്‍ക്കാനാവാത്തതാണ് ദൃഢവിശ്വാസം നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കരുത്തെന്ന് കോടതിയെയടക്കം പഠിപ്പിച്ച ഹാദിയയുടെ വാക്കുകള്‍. നിയമപാലകരും ഭരണാധികാരികളും നീതിപീഠങ്ങളും ഒരുമിച്ചു നിന്ന് തകര്‍ക്കാന്‍ ശ്രമിച്ചാലും സര്‍വശക്തനില്‍ സര്‍വതും സമര്‍പ്പിച്ചവന്റെ വിശ്വാസത്തെ തകര്‍ക്കാനാവില്ല. പീഡനങ്ങളുടെ ദുരിതപര്‍വങ്ങളിലൂടെ കടന്നുപോയി ജീവന്‍ വെടിയേണ്ടി വന്ന യാസിറിന്റെയും സുമയ്യയുടെയും കുടുംബത്തോട് പ്രവാചകന്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്. ‘യാസിര്‍ കുടുംബമേ ക്ഷമിക്കുക; സ്വര്‍ഗം നിങ്ങള്‍ക്കുള്ളതാണ്.’

No comments yet.

Leave a comment

Your email address will not be published.