ബൈബിളിൽ വിശ്വസിക്കാൻ ഖുർആൻ പറയുന്നുണ്ടോ?

//ബൈബിളിൽ വിശ്വസിക്കാൻ ഖുർആൻ പറയുന്നുണ്ടോ?
//ബൈബിളിൽ വിശ്വസിക്കാൻ ഖുർആൻ പറയുന്നുണ്ടോ?
മതതാരതമ്യ പഠനം

ബൈബിളിൽ വിശ്വസിക്കാൻ ഖുർആൻ പറയുന്നുണ്ടോ?

മിഷനറിമാരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു ഖുർആനിക വചനമാണ് സൂറത്ത് 2 :4 ൽ وَمَا أُنزِلَ مِن قَبْلِكَ എന്ന ഭാഗം. നബി(സ)ക്ക് മുമ്പേ ഇറക്കിയ ഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരാണ് ജീവിത വിശുദ്ധിയുള്ളവർ എന്നാണ് ആ ഭാഗത്തിന്റെ ആശയം. നബി(സ)ക്കു മുമ്പുള്ള വേദഗ്രന്ഥം ബൈബിളാണ് എന്ന രൂപത്തിൽ ചിത്രീകരിച്ച് കൊണ്ട്, മുസ്‌ലിം സമൂഹത്തിന് തൗറാത്ത്, സബൂർ, ഇഞ്ചീല്‍ എന്നീ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തെ ചൂഷണം ചെയ്യുക എന്നതാണ് അവരുടെ തന്ത്രം.

നബി(സ)ക്ക് മുമ്പ് ധാരാളം ദൂതൻമാർ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട്. അവർക്ക് വേദഗ്രന്ഥങ്ങളും നൽകിയിട്ടുണ്ട്. ഖുർആനിന് തൊട്ടു മുമ്പുള്ള വേദഗ്രന്ഥമാണ് ഇഞ്ചീല്‍. അതിനും മുമ്പ് സബൂറും തൗറാത്തും ഉണ്ടായിരുന്നു. ഇഞ്ചീല്‍, സബൂർ, തൗറാത്ത് തുടങ്ങിയ വേദഗ്രന്ഥങ്ങൾ ഇറക്കിയത് അല്ലാഹു ആണെന്നും, അതിൽ ഉണ്ടായിരുന്നത് അല്ലാഹുവിന്റെ സന്ദേശങ്ങൾ ആയിരുന്നെന്നും മുസ്‌ലിം വിശ്വസിക്കേണ്ടതുണ്ട്.

എന്നാൽ ബൈബിളിൽ വിശ്വസിക്കാനാണോ ഖുർആനിന്റെ ആഹ്വാനം? അല്ല, പൂർവിക വേദ ഗ്രന്ഥങ്ങളിൽ വിശ്വസിക്കുവാനാണ് ഖുർആൻ പറയുന്നത്. അപ്പോൾ ബൈബിൾ പൂർവിക ഗ്രന്ഥമല്ലേ? അപ്പോൾ ബൈബിളിൽ വിശ്വസിക്കേണ്ടേ? നല്ല ചോദ്യമാണ്. ബൈബിൾ പൂർവിക വേദഗ്രന്ഥമായിരുന്നുവെങ്കിൽ വിശ്വസിക്കാമായിരുന്നേനെ, പക്ഷെ, അങ്ങനെ അല്ല കാര്യം. അത് മനസ്സിലാക്കാൻ ബൈബിൾ എന്താണെന്ന് മനസ്സിലാക്കണം.

എന്താണ് ബൈബിൾ?

പുസ്തകങ്ങൾ എന്നർത്ഥം വരുന്ന ബിബ്ലിയ എന്നൊരു ഗ്രീക്ക് പദത്തിൽ നിന്ന് വ്യുൽപന്നമായൊരു പദമാണ് ബൈബിൾ. പുരാതന ഫിനിഷ്യൻ തുറമുഖ പട്ടണമായ ബിബ്ലിയോസുകാർ പാപ്പിറസ് നിർമാണത്തിൽ വിദഗ്ദ്ധരായിരുന്നതിനാൽ പാപ്പിറസിൽ എഴുതിയ ലിഖിതങ്ങൾക്ക് മറ്റു സ്ഥലങ്ങളിൽ ബിബ്ലിയോൺ എന്ന് വിളിക്കാൻ തുടങ്ങി. ബിബ്ലിയോൺ എന്ന പദത്തിന്റെ ബഹുവചനമായ ബിബ്ലിയയിൽ നിന്ന് വ്യുൽപന്നമായ പദമാണ് ‘ബൈബിൾ’. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന ജോൺ ക്രിസ്റ്റോ സ്റ്റം ആണ് ക്രൈസ്തവ വേദഗ്രന്ഥം എന്ന അർത്ഥത്തിൽ ‘ബൈബിൾ’എന്ന പേര് ആദ്യമായി വിളിക്കുന്നത്.

ബൈബിളിനു രണ്ട്‌ ഭാഗങ്ങളുണ്ട്. പഴയ നിയമം, പുതിയ നിയമം. ഇതിൽ രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തെ കുറിച്ചാണ് ആദ്യം ചർച്ച ചെയ്യുന്നത്.

പുതിയ നിയമം ഇഞ്ചീലിന്റെ തിരുത്തപ്പെട്ട രൂപമാണോ? അല്ല, പിന്നെ എന്താണ്? നോക്കാം –

ഈസാ നബി(അ)ക്ക് ഇറക്കിയ വേദഗ്രന്ഥമാണ് ഇഞ്ചീല്‍. അത് അല്ലാഹു ഇറക്കിയ രൂപത്തിൽ നിന്നും കൈകടത്തലുകൾ വരുത്തിയിട്ടുണ്ടെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. അപ്പോൾ മാറ്റിതിരുത്തപ്പെട്ട ഗ്രന്ഥം എവിടെ? പുതിയ നിയമം എന്നാണ് സാധാരണ ലഭിക്കുന്ന ഉത്തരം.

പുതിയ നിയമത്തിൽ മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാലു സുവിശേഷങ്ങൾ, അപ്പോസ്തല പ്രവർത്തനങ്ങൾ, ലേഖനങ്ങൾ, വെളിപാട് എന്നിങ്ങനെ 27 പുസ്തകങ്ങളാണുള്ളത്. ഇതിൽ ആദ്യം പറഞ്ഞ 4 പുസ്തകങ്ങളിലാണ് യേശുവിന്റെ ചരിത്രം പറയുന്നത്. ആദ്യ സഭകളിൽ ഈ സുവിശേഷങ്ങൾക്കു പുറമെ വേറെയും പുസ്തകങ്ങൾ ഉണ്ടായിരുന്നു. മിസ്രയേമ്യരുടെ സുവിശേഷം, എബ്രായരുടെ സുവിശേഷം, തോമസിന്റെ സുവിശേഷം തുടങ്ങി ഇരുപതോളം സുവിശേഷങ്ങൾ പലപ്പോഴായി സഭകൾ അംഗീകരിച്ചിരുന്നു. ഇവയിൽ മറിയയെ കുറിച്ചും യേശുവിന്റെ ബാല്യത്തെ കുറിച്ചും പീലാത്തോസ് ചെയ്ത വിചാരണയെ കുറിച്ചും പല സംഗതികൾ കാണാം (ബൈബിൾ നിഘണ്ടു, എ സി ക്ലെയ്‌റ്റോൺ, പേജ് 633)

മത്തായി ആരാണ്? യേശുവിന്റെ ശിഷ്യനാണോ? അല്ല, എന്ന് മാത്രമല്ല, സുവിശേഷകൻ ആരാണെന്ന് കൃത്യമായി അറിയില്ല. മറ്റ് സുവിശേഷകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇങ്ങനെ ഒരു ഗ്രന്ഥമാണോ ഇഞ്ചീല്‍? ഈസാ നബി(അ)യുടെ ഉയർത്തലിന്‌ ശേഷം ശിഷ്യന്മാരായ അപ്പോസ്തലന്മാരുടെ (ഹവാരികൾ) ചരിത്രം പറയുന്ന അപ്പോസ്തല പ്രവർത്തനങ്ങൾ എങ്ങിനെ അല്ലാഹു ഇറക്കിയതാകും? ഈസാ നബി(അ)യുടെ ഉയർത്തലിന്‌ ശേഷം ശിഷ്യരെ പ്രയാസപ്പെടുത്തി പിന്നീട് മനം മാറ്റം വന്നു എന്ന് വാദിച്ച പൗലോസിന്റെ ലേഖനങ്ങൾ എങ്ങിനെ അല്ലാഹു ഇറക്കിയതാകും? ഒരിക്കലുമല്ല.

യേശുവിന്റെ ചരിത്രം പറയുന്നു എന്നതിനാൽ ഈസാ നബി(അ)യുടെ വചനങ്ങൾ, അല്ലാഹുവിന്റെ വചനങ്ങൾ തുടങ്ങിയവ ആ ഗ്രന്ഥത്തിൽ ഉൾപ്പെട്ടിരിക്കാം എന്ന് മാത്രം.

ക്രിസ്തീയ വേദഗ്രന്ഥത്തെ കുറിച്ച് പറയുമ്പോൾ (47: 5) وَلْيَحْكُمْ أَهْلُ الْإِنجِيلِ بِمَا أَنزَلَ اللَّهُ فِيهِ എന്ന് പറയുന്നത് ഏറെ ശ്രദ്ധേയമാണ്. ‘അവരുടെ കൈവശമുള്ളതിൽ അല്ലാഹു ഇറക്കിയത്’ എന്നാണതിന്റെ ആശയം. ഇന്നത്തെ ഗ്രന്ഥ സമുച്ചയത്തിൽ അല്ലാഹുവിന്റെ വചനങ്ങൾ, ഈസാനബി(അ)യുടെ വചനങ്ങൾ, ഹവാരീങ്ങളുടെ വചനങ്ങൾ, പൗലോസിന്റെ വചനങ്ങൾ, സുവിശേഷകരുടെ വചനങ്ങൾ, പിൽക്കാലത്ത് ഏറ്റിയതോ കുറച്ചതോ ആയ വചനങ്ങൾ എല്ലാം തന്നെ കണ്ടേക്കാം.

ഇനി പഴയ നിയമ ഭാഗത്തേക്ക് പോകാം. പഴയ നിയമം തൗറാത്താണ് എന്ന് പൊതുവിൽ അവർ പറയാറുണ്ട്. തൗറാത്ത് എന്ന പേരിൽ അറിയപ്പെടുന്ന ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ഇന്നും പഴയ നിയമത്തിൽ ഉണ്ട്. എന്നാൽ മോശെ എഴുതിത്തുടങ്ങിയ ഗ്രന്ഥം എന്നാണ് അവർ അതിനെ കുറിച്ച് പറയുന്നത്. മൂസ നബി (അ) സ്വന്തമായി എഴുതിയ കിതാബിൽ നമുക്ക് വിശ്വാസമുണ്ടോ? അതോ നാം വിശ്വസിക്കുന്നത് അല്ലാഹു മൂസ നബി(അ)ക്ക് അവതരിപ്പിച്ചു നൽകിയ കിതാബിലാണോ?

ആവർത്തന പുസ്തകം നോക്കിയാൽ മൂസാ നബി (അ) മരിക്കുന്നതിന്റെ വിവരണം കൂടി എഴുതപ്പെട്ടത് കാണാം. മുപ്പത്തിനാലാം അധ്യായം 34 :5 – 8 കാണുക:

‘അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ്ദേശത്തുവെച്ചു മരിച്ചു. അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല. മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ്സമഭൂമിയിൽ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.’

സ്വന്തം മരണവിവരം മൂസ നബി (അ) അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ എഴുതി വെക്കുമോ? മൂസാ നബിക്കു ശേഷം ആരെന്നറിയാത്ത ആളുകൾ എഴുതിയ കാര്യങ്ങൾ ആ ഗ്രന്ഥത്തിൽ ഉണ്ടെന്നതിന് ഒരു തെളിവാണത്.

ക്രിസ്തീയരുടെ കൈവശം ഉള്ള പഴയ നിയമ ഭാഗം യഹൂദരും അംഗീകരിക്കുന്നുണ്ട്. യഹൂദരുടെ കൈവശമുള്ള ഭാഗത്തിന് അവർ തനക്ക് എന്നാണ് പറയാറുള്ളത്. ഇന്ന് പഴയ നിയമം എന്ന പേരിൽ ക്രിസ്തീയർ പറയുന്ന ബൈബിളിന്റെ യഹൂദർ അംഗീകരിച്ച രൂപത്തിലുള്ള ഗ്രന്ഥത്തിനാണ് തനക്ക് എന്ന് പറയുക എന്ന് പറഞ്ഞാൽ അത് ഒന്ന് കൂടെ വ്യതമാകും. ക്രിസ്തീയർ അംഗീകരിച്ച രൂപവും യഹൂദർ അംഗീകരിച്ച രൂപവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അപ്പോൾ, ഇനി വിശ്വസിക്കേണമെങ്കിൽ തന്നെ ഏതിൽ വിശ്വസിക്കും? പഴയ നിയമത്തിലോ അതോ തനക്കിലോ?

ഇനി നമുക്ക് ബഖറയിലെ നാലാം വാക്യം പൂർണമായി നോക്കാം –

وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ

‘താങ്കൾക്കും താങ്കളുടെ മുൻഗാമികൾക്കും അവതരിപ്പിച്ചു നൽകിയ സന്ദേശങ്ങളിൽ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവര്‍)’. നബി(സ)ക്ക് ഇറങ്ങിയ ഖുർആനിലും പൂർവ്വ വേദങ്ങളിലും വിശ്വസിക്കാനാണ് ഖുർആൻ ഇവിടെ പറയുന്നത്. ഖുർആനിലുള്ള വിശ്വാസം വരുന്നതോടെ മറ്റു ഗ്രന്ഥങ്ങളിലുള്ള വിശ്വാസം ഏതു രൂപത്തിൽ വേണം എന്ന് കൂടി ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കും. പൂർവ്വ ഗ്രന്ഥങ്ങളുടെ അവസ്ഥകൾ എന്ത് എന്നും അതിലൂടെ മനസിലാക്കാം.

ഇനി പൂർവിക ഗ്രന്ഥങ്ങൾ യാതൊരു കേടുപാടും കൂടാതെ നമ്മുടെ മുന്നിൽ ലഭ്യമായാൽ നാം എന്ത് ചെയ്യണം? ഖുർആനിനെ വിട്ട് അതിനെ പിന്തുടരാൻ വേണ്ടി പോകണമോ? വേണ്ട, പകരം, ആ ഗ്രന്ഥങ്ങളെ ദൈവികം എന്ന നിലയിൽ വിശ്വസിക്കുകയും, ആദരിക്കുകയും ചെയ്യുക, യഥാർത്ഥത്തിൽ വിശ്വാസപരമായി ഒരു തരത്തിലുള്ള വ്യത്യാസവും യഥാർത്ഥ വേദഗ്രന്ഥങ്ങൾ തമ്മിൽ ഉണ്ടാകില്ല. കർമ്മ രംഗത്തെ മാർഗ ദർശനത്തിനായി വിശുദ്ധ ഖുർആനിനെ പിൻപറ്റുകയും ചെയ്യുകയാണ് വേണ്ടത്. ഒന്ന് കൂടെ വിശദീകരിച്ചാൽ, നമുക്കൊരു വിഷയത്തിൽ അല്ലാഹുവിന്റെ നിർദേശം അറിയണമെങ്കിൽ നാം നോക്കേണ്ടത് ഖുർആനാണ്.

ഒന്ന് കൂടെ ചിന്തിച്ചാൽ, മുസ്‌ലിം സമൂഹത്തിന് ഇഞ്ചീലും തൗറാത്തുമെല്ലാം പരിചയപ്പെടുത്തിയത് ഖുർആനാണ്. ആദിമ സംബോധിതർ മുതൽ ഇക്കാലം വരെയുള്ള ഖുർആനിക സമൂഹം, ബൈബിളിനെ പരിചയപ്പെടുത്തി അതിലേക്ക് നയിക്കുന്ന വചനമായി ഇതിനെയോ ഇതുപോലുള്ള വചനങ്ങളെയോ കണ്ടിട്ടില്ല, അതിനാൽ ഇപ്പോഴും അതിന്റെ ആവശ്യമില്ല. ഇനി ഒരു കാലത്തും അങ്ങനെ ഒരു ആവശ്യം വരികയുമില്ല.

print

No comments yet.

Leave a comment

Your email address will not be published.