ബാങ്കിനെ കുറ്റം പറയുന്നവരോട്

//ബാങ്കിനെ കുറ്റം പറയുന്നവരോട്
//ബാങ്കിനെ കുറ്റം പറയുന്നവരോട്
ആനുകാലികം

ബാങ്കിനെ കുറ്റം പറയുന്നവരോട്

Print Now
ബാങ്ക് വിളിച്ചാൽ മതേതരത്വം പൊളിയുമെന്ന് പറയുന്ന ചില (കു)ബുദ്ധിജീവികളെ ഈ അടുത്ത് കാണാൻ സാധിച്ചിട്ടുണ്ട്. അല്ലാഹു മാത്രം ആരാധനക്കർഹൻ എന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയുന്നത് കേൾക്കുമ്പോൾ മറ്റു മതസ്ഥർക്ക് എന്ത് തോന്നും എന്നാണ് അവർ ചോദിക്കുന്നത്.

ഈ ചോദ്യത്തിൽ കഴമ്പുണ്ടല്ലോ എന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാൽ എന്താണ് നിജസ്ഥിതി?

നമ്മുടെ നാട്ടിൽ ഇന്നലെ മാത്രം തുടങ്ങിയ ഒന്നല്ല ബാങ്ക്. നൂറ്റാണ്ടുകളായി അതീ മണ്ണിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. ബാങ്കിനെ ആശ്രയിച്ച് സമയം മനസ്സിലാക്കിയിരുന്ന സമൂഹം ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ളുഹ്ർ ബാങ്ക് ഉച്ച നേരത്തെ വയറിന്റെ കൂടി വിളിയായിരുന്നു. അസർ ബാങ്ക്, പണി നിർത്താനുള്ള വിളിയും.

വാച്ചുകളും ക്ലോക്കുകളും ഇല്ലാതിരുന്നൊരു കാലം നാട്ടിൽ കടന്നു പോയിട്ടുണ്ട്. അസർ ബാങ്ക് കൊടുത്തോ, അസറിന് മുട്ടിയോ എന്നെല്ലാമായിരുന്നു അന്നത്തെ ചോദ്യം. അവർക്കെല്ലാം കേട്ടാൽ സന്തോഷം തോന്നിയിരുന്ന ശബ്ദമാണ് ബാങ്ക്. ഇന്നും സമയബന്ധിതമായുള്ളൊരു ശബ്ദം ബാങ്കു തന്നെയാണല്ലോ.

അറബിയിൽ പറയുന്നത് കൊണ്ടാണ് ആരും പ്രശ്‌നമുണ്ടാക്കാത്തത്, ആ ശബ്ദത്തിൻറെ മലയാളം മനസ്സിലാക്കിയാൽ എന്തായിരിക്കും അവസ്ഥ?

പച്ചമലയാളത്തിൽ ഉച്ചഭാഷിണികളിലൂടെ കേൾക്കുന്ന ഭക്തിയുടെ ചില വരികൾ കേൾക്കാം നമുക്ക്

സ്വാമീ ശരണം ശരണം എന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ

ഇത് പോലുള്ള വരികൾ വിളിച്ചു പറയുന്ന ഹിന്ദു ഭക്തരുടെ ആരാധനാലയങ്ങളും മൈക്ക് കെട്ടിയ വാഹനങ്ങളും നാട്ടിൽ നിറയുന്ന നേരത്ത് ഏതെങ്കിലും ക്രിസ്ത്യാനിക്കോ മുസ്‌ലിമിനോ വല്ലതും തോന്നാറുണ്ടോ?

കാലവും മറ്റുമൊന്നും പരിഗണിക്കാതെ ക്രിസ്തീയ പ്രബോധകരുടെ വരികൾ നോക്കാം –

വാനവൻ യേശു നാമമെന്യേ
വാനത്തിൻ കീഴെ ഭൂമി മീതെ
വാനവൻ യേശു നാമമെന്യേ
രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല
രക്ഷകനേശു താൻവഴിയെ
രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല

ഈ രൂപത്തിൽ കർത്താവായ യേശുക്രിസ്തുവിൽ മാത്രമാണ് രക്ഷ എന്ന് ഒരു ക്രിസ്ത്യാനി പരസ്യമായി പാടുമ്പോൾ അത് യേശുവിലുള്ള ക്രിസ്തീയ ഭക്തി എന്ന് മാത്രമേ ഹിന്ദുവും മുസ്‌ലിമും കരുതുന്നുള്ളു.

‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’ (യോഹന്നാൻ 3:16) എന്ന സുവിശേഷ പ്രഘോഷണത്തിലെ മുഖ്യ വചനം ഏകജാതനിൽ വിശ്വസിക്കാത്തവരിൽ എന്തോ ചിലത് പറയാതെ പറയുന്നില്ലേ?

അയ്യപ്പ സ്വാമി മാത്രമാണ് ശരണം എന്ന് പാടുന്ന ഹിന്ദുവിന്റെയോ യേശുവിൽ മാത്രമാണ് രക്ഷ എന്ന് പറയുന്ന ക്രൈസ്തവന്റെയോ ശബ്ദം ആർക്കെങ്കിലും പ്രയാസം തോന്നാറുണ്ടോ? ഇല്ലല്ലോ? അതുപോലെ ഇസ്‌ലാമിനെ കുറിച്ച് പറയുമ്പോൾ ഇതര സമൂഹത്തിനും പ്രത്യേകം ഒന്നും തോന്നില്ല. കാരണം, ഇതെല്ലം പരസ്പരം ഉൾക്കൊണ്ടു കൊണ്ട് ജീവിക്കാനുള്ള കഴിവ് നമുക്കുണ്ട്.

ഇനി വേറൊന്ന് നോക്കാം

നമ്മുടെ നാട്ടിൽ അനവധി രാഷ്ട്രീയക്കാർ ഉണ്ട്. ഓരോ രാഷ്ട്രീയക്കാരും അവരവരെ ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യുന്നു. അതിൽ ആർക്കെങ്കിലും മോശം തോന്നിയിട്ടുണ്ടോ? അത് കാരണമായി അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങൾ പോലും നടന്നു കൊണ്ടിരുന്നിട്ടും അതൊരു മോശമായി വ്യാപകമായൊരു തോന്നൽ ഇന്നും പൊതുബോധത്തിനു വന്നിട്ടില്ല.

തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം മഹിമയും ഇതരന്റെ കൊള്ളരുതായ്മയും വിളിച്ച് പറയുകയും ഇതര പാർട്ടികളുടെ ഗുണങ്ങൾ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരൻ പോലും മത വിശ്വാസികളോട് നയത്തെ തിരുത്താൻ ആവശ്യപ്പെടുന്നത് കാണാറുണ്ട്. അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ പാടില്ല, എന്ന് പറയാനുള്ള യോഗ്യത പോലും നശിച്ചവരാണ് രാഷ്ട്രീയക്കാരിൽ പലരും.

ഇനി ഇസ്‌ലാമിന്റെ സവിശേഷത നോക്കാം. സ്വന്തം ആദർശം മാത്രം ശരി എന്ന് വിശ്വസിക്കാൻ പറയുമ്പോൾ തന്നെ, ഇതര വിശ്വാസികളോട് നല്ല നിലയിൽ വർത്തിക്കണമെന്നും പറയുന്നു. ഏറ്റവും സൽസ്വഭാവം കാണിക്കാൻ പ്രേരിപ്പിക്കുന്നു. കുടുംബത്തോട് കാരുണ്യം കാണിക്കാൻ പറയുന്നു. അയൽവാസികളോടുള്ള ബാധ്യത പഠിപ്പിക്കുന്നു. അന്യായമായി ഒരാളെയും ഉപദ്രവിക്കരുതെന്ന് പഠിപ്പിക്കുന്നു. പ്രയാസപ്പെടുന്നവരുടെ പ്രയാസം ദുരീകരിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്നു. ഇനിയും എണ്ണിയാൽ ഒടുങ്ങാത്ത നന്മകളുടെ വെള്ളിവെളിച്ചം നാട്ടിൽ ആവശ്യമുള്ളതല്ലേ? അതെല്ലാം ബാങ്കിന്റെ സന്ദേശത്തിൽ നിന്നുള്ളതാണ്.

അതിനാൽ തന്നെ, പൊതു സമൂഹത്തിന് ബാങ്ക് ഒരു കാലത്തും മോശമായി തോന്നിയിട്ടില്ല, പകരം ബാങ്ക് നിലനിൽക്കുന്ന നാടുകളിൽ അതൊരു സമയത്തിൻറെ അറിവായി നിലനിൽക്കുന്നു. അതിന്റെ പ്രയോജനം ഇന്ന് കൂടി നിലനിൽക്കുന്നു എന്ന് ചുരുക്കം.

No comments yet.

Leave a comment

Your email address will not be published.