ബഹുഭാര്യത്വം: ഒരു പെൺവിശകലനം

//ബഹുഭാര്യത്വം: ഒരു പെൺവിശകലനം
//ബഹുഭാര്യത്വം: ഒരു പെൺവിശകലനം
ആനുകാലികം

ബഹുഭാര്യത്വം: ഒരു പെൺവിശകലനം

Print Now

നാണമില്ലേ നിങ്ങൾക്ക്.? പത്തുകെട്ടിയ പ്രവാചകനെ പാടിപ്പുകഴ്ത്താൻ..? അത് ഗമയായി എടുത്തുപറയാൻ..?”

സ്വതന്ത്ര’മനുഷ്യരായ’ യുക്തിവാദികളുടെയും ആന്റി-ഇസ്‌ലാമിസ്റ്റുകളുടെയും സ്ഥിരം ചോദ്യമാണിത്. പെണ്ണുപിടിയനെന്നും, സ്ത്രീലമ്പടനെന്നും ചിത്രീകരിച്ചുകൊണ്ട് കാർട്ടൂണുകളിലൂടെയും, സിനിമകളിലൂടെയും, പുസ്തകങ്ങളിലൂടെയും സമൂഹത്തിൽ അടയാളപ്പെടുത്തുകയും, കള്ളപ്രവാചകനെന്നു ചാപ്പകുത്തുകയും നിരന്തരം തെറിവിളികൾക്കും, ആരോപണങ്ങൾക്കും, പോസ്റ്റ്മോർട്ടത്തിനും വിധേയമാക്കപ്പെട്ട ഒരു മതവും, മനുഷ്യർക്കാകമാനം അവതരിപ്പിക്കപ്പെട്ട ഒരു പ്രവാചകനും, അദ്ദേഹത്തിനിറക്കപ്പെട്ട ഒരു മതഗ്രന്ഥവും അതിലെ നിയമസംഹിതകളും. ചരിത്രത്താളുകളിലൂടെ ഒന്നു കണ്ണോടിച്ചു നോക്കിയാൽ എക്കാലവും ഇസ്‌ലാമിന്റെ ശത്രുക്കൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിമർശനമാണ് അതിലെ സ്ത്രീസംബന്ധമായ വിഷയങ്ങൾ. ഭൂതകാലത്തും, വർത്തമാന കാലത്തിലും, ഇനി ഭാവിയിലും, പ്രത്യേകിച്ച് ഇസ്‌ലാമിൽ മാത്രമാണ് ഇത്തരം വെല്ലുവിളികൾ കൂടുതലായും നമുക്ക് കാണാൻ സാധിക്കുക. അതിൽ തന്നെ ഏറ്റവും ബഹുലമായി വിമർശകർ ഉയർത്തിപ്പിടിക്കുന്നതാണ് ഇസ്‌ലാമിലെ ബഹുഭാര്യത്വം സംബന്ധിച്ചത്. ഒരുപാട് വെല്ലുവിളികൾക്കും തെറ്റിദ്ധാരണകൾക്കും സാക്ഷിയാകുന്നുണ്ട് ഇത്. കുത്തഴിഞ്ഞതും അനിയന്ത്രിതവുമായ അവസ്ഥയിൽ നിന്ന് വ്യവസ്ഥാപിതവും മഹത്തരവുമായ ബഹുഭാര്യത്വ സമ്പ്രദായം അവതരിപ്പിച്ചു ഇസ്‌ലാം. യഥാർത്ഥത്തിൽ സ്ത്രീ വിമോചനപരമായ ഒരു നവോത്ഥാന ചുവടുവെപ്പായിരുന്നു അത്. ഇസ്‌ലാം സ്ത്രീയെ നാലുചുമരുകൾക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണെന്നും അവളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുകയാണെന്നും, സമൂഹത്തിനും നവമാധ്യമങ്ങൾക്കും മുന്നിൽ ചിത്രീകരിക്കുന്നത് ഇസ്‌ലാംവിരുദ്ധധാരികളുടെ കറുത്തകരങ്ങളാണ് എന്നതിൽ യാതൊരു സംശയവുമില്ല. ബഹുഭാര്യത്വത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. സങ്കുചിതത്വത്തിൽ നിന്നു പുറത്തുകടന്ന് നിരീക്ഷിച്ചാൽ ബോധ്യമാവുന്നതാണതിന്റെ പ്രസക്തി. മനുഷ്യ ജീവിതത്തിൻറെ സർവകോണുകളിലും സ്പർശിച്ച്‌ കടന്നുവന്ന ‘ഇസ്‌ലാം’ എന്ന സുന്ദരമായ ജീവിതശൈലിയെ വക്രീകരിക്കുകയാണ് യഥാർത്ഥത്തിൽ ഇക്കൂട്ടർ ശ്രമിക്കുന്നത്.

ഇവിടെ പ്രഥമമായി നമ്മൾ മനസ്സിലാക്കേണ്ടുന്ന കാര്യം അത് ക്വുര്‍ആനോ ഇസ്‌ലാമോ കൊണ്ടുവന്ന ഒരു സമ്പ്രദായമല്ലെന്ന വസ്തുതയാണ്. പുരാതന സംസ്കാരങ്ങളിലും, മതങ്ങളിലും പൊതുവായി കാണപ്പെട്ടിരുന്ന ഒന്നാണിത്. ലഭ്യമായ അറിവുകൾ എടുത്തു പരിശോധിച്ചാൽ: ‘പൗരാണിക നാഗരികതയില്‍ അധിക സമൂഹങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാന്‍ കഴിയും. നിയമാനുസൃതമായ ഭാര്യക്കുപുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ അത് സദാചാരത്തിനോ മാന്യതയ്ക്കോ വിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. വെപ്പാട്ടിമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ജപ്പാനില്‍ 1880 വരെ നിലനിന്നിരുന്നു. പുരാതന ഈജിപ്തില്‍ ബഹുഭാര്യത്വത്തിന് അനുമതിയുണ്ടായിരുന്നുവെങ്കിലും അത് സര്‍വസാധാരണമായിരുന്നില്ല. രാജാക്കന്മാര്‍ക്കിടയില്‍ അത് പതിവായിരുന്നു താനും’ (എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക വാള്യം 18 പുറം188) എന്നാണ് കാണാൻ കഴിയുക. ഇരുപതാം നൂറ്റാണ്ടിനു മുൻപ് റോമക്കാരിലെ ഒരു കാലഘട്ടം ഒഴികെ ബാക്കിഉള്ളവരും, മധ്യാഫ്രിക്ക, ഓസ്ട്രേലിയ, പുരോഗതിയുടെ ഉത്തുങ്കതയിൽ നിൽക്കുന്ന ഫ്രാൻസ്, ജർമനി, ചൈന മുതലായവയിലും ഇത് വളരെ പ്രകടമായിത്തന്നെ സമൂഹത്തിൽ നിലകൊണ്ടിട്ടുണ്ട്, ദരിദ്ര രാഷ്ട്രമായ സിംബാബ്‌വെ, മുൻപ് പറഞ്ഞ ഓസ്ട്രേലിയ, മധ്യാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ചില സമൂഹത്തിലെ പ്രമാണിമാർ സ്ത്രീകളെ വിവാഹം ചെയ്യാൻ മത്സരിച്ചിരുന്നു. ഇതിൽ തന്നെ സിംബാബ്‌വെയിലെ ‘മോണോമറ്റാവോ’ രാജാക്കന്മാർക് 3000 ഭാര്യമാർ ഉണ്ടായിരുന്നതായി രേഖകൾ പറയുന്നുണ്ട്. ഇത് പുരാതനകാലത്തെ ചരിത്രമല്ല എന്ന്കൂടി നമ്മൾ ചേർത്തുവായിക്കണം. സൈറെയിലെ ബക്‌വ, ബക്കെത്തെ ഗോത്രതലവന്മാർക്കായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ഉടമപ്പെടുത്തിയിരുന്നത് എന്ന ഗിന്നസ് റെക്കോർഡ് വരെ നിലവിൽ ഉണ്ട്.! നൂറുകണക്കിലാണ് ഇത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നെല്ലാം, ബഹുഭാര്യാ സങ്കൽപം ഒരുപക്ഷേ ഇസ്‌ലാമിൽ മാത്രം റിസർവ് ആക്കപ്പെട്ട ഒരു വിഷയമാരുന്നില്ല എന്നു വേണം നാം അനുമാനിക്കാൻ. കാരണം മുൻസമുദായങ്ങളുടെ വേദങ്ങൾ, കിതാബുകൾ, സ്‌മൃതികൾ എന്നിവയിൽ തുടങ്ങി മനുഷ്യൻ കൈകടത്തി വികലമാക്കിയവയിൽ വരെ ബഹുഭാര്യാ പരാമർശം ഉൾകൊണ്ടിട്ടുണ്ട് എന്നത് വസ്തുതയാണ്.

ബൈബിളിലെ പഴയനിയമത്തിലെ പല പ്രവാചകന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. ജൂത സമുദായത്തിന്റെ ആദര്‍ശപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗാര്‍ എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം (16:1-3) പറയുന്നു. സാറായുടെ മരണശേഷം കൈതോറയെ വിവാഹം ചെയ്തുവെന്നും പറയുന്നു. ഇസ്രായേൽ ഗോത്രത്തിന്റെ പിതാവായി പറയപ്പെടുന്ന യാക്കോബിന് ലെയാ, ലാബാൻ, ബിൽഹാ, സിൽവാ എന്നിങ്ങനെ നാലുപേരും, സങ്കീർത്ഥനകർത്തവായ ദാവീദ് പ്രവാചകന് മീയൽ, ബത്ശേബ, അബിനോവം, അബിഗായാൽ, മാക്യ, ഹഗീതി.. തുടങ്ങി അനേകവും, സുഭാഷിത കർത്താവായ (Song of Solomon) സോളമന് എഴുനൂറു ഭാര്യമാരും, മുന്നൂറു ഉപഭാര്യാമാരും ഉണ്ടായിരുന്നതായി ബൈബിൾ ചൂണ്ടിക്കാട്ടുന്നു. പല പ്രവാചകരുടെയും ഉന്നതാമഹത്വമായി എടുത്തുപറയുന്നതും ഈ ‘ബഹുഭാര്യത്വം’ തന്നെ.(1ദിനാവൃത്താന്തം 7:3) ജൂതമതത്തെ തുടർന്ന്‌ യേശുക്രിസ്തുവിലൂടെ വന്ന ക്രിസ്തു മതത്തിലും സംഗതി ഏതാണ്ട് ഇതുപോലൊക്കെ തന്നെയായിരുന്നു. വലിയ വ്യത്യാസം നമുക്ക് കാണാൻ കഴിയില്ല. സുവിശേഷങ്ങൾ, പ്രവർത്തിപുസ്തകം, വെളിപാട്, മറ്റു ലേഖനങ്ങൾ ഒന്നിലും ബഹുഭാര്യത്വം നിഷിദ്ധമാണെന്ന് കാണുന്നുമില്ല. പക്ഷെ നിർഭാഗ്യവശാൽ ആധുനിക ബൈബിൾ സുവിശേഷകനായിരുന്ന പൗലോസ് വിവാഹം തന്നെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. (കൊറിന്ത്യർ 7:38) അദ്ദേഹത്തിന്റെ അനുയായികൾ സന്യാസത്തിനു പ്രേരിപ്പിച്ചു. കഴിയാത്തവർ ഒരാളെ സ്വീകരിക്കട്ടെ എന്നും. എന്നാൽ വാസ്തവം ഇതല്ലായിരുന്നു. മനുഷ്യസൃഷ്ടിയിൽ ഉൾക്കൊണ്ട ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ നേരല്ലാത്ത വഴികൾ അവർ തെരഞ്ഞെടുത്തു. ക്വുർആൻ അത് വ്യക്തമായി പറയുകയും ചെയ്തു.”കല്പിക്കപ്പെടാത്ത അനുഷ്ടാനങ്ങൾ അവർ തിരഞ്ഞെടുക്കുകയും എന്നാൽ അത് നേരാംവണ്ണം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞതുമില്ല”. പുരാണ കഥകളിലും സ്ഥിതിഗതികൾ മോശ മായിരുന്നില്ല. മഹാഭാരത്തിലും, രാമായണത്തിലും ശ്രീകൃഷ്ണന്റെയും, ശ്രീരാമന്റെയും അടക്കം ചരിത്രകഥകൾ, വേദങ്ങളിലെയും എല്ലാം സ്‌കൂളിലും മറ്റു വായനകളിലോടെയും നമ്മൾ പഠിച്ചറിഞവരാണ്.

ഇവിടെയാണ് ഇസ്‌ലാമിന്റെ പ്രസക്തി നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. മേൽപറഞ്ഞ സമൂഹങ്ങളിലേത് പോലെ സമാനമായി കൊണ്ട് തന്നെയാണ് അറേബ്യയിലും ഈ സമ്പ്രദായം നിലനിന്നിരുന്നത്. അവർ കുറച്ചുകൂടി മികവ് കാണിച്ചിരുന്നു എന്ന് മാത്രം. ഇതിനൊരു നിയന്ത്രണം ഉണ്ടാക്കുകയും നാലിൽ പരിമിതപ്പെടുത്തുകയും ആണ് ഇസ്‌ലാം ചെയ്തത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുൻപ് പല സ്വഹാബിമാർക്കും ഒരുപാട് ഭാര്യമാർ ഉണ്ടായിരുന്നു എന്ന വസ്തുത മുൻ ചരിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഗയലാനുബ്‌നു സലമത്തുസ്സഖഫി (റ) ഇസ്‌ലാം സ്വീകരിക്കുമ്പോൾ പത്ത് ഭാര്യമാരുണ്ടായിരുന്നു. നബി(സ്വ) നാലു ഭാര്യമാരെ നിലനിർത്താൻ അനുമതി നൽകി. മറ്റുള്ളവരെ അദ്ദേഹം ഒഴിവാക്കി (തിർമുദി). ഉമൈറതുൽ അസദി ഇസ്‌ലാം മതം സ്വീകരിക്കുമ്പോൾ എട്ടു ഭാര്യമാർ കൂടെയുണ്ടായിരുന്നു (അബൂദാവൂദ്). നൗഫലുബ്‌നു മുആവിയ (റ) വിശ്വസിക്കുമ്പോൾ അഞ്ച് സ്ത്രീകളും (ബൈഹഖി). അറബികൾക്കിടയിൽ മാത്രമായിരുന്നില്ല അനിയന്ത്രിതമായ ഈ ബഹുഭാര്യാ സമ്പ്രദായം എന്ന് നമുക്ക് മനസ്സിലാകുന്നു. എന്നാൽ പടച്ച റബ്ബിൽ നിന്ന് ദൈവീകസന്ദേശം ഇറങ്ങിയതോടെ അവർ തനിക്ക് ഇഷ്ടപ്പെട്ട നാല് ഭാര്യമാരെ മാത്രം നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കുകയാണുണ്ടായത്. ഒരു പുരുഷന് നാല് ഭാര്യമാർ ഉണ്ടായിരിക്കണം എന്ന് ക്വുർആൻ അനുശാസിക്കുന്നില്ല. അനിവാര്യമാണെങ്കിൽ, നീതി പുലർത്തുവാൻ കഴിയുമെങ്കിൽ നാല് ഭാര്യമാർ വരെ ആകാം എന്ന നിബന്ധന വച്ചു കൊണ്ടാണ് ഇസ്‌ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നത്. ഇനി നീതി പുലർത്തുവാൻ കഴിയാത്തപക്ഷം ഒന്നുമാത്രം മതി എന്നുള്ളതാണ് ഇസ്‌ലാമിക നിയമം. അത് ക്വുർആനിക വെളിച്ചത്തിൽ നിന്നുകൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ് സൂറത്തുന്നിസാഅ് മൂന്നാം വചനത്തിലൂടെ അല്ലാഹു പറയുന്നു: “അനാഥയുടെ കാര്യത്തിൽ നിങ്ങൾക്ക് നീതി പാലിക്കാനാവില്ല എന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ (മറ്റു) സ്ത്രീകളിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക എന്നാൽ അവർക്കിടയിൽ നീതി പുലർത്താൻ ആവില്ലെന്ന് നിങ്ങൾ ഭയപ്പെടുകയാണ് എങ്കിൽ ഒരുവളെ മാത്രം (വിവാഹം കഴിക്കുക) അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങൾ അതിരുവിട്ട് പോകാതിരിക്കുവാൻ അതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.” (ക്വുർആൻ 4:3) എന്ന് ക്വുർആൻ പഠിപ്പിക്കുന്നു. ബഹുഭാര്യത്വത്തെ കണിശമായ ഒരു വ്യവസ്ഥക്ക് കീഴിൽ പരിമിതപ്പെടുത്തിയ ക്വുർആൻ ഒന്നിലേറെ വിവാഹത്തിന് ആഹ്വാനം ചെയ്യുകയല്ല, മറിച്ച് വൈവാഹിക രംഗത്തു നിലനിന്നിരുന്ന ചൂഷണ സാഹചര്യങ്ങളെ നിരാകരിക്കുകയാണ്. ഇത്തരത്തിൽ ഇസ്‌ലാമിലെ വേദ പ്രമാണങ്ങളിൽ നിന്നും വിശുദ്ധ വാക്യങ്ങളെ സന്ദർഭത്തിൽനിന്നടർത്തിയെടുത്ത് മതത്തിൽ വൈകൃതം ആരോപിക്കുന്നത് ഒരിക്കലും ന്യായമല്ല തന്നെ. ഇസ്‌ലാമിനെ നാലുകെട്ടിന്റെ മതമായി പ്രചരിപ്പിച്ച് അവമതിക്കാൻ ശ്രമിക്കുന്നവർ അച്ചടക്കമില്ലാത്ത നാല് കെട്ടുകാരെയും മൊഴി ചൊല്ലൽകാരെയും സൃഷ്ടിച്ച സാമൂഹിക സാഹചര്യത്തെയാണ് അടിയന്തരമായി ചികിത്സിക്കേണ്ടത്. കുറച്ചാളുകൾ ദുരുപയോഗം ചെയ്യുന്നുവെന്നതിനാൽ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കി വിചാരണക്കു ശ്രമിക്കുന്നതിന്റെ അർത്ഥമെന്താണ്? അങ്ങനെയെങ്കിൽ ദുരുപയോഗിക്കുന്ന ഭരണഘടനാ നിയമങ്ങളുടെ ഭാവിയും എന്തായിരിക്കും? അതിനാൽ ഇസ്‌ലാമിലെ ഏതെങ്കിലുമൊരു തത്ത്വത്തെ കുറിച്ച് മതിപ്പ് കുറവ് തോന്നുന്നുവെങ്കിൽ കുഴപ്പം തങ്ങൾക്കാണെന്നാണ് പുരോഗമന വാദികൾ ഗ്രഹിക്കേണ്ടത്.

അതേ സമയം തന്നെ, ലോകത്തെ ഏറ്റവും അപരിഷ്‌കൃതവും അടിയന്തരമായി പരിഹരിക്കേണ്ടതുമായ ‘പ്രശ്‌നം’ ബഹുഭാര്യത്വമാണെന്നു തോന്നും ചില സാഡിസ്റ്റുകളുടെ പരിഭവം കാണുമ്പോൾ. ആരുമായും, എത്രയായും എന്തും എപ്പോളും ആകാം എന്നാൽ സ്വന്തം സംരക്ഷണത്തിലും അവകാശങ്ങളിലുൾപ്പെടുത്തിയും, ചെലവിനു കൊടുത്തുകൂടാ എന്നതാണിവരുടെ പക്ഷം. ഇസ്‌ലാമിൽ അത് അനുവദനീയമാക്കപ്പെട്ടത്തിന്റെ ഒരു കാരണം പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ടതു കൊണ്ടാണ്. ചില പുരുഷന്മാർക്കെങ്കിലും ബഹുഭാര്യത്വം എന്നത് ഒഴിച്ചുകൂടാനാവില്ല, അതവരുടെ പ്രകൃതിയിൽ പെട്ടതാണ്. ഭർത്താവിൻറെ ലൈംഗിക ആവശ്യത്തെ പൂർത്തീകരിച്ചു കൊടുക്കുക എന്നത് ഭാര്യയുടെ ബാധ്യതയും കടമയുമാണ്. ഭാര്യയുടെ ആർത്തവകാലം, പ്രസവകാലം തുടങ്ങിയ അവസ്ഥകളിൽ ലൈംഗികബന്ധം അസാധ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ പുരുഷൻറെ ലൈംഗിക വികാരം ശമിപ്പിക്കാൻ വിവാഹേതരബന്ധങ്ങളിലേക്ക്, അധാർമ്മികതയിലേക്ക് അഭയം പ്രാപിക്കാൻ സാധ്യതയുണ്ട്. ബഹുഭാര്യത്വം അല്ലെങ്കിൽ വ്യഭിചാരമാണ് പിന്നെ അവൻറെ മുൻപിലുള്ള വഴികൾ. അതുപോലെത്തന്നെ സ്ത്രീയുടെ ലൈംഗിക ശേഷിയില്ലായ്മയും ചിലരിൽ ഇത്തരം രോഗങ്ങൾ ചികിത്സിച്ചു മാറ്റുവാൻ കഴിയാത്തവരും ഉണ്ടാകും. അങ്ങനെയാകുമ്പോൾ പുരുഷൻ കണ്ടെത്തുന്ന മാർഗങ്ങളാണ് ബഹുഭാര്യത്വം അല്ലെങ്കിൽ വിവാഹമോചനം അതുമല്ലെങ്കിൽ വ്യഭിചാരം. വ്യഭിചാരം എന്നത് അധാർമികമാണ്. വിവാഹമോചനം ആകട്ടെ തികച്ചും ക്രൂരവും നീചവുമായ നടപടിയാണ്. വിവാഹമോചനം കൊണ്ട് അവളെ വേദനിപ്പിക്കുകയും അനാഥ ആക്കുകയുമാണ്. അതാണോ അല്ലെങ്കിൽ അവളെ നിലനിർത്തിക്കൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യലാണോ നല്ലത്. ധാർമികബോധവും സ്നേഹവതിയുമായ ഒരു സ്ത്രീ തീർച്ചയായും ആഗ്രഹിക്കുന്നത് തൻറെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും അതിലൂടെ അവൻ സന്തോഷം കണ്ടെത്തുന്നതുമായിരിക്കും. ഇവിടെ ഇസ്‌ലാം പ്രതിനിദാനം ചെയ്യുന്ന നിയമസംഹിതകളിൽ യുക്തി മനുഷ്യപുരോഗതിക്ക് വിലങ്ങാണെന്ന് പറയാൻ ഒരു വ്യക്തിക്കും സാധിക്കുകയില്ല. കാരണം മനുഷ്യയുക്തിക്ക് അംഗീകരിക്കാൻ കഴിയുന്നതും നിത്യജീവിതത്തെ ഏറെ സ്വാധീനിക്കുന്നതുമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഇസ്‌ലാം രൂപീകൃതമായത്. അത് മനുഷ്യ ജീവിതത്തിൻറെ നിഖിലമേഖലകളിലും സ്പർശിച്ചു പോകുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. മകൾ ജനിച്ചു എന്ന് കേൾക്കുമ്പോൾ അപമാനം കൊണ്ട് മുഖം ചുവന്നിരുന്ന സ്വന്തം ചോരയെ ജീവനോടെ കുഴിച്ചുമൂടുമ്പോളും മുഖത്തേക്ക് മണ്ണ് തെറിച്ചാൽ പോലും യാതൊരു സങ്കോചവും കൂടാതെ അതുതുടച്ചുകളയാൻ മടികാണിക്കാത്ത ഒരു സമൂഹത്തിലേക്കാണ് ഇസ്‌ലാം അവതരിക്കുന്നതും, വിപ്ലവകരമായിട്ടുള്ള മാറ്റങ്ങൾ സൃഷ്ടിക്കുന്നതും. പെണ്മക്കളെ മറ്റെന്തിനേക്കാളും മൂല്യമുള്ളതാക്കി, സ്ത്രീക്ക് മുമ്പില്ലാത്തവിധം അവകാശങ്ങൾ നേടിക്കൊടുത്തു, സ്വത്തിൽ അനന്തരാവകാശം നൽകി, പിതാക്കൾ വിവാഹം ചെയ്ത സ്ത്രീയെ ആൺമക്കൾ അനന്തരം എടുക്കുന്ന സമ്പ്രദായം നിരോധിച്ചു, ആൺ മക്കൾക്കൊപ്പം പെൺമക്കൾക്കും വിദ്യാഭ്യാസവും സ്ഥാനവും നൽകണമെന്ന് പഠിപ്പിച്ചു, അത്യാവശ്യ സന്ദർഭങ്ങളിൽ സ്ത്രീക്ക് വിവാഹമോചനം അനുവദനീയമാക്കുകയും, മോചനം സ്ത്രീക്കും ബാധകമാണ് എന്നുള്ള വിപ്ലവകരമായ നിർദ്ദേശം നൽകി, സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അനിയന്ത്രിതമായ ബഹുഭാര്യത്വത്തിന് പരിധി നിശ്ചയിച്ചു. ഇസ്‌ലാമിലെ ഓരോ നിയമങ്ങളും അവളുടെ പ്രകൃതിക്ക് അനുസൃതമായാണ് നിഷ്കർഷിച്ചിട്ടുള്ളത്, അതിൽപ്പെട്ടത് തന്നെയാണ് ബഹുഭാര്യത്വവും.

ഈ സമ്പ്രദായം സമൂഹത്തിൽ വളരെ അത്യന്താപേക്ഷിതമായി നടപ്പിലാക്കേണ്ടി വരുന്ന ചില ഘട്ടങ്ങളുണ്ട്. അതിൽ പെട്ടതാണ് സ്ത്രീയുടേയും അനാഥകളുടെയും സംരക്ഷണം, പുരുഷന്മാരേക്കാൾ സ്ത്രീകൾ അധികരിക്കുക, യുദ്ധത്തിൽ സ്ത്രീകൾക്ക് ഭർത്താവിനെ നഷ്ടപ്പെടുക തുടങ്ങിയവ. ഈ വിധവകളെയും അനാഥകളെയും സംരക്ഷിക്കുക എന്നത് സമൂഹത്തിൻറെ ബാധ്യതയാണ്. ഇത് കൃത്യമായി നിർവഹിക്കുന്നതിൽ ബഹുഭാര്യത്വം അനുവദനീയമായിത്തീരുന്നു. ഭക്ഷണവും വെള്ളവും കൊടുത്തത് കൊണ്ട് മാത്രം സംരക്ഷണം പൂർത്തിയാകുന്നില്ല. വിധവകളായിത്തീരുന്ന സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടെങ്കിൽകൂടി മനുഷ്യൻ എന്ന നിലയ്ക്ക് അവളിൽ ലൈംഗിക വികാരം ഉടലെടുക്കും. അത് പൂർത്തീകരിക്കാതെ വിടുന്നത് അസാന്മാർഗീകതക്ക് കാരണമാകുന്നു. അപ്പോൾ അവർ പുനർവിവാഹം ചെയ്യപ്പെടേണ്ടത് അനിവാര്യമാകുന്നു. ഇനി വിധവയായ ഒരു സ്ത്രീയെ ആദ്യഭാര്യയായി പരിഗണിക്കാൻ ഏതൊരു പുരുഷനും മടി കാണിക്കും അത് പ്രകൃതിയാണ്. ഇവിടെയാണ് ബഹുഭാര്യത്വം വിധവകളുടെ സംരക്ഷണത്തിൽ എത്തുന്നത്. സ്ത്രീ-പുരുഷ അനുപാതത്തിൽ വ്യത്യാസം ഉണ്ടാകുന്ന സാമൂഹിക സാഹചര്യങ്ങളിൽ, സാധിക്കുന്ന പുരുഷന്മാർ ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കികൊണ്ട് അവർക്കിടയിൽ നീതി പാലിക്കണമെന്ന ക്വുർആനിക നിർദേശം ആണ് ഏറ്റവും അഭികാമ്യമായിട്ടുള്ളത്. അത് സാമൂഹികപരമായ സദാചാരവും സ്ത്രീകളോടുള്ള കാരുണ്യ മനോഭാവവും മുൻനിർത്തി കൊണ്ടാണ്. യുദ്ധത്തിന് ശേഷമുണ്ടാകുന്ന അവസ്ഥയാണ് മറ്റൊരു പ്രശ്നം. സാധാരണയായി യുദ്ധത്തിൽ പങ്കെടുക്കുന്നത് കായികമായി പുരുഷന്മാരായിരിക്കും. അപ്പോൾ പുരുഷന്മാരുടെ ഭാഗത്തെ മരണസംഖ്യ ഉയരുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ വ്യത്യാസമുണ്ടാകും. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയിൽ അമ്പത് ലക്ഷം പുരുഷൻമാരാണ് മരണപ്പെട്ടത്. യുദ്ധത്തിന് മുമ്പ് അവിടത്തെ സ്ത്രീ-പുരുഷ അനുപാതം സമമായിരുന്നുവെങ്കിലും യുദ്ധശേഷം അമ്പത് ലക്ഷം സ്ത്രീകൾ അധികമായി വന്നിട്ടുണ്ടാകും. ഭർത്താക്കന്മാരെ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ജപ്പാനിലെയും ജർമനിയിലെയും സ്ത്രീകൾ പ്രകടനം നടത്തി. അവരുടെ വീടുകൾക്ക് മുൻപിൽ ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ട്(wanted an evening guest) എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇത് ഈ രണ്ടു രാജ്യങ്ങളുടെ മാത്രം അവസ്ഥയല്ല യുദ്ധം കഴിഞ്ഞ ഏതൊരു സമൂഹത്തിലും ഉണ്ടായേക്കാവുന്ന അവസ്ഥയാണ്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ബഹുഭാര്യത്വം ആവശ്യമായി വരുന്നു. അതുകൊണ്ട് 1948 മ്യുണിക്കിൽ സമ്മേളിച്ച ലോക യുവജന സംഘടന ജർമനിയുടെയും ജപ്പാനിലെയും പ്രശ്നത്തിൽ പരിഹാരമായി ബഹുഭാര്യത്വം നിർദേശിച്ചത്. ഇതുതന്നെയാണ് ഇസ്‌ലാം മുൻകൂട്ടി നിർദേശിച്ച പരിഹാരവും. പ്രശ്നപരിഹാരത്തിനുള്ള ഒരു മാർഗം ലോക സംഘടന നിർദേശിക്കുമ്പോൾ മാനവികമാകുന്നുവെങ്കിൽ ഇസ്‌ലാം നിർദ്ദേശിക്കുമ്പോൾ അതെങ്ങനെയാണ് അപരിഷ്കൃതമാകുന്നത്.?

ഈ റോബോട്ടിക് യുഗത്തിൽ തന്നെ ഏകപത്നീവ്രതം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന ആധുനിക സമൂഹങ്ങളിലും ഒന്നിലധികം സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന സമ്പ്രദായം സാര്‍വത്രികമാണെന്നതാണ് വസ്തുത. അതിന് പല വിധ ഓമനപ്പേരുകള്‍ നല്‍കുന്നുവെന്നു മാത്രമേയുള്ളൂ. ‘പബ്ളിക് റിലേഷന്‍സി’ല്‍ ഏര്‍പ്പെട്ടിരിക്കുന്ന കാള്‍ഗേളുകളില്‍ പണക്കാരന്‍ ലൈംഗികദാഹം ശമിപ്പിക്കുമ്പോള്‍ വേശ്യാതെരുവുകളിലാണ് സാധാരണക്കാരന്‍ സമാധാനം കണ്ടെത്തുന്നത് എന്ന വ്യത്യാസമേയുള്ളൂ. പലതരം പേരുകളില്‍ വിളിക്കപ്പെടുന്ന അഭിസാരികകളെ ഒരു പ്രാവശ്യമെങ്കിലും സമീപിക്കാത്തവര്‍ ആധുനിക സമൂഹത്തില്‍ വളരെ വിരളമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതൊരു തെറ്റായി ആധുനിക സമൂഹം കാണുന്നേയില്ല. ഡേറ്റിംഗ് ആപ്പുകളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമാണ് ഇതിൽ ഏറെയും. ഇവ കൂടാതെതന്നെ സമൂഹത്തിലെ ഉന്നതരില്‍ നടക്കുന്ന ഭാര്യാവിക്രയം സംഘരതി തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അടുത്തുതന്നെ നമ്മുടെ കൊച്ചുകേരളത്തിൽ ഷെയർച്ചാറ്റിലൂടെ നടന്ന ഭാര്യാവിക്രയം പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞവരാണ്. ബഹുഭാര്യത്വത്തിനെതിരെ ശക്തമായി സംസാരിക്കുന്നവരില്‍ പലരും ഇത്തരം ലൈംഗികബന്ധങ്ങളുടെ അടിമകളാണെന്നതാണ് വാസ്തവം. നാൾക്കുനാൾ ഇതു വർധിച്ചുകൊണ്ടേ ഇരിക്കും. എത്ര പേരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടാം പക്ഷേ നിയമാനുസൃതമായി ഇണയാക്കി തീർക്കുവാൻ പാടില്ല എന്ന നിലപാടാണ് ഇന്ത്യൻ ഭരണകൂടത്തിൽ പോലും ഉള്ളത്. ഇതിന്റെ മറ പിടിച്ചുകൊണ്ടാണ് ഇന്ത്യൻ ഗവണ്മെന്റ് കൊട്ടിഘോഷിച്ചുകൊണ്ട് മുത്തലാഖ് നിരോധനവും മറ്റും നടപ്പിലാക്കിയത്. വിചിത്രം.!

രസകരമായതും എന്നാൽ പൊള്ളയായതുമായ ഒരു കാര്യം എന്തെന്നാൽ, സാമൂഹിക പ്രശ്നമെന്ന വ്യാജേനയും സ്ത്രീ വിമോചന പ്രസ്ഥാനത്തിൻറെ വക്താക്കൾ എന്ന പേരിലും ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫെമിനിസ്റ്റ് വാദികൾ ഇതിനെതിരെ ഇറങ്ങി തിരിച്ചിട്ടുണ്ട്. പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നുവെങ്കിൽ സ്ത്രീക്ക് എന്തുകൊണ്ട് ബഹുഭർതൃത്വം അനുവദിച്ചു കൂടാ എന്ന ചോദ്യമാണ് അവർ പലപ്പോഴും ഉന്നയിക്കാറുള്ളത്. ഈ മറുചോദ്യം ചെറുതായെങ്കിലും അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. കാരണം പുരുഷന്റെ തൃഷ്ണയില്ലാതാക്കാൻ, അശരണരായ സ്ത്രീകൾക്ക് സംരക്ഷണവും, സഹായകവുമായികൊണ്ടും ഇസ്‌ലാമിൽ ബഹുഭാര്യത്വം അനുവദിക്കുകയും എന്നാൽ ഇതുപോലെ എന്തുകൊണ്ട് സ്ത്രീകൾക്ക് ബഹുഭർതൃത്വം അനുവദിച്ചില്ല എന്നത്. അവരോട് അതേ യുക്തിനാണയത്തിലൂടെ ക്രിയാത്മകമായി മാത്രമേ മറുപടിക്ക് സ്കോപ് ഉള്ളൂ. പ്രകൃത്യാലുള്ള അവരുടെ ഈ ചോദന പുരുഷനിലും സ്‌ത്രീയിലും കരയും കടലും പോലെ വ്യത്യാസപ്പെട്ടതാണ്. ശാരീരിക സൃഷ്ടിപ്പിലും, ഘടനയിലും, നൈസർഗീകമായ കായികത്വത്തിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ആണിന്റെ ലൈംഗികതൃഷണ ശമിപ്പിക്കാൻ കേവലം ഒരു സ്ത്രീശരീരം മതി എന്നിരിക്കെ സ്ത്രീപ്രകൃതിക്ക് വെറും ഒരു പുരുഷശരീരം മതിയാവതല്ല. സ്നേഹം, വിശ്വാസം, സംരക്ഷണം, എന്നിങ്ങനെയുള്ള വശങ്ങൾ കൂടി അവരിലേക്ക് സന്നിവേശിപ്പിക്കേണ്ടതായുണ്ട്. ലോകതമ്പുരാൻ അവരുടെ സൃഷ്ടിപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. ഒരുപക്ഷേ ശാസ്ത്രീയമായി ഒരുപാട് വിശദീകരിക്കേണ്ടി വരുന്നതിനാൽ അതിനു മുന്നിടുന്നില്ല. ഒരേ സമയത്ത് ഒന്നിലധികം പുരുഷന്മാരെ സ്നേഹിക്കുവാനോ പരിഗണിക്കാനോ വിവാഹം ചെയ്യുവാനോ ഒരു സ്ത്രീക്ക് സാധിക്കുകയില്ല എന്നുള്ളതാണ് ഇതിൻറെ വാസ്തവം. ഇങ്ങനെയുള്ള വാദം ഉന്നയിക്കുന്ന ഫെമിനിസ്റ്റ് വാദികൾ ഏതെങ്കിലും ഒരു മുറിയിൽ നിന്നെ കാത്ത് നാല് പുരുഷന്മാർ ഇരിക്കുന്നു എന്ന് പറഞ്ഞാൽ അത് മനസ്സുകൊണ്ടുപോലും അംഗീകരിക്കുവാൻ അവർക്ക് കഴിയുകയില്ല. എന്നാൽ ഇത് ഒരു പുരുഷനോട് പറയുകയാണെങ്കിൽ അവൻ ആ കാര്യത്തെ സന്തോഷം സ്വീകരിക്കും. ദൈവം ആ പ്രകൃതിയോടു കൂടിയാണ് അവരെയും സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ സ്ത്രീ ഒരു സംരക്ഷണവലയത്തിൽ ഇരിക്കുമ്പോൾ മറ്റൊരു സമീപനവും അവൾ ആഗ്രഹിക്കുന്നില്ല. വേശ്യാവൃത്തിയിലേക്കോ അവിഹിത വേഴ്ചകളിലേക്കോ അറിഞ്ഞോ അറിയാതെയോ അവരെ തള്ളിവിടുന്നതിനു പകരം മാന്യയായ ഒരു കുടുംബിനിയായി കഴിയാനുള്ള അവസരം നൽകുകയാണല്ലോ അഭികാമ്യം. അതിന് ബഹുഭാര്യത്വ സമ്പ്രദായം ഉപകാരപ്രദമാണുതാനും. വിധവയോ നിർധനയോ വിരൂപിയോ അനാഥയോ രോഗിണിയോ ആയ സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നതിനെ വിമർശിക്കുന്നത് എത്രത്തോളം മാനുഷികമാണ്?. വിശാല മനസ്‌കതയാണ് ഇതിനാവശ്യം. ഒന്നിലധികം സ്ത്രീകളുമായി ശാരീരികബന്ധത്തിലേർപ്പെടൽ അനിവാര്യമായ സാഹചര്യം ഉണ്ടെങ്കിൽ അത് വിവാഹത്തിലൂടെ മാത്രമേ പാടുള്ളൂ എന്നും, നാലിലധികം പേരെ വിവാഹം ചെയ്യാൻ പാടില്ല എന്നും നിർദ്ദേശിക്കുന്ന ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ് ഇസ്‌ലാംവിരുദ്ധധാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇണകളോട് നീതിപൂർവം പെരുമാറണമെന്ന് കൽപിക്കുന്ന ഇസ്‌ലാം ആണോ മാനവികം അതോ ഇസ്‌ലാംവിരുദ്ധധാരികൾ പ്രചരിപ്പിക്കുന്ന കുടില ആശയങ്ങളോ..??? അതേ..,പെണ്ണൊരു മറയാണ്. ലക്ഷ്യം ഇസ്‌ലാമും…!

11 Comments

 • Well said…. നല്ല അപഗ്രഥനം

  അക്ബർ ഷാ 17.05.2019
 • നല്ല അപഗ്രഥനം

  അക്ബർ ഷാ 17.05.2019
 • بارك الله…. ماشا الله👏

  Sahala k 17.05.2019
 • എഴുത്ത് അഭിനന്ദനമർഹിക്കുന്നു . സ്വന്തം ഭർത്താവ് നാല് കെട്ടുന്നതിന് ഒരു വിരോധവുമില്ല എന്ന മനസികാവസ്ഥയിലാണ് ഇതു എഴുതിയതെങ്കിൽ കിടക്കട്ടെ ഒരു കുതിര പവൻ .

  swafvan karakkunnu 17.05.2019
  • നാല് കെട്ടാനുള്ള കാരണങ്ങൾ വളരെ വെക്തമായി ഞാനതിൽ വിശദീകരിച്ചിട്ടുണ്ട്.സഹോദരൻ അത് കണ്ടില്ലെന്ന് തോന്നുന്നു.

   Arsha Rafeeq 19.05.2019
 • വളരെ നല്ല ആഖ്യായനം , പുത്തൻ അറിവിലേയ്ക്കുള്ള വാതായനം. ഭാഷ ലളിതവും ഭംഗിയുള്ളതുമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് പടച്ചവൻ തുണക്കട്ടെ..

  Nazeer Ummer 17.05.2019
 • കാലിക പ്രസക്തിയുള്ള ലേഖനം

  IBRAHIM CM 17.05.2019
 • super,,,
  2 ലധികം വിവാഹം കഴിച്ച ചിലയാളുകൾ പറയും പോലെ
  പ്രവാചക ചര്യ (സുന്നത്ത് ) ലഭിക്കാൻ അനുഷ്ഠിക്കേണ്ട ഒന്നല്ല ബഹുഭാര്യത്വം,,

  വ്യക്തമായ, ശക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വളരെഅത്യാവശ്യ സന്ദർഭങ്ങളിൽ കാരണങ്ങളുണ്ടെങ്കിൽ മാത്രം സ്വീകരിക്കേണ്ട ഒന്നാണ് ബഹുഭാര്യത്വം,, വ്യഭിചാരം എന്ന കൊടിയ പാപത്തേക്കാൾ എന്തുകൊണ്ടും നല്ലതല്ലേ ബഹുഭാര്യത്വം എന്ന പ്രയാസം എന്നാണ് ഇസ്ലാമിന്റെ നിലപാട്

  2 ഭാര്യമാരോടും നീതി പാലനം നിർബന്ധം,,,
  ഭൗതിക സാഹചര്യങ്ങൾ, ദാമ്പത്യ ബന്ധം, സ്നേഹം എല്ലാറ്റിലും കൃത്യമായ നീതി,,,

  കൃത്യമായ നീതി പാലിക്കാൻ കഴിയില്ല എന്നുണ്ടെങ്കിൽ ബഹുഭാര്യത്വം നിഷിദ്ധം,,,

  വിശുദ്ധ ഖുർആൻ സൂറ:നിസാഅ

  ഇന്ന് ബഹുഭാര്യത്വം സ്വീകരിച്ച 90% ആളുകളും ഒരു കുടുംബത്തെ രക്ഷിച്ച് മറ്റൊരു കുടുംബത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്,,

  സ്വന്തം ഭാര്യ അന്യന്റെ കൂടെ കിടക്കുന്നത് ആലോചിക്കുമ്പോൾ ഭർത്താവിന് ഉണ്ടാകുന്ന മാനസികാവസ്ഥ തന്നെയാണ്
  സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ കിടക്കുന്നത് ആലോചിക്കുമ്പോൾ ഭാര്യക്ക്ഉണ്ടാകുന്ന മാനസികാവസ്ഥ,,,
  താങ്കൾ ഒരു സ്ത്രീയല്ലേ?
  സഹോദരി എന്തു പറയുന്നു?

  റമീസ് മാഷ് 26.05.2019
 • പരമ്പരാഗത മത വ്യാഖ്യാന അറേബ്യൻ ഗോ ത്രീയതയെ ഖുർആനിനോട് ചേർത്ത് ഒട്ടി ക്കുന്ന പഴയ പല്ലവി

  Haris EP Mohammed 26.05.2019
 • അപ്പോൾ ഒരു പുരുഷന് ഇത്തരം കാരണങ്ങളിൽ ഒന്ന് ഉണ്ടെങ്കിലേ നാല് കെട്ടാവൂ എന്നാണോ ഇസ് ലാം പറഞ്ഞു വെക്കുന്നത്.

  thahsila 30.12.2019
 • ماشاء الله ، الكتابة رائعة جدا، ألفاظها سهولة للفهم والكلمات تقوم بأقوى تأثيرا في القلوب، أتمنى لك مستقبل مزدهز في هذا المجال. والله يوفقك

  سهيل 06.01.2020

Leave a Reply to അക്ബർ ഷാ Cancel Comment

Your email address will not be published.