ബദർ യുദ്ധം: ചരിത്രവും സന്ദേശവും

//ബദർ യുദ്ധം: ചരിത്രവും സന്ദേശവും
//ബദർ യുദ്ധം: ചരിത്രവും സന്ദേശവും
ആനുകാലികം

ബദർ യുദ്ധം: ചരിത്രവും സന്ദേശവും

ദർ ലോക ജനതക്ക് കൈമാറുന്നത് സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും വലിയ സന്ദേശങ്ങളാണ്. ശരിയായ വിശ്വാസവും അല്ലാഹുവിൽ പ്രതീക്ഷയുമുള്ള ഒരാൾക്ക് ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുമെന്ന് ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ബദറിനെ കേവലമൊരു വികാരമായി കണക്കാക്കാതെ വിവേകത്തോടുകൂടി നമുക്ക് സമീപിക്കാനായാൽ ആ ചരിത്രത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.

ബദർ യുദ്ധവും സമാധാന സന്ദേശവും

ബദർ യുദ്ധത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നത് അതൊരു കലാപം വിതക്കാനുള്ള സംഘട്ടനമായിരുന്നില്ല എന്നതാണ്. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ലബ്ദിക്ക് ശേഷം ആ തെളിമയാർന്ന പാതയിലേക്ക് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചുകൊണ്ടേയിരുന്നു. ആ ക്ഷണം ഫലം കണ്ടുതുടങ്ങി. അന്നുവരെ അല്ലാഹുവല്ലാത്തവരെ ആരാധിച്ചിരുന്നവർ അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ തുടങ്ങി. തമ്മിൽ കലഹിച്ചിരുന്നവർ ഒരുമിച്ചിരിക്കാൻ തുടങ്ങി. ശവങ്ങൾ തിന്നിരുന്നവർ അത് ഒഴിവാക്കാൻ തുടങ്ങി. കുടുംബ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കിയവർ അത് ചേർത്ത് വെക്കാൻ തുടങ്ങി. മാതാപിതാക്കളെ സ്നേഹിക്കുവാനും പരിപാലിക്കുവാനും തുടങ്ങി. പലിശയെ അവർ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. വലിയ വലിയ മാറ്റങ്ങൾ അവരിൽ കാണാൻ തുടങ്ങി.

ഈ മാറ്റങ്ങൾ മക്കക്കാർക്കിടയിൽ വലിയ ചർച്ചയായി. ഈ രൂപത്തിൽ മാറ്റങ്ങളുണ്ടായാൽ അവരുടെ നിലനിൽപ്പിനെ തന്നെ കാര്യമായി അത് ബാധിക്കുന്നത് അവർ ഭയപ്പെട്ടു. പ്രവാചകനെ(സ)യും അനുയായികളെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ അവർ ആവുന്നതും ശ്രമിച്ചു. പ്രലോഭനങ്ങളും മർദ്ദനമുറകളുമെല്ലാം അവർ പ്രയോഗിച്ചുനോക്കി. അതിലൊന്നും വീഴാതെ സത്യ സരണിയിൽ ആത്മവിശ്വാസത്തോടെ വിശ്വാസികൾ മുന്നോട്ട് പോകുന്നതിൽ അവർക്ക് വലിയ പ്രയാസമുണ്ടായി. തുടർന്ന് ക്രൂരമായ പീഡനങ്ങളാണ് വിശ്വാസികൾക്ക് സഹിക്കേണ്ടി വന്നത്.

തങ്ങളുടെ ആശയാദർശങ്ങൾക്കനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോഴാണ് മുസ്‌ലിംകൾക്ക് പലായനം ചെയ്യാനുള്ള അനുവാദം ലഭിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകനും(സ) അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്നത്. അവിടെയെത്തിയപ്പോൾ മദീനക്കാർ വലിയ സ്വീകരണമാണ് അവർക്ക് നൽകിയത്. അടുത്തുള്ള ഗോത്രങ്ങളെല്ലാം നബി(സ)യെ ഒരു നേതാവായി അംഗീകരിക്കുകയും മുഹമ്മദ് നബി (സ) മദീനയെന്ന രാഷ്ട്ര സംവിധാനത്തിന്റെ നേതാവായി മാറുകയും ചെയ്തു.

ഈ വിവരം സ്വാഭാവികമായും മക്കക്കാർക്കിടയിൽ വലിയ ചർച്ചയായി. ഈ രീതി തുടർന്നാൽ മുഹമ്മദ് നബി (സ) മക്കയും അടക്കിഭരിക്കുമെന്നവർ ഭയപ്പെട്ടു. ഇതിനെ എങ്ങനെ തടയിടണമെന്ന ദിവസങ്ങളോളം വന്ന ചർച്ചകൾക്കൊടുവിലാണ് ഒരു കച്ചവട യാത്രയെ കുറിച്ച് അവർ ചിന്തിച്ചത്. ഈ കച്ചവടത്തിന് വേണ്ടി ഓരോരുത്തരുടെയും സ്വത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം അവർ മാറ്റിവെച്ചു. മുസ്‌ലിംകൾ ഹിജ്‌റ പോയപ്പോൾ ഉപേക്ഷിച്ചുപോയ സ്വത്ത് പോലും അവർ അതിന്നായി ഉപയോഗിച്ചു.

ഈ കച്ചവടം നടന്നാൽ അവർ മദീനയെ ഇല്ലാതാക്കും. അവിടെയുള്ള ഓരോ പൗരനെയും അവർ ആക്രമിക്കും. സ്വത്ത് മുഴുവനും കൊള്ളയടിക്കും. ഈ വാർത്ത അറിയുന്ന മദീനയുടെ രാഷ്ട്ര നേതാവ് എന്ത് ചെയ്യണം? ഒന്നുകിൽ തന്റെ പ്രജകളെ അക്രമണകാരികളുടെ ആയുധങ്ങൾക്ക് ഇരയാക്കിക്കൊണ്ട് മാറി നിൽക്കണം. അല്ലെങ്കിൽ ശക്തമായി പോരാടി തന്റെ നാടിനെയും പ്രജകളെയും സംരക്ഷിക്കണം. ഉത്തരവാദിത്ത ബോധമുള്ള ഒരു നേതാവിന് തന്റെ പ്രജകളെ സംരക്ഷിക്കാനേ സാധിക്കുകയുള്ളൂ.

മുഹമ്മദ് നബി (സ) ചെയ്തതും ഏതൊരു രാഷ്ട്ര നേതാവും ചെയ്യുന്ന കാര്യം തന്നെയാണ്. ആ കച്ചവട യാത്ര തടയാൻ ശ്രമിച്ചു. ബദറിൽ വെച്ച് അവരോട് സംവദിച്ചു. മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അവർ മടങ്ങിപ്പോകാൻ തയ്യാറായില്ല. അവരുടെ ലക്ഷ്യം കലാപമുണ്ടാക്കലായിരുന്നു. അതാണ് പിന്നീട് ബദർ യുദ്ധമായി മാറിയത്. പ്രവാചകന്റെ(സ) ജീവിതത്തിലെ ആദ്യത്തെ യുദ്ധം.

ബദർ യുദ്ധവും കലാപാഹ്വാനവും

ബദർ യുദ്ധത്തിന്റെ ചരിത്രമുദ്ധരിച്ചുകൊണ്ട് അത് കലാപത്തിനാഹ്വാനം ചെയ്യുന്നതാണെന്ന് പറയുന്നവർ ഇസ്‌ലാമിനെയോ ഇസ്‌ലാമിക പ്രമാണങ്ങളെയോ മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. കാരണം ബദർ യുദ്ധമുണ്ടായത് തന്നെ ഒരു വലിയ കലാപം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയാണ്. ഇസ്‌ലാമിൽ എല്ലാ കാര്യങ്ങൾക്കുമെന്നപോലെ യുദ്ധങ്ങൾക്കും ചില നിയമങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഇസ്‌ലാമികസമൂഹത്തെ നശിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ട് യുദ്ധസന്നാഹം നടത്തുന്നവരോടാണ് യുദ്ധം ചെയ്യേണ്ടത് എന്നതാണ്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. “നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.” (ഖുർആൻ 2: 190)

ഈ ആയത്തിലൂടെ അല്ലാഹു വിശദീകരിക്കുന്ന ചില കാര്യങ്ങളുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധമാണെങ്കിൽ അതിൽ ഒരിക്കലും പരിധിവിട്ട് പ്രവർത്തിക്കാൻ പാടില്ല എന്നതാണത്. എന്താണ് യുദ്ധത്തിൽ പരിധി വിടൽ? യുദ്ധ നിയമങ്ങൾ ലംഘിക്കലാണത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊലപ്പെടുത്തുക, മഠങ്ങളിൽ വിശ്രമിക്കുന്ന പുരോഹിതന്മാരെ ഉപദ്രവിക്കുക, ഫലവൃക്ഷങ്ങൾ മുറിക്കുക എന്നിവയെല്ലാം യുദ്ധനിയമ ലംഘനമാണ്. മാത്രമല്ല ഒരു ഭരണാധികാരിക്ക് കീഴിലേ യുദ്ധമുണ്ടാകാൻ പാടുള്ളൂ എന്നതാണ് ഇസ്‌ലാമിലെ യുദ്ധനിയമം.

മുഹമ്മദ് നബി(സ)യുടെ ജീവിതം തന്നെ പരിശോധിക്കുക. മക്കയിൽ അദ്ദേഹത്തിന്റെ ജീവിതം ഒരു ഭരണാധികാരിയുടേതായിരുന്നില്ല. അതുകൊണ്ടുതന്നെ മുസ്‌ലിങ്ങൾ കൊടിയ പീഡനങ്ങൾക്കിരയായപ്പോഴും ഒരു പ്രതിരോധമായി ആയുധമെടുക്കുവാൻ അദ്ദേഹം ജനങ്ങളോട് കല്പിച്ചിട്ടില്ല. സുമയ്യ(റ )യെ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും അമ്മാറിനെ(റ)യും യാസറിനെ(റ)യും മൃഗീയമായി ഉപദ്രവിച്ചപ്പോഴും അവരോട് ക്ഷമിക്കാൻ പറഞ്ഞത് മുഹമ്മദ് നബി (സ) ദുർബലനായതുകൊണ്ടല്ല. മറിച്ച് ആയുധമെടുക്കുവാനുള്ള അനുവാദം ലഭിക്കാത്തതുകൊണ്ടായിരുന്നു. പിന്നെയെങ്ങിനെയാണ് പ്രവാചകന്റെ(സ) ചരിത്രമുദ്ധരിച്ചുകൊണ്ട് ഇന്ത്യപോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഏതെങ്കിലും സംഘടനയുടെ നേതാവിന്റെ ആജ്ഞപ്രകാരം സായുധരാകുന്നത് ന്യായീകരിക്കാൻ കഴിയുക?

ബദറും ബദ്‌രീങ്ങളും

പ്രവാചകന്റെ(സ) പ്രബോധന ജീവിതത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് തൗഹീദായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂവെന്നും മക്കാ നിവാസികൾക്ക്‌ മുമ്പിൽ അവതരിപ്പിച്ചപ്പോൾ അവർക്കത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അല്ലാഹുവാണ് സ്രഷ്ടാവ് എന്നതവർ അംഗീകരിച്ചു. അല്ലാഹുവാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമെന്ന് അവർ വിശ്വസിച്ചു. വിപൽ ഘട്ടങ്ങളിൽ അവർ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്? (ഖുർആൻ 23: 84 – 89)

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുര്‍ആന്‍ 10: 31)

എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു. (ഖുര്‍ആന്‍ 29: 65)

പക്ഷെ, എന്നിട്ടുപോലും അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന മുഹമ്മദ് നബി(സ)യുടെ പ്രബോധനത്തെ ഉൾകൊള്ളാൻ അവർക്ക് സാധിച്ചില്ല. അതുകൊണ്ടാണ് മുഹമ്മദ് നബി(സ)ക്കും അനുയായികൾക്കും മക്ക വിടേണ്ടിവന്നതും ബദറിൽ ഏറ്റുമുട്ടേണ്ടി വന്നതുമെല്ലാം. രണ്ട് വിഭാഗമായിരുന്നു ബദറിൽ ഏറ്റുമുട്ടിയത്. ഒന്ന്, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്ത പ്രവാചകനും അനുയായികളും. രണ്ട്, അല്ലാഹുവോട് പ്രാർത്ഥിക്കുന്നതോടൊപ്പം അല്ലാഹുവല്ലാത്തവരെയും വിളിച്ച് പ്രാർത്ഥിച്ചിരുന്ന മറ്റൊരു വിഭാഗം. അതിൽ അല്ലാഹുവിന്റെ സഹായമുണ്ടായത് തൗഹീദിന്റെ വക്താക്കൾക്കാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദർഭം (ഓര്‍ക്കുക.) (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു’. (ഖുര്‍ആന്‍ 3: 123 – 126)

തൗഹീദിന് വേണ്ടി ജീവിക്കുകയും തൗഹീദിനുവേണ്ടി ശഹീദാവുകയും ചെയ്ത ധീരരായ സ്വഹാബികളിൽനിന്ന് നാം മാതൃകയുൾക്കൊള്ളേണ്ടതുണ്ട്. ജീവിതത്തിന്റെ ഏത് സാഹചര്യങ്ങളിലും അല്ലാഹുവിൽ അഭയം പ്രാപിക്കുവാൻ നമുക്ക് സാധിക്കുമ്പോഴാണ് നാം വിജയികളിൽ ഉൾപ്പെടുന്നത്. അല്ലാത്ത സാഹചര്യങ്ങളെ വളരെ ഗൗരവമുള്ള വിഷയമായിട്ടാണ് ഇസ്‌ലാം കാണുന്നത്.

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ്. (ഖുര്‍ആന്‍ 5: 72)

വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. (ഖുര്‍ആന്‍ 22:31)

പ്രവാചകൻ (സ) ബദറിൽ വെച്ച് പോലും മനമുരുകി പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന ഒരു ജനവിഭാഗം ഭൂമുഖത്തുണ്ടാകുന്നതിനുവേണ്ടിയാണ്. ആ പ്രാർത്ഥനക്കാണ് അല്ലാഹു മലക്കുകളെ ഇറക്കിക്കൊണ്ട് ഉത്തരം നൽകിയത്. എത്ര ദുർബലരാണെങ്കിലും യഥാർഥ വിശ്വാസത്തോടുകൂടി അല്ലാഹുവിൽ സകലതും സമർപ്പിച്ച് ജീവിക്കുകയാണെങ്കിൽ അവർക്ക് തന്നെയാണ് ഇരുലോകത്തും വിജയമുള്ളത്. അതാണ് ബദർ നൽകുന്ന ഏറ്റവും മഹത്തരമായ പാഠം. അതാണ് വിശുദ്ധ ഖുർആൻ പറഞ്ഞതും.

നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. (ഖുര്‍ആന്‍ 3: 139)

print

No comments yet.

Leave a comment

Your email address will not be published.