ബദ്‌റിന്റെ പാഠങ്ങള്‍; ഉഹ്ദിന്റെയും

//ബദ്‌റിന്റെ പാഠങ്ങള്‍; ഉഹ്ദിന്റെയും
//ബദ്‌റിന്റെ പാഠങ്ങള്‍; ഉഹ്ദിന്റെയും
ലീഡർഷിപ്പ്‌

ബദ്‌റിന്റെ പാഠങ്ങള്‍; ഉഹ്ദിന്റെയും

ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളായ ബദ്‌റും ഉഹ്ദും മുസ്‌ലിം സമുദായത്തിന് നല്‍കുന്ന പാഠങ്ങള്‍ വളരെ വിലപ്പെട്ടതാണ്. വിജയത്തില്‍നിന്നും പരാജയത്തില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ട് വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതങ്ങളെ ഇസ്‌ലാമീ കരിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ബദ്‌റില്‍നിന്ന് പഠിക്കേണ്ടത് വിജയത്തിന്റെ പാഠങ്ങളും ഉഹ്ദില്‍നിന്ന് പഠിക്കേണ്ടത് പരാജയത്തിന്റെ പാഠങ്ങളുമല്ല, മറിച്ച് പ്രത്യുത രണ്ടില്‍നിന്നുമായി പഠിക്കേണ്ടത് മുസ്‌ലിമിന്റെ വൈയക്തികവും സാമൂഹികവുമായ ജീവിതങ്ങളിലെ അല്ലാഹുവിന്റെ ഇടപെടലുകളെക്കുറിച്ച വിലപ്പെട്ട പാഠങ്ങളാണ്. സ്വന്തം അസ്ഥിത്വത്തില്‍ റഹ്മത്തിനെ എഴുതിച്ചേര്‍ക്കുകയും പ്രസ്തുത കാരുണ്യത്തിന്റെ പ്രവാഹം ഈ ദുനിയാവില്‍ വിശ്വാസി-അവിശ്വാസി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മേല്‍ നിരന്തരവും നിര്‍ലോഭവുമായി ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന റഹ്മാനും റഹീമുമായ അല്ലാഹുവില്‍ നിന്നുണ്ടായതാണ് ബദ്‌റിലെ വിജയവും ഉഹ്ദിലെ പരാജയവുമെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് രണ്ടില്‍ നിന്നും നാം പഠിക്കേണ്ടത് ഒരേ പാഠങ്ങള്‍ തന്നെയാ ണെന്ന വസ്തുത നമുക്ക് ബോധ്യപ്പെടുക. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17ന് മദീനയുടെ തെക്കുപടിഞ്ഞാറ് നൂറ്റിപ്പത്ത് കിലോമീറ്ററു കള്‍ക്കപ്പുറത്ത് ബദ്‌റില്‍വെച്ച് 313 മുസ്‌ലിം പടയാളികളും അവരുടെ രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളുമടങ്ങുന്ന സൈന്യവും 950 മക്ക മുശ്‌രിക്കുകളുടെ പടയാളികളും അവരുടെ നൂറ് കുതിരകളും നൂറ്റി എഴുപത് ഒട്ടകങ്ങളുമടങ്ങുന്ന സൈന്യവും തമ്മില്‍ നടന്ന  പോരാട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വലിയ വിജയവും നേട്ടവുമുണ്ടായെന്നത് ചരിത്രത്തിലെ തുല്യതയില്ലാത്ത ഏടുകളിലൊന്നാണെന്ന് കടുത്ത ഇസ്‌ലാം വിമര്‍ശകര്‍ പോലും സമ്മതിക്കും. മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യത്തിന് 14 രക്തസാക്ഷികളെ മാത്രം നഷ്ടപ്പെട്ടപ്പോള്‍ അബൂ ജഹലിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിലെ എഴുപത് പേര്‍ കൊല്ലപ്പെടുകയും 70 പേരെ ബന്ധികളാ ക്കുകയും ചെയ്തു എന്നതും ചരിത്രത്തിലെ ജ്വലിച്ചുനില്‍ക്കുന്ന ഏടുകളിലൊന്നാണ്. ബദ്‌റിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മൂന്നിന് മദീനയുടെ വടക്കുഭാഗത്തുള്ള ഉഹ്ദ് പര്‍വതത്തിനടുത്ത് വെച്ചുനടന്ന യുദ്ധത്തില്‍ പ്രവാചകനേതൃത്വത്തിലുള്ള എഴുന്നൂറ് പേരടങ്ങു കാലാള്‍പടയും നാലുപേരുടെ കുതിരപ്പടയും അമ്പത് പേരുടെ അമ്പെയ്ത്ത് സംഘവും ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സൈന്യവും അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള മൂവായിരം പേരടങ്ങുന്ന കാലാള്‍പടയും മൂവായിരം  ഒട്ടകങ്ങളും ഇരുന്നൂറ് പേരുടെ കുതിരപ്പടയും അടങ്ങുന്ന മക്കാമുശ്‌രിക്കുകളുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ബദ്‌റില്‍ ഉണ്ടായതുപോലെത്തന്നെയുള്ള വിജയം അതിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായി. എന്നാല്‍ യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാവുകയും പ്രവാചകന്റെ (സ) തിരുശരീരത്തിനുപോലും പരിക്കേല്‍ക്കുകയും അദ്ദേഹം മരണ പ്പെട്ടുവെന്ന വാര്‍ത്ത പരക്കുകയും ചെയ്തു. മക്കാ മുശ്‌രിക്കുകള്‍ക്ക് കാര്യമായ ആള്‍ നാശമുണ്ടാകാതിരുന്ന ഉഹ്ദില്‍ പ്രവാചകപിതൃ വ്യനും ഇസ്‌ലാമിന്റെ സിംഹവുമായിരുന്ന ഹംസ(റ)യടക്കം എഴുപത്തിയഞ്ചോളം പ്രവാചകാനുയായികളെയാണ് മുസ്‌ലിം സമുദായ ത്തിന് നഷ്ടമായത്. ബദ്‌റിലെ നേട്ടവും ഉഹ്ദിലെ നഷ്ടവും ഒരേപോലെത്തന്നെ ചരിത്രത്തിലെ പാഠങ്ങളാണെന്ന് ഉള്‍ക്കൊള്ളുകയും അവ പഠിക്കുവാന്‍ സന്നദ്ധമാവുകയും പ്രസ്തുത പാഠങ്ങളില്‍നിന്ന് മുസ്‌ലിം വ്യക്തിത്വത്തിന്റെയും ഉമ്മത്തി ന്റെയും ശാക്തീകരണം സാധിക്കുകയും ചെയ്യുമ്പോഴാണ് അല്ലാഹുവിന്റെ വിനീതരായ ദാസന്‍മാരായിത്തീരുവാനും വിജയങ്ങള്‍ ആവര്‍ത്തിക്കുവാനും നമുക്ക് കഴിയുക.

വിജയവും പരാജയവുമെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അവ രണ്ടും നല്‍കി അവന്‍ വിശ്വാസികളെ പരീക്ഷിക്കുമെന്നുമുള്ള താണ് ബദ്‌റും ഉഹ്ദും ഒരേപോലെ നല്‍കുന്ന പാഠങ്ങളിലൊന്ന്. ബദ്‌റും ഉഹ്ദും നടന്നത് സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലാണ്. പങ്കെടുത്തവര്‍ അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രമായവരെന്ന് അല്ലാഹുവിന്റെ അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തി യ സ്വഹാബിമാരാണ്. പക്ഷേ ഒന്നില്‍ വിജയമുണ്ടായി, മറ്റേതില്‍ പരാജയവും. ബദ്‌റിലെ വിജയവും ഉഹ്ദിലെ പരാജയവും അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുന്ന വിശ്വാസി പഠിക്കുന്ന വലിയൊരു പാഠം എത്ര ഉന്നതന്‍മാരും അല്ലാഹു ഇഷ്ടപ്പെടുന്ന വരുമാണെങ്കിലും വിജയത്തെപ്പോലെത്തന്നെ പരാജയവും ഉണ്ടാകാമെന്നതാണ്. ഇഹലോകത്തിലെ വിജയ-പരാജയങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച ചില നടപടിക്രമങ്ങളുണ്ട്. പ്രസ്തുത ക്രമങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രമാണ് ആര്‍ക്കാണെങ്കിലും അല്ലാഹു വിജയം നല്‍കുക. അവ പിന്തുടരാതിരുന്നാല്‍ അത് വിശ്വാസിയാണെങ്കിലും അല്ലെങ്കിലും അയാള്‍ക്ക് വിജയമുണ്ടാവുകയില്ല. യുദ്ധരംഗത്തു മാത്രമല്ല ജീവിതവിജയത്തിന്റെ സകലരംഗങ്ങളിലും നാം പഠിക്കേണ്ട അടിസ്ഥാനപരമായ പാഠമാണിത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കു കയും അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടുമാത്രം കച്ചവടത്തിലോ കൃഷിയിലോ ഉദ്യോഗത്തിലോ സംഘടനാരംഗത്തോ രാഷ്ട്രീയത്തിലോ ഒന്നും തന്നെയുള്ള വിജയമുണ്ടാവുകയില്ല. പ്രസ്തുത രംഗങ്ങളില്‍ വിജയിച്ച വ്യക്തിയാക ണമെങ്കില്‍ ആ രംഗത്തെ വിജയത്തിന് അല്ലാഹു നിശ്ചയിച്ച ക്രമം പിന്‍തുടരണം. അതു പിന്‍തുടര്‍ന്നശേഷം അല്ലാഹുവില്‍ ഭാരമേല്‍പിക്കുന്നവനാകണം വിശ്വാസി. അതിനാണ് തവക്കല്‍ എന്നുപറയുക. നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യേണ്ട ക്രമത്തില്‍ ചെയ്തുകഴിഞ്ഞശേഷം നമുക്ക് അറിയാന്‍ കഴിയാത്ത മാര്‍ഗങ്ങളിലുള്ള പ്രയാസങ്ങളില്‍ നിന്ന് രക്ഷിക്കുവാനും അങ്ങനെ നമ്മെ സഹായിക്കുവാനും വേണ്ടി അല്ലാഹുവിനെ ഏല്‍പിക്കലാണത്. ബദ്ര്‍ നടക്കുന്നതിനുമുമ്പ് തന്നെ അല്ലാഹു വിജയം വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരിശുദ്ധ ക്വുര്‍ആനും സ്വഹീഹായ ഹദീഥും വ്യക്തമാക്കുന്നുണ്ട്. അബൂ ജഹ്‌ലും ഉത്ബത്തുബ്‌നു റബീഅയുമ ടക്കമുള്ള പതിനാല് മക്കാമുശ്‌രിക്കുകളുടെ േപരുപറഞ്ഞ് അവര്‍ ഇവിടെയാണ് മരിച്ചുവീഴുകയെന്ന് വ്യത്യസ്ത സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രവാചകന്‍ (സ) ബദ്ര്‍ യോദ്ധാക്കളോട് പറഞ്ഞതായി സ്വഹീഹുമുസ്‌ലിമിലെ ഹദീഥിലുണ്ട്. വിജയം ഉറപ്പായ ബദ്‌റ് യുദ്ധത്തില്‍ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ച് ആലസ്യത്തോടെയിരിക്കുകയല്ല പ്രത്യുത യുദ്ധമുന്നണി ശരിപ്പെടുത്തുകയും മുന്നില്‍ തന്നെ നിന്ന് രണവീര്‍ പകരുകയുമാണ് പ്രവാചകന്‍ (സ) ചെയ്തത്. അല്ലാഹുവിനോട് കരഞ്ഞുപ്രാര്‍ത്ഥിച്ചതിനോടൊപ്പം തന്നെ യുദ്ധവിജയത്തിന് ചെയ്യേണ്ട കാര്യങ്ങളില്‍ അല്ലാഹു നിശ്ചയിച്ച ക്രമം പൂര്‍ണമായും പാലിക്കുന്ന പ്രവാചകനി(സ)ല്‍ നിന്ന് തവക്കലിന്റെ ജീവിക്കുന്ന മാതൃകകളുള്‍ക്കൊള്ളുവാന്‍ വിശ്വാസികള്‍ക്ക് കഴിയുമ്പോഴാണ്   ജാമിത വിജയത്തിന്റെ പടവുകള്‍ കയറുവാന്‍ അവര്‍ക്ക് കഴിയുക.

അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമുണ്ടെങ്കിലും ചെയ്യേണ്ടത് ചെയ്യേണ്ടതുപോലെ ചെയ്യാതിരുന്നാല്‍ പരാജയമാണുണ്ടാ വുകയെന്ന വലിയ പാഠമാണ് ഉഹ്ദ് വിശ്വാസിക്ക് നല്‍കുന്നത്. ബദ്‌റില്‍ പങ്കെടുത്ത ഒരുവിധം എല്ലാ പ്രമുഖരായ സ്വഹാബിമാരും ഉഹ്ദില്‍ പങ്കെടുത്തിട്ടുണ്ട്. സ്വര്‍ഗം സന്തോഷവാര്‍ത്തയായി അറിയിക്കപ്പെട്ട ഉഥ്മാനുബ്‌നുഅഫ്ഫാനിനെപ്പോലെ യുള്ള, ബദ്‌റില്‍ പങ്കെടുക്കാത്ത നിരവധി പ്രമുഖരായ സ്വഹാബിമാരും ഉഹ്ദില്‍ പ്രവാചകനോടൊപ്പം യുദ്ധമുഖത്തുണ്ടായിരുന്നു. ഉഹ്ദിലും ബദ്‌റിലേതുപോലെത്തന്നെ നേതൃത്വത്തിലുണ്ടായിരുന്നത് സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി (സ) തന്നെയായിരുന്നു. എന്നിട്ടും യുദ്ധം പരാജയപ്പെട്ടു; എഴുപത്തിയഞ്ചോളം പ്രവാചകാനുചരന്‍മാര്‍ രക്തസാക്ഷികളായി, പ്രവാചകന്റെ പല്ലുപൊട്ടി; ശരീരത്തില്‍നിന്ന് രക്തമൊലിച്ചു; വിശ്വാസികളില്‍ പലരും യുദ്ധരംഗത്തുനിന്ന് പിന്തിരിഞ്ഞോടി; അവിശ്വാസികള്‍ ഇസ്‌ലാമിനെയും പ്രവാചകനെയും (സ) പച്ഛിച്ചു സംസാരിക്കുന്ന സ്ഥിതിയുണ്ടായി. എന്തുകൊണ്ടെന്ന ചോദ്യത്തിന് മതപരമായ നിരവധി ഉത്തരങ്ങളുണ്ട്. നേതൃപാടവരംഗ ത്തുള്ളവര്‍ക്ക് ഉഹ്ദ് നല്‍കുന്ന പാഠം നേതൃത്വത്തെ അനുസരിക്കാതിരുന്നാല്‍ ഉണ്ടാകുന്ന നാശത്തെക്കുറിച്ച അറിവാണ്. യുദ്ധം, അത് എന്തുലക്ഷ്യത്തിനുവേണ്ടിയുള്ളതാണെങ്കിലും അതു വിജയിപ്പിക്കണമെങ്കില്‍ കൃത്യമായി അനുസരിക്കപ്പെടുന്ന ശക്തമായ നേതൃത്വമുണ്ടാ യിരിക്കണം. ബദ്‌റിലേതുപ്പോലെ ഉഹ്ദിലും പ്രവാചകന്റെ (സ) നേതൃത്വം ശക്തമായിരുന്നു. അദ്ദേഹവും അനുയായികളും പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെത്തന്നെയാണ് യുദ്ധഭൂമിയിലേക്ക് പ്രവേശിച്ചത്. ആസൂത്രണവും കൂടിയാലോച നയുമെല്ലാം കുറ്റമറ്റ രീതിയില്‍ തന്നെ നബി (സ) നടത്തിയിട്ടുണ്ട്. സുബൈറുബ്‌നുല്‍ അയ്യാമിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ പടയാളികളെയും മുന്‍ദിര്‍ബ്‌നു ഉമൈറിനെ പതാകവാഹകനാക്കിയും അബൂ മുദ്ദാതയെ മുന്‍നിര പോരാളിയാക്കിയും കൊണ്ടുള്ള പ്രവാചകന്റെ യുദ്ധസന്നാഹങ്ങള്‍ തികഞ്ഞ ആസൂത്രണത്തിന്റെ മകുടോദാഹരണമാണ്. അബ്ദുല്ലാഹിബ്‌നു ജുബൈറിന്റെ നേതൃത്വത്തിലുള്ള അമ്പത് അമ്പെയ്ത്തു വിദഗ്ധരെ തന്ത്രപ്രധാനമായ ചെറുകുന്നില്‍ പ്രവാചകന്‍ (സ) നിറുത്തിയത് പിന്നില്‍ നിന്നുള്ള ആക്രമണം തടയാനുള്ള തന്ത്രപ്രധാനമായ ആസൂത്രണമായിരുന്നു. അവരോടുള്ള പ്രവാചകന്റെ നിര്‍ദ്ദേശത്തില്‍- ‘നാം വിജയിക്കുകയും യുദ്ധമുതലുകള്‍ വാരിക്കൂട്ടുകയും ചെയ്യുന്നത് കണ്ടാലും നിങ്ങള്‍ എന്റെ നിര്‍ദ്ദേശം ലഭിക്കാതെ ഇവിടെനിന്ന് ഇളകരുത്; നാം പരാജയപ്പെടുകയും ഞങ്ങളുടെ ശിരസ്സുകള്‍ പക്ഷികള്‍ കൊത്തിപ്പെറുക്കുന്നത് നിങ്ങള്‍ കാണുകയും ചെയ്താലും നിങ്ങള്‍ ഇവിടെനിന്ന് പോകരുത്’- അതിവദഗ്ധനായ ആ സൈന്യനായകന്റെ ദീര്‍ഘവീക്ഷണമുള്ള ആസൂത്രണമുണ്ട്. പ്രസ്തുത ആസൂത്രണം തകര്‍ക്കുകയാണ് തങ്ങളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബിനു ജുബൈറിനെപ്പോലും അനുസരിക്കാതെ താഴേക്ക് ഇറങ്ങിവന്ന അമ്പെയ്ത്തുകാര്‍ ചെയ്തത്. യുദ്ധഭൂമിയില്‍ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് മക്കാമുശ്‌രിക്കുകള്‍ ഓടിപ്പോയത് കണ്ടപ്പോള്‍ പ്രവാചകനിര്‍ദ്ദേശ ത്തിലെ കാര്‍ക്കശ്യം അവര്‍ മറന്നുപോയി. എല്ലാവരും യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ പങ്കിട്ടെടുക്കുമ്പോള്‍ അവ തങ്ങള്‍ക്ക് ലഭിക്കില്ലല്ലോയെന്ന ഭൗതികചിന്ത അവരെ അടിമപ്പെടുത്തുകയും തങ്ങളുടെ നേതൃത്വത്തിന്റെ വിലക്ക് അവര്‍ അവഗണിക്കുകയും ചെയ്തു. അങ്ങനെ അവര്‍ താഴേക്ക് ഇറങ്ങിവന്ന് യുദ്ധാര്‍ജ്ജിത സ്വത്ത് സ്വരൂപിക്കുന്നതില്‍ വ്യാപൃതരായിരുന്നപ്പോഴാണ് മക്കാമുശ്‌രിക്കുകളുടെ സൈന്യം മിന്നലാക്രമണം നടത്തിയതും അതില്‍ മുസ്‌ലിം സൈന്യം ഛിന്നഭിന്നമായതും. ഭൗതികപ്രമത്തതയും  നേതൃത്വത്തെ അനുസരിക്കാതിരിക്കലും നാശത്തിലേക്ക് നയിക്കുമെന്ന വലിയ പാഠത്തോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ പൊരുള്‍ പൂര്‍ണമായും അനുയായികള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെങ്കിലും അത് അനുസരിക്കുകയാണ് അനുയായികര്‍മമെന്ന പാഠമാണത്. നബി നിര്‍ദ്ദേശമില്ലാതെ താഴെ എന്തുസംഭവിച്ചാലും നിങ്ങള്‍ അതില്‍ നിന്നിറങ്ങരുതെന്ന കല്‍പനയുടെ പൊരുള്‍ യുദ്ധത്തിലെ പ്രതിരോധത്തിനുവേണ്ടി മാത്രമായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ് പരാജയത്തിന് നിമിത്തമായതെന്നോര്‍ക്കുക. കൂട്ടായ്മയില്‍ നേതാവിനെ അനുസരിക്കേണ്ടത് എങ്ങനെയാണെന്നും അനുസരിക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന നാശമെന്തെന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ബദ്‌റും ഉഹ്ദുമൊന്നും വായിക്കേണ്ടതുപോലെ വായിക്കാതെ കേവലം വികാരപ്രകടനങ്ങള്‍ക്കുള്ള നിമിത്ത കഥനങ്ങളാക്കിത്തീര്‍ക്കുന്ന സാമുദായികാന്തരീക്ഷത്തിലേക്കാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഭീകരവാദത്തിന്റെ വിത്തിറക്കാന്‍ ശ്രമിക്കുന്നതെന്ന വസ്തുത മനസ്സിലാക്കി ആ രംഗത്ത് ബുദ്ധിപരമായ പ്രതിരോധം തീര്‍ക്കേണ്ട ബാധ്യത മുസ്‌ലിം ഉമ്മത്തിനുണ്ട്. മുസ്‌ലിമിന്റ വ്യക്തിത്വവും പ്രവര്‍ത്തനക്രമവും നിര്‍ണയിക്കുന്നതിലും അവനെയും സമൂഹത്തെയും ശാക്തീകരിക്കുന്നതിലും പ്രവാചകയുദ്ധങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ വളരെ വലുതാണ്. പ്രസ്തുത പാഠങ്ങള്‍ മനസ്സിലാക്കുകയും അവയ്ക്കനുസരിച്ച് ജീവിതത്തെ പരുവപ്പെടു ത്തുകയും ചെയ്യുമ്പോഴാണ് വിജയിച്ച വ്യക്തികളാകുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുക. ഇവിടെ വിജയിച്ചവരാണ് മരണാനന്തരവും വിജയിച്ചവരായി ത്തീരുകയെന്നതാണല്ലോ ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന പാഠം. അങ്ങനെ ആയിത്തീരുവാന്‍ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ. (ആമീന്‍)

print

No comments yet.

Leave a comment

Your email address will not be published.