ഫാഷിസവും ഇന്‍ഡ്യാ ചരിത്രവും

//ഫാഷിസവും ഇന്‍ഡ്യാ ചരിത്രവും
//ഫാഷിസവും ഇന്‍ഡ്യാ ചരിത്രവും
ചരിത്രം

ഫാഷിസവും ഇന്‍ഡ്യാ ചരിത്രവും

സവിശേഷമായ ഒരു ചരിത്ര ദുര്‍വ്യാഖ്യാനപദ്ധതിയെ ആശ്രയിച്ചുകൊണ്ടാണ് ഏത് ഫാഷിസവും സാംസ്‌കാരികമായി നിലനില്‍ക്കുക. രാഷ്ട്രീയാധികാരത്തിന്റെ മുന്നുപാധിയായ പൊതുബോധാധിനിവേശം ചരിത്രത്തെക്കുറിച്ചുള്ള ഷോവിനിസ്റ്റ് ധാരണകള്‍ ഉല്‍പാദിപ്പി ച്ചുകൊണ്ടാണ് സാധ്യമാവുക എന്ന് എല്ലാ ഉന്മാദ ദേശീയ തകള്‍ക്കുമറിയാം. ആര്യവംശീയതയുടെയും മുസ്‌ലിം വിരോധത്തിന്റെയും വെറുപ്പ് മണക്കുന്ന സൈദ്ധാന്തികാടിത്തറകളില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ഫാഷിസം മാത്രമല്ല, അതിന്റെ പൂര്‍വമാതൃകയായ ജര്‍മന്‍ നാസിസവും ചരിത്രത്തെ സംബന്ധിച്ച വലിയ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടു തന്നെയാണ് ആര്യമേധാ വിത്വവാദത്തെയും ജൂതവം ശഹത്യാ നിര്‍ദേശത്തെയും ‘ബുദ്ധിപര’മായി സ്ഥാപിച്ചെടുത്തത്. തീവ്രദേശീയതയുടെ പനി ബാധിച്ച് ജൂതന്‍മാരെ കൊന്നുതീര്‍ക്കാന്‍ കൈ തരിക്കുന്നവരായി രാജ്യത്തെ പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ഫാഷിസത്തിന്റെ സ്ഥിരവാഴ്ചക്ക് പരിസരമൊരുക്കാന്‍ അത്യാ വശ്യം എന്നറിയാ മായിരുന്ന ഹിറ്റ്‌ലര്‍, സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ചരിത്രവിവര ണത്തെ ‘ശരി’യാക്കുകയാണ് അതിന്റെ മാര്‍ഗമെ ന്നും മനസ്സിലാക്കിയിരുന്നു. 1933ല്‍ ഹിറ്റ്‌ല റുടെ അധികാരാരോഹണം നടന്നയുടനെ, നാസി യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ‘ജര്‍മന്‍ വിരുദ്ധമായ’ ആശയങ്ങളും അറിവുകളുമുള്ള പുസ്തകങ്ങ ളെല്ലാം തെരുവുകളില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തത്. വിദ്യാ ഭ്യാസ മന്ത്രിയായിരുന്ന ബെന്‍ഹാര്‍ഡ് റെസ്റ്റിന്റെ (Benhard Rest) നേതൃത്വത്തില്‍ നിലവിലു ള്ള പാഠപുസ്തകങ്ങളെല്ലാം നിരോധിക്കുകയും ‘ദേശീയതയുടെ താല്‍പര്യങ്ങള്‍’ നിറവേറ്റുംവിധം പുതിയവ തയ്യാറാക്കുകയും ചെയ്തു. ചരിത്ര പാഠപുസ്തക ങ്ങളായിരുന്നു സ്വാഭാവി കമായും ഏറ്റവും മൗലികമായ അഴിച്ചുപണികള്‍ക്ക് വിധേയമായത്. എന്നാല്‍ ശാസ്ത്രവും ഗണിതവുമെല്ലാം ഇതിന്റെ പ്രകമ്പ നങ്ങളനു ഭവിക്കുകയുണ്ടായി. ആര്യവംശീയ മേന്മയെ ‘ശാസ്ത്രീയമായി’ സ്ഥാപിക്കുന്ന വംശസിദ്ധാന്തങ്ങള്‍ ജീവശാസ്ത്രത്തിന്റെ മുഖ്യപ്രമേയ ങ്ങളിലൊന്നായി. ഗണിത ത്തിലാകട്ടെ, മൊത്തം ജര്‍മന്‍ ജനസംഖ്യയും ജര്‍മനിയിലെ ജൂതന്‍മാരുടെ എണ്ണവും നല്‍കിയശേഷം ‘വിദേശിക ളുടെ’ ശതമാനം കïെത്താനാവശ്യപ്പെടുന്നത് പോ ലുള്ള ചോദ്യങ്ങള്‍ വഴി ജൂതന്‍മാര്‍ ജര്‍മന്‍ പൗരന്‍മാരല്ലെന്ന പാഠം കുഞ്ഞുമനസ്സുകളി ലേക്ക് വിനിമയം ചെയ്യപ്പെട്ടു. ഹിറ്റ്‌ലറുടെ അധികാരകാലത്ത് ബെര്‍ലിനി ലെ അമേരിക്കന്‍ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്നു ഗ്രീഗര്‍ സീമര്‍ (Greger Ziemer) പില്‍ക്കാലത്ത് എഴുതിയ Education for Death എന്ന പുസ്തകം ഫാഷിസ്റ്റ് ജര്‍മനിയിലെ കരിക്കുലം രിഷ്‌കരണത്തിന്റെ ഭീകരമായ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്.

ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വം, ആര്‍.എസ്.എസ് എന്ന അതിന്റെ കേഡര്‍ സംഘടനാരൂപത്തെ ബ്രിട്ടീഷ് ഇന്‍ ഡ്യയുടെ അവസാന പതിറ്റാണ്ടുകളില്‍ വളര്‍ത്തിയെടുത്തത് ഹിറ്റ്‌ലറിന്റെയും സംഘത്തിന്റെയും വിധ്വംസക നടപടികളെ ആവേശപൂര്‍ വം പിന്തുടര്‍ന്നുകൊണ്ടാണെന്ന് അറിവുള്ളവര്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന, കേന്ദ്ര അധികാരാരോഹണങ്ങള്‍ ഇന്‍ഡ്യന്‍ പാഠപുസ്തകങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക്, മുകളില്‍ വിശദീകരിച്ച ജര്‍മന്‍ പരിശ്രമങ്ങളുമായുള്ള കിറുകൃത്യമായ അനുരൂപക ത്വം ഒട്ടും അത്ഭുതകരമായി അനുഭവപ്പെടില്ല. മുസ്‌ലിം വംശീയ ഉന്മൂലനം വഴി ‘ശുദ്ധവും ശക്തവു’മായിത്തീരുന്ന ഇന്‍ഡ്യയില്‍ സവര്‍ണ ഹിന്ദുക്കള്‍ ദലിതുകളെ അടക്കി ഭരിക്കുമ്പോഴുണ്ടാകുന്ന ‘ആര്‍ഷഭാരത’ പുനഃസൃഷ്ടി സ്വപ്‌നം കാണുന്ന ഹിന്ദുത്വത്തിന്റെ ആധുനിക രാ ഷ്ട്രീയ പാഠപുസ്തകമായിരുന്നുവല്ലോ ജര്‍മന്‍ നാസിസം. ഹിന്ദു ഷോവിനിസത്തിന്റെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ കേവലം ട്രോളുകള്‍ ക്ക് വിഷയമാകേണ്ട തമാശകളല്ല, പ്രത്യുത വിദ്യാര്‍ത്ഥികളെ മുസ്‌ലിം ചോരക്കുവേണ്ടി ദാഹിക്കുന്നവരാക്കിത്തീര്‍ക്കാനുള്ള വംശ ഹത്യാ പദ്ധതിയാണെന്ന കാര്യം നമുക്ക് മറക്കാതിരിക്കുക. ഇസ്‌ലാമോഫോബിയയുടെ ആന്ധ്യം ‘പൊതു’ബോധത്തെ ആപാദചൂഢം ചൂഴ്ന്നു നില്‍ ക്കുന്ന പുതിയ ആഗോള സ്ഥലകാലത്തില്‍ വിഷം വമിക്കുന്ന ഈ പാഠപുസ്തകങ്ങള്‍ക്ക് ‘ദൗത്യ’നിര്‍വഹണം തീര്‍ത്തും എളുപ്പമാണെ ന്നതാ ണ് വസ്തുത. കാരണം, അവയിലുള്ള ഇസ്‌ലാം വിദ്വേഷം ഒട്ടും കടുപ്പം കുറയാതെ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വേറെ വാക്കുകളി ല്‍ വിതരണം ചെയ്യുന്നതിന്റെ ആശയസ്വാധീനവുമായാണ് കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ എത്തുന്നതുതന്നെ.

ഫാഷിസത്തെ രാഷ്ട്രീയമായി ചെറുക്കുന്നതുപോലെത്തന്നെ പ്രധാനമാണ് സാമ്രാജ്യത്വവും ഫാഷിസവും തോളില്‍ കയ്യിട്ടുനടത്തുന്ന പൊതു ബോധ രൂപീകരണത്തെ സാംസ്‌കാരികമായി ചെറുക്കാനുള്ള ശ്രമങ്ങളുമെന്ന് തിരിച്ചറിയാതെ സംഘ്പരിവാറിനെതിരായ പോരാട്ടം ഇനി ഒരടിപോലും മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയില്ല. ആസ്ഥാന ഉപദേശകരെ അക്കാദമിക കൗണ്‍സിലുകളില്‍ കുടിയിരുത്തി സാക്ഷാല്‍ ക്കരിക്കുന്ന ചരിത്രപാഠപുസ്തകങ്ങളുടെ വര്‍ഗീയവല്‍ക്കരണമെന്ന കുത്സിത ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഹിന്ദുത്വം ആരംഭിച്ചത് ദേശീ യ പ്രസ്ഥാനത്തിന്റെ തന്നെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു. മാക്‌സ് മുള്ളര്‍ മുതല്‍ ജെയിംസ് മില്‍ വരെയുള്ളവരുടെ ചരിത്ര സങ്കല്‍പനങ്ങളില്‍ നിന്ന് മുറിച്ചെടുത്ത ഭാഗങ്ങള്‍ വിവിധ അനുപാതങ്ങളിലരച്ചുചേര്‍ത്ത് നടത്തിയ ഇന്‍ഡ്യയുടെ യഥാര്‍ത്ഥ അവകാശി കള്‍ ഹിന്ദുക്കളാണെന്നും അവരുടെ നിയന്ത്രണത്തില്‍ പ്രാചീന ഇന്‍ഡ്യ നാഗരികതയുടെ ഉത്തുംഗതയിലായിരുന്നുവെന്നും ഇന്‍ഡ്യയെ നശിപ്പിച്ചത് മധ്യകാല മുസ്‌ലിം പടയോട്ടങ്ങളാണെന്നും ബ്രിട്ടീഷ് ഭരണമികവിനെ ചെറുക്കാന്‍ പ്രാചീന ഹിന്ദു ആശയങ്ങളെ ജ്വലിപ്പിച്ച് ദേശാഭിമാനമുണര്‍ത്തുകയാണ് വേണ്ടതെന്നുമെല്ലാം സമര്‍ത്ഥിക്കുവാനുദ്ദേശിച്ചുള്ള വികല ഇന്‍ഡ്യാചരിത്രാഖ്യാനങ്ങള്‍ വഴി ‘സ്വാതന്ത്ര്യ സമര’ത്തിന് ആവേശം പകരാന്‍ ശ്രമിച്ചവരില്‍ നിന്നാരംഭിക്കുന്നുണ്ട് അതിന്റെ വംശാവലി. ‘ഇന്‍ഡ്യാ ചരിത്ര’ത്തെക്കുറിച്ചുള്ള ആ ദര്‍ശന മായിരുന്നു ഷോവിനിസ്റ്റ് പടപ്പുറപ്പാടിന്റെ വിത്തും വേരും. യഥാര്‍ത്ഥത്തില്‍, കുരിശുയുദ്ധ കാലത്തിന്റെ ബാധയില്‍ നിന്നൊരിക്കലും പുറത്തുകടക്കാന്‍ കഴിയാതിരുന്ന സാമ്രാജ്യത്വം ഇസ്‌ലാമിനോടുള്ള അതിന്റെ കുടിപ്പക ഇന്‍ഡ്യയിലെ ഹിന്ദു ബുദ്ധിജീവികള്‍ക്ക് പകു ത്തുനല്‍കാനുദ്ദേശിച്ച് നിര്‍മിച്ച ഡിസ്‌കോഴ്‌സുകളില്‍ നിന്നാണ് ഈ ചരിത്രവ്യാഖ്യാനം ‘ദേശീയത’യുടെ അനുഗ്രഹാശിസ്സുകളോടെ ഇവിടെ രൂപം കൊണ്ടതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കാനാകും. രണ്ടു നൂറ്റാïോളം പഴക്കമുള്ള നമ്മുടെ ചരിത്രരചനാശാസ്ത്ര ത്തിന്റെ വര്‍ഗീയത നുരയുന്ന ഉള്ളുകള്ളികളെ നിശിതമായ സാംസ്‌കാരിക വിചാരണക്കു വിധേയമാക്കാതെ പാഠപുസ്തകങ്ങളെക്കുറി ച്ചുമാത്രം സംസാരിച്ചവസാനിപ്പിക്കേണ്ട ഒന്നല്ല നാം ചര്‍ച്ച ചെയ്യുന്ന വിഷയം.

ഇന്‍ഡ്യയിലെ മുസ്‌ലിം ഭരണത്തെ തകര്‍ത്തുകൊണ്ടാണ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ആധിപത്യമുറപ്പിക്കുന്നത്. ബംഗാളിനുശേഷം ഡല്‍ഹി പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള കമ്പനി ആസൂത്രണങ്ങളെ ചെറുക്കാന്‍ ബഹദൂര്‍ശാ സഫറിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ്‌ലിം കളുമായ നാട്ടുരാജാക്കന്‍മാരും പൗരപ്രമാണികളും മതപണ്ഡിതന്‍മാരും മുന്നില്‍നിന്നുനയിച്ച 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്നറിയ പ്പെട്ട സായുധ വിപ്ലവത്തെ അതിഭീകരമായി അടിച്ചമര്‍ത്തിയ കമ്പനിപ്പട്ടാളം മുഗളഭരണത്തിന് ചരമക്കുറിപ്പെഴുതുകയും ചെങ്കോട്ടയില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഡല്‍ഹി ഭരിക്കുവാനുള്ള വഴിയൊരുക്കുകയും ചെയ്തു. 1857ലെ സമരത്തിനുശേഷം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഇന്‍ഡ്യാഭരണമേറ്റെടുത്തതോടെത്തന്നെ മുന്‍ഖണ്ഡികയില്‍ സൂചിപ്പിച്ച ചരിത്രവ്യാഖ്യാനത്തെ ഇന്‍ഡ്യയില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും സാമ്രാജ്യത്വ ബുദ്ധിജീവികള്‍ ആരംഭിച്ചിരുന്നു. മുഗളമുസ്‌ലിംകളില്‍ നിന്ന് ഇംഗ്ലീഷ് ക്രി സ്ത്യാനികളിലേക്കുള്ള ഡല്‍ഹിയുടെ സംക്രമണം നൂറ്റാണ്ടുകളായി മരവിച്ചുകിടന്ന ‘യഥാര്‍ത്ഥ ഇന്‍ഡ്യ’യുടെ പുനരുജ്ജീവനവും അതു കൊണ്ടുതന്നെ ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം സന്തോഷകരവുമാണെന്ന് വരുത്തിത്തീര്‍ത്ത് മുസ്‌ലിം വിരുദ്ധ ഹിന്ദു-ബ്രിട്ടീഷ് ഐക്യ മുന്നണിയുണ്ടാക്കാനുള്ള കുടിലതന്ത്രത്തിന് തലവെച്ചുകൊടുത്തവരാണ് മുസ്‌ലിം ഭരണകാലത്തെ തമോമയമായ ഒരു ഹിന്ദുവിരുദ്ധ യുഗമായി അവതരിപ്പിക്കുന്ന ഏര്‍പ്പാടിന് ഉപഭൂഖണ്ഡത്തില്‍ പ്രചാരം നല്‍കിയത്. വിക്‌ടോറിയ രാജ്ഞിയെ ‘കൈസര്‍-എ-ഹിന്ദ്’ (ഇന്‍ഡ്യ യുടെ ചക്രവര്‍ത്തിനി) ആയി വിളംബരം ചെയ്യാന്‍ കോടികള്‍ ചെലവിട്ട് 1877 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് സംഘടിപ്പിച്ച ഡല്‍ ഹി ദര്‍ബാറിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടാണ് J. Talboys Wheeler തയ്യാറാക്കിയ The history of the imperial assemblage at Delhi. ഇന്‍ഡ്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ മഹാക്ഷാമം (The great famine) അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നിന്ന സമയത്ത് അത്യാഢംബരപൂര്‍ വം സംഘടിപ്പിക്കപ്പെട്ട ദര്‍ബാറിനെ ‘മുസ്‌ലിം ദുര്‍ഭരണ’ത്തില്‍ നിന്ന് ഇന്‍ഡ്യയെ ഇംഗ്ലീഷ് പ്രബുദ്ധതയുടെ വക്താക്കള്‍ വിമോചിപ്പിച്ചെടു ത്ത’തിന്റെ ന്യായമായ ആഘോഷമായാണ് വീലറുടെ എഴുത്ത് ചിത്രീകരിക്കുന്നത്. സംഘ്പരിവാറിനാവശ്യമുള്ള ചരിത്രപരികല്‍പന വന്ന വഴിയും പശ്ചാത്തലവും ഓര്‍മയുള്ളവര്‍ക്ക് ഇപ്പോള്‍ സാമ്രാജ്യത്വ ഇസ്‌ലാമോഫോബിയയുടെ ഇന്‍ഡ്യന്‍ പ്രായോജകരായി ആര്‍.എസ്.എസുകാര്‍ മാറുന്നത് കഥയുടെ തുടര്‍ച്ച മാത്രമാണെന്ന് മനസ്സിലാക്കാനുമാകുമെന്നു സാരം. ഒരുകാലത്ത് തിലകന്‍ മുതല്‍ ഗോള്‍ വാള്‍ക്കര്‍ വരെയുള്ളവരെ ബൗദ്ധികമായി രൂപപ്പെടുത്തിയവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് സാമുവല്‍ ഹണ്ടിംഗ്ടണും ബെര്‍ണാഡ് ലൂയിസുമെല്ലാമായി അക്കാദമിക കോസ്മറ്റിക്‌സിനുള്ളില്‍ ദ്രംഷ്ടകളൊളിപ്പിക്കാന്‍ ശ്രമിച്ച് നമ്മുടെ കാലത്ത് ഇംഗ്ലീഷ് ചിരി തുടര്‍ന്നതെന്ന് ഇനിയും നമുക്ക് തിരിച്ചറിയാറായിട്ടില്ലേ?

ഇന്‍ഡ്യയില്‍ ഹിന്ദു വര്‍ഗീയതയുടെ യുഗശില്‍പികള്‍ തന്നെ ആരംഭിച്ചതാണ് വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിച്ച് വിദ്യാര്‍ത്ഥി മനസ്സുക ളെ നേടിയെടുക്കാനുള്ള ശ്രമം. ആര്യസമാജം സ്ഥാപകനായ ദയാനന്ദ സരസ്വതിയുടെ ഇവ്വിഷയകമായ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് അവി ഭക്ത പഞ്ചാബില്‍ ലാലാ ഹാന്‍സ് രാജിന്റെ ദയാനന്ദ ആംഗ്ലോ വേദിക് കോളജ് പ്രസ്ഥാനവും ലാലാ മുന്‍ഷിറാമിന്റെ (സ്വാമി ശ്രദ്ധാനന്ദ) ഗുരുകുല പ്രസ്ഥാനവും വളര്‍ന്നുവന്നത്. ഇന്‍ഡ്യാ ചരിത്രത്തിന്റെ ഹിന്ദുത്വ വ്യാഖ്യാനം പുതുതലമുറയുടെ സിരകളില്‍ കയറ്റാനുള്ള ഹിന്ദു ദേശീയ-വര്‍ഗീയ-പുനരുത്ഥാനവാദികളുടെ അഭിലാഷങ്ങള്‍ക്ക് ശക്തമായ സാക്ഷാത്കാരം നല്‍കാന്‍ ആര്‍.എസ്.എസ് അതിന്റെ പ്രാരംഭദശകങ്ങള്‍ തൊട്ടുതന്നെ ശ്രദ്ധിച്ചിരുന്നു. ആര്‍.എസ്.എസ് സമിതികള്‍ തയ്യാറാക്കിയ കരിക്കുലം പിന്തുടരുന്ന എത്രയെത്ര ശിശുമന്ദി റുകളും വിദ്യാഭാരതികളുമാണ് സ്വതന്ത്ര ഇന്‍ഡ്യയില്‍ ബി.ജെ.പി സര്‍ക്കാരുകളൊന്നും ഇല്ലാതിരുന്ന കാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ചു വന്നത്! 1952ല്‍ ഗൊരഖ്പൂരില്‍ രാജ്യത്തെ ആദ്യത്തെ സരസ്വതി ശിശുമന്ദിര്‍ ആരംഭിക്കുന്ന ചടങ്ങില്‍ സാക്ഷാല്‍ ഗോള്‍വാള്‍ക്കര്‍ തന്നെ സന്നിഹിതനായിരുന്നു. പിഞ്ചു നിഷ്‌കളങ്കതയെ കടുത്ത വര്‍ഗീയ വിഷപ്പുക കൊണ്ട് ശ്വാസം മുട്ടിച്ച് പതിറ്റാണ്ടുകളായി രാജ്യത്ത് ‘നിയമാ നുസൃതം’ നിലനില്‍ക്കുന്ന ഇത്തരം സ്വകാര്യ ശൃംഖലകളുടെ വര്‍ഗീയവല്‍ക്കരണ പദ്ധതികള്‍ക്ക് ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളു പയോഗിച്ചുകൂടി തുടര്‍ച്ചകളുണ്ടാകുന്നുവെന്നതാണ് ഫാഷിസത്തിന്റെ അധികാരകാലങ്ങളില്‍ സംഭവിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ പദ്ധതികള്‍ അപ്പാടെ മുസ്‌ലിം വിരുദ്ധത ഛര്‍ദിക്കുന്ന ഒരു രാജ്യത്ത് ഗുജറാത്ത് മോഡല്‍ വംശഹത്യകള്‍ ആവര്‍ത്തിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടാകില്ല; വംശഹത്യകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ ചോരപുരണ്ട കൈകള്‍ പ്രധാനമന്ത്രിക്കസേരയിലിരുന്ന് ഇന്‍ഡ്യ യുടെ ഭരണചക്രം തിരിക്കുന്നത് ‘ജനാധിപത്യപരമായി’ തുടരാനും പിന്നെ വളരെയെളുപ്പമായിരിക്കും.

ഫാഷിസത്തിന്റെ ചരിത്ര ദുര്‍വ്യാഖ്യാന പദ്ധതിക്ക് വന്‍തോതില്‍ ഇരയായ പ്രദേശമാണ് നമ്മുടെ മലബാര്‍. നിസ്സഹകരണ ഖിലാഫത്ത് സമരങ്ങളിലൂടെയാണ് മലബാറില്‍ കോണ്‍ഗ്രസ് ഒരു ജനകീയ പ്രസ്ഥാനമായി മാറിയത്. മലബാറിലെ മാപ്പിളമാര്‍ ഇന്‍ഡ്യയില്‍ ദേശീയ പ്രസ്ഥാനമുണ്ടാകുന്നതിനുമുമ്പുതന്നെ നൂറ്റാണ്ടുകളുടെ കൊളോണിയല്‍വിരുദ്ധ സമരത്തിന്റെ പാരമ്പര്യമുണ്ടായിരുന്നവരാണ്. ഇന്‍ഡ്യ യിലെത്തിയ ആദ്യത്തെ പാശ്ചാത്യ അധിനിവേശ ശക്തിയായിരുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ ഒരു നൂറ്റാണ്ടുകാലം അറബിക്കടലില്‍ പോരാടിയവരാണവര്‍. സാമ്രാജ്യത്വ വിരുദ്ധതയോടൊപ്പം മതാന്തര സമുദായമൈത്രിയും മാപ്പിള മാരുടെ മുഖമുദ്രയായിരുന്നു. മാലിക് ഇബ്‌നു ദീനാറിന്റെ കാലം മുതല്‍ മലബാറിലെ വിവിധ ജാതിസമൂഹങ്ങളുമായി അഗാധമായ സ്‌നേ ഹബന്ധത്തില്‍ ജീവിച്ചുപോന്ന ഉജ്ജ്വലമായ പൈതൃകമാണ് മാപ്പിളമാരുടേത്. സാമൂതിരി രാജാവിന്റെ നാവികപ്പടയെന്ന നിലയിലാ ണ് മരക്കാര്‍ സൈന്യം പറങ്കികളോട് ഏറ്റുമുട്ടിയത് എന്ന കാര്യം ഇവിടെ സ്മരിക്കാവുന്നതാണ്. ഇതോടൊപ്പം ചേര്‍ത്തു പറയേണ്ടതാണ്, പോര്‍ച്ചുഗീസ് അധിനിവേശാനന്തരം മാപ്പിള സാമൂഹികാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍. കച്ചവടക്കാരും നാവികരുമായിരുന്ന മാപ്പിളമാര്‍ തീരദേശങ്ങള്‍ വിട്ട് ഉള്‍നാടുകളിലേക്ക് കുടിയേറാനും ഹിന്ദു ജന്മിമാര്‍ക്കു കീഴില്‍ കുടിയാന്‍മാരായി പണിയെടുക്കാനും നിര്‍ബന്ധിക്കപ്പെ ടുന്ന സാഹചര്യമുണ്ടായി. അവര്‍ണരോ മാപ്പിളമാരോ ആയിരുന്ന കുടിയാന്‍മാരെ ജന്മിമാര്‍ അതിക്രൂരമായി പീഡിപ്പിക്കുകയും ചൂഷ ണം ചെയ്യുകയും ചെയ്തിരുന്ന മലബാര്‍ കാര്‍ഷിക വ്യവസ്ഥയിലാണ് ബ്രിട്ടീഷ് ഭരണം മൂര്‍ത്തമായിത്തീര്‍ന്നത്. ബ്രിട്ടീഷുകാര്‍ ജന്മിധാര്‍ഷ്ട്യ ങ്ങളെ ഘടനാപരമായി സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്തു.

ജന്മി-ബ്രിട്ടീഷ് മര്‍ദക അച്ചുതണ്ടിനെതിരെ സായുധമായ ചെറുത്തുനില്‍പുകള്‍ ഒറ്റയും തെറ്റയുമായി മാപ്പിളമാര്‍ പ്രസിദ്ധമായ 1921ലെ സമരത്തിനുമുമ്പ് തന്നെ നടത്തുന്നുണ്ട്. ഏതാനും ഹിന്ദു ജന്മിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഒട്ടനേകം മാപ്പിളമാരും ഈ സംഘര്‍ഷങ്ങളില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയവാദത്തിന്റെ രൂപകങ്ങളുപയോഗിച്ചോ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളുടെ പ്രചോദനത്തിലോ അല്ല ഈ സമരങ്ങളൊന്നും നടന്നിട്ടുള്ളത്. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില സ്വൂഫീ വിശ്വാസങ്ങള്‍ ഇത്തരം ചെറുത്തുനില്‍പുകള്‍ അതിക്രമികളായ കാഫിറുകള്‍ക്കെതിരിലുള്ള ജിഹാദാണെന്ന ധാരണ പകര്‍ന്നിരുന്നുവെന്നാണ് മനസ്സിലാകുന്നത്. തങ്ങള്‍ക്കുചുറ്റുമുള്ള അമുസ്‌ലിംകളെയെല്ലാവരെയുമല്ല, മറിച്ച് തങ്ങളോട് അതിക്രമം കാണിക്കുന്ന ജന്മിമാരെയും ബ്രിട്ടീഷ് ക്രിസ്ത്യന്‍ ഉദ്യോഗസ്ഥരെയും മാത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സായുധ സമരങ്ങള്‍ക്കു മുതിര്‍ന്ന ചെറുമാപ്പിള സംഘങ്ങള്‍ പോരാടേണ്ട കാഫിറുകളായി മനസ്സിലാക്കിയിരുന്നത്. ജിഹാദിന് മാപ്പിള പോരാളി സംഘങ്ങള്‍ നല്‍കിയ വ്യാഖ്യാനം ഇസ്‌ലാമിക വീക്ഷണത്തില്‍ സാധൂകരണമില്ലാത്തതാണെന്ന് ക്വുര്‍ആനും നബിചര്യയും പരിശോധിച്ചാല്‍ മനസ്സിലാകും. സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങളെപ്പോലുള്ള മാപ്പിള പണ്ഡിതന്‍മാരും പരിഷ്‌കര്‍ത്താക്കളും ഇക്കാര്യം അന്നുതന്നെ ചൂണ്ടിക്കാണിക്കുകയും സായുധ ജന്മി-ബ്രിട്ടീഷ് വിരുദ്ധ പോരാട്ട ങ്ങളില്‍ നിന്ന് പിന്‍മാറാനും അതില്‍ തല്‍പരരായിരുന്ന മാപ്പിള യുവാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നതാണ്. അത്തരം സമര ങ്ങള്‍ ആത്യന്തികമായി മാപ്പിളമാര്‍ക്കുതന്നെ കഷ്ടനഷ്ടങ്ങളുണ്ടാക്കുന്ന രാഷ്ട്രീയ ആത്മഹത്യയാണെന്ന് മക്തി തങ്ങള്‍ കരുതിയിരുന്നു.

ആയുധത്തിന്റെ വഴിക്കുപകരം ആധുനികമായ ജനാധിപത്യസംഘാടനങ്ങളുടെ മാര്‍ഗത്തിലേക്ക് മാപ്പിള പ്രതിരോധ ഊര്‍ജ്ജത്തെ മാറ്റി പ്പിടിക്കാനാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ കട്ടിലശ്ശേരി മുഹമ്മദ് മൗലവി സജീവമായി പരിശ്രമിച്ചത്. ഹോംറൂള്‍ പ്ര സ്ഥാനവുമായി കണ്ണിചേര്‍ന്ന് കുടിയാന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ബഹുജന പ്രക്ഷോ ഭപരിപാടികള്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെയും എം.പി നാരായണമേനോന്റെയും അധ്വാനങ്ങള്‍ വഴിയാണ് മലബാര്‍ കുടിയാന്‍ സംഘം (Malabar Tenancy Association) എന്ന പ്രസ്ഥാനം വളര്‍ന്നുവന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ പരിസരമുപയോഗിച്ച് കട്ടിലശ്ശേ രി സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധങ്ങള്‍ക്കുമുമ്പ് മാപ്പിളമാര്‍ ഒറ്റയും തെറ്റയുമായി നടത്തിയിരുന്ന, കലാപങ്ങള്‍ എന്നോ, ലഹളകള്‍ എന്നോ, പൊട്ടിത്തെറികള്‍ എന്നോ വിളിക്കപ്പെട്ട ഹിംസാത്മക പ്രതിരോധങ്ങള്‍ അമുസ്‌ലിം വിദ്വേഷത്തില്‍ നിന്നുണ്ടായതായി രുന്നില്ലെന്ന കാര്യം ഇവിടെ പ്രത്യേകം പറയേണ്ടതുണ്ട്. തികച്ചും പ്രാദേശികമായ ചില സ്വൂഫീ മതധാരണകളില്‍ നിന്നും സമുദായബോധ ത്തില്‍ നിന്നും വളര്‍ന്നുവന്ന, വളരെ വ്യത്യസ്തമായ ഭാഷയും രൂപങ്ങളുമുപയോഗിച്ച് മുന്നേറിയ ഒരു ചൂഷക-മര്‍ദകവിരുദ്ധ രാഷ്ട്രീയമായി രുന്നു അത്. അത്തരം പോരാട്ടങ്ങളെ ജ്വലിപ്പിച്ചുനിര്‍ത്തിയ മാപ്പിളപടപ്പാട്ടുകളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാനാകും. ജാര്‍ഖ ണ്ഡിലെയും ബിഹാറിലെയും ബംഗാളിലെയും ആദിവാസി മേഖലകളിലേക്കുള്ള ബ്രിട്ടീഷ് അധിനിവേശത്തിനെതിരില്‍ 1850കളിലു ണ്ടായ സാന്താള്‍ പോരാട്ടവും ഇതേപോലെ തനത് മത-സമുദായ സങ്കല്‍പങ്ങളില്‍ നിന്ന് സാധ്യമായതായിരുന്നു. അക്കാലഘട്ടത്തിലെ ഹിംസാത്മക മാപ്പിള രാഷ്ട്രീയം ഇസ്‌ലാമികമായി സാധൂകരണമുള്ളതാണോ അല്ലേ എന്ന കാര്യത്തിലും അവ ഗുണപ്രദമായിരുന്നോ അല്ലേ എന്ന കാര്യ ത്തിലും മതപണ്ഡിതന്‍മാരും സമുദായനേതാക്കളും ആയവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ അവ കൊളോണി യല്‍-ആര്‍.എസ്.എസ്-‘ദേശീയ’-മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍മാര്‍ വ്യത്യസ്ത അളവുകളില്‍ പ്രചരിപ്പിക്കുന്നതുപോലെ അന്ധമായ അപരവി ദ്വേഷത്തിന്റെയോ രക്തദാഹത്തിന്റെയോ പ്രകടനമായിരുന്നില്ലെന്ന കാര്യം സുതരാം വ്യക്തമാണ്. സായുധ മാപ്പിള ചെറുത്തു നില്‍പുക ള്‍ക്ക് മതപരമായ പ്രത്യയശാസ്ത്രം നല്‍കുന്നതില്‍ പങ്കുവഹിച്ച മമ്പുറം സയ്യിദ് അലവി തങ്ങളെപ്പോലുള്ള പണ്ഡിതന്‍മാര്‍ ആഴമുള്ള അമുസ്‌ലിം സൗഹൃദങ്ങളുള്ളവരായിരുന്നുവെന്ന കാര്യം സ്മരണീയമാണ്.

കൊളോണിയല്‍/ജന്മിവിരുദ്ധ സമരങ്ങളുടെ നൂറ്റാണ്ടുകള്‍ നീണ്ട ഇഴകള്‍ ഇങ്ങനെ പലവിധേന കെട്ടുപിണഞ്ഞുകിടന്നിരുന്ന ഒരു സാമൂഹ്യ പരിസരത്തിലേക്കാണ് കട്ടിലശ്ശേരി കെട്ടിപ്പടുത്ത ജനകീയ പിന്തുണയെ മൂലധനമാക്കി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മലബാറില്‍ കാലൂ ന്നിയത്. ഖിലാഫത്ത് വിഷയവും കുടിയാന്‍ പ്രശ്‌നങ്ങളും മുഖ്യപ്രമേയമായതുകൊണ്ടും ആലി മുസ്‌ല്യാര്‍, കെ.എം മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ വന്നതുകൊണ്ടും മാപ്പിളമാരെ വന്‍തോതില്‍ ആകര്‍ഷിക്കുവാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞു. രാഷ്ട്രീയം ഒരു ഒഴിവുവേളാ ആര്‍ഭാടം മാത്രമായിരുന്ന മലബാറിലെ ചില സവര്‍ണ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് വ്യത്യസ്തമായി അപാരമായ പ്രതിബദ്ധതയും അത്മാര്‍പ്പണസന്നദ്ധതയും സത്യസന്ധതയും ഉണ്ടായിരുന്നതിനാല്‍ മാപ്പിളമാരുടെ മുന്‍കയ്യില്‍ ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ മലബാറിലുടനീളം സജീവമായി. ഇതിനെ അടിച്ചമര്‍ത്തുവാന്‍ ബ്രിട്ടീഷ് പട്ടാളം അഴിച്ചുവിട്ട അതിക്രമങ്ങള്‍ മാപ്പിള സായുധപാരമ്പര്യത്തിന് പുതുജീവന്‍ നല്‍കിയപ്പോഴാണ്1921ലെ സംഭവവികാസങ്ങളുണ്ടാകുന്നത്. ആലിമുസ്‌ല്യാരെപ്പോലുള്ള വര്‍ അറസ്റ്റിലായപ്പോള്‍ ചിതറിപ്പോയ മാപ്പിളമാരെ സംഘടിപ്പിച്ച് വളരെ വ്യവസ്ഥാപിതമായി മാസങ്ങളോളം സായുധ പ്രതിരോധത്തി ലൂടെ മലബാറിലെ പല പ്രദേശങ്ങളില്‍നിന്നും ബ്രിട്ടീഷ് ഭരണവും ജന്മി താണ്ഡവവും ഇല്ലാതാക്കാന്‍ കഴിഞ്ഞ വാരിയന്‍കുന്നത്ത് കുഞ്ഞഹ മ്മദ് ഹാജിയായിരുന്നു അതിന്റെ നട്ടെല്ല്. വിവേചനരഹിതമായ ആക്രമണങ്ങള്‍ ചൂഷകജന്മിമാര്‍ക്കും ബ്രിട്ടീഷ് അധികാരികള്‍ക്കുമെ തിരില്‍പോലും നടക്കുന്നില്ലെന്നുറപ്പുവരുത്തുകയും അമുസ്‌ലിം കുടിയാന്‍മാരെ സമരത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുകയും നിയന്ത്രണത്തി ല്‍ വന്ന പ്രദേശങ്ങളില്‍ സര്‍വര്‍ക്കും ജാതിമതഭേദമന്യേ നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് വാരിയന്‍കുന്നത്തിന്റെ പോരാട്ടം മുന്നോട്ടുപോയത്. ഇന്‍ഡ്യാചരിത്രത്തിലെ തന്നെ ഏറ്റവും നിറമുള്ള കൊളോണിയല്‍ വിരുദ്ധ സമര നേട്ടങ്ങളാണ് വാരിയന്‍കുന്നത്തും സംഘവും മലബാറിലുണ്ടാക്കിയത്. അഹിംസയുടെ പരമവിശുദ്ധിയില്‍ വിശ്വസിക്കാത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രതിയോഗികള്‍ ബലപ്രയോഗങ്ങള്‍ക്കിരയാവുക സ്വാഭാവികം മാത്രമാണ്. ജന്മികള്‍ക്കുണ്ടായ അത്തരം അനുഭവങ്ങ ളെയും വിശാലമായ ഒരു ഭൂപ്രദേശത്ത് നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ലാതെ അങ്ങിങ്ങായി നടന്നിരിക്കാവുന്ന അത്യപൂര്‍വം അതിക്രമങ്ങളെയും പശ്ചാത്തലത്തില്‍ നിന്നടര്‍ത്തി ഉദ്ധരിച്ചുകൊണ്ടാണ് മലബാര്‍ സമരത്തെ സംബന്ധിച്ച കുപ്രചരണങ്ങള്‍ നടന്നത്.

തീവ്രഹിന്ദു വലതുപക്ഷത്തിന്റെ ഈ ദൃശപരിശ്രമത്തെ ഓര്‍ക്കുമ്പോള്‍ തന്നെ സമരം അടിച്ചമര്‍ത്താന്‍ സാമ്രാജ്യത്വം നടത്തിയ അതിഭീക രമായ സൈനികകടന്നുകയറ്റത്തില്‍ സന്തോഷിക്കുകയും മാപ്പിളമാര്‍ക്കുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലും നടത്താന്‍ വിസ മ്മതിക്കുകയും മലബാറിലെ രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ച മുസ്‌ലിം വിരുദ്ധ ഹിന്ദു വര്‍ഗീയതയുടെ ഉദ്ദീപനം ലക്ഷ്യം വെച്ചുണ്ടായ കൊളോണിയല്‍, സവര്‍ണ, ഷോവിനിസ്റ്റ് വ്യാജപ്രചരണങ്ങളെ പരോക്ഷമായി പിന്തുണക്കുകയും ചെയ്തുകൊണ്ടുള്ള ദേശീയ പ്രസ്ഥാന മുഖ്യധാരയുടെ സാംസ്‌കാരിക ഇടപാടുകളെ സമഗ്രമായ കുറ്റവിചാരണക്കുവിധേയമാക്കുവാന്‍കൂടി 1921നെ സംബന്ധിച്ച വിശകലന സന്ദര്‍ഭങ്ങള്‍ ഉപകരിക്കേണ്ടതുണ്ട്. ഫാഷിസത്തെ ഒരു സംഘടനക്കുപകരം ഒരു ബോധമായി കാണാനും അതിന്റെ പലയിടങ്ങളിലായുള്ള പ്രത്യക്ഷങ്ങളെ ഗൗരവത്തിലെടുക്കുവാനുമുള്ള രാഷ്ട്രീയ ജാഗ്രതയുള്ളവര്‍ക്ക് അങ്ങനെ ചെയ്യാതിരിക്കാനാവില്ല. ദേശീയതയുടെ മലബാര്‍ നിലപാടിനെ ഉള്ളില്‍നിന്ന് പ്രശ്‌നവല്‍ക്കരിക്കുവാനും കോണ്‍ഗ്രസിനെ കൂടുതല്‍ ജനാധിപത്യപരവും മുസ്‌ലിം അനുകൂലവുമായ ഒരു ഇടമാക്കി മാറ്റുവാനും അതിന്റെ സവര്‍ണ അകത്തോട് കൊമ്പുകോര്‍ക്കുവാനുമാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് നിസ്തുലമായ ആര്‍ജവത്തോടെ ശ്രമിച്ചത്. സീതി സാഹിബും കെ.എം മൗലവിയുമാകട്ടെ, പതുക്കെ കോണ്‍ഗ്രസില്‍നിന്ന് പിന്‍വാങ്ങി സാമുദായിക പ്രവര്‍ ത്തനങ്ങളില്‍ വ്യാപൃതരായി.

ഇന്‍ഡ്യയില്‍ ആര്‍.എസ്.എസിന് ജന്മം നല്‍കുന്നതിന് ആമുഖമായി ഹിന്ദുത്വ ഫാഷിസ്റ്റ് ബുദ്ധിജീവികള്‍ ചെയ്തത് 1921ലെ മലബാറിനെ സംബന്ധിച്ച നുണകള്‍ ആസൂത്രിതവും അതിശക്തവുമായി ഉപഭൂഖണ്ഡത്തിലുടനീളം പ്രചരിപ്പിക്കുകയാണ്. സമരം അടിച്ചമര്‍ത്ത പ്പെട്ടയു ടനെ മലബാറിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ ‘ശുദ്ധി’ പ്രസ്ഥാനത്തിന്റെ വര്‍ഗീയ പതാകയുമായി വന്ന പഞ്ചാബില്‍ നിന്നുള്ള ആര്യസമാജനേ താക്കളും 1922ല്‍ മലബാറിലെ ഹിന്ദു അനുഭവങ്ങളെക്കുറിച്ച് ‘റിപ്പോര്‍ട്ട്’ ചെയ്യാന്‍ ഹിന്ദുമാഹസഭയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്ടെ ത്തിയ ബി.എസ് മൂഞ്ചെയും ഈ നുണകളെ നിര്‍മിക്കുന്നതിലും ഉത്തരേന്ത്യയിലെ ഹിന്ദുത്വ പ്രചാരകര്‍ക്ക് കൈമാറുന്നതിലും വലിയ പങ്കാ ണ് വഹിച്ചത്. സമരത്തെ ഉപജീവിച്ചുള്ള നൂറുകണക്കിന് ഹിന്ദു ലഘുലേഖകളാണ് ഉത്തരേന്ത്യയില്‍ വിതരണം ചെയ്യപ്പെട്ടത്. ഗോറി യും ഗസ്‌നിയും ബാബറും ഔറംഗസീബും നടത്തിയ ആക്രമണങ്ങള്‍ മധ്യകാല പഴങ്കഥകളല്ലെന്നും അവ എപ്പോഴും ആവര്‍ത്തിക്കപ്പെടാ മെന്ന സന്ദേശമാണ് മലബാര്‍ നല്‍കുന്നതെന്നും അവ ഹിന്ദുക്കളെ ‘ഉദ്‌ബോധിപ്പിച്ചു’. ഇന്‍ഡ്യയെ ഹിന്ദുക്കളുടെ രാജ്യമായും ഇന്‍ഡ്യന്‍ മുസ്‌ലിം കളെ വിദേശ ആക്രമണകാരിയായ ബാബറിന്റെ പിന്‍മുറക്കാരായും ധ്വനിപ്പിച്ച് തീവ്രവര്‍ഗീയതയുടെ ഫണം വിടര്‍ത്തിനിന്ന വിഷാക്ഷര ങ്ങളെ ദേശസ്‌നേഹത്തിന്റെ മുഖാവരണമണിയിക്കാനും ലഘുലേഖാകാരന്‍മാര്‍ക്ക് കഴിഞ്ഞു.

ഉപരിസൂചിത കലാപലഘുലേഖകള്‍ ഉത്തരേന്ത്യയിലെ ഹിന്ദുപൊതുസമൂഹത്തെ വര്‍ഗീയവല്‍കരിച്ചതെങ്ങനെയെല്ലാമാണെന്ന് പ്രമുഖ ചരിത്രപണ്ഡിതനായ ചാരു ഗുപ്ത രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതെത്ത ഭാരതീയരുടെ അമ്മയായി പരിചയപ്പെടുത്തുകയും (മാതൃഭൂമി) ഭാരതമാകുന്ന അമ്മയുടെ (സ്ത്രീയുടെ) പ്രതാപം നഷ്ടപ്പെട്ടത്/മാനം കവര്‍ന്നെടുക്കപ്പെട്ടത് വിദേശ മുസ്‌ലിംകളുടെ കടന്നാക്രമണം വഴിയാ ണെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു വെറുപ്പിന്റെ തത്ത്വശാസ്ത്രം ആരംഭിച്ചത്. ദേശത്തെ മാനഭംഗപ്പെടുത്തിയ മുസ്‌ ലിംപുരുഷന്‍ മലബാറില്‍ ദേശത്തിന്റെ പുത്രിമാരെ(ഹിന്ദുസ്ത്രീകളെ)യാണ് മാനഭംഗപ്പെടുത്തിയത് എന്നായിരുന്നു ഭാഷ്യം. തുടര്‍ന്ന്, ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ത്വര മുസ്‌ലിംപുരുഷനുണ്ടാകുന്നത് അവന്റെ അനന്യസാധാരണമായ കാമാസക്തിയില്‍ നിന്നാ ണ് എന്നും, വൃത്തികെട്ട ഈ കാമാസക്തി അവന് പകര്‍ന്നുകിട്ടിയത് പ്രവാചകന്‍ മുഹമ്മദില്‍ നിന്നാണ് എന്നും ‘സമര്‍ഥിക്കുന്ന തോടെ’ ലഘുലേഖകളുടെ പ്രാഥമിക ദൗത്യം അവസാനിക്കുന്നു. പിന്നെ അവശേഷിക്കുന്നത് പരിഹാരനിര്‍ദേശമാണ് – മുസ്‌ലിംപുരുഷെ ന്റ കാമ ഭ്രാന്തില്‍ നിന്ന് ഹിന്ദുസ്ത്രീയെയും മാതൃഭൂമിയെയും സംരക്ഷിക്കാന്‍ ഹിന്ദുപുരുഷന്‍മാര്‍ സായുധമായി സംഘടിക്കുക! അങ്ങനെ സംഘ ടിച്ചേടങ്ങളിലെല്ലാം മുസ്‌ലിം ‘അഴിഞ്ഞാട്ടത്തിന്’ അറുതിവന്നിട്ടുïെന്ന് മിക്കവാറുമെല്ലാ ലഘുലേഖകളും ‘കണക്കുകളും’ ഉദാഹരണ ങ്ങളും സഹിതം വിശദീകരിച്ചു. മലബാര്‍ ഔര്‍ ആര്യസമാജ്, മലബാര്‍ കാ ദൃശ്യ്, ബോലെ സ്വാമി കാ ദുഷ്ട് നൗകാര്‍, ഹമാരെ ബിച്ചുരെ ഭായ്, സംഘാതന്‍ കാ ബിഗല്‍, ചാന്ദ് മുസല്‍മാനോന്‍ കീ ഹര്‍കതേന്‍, യവനോന്‍കാ ഘോര്‍ അത്യാചാര്‍, ബിജിത്ര ജീവ്, ഇസ്‌ലാം കാ ബന്ധ് ഫട് ഗയാ, താരാനായ് ശുദ്ധി തുടങ്ങിയ ലഘുലേഖകളെല്ലാം ഇത്തരമൊരു പ്രത്യയശാസ്ത്ര നിര്‍മിതിക്കുവേണ്ടിയാണ് ബോധപൂര്‍വം യത്‌നിച്ചത്. ദൗര്‍ഭാഗ്യകരമായ വസ്തുത, കുടിലമായ ലക്ഷ്യങ്ങളോടുകൂടി നിര്‍വഹിക്കപ്പെട്ട ഈ നുണപ്രസരണത്തിന് ഹിന്ദി ബെല്‍റ്റിലെ ഹിന്ദുപൊതുസമൂഹത്തെ ഒരു പരിധിവരെയെങ്കിലും വര്‍ഗീയവല്‍കരിക്കുവാന്‍ കഴിഞ്ഞുവെന്നതാണ്. നബിവിദ്വേഷത്തിന്റെയും മുസ്‌ലിംവിരോധത്തിന്റെയും കാളകൂടവുമായി കാവിക്കൂടാരങ്ങളില്‍ രാപാര്‍ക്കാന്‍ ഒട്ടനവധി ഹിന്ദുക്കളെ മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമെല്ലാമായി സമ്പാദിക്കാന്‍ സംഘികളുടെ മലബാറെഴുത്തുകള്‍ക്ക് കഴിഞ്ഞു.

മുസ്‌ലിം ഭരണകാലഘട്ടത്തോടുള്ള വെറുപ്പാണ് ഫാഷിസം എപ്പോഴും ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്ക് ‘തിന്നാന്‍’ കൊടുക്കുന്നത്. മധ്യകാലഘട്ട ത്തില്‍ സുല്‍ത്വാന്‍മാരും മുഗളരും പണികഴിപ്പിച്ച ശ്രദ്ധേയമായ കെട്ടിടങ്ങളുടെ തലയെടുപ്പുള്ള ശേഷിപ്പുകള്‍ ആധുനിക ഇന്‍ഡ്യയുടെ അഭിമാനമുദ്രകളായി പരിലസിക്കുന്നത് ഉപഭൂഖണ്ഡത്തിന്റെ ചരിത്രവും സംസ്‌കാരവും നിര്‍മിക്കുന്നതില്‍ അനിഷേധ്യമായ പങ്കാണ് ഉത്തരേന്ത്യയിലെ മുസ്‌ലിം സംസ്‌കൃതിക്കുണ്ടായിരുന്നത് എന്ന വസ്തുതക്ക് ശബ്ദം നല്‍കുന്നത് സംഘ് സൈദ്ധാന്തികരെ അസ്വസ്ഥരാക്കു ന്നു. ചരിത്രത്തിന്റെ വലിയ അടയാളങ്ങളെ എളുപ്പത്തില്‍ നിഷ്‌കാസനം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് പൊതുബോധത്തില്‍ അവയ്ക്കു ള്ള സ്ഥാനം വ്യത്യാസപ്പെടുത്താനാണ് ഷോവിനിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഒന്നുകില്‍ പി.എന്‍ ഓക്കിനെപ്പോലെയുള്ള, ഇന്‍ഡ്യാചരിത്രമെന്ന പേരില്‍ പരിഹാസ്യമായ പെരുംനുണകള്‍ സമാഹരിച്ചിട്ടുള്ള ഗീബല്‍സുമാരെ ഉദ്ധരിച്ചും പിന്തുടര്‍ന്നും സുല്‍ത്വാന്‍-മുഗള സ്മാരകങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് പില്‍ക്കാലത്ത് ‘തട്ടിയെടുക്കപ്പെട്ട’ പ്രാചീന ഭാരതീയ നിര്‍മിതികളാണെന്ന് വാദിക്കുകയോ അല്ലെങ്കില്‍ ‘വിദേശ’ മുസ്‌ ലിം എടുപ്പുകളായതിനാല്‍ അവ ഇന്‍ഡ്യയില്‍നിന്ന് നീക്കം ചെയ്യപ്പെടേണ്ടതാണെന്ന് ആക്രോശിക്കുകയോ ചെയ്തുകൊണ്ടുള്ള സംഘ് പ്രചരണയുദ്ധം കേവലം ക്വുത്വ്ബ് മിനാരത്തിന്റെ ഉയരത്തെയോ താജ് മഹലിന്റെ സൗന്ദര്യത്തെയോ അല്ല ഉന്നംവെക്കുന്നത്, പ്രത്യുത മുസ്‌ലിം അപരവല്‍ക്കരണത്തിന്റെ പൂര്‍ണ സാക്ഷാത്കാരത്തിനുള്ള ‘ചരിത്രപരമായ തടസ്സങ്ങള്‍’ നീങ്ങിക്കിട്ടലും ഹിന്ദുക്കളുടെ വര്‍ഗീയ ഏകോപനവുമാണ്. ഇപ്പോള്‍ കേവലം തമാശകളായി തോന്നിയേക്കാവുന്ന മുസ്‌ലിം ഭരണത്തിന്റെ നാഗരിക അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട സംഘ് അവകാശവാദങ്ങള്‍ക്ക് ചോരപ്പുഴകളൊഴുക്കാനും മുകളില്‍ സൂചിപ്പിച്ച കുത്സിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള കെല്‍പ്കൈവരാന്‍ സമയം മാത്രമാണ് ആവശ്യമുള്ളതെന്ന് ബാബ്‌രി മസ്ജിദ് ദുരന്തത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ വ്യക്തമാകും. നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള, ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കാര്‍ക്കും വസ്തുനിഷ്ഠബന്ധങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ ജനതയെ ധ്രുവീകരിക്കാനും അതിലൊരു വിഭാഗത്തെ പ്രതിപ്പട്ടമണിയിച്ച് കല്ലെറിഞ്ഞു കൊല്ലാനും തലച്ചോറിനെ ‘പ്രാപ്തമാ ക്കുന്ന’ ഭ്രാന്തിന്റെ പേരാണ് ഹിന്ദു ദേശീയത; അത് വിജയിക്കുന്ന സാംസ്‌കാരികസ്ഥായിയുടെ പേരാണ് ഭാരതം!

ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പടയോട്ടങ്ങള്‍ നയിച്ച, ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഗസ്‌നി ഭരിച്ചിരുന്ന മുഇസ്സുദീന്‍ മുഹമ്മദ് ഗൂറി 1192ല്‍ പ്രഥ്വിരാജ് ചൗഹാനെ താനേശ്വറിനടുത്തുള്ള തറായിനില്‍വെച്ച് തോല്‍പിച്ചതോടെയാണ് വടക്കേ ഇന്‍ഡ്യയില്‍ സുല്‍ത്വാന്‍ ഭരണം ആരംഭിക്കുന്നത്. യുദ്ധാനന്തരം ഗസ്‌നിയിലേക്ക് മടങ്ങിയ മുഹമ്മദിന്റെ പ്രതിനിധിയായി ‘ഇന്‍ഡ്യന്‍ പ്രവിശ്യ’ ഭരിച്ചത് ക്വു ത്വ്ബുദ്ദീന്‍ ഐബക് എന്ന പേരില്‍ വിശ്രുതനായിത്തീര്‍ന്ന, തറായിന്‍ യുദ്ധത്തില്‍ ഗസ്‌നി സൈന്യത്തിന്റെ തലപ്പത്തുണ്ടായിരുന്ന പ്രഗല്‍ഭ നായ അടിമവംശ പടയാളിയായിരുന്നു. മുഹമ്മദിന്റെ മരണത്തോടെ ക്വുത്വ്ബുദ്ദീന്റെ സാരഥ്യത്തില്‍ ഡല്‍ഹിയില്‍ സുല്‍ത്വാന്‍ കാലഘ ട്ടത്തിന് സ്വതന്ത്രമായ അസ്തിവാരമായി. മധ്യകാല മുസ്‌ലിം രാജ്യനൈതികതയുടെ ഭാഷയും രൂപകങ്ങളുമാണ് സാമ്രാജ്യത്വ വികസന ത്തിന് മുഹമ്മദ് ഗൂറിയും ക്വുത്വ്ബുദ്ദീന്‍ ഐബക്കുമെല്ലാം ഉപയോഗിക്കുക എന്ന കാര്യം അവരുടെ സ്ഥലകാലത്തില്‍ നിന്നുത ന്നെ വ്യക്തമാണ്. അതിനെ നമ്മളിന്നുള്ള ലോകക്രമത്തിന്റെ യുക്തികളുപയോഗിച്ച് വിശകലനം ചെയ്യുന്നത് തികച്ചും അര്‍ത്ഥശൂന്യമായ ഏര്‍പ്പാടായിരിക്കും. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍, റഷ്യ, തുര്‍ക്കി, ഇറാന്‍, ഇറാക്വ് സിറിയ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളുടെയെല്ലാം സാംസ്‌കാരികവും ദാര്‍ശനികവും വംശീയവുമായ ഘടകങ്ങള്‍ ഇടകലര്‍ന്നുനിന്ന സമൃദ്ധമായ നാഗരിക വൈവിധ്യമാണ് ക്വുത്വ്ബു ദ്ദീനും സംഘവും വഴി ഇന്‍ഡ്യയിലെത്തിയത്. അബ്ബാസി ഖിലാഫത്ത് താര്‍താരികളുടെ കടന്നാക്രമണത്തില്‍ പതറിക്കൊണ്ടിരുന്ന മയമായ തിനാല്‍ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഖിലാഫത്തിനു കീഴിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളില്‍നിന്ന് പ്രഖ്യാതരായ പല മുസ്‌ലിം ബു ദ്ധിജീവികളും താരതമ്യേന സുരക്ഷിതവും ഭദ്രവുമായ ഇസ്‌ലാമികരാജ്യമെന്ന നിലയില്‍ ക്വുത്വ്ബുദ്ദീന്റെയും ഇര്‍തുമിഷിന്റെയും ഇന്‍ഡ്യയിലെത്തിയതും ഇന്‍ഡ്യന്‍ ബഹുസ്വരതയെ സമ്പന്നമാക്കി. മുഇനുദ്ദീന്‍ ചിശ്തിയെപ്പോലുള്ളവര്‍ ഉപഭൂഖണ്ഡത്തിലെത്തിയ രാഷ്ട്രീയ സാഹചര്യം ഇതാണെന്നാണ് മനസ്സിലാകുന്നത്.

ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്രത്തെയും രാജ്യനയങ്ങളെ സാധൂകരിക്കുവാന്‍ വേണ്ടി അടിമവംശ സ്ഥാപകര്‍ വ്യാഖ്യാനിച്ചിരുന്നു വെന്ന് ക്വുത്വ്ബുദ്ദീന്‍ (മതത്തിന്റെ അച്ചുതണ്ട് എന്നര്‍ത്ഥം; ചില രേഖകളില്‍ ക്വുത്വ്ബുദ്ദൗലതി വദ്ദീന്‍ -രാഷ്ട്രത്തിന്റെയും മതത്തിന്റെ യും അച്ചുതണ്ട്) എന്ന അപരാഭിധാനം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡ്യയിലെ അന്നത്തെ ഹിന്ദു സാംസ്‌കാരികാധിപത്യത്തെ ഇളക്കി ഇസ്‌ലാമിക ചിഹ്നങ്ങള്‍ ധാരളമുള്ള ഒരന്തരീക്ഷം സൃഷ്ടിക്കാനും അവര്‍ സ്വാഭാവികമായും ശ്രമിച്ചിരുന്നിരിക്കണം. ചരിത്രത്തില്‍ രാജ വംശങ്ങളെല്ലാം തങ്ങള്‍ പിന്തുടര്‍ന്നിരുന്ന മതങ്ങളുടെ ഭൗതിക സാക്ഷാത്കാരത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്ത ഒരു കാലത്തെ ക്കുറിച്ചാണല്ലോ നാം ചര്‍ച്ച ചെയ്യുന്നത്. തെക്കന്‍ ഡല്‍ഹിയിലെ മെഹറോളിയില്‍ പ്രതാപമുള്ള ഒരു ഇസ്‌ലാമിക ആരാധനാ സമുച്ചയം ക്വുത്വ്ബുദ്ദീന്‍ പണികഴിപ്പിച്ചു തുടങ്ങിയത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണ്. പുതിയൊരു പ്രദേശത്തെത്തിയ മുസ്‌ലിം സാമൂഹികതക്ക് സ്വാഭാവികമായും ആദ്യമാവശ്യം വിപുലമായ പള്ളിയും അനുബന്ധ സൗകര്യങ്ങളുമാണല്ലോ. നമസ്‌കാരത്തിനും മതപഠനത്തിനും സൗക ര്യങ്ങളുള്ള സമുച്ചയത്തിന്റെ അടയാളമെന്ന നിലയില്‍ ക്വുത്വ്ബുദ്ദീന്‍ പണി കഴിപ്പിച്ച മിനാരത്തെയാണ് നാമിന്ന് ക്വുത്വ്ബ് മിനാര്‍ എന്നു വിളിക്കുന്നത്. അതിന്റെ ആദ്യനില മാത്രമാണ് അദ്ദേഹം ഉണ്ടാക്കിയത്. ബാക്കിയുള്ളവ ഇല്‍തുമിഷും തുടര്‍ഭരണാധികാ രികളും നിര്‍മിച്ചവയാണ്. ക്വുത്വ്ബ് മിനാറിനെ പ്രാചീന ഹിന്ദു ആകാശ നിരീക്ഷണ ഗോപുരമായി സമര്‍ത്ഥിച്ച് ക്വുത്വ്ബുദ്ദീനെ ഇന്‍ഡ്യാ ചരിത്രത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ വെബ്‌സൈറ്റുകള്‍, അസന്നിഗ്ധമായ ചരിത്ര വസ്തുതകളെ ആള്‍ക്കൂട്ട ത്തിന്റെ ആരവബലം മാത്രമുപയോഗിച്ച് മണ്ണിട്ടുമൂടാനാണ് ശ്രമിക്കുന്നത്. ഹിന്ദു ഭരണാധികാരികള്‍ പടുകൂറ്റന്‍ ക്ഷേത്രങ്ങളു ണ്ടാക്കാന്‍ ഉത്സാഹിച്ചതുപോലെ മുസ്‌ലിം ഭരണാധികാരികള്‍ മനോഹരമായ മിനാരഗോപുരങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക സ്വാഭാവികമാ ണെന്നും ചരിത്രത്തെ ചരിത്രമായി മനസ്സിലാക്കുന്നതിനുപകരം നമ്മുടെ ഇഷ്ടങ്ങളിലേക്ക് അതിനെ ഒടിക്കാനും നിവര്‍ത്താനും ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും മനസ്സിലാക്കാനുള്ള ബൗദ്ധികനിലവാരം വരെ ‘ദേശീയത’യുടെ വിഭ്രാന്തി പലര്‍ക്കും ഇല്ലാതാക്കുകയാണ്.

ക്വുത്വ്ബുദ്ദീന്‍ പണികഴിപ്പിച്ച മിനാരത്തില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ള ക്വുര്‍ആന്‍ വാക്യങ്ങളിലൊന്ന് ‘മതത്തിന്റെ കാര്യത്തില്‍ ബലാല്‍ ക്കാരമില്ല’ എന്ന അര്‍ത്ഥത്തിലുള്ള ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ (2:256) ആണെന്ന കാര്യം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. ഇസ്‌ലാ മിക പാരമ്പര്യത്തില്‍ അഭിമാനിക്കുകയും അതിനെ തങ്ങള്‍ ശരിയെന്നു മനസ്സിലാക്കിയ രീതിയില്‍ ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇന്‍ഡ്യയിലെ മുസ്‌ലിം ഭരണാധികാരികള്‍, അമുസ്‌ലിംകളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കരുതെന്ന ക്വുര്‍ആനികതത്ത്വം ഉയര്‍ത്തി പ്പിടിച്ചവരുമായിരുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം ഭരണം സ്ഥാപിക്കപ്പെട്ടപ്പോള്‍ ഉണ്ടാക്കിയ പടുകൂറ്റന്‍ മിനാരത്തില്‍ നിര്‍ബന്ധ മതപരിവര്‍ ത്തനത്തില്‍ നിന്ന് വിലക്കുന്ന ക്വുര്‍ആന്‍ വചനം പ്രാധാന്യപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ടുവെന്ന വസ്തുത, മധ്യകാല ഇന്‍ഡ്യയെ ക്കുറിച്ചു ള്ള വര്‍ഗീയ വ്യവഹാരങ്ങളെയെല്ലാം പൊളിക്കാന്‍ ശേഷിയുള്ളതാണ്.

സുല്‍ത്വാന്‍മാരുടെയും ബാബര്‍, ഹൂമയൂണ്‍ എന്നീ മുഗള്‍ രാജാക്കന്‍മാരുടെയും കാലത്ത് ‘ഡല്‍ഹി’ പ്രധാനമായും മെഹ്‌റോളി-തുഗ്ലക്കാ ബാദ്-നിസാമുദ്ദീന്‍ ഭാഗങ്ങളുള്‍ക്കൊള്ളുന്ന ഇന്നത്തെ മഹാനഗരത്തിന്റെ തെക്കന്‍ പരിഛേദമായിരുന്നു. ചെങ്കോട്ടയും ജുമാമസ്ജിദും നിര്‍മിക്കുകയും അവയെ കേന്ദ്രമാക്കി ഷാജഹാനാബാദ് എന്ന, ഇന്ന് നാം പഴയ ഡല്‍ഹി എന്നുവിളിക്കുന്ന നഗരസ്ഥലി പടുത്തുയര്‍ത്തുക യും ചെയ്തത് ഷാജഹാനാണ്. മുഗള ആഗമനത്തിനുമുമ്പുതന്നെ ആഗ്രയിലുണ്ടായിരുന്ന പഴയ കോട്ട ഡല്‍ഹിയിലേതുപോലെത്തന്നെയുള്ള മനോഹരമായൊരു ചെങ്കോട്ടയാക്കി വിപുലീകരിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്ത ഷാജഹാന്‍ ആഗ്രയിലെ മുഗള ആവാസവ്യ വസ്ഥയുടെ സിരാകേന്ദ്രം അക്ബറിന്റെ സിക്കന്ദ്രയില്‍നിന്ന് ആഗ്രാ ചെങ്കോട്ടയിലേക്ക് ലബ്ധപ്രതിഷ്ഠമാക്കുന്നതിലും വിജയിച്ചു. ഡല്‍ഹി ക്കും ആഗ്രക്കും പുറമെ ലാഹോറിലും ഷാജഹാന്‍ മനോഹരമായ ഒരു ചെങ്കോട്ട നിര്‍മിച്ചു.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തപ്പെടുന്നതുവരെ മുഗളകൊട്ടാരമായി തലയുയര്‍ത്തി നിന്ന ഡല്‍ഹിയിലെ ചെങ്കോട്ടയുടെ ഇന്‍ഡ്യയുടെ അധികാരകേന്ദ്രമെന്ന നിലയിലുള്ള ഭൂമിശാസ്ത്രപരവും ശില്‍പകലാപരവും വൈകാരികവും രാഷ്ട്രീയവുമായ പ്രസക്തി യും പ്രാധാന്യവും പ്രഭാവവും അതിനുശേഷം വിവിധ കാലങ്ങളില്‍ രാജ്യത്തെ നയിച്ചവര്‍ക്കെല്ലാം സുവ്യക്തമായിരുന്നു. ബ്രിട്ടീഷ് പിന്മാ റ്റം വഴി സാധ്യമായ ആധുനിക ജനാധിപത്യ മതനിരപേക്ഷ സ്വതന്ത്ര ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എല്ലാ വര്‍ഷവും ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തേണ്ട വേദിയായി ചെങ്കോട്ട നിശ്ചയിക്കപ്പെട്ടത് യാദൃഛികമല്ല. ഇന്‍ഡ്യാരാജ്യത്തി ന്റെ ചരിത്രവും അഖണ്ഡതയും പ്രൗഢിയും ലോകത്തിനുമുന്നില്‍ വിളംബരം ചെയ്യുന്ന പകരം വെക്കാനില്ലാത്ത ദേശീയ ചിഹ്നമായി മുഗള മുസ്‌ലിം സാമ്രാജ്യത്തിന്റെ കൊട്ടാരം നിലനില്‍ക്കുന്നത് സംഘ് ബുദ്ധിജീവികളുടെ സാംസ്‌കാരിക ഉപജാപങ്ങള്‍ക്ക് ദഹനക്കേടുണ്ടാക്കു ന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇന്‍ഡ്യയുടെ തലസ്ഥാനനഗരിയും അതിനെ അദ്വിതീയമാക്കുന്ന എടുപ്പുകളും ഷാജഹാന്‍ എന്നൊരു മുസ്‌ലിം പേരുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്നതിന്റെ പ്രയാസം മറികടക്കാന്‍ ഷാജഹാനാബാദിന്റെ ചെറുതും വലുതുമായ എല്ലാ സ്മൃതിമുദ്രകള്‍ക്കുമെതിരില്‍ പരിവാരത്തിന്റെ ‘തീസിസും’ കര്‍സേവയും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മുഗള കൊട്ടാരവും സാമ്രാജ്യ വും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ എക്കാലത്തെയും വലിയ പറുദീസകളിലൊന്നായിരുന്നുവെന്ന വസ്തുതയെ പാടുപെട്ട് മറച്ചുവെച്ചാണ് ചെങ്കോട്ടയുടെ ശില്‍പികള്‍ക്കെതിരിലുള്ള വിദ്വേഷത്തിന്റെ ചരടില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ പരിവാരം ധൃഷ്ടമാക്കുന്നത്. ജഹാം ഗീറിനും ഷാജഹാനുമെല്ലാം കീഴില്‍ ഹിന്ദുജീവിതം എത്ര സ്വസ്ഥമായിരുന്നുവെന്നറിയാന്‍ അവരുടെ കാലത്ത് കൊട്ടാരത്തിലെ ഉന്നതോ ദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ബ്രാഹ്മണന്‍ ചന്ദര്‍ബന്റെ പ്രശസ്ത രചനകളായ താരീഖ്-എ-രാജായി ദില്ലിയും ചഹാര്‍ ചമനും വായിച്ചുനോക്കിയാല്‍ മതിയാകും. ഹിന്ദു ഇന്‍ഡ്യക്കേറ്റ മരണപ്രഹരമായി മുസ്‌ലിം ഭരണാധികാരികളുടെ രംഗപ്രവേശനത്തെ വിഭാ വനം ചെയ്യുന്ന ഹിന്ദു ദേശീയതയുടെ ചരിത്രവിരുദ്ധതയെ മുഗള ഭരണകാലത്തെ ഈ ഹിന്ദു അനുഭവ രേഖകള്‍ ആഴത്തില്‍ പൊള്ളിക്കുമെ ന്ന കാര്യമുറപ്പാണ്.

മുംതാസിനെ അടക്കാന്‍ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഷാജഹാന്‍ ആഗ്രയില്‍ പണികഴിപ്പിച്ച താജ് മഹലിനെ തേജോ മഹാലയ ശിവക്ഷേത്രമാക്കാന്‍ ‘ധൈര്യം’ കാണിക്കുന്നവരോട് ചരിത്രരചനാശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് സംവാദത്തിനു പോകുന്ന തൊക്കെ ശുദ്ധ ബോറാണ്. എന്നാല്‍ ആ ‘ധൈര്യം’, മുസ്‌ലിമിനെ പച്ചക്കു കൊന്നുതിന്നാനുള്ള കൂടുതല്‍ ഭീകരമായ ‘ധൈര്യ’ത്തിന്റെ നിസ്സാ രമായ മഞ്ഞുമലാഗ്രം മാത്രമാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. യു.പിയുടെ അധികാരത്തിലിരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ശ്രദ്ധാകേ ന്ദ്രം ലോകത്തുടനീളം ഒരു മുസ്‌ലിം നിര്‍മിതിയാണെന്നു വരുന്നത് ദേശീയതയെ നേര്‍പിക്കുമെന്ന് യോഗി ആദിത്യനാഥ പ്രഭൃതികള്‍ക്ക് തോ ന്നുന്നതില്‍ അപ്രതീക്ഷിതമായി യാതൊന്നുമില്ല. അതിനെ പൈതൃകപട്ടികകളില്‍ നിന്നുമാത്രമല്ല, മണ്ണില്‍നിന്നുതന്നെ വെട്ടിമാറ്റിയാലേ അവ ര്‍ക്ക് ഉറക്കം സുഖമാകാന്‍ സാധ്യതയുള്ളൂ. കാരണം അത്ര മാരകമായ വിഷം ഉള്ളിലെടുത്താണ് അവരുടെ തലച്ചോര്‍ വികസിപ്പിച്ചിരിക്കു ന്നത്.

ബാബ്‌രിയുടെ മുന്നനുഭവം വെച്ച് ക്വുത്വ്ബ് മിനാറിനെയും താജ് മഹലിനെയും ചുറ്റിപ്പറ്റിയുണ്ടാകുന്ന പുതിയ സംഘ് കാംപയ്‌നെ ഗൗരവതരമായി വിശകലനം ചെയ്യാനും ഫലപ്രദമായി ചെറുക്കാനും മതനിരപേക്ഷ ഇന്‍ഡ്യക്കുവേണ്ടി നിലകൊള്ളുന്നവര്‍ വിട്ടുവീഴ്ച യില്ലാതെ സന്നദ്ധമാകേണ്ടതുണ്ട്. ഇന്‍ഡ്യ എന്താണെന്ന ചോദ്യത്തിന് അത് പടുത്തുയര്‍ത്തിയ ഭരണാധികാരികളില്‍ ക്വുത്വ്ബുദീന്‍ ഐബ ക് മുതല്‍ ബഹദൂര്‍ശാ സഫര്‍ വരെയുള്ള മുസ്‌ലിംകള്‍ ഏറെ ശ്രദ്ധേയരാണ് എന്ന സത്യസന്ധമായ ഉത്തരം നല്‍കപ്പെടുന്ന സാഹച ര്യത്തെ ചവിട്ടിമെതിച്ച് നിശബ്ദമാക്കാനുള്ള ഒരു ഷോവിനിസ്റ്റ് സൃഗാലതയും വിലപ്പോകില്ലെന്ന് പ്രായോഗികമായി കാണിക്കു വാന്‍ അവര്‍ക്കാകു മോ എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ചരിത്രസംരക്ഷണത്തിന്റെ ഭാവി. ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ അനുകൂലിക്കുന്ന വര്‍ മാത്രമല്ല, അതിനെ മസ്ജിദിനുപകരം ‘തര്‍ക്കമന്ദിരം’ ആയി അവതരിപ്പിക്കുവാന്‍ സങ്കോചമില്ലാത്തവരും നമ്മുടെ മതനിരപേക്ഷതക്ക് ചരമക്കുറിപ്പെഴുതുക തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടേ മതിയാകൂ. 1947 ഓഗസ്റ്റ് 15ന് രാജ്യം സ്വതന്ത്രമാകുമ്പോള്‍ ഉള്ള ചരിത്രസ്മാര കങ്ങളെ അതേപടി സംരക്ഷിക്കുകയാണ് റിപ്പബ്ലിക്കിന്റെ സാംസ്‌കാരിക ധര്‍മമെന്നും പ്രസ്തുത സ്മാരകങ്ങള്‍ നൂറ്റാണ്ടുകള്‍ക്കമുമ്പ് മറ്റേതോ മതവിശ്വാസ പ്രകാരമുള്ള നിര്‍മിതികളെ തകര്‍ത്തു കൊണ്ടാണെന്നുമുള്ള അവകാശവാദങ്ങള്‍ എവിടെ നിന്നെങ്കിലുമുയര്‍ന്നാല്‍ അവയ്ക്കനുസൃതമായി സ്മാരകങ്ങളില്‍ കൈവെക്കുന്നത് നിയമവാഴ്ചയുടെ തത്ത്വങ്ങള്‍ക്കെതിരാണെന്നുകൂടി ഇത്തരുണത്തില്‍ ശക്തമാ യി സ്പഷ്ടമാക്കപ്പെടേണ്ടതുണ്ട്. സംഘ്പരിവാറിന്റെ പച്ചയായ ചരിത്രനിഷേധത്തെ തുറന്നു കാണിക്കുമ്പോള്‍ തന്നെ, ആക്രമണോത്സുക ദേശീയതയുടെ ആന്ധ്യം ബാധിച്ചവര്‍ ചരിത്രത്തെക്കുറിച്ചു നടത്തുന്ന ആവേശ പ്രസംഗങ്ങള്‍ കേട്ട് രാജ്യത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ എന്തൊക്കെ നിലനില്‍ക്കണം, നിലനില്‍ക്കേണ്ടതില്ല എന്നു തീരുമാനിക്കാന്‍ ഒരു ആധുനിക റിപ്പബ്ലിക്കിനാവില്ല എന്നും ഭരണാധികാരി കളും കോടതികളും ഓര്‍ത്തേ പറ്റൂ. ബാബ്‌രിയുടെ മണ്ണുമാന്തി ക്ഷേത്രാവഷ്ടങ്ങള്‍ തിരയാന്‍ പറഞ്ഞ് ബാബ്‌രി പള്ളി പ്രശ്‌നത്തില്‍ തീര്‍പ്പു പറയാന്‍ ആ ഗവേഷണത്തിന്റെ ഫലം കാത്തുനില്‍ക്കുന്ന തരം ഹാസ്യനാടകങ്ങള്‍ ഇന്‍ഡ്യ എന്ന ആധുനിക ആശയത്തിന്റെ എല്ലാ സൗന്ദ ര്യത്തെയും കെടുത്താന്‍ മാത്രം ഭീഷണമായ തട്ടിപ്പുകളാണ്. അവ ആവര്‍ത്തിക്കുകയെന്നാല്‍ നമ്മുടെ മതനിരപേക്ഷതക്ക് ശവക്കച്ചയൊരു ങ്ങുക എന്നു തന്നെയാണര്‍ത്ഥം.

print

1 Comment

  • ഇസ്ലാം മതം ആദർഷത്തെ വാളുകൊണ്ടല്ല വളർത്തിയത് എന്ന് പറയുന്നു പക്ഷെ കാഷ്മീരിൽ ഹിന്ദു പണ്ടിറ്റകളെ ബലം പ്രയോഗിച്ചും അവരെ അടിച്ചമർത്തി കൊണ്ടാണ് കാഷ്മീരിൽ ഇസ്ലമിനെ ഭൂരിപക്ഷ പ്രദേഷം ആക്കിയത് ഒരു സത്യവസ്ഥമല്ലെ

    Muhammad Ashfaque 21.04.2020

Leave a comment

Your email address will not be published.