ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -6

//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -6
//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -6
ആനുകാലികം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -6

ത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് എവിടേക്കെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതകൾ തേടിയ ജൂത സമൂഹത്തിന്റെ ചരിത്രം നാം കഴിഞ്ഞ ഭാഗത്ത് വിവരിച്ചു. അതിന്റെ കാരണങ്ങളും വ്യക്തമാക്കപ്പെട്ടു. അതിന്റെ കാരണങ്ങളും അതിലേക്ക് നയിച്ച ചില സംഭവങ്ങളും നമുക്ക് ഇങ്ങനെ ചുരുക്കാം:

1. ജനാധിപത്യം വന്നു തുടങ്ങിയിട്ടും കൂടി വരുന്ന ആന്റി സെമിറ്റിസം

ജനാധിപത്യത്തിന് നല്ല വശങ്ങൾ ഉണ്ടെങ്കിലും അതിന്റെ ഏറ്റവും മോശം വശം ഏതെങ്കിലും സമൂഹത്തോടുള്ള വെറുപ്പ് ആ നാട്ടിലുണ്ടെങ്കിൽ ആ വെറുപ്പ് വോട്ടാക്കി ജയിക്കാമെന്നതാണ്. നാം ഇന്ത്യക്കാർക്ക് അത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല. ഇലക്ഷൻ നടക്കുമ്പോൾ കുറച്ചു പച്ച വർഗ്ഗീയത പറഞ്ഞാൽ അവൻ ജയിച്ചു പോരുന്നത് നാം കാണുന്നതാണ്. സമാനമായി, യൂറോപ്പിലും ജൂതർക്കെതിരെ ഹേറ്റ് കാമ്പയിൻ നടത്തി ആളുകൾ ജയിക്കാൻ തുടങ്ങി. ജനാധിപത്യത്തിന്റെ ഈ ഭീകര മുഖം ആദ്യമേ തിരിച്ചറിഞ്ഞ അവർ യൂറോപ്പിൽ നിന്ന് പുറത്തു വരാതെ രക്ഷയില്ലെന്നു മനസ്സിലാക്കി. അങ്ങനെയാണ് നേരത്തെ നാം പറഞ്ഞ രാജ്യങ്ങളിലേക്കുള്ള സാധ്യതകൾ എല്ലാം അന്വേഷിച്ചത്.

2. സൂയസ് കനാൽ

സൂയസ് കനാൽ നിർമ്മിച്ചതോടെ ചെങ്കടലിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് ഒരു എളുപ്പ മാർഗ്ഗം തുറന്നു. യൂറോപ്പ്യർക്ക് തങ്ങളുടെ ആഫ്രിക്കൻ കോളനികളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഒരു പുതിയ മാർഗ്ഗമായി. എന്നാൽ ഈ കനാലിന്റെ കാര്യത്തിൽ ബ്രിട്ടന് ഫ്രാൻസിനെ പോലെ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. ആയിടക്കാണ് കട ബാധ്യതയായി ഈജിപ്ത് അവരുടെ ഷെയർ വിൽക്കുന്നത്. അത് വൻ വിലയ്ക്ക് സ്വന്തമാക്കാൻ ബ്രിട്ടനെ സഹായിച്ച യൂറോപ്പിലെ സമ്പന്ന ബാങ്കിങ് കുടുംബമായ Rothschild കുടുംബം ബ്രിട്ടീഷ് സർക്കാരിലെ ഒരു സ്വാധീന ശക്തിയായി മാറി. ജൂതർക്ക് ഒരു ഗ്രിപ്പ് കിട്ടി തുടങ്ങുന്നത് അങ്ങനെയാണ്.

3. റഷ്യൻ കൂട്ടക്കൊല 1882: റഷ്യയിൽ നടന്ന ഭീകരമായ കൂട്ടക്കൊല ജൂതരുടെ കുടിയേറ്റത്തിന് (എളുപ്പത്തിലാക്കാൻ) വലിയ പ്രേരകമായി. അതിനെ തുടർന്നാണ് ആലിയകൾ ആരംഭിക്കുന്നത്. (ഘട്ടം ഘട്ടമായ കുടിയേറ്റം)

ആലിയ

Going up എന്നാണ് ഈ വാക്കിന്റെ അർത്ഥം ! ജൂതർ ഫലസ്തീനിലേക്ക് സെറ്റിൽ ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാക്കാണിത്.

സമുദ്ര നിരപ്പിൽ നിന്ന് 750 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായ ജെറുസലേമിലേക്ക് കയറി പോവുക എന്ന അർത്ഥത്തിൽ അതിനൊരു ആത്മീയ വിവക്ഷയുണ്ട്. അബ്രഹാം പൗത്രനായ ജേക്കബും സന്തതികളും ഈജിപ്തിൽ സെറ്റിൽ ചെയ്ത ശേഷം മോശെയുടെ കാലത്ത് ജെറുസലേമിലേക്ക് മടങ്ങുന്നത് ഒരു തരത്തിൽ ജെറുസലേമിലേക്ക് കയറി പോവുക എന്ന അർത്ഥത്തിൽ ആണ് ഇസ്രായേലികൾ കരുതി പോന്നിരുന്നത്. നമ്മുടെ നാട്ടിൽ മല കയറുക എന്നാൽ ശബരി മല തീർത്ഥാടനം എന്ന് നമ്മുടെ മനസ്സിലേക്ക് വരുന്നത് പോലെ ആലിയ എന്നാൽ അതിന്റെ ഉദ്ദേശം തന്നെ ജെറുസലേമിലേക്ക് മടങ്ങൽ എന്നാണെന്ന് ഓരോ ജൂതനും വിശ്വസിച്ചു. അത് കൊണ്ട് തന്നെ ആലിയ എന്ന പ്രയോഗത്തിന് ഒരു ആത്മീയ പ്രതലമുണ്ടായിരുന്നു. ജൂത രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിന്റെ ഭാഗമായി നടന്ന കുടിയേറ്റങ്ങൾ ആലിയയുടെ വിവിധ ഘട്ടങ്ങളാണ്

ആലിയ ഒന്ന് 1883-1903

റഷ്യയിൽ ജൂതർ അടിച്ചമർത്തൽ നേരിട്ടപ്പോഴാണ് ആദ്യമായി ഫലസ്തീനിലേക്ക് ഒരു ഒഴുക്ക് ആരംഭിക്കുന്നത്. 35000 ജൂതരാണ് ഒന്നാം ആലിയയിൽ ഫലസ്തീനിൽ എത്തുന്നത്. ഇംഗ്ലണ്ടിലെ പ്രമുഖ പ്രഭു കുടുംബമായ റോത്ത്ചൈൽഡ് ഫാമിലി അക്കാലത്ത് യൂറോപ്പിലെ തന്നെ സമ്പന്നരായ ബാങ്കിങ് കുടുംബമായിരുന്നു. ബ്രിട്ടനെ ഫലസ്തീനിലെ ജൂത രാഷ്ട്രമെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച ലോബിയിങ് നടത്തിയത് ഈ കുടുംബമാണ്. കഴിയുന്നത്ര ഭൂമി വാങ്ങിക്കൂട്ടുക എന്ന പദ്ധതിയാണ് ഒന്നാം ആലിയയുടെ ഭാഗമായി അവർക്ക് ഉണ്ടായിരുന്നത്. പൊതു കടം വർധിച്ചതിനാൽ ഈജിപ്തിന്റെ ഭരണാധികാരി സൂയസ് കനാലിൽ ഈജിപ്തിനുണ്ടായിരുന്ന ഷെയറുകൾ വിൽപ്പനയ്ക്ക് വെച്ചു. ഈ ഷെയറുകൾക്ക് വേണ്ടി ബ്രിട്ടീഷ് സർക്കാരിന് പണം നൽകിയത് റോത്ത്ചൈൽഡ് ഫാമിലിയായിരുന്നു. അങ്ങനെയാണ് ഈ കനാലിൽ ബ്രിട്ടീഷുകാർക്ക് ഒരു പങ്ക് ഉണ്ടാവുന്നത്. ആഫ്രിക്കയിലേക്ക് കടന്ന് കയറാൻ ഇത് വളരെ വേഗത്തിൽ ബ്രിട്ടനെ സഹായിച്ചു. ഈ സംഭവം റോത്ത്ചൈൽഡ് കുടുംബത്തിന്റെ സ്വാധീനം ബ്രിട്ടനിൽ വർധിപ്പിച്ചു.

രണ്ടാം ആലിയ

സാമ്പത്തികമായ ആവശ്യങ്ങൾ ആയിരുന്നു ഈ ഘട്ടത്തിലൊക്കെ ജൂത കുടിയേറ്റങ്ങൾക്ക് വലിയ കാരണമായത്. യൂറോപ്പിലെ ദാരിദ്രാവസ്ഥയിൽ നിന്ന് മോചനം തേടിയാണ് അവർ പുറപ്പെട്ടത്. എന്നാൽ ഫലസ്തീൻ ഒരു വലിയ സാമ്പത്തിക സാധ്യത അവർക്ക് നൽകിയില്ല എന്നതിനാൽ തന്നെ കുടിയേറ്റം നടന്നു എങ്കിലും കൂടുതൽ പേരും കുടിയേറിയത് അമേരിക്കയിലേക്കാണ്. Hashomer എന്ന സായുധ സംഘം അവർ രൂപീകരിക്കുന്നതും ഹിബ്രു ഭാഷയിൽ ഒരു ഡിക്ഷ്ണറി തയ്യാറാക്കുന്നതും ഈ കാലഘട്ടത്തിൽ ആയിരുന്നു. 1908 ൽ തുർക്കിയിൽ ആരംഭിച്ച വിപ്ലവവും ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കി ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുടെ സഖ്യത്തിന്റെ ഭാഗമായതും ബാൽഫർ പ്രഖ്യാപനത്തിന് കാരണമായി. 1915 ൽ തന്നെ ഈ പ്രഖ്യാപനത്തിനു വേണ്ടിയുള്ള ചരട് വലികൾ നടന്നിരുന്നു. 1917 ൽ റോത്ത്ചൈൽഡ് കുടുംബത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബാൽഫർ പ്രഖ്യാപനവുമുണ്ടായി. മേഖലയിൽ ഫ്രാൻസിനുള്ള സ്വാധീനം ബ്രിട്ടനെ അസ്വസ്ഥമാക്കിയിരുന്നു. അത് കൊണ്ട് തന്നെ അവിടെ ഒരു പുതിയ ക്രമം ഉണ്ടാവുക എന്നതും ബ്രിട്ടന്റെ ലക്ഷ്യമായിരുന്നു. 1840 മുതൽക്ക് തന്നെ ബ്രിട്ടൻ ചെറിയ തോതിലെങ്കിലും കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിച്ചു പോന്നത് അതിനായിരുന്നു.

1919-1923 മൂന്നാം ആലിയ

ഒന്നാം ലോക യുദ്ധത്തിന് ശേഷം തുടക്കം. 40000 ജൂതരാണ് ഈ ഘട്ടത്തിൽ ഫലസ്തീനിലേക്ക് വരുന്നത്.

1924 -1928 നാലാം ആലിയ

1926 ലെ സാമ്പത്തിക പ്രശ്നങ്ങളാൽ കുറച്ചു പേർ തിരികെ പോയി.

അഞ്ചാം ആലിയ 1929-1939

മൂന്ന് ലക്ഷത്തോളം ജൂതർ വന്നു. ജർമ്മനിയിലെ കൂട്ടക്കൊലയും പീഡനവും ഇതിനൊരു കാരണമായി. മാത്രമല്ല, അമേരിക്ക അവരുടെ അതിരുകൾ അടച്ചതോടെ പലായനം ചെയ്യുന്ന ജൂതരുടെ ഒറ്റ ലക്ഷ്യം ഫലസ്തീൻ ആയി മാറി. രണ്ടാം ലോക മഹായുദ്ധ യുദ്ധ സമയത്ത് ഒരു ഇടവേള ഉണ്ടായി. യുദ്ധാനന്തരം രാഷ്ട്രം നിർമ്മിക്കുകയും ചെയ്തു.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.