ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -1

//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -1
//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -1
ആനുകാലികം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -1

Print Now
13 മില്യൺ വരുന്ന ഫലസ്‌തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ്. അവരിൽ 70% ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ്. ഇക്കാര്യം ആദ്യമേ പറയുന്നത് ഫലസ്തീനിൽ വീഴുന്നത് മുസ്‌ലിം രക്തമാണ് എന്ന ധാരണയിൽ ചിലർക്ക് കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ, അത് ശമിപ്പിക്കാനാണ്.

ഫലസ്‌തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല. പ്രശ്നം അനുഭവിക്കുന്നവരിൽ അറബ് മുസ്‌ലിംകളുടെ അളവ് താരതമ്യേന കൂടുതൽ ആണെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം. അത് പോലെ തന്നെ ഇസ്രായേലിലുള്ളത് മുഴുവനും ജൂതന്മാരുമല്ല. ഏതാണ്ട് 18% മുസ്‌ലിംകളും 2% ക്രിസ്ത്യാനികളും കുറച്ച് ദ്രൂസികളും മറ്റു ചിലരും കഴിഞ്ഞാൽ 74 ശതമാനം ജൂതരാണ് ഇസ്രായേലിൽ ഉള്ളത്. ജൂതരിൽ തന്നെ ഇസ്രായേലിന്റെ ഫലസ്‌തീൻ കയ്യേറ്റങ്ങൾ എതിർക്കുന്ന ധാരാളം പേരുണ്ട്. അവർക്ക് സംഘടനകളുമുണ്ട്. എല്ലാ ജൂതന്മാരും ഇസ്രായേൽ രാജ്യത്തിന്റെ കൂടെ ആണെന്നുള്ള ധാരണയും മാറ്റി വെയ്ക്കുക.

സോഷ്യൽ മീഡിയയിൽ കാണുന്ന വിധം റോക്കറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നാൽ മുസ്‌ലിം രക്തവും ജൂത രക്തവും മാത്രമേ വീഴുന്നുള്ളൂ എന്ന ധാരണ ആദ്യമേ അങ്ങോട്ട് മാറ്റി വെച്ച് നമുക്ക് അടിസ്ഥാന വിഷയത്തിലേക്ക് വരാം.

വിഷയം നീതിയാണ്. നീതിയുടെ പക്ഷത്ത് നിൽക്കലാണ്. അതിന് ചരിത്രം അറിയണം.

ഫലസ്‌തീൻ ആരുടെ മണ്ണാണ് ?

മണ്ണ് ഫലസ്‌തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ്. അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക് പ്രസക്തിയില്ല. നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ്. അല്ലാതെ, ആരാന്റെ പറമ്പിനോട് ഇഷ്ടം കൂടി അവിടെ കേറി വീട് വെച്ചു എന്നത് പോലുള്ള ബാലിശമായ വാദങ്ങൾ ആവരുത് നിലപാടിന് ആധാരം.

ഭൂമി ശാസ്ത്രം:

മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഫലസ്‌തീൻ. ക്രിസ്‌തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചിത്രകാരന്റെ രേഖകളിൽ രേഖകളിൽ ഫലസ്‌തീൻ എന്ന പേര് കാണാം. ക്രിസ്‌തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്‌തീൻ എന്ന പേര് ഉണ്ടായത് എന്നാണ് പ്രബലമായ അഭിപ്രായം ബൈബിളിൽ കാനൻ എന്നും അറബിയിൽ കൻആൻ എന്നും ഈ പ്രദേശം അറിയപ്പെട്ടു. ബിസി 16 ആം നൂറ്റാണ്ടിൽ കാനനിൽ ജീവിച്ചിരുന്ന യഅക്കൂബ്‌ നബി (മുസ്‌ലിം വിശ്വാസം) അഥവ ജേക്കബ് (ബൈബിൾ) എന്ന പ്രവാചകന്റെ സന്തതികൾ ആണ് പിന്നീട് ബനൂ ഇസ്രായേലികൾ എന്ന് അറിയപ്പെട്ടത്. അവരെ കുറിച്ച് ബൈബിളിലും ഖുർആനിലും വിശദമായ പരാമർശങ്ങൾ ഉണ്ട്. ചുരുക്കത്തിൽ അവിടെ ഫലസ്തീനികളും ഇസ്രായേലികളും അധിവസിച്ചു പോന്നത് ഒരേ കാലത്ത് തന്നെയാണ് എന്ന് കാണാം.

കൃസ്തുവിനു മുൻപ് തന്നെ അസ്സീറിയക്കാരും ബാബിലോണിയൻസും റോമാക്കാരും ജൂതരെ പലപ്പോഴായി നാട് കടത്തിയിരുന്നു. ജെറസലേമിൽ ജൂതരുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതിൽ റോമക്കാർക്ക് വലിയ പങ്കുണ്ട്. ക്രിസ്‌തുവിന് ശേഷം Deicide അഥവ ദൈവത്തെ കൊന്നു എന്ന കുറ്റമാരോപിച്ച് വലിയ പീഡനങ്ങൾ ജൂതർ നേരിടേണ്ടി വന്നിട്ടുണ്ട്. AD 250 മുതല്‍ 1948 വരെ 109 നാടുകളിൽ നിന്നവരെ ആട്ടി ഓടിച്ചിട്ടുമുണ്ട്.

അതിന്റെ ലഘു ചിത്രം ഇങ്ങനെയാണ്:

എ ഡി 136 ല്‍ റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.

1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.

കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി. 12000 ജൂതരാണ് വാളിനു ഇരയായത്.

1099ല്‍ യൂറോപ്പ്യർ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

1320 ൽ ഫലസ്‌തീൻ മുസ്‌ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 യൂറോപ്യർ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.

1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു.

മുസ്‌ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്‌ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.

1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു. 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.

കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത്. സഭയ്ക്ക് പറ്റിയ തെറ്റായി സഭ തന്നെ ഏറ്റു പറഞ്ഞ ചരിത്രമാണിത്‌.

1933 മുതൽ ജർമ്മനിയിൽ നടന്ന ജൂത ഹത്യയൊക്കെ യൂറോപ്പിന്റെ ജൂത വിരോധത്തിന്റെ തുടർച്ച മാത്രമായിരുന്നു. അതിൽ ഹിറ്റ്ലറെയും ജർമ്മൻകാരെയും മാത്രം പഴിക്കുന്നതിൽ കാര്യമില്ല. യൂറോപ്പ്യർ മുഴുവനും ജൂതരോട് ചെയ്തത് വെറും ദ്രോഹം മാത്രമാണ് എന്ന് ചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള ചരിത്രമാണിത്. അധികമൊന്നും പുറകിലേക്ക് പോവേണ്ടതില്ല എന്ന് ചുരുക്കം.

മുസ്‌ലിംകളും ജൂതരും:

സത്യത്തിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മുസ്‌ലിംകളെ ജൂത വിരോധികളായി പരിഹസിക്കുന്നത് കാണുമ്പോൾ ചരിത്രം അറിയുന്നവർക്ക് ചിരിയാണ് വരിക. ഫലസ്തിനിലേക്ക് തന്നെ വരാം.

പ്രവാചകന് ശേഷം ഇസ്‌ലാമിക ഭരണം വികസിച്ചപ്പോൾ AD 638 ൽ ഉമർ ബ്നുൽ ഖത്താബ് (റ) ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകന്റെ ഉറ്റ അനുയായിയുമായിരുന്നു) ജെറസലേം ബൈസാന്റിയൻ സാമ്രാജ്യത്തിൽ നിന്ന് മോചിപ്പിച്ചു. അബൂ ഉബൈദ(റ)യുടെ നേതൃത്വത്തിൽ നടന്ന മുസ്‌ലിം സൈന്യത്തിന്റെ മുന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബൈസാന്റിയൻ സാമ്രാജ്യത്തിനു അടിയറവ് പറയേണ്ടി വന്നു. ഖലീഫയുടെ മുൻപിൽ അടിയറവ് വെയ്ക്കാൻ തങ്ങൾ തയ്യാറാണ് എന്ന് അവർ നിബന്ധന വെച്ചതിനാൽ മദീനയിൽ നിന്ന് ഖലീഫ തന്നെ നേരിട്ട് ജെറസലേമിൽ എത്തി. ഒരു തുള്ളി രക്തം പോലും ജെറസലേമിൽ വീഴ്ത്താതെ സമാധാനപരമായി, ആ മണ്ണിന്റെ പവിത്രത മാനിച്ചു കൊണ്ട് ഖലീഫ ഉമർ (റ) പുണ്യ നഗരിയുടെ താക്കോൽ ഏറ്റു വാങ്ങി. ഖലീഫ ഒപ്പ് വെച്ച സമാധാനക്കരാറിൽ അവിടെയുള്ള ക്രിസ്ത്യൻ ആരാധാലയങ്ങൾ പരിപാലിക്കുമെന്നും ആരെയും നിർബന്ധിതമായി മതം മാറ്റില്ലെന്നും തന്റെ അനുയായികൾ ഈ ഉറപ്പ് പാലിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു.

നൂറ്റാണ്ടുകളായി ബൈസാന്റിയൻ സാമ്രാജ്യത്താൽ പീഡിപ്പിക്കപ്പെട്ട ജൂതർക്ക് വിശുദ്ധ മണ്ണിൽ അവകാശമോ ആരാധനാ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. ആരാധനാ സമയമായാൽ അവർ കുന്നുകളിൽ കയറി നിന്ന് വിശുദ്ധ ഗേഹത്തെ നോക്കി പ്രാർത്ഥിച്ചുപോന്നു. ഖലീഫ ഉമർ (റ) ജൂതർക്ക് അവിടെ താമസം അനുവദിക്കുകയും അവർക്ക് ആരാധനാ സ്വാതന്ത്ര്യം വീണ്ടു കിട്ടുകയും ചെയ്തു.

ഒന്നും രണ്ടും വർഷമാണെന്ന് കരുതേണ്ട. AD 638 മുതൽ 1099 വരെ അതായത് 458 വർഷങ്ങൾ ജൂതരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ മണ്ണിൽ മാറി മാറി വന്ന മുസ്‌ലിം ഭരണത്തിൽ സഹോദരന്മാരായി ജീവിച്ചു. ഉമറിൻറെ(റ) വാക്ക് തലമുറകൾ പാലിച്ചു !! 1099 ൽ യൂറോപ്പ്യർ ജെറസലേം പിടിച്ചടക്കുവോളം ഈ വാക്ക് പാലിക്കപ്പെട്ടു. അതിനിടയിൽ അമവികളുടെ ഭരണവും അബ്ബാസിയാ ഭരണവും ഫാഥിമികളുടെ ഭരണവുമൊക്കെ വന്നിരുന്നു. ഫാഥിമികളുടെ ഭരണത്തിൽ ജൂതരിൽ നിന്ന് ഗവർണറെ വരെ നിയമിച്ചു എന്നോർക്കണം. അതിന് മുമ്പ ആയിരം വർഷം ഒരു മനുഷ്യാവകാശവും നല്കപ്പെടാത്തവർ ആയിരുന്നു എന്ന് കൂടി ഓർക്കണം.

1099 ൽ ജെറസലേം മുസ്‌ലിംകളിൽ നിന്ന് നഷ്ടപ്പെട്ടു. ജൂതരുടെ കഷ്ട കാലവും ആരംഭിച്ചു. കൂട്ടക്കൊലയാണ് പിന്നീട് അരങ്ങേറിയത്. 1187 സുൽത്താൻ സ്വലാഹുദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്‌ലിംകൾ ജെറുസലേം തിരിച്ചു പിടിച്ചു. ജൂതരെ വീണ്ടും അവിടെ പുനരധിവസിപ്പിച്ചു. സർവ്വ സുരക്ഷയോടെ തന്നെ !

മുസ്‌ലിംകൾ സ്പെയിൻ കീഴടക്കിയപ്പോഴും സമാനമായ മാതൃക കാണിച്ചു. സംശയമുള്ളവർക്ക് Golden age of Jews in Europe എന്ന് ഗൂഗിൾ ചെയ്തു നോക്കാം. ജൂതരുടെ സുവർണ്ണ കാലം മുസ്‌ലിംകളുടെ സ്പെയിനിൽ ആയിരുന്നു എന്ന് കാണാം. 1492 ൽ സ്പെയിനിൽ മുസ്‌ലിം ഭരണം അവസാനിക്കുന്നത് വരെ അവർ സ്പെയിനിൽ സുരക്ഷിതർ ആയിരുന്നു. അതിനു ശേഷം അവരെ ആട്ടിയോടിക്കപ്പെട്ടു. വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്‌ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ ഫലസ്‌തീൻ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.

ഈ കാലയളവിൽ ഒക്കെ ജൂതരെ യൂറോപ്പിൽ കൂട്ടക്കൊല ചെയ്യുകയാണേ. ഒരു കാര്യം പറയട്ടെ, മുസ്‌ലിംകൾക്ക് ജൂതരോട് അന്ധമായ വിരോധം ഉണ്ടെങ്കിൽ പ്രവാചകന്റെ അനുയായി ഖലീഫാ ഉമർ (റ ), തുടർന്ന് വന്ന അമവികൾ, അബ്ബാസിയാക്കൾ, ഫാഥിമികൾ, ഉസ്മാനിയികൾ, സുൽത്താൻ സ്വലാഹുദീൻ അയ്യൂബി.. എന്നിവർക്കുള്ള ഇസ്‌ലാമിക സ്പിരിറ്റൊന്നും ഇന്നത്തെ മുസ്‌ലിംകൾക്ക് കാണില്ല. അവർക്കില്ലാത്ത എന്ത് അന്ധമായ വിരോധമാണ് നിങ്ങൾ ഞങ്ങളിൽ ആരോപിക്കുന്നത്.

(തുടരും)

No comments yet.

Leave a comment

Your email address will not be published.