പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -123

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -123
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -123
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -123

ഉമ്മു അത്വിയ: അൽ അൻസ്വാരിയ:

ഉമ്മു അത്വിയ: അൽ അൻസ്വാരിയ: (റ), നസീബ ബിൻത് അൽഹാരിസ് എന്നാണ് യഥാർത്ഥ നാമം.

പ്രവാചകാനുചരകളിൽ ഏറ്റവും തലമുതിർന്നവരിൽ ഒരാളായി ഉമ്മു അത്വിയ: എണ്ണപ്പെടുന്നു. പ്രവാചകനോടും (സ) അനുചരന്മാരോടുമൊപ്പം ധാരാളം യുദ്ധങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ടെന്ന്, ഇമാം സുയൂത്വി പ്രസ്താവിക്കുന്നു.

ആതുര ശുശ്രൂഷ, വൈദ്യം എന്നീ മേഖലകളിലെ വൈദഗ്ദ്യത്തിലും സേവനങ്ങളിലും സമകാലികരുടെ സമ്മിതി അവർ നേടിയെടുത്തിരുന്നു. ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പ്, മദീനയിലെ സ്ത്രീകൾക്ക് (മതഭേദമില്ലാതെ), ചേലാകർമ്മം ചെയ്ത് കൊടുക്കുമായിരുന്നു ഉമ്മു അത്വിയ: (റ). സ്ത്രീ ചേലാകർമ്മം ഒരു സംസ്കാരമായി, പരമ്പരാഗതമായി അനുഷ്ടിച്ചിരുന്നവരായിരുന്നു മദീനക്കാർ എന്നിരുന്നിട്ടും, സ്ത്രീയുടെ ലൈംഗിക ആസ്വാദനത്തിനും, ദാമ്പത്യ ആസ്വാദനത്തിനും തടസ്സമാകുന്ന അളവിൽ അത് ചെയ്യരുത് എന്ന് പ്രവാചകൻ (സ), ഉമ്മു അത്വിയ: (റ) യെ ഉപദേശിക്കുന്നുണ്ട്. (അബൂ ദാവൂദ്: 5271, ബൈഹക്വി: 18015)

അപ്പോൾ, Female Genital Mutilation (FGM) ന് (സ്ത്രീ ജനനേന്ദ്രിയ വികലീകരണം) വിരുദ്ധമായി ചരിത്രത്തിൽ ആദ്യമായി, സംസാരിച്ചത് മുഹമ്മദ് നബി (സ) ആണെന്ന് വേണമെങ്കിൽ പറയാം.

പ്രയോഗാത്മക ഫിഖ്‌ഹി(കർമ്മശാസ്ത്രം)ലും അവർ നിപുണയായിരുന്നു. സ്ത്രീകളുടെ മൃതശരീരത്തിൻ്റെ പരിചരണം, പ്രവാചകനാൽ (സ), ഉമ്മു അത്വിയ (റ) ഏൽപ്പിക്കപ്പെടുമായിരുന്നു.

ഹദീസ് പണ്ഡിത കൂടിയായിരുന്നു ഉമ്മു അത്വിയ (റ), പ്രവാചകനിൽ നിന്ന് ധാരാളം ഹദീസുകൾ അവർ നിവേദനം ചെയ്തിട്ടുണ്ടെന്ന് ഇമാം ഇബ്നു അബീ ഹാതിം അർറാസി (മരണം: 984 CE) തൻ്റെ ‘അസ്മാഉ മൻ യുഅറഫു ബി കുൻയതിഹി’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു അബ്ദുൽ ബിർറ് (മരണം: 1071 CE) എഴുതുന്നു:

“മൃതദേഹം കുളിപ്പിക്കുന്ന കർമ്മശാസ്ത്ര രീതിയുടെ കാര്യത്തിൽ (മയ്യിത്ത് നിസ്കാരം/കുളി) അടിസ്ഥാന പ്രമാണമായി കണക്കാക്കപ്പെടുന്നത് ഉമ്മു അത്വിയയുടെ ഹദീസാണ്. ബസ്രയിലെ സ്വഹാബികളിലും താബിഈ പണ്ഡിതരിലുമുള്ള ഒരു വിഭാഗം മയ്യിത്ത് കുളിപ്പിക്കുന്ന രീതി പഠിച്ചിരുന്നത് ഇവരിൽ നിന്നായിരുന്നു. പ്രവാചകനിൽ (സ) നിന്ന് ഇവർ നിരവധി ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. അനസ് ബിൻ മാലിക്, മുഹമ്മദ് ബിൻ സിറിൻ, ഹഫ്സ ബിൻത് സിറിൻ എന്നിവർ ഇവരിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”

(അൽ ഇസ്തീആബ് ഫീ മഅ്’രിഫതി സ്വഹാബ: ഇബ്നു അബ്ദുൽ ബിർറ്)

സ്വിഹാഹു സിത്തയിൽ (സ്വഹീഹുകൾ ഭൂരിഭാഗമായ ആറ് മഹാ ഹദീസ് ഗ്രന്ഥങ്ങളിലും), ഉമ്മു അത്വിയ (റ) യുടെ ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇമാം സുയൂത്വി പറയുന്നു. (സിയറു അഅ്ലാമിന്നുബലാഅ്)

(ഇസ്ആബുൽ മുബത്വ: ഇമാം സുയൂത്വി: മരണം: 1167 CE, (ഉസ്ദുൽ ഗാബ: ഇബ്നുൽ അസീർ: മരണം:1233 CE)

print

No comments yet.

Leave a comment

Your email address will not be published.