പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -117

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -117
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -117
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -117

ഉമ്മു ആസ്വിം

രാത്രി, മദീനയുടെ തെരുവുകളിൽ നടന്നുകൊണ്ടിരുന്ന ഖലീഫ ഉമർ ബിൻ ഖത്താബ് (റ), ഒരു വീട്ടിൽ നിന്നു സംസാരം കേൾക്കുന്നു; ഒരു ഉമ്മയും മകളും തമ്മിലുള്ള സംഭാഷണം.

മാതാവ് പറയുന്നു:
“മകളേ, പാലിൽ കുറച്ച് വെള്ളം ചേർത്തേക്കൂ.”
മകളുടെ മറുപടി, ഖലീഫ ഉമർ അത് നിരോധിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു.
“അതിനു ഉമർ ഇത് കാണുന്നില്ലല്ലോ” എന്ന മാതാവിന്റെ മറുചോദ്യത്തിനുള്ള പെൺകുട്ടിയുടെ മറുപടി പിന്നീട്, ചരിത്രാസ്വാദകരുടെ പ്രിയങ്കരമായ വരികളായി മാറി:

إن كان عمر لا يرانا، فإن رب عمر يرانا
“ഉമർ നമ്മെ കാണുന്നില്ലെങ്കിൽ പോലും, ഉമറിന്റെ റബ്ബ് നമ്മെ കാണുന്നുണ്ടല്ലൊ.”

ആ രാത്രി, ഉമർ (റ) തന്റെ മനസിൽ മന്ത്രിച്ചു:
فلعل الله أن يخرج منها نسمة طيبة.

“ഈ പെൺകുട്ടിയിൽ നിന്നും ധർമ്മനിഷ്ഠരായ ഒരു തലമുറ തന്നെ ഉണ്ടായേക്കാം.”

“ഭക്തയായ ഒരു പെണ്ണിനെ നിനക്ക് വിവാഹം ചെയ്യണോ?” എന്ന് തന്റെ മകനോട് ഖലീഫ ചോദിക്കുകയും
ആ പെൺകുട്ടിയെ, അദ്ദേഹത്തിൻ്റെ പുത്രൻ ആസിം ഇബ്‌നു ഉമർ വിവാഹം ചെയ്യുകയുമുണ്ടായി. ആ ദമ്പതികൾക്ക് ജനിച്ച പുത്രിയാണ് ഉമ്മു ആസ്വിം. മുഴുവൻ നാമം ലൈല ബിൻത് ആസ്വിം ബിൻ ഉമർ ബിൻ ഖത്താബ്.

ഭക്തിയിലും വിരക്തിയിലും മാതൃകയായ ഒരു പാൽക്കാരി പെൺകുട്ടിയുടെ പുത്രിയായ ഉമ്മു ആസ്വിമിനെ ഉമവി രാജ കുടുംബത്തിൽ നിന്നുള്ള അബ്ദുൽ അസീസ് ബിൻ മർവാൻ പിന്നീട് വിവാഹം ചെയ്തു. അവരുടെ പുത്രനായിരുന്നു “രണ്ടാം ഉമർ” എന്ന് ലോകം വിശേഷിപ്പിച്ച – ഉമർ ബിൻ അബ്ദുൽ അസീസ് (റ), വിരക്തിയിലും ഭക്തിയിലും നീതിയിലും അതുല്യനായ, മഹാനായ ഖലീഫ.

എല്ലാ കാലത്തും സ്ത്രീകൾ വിവാഹം ചെയ്യപ്പെട്ടിരുന്നത് സൗന്ദര്യം, കുലമഹിമ, സമ്പത്ത് എന്നിവയെ പരിഗണിച്ചു കൊണ്ടായിരുന്നു. ഇന്നും പല സമൂഹങ്ങളിലും അങ്ങനെ തന്നെ തുടരുന്നു. പണവും സൗന്ദര്യവും പറഞ്ഞ് കൊലയും കൊള്ളയും വരെ പല കുടുംബങ്ങളിലും നിർദയം നടമാടിക്കൊണ്ടിരിക്കുന്നു.

പൗരാണിക മുസ്‌ലിം സമൂഹത്തിലാവട്ടെ സ്ത്രീകളുടെ സ്വഭാവ ഗുണ വിശേഷണങ്ങളും ആത്മീയ ഔന്നിത്യവും അവളുടെ സാമൂഹിക നിലയെ നിർണയിക്കുന്നതായിരുന്നു. വിവാഹങ്ങൾ ആ കാലഘട്ടത്തിൽ ആദർശ പ്രകാശനങ്ങൾ കൂടിയായിരുന്നു.

തൻ്റെ പിതാവ് ആസ്വിമിൽ നിന്നും അറിവ് നുകർന്ന ഉമ്മു ആസ്വിം, ഒരു ഹദീസ് നിവേദകയും കൂടി ആയിരുന്നു. ഉമ്മു ആസ്വിം തൻ്റെ ഭക്തവും വിരക്തവുമായ ധർമ്മബോധത്തിൻ്റെ മൂശയിൽ മകനെ മാതൃകാ വ്യക്തിത്വമായി രൂപപ്പെടുത്തി എടുത്തു. ആത്മീയതയുടെ അനർഘ നിമിഷങ്ങളിൽ ഇരുവരും തനുമാനസത്തോടെ പങ്കാളികളായി. മകൻ എന്തോ ഓർത്തു കരയുന്നതായി ഉമ്മു ആസ്വിം ശ്രദ്ധിച്ചു.
“മോനേ, നീ എന്ത് ചിന്തിച്ചാണ് കരയുന്നത് ?” എന്ന് ഉമ്മ ചോദിച്ചു.
“മരണാനന്തര ജീവിതത്തെ ഓർത്താണ്, ഉമ്മാ !” എന്ന് ഉമർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
തുടർന്ന് രണ്ടു പേരും ഒരുമിച്ചു കരയാൻ തുടങ്ങി.

രാജകുടുംബത്തിലെ ചിലർ അനർഹമായി കൈവശം വെച്ച സ്വത്തും സമ്പാദ്യങ്ങളും ഖലീഫ ഉമർ അവകാശികൾക്ക് വീതിച്ചു നൽകി. അക്രമങ്ങൾ തുടച്ചു നീക്കി, ദയവായ്പോടെ ദുർബലരോട് പെരുമാറി. അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൽ ഭൂഷിതമായ സർവ്വ സദ്ഗുണങ്ങളും മാതാവ്, ഉമ്മു ആസ്വിമിൻ്റെ ആധ്യാത്മിക സ്പർശമാണെന്നതിൽ സംശയമില്ല.

(താരീഖി ദിമശ്ക്: ഇബ്നു മൻളൂർ, മരണം: 1311 CE)

print

No comments yet.

Leave a comment

Your email address will not be published.