പൗരത്വബില്ലിനെതിരെ മുന്നേറുക; ഒറ്റക്കെട്ടായി …!

//പൗരത്വബില്ലിനെതിരെ മുന്നേറുക; ഒറ്റക്കെട്ടായി …!
//പൗരത്വബില്ലിനെതിരെ മുന്നേറുക; ഒറ്റക്കെട്ടായി …!
ആനുകാലികം

പൗരത്വബില്ലിനെതിരെ മുന്നേറുക; ഒറ്റക്കെട്ടായി …!

Print Now
ന്ത്യയെ കൊല്ലാൻ ഉദ്ദേശിച്ചുകൊണ്ട് രൂപീകരിച്ച പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ കനക്കുകയാണ്. ആ ബില്ലിന്റെ അടിസ്ഥാനത്തിൽ ഒന്നാമത്തെ വിദേശി ഇന്ത്യയിൽ പൗരത്വം നേടുന്നതോടെ ബഹുസ്വരതയുടെ ഭാരതമെന്ന ആശയത്തിന്റെ മരണവെപ്രാളം തുടങ്ങുകയായി. അടുത്ത ബില്ലുകൂടി പാസാവുന്നതോടെ അത് അവസാനത്തെ ശ്വാസം കൂടി വലിക്കും. അതിന്നെതിരെയുള്ള ഓരോ സ്വരവും ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്; ആവണം. നമ്മുടെ മാതൃഭൂമിയെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ വർഗീയതയോ വിഭാഗീയതയോ ഇല്ല തന്നെ. ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടിയുള്ളതാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളൊക്കെയുമെന്ന് അവയുടെ സംഘാടകരെല്ലാം ആവർത്തിച്ച് പറയുന്നുണ്ട്. മുസ്‌ലിംകൾ ഇല്ലാതെയാവുന്ന ഇന്ത്യ സ്വപ്നം കാണുന്നവർ അറിയണം അത് നമ്മുടെ നാടിന്റെ നാശമായിരിക്കുമെന്ന്. കേവലം സാമൂഹ്യമായ നാശം മാത്രമല്ല; സാമ്പത്തികമായും രാഷ്ട്രീയമായും നാട് തകരുകയാണ് അത് വഴി ഉണ്ടാവുക. സംഘിബോധം തലച്ചോറിൽ കലർപ്പില്ലാതെ ആവേശിച്ചവർക്കല്ലാത്ത മറ്റുള്ളവർക്കെല്ലാം ഇത് മനസ്സിലാകുന്നുണ്ടെന്ന സത്യം വെളിപ്പെടുത്തുന്നതാണ് രാഹുൽ ഈശ്വറിനെപ്പോലെയുള്ളവരുടെ പ്രസ്താവന. തികഞ്ഞ വലതുപക്ഷ ഹിന്ദുക്കളിൽ പോലും ഇന്ത്യയെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നാണ് അതിന്റെ അർത്ഥം. അത് കൂടി മനസ്സിലാക്കിക്കൊണ്ടാണ് പൗരത്വബില്ലിനെതിരെയുള്ള സമരങ്ങൾ മുന്നോട്ടു പോകേണ്ടത്. സഹസ്രാബ്ധങ്ങളായി നമ്മുടെ പൂർവ്വപിതാക്കൾ കൈമാറിവന്ന ബഹുസ്വരതയുടെ സംസ്കാരം രക്ഷിക്കാൻ ഇന്ത്യക്കാർ -അവർ ഇന്ത്യയെ സ്നേഹിക്കുന്നവരാണെങ്കിൽ- ഒറ്റക്കെട്ടായാണ് സംഘടിക്കേണ്ടത്; സമരം ചെയ്യേണ്ടത്. അപ്പോഴാണ് ഇത് സ്വാതന്ത്ര്യസമരത്തിന്റെ ആവർത്തനമായിത്തീരുക. അങ്ങനെ ആയിക്കൊണ്ടിരിക്കുന്നുവെന്ന വാർത്തകൾ നമ്മെയെല്ലാം സന്തോഷിപ്പിക്കുന്നതാണ്; ആദ്യത്തെ ഇരകൾ എന്ന നിലയിൽ ഇത് മുസ്‌ലിംകളെയാണ് കൂടുതൽ സന്തോഷിപ്പിക്കേണ്ടത്.

ഇന്ത്യയെ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഒറ്റക്കെട്ടായാണ് നടക്കേണ്ടതെന്ന് പറയുമ്പോൾ വ്യക്തികൾക്കോ സംഘടനകൾക്കോ പ്രതികരിച്ചുകൂടെന്നോ സമരങ്ങൾ സംഘടപ്പിച്ചുകൂടായെന്നോ ആരും മനസ്സിലാക്കിക്കൂടാത്തതാണ്. വൈയക്തികമായും സംഘടനാപരമായും ഉള്ള സ്വരങ്ങൾ തന്നെയാണ് ഒരുമിച്ച് കൂടി നാടിനു വേണ്ടിയുള്ള മഹാസ്വരമായിത്തത്തീരുക. നാടിനു വേണ്ടി ഉയരേണ്ട ഈ മഹാസ്വരത്തെ ദുർബലമാക്കുന്നതായിക്കൂടാ ഒറ്റപ്പെട്ട സ്വരങ്ങൾ എന്ന് മാത്രമേയുള്ളൂ. അങ്ങനെ ദുർബലമാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇനിയുണ്ടാവുക എന്ന് മനസ്സിലാക്കുവാനും അതിനനുസരിച്ച് നയങ്ങൾ രൂപീകരിക്കാനും കഴിയുമ്പോഴാണ് നാടിന്റെ ശത്രുവിനെ പരാജയപ്പെടുത്താൻ കഴിയുക. വെള്ളക്കാരിൽ നിന്ന് രാഷ്ട്രതന്ത്രം പഠിച്ചവർക്ക് ഭിന്നിപ്പിച്ച് ഭരിക്കേണ്ടത് എങ്ങനെയെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഈ വസ്തുത മനസ്സിലാക്കി വിവേകത്തോടെ നയങ്ങൾ രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ നാടിനെ വീണ്ടെടുക്കാൻ വേണ്ടിയുള്ള ബഹുജനമുന്നേറ്റത്തെ മുളയിലേ നുള്ളിക്കളയാൻ കഴിയും. വികാരമല്ല വിവേകമാണ് ഇത്തരം സന്ദർഭങ്ങളിൽ നേതൃത്വങ്ങൾക്ക് ഉണ്ടാവേണ്ടത്. സംഘടനാതാല്പര്യങ്ങൾക്കപ്പുറത്ത് ഉമ്മത്തിന്റെ രക്ഷയും നാടിന്റെ വീണ്ടെടുപ്പും മാത്രമായി എല്ലാവരുടെയും ലക്‌ഷ്യം മാറണം. അങ്ങനെ മാറുമ്പോൾ പിന്നെ സമരരംഗത്തുള്ളവരെ ഭിന്നിപ്പിക്കാൻ ആർക്കും കഴിയില്ല. വികാരം വിവേകത്തിന് വഴി മാറുകയും തങ്ങൾ സ്വീകരിക്കുന്നതാണ് ശരിയായ മാർഗം എന്ന വാശിയുമായി സമരരംഗത്ത് എല്ലാവരും നിലയുറപ്പിക്കുകയും ചെയ്യുമ്പോൾ ഭിന്നിപ്പിച്ച് ഭരിക്കാൻ എളുപ്പമാവും. അതില്ലാതിരിക്കുവാനാണ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ സമുദായത്തിന് കഴിയുകയും ഉമ്മത്തിന്റെ മുന്നേറ്റങ്ങൾ മതനിരപേക്ഷമുന്നേറ്റങ്ങളെ ശാക്തീകരിക്കുന്നതാവുകയും ചെയ്യണമെന്ന് പറയുന്നത്. ജനകീയമുന്നേറ്റങ്ങളെ ഭിന്നിപ്പിച്ച് തകർത്തെറിഞ്ഞതിന് ശേഷം ഞാനോ നീയോ ശരിയെന്ന് തർക്കിക്കുന്നതിൽ യാതൊരു അർത്ഥവുമുണ്ടാവുകയില്ലെന്ന് തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം.

ഇന്ത്യയിലെ മതനിരപേക്ഷസമൂഹത്തിന്റെ പൂർണമായ സാന്നിധ്യമുണ്ട് നാടിനെ നേടിയെടുക്കാൻ വേണ്ടിയുള്ള ഈ സമരത്തിൽ എന്ന കാര്യം ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധി മുതൽ സീതാറാം യെച്ചൂരി വരെയുള്ള ദേശീയ രാഷ്ട്രീയത്തിലെ പ്രഗത്ഭർ; മാർക്കണ്ഡേയ കട്ജു മുതൽ കപിൽ സിബൽ വരെയുള്ള നിയമവിശാരദന്മാർ; പിണറായി വിജയൻ മുതൽ മമതാ ബാനർജി വരെയുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ; ആനന്ദ് ശർമ്മ മുതൽ ചിദംബരം വരെയുള്ള മുൻ കേന്ദ്രമന്ത്രിമാർ; രമേശ് ചെന്നിത്തല മുതൽ ബിനോയ് വിശ്വം വരെയുള്ള രാഷ്ട്രീയനേതാക്കൾ; അന്താരാഷ്ട്രവേദികളിൽ ശ്രദ്ധേയരായ ശശി തരൂർ മുതൽ അരുന്ധതി റോയ് വരെയുള്ളവർ; കമലഹാസൻ മുതൽ സിദ്ധാർഥ് വരെയുള്ള സിനിമാനടന്മാർ; ചരിത്രകാരനായ രാമചന്ദ്ര ഗുഹ മുതൽ സാഹിത്യകാരനായ ചേതൻ ഭഗത്ത് വരെയുള്ളവർ; സുനിത ദേവദാസ് മുതൽ താര തോജോ അലക്സ് വരെയുള്ള സോഷ്യൽമീഡിയ പോരാളികൾ… ഈ പോരാട്ടത്തിൽ മുന്നിൽ തന്നെ ഇവരെല്ലാമുണ്ട്. ഇവരൊന്നും മുസ്‌ലിംകളല്ല. എന്നാൽ മുസ്‌ലിംകളോടോപ്പമോ അവരുടെ മുന്നിലോ ആയി ഇവരെല്ലാവരുമുണ്ട്. ഇവരെ മുന്നിൽ നിർത്തിക്കൊണ്ട് തന്നെയാവണം ഈ പോരാട്ടമെന്ന് നിർബന്ധമുണ്ടാകേണ്ടത് പൗരത്വബില്ലിന്റെ നേർക്കുനേരെയുള്ള ഇരകളായിത്തീരുന്ന മുസ്‌ലിംകൾക്കാണ്. ഇവരോടൊപ്പം നിൽക്കുന്ന മുസ്‌ലിംകളുടെ സ്വരം ഒന്നാകണമെന്നും അല്ലെങ്കിൽ നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ ശത്രു വിജയിക്കുമെന്നും പറയുന്നത് അതുകൊണ്ട് കൂടിയാണ്.

രാജ്യം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരപ്പോരാളികളിലൊരാളായ മൗലാനാ മുഹമ്മദ് അലി ജൗഹറിന്റെ നേതൃത്വത്തിൽ വളർന്നു വന്ന ഖിലാഫത്ത് പ്രസ്ഥാനത്തോടൊപ്പം മഹാത്മാഗാന്ധി ചേർന്നതോടെയാണ് അതിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പൊതുമുഖമാവാൻ കഴിഞ്ഞതെന്ന ചരിത്രം നാടിനെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിനെതിരെയുള്ള ഈ രണ്ടാമത്തെ സ്വാതന്ത്ര്യസമരത്തിന്റെ മുഖത്തിലും നാം മറക്കരുത്. സ്വതവേ തന്നെ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിലായിരുന്ന മലബാറിലെ മുസ്‌ലിംകൾക്കിടയിലേക്ക് സ്വാതന്ത്ര്യസമരപ്രസ്ഥാനം കടന്നു വന്നത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയായിരുന്നു. മുസ്‌ലിംകളും ഹിന്ദുക്കളും ഒന്നിച്ചണിനിരന്നുകൊണ്ടുള്ള ഖിലാഫത്ത് യോഗങ്ങളും സമരങ്ങളും അന്നത്തെ മലബാറിൽ നിരന്തരം നടന്നു. അവർക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകുവാനായുള്ള വെള്ളക്കാരന്റെ പരിശ്രമങ്ങൾ രണ്ട് കൂട്ടരും ഒന്നിച്ചു നിന്ന് ചെറുക്കുകയും ചെയ്തു. എന്നാൽ 1921ലെ സമരം പൊട്ടിപ്പുറപ്പെട്ടതോടെ വെള്ളക്കാരന്റെ കുതന്ത്രങ്ങൾ മെല്ലെ വിജയിക്കാൻ തുടങ്ങി. സമരത്തെ അടിച്ചമർത്തുവാനുള്ള ന്യായങ്ങൾ വെള്ളക്കാരൻ തന്നെ പടച്ചുണ്ടാക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. സമരത്തിലെ രക്തസാക്ഷികളെക്കുറിച്ച് അഭിമാനത്തോടെ സ്മരിക്കുമ്പോഴും സമരമുണ്ടാക്കിയ കെടുതികളും അതിന്റെ പാഠങ്ങളും നാം മറന്നു കൂടാ. വെള്ളക്കാരന്റെയത്ര പോലും കണ്ണിൽ ചോരയില്ലാത്തവരാണ് ഇന്ന് ബില്ലുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്നും നാം മനസ്സിലാക്കണം. ഇന്ത്യയെ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഈ മുന്നേറ്റത്തിൽ ഭിന്നിപ്പുകളുണ്ടാവാതിരിക്കുവാൻ ആദ്യം മുതൽ തന്നെ നന്നായി ശ്രദ്ധിക്കണമെന്ന് പറയുന്നത് അത് കൊണ്ടാണ്. വികാരമല്ല വിവേകമാണ് നമ്മെ നയിക്കേണ്ടതെന്ന് ഉൽബോധിപ്പിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ചരിത്രം പഠിക്കുന്നത് മുന്നേറ്റങ്ങൾക്ക് കരുത്തും ആവേശവും പകരാൻ വേണ്ടി മാത്രമല്ല, അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കുവാനും ശരിയിലൂടെത്തന്നെ നടക്കാനുള്ള ദിശാബോധത്തിനും കൂടിയാണ്; അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

11 Comments

 • Aameen

  Abdul salam 21.12.2019
 • I will support

  Abdurahiman Ramath 21.12.2019
 • 👌👌

  Abdussalam 21.12.2019
 • ആമീൻ

  Job 21.12.2019
 • ആമീൻ

  Noufeek 21.12.2019
 • Ameen

  Ibrahim 21.12.2019
 • അല്ലാഹു വിജയിപ്പിക്കുക തന്നെ ചെയ്യും

  Naseer babu 22.12.2019
 • ആമീൻ

  Al ameen 23.12.2019
 • മാഷാഅല്ലാഹ്‌…
  ഇത്തരുണത്തിൽ ഇങ്ങിനെ ഒരു ലേഖനം സത്യം അറിയാൻ ഉപകാരപ്പെടും. ലേഖകനും സ്നേഹമാംവാദത്തിനും അഭിനന്ദനങ്ങൾ 👌

  rasheed 24.12.2019
 • امين

  1brahim kunju TA. 24.12.2019
 • Asssalamu alaikum
  സ്വാതന്ത്ര സരത്തിലെ മുസ്‌ലിം പ്രാതിനിത്യം ചെറുലേഖനങ്ങളിലൂടെ പ്രസിദ്ധി കരിച്ചാൽ ഗുണകരമാവും

  Suhail abdhulla 03.01.2020

Leave a comment

Your email address will not be published.