ആമുഖം
“മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. ആ രണ്ടു സ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു. അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ? അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ ദൈവം.”
(ക്വുർആൻ: 28: 24-30)
****************************
അനുഭവങ്ങളുടെ ഇഴകൾ കോർത്തുണ്ടാക്കിയ, ചിത്രലേഖനത്തുണിയിൽ ചിതറിയ വർണ്ണ ശബളമായ ചായങ്ങളാണ് പ്രണയാനുഭൂതികൾ. അനിർവചനീയമായ ഭാവങ്ങളും മാനങ്ങളും മനുഷ്യജീവിതത്തിന് സമ്മാനിക്കുന്ന അനുഗ്രഹീതമായ അന്തസംവേദനം.
മനുഷ്യ വികാരങ്ങൾക്കിടയിൽ അനിഷേധ്യവും അനിവാര്യവുമായ ഒന്നാണ് പ്രേമം. മനുഷ്യരാശിയുടെ നിലനിൽപ്പിന്റെയും വളർച്ചയുടെയും അടിത്തറ തന്നെ പ്രണയമാണ്. പ്രണയത്തെ നിഷേധിക്കുകയെന്നാൽ വിശപ്പിനെ നിഷേധിക്കുന്നതിന് തുല്യമാണ്. അനുരാഗാത്മക വാഞ്ഛകളെ നിരോധിക്കുകയെന്നാൽ മനുഷ്യ പ്രകൃതിയിൽ അവിശ്വസിക്കലാണ്.
മനുഷ്യനിലെ ഈ ഉൽക്കടമായ വികാരത്തെയും ഭാവപ്രചുരമായ ചോദനയെയും ഇസ്‌ലാം ഒരിക്കലും അടിച്ചമർത്തിയിട്ടില്ല. എന്നല്ല ദൈവത്തിൻ്റെ അദ്വിതീയമായ ദൃഷ്ടാന്തമാണ് മനുഷ്യർക്കിടയിലെ ഇണക്കവും അനുരാഗവും എന്നാണ് ക്വുർആൻ നമ്മളെ പഠിപ്പിക്കുന്നത്:
“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ അനുരാഗവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”
(ക്വുർആൻ: 30: 21)
പ്രണയം വികാര വിക്ഷോഭജന്യമായതിനാലും ഒരു കമിതാവ് തീവ്രവികാരാധീനനാവാം എന്നതിനാലും സൂക്ഷിച്ചു വേണം പ്രേമിക്കാൻ എന്ന് മാത്രമാണ് ഇസ്‌ലാമിൻ്റെ ഇടപെടൽ. അഥവാ, ദൂരവ്യാപകമായ ഫലങ്ങളും സ്വാധീനങ്ങളും ഉളവാക്കുന്ന ഒരു വികാരത്തെ പൂർണമായും സ്വതന്ത്രമാക്കുന്നതിലൂടെ, അതിശക്തമായ ഈ മാനുഷിക ചോദനയെ നിരുപാധികം അനുവദിക്കുന്നതിലൂടെ മനുഷ്യരുടെ സ്വസ്ഥിതി തന്നെ അവതാളത്തിൽ ആവുകയായിരിക്കും ഫലം. ദുരുപയോഗത്തിലൂടെയും ചൂഷണവൽകരണത്തിലൂടെയും ഏതൊരു അനുഗ്രഹവും നിഗ്രഹമായി പരിണമിക്കുമല്ലൊ.
അതുകൊണ്ട്, പ്രണയിക്കുകയാണെങ്കിൽ ഉത്തരവാദിത്ത ബോധത്തോടെയും നീതിയുക്തമായും പ്രേമിക്കണമെന്ന് ദൈവം നിഷ്കർഷിച്ചു. പ്രേമം സുരക്ഷിതമാവണം. പ്രേമത്തിലൂടെ പ്രണയികളിൽ ആരും ദ്രോഹിക്കപ്പെടരുത്, വ്യതിയാനത്തിൽ അകപ്പെട്ടു പോവരുത്. ഇത്ര മാത്രമാണ് നിബന്ധന ! ഈ സുരക്ഷിതമായ പ്രേമം ശരിക്കും സാധ്യമാവുക, രക്ഷിതാക്കളുടെ നേതൃത്വത്തിൽ, വധു വരന്മാരുടെ ഇഷ്ടത്തോടെ, സാക്ഷികളുടെ സാന്നിധ്യത്തിലായി നടക്കുന്ന വിവാഹ കരാറുകളിലൂടെയാണെന്ന് ഇസ്‌ലാം വീക്ഷിക്കുന്നു. വിവാഹത്തിലൂടെയാണ് മനുഷ്യർ പ്രേമിക്കേണ്ടത്. വിവാഹേതര പ്രേമ ചിന്തകൾ ഉടനെ വിവാഹത്തിലൂടെ സുരക്ഷിത വലയത്തിലേക്ക് കൊണ്ടുവരണം.
മൂസാ നബിയുടെ(അ) കഥയിലെ (ക്വുർആൻ: 28: 24-30) പ്രണയം തന്നെ എടുക്കുക. മദ്‌യനിൽ പുതുതായി എത്തിച്ചേർന്ന, ശക്തനും മാന്യനും ധർമ്മനിഷ്ടയുള്ളവനുമായ മൂസ എന്ന യുവാവിനോട് ശുഹൈബ് നബിയുടെ (അ) രണ്ട് പെൺമക്കളിൽ ഒരാൾക്ക് പ്രേമം തോന്നുന്നു. തൻ്റെ ഉള്ളിൽ മൊട്ടിട്ട താൽപര്യം രക്ഷിതാക്കളിൽ നിന്നും രഹസ്യമാക്കി കൊണ്ട് നടക്കാതെ, തനിക്ക് മൂസയോട് ജനിച്ച കൗതുകം സൂചനകളിലൂടെ രക്ഷിതാക്കളെ അറിയിക്കുകയാണ് ആ മകൾ. മകളുടെ ആനുരാഗിക സൂചനകൾ തിരിച്ചറിഞ്ഞ ശുഹൈബ് നബി (അ) ഉടനെ മൂസ എന്ന വ്യക്തിയെ പഠിക്കുന്നു. മൂസാ നബി (അ) നല്ല ഒരു മനുഷ്യനാണെന്നും യോജിച്ച വരനാണെന്നും അദ്ദേഹത്തിന് വ്യക്തമാവുന്നു. അതോടെ, മകളിൽ ഉദയം കൊണ്ട പ്രേമ ലാഞ്ചനകളെ വളർന്ന് പടരുന്നതിന് മുമ്പ് തന്നെ, വിവാഹത്തിലൂടെ അത് സുരക്ഷിതമായ ബന്ധമാക്കി ശുഹൈബ് നബി മാറ്റുകയും ചെയ്യുന്നു. മകളും പിതാവും മകളുടെ പ്രേമപാത്രമായ മൂസയും താൻതാങ്ങളുടെ ധർമ്മവും മാന്യതയും വെച്ചുപുലർത്തുന്നു. അവരിൽ ഓരോരുത്തരും തങ്ങളുടെ റോളിന് അനുസരിച്ച കർത്തവ്യം നിർവഹിക്കുകയും ബാധ്യതയും അവകാശവും സമാന്തരമായി ഉൾക്കൊള്ളുകയും ചെയ്തു. എല്ലാത്തിനും ഉപരി വിവാഹ കരാർ എന്ന സുദൃഢവും സുരക്ഷിതവുമായ ബന്ധം ഉടനെ സ്ഥാപിക്കുന്നു.
അതുകൊണ്ടാണല്ലൊ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞത്:
لم نرَ للمتحابَّيْن مثل النكاح
“വിവാഹം പോലെ (നല്ല മറ്റൊരു വഴിയും) രണ്ട് പ്രണയികൾക്ക് നാം കണ്ടിട്ടില്ല”
(ഇബ്നു മാജ: 1847, സിൽസിലതു സ്സ്വഹീഹ: 624)
വിവാഹേതര പ്രേമ ഭാവനകളെ സമൃദ്ധമായി വളരാനും തുടർന്ന് വിവാഹേതര പ്രേമബന്ധങ്ങൾ സ്ഥാപിതമാകാനും അനുവദിക്കുക വഴി പ്രണയികൾ സുരക്ഷാവലയത്തിൽ നിന്നും പുറത്ത് പോവുകയും ഭൗതികവും ആത്മീയവുമായ അപകടങ്ങളിൽ ആപതിക്കുകയും ചെയ്യും.
അവിവാഹിത പ്രേമ ബന്ധങ്ങൾ ഭൗതികവും ആത്മീയവുമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന ഇസ്‌ലാമിൻ്റെ വീക്ഷണം ജനാഭിമുഖ്യമില്ലാത്തതായിരിക്കാം. പക്ഷെ, അത് അപ്രിയമായ ഒരു യാഥാർത്ഥ്യമാണെന്ന് തന്നെയാണ് പ്രേമത്തെ കുറിച്ച പഠനങ്ങളിൽ നിന്നും വ്യക്തമാക്കപ്പെടുന്നത്.
പ്രേമിക്കേണ്ടത് എങ്ങനെ? എന്ന് നമ്മുക്ക് മനസ്സിലാവണമെങ്കിൽ ആദ്യം എന്താണ് പ്രേമം എന്ന് നാം തിരിച്ചറിയണം. മനശാസ്ത്രത്തിൻ്റെയും (Psychology) നാഡിശാസ്ത്രത്തിൻ്റെയും (Neuroscience) വെളിച്ചത്തിൽ പ്രേമം എന്താണെന്ന് നമുക്കൊന്ന് പരിശോധിച്ചാലൊ ?!
No comments yet.