പ്രേമിക്കേണ്ടത് എങ്ങനെ ? -9

//പ്രേമിക്കേണ്ടത് എങ്ങനെ ? -9
//പ്രേമിക്കേണ്ടത് എങ്ങനെ ? -9
ആനുകാലികം

പ്രേമിക്കേണ്ടത് എങ്ങനെ ? -9

“…ദൈവത്തിൻ്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരോട് ഒട്ടും സഹിഷ്ണുതപ്പെടാനാവില്ല. മനുഷ്യ സമൂഹത്തിൻ്റെ സഹജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ വാഗ്ദാനങ്ങൾ, ഉടമ്പടികൾ, സന്ധികൾ, സത്യപ്രതിജ്ഞകൾ എന്നിവ ഒരു നാസ്തികൻ്റെയടുക്കൽ ഒരു അടിത്തറയുമില്ലാത്ത സങ്കൽപ്പങ്ങളാണ്. ദൈവത്തെ നിരസിക്കൽ, അത് തത്ത്വത്തിലാണെങ്കിൽ പോലും, എല്ലാ ആദർശത്തെയും ഉത്തരവാദിത്തത്തെയും ഇല്ലാതാക്കുന്ന ഒന്നാണ്”
(J. Locke, Letter Concerning Toleration, 1689)

ലിബറലിസത്തിൻ്റെ പിതാവ്, സാക്ഷാൽ ജോൺ ലോക് തന്നെ നാസ്തികരെ കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായമാണിത്.

നാസ്തികരോടുള്ള സാമൂഹിക അസഹിഷ്ണുതയുടെ കാര്യത്തിൽ ജോൺ ലോക്ക് അല്പം അമിതത്വം പുലർത്തി എന്നത് അവിടെ നിൽക്കട്ടെ. പക്ഷേ നാസ്തികരെ കുറിച്ച ജോൺ ലോക്കിന്റെ, ഒരു നിരീക്ഷണം ന്യായമാണെന്ന് സമ്മതിച്ചെ മതിയാവു. അത് ആദർശപ്രതിബദ്ധതയ്ക്ക് നാസ്തികന്റെ മനസ്സിൽ യാതൊരു വസ്തുനിഷ്ഠമായ അടിത്തറയും ഇല്ല എന്നുള്ളതാണ്. ‘സഹജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ വാഗ്ദാനങ്ങൾ, ഉടമ്പടികൾ, സന്ധികൾ, സത്യപ്രതിജ്ഞകൾ എന്നിവ ഒരു നാസ്തികൻ്റെയടുക്കൽ ഒരു അടിത്തറയുമില്ലാത്ത കേവല സങ്കൽപ്പങ്ങളാണ്…’ എന്ന അവലോകനം തീർത്തും ശരിയല്ലേ? അചഞ്ചലമായി പാലിക്കപ്പെടേണ്ട ചില വിശ്വാസങ്ങളും, ആദർശങ്ങളും മൂല്യങ്ങളും ഉണ്ട് എന്നും, അവ ഒരു നിലക്കും പരിത്യജിക്കാൻ നിവൃത്തിയില്ല എന്നും വിശ്വസിക്കുന്ന ഒരാളെയല്ലേ നമുക്ക് ഏതൊരു കാര്യത്തിലും വിശ്വസിക്കാൻ കൊള്ളുക ?

അതേസമയം ജീവിതത്തിനു അർത്ഥമില്ലെന്നും മനുഷ്യാസ്ഥിത്വം പരിണാമ ദശയിലെ അന്ധമായ ആകസ്മികത മാത്രമായിരുന്നെന്നും ധാർമ്മികത മനുഷ്യനിർമ്മിത സങ്കല്പങ്ങൾ ആണെന്നും വിശ്വസിക്കുന്ന ഒരാളെ നിങ്ങളുടെ ജീവിത സഖിയായി/ സഖാവായി എന്തു ധൈര്യത്തിലാണ് നിങ്ങൾ സ്വീകരിക്കുക ?!

ജീവിതം പരമാവധി ആസ്വദിക്കുക എന്ന ആദർശവും പേറി ജീവിക്കുന്ന കുറെ വിശ്വാസ നാമധാരികളും മതാനുയായികളും ഉണ്ട്. ഇവരും ഒരർത്ഥത്തിൽ ആദർശരഹിതരാണ്. ഇക്കൂട്ടർക്കും വസ്തുനിഷ്ഠമായ ധാർമികതയോ ആദർശമോ ഇല്ല. നൈമിഷികമായ വൈകാരിക തേട്ടങ്ങൾക്കും നേട്ടങ്ങൾക്കും അനുസൃതമായി കൂടുമാറുന്ന, കൂറുമാറുന്ന ഒരു വ്യക്തിയെ നാം എങ്ങനെ ഇണയായി തിരഞ്ഞെടുക്കും.

പ്രേമത്തെയും കാമത്തെയും കേവലവികാര പൂർത്തീകരണമായി കണ്ട ഒരു പ്രവാചകാനുചരന്, അയാളുടെ മനസ്സിൽ ആദർശ ബോധം പാകിക്കൊണ്ട്, സംസ്കരിച്ച പ്രവാചകൻ്റെ ഒരു മാതൃക കാണൂ:

വ്യഭിചാരം നിർവഹിക്കാൻ തനിക്ക് അനുവാദം തരണമെന്ന് അപേക്ഷിച്ചുകൊണ്ട് പ്രവാചകൻറെ സന്നിധിയിൽ ഒരു യുവാവ് വരുന്നു. ഈ ആവശ്യം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി ബഹളമുണ്ടാക്കുന്ന സന്ദർഭത്തിൽ, പ്രവാചകൻ (സ) ശാന്തനായി ആ യുവാവിനോട് അടുത്തു വരാൻ കൽപ്പിക്കുന്നു. യുവാവ് ചെന്ന് പ്രവാചകന്റെ (സ) മുന്നിൽ ഇരുന്നപ്പോൾ അദ്ദേഹം ആ യുവാവിനോട് പ്രകാരം ചോദിച്ചു: നിൻ്റെ ഉമ്മക്ക് അപ്രകാരം സംഭവിക്കുന്നത് (വ്യഭിചരിക്കപ്പെടുന്നത്) നീ ഇഷ്ടപ്പെടുമൊ? യുവാവ് ഇല്ലെന്നു പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അതുപോലെതന്നെയല്ലേ മറ്റു ജനങ്ങളും, അവരും തങ്ങളുടെ മാതാവിന് അതു സംഭവിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. നിൻ്റെ മകൾക്ക് അത് സംഭവിക്കുന്നത് നീ ഇഷ്ടപ്പെടുമൊ? യുവാവ് ഇല്ലെന്നു പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അതുപോലെതന്നെയല്ലേ മറ്റു ജനങ്ങളും, അവരും തങ്ങളുടെ മകൾക്ക് അതു സംഭവിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. നിൻ്റെ സഹോദരിക്ക് അത് സംഭവിക്കുന്നത് നീ ഇഷ്ടപ്പെടുമൊ? യുവാവ് ഇല്ലെന്നു പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അതുപോലെതന്നെയല്ലേ മറ്റു ജനങ്ങളും, അവരും തങ്ങളുടെ സഹോദരിക്ക് അതു സംഭവിക്കുന്നത് ഇഷ്ടപ്പെടുന്നില്ല…
പ്രവാചകൻ അദ്ദേഹത്തിൻ്റെ കൈ ആ യുവാവിന്റെ നെഞ്ചിൽ വച്ച് ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഇവൻറെ ഹൃദയം നീ ശുദ്ധിയാക്കുകയും പാപങ്ങൾ നീ പൊറുത്തു കൊടുക്കുകയും ലൈംഗികാവയവം തിന്മയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യേണമേ.” ഈയൊരു സംഭവത്തിനുശേഷം വ്യഭിചാരത്തെക്കാൾ ആ യുവാവിനെ വെറുപ്പുള്ള മറ്റൊന്നും ഇല്ലാതെയായി.
(തഖ്‌രീജുൽ ഇഹ്യാ : ഇറാക്വി :2/411)

പ്രേമ-കാമ മേഖലയിൽ മാനദണ്ഡമാക്കാൻ ഉതകുന്ന എത്ര ശക്തമായ ചിന്തയാണ്, ആദർശമാണ് പ്രവാചകൻ (സ) നമ്മെ പഠിപ്പിച്ചത് !! വിവാഹപൂർവ്വ പ്രേമ ബന്ധങ്ങളിലും ലൈംഗിക ബന്ധങ്ങളിലും ഏർപ്പെടുന്നവർ ഒന്ന് ചിന്തിക്കുക. നാം നമ്മുടെ കമിതാവുമൊത്ത് അല്ലെങ്കിൽ കമിതാവിനോട് ചെയ്യുന്ന പ്രവർത്തനങ്ങൾ നമ്മുടെ സഹോദരിയോടൊ മകളോടൊ മറ്റാരെങ്കിലും ചെയ്യുന്നത് നമുക്ക് അംഗീകരിക്കാൻ സാധിക്കുമോ? ഇല്ലായെങ്കിൽ ഈ നീതി നാം മറ്റൊരാളുടെ സഹോദരിയോടും മകളോടും പുലർത്തേണ്ടതില്ലേ. ഇപ്രകാരം ചിന്തിക്കണമെങ്കിൽ നീതി തന്റെ ആദർശമായി സ്വയം ശിരസാവഹിച്ച ഒരാൾക്കേ അതിനു സാധിക്കു. കുടുംബ വ്യവസ്ഥയെയും കുടുംബാംഗങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്കെ അതിന് കഴിയൂ. മതവും ധാർമികതയും കുടുംബ ബോധവും ഇല്ലാത്തവൻ എന്തിന് ഈ ആദർശം, ഈ നീതിബോധം, സ്വയം ബാധ്യതയായി ഏറ്റെടുക്കണം. മരണത്തോടെ അവസാനിക്കുന്ന ജീവിതം പരമാവധി അടിച്ചുപൊളിക്കുക, ആസ്വദിക്കുക എന്ന് ചിന്തിക്കുന്ന ഒരാൾക്ക് ഈ ബോധം തടസ്സമായി നിലകൊള്ളില്ലേ?

തീർച്ചയായും. അതുകൊണ്ടാണ് ധാർമ്മികത കേവല മനുഷ്യ നിർമ്മിത സങ്കൽപ്പങ്ങളാണെന്ന് വിചാരിക്കുന്ന നവനാസ്തികർ ഭൂരിപക്ഷമായ സ്കാന്റിനേവിയൻ രാജ്യങ്ങളിലാണ് ഇണകളോടുള്ള വിശ്വാസ വഞ്ചന പ്രബലമായി നിലനിൽക്കുന്നത്.

Adultery: Which countries are most unfaithful?

ലോകത്ത് ജാരവൃത്തി (Adultery) ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ സ്കാന്റിനേവിയൻ രാജ്യങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്:

“10. ഫിൻലാന്റ് (Finland) 36%
9. യു.കെ (United Kingdom) 36%
8. സ്പെയിൻ (Spain) 39%
7. ബെൽജിയം (Belgium) 40%
ന്യൂ യൂറോപ്പ് മാഗസിൻ അനുസരിച്ച്, ബെൽജിയത്തിലെ ‘വിവാഹിതരായവരുടെ ഡേറ്റിംഗ്’ വെബ്‌സൈറ്റ് ഗ്ലീഡൻ (Gleeden) ൽ 1.1 ദശലക്ഷം അംഗങ്ങളാണുള്ളത്, കമ്പനി ഉപദേഷ്ടാവ് ചന്തൽ ബാവെൻസ് പറഞ്ഞത് “അവിഹിത ബന്ധങ്ങളിലൂടെ പങ്കാളിയെ വഞ്ചിക്കൽ (cheating) ഇന്ന് രാജ്യത്ത് ‘സാമൂഹികാചാരപ്രകാരം നിഷിദ്ധമായി പരിഗണിക്കപ്പെടുന്ന’ (taboo) ഒരു കാര്യമല്ല.”

അവർ പറഞ്ഞു: “ഇപ്പോൾ, വഞ്ചിതരായ പങ്കാളി ഡിവോഴ്‌സിനായി അഭ്യർത്ഥിക്കാൻ അനുവദിക്കുന്നത് പങ്കാളികളിലൊരാൾ ‘തെറ്റ്’ (wrong) ചെയ്തു എന്ന അർത്ഥത്തിലല്ല. നിങ്ങളുടെ ഭർത്താവ് അവിഹിത ബന്ധങ്ങളിലൂടെ നിങ്ങളെ വഞ്ചിക്കുന്നുണ്ടോ (cheating) ? ശരി, അതിനെന്താ ? അതേ പ്രവർത്തനത്തിൽ തന്നെ നിങ്ങളും ഏർപ്പെടണം അല്ലെങ്കിൽ ഡിവോഴ്‌സ് ചെയ്യണം.! അത്രയുള്ളു കാര്യം”

6. നോർവേയ് (Norway) 41%
5. ഫ്രാൻസ് (France) 43%
4. ജർമനി (Germany) 45%
3. ഇറ്റലി (Italy) 45%
2. ഡെൻമാർക്ക് (Denmark) 46%
1. തായ്‌ലാൻഡ് (Thailand) 56%
(https://www.google.com/amp/s/www.mirror.co.uk/news/world-news/adultery-countries-most-unfaithful-5188791.amp)

വ്യക്തികേന്ദ്രീകൃതമായ തത്ത്വശാസ്ത്രങ്ങളിൽ (പ്രത്യേകിച്ചും ലിബറലിസത്തിൽ) വിശ്വസിക്കുന്നവർ കുടുംബ ജീവിതത്തിലും സഹജീവിതത്തിലും ദാമ്പത്യത്തിലും വിമുഖരും അസംതൃപ്തരും പരാജിതരും ആണ് എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

“ഡോപമീനും ലിബറലിസവും തമ്മിലുള്ള ബന്ധത്തിൻ്റെ മറ്റൊരു ഉദാഹരണം വിനോദ വ്യവസായത്തിൽ കാണാം. ഹോളിവുഡ് അമേരിക്കൻ സർഗ്ഗാത്മകതയുടെ മെക്കയാണ്, അതുപോലെ തന്നെ ഡോപാമിനേർജിക് വർദ്ധനവിൻ്റെ മാതൃകയുമാണ്. ഹോളിവുഡിലെ ഉയർന്ന സെലിബ്രിറ്റികൾ ആവേശത്തോടെ കൂടുതൽ കൂടുതൽ കാര്യങ്ങളെ പിന്തുടരുന്നു: കൂടുതൽ പണം, കൂടുതൽ മയക്കുമരുന്ന്, കൂടുതൽ ലൈംഗികത, ഏറ്റവും പുതിയ ഫാഷനുകൾ. അവർ എളുപ്പത്തിൽ ബോറടിക്കുന്ന വ്യക്തികളാണ്. (എപ്പോഴും പുതിയ അനുഭവങ്ങളും പുതിയ ആസ്വാദനങ്ങളും നിരന്തര യാത്രകളും അവർ ഇഷ്ടപ്പെടുന്നു. ഒന്നിലും ദീർഘകാലം തൃപ്തിപ്പെട്ട് ജീവിക്കാൻ കഴിയില്ല. മസ്തിഷ്കത്തിലെ ഡോപമീൻ്റെ ആധിക്യം സൃഷ്ടിക്കുന്ന പെരുമാറ്റങ്ങളാണ് ഇവയെല്ലാം)

യു.കെ യിലെ തിങ്ക് ടാങ്കുകളിൽ ഒന്നായ Marriage Foundation നടത്തിയ പഠനത്തിലാണ്, സെലിബ്രിറ്റികൾക്കിടയിലെ വിവാഹമോചന നിരക്ക് സാധാരണ ജനങ്ങളിലുള്ള വിവാഹമോചന നിരക്കിനേക്കാൾ ഇരട്ടിയാണ് എന്ന വസ്തുത വ്യക്തമാക്കപ്പെട്ടത്. വികാര തീവ്രമായ പ്രണയത്തിൽ (Passionate Love) നിന്ന് സഹജീവിത സ്നേഹത്തിലേക്ക് (companianate love) മാറേണ്ട, ദാമ്പത്യത്തിൻ്റെ ആദ്യ വർഷങ്ങളിൽ വിവാഹം കൂടുതൽ മോശമായി മാറുന്നു. പുതുതായി വിവാഹിതരായ സെലിബ്രിറ്റികൾ സാധാരണക്കാരെ അപേക്ഷിച്ച് വിവാഹമോചനത്തിനുള്ള സാധ്യത ആറിരട്ടിയാണ്.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 158,159)

“ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഷിക്കാഗോ, ബോസ്റ്റൺ, വാഷിംഗ്ടൺ തുടങ്ങിയ ലിബറൽ സ്റ്റേറ്റുകളിൽ എവിടെയും ബാല്യകാലം ചെലവഴിക്കുന്ന ആളുകൾക്ക്, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ ജീവിതം ചെലവഴിക്കുന്ന ആളുകളെ അപേക്ഷിച്ച്, വിവാഹം കഴിക്കാനുള്ള സാധ്യത 10 ശതമാനം കുറയുന്നു” എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇനി ലിബറലുകൾ വിവാഹം കഴിക്കുമ്പോൾ, അവർ പങ്കാളികളെ വഞ്ചിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹിതരുടെ കൂട്ടത്തിൽ ലിബറലുകളാണ്, കൺസർവേറ്റീവുകളേക്കാൾ * തങ്ങളുടെ പങ്കാളികൾക്കു പുറമെ അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുന്നത് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ലിബറലുകളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡാറ്റ പ്രത്യേകം വിശകലനം ചെയ്തപ്പോഴും ഇതേ പ്രവണതയാണ് കണ്ടത്.
( Kanazawa, S. (2017). Why are liberals twice as likely to cheat as conservatives? Big Think. Retrieved from http://hardwick.fi/E%20pur%20si%20muove/why-are-liberals-twice-as-likely-to-cheat-as-conservatives.html )

“(ഉയർന്ന ഡോപമീൻ ഉൽപാദകരായി) ലിബറലുകളെ അപേക്ഷിച്ച് (ഉയർന്ന H&N ന്യൂറോ ട്രാൻസ്മിറ്ററുകളുള്ള) കൺസർവേറ്റുകളായ വ്യക്തികൾ ജീവിതത്തിൽ കൂടുതൽ സന്തുഷ്ടരാണ്…
സമാനമായി, വിവാഹിതരായ ആളുകൾ അവിവാഹിതരേക്കാൾ സന്തുഷ്ടരാണെന്നും, ആരാധനാലയങ്ങളിൽ പോകുന്നവർ അല്ലാത്തവരെക്കാൾ സന്തുഷ്ടരാണെന്നും പഠനങ്ങൾ തെളിയിക്കുന്നു.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 158,159)

നിയന്ത്രണാധികാരം സ്വയം പങ്കാളിക്കു വേണ്ടി ഉപേക്ഷിക്കുക എന്ന മനസ്ഥിതി രതിമൂർച്ഛ (Orgasm) ഉണ്ടാകുന്നതിന് ആവശ്യമായ ഒരു പ്രവർത്തനമാണ്. (വ്യക്തമായ “മൂല്യങ്ങൾ” ഉള്ളവർക്കെ നിയന്ത്രണാധികാരം സ്വയം പങ്കാളിക്കു വേണ്ടി ഉപേക്ഷിക്കുക എന്ന മനസ്ഥിതിയിലേക്ക് എത്താൻ കഴിയു. കാരണം, ബാഹ്യമായ ഒരു “മൂല്യം” അല്ലെങ്കിൽ ഒരു ആദർശത്തിലുള്ള വിശ്വാസം അല്ലാതെ മറ്റൊന്നും സ്വന്തം നിയന്ത്രണാധികാരം മറ്റൊരാൾക്ക് വേണ്ടി ബലികഴിക്കാൻ നമ്മെ പ്രേരിപ്പിക്കില്ല. കാരണം സ്വതസിദ്ധമായ നിലയിൽ മനുഷ്യർ സ്വാർത്ഥരാണ്. സ്വന്തം നന്മയും ക്ഷേമവും സുഖവുമാണ് നമ്മുക്ക് ഏറ്റവും പ്രിയങ്കരം. ഇത് മറ്റൊരാൾക്ക് വേണ്ടി വേണ്ടെന്ന് വെക്കണമെങ്കിൽ സ്വന്തം യുക്തിയേക്കാളും ഇച്ഛയേക്കാളും ശക്തിയുള്ള ചില മൂല്യങ്ങളും ആദർശങ്ങളുമുണ്ടെന്ന് ദൃഢമായി വിശ്വസിക്കണം) ഈ മൂല്യങ്ങളിലുള്ള വിശ്വാസം ലിബറലുകളേക്കാൾ കൺസർവേറ്റീവുകൾക്കാണ് ഉള്ളത് എന്നതിനാൽ, നിയന്ത്രണാധികാരം സ്വയം പങ്കാളിക്കു വേണ്ടി ഉപേക്ഷിക്കുക എന്ന മനസ്ഥിതിയിലേക്ക് എത്താൻ കൺസർവേറ്റീവുകൾക്ക് കഴിയുന്നു.

അത് കൊണ്ട് തന്നെ ലിബറലുകളേക്കാൾ, കൺസർവേറ്റീവുകൾക്ക് രതിമൂർച്ഛ എളുപ്പം പ്രാപിക്കാൻ കഴിയുമെന്ന് Match.comലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, ഡോ. ഹെലൻ ഫിഷർ നിഗമിച്ചു. ലിബറലുകളേക്കാൾ, കൺസർവേറ്റീവുകൾ മൂല്യങ്ങളിൽ വിശ്വസിക്കുന്നു എന്നത് ഈ കഴിവ് സമ്മാനിക്കുന്നതിനാൽ അവർ രതിമൂർച്ഛ എളുപ്പം പ്രാപിക്കുകയും വിവാഹ ബന്ധത്തിൽ കൂടുതൽ സംതൃപ്തി ഉള്ളവരുമായി മാറുന്നു.

ഡോപമീൻ്റെ വർദ്ധിച്ച അളവിനാൽ പ്രചോദിതരായി, പുതിയതിനോടുള്ള വർദ്ധിച്ച ആഗ്രഹവും കൂടുതൽ കൂടുതൽ ലഭിക്കണമെന്ന ഉൽക്കടമായ അഭിനിവേശവുമാണ് ലിബറലുകളെ നയിക്കുന്നത്. ഈ പ്രവണത അവരുടെ പ്രണയ- ലൈംഗിക ജീവിതത്തേയും ബാധിക്കുന്നു. ഫലം അസംതൃപ്തമായ പ്രണയ- ലൈംഗിക-ദാമ്പത്യ ജീവതം. തുടർന്ന് ഇണയോടുള്ള വിശ്വാസവഞ്ചനയും ഇണയോടുള്ള വിമുഖതയും ഉടലെടുക്കുന്നു.
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 158,159)

തീവ്ര അഭിനിവേശത്തോടെ, പുതുമയെയും വർദ്ധനവിനെയും പിന്തുടരുന്ന, തീവ്രമായ ഉല്‍ക്കര്‍ഷേച്ചയും ഊർജവുമുള്ള വ്യക്തികളുമായിട്ടായിരിക്കും നാം പ്രണയത്തിലാവുക.

കൂടുതൽ രസം, കൂടുതൽ ആസ്വാദനങ്ങൾ, കൂടുതൽ ലൈംഗികത, ഏറ്റവും പുതിയ ട്രെൻ്റുകൾ, ഫാഷനുകൾ, രീതികൾ ഒക്കെ ഇഷ്ടപ്പെടുന്ന മോഡേണായ ഇണയോടാണ് സാധാരണ ഗതിയിൽ നാം പ്രണയത്തിൽ പെട്ടു പോവുക.

എളുപ്പത്തിൽ ബോറടിക്കുന്ന വ്യക്തികൾ, എപ്പോഴും പുതിയ അനുഭവങ്ങളും പുതിയ ആസ്വാദനങ്ങളും പുതിയ യാത്രകളും കൊതിക്കുന്ന “അടിപൊളി” പെൺകുട്ടികളോടും “അടിപൊളി” ചെക്കന്മാരോടുമാണ് നാം ആകർഷിക്കപ്പെടുക. ഇത്തരമൊരു സ്വഭാവ സവിശേഷത മസ്തിഷ്കത്തിലെ വർദ്ധിച്ച ഡോപ്പമീനിന്റെ ലക്ഷണമാണ്. വ്യക്തിയും വ്യക്തിനിഷ്ടമായ അവകാശങ്ങളുമാണ് പരമപ്രധാനമെന്ന് ഉൽഘോഷിക്കുന്ന ഇൻഡിവിജ്ലിസ്റ്റിക്ക് ആയിട്ടുള്ള ലിബറലിസം പോലെയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികളിലും സമാനമായ സ്വഭാവവും പ്രവണതകളും വന്നുഭവിക്കുന്നു. ഈ രണ്ടു വിഭാഗം സമൂഹങ്ങൾക്കും ഒന്നിലും ദീർഘകാലം തൃപ്തിപ്പെട്ട് ജീവിക്കാൻ കഴിയില്ല. അവർക്ക് ഇണയോടും ദീർഘകാല സഹജീവിതത്തോടും കുടുംബ ജീവിതത്തോടും എല്ലാം മുഷിപ്പും അസംതൃപ്തിയും പെട്ടെന്ന് തന്നെ വന്നുഭവിക്കുന്നു. പുതിയതിലേക്കും (New) കൂടുതലിലേക്കും (More) അവർ ആഭിമുഖ്യം പ്രകടിപ്പിക്കും.

അതേസമയം മൂല്യങ്ങളിലും ആദർശങ്ങളിലും വിശ്വസിക്കുന്ന വ്യക്തി. കൂടുതൽ സംതൃപ്തനും ദാമ്പത്യത്തിലും സഹജീവിതത്തിലും അത്യധികം സന്തുഷ്ടനും ആയിരിക്കും. ജീവിത സംതൃപ്തിയും സന്തോഷവും പോലും ലിബറലിസ്റ്റുകളെക്കാൾ ആദർശ ബോധമുള്ളവൻ ആയിരിക്കും ഉണ്ടായിരിക്കുക. ആരാധനാലയങ്ങളിൽ പോകുന്ന, ദൈവത്തെ സ്മരിക്കുന്ന, ആദർശനിഷ്ടനായ ഒരു ഇണക്കാണ് നിങ്ങളെ കൂടുതൽ സന്തുഷ്ടനാക്കാൻ സാധിക്കുക എന്ന് ശാസ്ത്രജ്ഞന്മാർ തന്നെ വെളിപ്പെടുത്തുന്നു. എന്തിനേറെ പറയുന്നു രതിമൂർച്ഛ പോലും ഒരു ആദർശനിഷ്ടനായ ഇണക്കാണ് അല്ലെങ്കിൽ ഇണയിൽ നിന്നാണ് ഉണ്ടാവുക !

ഭൗതിക വീക്ഷണകോണിലൂടെ നോക്കിയാൽ പോലും, ആദർശം ഇല്ലാത്തവരും മതബോധമില്ലാത്തവരും പ്രണയബന്ധത്തിന് തീർത്തും ഇണങ്ങാത്തവരാണ്.

ഇനി ആത്മീയ വീക്ഷണകോണിലൂടെ നോക്കിയാലോ ? പ്രണയവും രതിയും ജീവിത സുഖങ്ങളും സമൃദ്ധിയും എല്ലാം വിട്ടെറിഞ്ഞ് നമ്മെ സൃഷ്ടിച്ച ദൈവത്തിലേക്ക് യാത്ര പോകേണ്ടവരാണ് നമ്മൾ. എല്ലാം ഐഹിക ജീവിതത്തിലെ നശ്വരമായ ആസ്വാദനങ്ങളും മാധ്യമങ്ങളും മാത്രമാണ്.
(ക്വുർആൻ: 3: 14)

ജീവിതത്തിൽ വെച്ച് പുലർത്തിയ ധർമ്മനിഷ്ഠ അല്ലാതെ, സൽകർമ്മങ്ങൾ അല്ലാതെ മറ്റൊന്നും ഉപകാരം ചെയ്യാത്ത ഏകാന്തമായ ഒരു യാത്രയെ കുറിച്ച് ജീവിതത്തിൻ്റെ എല്ലാ സന്ധിയിലും നാം ഓർക്കണം. അനുരാഗ വിലോലമായ അവസ്ഥയിലും ആത്യന്തികമായ മൂല്യങ്ങളെ ബലി കഴിക്കാൻ മാത്രം ദുർബലരാവരുത് നമ്മൾ. മരണാനന്തരം ദൈവത്തിനു മുന്നിൽ വിചാരണ നേരിടുമ്പോൾ നമ്മോടൊപ്പം നമ്മുടെ പ്രണയികൾ ഉണ്ടാവില്ല.

അതുകൊണ്ടു തന്നെ മരണാനന്തര ജീവിതത്തിലെ വിജയത്തിനും നമ്മെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു ഇണയെയാണ് നാം തിരഞ്ഞെടുക്കേണ്ടത്. അത് മതബോധമുള്ള ആദർശമുള്ള ഒരു വിശ്വാസിയോ വിശ്വാസിനിയോ ആണ് എന്നതിൽ സംശയമില്ല. അത്തരം ഒരു ഇണയെ തിരഞ്ഞെടുക്കുന്നതിലൂടെ നമ്മുടെ ഇഹലോക ജീവിതവും ദാമ്പത്യ ജീവിതവും പോലും സന്തുഷ്ടവും സംതൃപ്തവുമായി മാറുന്നു എന്നാണല്ലോ മനഃശാസ്ത്ര പഠനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

أفضلُه لسانٌ ذاكرٌ ، وقلبٌ شاكرٌ ، وزَوجةٌ مؤمنةٌ تعينُهُ على إيمانِهِ .
ഈ ലോകത്ത് “ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ നേട്ടം എന്നാൽ ദൈവസ്മരണ ഉരുവിട്ടുകൊണ്ടിരിക്കുന്ന നാവും കൃതജ്ഞത നിറഞ്ഞ മനസ്സും വിശ്വാസത്തിൻ്റെ മേഖലയിൽ തന്നെ സഹായിക്കുന്ന വിശ്വാസിയായ ഇണയുമാണെന്ന്” പ്രവാചകൻ (സ) പഠിപ്പിച്ചത് അതുകൊണ്ടാണ്.
(തുർമുദി: 3094, അസ്സുഹ്ദ്: അഹ്മദ്: 140)

“എത്ര കൗതുകവും ആകർഷണവും നമ്മിൽ ജനിപ്പിച്ചാലും ആദർശ വിരുദ്ധയായ ഇണയെ തിരഞ്ഞെടുക്കരുത് ” എന്ന് ക്വുർആൻ (2: 221) നമ്മോട് നിർദ്ദേശിക്കാൻ കാരണമിതാണ്. (താത്വികമായി) വിശ്വാസശുദ്ധിയും (പ്രാവർത്തികമായി) ധാർമ്മിക ശുദ്ധിയും ഇല്ലാത്തവരെ വിവാഹം ചെയ്യുന്നത് ഒരു വിശ്വാസിക്ക് നിഷിദ്ധമാണെന്നും ക്വുർആൻ (24: 3) നമ്മോട് കൽപ്പിച്ചതും തഥൈവ.

പ്രവാചകൻ (സ) ഇപ്രകാരം പറയുകയുണ്ടായി:

رحِمَ اللَّهُ رجلًا قامَ مِن اللَّيلِ فصلَّى وأيقظَ امرأتَه ، فإن أبَتْ نضحَ في وجهِها الماءَ ، رحِمَ اللَّهُ امرأةً قامَت مِن اللَّيلِ وصلَّتْ وأيقظَتْ زَوجَها فإن أبَى نضَحَتْ في وجهِه الماءَ

“അല്ലാഹു ഒരു പുരുഷന് കരുണ ചെയ്യട്ടെ. അയാൾ രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും തൻ്റെ പ്രിയതമയെ നമസ്കാരത്തിനായി ഉണർത്തുകയും ചെയ്യുന്നു. അവൾ ഉണരാൻ വിസമ്മതിക്കുമ്പോൾ അവളുടെ മുഖത്ത് അവൻ വെള്ളം കുടയുകയും ചെയ്യുന്നു.

അല്ലാഹു ഒരു സ്ത്രീക്ക് കരുണ ചെയ്യട്ടെ. അവൾ രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും തൻ്റെ പ്രിയതമനെ നമസ്കാരത്തിനായി ഉണർത്തുകയും ചെയ്യുന്നു. അയാൾ ഉണരാൻ വിസമ്മതിക്കുമ്പോൾ അയാളുടെ മുഖത്ത് അവൾ വെള്ളം കുടയുകയും ചെയ്യുന്നു.”

(അബൂ ദാവൂദ്: 1308 , നസാഈ: 1610 , ഇബ്നുമാജ: 1336, അഹ്‌മദ്: 7404)

ഇതാണ് ഇഹലോകത്തും പരലോകത്തും സന്തുഷ്ടത കൈവരിക്കുന്ന ഇണകളുടെ സചിത്രാവിഷ്കാരം.

********************************

* ലിബറലുകളും കൺസർവേറ്റീവുകളും തമ്മിലുള്ള സ്വഭാവപരമായ വ്യതിരിക്തതകൾ ഹ്രസ്വമായി ഇപ്രകാരം നിർവചിക്കാം: വ്യക്തിപരമായ അവകാശങ്ങളും നീതിയും സ്വാതന്ത്ര്യവുമാണ് ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും അധികം സംരക്ഷിക്കപ്പെടേണ്ടതും എന്ന് വിശ്വസിക്കുന്നവരാണ് ലിബറലുകൾ. കൺസർവേറ്റീവ്, വ്യക്തി കേന്ദ്രീകൃതമായ അവകാശങ്ങളെക്കാളും സ്വാതന്ത്ര്യങ്ങളെക്കാളും ചില പ്രത്യേക മൂല്യങ്ങൾക്കും ആദർശങ്ങൾക്കും -താരതമ്യേന- കൂടുതൽ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നവരും അത്തരം ആദർശങ്ങളോട് പ്രതിബദ്ധത വച്ചുപുലർത്തുന്നവരും ഈ ആദർശ പൈതൃകങ്ങളെ എക്കാലത്തും ഒരുപോലെ കാത്തുസൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നവരുമാണ്. മുകളിലെ ചർച്ചയിൽ കൺസർവേറ്റീവുകളുടെ ഈ സവിശേഷതയെ മാത്രമാണ് നാം “ആദർശ പ്രതിബദ്ധ”യുള്ള വ്യക്തിയുമായി താരതമ്യപ്പെടുത്താൻ സ്വീകരിച്ചിട്ടുള്ളത് എന്ന് പ്രത്യേകം ഓർക്കണം. അതിനപ്പുറം കൺസർവേറ്റീവുകളുടെ എല്ലാ സാമൂഹികവും രാഷ്ട്രീയവുമായ വിശ്വാസങ്ങളും നിലപാടുകളും “ആദർശ പ്രതിബദ്ധത” ആയി ആരും തെറ്റിദ്ധരിക്കരുത്. വ്യത്യസ്ത രാജ്യങ്ങളിലുള്ള കൺസർവേറ്റീവുകളുടെ പല ആശയങ്ങളോടും നാം (മുസ്‌ലിംകൾ) വിയോജിക്കുന്നു, ലിബറലുകളുടെ പല ആശയങ്ങളോടും നാം (മുസ്‌ലിംകൾ) യോജിക്കുകയും ചെയ്യുന്നുണ്ട്; വിശിഷ്യാ മനുഷ്യാവകാശ വിഷയങ്ങളിൽ നാം കൺസർവേറ്റീവുകളെക്കാൾ ലിബറൽ പക്ഷത്താണ് നിലകൊള്ളുന്നത്. ഇവിടെ ഇരുവിഭാഗത്തിൽ ഏതു വിഭാഗമാണ് നാം മുസ്‌ലിംങ്ങൾ എന്ന ഒരു വിധിയല്ല ലേഖനത്തിലൂടെ നൽകുന്നത്. മറിച്ച് കൺസർവേറ്റീവുകളിലെ ആദർശ നിഷ്ഠയും അതിലൂടെ സംജാതമാകുന്ന ജീവിത നിലപാടുകളും മാത്രമാണ് നാം ഒരു വിശ്വാസിയും ആയി താരതമ്യപ്പെടുത്താൻ സ്വീകരിക്കുന്നത് എന്ന് വായനക്കാർ പ്രത്യേകം മനസ്സിലാക്കണം. ഇസ്‌ലാം ഒരു വലതുപക്ഷ ആശയമോ ഇടതുപക്ഷ ആശയമോ അല്ല എന്നുള്ളത് അടിവരയിട്ട് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

print

No comments yet.

Leave a comment

Your email address will not be published.