വായനക്കാർക്കായി രണ്ട് ചിന്താ പരീക്ഷണം പങ്കു വെക്കട്ടെ.
ഒന്ന്, നിങ്ങൾക്ക് ഏതു ലിംഗത്വമാണൊ അതേ ലിംഗത്വമുള്ള ഒരാളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു എന്നു കരുതുക. നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഞാൻ ഏൽപ്പിച്ച വ്യക്തിയെ കൊണ്ടുപോകണം. ഭക്ഷണം, വസ്ത്രം, സമ്പത്ത്, പാർപ്പിടം, ജീവിത വ്യവഹാരങ്ങൾ, ആസ്വാദനങ്ങൾ, എല്ലാം അയാളുമായി പങ്കുവെക്കണം. ഇപ്രകാരം ജീവിതാവസാനം വരെ നിങ്ങൾ അയാളെ കൂടെ കൂട്ടണം. പുറമേ, അയാൾ പുതിയ കുറച്ച് ആളുകളെയും നിങ്ങളുടെ ജീവിതത്തിലേക്കും വീട്ടിലേക്കും കൊണ്ടുവരും. അവരെയും ഇതുപോലെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റണം. ഇങ്ങനെയൊക്കെ നിങ്ങളോട് ഞാൻ കൽപ്പിച്ചാൽ ആ കൽപ്പന സ്വീകരിക്കാൻ യാതൊരു നിവൃത്തിയുമില്ല എന്ന് പറഞ്ഞൊഴിയുകയാണ് നിങ്ങൾ ചെയ്യുക എന്ന് എനിക്ക് സങ്കൽപ്പിക്കാം.
രണ്ട്, ഇനി മറ്റൊരു രീതിയിൽ സങ്കൽപ്പിക്കുക. നിങ്ങൾ അവിവാഹിതനാണ്/അവിവാഹിതയാണ് എന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ഏതു ലിംഗത്വമാണൊ അതിന് എതിർലിംഗത്തിലുള്ള ഒരാളെ ഞാൻ നിങ്ങളെ വിവാഹം ചെയ്ത് തരുന്നു എന്നു കരുതുക. നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഞാൻ ഏൽപ്പിച്ച വ്യക്തിയെ കൊണ്ടുപോകണം. ഭക്ഷണം, വസ്ത്രം, സമ്പത്ത്, പാർപ്പിടം, ജീവിത വ്യവഹാരങ്ങൾ, ആസ്വാദനങ്ങൾ, എല്ലാം അയാളുമായി പങ്കുവെക്കണം. ഇപ്രകാരം ജീവിതാവസാനം വരെ നിങ്ങൾ അയാളെ കൂടെ കൂട്ടണം. പുറമേ, അയാളും നിങ്ങളും സാന്താനോൽപ്പാദനം നടത്തണം. നിങ്ങളുടെ ജീവിതത്തിലേക്കും വീട്ടിലേക്കും നിങ്ങളുടെ സന്താനങ്ങളെയും കൊണ്ടുവരണം. അവരെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റണം. ഇങ്ങനെയൊക്കെ നിങ്ങളോട് ഞാൻ കൽപ്പിച്ചാൽ ആ കൽപ്പന സ്വീകരിക്കാൻ യാതൊരു അനൗചിത്യവും സാധാരണഗതിയിൽ നിങ്ങൾക്കുണ്ടാവില്ല.
ആദ്യത്തെ ചിന്താ പരീക്ഷണത്തിൽ ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങളെല്ലാം ദുഷ്കരമായി നമുക്ക് അനുഭവപ്പെട്ടു. അതേസമയം രണ്ടാമത്തെ ചിന്താ പരീക്ഷണത്തിൽ സമാനമായ ബാധ്യതകളും ദൗത്യങ്ങളും താരതമ്യേന വളരെ എളുപ്പവും പ്രിയങ്കരവുമായി നമുക്ക് തോന്നി. ഇതിനു കാരണം രണ്ടാമത്തെ പരീക്ഷണത്തിൽ എതിർലിംഗക്കാരനായ/കാരിയായ ഒരു വ്യക്തിയുമായി അനുബന്ധമായി വരുന്ന ബാധ്യതകളാണ് നമ്മെ ഏൽപ്പിച്ചത് എന്നതാണ്. പ്രത്യുൽപാദനം സന്താന പരിപാലനം മനുഷ്യരാശിയുടെ നിലനിൽപ്പും വളർച്ചയും എല്ലാം ഓരോ മനുഷ്യരുടെയും ബാധ്യതയായി ദൈവം നിശ്ചയിച്ചു. ഈ ബാധ്യതകൾ മനുഷ്യർ നിർവഹിക്കാനുള്ള പ്രചോദനമാണ് എതിർലിംഗത്തോടുള്ള നമ്മുടെ ആകർഷണീയതയും, ലൈംഗികതയുടെ ആസ്വാദനവും, പ്രേമവും അനുരാഗവും എല്ലാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രണയം, കാമം, രതിസുഖം, എതിർലിംഗത്തോടുള്ള ആകർഷണീയത എല്ലാം കേവലം പ്രചോദനങ്ങളും സരളവൽക്കരണങ്ങളും മാത്രമാണ്. അവ സ്വമേധയാ ലക്ഷ്യങ്ങളോ ആത്യന്തിക പൂർണാവസ്ഥയൊ അല്ല. തീർത്തും വ്യത്യസ്തമായ രണ്ടാളുകൾ കൂടെ ജീവിക്കണം, എന്നിട്ട് ഒരാൾ അതികഠിനമായ യജ്ഞങ്ങളിലൂടെ സന്താന ഉൽപാദനവും പരിപാലനവും നടത്തണം. മറ്റയാൾ ജീവിതത്തിൻറെ ഒരു വലിയ ഭാഗം ജോലി ചെയ്തു സാമ്പത്തികവും ലൗകികവുമായ പിന്തുണ നൽകണം. എല്ലാം സഹിച്ച് കുറെ മനുഷ്യ കുഞ്ഞുങ്ങളെ… എന്ന് പറഞ്ഞാൽ അത് ഏറ്റെടുക്കാൻ മനുഷ്യൻ വൈമനസ്യം കാണിക്കും.
അതുകൊണ്ടുതന്നെ, ഈ മഹാ മാനുഷിക ദൗത്യം എളുപ്പമാക്കാൻ വേണ്ടി പ്രേമവും കാമവും ഉണ്ടാക്കപ്പെട്ടു എന്ന് മതം നമ്മെ പഠിപ്പിക്കുന്നു.
ഒരു കാര്യത്തിൻ്റെ കാരണം (Cause), പ്രചോദനം (Motivation), ഉദ്ദേശ്യ ലക്ഷ്യം (purpose) എന്നിവ വ്യത്യസ്ത റോളുകളും, വ്യത്യസ്ത തലത്തിലുള്ള പ്രാധാന്യവുമുള്ള വ്യത്യസ്ത കാര്യങ്ങളാണ് എന്ന് പലപ്പോഴും മനുഷ്യർ മറന്നുപോകുന്നു എന്ന്. ചിലർ പ്രണയത്തിൻ്റെ ദീർഘായുസിന് വേണ്ടി സന്താനങ്ങൾ വേണ്ടെന്ന് വെക്കുന്നു. ചിലർ പ്രണയികൾക്ക് വേണ്ടി കുടുംബത്തെ വേണ്ടെന്നു വെക്കുന്നു. ഇതെല്ലാം പ്രചോദനത്തെ ലക്ഷ്യമായി തെറ്റിദ്ധരിക്കുന്നതിലൂടെ സംഭവിക്കുന്നതാണ്.
ജീവശാസ്ത്രജ്ഞർ പ്രേമത്തിന്റെയും കാമത്തിന്റെയും ലക്ഷ്യമായി കരുതുന്നതും പ്രത്യുൽപാദനവും മനുഷ്യവംശത്തിന്റെ അതിജീവനവും വളർച്ചയും തന്നെയാണ്.
ഡോ. ഒക്താർ ഗുലോഗ്ലു എഴുതുന്നു:
“പ്രണയം അതിൻ്റെ ഏറ്റവും പ്രാകൃതമായ രൂപത്തിൽ പ്രത്യുൽപാദന സഹജാവബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നമുക്ക് അനുമാനിക്കാം…”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:10)
ഡോ. ഡാവിഡ്. പി. ബാരഷ് എഴുതുന്നു:
1988 ൽ രചിക്കപ്പെട്ട, Nice Work എന്ന ഡേവിഡ് ലോജിൻ്റെ നോവലിൽ അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്: “ഏതാണ്ട് എല്ലാ സാഹിത്യവും സംസാരിക്കുന്നത് ലൈംഗികതയെക്കുറിച്ചാണ്, സന്താനോൽപ്പാദനത്തെ കുറിച്ചല്ല, എന്നാൽ ജീവിതം നേരെ തിരിച്ചാണ് നിലകൊള്ളുന്നത് സന്താനോൽപ്പാദനമാണ് ലക്ഷ്യം. ലൈംഗികത പ്രചോദനം മാത്രമാണ്”. പരിണാമം പ്രത്യുൽപാദനത്തെയാണ് മുഖ്യമായി കാണുന്നത്…”
(Out of Eden: The Surprising Consequences of Polygamy By David P. Barash. 2016. Oxford University Press, New York, USA: Page: 135)
പ്രത്യുൽപാദനവും, മനുഷ്യ വംശത്തിന്റെ വളർച്ചയും അതിജീവനവും ആണ് പ്രേമത്തിന്റെയും കാമത്തിന്റെയും ലക്ഷ്യമെന്ന കാര്യത്തിൽ -വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ ആണെങ്കിലും- മതശാസ്ത്ര പണ്ഡിതരും ജീവശാസ്ത്ര പണ്ഡിതരും ഒരുപോലെ യോജിക്കുന്നു.
അപ്പോൾ, പ്രത്യുൽപാദനം സന്താന പരിപാലനം കുടുംബ ജീവിതം എന്നിവയെല്ലാം ഏറ്റവും ഉദാത്തമായ രൂപത്തിലേക്ക് ഉയർത്തുന്ന രീതിയിലും മാർഗത്തിലൂടെയും ആയിരിക്കണം പ്രണയം എന്ന് ആർക്കും മനസ്സിലാക്കാമല്ലോ. പക്ഷേ വിവാഹപൂർവ്വ പ്രണയങ്ങളിൽ മിക്കവാറും മുഖ്യ ലക്ഷ്യമായി മാറുന്നത് പ്രണയം മാത്രമാണ്. ഇവിടെ പ്രണയം ലക്ഷ്യവും സന്താനോല്പാദനവും കുടുംബ ക്ഷേമവും എല്ലാം കേവലം പാർശ്വഫലങ്ങൾ മാത്രമായി അധഃപതിക്കുന്നു.
പ്രണയിതാക്കളെ തെരഞ്ഞെടുക്കുമ്പോൾ തീർത്തും സ്വാർത്ഥമായ താല്പര്യങ്ങളും ആസക്തികളും മാത്രം മാനദണ്ഡമാക്കുന്നത് മനുഷ്യരാശിയോട് തന്നെ ചെയ്യുന്ന ദ്രോഹമാണ് എന്ന് ജീവശാസ്ത്രജ്ഞർക്ക് പറയാം. അതു ദൈവേഛക്കും ദൈവം നിശ്ചയിച്ച ലക്ഷ്യത്തിനു എതിരാണെന്ന് മതവിശ്വാസികളും പറയുന്നു. ഏതു വീക്ഷണ കോണിലൂടെ ആണെങ്കിലും ഇത്തരം പ്രേമങ്ങൾ തെറ്റും സ്വാർത്ഥതയും തന്നെയാണ്.
ഒരു വിശ്വാസിയെ എന്നല്ല, ബുദ്ധിയുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളം, ഇണ സന്താന പരിപാലനത്തിനും കുടുംബ ജീവിതത്തിനും ഒത്ത ഗുണവിശേഷമുള്ള വ്യക്തിയായിരിക്കണം എന്ന് ഉറപ്പുവരുത്തൽ യുക്തിപരമാണ്.
കുട്ടികളെ നോക്കാൻ കഴിവുള്ള, അധ്വാനിക്കുന്ന, സന്താന പരിപാലനത്തിന് ഇണങ്ങിയ സൽസ്വഭാവവും മാതൃകാ വ്യക്തിത്വവും ഗുണമേന്മകളും ആത്മീയമായ അവബോധവും ഉള്ള വ്യക്തി തന്നെ വേണം ഇണയായി തിരഞ്ഞെടുക്കാൻ. പ്രേമിക്കാൻ മാത്രം അറിയുന്ന ഒരു ഇണയെ കിട്ടിയിട്ട് എന്താണ് കാര്യം?! “വളച്ച് സ്വന്തമാക്കാനുള്ള” നൈപുണ്യത്തിന് നശ്വരമായ കാല പ്രസക്തിയെ ഉള്ളൂ. ദാമ്പത്യത്തിൻ്റെ ഓരോ ഘട്ടവും നമ്മിൽ നിന്നും തേടുന്ന കർതവ്യ ഭാവങ്ങളെ ഓരോന്നിനെയും അവസരത്തിനൊത്ത് സ്വീകരിക്കുകയും, കുടുംബത്തിൻ്റെ സ്വസ്ഥിതിക്കായി അധ്വാനിക്കുകയും ത്യാഗങ്ങൾ ചെയ്യുകയും ചെയ്യേണ്ടവരാണ് ഇണകൾ.
കുടുംബ ജീവിതത്തിന്റെയും സന്താനങ്ങളുടെയും ഭാവിയെ കുറിച്ച് കൂടി ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ് ഇണയെ തിരഞ്ഞെടുക്കൽ എന്നിരിക്കെ അത് തീർത്തും വ്യക്തിനിഷ്ടമായ വൈകാരിക ആസ്വാദനത്തിൽ അധിഷ്ഠിതമായി നടത്തൽ ദൈവത്തിനു മുമ്പിൽ മറുപടി പറയേണ്ടി വരുന്ന നിരുത്തരവാദിത്വമാണ്. നമ്മുടെ സന്താനങ്ങളെ നാശത്തിൽ ആക്കുന്ന അവരുടെ ഭൗതികവും ആത്മീയവുമായ ജീവിതത്തിന് കളങ്കം വരുത്തുന്ന ഒരു പിതാവിനെയോ മാതാവിനെയോ-നമ്മുടെ ഇണയായി തിരഞ്ഞെടുത്തു കൊണ്ട്- അവരുടെ ഓരോ ദോഷത്തിനും തിന്മക്കും ആത്യന്തികമായ കാരണക്കാരായി നാം മാറുന്നു.
പല പ്രണയങ്ങളും, സ്നേഹ ബന്ധങ്ങളെ മുറിക്കുന്നു, കുടുംബ കലഹങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ സന്താനങ്ങൾക്ക് അർഹതപെട്ട പല സ്നേഹാനുഭവങ്ങളും ജീവിതസൗകര്യങ്ങളും ബന്ധങ്ങളും -നമ്മുടെ ഏകപക്ഷീയമായ തീരുമാനം കാരണമായി – നമ്മുടെ സന്താനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു.
ധർമ്മനിഷ്ഠയും മതബോധവും ഉള്ള ഒരാളെയാണ് ഞാൻ പ്രേമിക്കുന്നത് എന്ന് ന്യായീകരണം പറഞ്ഞു സ്വയം വഞ്ചിക്കുന്നവരുണ്ട്. “ഭക്തനായ കാമുകൻ” എന്നത് “ലൗ ജിഹാദ്” എന്നതു പോലെ ഒരു വിരുദ്ധോക്തി (oxymoron) ആണെന്ന് അവർ മനസ്സിലാക്കണം.
നാം പ്രേമിക്കുന്നത് പ്രേമിക്കാൻ വേണ്ടി മാത്രമല്ല. അങ്ങനെ വന്നാൽ പ്രേമം കുറയുമ്പോൾ നാം ഇണയെ ഉപയോഗിച്ച് വലിച്ചെറിയും. പ്രേമം കേവലമൊരു ഉപഭോഗതൃഷ്ണയായി അവമതിക്കപ്പെടും. പ്രേമത്തിന് അർത്ഥവും ലക്ഷ്യവും നഷ്ടമാവും. പ്രേമം ഒരു മാധ്യമവും ആദർശവുമായി പരിണമിക്കേണ്ടതുണ്ട്.
ഖലീഫ ഉമർ (റ) പറഞ്ഞു:
“പ്രേമത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല കുടുംബംവും, ദാമ്പത്യവും നിലനിൽക്കുക. മറിച്ച്, ഇസ്‌ലാമിൻ്റെ പേരിൽ പരസ്പരം നല്ല സഹവാസം ബാധ്യതയായും പരസ്പരം കനിവും നന്മയും ചെയ്യൽ അനിവാര്യമാണ് എന്നുമുള്ള ബോധത്തെ അടിസ്ഥാനപ്പെടുത്തി കുടുംബവും, ദാമ്പത്യവും നിലനിൽക്കണം ”
(താരീഖുൽ കബീർ: ബുഖാരി: 4:152, തഹ്ദീബുൽ ആസാർ: 142)
ഇപ്പോൾ പ്രേമം തോന്നുന്നില്ല എന്ന കാരണത്താൽ മാത്രം തൻ്റെ പത്നിയെ വിവാഹമോചനം ചെയ്യാൻ ഉദ്ദേശിച്ച ഒരാളോട് ഖലീഫ ഉമർ (റ) ഇപ്രകാരം ചോദിച്ചതായും പറയപ്പെടുന്നു:
“കഷ്ടം! എല്ലാ ദാമ്പത്യവും സഹജീവിതവും പ്രേമത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെ സ്ഥാപിക്കപ്പെടണമെന്നുണ്ടോ? സന്താന പരിപാലനത്തിന് ഒരു വിലയുമില്ലെ? ഉത്തരവാദിത്ത നിർവ്വഹണം കരാർ പാലനം എന്നിവയൊന്നും പരിഗണിക്കപ്പെടില്ലെ?!
പ്രേമം ഒരു വികാരം മാത്രമല്ല. അത് മഹത്തായ ഒരു മാനുഷിക ദൗത്യത്തിന്റെ മാധ്യമമാണ്. ഈ അർത്ഥത്തിൽ പ്രേമം ഒരു ആദർശമാണ്. അതുകൊണ്ടുതന്നെ ആദർശം ഉള്ളവരെ മാത്രമേ പ്രേമിക്കാവു. പ്രേമത്തെ ലക്ഷ്യത്തിൽ അധിഷ്ഠിതം അല്ലാതെ കാണുന്നവർ വൈകാരിക തലത്തിൽ മാത്രമേ പ്രേമത്തെ കാണൂ. അവരുടെ വികാരം അവസാനിക്കുന്നതോടെ അവരുടെ പ്രേമവും അസ്തമിക്കും. ഇതാണ് ഖലീഫ ഉമർ പറഞ്ഞതിന്റെ ആകെത്തുക.
No comments yet.