
പുരുഷന്മാർ മാത്രമല്ല കുറുക്കു വഴികളിലൂടെ എതിർലിംഗക്കാരെ പ്രണയത്തിൽ വീഴ്ത്തുക. മസ്തിഷ്കത്തെ കൺഫ്യൂഷനിലാക്കി ആകർഷണീയത സൃഷ്ടിക്കാൻ സ്ത്രീകൾക്കും സാധിക്കും. എന്നാൽ സ്ത്രീകളിത് സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മേക്കപ്പിലൂടെയും അംഗലാവണ്യ പ്രദർശനത്തിലൂടെയുമാണ് ഇത്.
മേക്കപ്പിൻ്റെയും വസ്ത്രധാരണ ശൈലിയുടെയും ആന്തരികവും അഗാധവുമായ അർത്ഥവും സ്വാധീനവും പുരുഷന്മാരിൽ യാന്ത്രികമായ പ്രതികരങ്ങൾ സൃഷ്ടിക്കുന്നു. ബോധമനസ്സിലെ ചിന്തകൾക്ക് വിപരീതമായി ഉപബോധ മനസ്സിനെ മറ്റു പലതും ചിന്തിപ്പിക്കാൻ കഴിയുന്ന അത്രത്തോളം പുരുഷ മനസ്സിനെ കൺഫ്യൂഷനിലാക്കാൻ മേക്കപ്പിനും വസ്ത്രധാരണ രീതിക്കും സാധിക്കും. ഫലമായി യാതൊരു മൂല്യമൊ അർഹതയൊ ഇല്ലാത്ത സ്ത്രീകളുമായി പുരുഷന്മാർ പ്രണയത്തിലകപ്പെടുന്നു. “ആകർഷണീയത” (Attraction) ക്കപ്പുറം ദാമ്പത്യത്തിന് അനിവാര്യമായ ആവശ്യങ്ങൾ (Needs) ഇണയിൽ നിന്നും നിറവേറ്റപ്പെടുന്നില്ല എന്ന തിരിച്ചറിവ് പിന്നീടാണ് പല പുരുഷന്മാർക്കും ലഭിക്കുക. അപ്പോഴേക്കും വിച്ഛേദിക്കാൻ കഴിയാത്തത്ര ബന്ധം കൂടുതൽ ഇഴമുറുകി കഴിഞ്ഞിരിക്കും!
മേക്കപ്പും ആകർഷണീയ വസ്ത്രധാരണവും എങ്ങനെയാണ് പുരുഷ മനസ്സിനെ ഇത്രയധികം സ്വാധീനിക്കുന്നതെന്ന് ശാസ്ത്രവും ന്യൂറോ സയൻസും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്:
“പ്രാകൃത മസ്തിഷ്കം:
ഒരു പുരുഷൻ തൻ്റെ ജീവിതകാലം മുഴുവൻ ഒരു ഗുഹയിൽ താമസിച്ചവനല്ല എങ്കിൽ ഒരു സ്ത്രീ, മേക്കപ്പ് ചെയ്ത് പ്രത്യക്ഷപ്പെട്ടാൽ അവൾ മേക്കപ്പ് ഇട്ടിരിക്കുന്നതാണ് എന്ന് അവന് മനസ്സിലാക്കാൻ കഴിയും. ഈ സ്ത്രീയുടെ സൗന്ദര്യം കൃത്രിമമാണെന്നറിഞ്ഞിട്ടും തനിക്ക് അവളോട് ആകർഷണീയത തോന്നുന്നത്, ഈ മേക്കപ്പ് വിദ്യയിൽ താൻ എങ്ങനെയൊ വഞ്ചിക്കപ്പെട്ടു കൊണ്ടാണ് എന്നും അയാൾക്ക് എളുപ്പത്തിൽ മനസിലാകും. എന്നിട്ടും എന്തുകൊണ്ടാണ് പുരുഷന്മാർ ഇപ്പോഴും മേക്കപ്പ് ആകർഷകമായി കാണുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്: നമ്മുടെ പ്രാകൃത മസ്തിഷ്കം.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:30)
“പ്രാകൃത മസ്തിഷ്കം” (Primitive brain) എന്ന സങ്കല്പം പരിണാമ സിദ്ധാന്തത്തിൻ്റെ അടിത്തറയിൽ ജീവശാസ്ത്രജ്ഞർ (Biologists) ഉണ്ടാക്കിയെടുത്ത ഒന്നാണ്. മുമ്പ് മനശാസ്ത്രജ്ഞർ (Psychologist) ഏകദേശം ഈ സങ്കല്പത്തെ “ഉപബോധമനസ്സ് ” (subconscious) എന്ന സങ്കല്പത്തിലൂടെ വ്യക്തമാക്കിയിരുന്നു. വിശ്വാസികളായ നമ്മളെ സംബന്ധിച്ചിടത്തോളം, കാലാകാലങ്ങളായി നാം ക്വുർആനിലൂടെ കേട്ട് പരിചയമുള്ള “ദേഹേച്ഛ” (الشهوة) തന്നെയാണ് വ്യത്യസ്തങ്ങളായ പ്രയോഗങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
യുക്തിയും വിവരവും ന്യായാന്യാങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന നമ്മുടെ ബോധമനസ്സിനപ്പുറം ഒരു ഉപബോധ തലം നമുക്കുണ്ട്. നമ്മുടെ പ്രാകൃതമായ വികാരങ്ങളെ മാത്രമാണ് ഈ ഉപബോധതലം കൈകാര്യം ചെയ്യുക. തിന്നുക കുടിക്കുക രമിക്കുക രസിക്കുക തുടങ്ങിയ പ്രാകൃതമായ വികാരങ്ങളെ പച്ചയായി ആവിഷ്കരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാൻ നമ്മളെ ഉള്ളിൽ നിന്നും ശ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഉൾബുദ്ധി അല്ലെങ്കിൽ ആന്തരിക മസ്തിഷ്കം ഉണ്ട്.
വാക്കിലൂടെയും പ്രവർത്തനങ്ങളിലൂടെയും നാം സംവദിക്കുന്നതു പോലെ തന്നെ – ഒരുപക്ഷേ അതിനേക്കാൾ ശക്തമായി – നമ്മുടെ പ്രാകൃത മസ്തിഷ്കം പരസ്പരം ആശയവിനിമയങ്ങൾ നടത്തുന്നുണ്ട്. ഇത് ബോധതലത്തിൽ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
മേക്കപ്പിടുന്ന സ്ത്രീയും മേക്കപ്പിട്ട സ്ത്രീയെ കാണുന്ന പുരുഷനും വാക്കിലോ പെരുമാറ്റത്തിലും ആശയവിനിമയം നടത്തിയില്ലെങ്കിൽ പോലും അവരുടെ പ്രാകൃത മസ്തിഷ്കം പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്.
ഒരു ഉദാഹരണത്തിലൂടെ ഇതു മനസ്സിലാക്കാം:
“ഈസ്ട്രജൻ ഹോർമോൺ സ്ത്രീകളുടെ മുഖത്തെ ചർമ്മത്തെ വാസ്കുലറൈസ് ചെയ്യുന്നതിൽ (മുഖചർമ്മത്തിന് താഴെയുള്ള രക്തക്കുഴലുകളെ സജീവമാക്കുന്നതിൽ) പങ്കെടുക്കുന്നു. ഓക്സിജൻ അടങ്ങിയ രക്തം നിറച്ച നല്ല സിരകളുള്ള ചർമ്മം ചുവപ്പായി കാണപ്പെടും, അവിടെ രക്തവാഹിനി കുഴലുകൾ ഉപരിതലത്തോട് അടുത്തതായിരിക്കും.
(പ്രത്യുൽപാദനത്തിൽ വളരെ പ്രധാനപ്പെട്ട സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ പ്രബലത കവിളിലെ ചുവപ്പ് സൂചിപ്പിക്കുന്നു എന്ന സത്യം ശാസ്ത്രീയമായൊ അനാട്ടമിക്കൽ ആയോ നമുക്കറിയില്ല എങ്കിലും വൈകാരികമായി നമുക്കറിയാം. അതുകൊണ്ടാണ് പുരുഷന്മാർ എഴുതിയ അസംഖ്യം ഗാനങ്ങളിൽ കമിതാവിൻ്റെ കവിളിലെ ചുവപ്പ് ആവർത്തിക്കപ്പെട്ടിട്ടുള്ളത്. ഒരു രീതിയിൽ കവിളിലെ ചുവപ്പിലൂടെ തൻ്റെ പ്രത്യുൽപാദന ശേഷി സ്ത്രീ പുരുഷനെ അറിയിക്കുന്നു. പ്രത്യുൽപാദനവുമായി ഈ വിശേഷണത്തിനുള്ള ബന്ധം സ്ത്രീയുടെയും പുരുഷന്റെയും പ്രാകൃത ബുദ്ധി മനസ്സിലാക്കുന്നു എന്നതുകൊണ്ടാണ്, കവിളിലെ ചുവപ്പ് തന്റെ ആകർഷണീയതയുടെ ഭാഗമാണെന്ന് സ്ത്രീ മനസ്സിലാക്കുന്നത്, സ്ത്രീയുടെ കവിളിലെ ചുവപ്പിനോട് പുരുഷന് ആകർഷണീയത തോന്നുന്നതും. അഥവാ ബോധമനസ്സിൽ കേവലം “ആകർഷണീത” ആയാണ് നമുക്ക് അനുഭവപ്പെടുന്നത് എങ്കിലും പ്രാകൃത മസ്തിഷ്കത്തിൽ അത് പ്രത്യുൽപാദനത്തിനും ഇണക്കത്തിനും ഇണചേരലിനും ഉള്ള സൂചകങ്ങൾ ആയാണ് നിലനിൽക്കുന്നത്.)
അതുകൊണ്ട്, മേക്കപ്പ് ട്രിക്ക് ആയി സ്ത്രീകൾ അവരുടെ കവിളുകളിൽ ഉപയോഗിക്കുന്ന ചുവന്ന ബ്ലഷ് (Blush) യഥാർത്ഥത്തിൽ, “എൻ്റെ ചർമ്മത്തിൽ നല്ല രക്തക്കുഴലുകൾ ഉണ്ട്; അതിനാൽ, എൻ്റെ ഈസ്ട്രജൻ്റെ അളവ് ഉയർന്നതാണ്, എൻ്റെ ആരോഗ്യം മികച്ചതാണ്” എന്ന് പുരുഷന്മാരോട് വിളിച്ചു പറയുകയാണ്…”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:33)
“സ്‌ത്രീകളുടെ ആകർഷകത്വത്തിൽ ബ്ലഷ് മറ്റൊരു നല്ല സ്വാധീനം ചെലുത്തും. നാം ആവേശഭരിതരാകുമ്പോൾ, നമ്മുടെ സിമ്പതറ്റിക് നാഡീവ്യൂഹം കാരണം നമ്മുടെ ശരീരം ചില പ്രതികരണങ്ങൾ നൽകുന്നു. ഈ പ്രതികരണങ്ങളിൽ ചിലത്, നമ്മുടെ കൃഷ്ണമണികളുടെ വികാസം പോലുള്ളവയാണ്, ഇത് മറ്റുള്ളവർ (പുരുഷന്മാർ) ഉപബോധമനസ്സാലെ മനസ്സിലാക്കുന്നു. നമ്മുടെ സിമ്പതറ്റിക് നാഡീവ്യൂഹം മൂലമുണ്ടാകുന്ന മറ്റ് ചില മാറ്റങ്ങൾ നമ്മുടെ സിരകളുടെ വികാസവും ഹൃദയമിടിപ്പിൻ്റെ വർദ്ധനവുമാണ്, ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ഇതിലൂടെ നേർത്ത മുഖ ചർമ്മത്തിലെ സിരകൾ കൂടുതൽ വ്യക്തമാവുകയും നമ്മുടെ മുഖം ചുവപ്പിക്കുകയും ചെയ്യുന്നു.
കവിളിലെ ഈ ചുവപ്പ് (Blush) കാണുമ്പോൾ ആളുകളുടെ പ്രാകൃത മസ്തിഷ്കത്തിലേക്ക് ഒരു സന്ദേശം കൈമാറ്റപ്പെടുന്നു. കവിൾ ചുവന്ന വ്യക്തി, അവരെ വിലമതിക്കുന്നു, നമ്മളെ കൂടുതൽ ഇഷ്ടപ്പെടുന്നു എന്നുമെല്ലാം തോന്നിപ്പിക്കുന്ന പോസിറ്റീവ് സിഗ്നലായി കാണുന്ന വ്യക്തിയുടെ ഉപബോധ മനസ്സ് തെറ്റിദ്ധരിച്ചു പോയേക്കാം.
കാരണം, ആരെങ്കിലും നമ്മളെ കളിയാക്കുമ്പോൾ, നമ്മളിൽ പലരുടെയും കവിൾ ചുവന്നതായി (Blush) മാറുന്നു. പക്ഷെ, എല്ലാവരിൽ നിന്നും ഈ നാണം നമുക്ക് അനുഭവപ്പെടുന്നില്ല. നമ്മൾ വിലമതിക്കുന്നവരോ ഇഷ്ടപ്പെട്ടവരോ ആയവർ കളിയാക്കുമ്പോളൊ സംസാരിക്കുമ്പോളോ മാത്രമേ നമ്മുടെ മുഖം ഇത്തരത്തിൽ ആവൂ. വഴിയിൽ കാണുന്ന ഒരു യാചകനെപ്പോലെ നമ്മൾ കാര്യമായി ശ്രദ്ധിക്കാത്ത ഒരാൾ അതേ കാര്യം പറയുമ്പോൾ, നാണവും കവിൾ ചുവക്കലും (Blush) സംഭവിക്കില്ല. അപ്പോൾ കവിൾ ചുവക്കുക എന്ന ശാരീരിക പ്രവർത്തനം നമ്മുക്ക് (സ്ത്രീക്ക്) ഒരാളോട് താൽപര്യമുണ്ടാവുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. കവിൾ ചുവക്കൽ കാണുന്ന വ്യക്തിയുടെ (പുരുഷൻ്റെ) ഉപബോധ മനസ്സ് ഇത് തിരിച്ചറിയുന്നതിനാലാണ് കവിൾ ചുവക്കുന്നത് പുരുഷന് ആകർഷണീയമായി അനുഭവപ്പെടുന്നത്.
ബ്രഷും കളറും ഉപയോഗിച്ച് കവിളിൽ സൃഷ്ടിക്കുന്ന കൃത്രിമ ചുവപ്പും, കാഴ്ച്ചക്കാ(രായ പുരുഷന്മാ)രുടെ ഉപബോധമനസ്സിലേക്ക് സമാനമായ സന്തോഷം നൽകുന്നു. ഈ കവിൾ ചുവപ്പ് തന്നോടുള്ള ഇഷ്ടത്തിൻ്റെയും പരിഗണനയുടെയും അടയാളമാണെന്ന് ഈ മേക്കപ്പ് ദർശിക്കുന്ന പുരുഷന്മാരുടെ ഉപബോധമനസ്സ് തെറ്റിദ്ധരിക്കുന്നു. അപ്പോൾ അതിനോട് പുരുഷന്മാർക്ക് ആകർഷണീയത തോന്നുന്നു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:39)
ഡോ. ഹന്നാ ഫ്രൈയ് എഴുതിയത് കാണുക:
“സൗന്ദര്യത്തെ വിലയിരുത്തുമ്പോൾ നമ്മുടെ ഭാവി സന്താനങ്ങളുടെ ആരോഗ്യത്തെയും വിജയത്തെയും കുറിച്ചുള്ള ചിന്തകൾ ആവർത്തിച്ചു വരുന്ന വിഷയമാണ്…
പുരുഷന്മാരുടെയും സ്ത്രീകളുടെയും സാർവത്രികമായി ആകർഷിക്കപ്പെടുന്ന ശരീര സവിശേഷതകളിലും ഇത് തന്നെയാണ് നടക്കുന്നത്. നേർത്ത താടിയും വലിയ കണ്ണുകളും തടിച്ച കീഴ്ചുണ്ടുകളുമുള്ള സ്ത്രീ മുഖങ്ങൾ പല സംസ്‌കാരങ്ങളിലുമുള്ള സൗന്ദര്യത്തിൽ ഏറ്റവും ഉയർന്നതായി വിലയിരുത്തപ്പെടുന്നു…
ഈ സവിശേഷതകളുടെ പ്രാധാന്യം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹോർമോണുകളുടെ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, അവരുടെ മുഖ സവിശേഷതകൾ എങ്ങനെ വികസിക്കുന്നു എന്നതിനെ അവരുടെ ഹോർമോണുകൾ നേരിട്ട് സ്വാധീനിക്കും.
ഉയർന്ന അളവിലുള്ള ഈസ്ട്രജൻ ഉള്ള സ്ത്രീകൾക്ക് പൂർണ്ണമായ ചുണ്ടുകളും വലിയ അര- ഇടുപ്പ് അനുപാതവും ഉണ്ടാകും.
ആൻഡ്രോജൻ, സ്റ്റിറോയിഡ് ഹോർമോണുകളുടെ അളവ് കുറവുള്ള സ്ത്രീകൾ, ചെറുപ്പകാലത്തുള്ളത് പോലെ തന്നെ അവരുടെ ചെറുതും ഇടുങ്ങിയതുമായ താടിയെല്ലുകൾ അവരുടെ മുഖത്ത് നിലനിർത്തും. പുരികങ്ങൾ പരന്നതായി നിലനിർത്തും. അത് അവർക്ക് വളരെ വലിയ കണ്ണുകൾ ഉള്ളതായി തോന്നിപ്പിക്കുന്നു.
ആകർഷണീയത ഉളവാക്കുന്ന ഈ ശാരീരിക ഘടന, സ്ത്രീ ഹോർമോണുകളുടെ സന്തുലിതാവസ്ഥ കാരണമാണെന്ന് ചുരുക്കം. സ്ത്രീ ഹോർമോണുകളുടെ ഈ സന്തുലിതാവസ്ഥ -അൽഭുതകരമെന്ന് പറയട്ടെ- പ്രത്യുൽപാദനക്ഷമതയുമായി ക്രിയാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു.”
(The Mathematics of Love: Patterns, Proofs, and the Search for the Ultimate Equation: Dr. Hannah Fry: Professor in the Mathematics of Cities at the UCL Centre for Advanced Spatial Analysis.Page:18, 19)
“ഇടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അരക്കെട്ടുള്ള സ്ത്രീകളെയാണ് അർജൻ്റീന മുതൽ സിംബാബ്‌വെ വരെയുള്ള സംസ്‌കാരങ്ങളിലെ പുരുഷന്മാർ ആഗ്രഹിക്കുന്നത്, ഇത് ഒരു സ്ത്രീയുടെ ആരോഗ്യത്തിനേയും പ്രത്യുൽപാദന ക്ഷമതയെയും കുറിച്ചുള്ള സത്യസന്ധമായ എന്നാൽ അബോധമനസ്സാലെ മനസ്സിലാവുന്ന സൂചനയാണ്. തന്റെ ഇണയിൽ, പ്രത്യേകിച്ചു ദീർഘകാലാടിസ്ഥാനത്തിൽ ബന്ധം ആഗ്രഹിക്കുമ്പോൾ പുരുഷനിൽ സ്ത്രീകൾ തേടുന്ന ഗുണങ്ങളെ വിലയിരുത്താൻ കൂടുതൽ സമയമെടുക്കും. എന്നാൽ “ആദ്യ കാഴ്ചയിൽ തന്നെ പ്രണയം” എന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പവും ലളിതവുമായി സംഭവിക്കുന്നു.”
(Why Women Have Sex: Understanding Sexual Motivation from Adventure to Revenge (and Everything in Between: Cindy Meston and David Buss : Page: 179)
മേക്കപ്പിലൂടെ “ഇഷ്ട സന്ദേശങ്ങൾ” നാം എല്ലാവർക്കും കൈമാറുകയാണ് ചെയ്യുന്നത് എന്നർത്ഥം. വായിനോക്കികളും, ഞരമ്പ് രോഗികളും അടക്കം എല്ലാ തോന്നിവാസികൾക്കും നാം അറിഞ്ഞോ അറിയാതെയോ “ഇഷ്ട സന്ദേശങ്ങൾ” മേക്കപ്പ് വഴി കൈമാറുന്നു. അപ്പോൾ പല തരത്തിലും പുരുഷന്മാർ സ്ത്രീകളോട് പ്രതികരിച്ചേക്കാം. ഒരു സ്ത്രീ വാക്കിലൂടെയൊ പെരുമാറ്റത്തിലൂടെയോ യാതൊരു താൽപര്യവും പ്രകടിപ്പിച്ചിട്ടില്ലാത്ത, പുരുഷൻമാരും -മേക്കപ്പിലൂടെയുള്ള സന്ദേശം സ്വമേധയാൽ കൈപ്പറ്റി- പ്രതികരിച്ചു എന്ന് വരാം.
ഉപബോധ മനസ്സിൽ “ഇഷ്ട സന്ദേശങ്ങൾ” കൈപ്പറ്റുന്നവരിൽ, ചില പുരുഷന്മാർ അതിനോട് പ്രേമാഭ്യർത്ഥന കൊണ്ടും വിവാഹ അഭ്യർത്ഥന കൊണ്ടുമായിരിക്കാം പ്രതികരിക്കുക. എന്നാൽ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ച് ശീലമില്ലാത്ത അക്രമകാരികളായ ചില പുരുഷന്മാർ ലൈംഗിക അഭ്യർത്ഥനയും നിർബന്ധിത ലൈംഗികതയ്ക്കും സ്ത്രീയെ വിധേയമാക്കി എന്നും വരാം. അതുകൊണ്ടുതന്നെ ഇത്തരം സൂചനകൾ എല്ലാവരുടെയും ഉപബോധമനസ്സിലേക്ക് നിക്ഷേപിക്കേണ്ടതും അയക്കേണ്ടതുമായ ഒരു കാര്യമാണോ എന്ന് സ്ത്രീകൾ തന്നെ ചിന്തിക്കേണ്ടതുണ്ട്. വാചികമായി “എനിക്ക് നിങ്ങളിൽ താല്പര്യമില്ല” എന്ന് ഒരു പുരുഷനോട് പറയുമ്പോൾ തന്നെ, ശാരീരികമായി കൃത്രിമ ബ്ലഷ് പ്രദർശിപ്പിച്ചുകൊണ്ട് “എനിക്ക് നിങ്ങളിൽ വളരെ താല്പര്യമുണ്ട്” എന്ന സന്ദേശം പ്രാകൃത മസ്തിഷ്കത്തിന് സ്ത്രീ നൽകുന്നുണ്ട്. വാചികമായ ആശയവിനിമയത്തേക്കാൾ ശക്തമാണ് പ്രാകൃത മസ്തിഷ്കവുമായുള്ള ശാരീരികമായ ഈ ആശയവിനിമയം എന്നതും കൂടി നാം മനസ്സിലാക്കണം:
“ഒരു വ്യക്തിയുമായി ആശയവിനിമയം നടത്തുമ്പോൾ നമ്മൾ പറയുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണ് നമ്മുടെ ശരീരഭാഷ. ശരീരഭാഷ നമ്മുടെ വാക്കുകളേക്കാൾ 12.5 മടങ്ങ് ഫലപ്രദമാണെന്ന് ചില പഠനങ്ങൾ അവകാശപ്പെടുന്നു …”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:74)
അപ്പോൾ, മേക്കപ്പിലൂടെയും അല്ലാതെയുമുള്ള “ഇഷ്ട സന്ദേശങ്ങൾ” സുരക്ഷിതരായ പുരുഷ ഇണക്ക് (ഭർത്താവ്) സുരക്ഷിതമായ ബന്ധത്തിനുള്ളിൽ (വിവാഹം) മാത്രമേ നൽകാവൂ എന്ന് ഇസ്ലാമിക സംസ്കാരം ആവശ്യപ്പെടുന്നതിന്റെ യുക്തി ഇതാണ്.
ലിപ്സ്റ്റിക്കിന്റെ കാര്യം അടുത്തതായി ചർച്ച ചെയ്യാം:
ചുവന്നു തുടുത്ത ചുണ്ട് ഉയർന്ന ഈസ്ട്രജൻ അളവിനെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീത്വ ഹോർമോണായ ഈസ്ട്രജന്റെ അളവ് ഉയർന്ന പ്രത്യുൽപ്പാദന സാധ്യതയെയും സന്താന ആരോഗ്യത്തെയും ബലപ്പെടുത്തുന്നു. ലിപ്സ്റ്റിക്കിലൂടെ ചുണ്ട് ചുവപ്പിക്കുകയും കട്ടി കൂടിയതു പോലെയും ആക്കുന്ന ഒരു സ്ത്രീ താൻ പ്രത്യുൽപ്പാദനത്തിന് ഏറ്റവും ഇണങ്ങിയ വ്യക്തിയാണെന്ന സന്ദേശം പുരുഷന്മാരുടെ ഉപബോധ മനസ്സിനോട് സംവദിക്കുന്നതിനാലാണ് ലിപ്സ്റ്റിക്ക് ആകർഷണീയമായി അവന് തോന്നുന്നത്.
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020)
കൺപോളകളുടെ മുകളിലും താഴെയും പലതരം ചായങ്ങൾ ചാർത്തി, കൺപീലികൾ കൃത്രിമമായി പിടിപ്പിച്ചും, കൃത്രിമ കൃഷ്ണമണികൾ (Contact lens) വെച്ചും കണ്ണ് നീട്ടി എഴുതിയുമെല്ലാം കണ്ണിൻ്റെ വിശാലതയും ആകർഷണീയതയും വർദ്ധിപ്പിക്കാൻ സ്ത്രീകൾ സാധാരണ ശ്രമിക്കുന്നതും പുരുഷൻ്റെ ഉപബോധ മനസ്സിലേക്ക് ഇഷ്ട സന്ദേശങ്ങൾ കൈമാറുന്ന മറ്റൊരു മേഖലയാണ്. എതിർലിംഗക്കാരുടെ കണ്ണുകളിലേക്കുള്ള ദീർഘമായ നോട്ടങ്ങളിലൂടെയും ആശയവിനിമയങ്ങൾ നടക്കുന്നു. മസ്തിഷ്ക പ്രക്ഷാളനങ്ങൾ സാധ്യമാക്കുന്നു.
“പഠനങ്ങൾ വെളിപ്പെടുത്തുന്നത്, തങ്ങളുടെ കൃഷ്ണമണികൾ വികസിപ്പിച്ചു (dilated pupils) കൊണ്ട് ആരെങ്കിലും പണം കടം ചോദിച്ചാൽ ആളുകൾ അവർക്ക് പണം കടം കൊടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്. അതിനാൽ, പണം കടം കൊടുക്കാൻ ആരോടെങ്കിലും ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ ശമ്പളം ഉയർത്താൻ നിങ്ങളുടെ ബോസിനോട് ആവശ്യപ്പെടുമ്പോൾ, അല്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് മണി വർദ്ധിപ്പിക്കാൻ നിങ്ങളുടെ പിതാവിനോട് ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ കൃഷ്ണമണികൾ വലുതാക്കുന്നത് നല്ല പ്രതികരണം ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇവ കൂടാതെ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിൻഡർ മുതലായവയിൽ വികസിച്ച കൃഷ്ണമണിയോട് കൂടെയുള്ള ഫോട്ടോകൾ ഇടുകയാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ലൈക്കുകൾ ലഭിക്കും. തൊഴിൽ അപേക്ഷകൾക്കും ഈ പ്രതിഭാസം ബാധകമാണ്. ഫോട്ടോകളുള്ള CV-കൾ അനുവദനീയമായ ഒരു രാജ്യത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, വികസിച്ച കൃഷ്ണമണിയുള്ള നിങ്ങളുടെ ഫോട്ടോ അറ്റാച്ചുചെയ്യുകയാണെങ്കിൽ, പോസിറ്റീവ് റിട്ടേണിനുള്ള സാധ്യത മെച്ചപ്പെടും.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:33)
മേക്കപ്പിനേക്കാൾ ശക്തമായി, പുരുഷ മസ്തിഷ്കത്തെ കൺഫ്യൂഷനിൽ ആക്കുന്ന മറ്റൊരു ഘടകമാണ് വേഷവിധാനങ്ങളിലെ ആകർഷണീയത. വേഷവിധാനങ്ങൾ മേക്കപ്പിനേക്കാൾ ശക്തമായ സന്ദേശങ്ങൾ കൈമാറുന്നുണ്ട്.
അർദ്ധ നഗ്നത പ്രകടിപ്പിക്കുന്ന, അഗലാവണ്യം ബോധിപ്പിക്കുന്ന തുറന്നതും ഒട്ടിയതുമായ വസ്ത്രധാരണ രീതികൾ പുരുഷൻറെ പ്രാകൃത മസ്തിഷ്കത്തെ കൺഫ്യൂഷനിൽ ആക്കാൻ ഉതകുന്നതാണെന്ന് സ്ത്രീയുടെ പ്രാകൃത മസ്തിഷ്കത്തിന് അറിയാം. അതെങ്ങനെയെന്ന് നമുക്കൊന്നു നോക്കാം:
നിതംബത്തിൻ്റെ (Hips) സ്തനത്തിൻ്റെയും (Breast) ആകൃതി വെളിവാക്കുന്ന രീതിയിൽ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവരാണ് മിക്കവാറും സ്ത്രീകൾ. നിതംബത്തിൻ്റെയും സ്തനത്തിൻ്റെയും ആകൃതി പുരുഷ മസ്തിഷ്കത്തിൽ എങ്ങനെയാണ് “ആകർഷണീയത” സൃഷ്ടിക്കുന്നത് എന്ന്, സ്വീഡനിലെ ലണ്ട് യൂനിവേഴ്സിറ്റിയിലെ ന്യൂറോ സയൻ്റിസ്റ്റായ, ഡോ. ഒക്താർ ഗുലോഗ്ലു വിശദീകരിക്കുന്നത് കാണുക:
“ഇൻ-വിട്രോ-ഫെർട്ടിലൈസേഷനിൽ (IVF), WHR (അര- ഇടുപ്പ് അനുപാതം) 0.8-ൽ താഴെയുള്ള സ്ത്രീകൾ ഗർഭിണിയാകാനുള്ള സാധ്യത കൂടുതലാണ്. ഈ മൂല്യത്തിന് മുകളിലുള്ള ഓരോ 0.1 വർദ്ധനവും ഗർഭധാരണ സാധ്യത 30% കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഉയർന്ന WHR ഉള്ള സ്ത്രീകളിൽ, അണ്ഡോത്പാദനം കൂടാതെയുള്ള ആർത്തവചക്രങ്ങളുടെ എണ്ണം കൂടുതലാണ്.
ഈസ്ട്രജൻ കാരണം സ്ത്രീകൾക്ക് സ്തനങ്ങളിലും ഇടുപ്പിലും കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു…
ഈ WHR (അര- ഇടുപ്പ് അനുപാതം) നന്നാവുന്നത് സ്ത്രീകളിൽ ആകർഷണീയത വർദ്ധിപ്പിക്കുന്നു എന്നതും നമ്മുടെ പ്രാകൃത മസ്തിഷ്കത്തിൻ്റെ പ്രവർത്തനത്താലാണ്. അല്ലാതെ സമൂഹത്തിൽ നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ സ്വാധീനത്താൽ അല്ല.
ഡച്ച്, അമേരിക്കൻ ശാസ്ത്രജ്ഞർ, 2010-ൽ ജന്മനാ അന്ധരായ ആളുകളുടെ WHR (അര- ഇടുപ്പ് അനുപാതത്തെ കുറിച്ച) മുൻഗണന എന്താണെന്നറിയാൻ ഒരു പരീക്ഷണം രൂപകല്പന ചെയ്തു. ജന്മനാ അന്ധരായ ആളുകൾക്ക് ടാബ്ലോയിഡ് മാസികകളും ടെലിവിഷനും അടിച്ചേൽപ്പിക്കുന്ന സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങളുടെ സ്വാധീനമുണ്ടാവില്ലല്ലൊ.
പരീക്ഷണത്തിനായി സാധാരണ കാഴ്ചശക്തിയുള്ള ആളുകളുടെ ഒരു നിയന്ത്രണ ഗ്രൂപ്പും കണ്ണടച്ച മറ്റൊരു കൂട്ടം ആളുകളും പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളും സ്ത്രീകളെ ആകർഷകത്വത്തിൻ്റെ അടിസ്ഥാനത്തിൽ WHR 0.7, 0.84 എന്നിവയുമായി താരതമ്യം ചെയ്തു. സ്വാഭാവികമായും, സ്ത്രീകളുടെ ശരീരത്തിൽ സ്പർശിച്ചുകൊണ്ട് ഏത് അരക്കെട്ടും ഇടുപ്പുമാണ് അവർ ഇഷ്ടപ്പെടുന്നതെന്ന് അവർ തീരുമാനിച്ചു.
അന്ധരായി ജനിച്ചവരുൾപ്പെടെ എല്ലാ ഗ്രൂപ്പുകളും, സ്ത്രീകൾക്ക് ഏറ്റവും ആകർഷകമായത് 0.7 എന്ന അരക്കെട്ട്-ഹിപ് അനുപാതം ആണെന്ന് അഭിപ്രായപ്പെടുത്തി. എതിർവിഭാഗത്തിൽപ്പെട്ടവരിൽ നമ്മൾ ഇഷ്ടപ്പെടുന്ന മിക്ക ഘടകങ്ങളും നമ്മുടെ ആദിമ മസ്തിഷ്കത്തിൽ അന്തർലീനവും സ്ഥിരതാമസവുമുള്ളവയാണ് എന്നതിൻ്റെ മറ്റൊരു സൂചനയാണ് ഈ പരീക്ഷണം.
“കണ്ണിന്റെ ചലനം ട്രാക്ക് ചെയ്തു കൊണ്ടുള്ള പരീക്ഷണങ്ങൾ വിശകലനം ചെയ്യുമ്പോൾ, സ്ത്രീ ശരീരത്തിലെ പുരുഷന്മാർ ഏറ്റവും കൂടുതൽ നോക്കുന്ന മേഖലകളിൽ ഒന്ന് നിതംബമാണെന്ന് നമുക്ക് കാണാം. 90 കളിലെ “സൈസ് സീറോ” മോഡൽ ക്രേസ് നമ്മൾ കണക്കിലെടുക്കില്ലെങ്കിൽ, വളരെക്കാലമായി സ്ത്രീകളുടെ ആകർഷണത്തിൽ ഇടുപ്പ് ഒരു പങ്ക് വഹിക്കുന്നു. നൂറ്റാണ്ടുകളായി അല്ലെങ്കിൽ സഹസ്രാബ്ദങ്ങളായി അവരുടെ ആകർഷണത്തിൽ ഇടുപ്പിൻ്റെ ഈ പ്രാധാന്യം സ്ത്രീകൾക്ക് അറിയാം.
പുരാതന കാലത്തെ വ്യത്യസ്ത സംസ്കാരങ്ങളിൽ പോലും, ഫലഭൂയിഷ്ഠതയെ പ്രതീകപ്പെടുത്തുന്ന മിക്ക സ്ത്രീ ശിൽപങ്ങളിലും ഇടുപ്പ് വളരെ വലുതായി ചിത്രീകരിച്ചിരുന്നു. മധ്യകാലഘട്ടത്തിലും പിന്നീടും, സ്ത്രീകൾ തങ്ങളുടെ നിതംബങ്ങൾ തങ്ങൾക്കുള്ളതിനെക്കാൻ വലുതായി കാണുന്നതിന് വളയം ഘടിപ്പിച്ച പാവാടയും അരക്കെട്ട് നേർത്തതാക്കാൻ ഒരു കോർസെറ്റും ധരിച്ചിരുന്നു. സമാനമായ ഒരു പ്രവണത ഇന്നും ചില വിവാഹ വസ്ത്ര ശൈലികളിൽ തുടരുന്നു. ദൈനംദിന ജീവിതത്തിലും, മിക്ക സ്ത്രീകളും ബ്രസീലിയൻ ബട്ട് ലിഫ്റ്റ് സർജറികൾ അല്ലെങ്കിൽ സ്ക്വാറ്റ് വ്യായാമങ്ങൾ ഉപയോഗിച്ച് അവരുടെ നിതംബം വലുതാക്കാനും രൂപപ്പെടുത്താനും ശ്രമിക്കുന്നത് നാം കാണുന്നു.
എന്തുകൊണ്ടാണ് സ്ത്രീകളുടെ ആകർഷണീയതയിൽ നിതംബങ്ങൾക്ക് ഇത്ര പ്രാധാന്യം നൽകപ്പെടുന്നത്? ഈ പുരുഷന്മാർക്ക് അരക്കെട്ടിനോടും നിതംബത്തോടുമുള്ള ആകർഷണീയതക്ക് കാരണം എന്താണ്?”
“കൗമാരപ്രായത്തിൽ ഈസ്ട്രജൻ ഉൽപ്പാദനം വർദ്ധിക്കുന്നത് സ്ത്രീകളിൽ അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, മറിച്ച് ഇത് സ്തനങ്ങളിലും നിതംബം, ഇടുപ്പ്, തുടകൾ തുടങ്ങിയ ഗ്ലൂട്ടിയോഫെമോറൽ മേഖലയിൽ അടിഞ്ഞുകൂടുന്നു.
ഈസ്ട്രജൻ്റെ വർദ്ധനവോടെ ഉണ്ടാകുന്ന ഈ കൊഴുപ്പ് നിക്ഷേപം സ്ത്രീകളിൽ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാണ്. കൂടാതെ ഇത് സ്ത്രീ ശരീരത്തിന് ഒരു ഹവർഗ്ലാസ് (ചൊരിമണൽ ഘടികാരം) ആകൃതി നൽകുന്നു. ഗ്ലൂട്ടിയോഫെമോറൽ മേഖലയിൽ, പ്രത്യേകിച്ച് ഇടുപ്പിൽ അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ്, സ്ത്രീ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പിൽ ന്നിന്നും വ്യത്യസ്തമായ കൊഴുപ്പാണ് സംഭരിക്കുന്നത്. കൂടാതെ ഇത് ദീർഘകാലം ശരീരത്തിൽ നിലനിൽക്കുന്ന അപൂരിത ഫാറ്റി ആസിഡുകളുടെ പ്രാഥമിക ഉറവിടമാണ്, പ്രത്യേകിച്ച് ഒമേഗ -3 ഡോകോസഹെക്സെനോയിക് ആസിഡ് (DHA) എന്നറിയപ്പെടുന്നു. ഈ ദീർഘകാല ഉപയുക്തമായ അപൂരിത ഫാറ്റി ആസിഡുകൾ, സാധാരണ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് വളരെ അപൂർവമാണ്. ഇവയാകട്ടെ, ജലാംശം ഒഴിവാക്കിയാൽ മനുഷ്യ മസ്തിഷ്കത്തിൻ്റെ ഭാരത്തിൻ്റെ 20% വരും.
ഇത്തരം സവിശേഷതകളാൽ തന്നെ പെണ്ണിൻ്റെ ഈ ശരീരാവയവങ്ങളിൽ നിക്ഷിപ്തമായ കൊഴുപ്പുകൾ ഗര്ഭപിണ്ഡത്തിനും കുഞ്ഞിൻ്റെ ആരോഗ്യകരമായ മസ്തിഷ്ക വികാസത്തിനും അത്യന്താപേക്ഷിതമാണ്. അതിനാൽ, ഗർഭധാരണത്തിന് മുമ്പ് സ്ത്രീകളിൽ ഈ പ്രദേശങ്ങളിൽ, ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിർണായകമാണ്. കൂടാതെ, മുലപ്പാലിലെ ദീർഘകാലം നിലനിൽക്കുന്ന അപൂരിത ഫാറ്റി ആസിഡുകളുടെ 80% ഈ പ്രദേശത്തെ കൊഴുപ്പുകളിൽ നിന്നാണ് വരുന്നത്. വാസ്തവത്തിൽ, ഈ ലോങ് ചെയിൻ അപൂരിത ഫാറ്റി ആസിഡുകൾ മുലയൂട്ടുന്ന സമയത്ത് സ്ത്രീകൾ സപ്ലിമെൻ്ററി ഫുഡായി എടുത്താലും, ഈ സപ്ലിമെൻ്റുകൾ ഇടുപ്പിലെ കൊഴുപ്പിൽ അടിഞ്ഞുകൂടിയതിനേക്കാൾ ഫലപ്രദമല്ല.
വലിയ ഇടുപ്പുള്ള സ്ത്രീകളുടെ കുട്ടികൾ കൂടുതൽ ബുദ്ധിയുള്ളവരാണെന്ന് പഠനങ്ങൾ കാണിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു സർവകലാശാലയിൽ നടത്തിയ ഒരു സെമിനാറിൽ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ, ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ്റെ അമ്മയ്ക്കും വലിയ ഇടുപ്പുണ്ടോ എന്ന് സദസ്സിലിരുന്ന ഒരാൾ ചോദിച്ചു. സത്യം പറഞ്ഞാൽ, ഞാൻ ഇത് മുമ്പ് ചിന്തിച്ചിട്ടില്ല, അന്വേഷിച്ചിട്ടുമില്ല. എന്നാൽ ഈ ഡാറ്റയുടെ വെളിച്ചത്തിൽ “ഐൻസ്റ്റീൻ്റെ അമ്മയ്ക്കും വലിയ ഇടുപ്പുണ്ടായിരുന്നിരിക്കാനാണ് സാധ്യത എന്ന് ഞാൻ കരുതുന്നു” എന്ന് ഞാൻ പറഞ്ഞു. ചിരിക്കിടയിൽ, സദസ്സിൽ നിന്ന് ചിലർ അവരുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച്, ഗൂഗിളിൽ ഐൻസ്റ്റീൻ്റെ അമ്മയുടെ ചിത്രം കണ്ടെത്തി. ഞാൻ പറഞ്ഞത് ശരിയാണ്!
ഐൻസ്റ്റീൻ്റെ അമ്മക്ക് വലിയ ഇടുപ്പു തന്നെയാണ്.
ഇടുപ്പിലെ കൊഴുപ്പുകൾ കുഞ്ഞിൻ്റെ മസ്തിഷ്ക വളർച്ചയ്ക്ക് വളരെ പ്രധാനമായത് കൊണ്ട് തന്നെ മറ്റുള്ള എല്ലാ ഊർജ നിക്ഷേപവും കഴിച്ചതിനുശേഷം മാത്രമേ ശരീരം മറ്റ് കാര്യങ്ങൾക്ക് ഇവ ഉപയോഗിക്കൂ. കലോറി നിയന്ത്രിച്ചു കൊണ്ടുള്ള ഭക്ഷണക്രമത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ സാധാരണയായി എല്ലായിടത്തും നിന്നും ശരീരഭാരം കുറയ്ക്കുന്നു. അവരുടെ വയറുകൾ കുറയുന്നു, കവിൾ ചുങ്ങുന്നു, സ്തനങ്ങൾ ചുരുങ്ങാൻ തുടങ്ങുന്നു, പക്ഷേ അവരുടെ ഇടുപ്പിലെ കൊഴുപ്പ് ഉറച്ച മട്ടാണ്; അത് കുലുങ്ങുന്നില്ല! ഇതാണ് അതിന് കാരണം. ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിൻ്റെ പ്രത്യേകതയും പ്രാധാന്യവും നമ്മുടെ ശരീരത്തിന് അറിയാവുന്നതിനാൽ, ഈ കൊഴുപ്പ് (പ്രത്യുൽപാദന) ആവശ്യത്തിനല്ലാതെ ഉപയോഗിക്കാതെ അവസാനം വരെ സൂക്ഷിക്കുന്നു…”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 61 – 63)
എല്ലാം പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സന്ദേശമാണ് നൽകുന്നത് എന്നതിനാൽ തന്നെ, കൺഫ്യൂഷനിൽ ആകുന്ന പുരുഷ മസ്തിഷ്കം ലൈംഗികമായ പ്രതികരണങ്ങൾ നൽകുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഭംഗിക്കും ആകർഷണീയതക്കുമപ്പുറം ലൈംഗിക ചുവയുള്ള ഒരു പ്രവർത്തനവും താൻ പ്രദർശിപ്പിക്കാതെ, എന്തുകൊണ്ട് പുരുഷാസക്തി ലൈംഗികമായി പ്രതികരിക്കുന്നു എന്ന് ചിന്തിക്കുന്ന വല്ല നിഷ്കളങ്കരായ സ്ത്രീകളുമുണ്ടെങ്കിൽ ഇതാണ് അതിനു പിന്നിലെ രഹസ്യം എന്ന് മനസ്സിലാക്കുക.
മേക്കപ്പിലൂടെയും വസ്ത്രധാരണത്തിലൂടെയും സ്വന്തം ആകർഷണീയത സർവ്വരുമായി പങ്കുവെക്കുന്ന സ്ത്രീ തനിക്ക് ഹാനികരമാണെന്ന് മനസ്സിലാക്കിയിട്ടും അത്തരം സ്ത്രീകളെ പിന്തുടരാനും പ്രണയിക്കാനും ഒരു പക്ഷെ വിവാഹം കഴിക്കാനുമെല്ലാം പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് എന്താണ്? “ഇവൾക്ക് നല്ല ഈസ്റ്റ്രജനുണ്ട്, ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉണ്ട്, നല്ല പ്രത്യുൽപാദന ശേഷിയുണ്ട്, സന്താനങ്ങൾക്ക് നല്ല ആരോഗ്യമുണ്ടാവും. സമയം കളയാതെ അവളെ സ്വന്തമാക്കൂ…” എന്ന് പുരുഷൻ്റെ പ്രാകൃത മസ്തിഷ്കം പറഞ്ഞു കൊണ്ടിരിക്കുന്നു എന്നതിനാലാണിത്.
പുരുഷ മസ്തിഷ്കത്തെ ഇത്തരത്തിൽ ഹൈജാക് ചെയ്യാൻ വിശ്വാസിനികളായ സ്ത്രീകൾക്ക് പാടില്ലെന്നും, ഹൈജാക്ക് ചെയ്യപ്പെടുന്നതിൽ നിന്നും ദൃഷ്ടികൾ താഴ്ത്തി, വിശ്വാസികളായ പുരുഷന്മാർ സ്വയം സുരക്ഷിതരാവണമെന്നും ഇസ്‌ലാം നിഷ്കർഷിച്ചതിൻ്റെ യുക്തി ഇതാണ്:
“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍… (വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട കുടുംബക്കാർ,) സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”
(ക്വുർആൻ: 24:31)
ആവശ്യങ്ങൾക്ക് പുറമെയുള്ള വ്യക്തിപരവും അഗാധവുമായ വിഷയങ്ങൾ മൃദുലമായ സ്വരത്തോടെ കൂടിയുമാണ് സ്ത്രീ സംസാരിക്കുന്നതെങ്കിൽ മസ്തിഷ്കം ഹാക് ചെയ്യപ്പെടുന്നത് കൂടുതൽ ശക്തമാവുന്നു:
“പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന പിച്ചും നിഗൂഢമായ ശബ്ദവും ഒരു സ്ത്രീയെ കൂടുതൽ ആകർഷകമാക്കുന്നു. പൗരുഷം കലർന്ന, പരുക്കൻ ശബ്ദവുമുള്ള സ്ത്രീകൾ എതിർലിംഗത്തിലുള്ളവർക്ക് കൂടുതൽ അനാകർഷണീയത ഉളവാക്കുന്നു. അതുകൊണ്ടാണ് ചില പെൺകുട്ടികൾ ശൃംഗാര സംഭാഷണങ്ങളിൽ, പൊതുവെ അവരുടെ ശബ്ദം നേർത്തതാക്കുകയും കുട്ടികളുടെ സംസാരത്തെ അനുകരിക്കുകയും ചെയ്യുന്നത്. ശബ്ദം അൽപ്പം കനം കുറഞ്ഞാൽ സ്ത്രീകളുടെ ആകർഷണം കൂടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 73)
“പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) ലോലമായ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. സാധാരണ(യും സ്വഭാവികവുമായ സ്വര) ശൈലിയിൽ നിങ്ങള്‍ പറഞ്ഞു കൊള്ളുക.”
(ക്വുർആൻ: 33: 32) ഖുർആൻ നിയമങ്ങൾ ആവിഷ്കരിച്ചതിലെ ആന്തരികയുക്തി വ്യക്തമാവുന്നുണ്ടല്ലോ.
നിരൂപണാത്മക ചിന്തയും യുക്തിചിന്തയുമെല്ലാം പ്രണയം ആരംഭിക്കുന്നതോടെ വളരെ ദുർബലമാവും എന്നതുകൊണ്ട് തന്നെ ബാഹ്യമായ ശാരീരിക ആകർഷണീയതതെ മുറിച്ചു കടന്ന് ഇണയെ വിലയിരുത്താനും മനസ്സിലാക്കാനും ആൺകുട്ടിക്കും പുരുഷന്മാർക്കും കഴിയില്ല എന്ന് വ്യക്തം. ഇത്തരം സന്ദർഭങ്ങളിൽ ബാഹ്യമായ ആകർഷണീയതയിൽ അകപ്പെടാതെ ഇണയുടെ മൂല്യവും അർഹതയും വസ്തുനിഷ്ഠമായി വിലയിരുത്താൻ ഇണയുടെ അതേ (സ്ത്രീ) ലിംഗത്തിലുള്ള ഒരു ഗുണകാംക്ഷി നമുക്ക് ആവശ്യമായി വരുന്നു. ഇത് ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുക മാതാവിനാണ് എന്നതിൽ സംശയമില്ല.
No comments yet.