“കൃത്രിമ വഴികളിലൂടെ ഒരാളെ കൊണ്ട് പ്രേമിപ്പിക്കാം. മസ്തിഷ്കത്തെ ഹാക് ചെയ്യാം.
നമ്മുടെ മസ്തിഷ്കം ഒരു അതിശയകരമായ അവയവമാണ്. സെക്കൻഡിൽ 1 ട്രില്യൺ പ്രവർത്തനങ്ങൾ പ്രോസസ്സ് ചെയ്യാനും 100 ടെറാബൈറ്റ് വിവരങ്ങൾ സംഭരിക്കാനും അതിന്കഴിയും. നമ്മുടെ പക്കലുള്ള ഏറ്റവും പുതിയ ഫോണുകളേക്കാളും കമ്പ്യൂട്ടറുകളേക്കാളും ശക്തവും മികച്ചതുമാണ് നമ്മുടെ മസ്തിഷ്കം.
എന്നിരുന്നാലും, മസ്തിഷ്കം ഒരു മണ്ടൻ അവയവവും കൂടിയാണ്. മസ്തിഷ്കം വളരെ എളുപ്പത്തിൽ വഞ്ചിക്കപ്പെടാം. പ്രണയവും ഇതിന് അപവാദമല്ല. മസ്തിഷ്കത്തെ കബളിപ്പിച്ച്, ആരെയെങ്കിലും നമ്മളുമായി പ്രണയത്തിലാക്കാൻ കഴിയും. അല്ലെങ്കിൽ കുറഞ്ഞത് പ്രണയ പ്രക്രിയ വേഗത്തിൽ ആക്കാനെങ്കിലും സാധിക്കും.
1974-ൽ, അമേരിക്കൻ ശാസ്ത്രജ്ഞരായ ഡൊണാൾഡ് ഡട്ടണും അർനോൾഡ് ആരോണും 85 പുരുഷന്മാരിൽ രസകരമായ ഒരു പരീക്ഷണം നടത്തി; പ്രണയത്തിന്റെ കാര്യത്തിൽ തലച്ചോറിനെ എങ്ങനെ കബളിപ്പിക്കാമെന്ന് കാണിക്കലായിരുന്നു പരീക്ഷണത്തിൻ്റെ ലക്ഷ്യം. പരീക്ഷണത്തിൽ, ആഴത്തിലുള്ള ഒരു താഴ്‌വരയിലെ, 140 മീറ്റർ നീളമുള്ള ഒരു “തൂക്കുപാല”ത്തിലൂടെ കടന്നുപോവാനായി പുരുഷന്മാരിൽ ചിലലോട് ആവശ്യപ്പെട്ടു. മറ്റു പുരുഷന്മാർ ഇതിനു സമാനമായി “കോൺക്രീറ്റ് പാല”ത്തിലൂടെ ഒരു താഴ്‌വര മുറിച്ചുകടന്നു. അവർ പാലം കടന്നയുടനെ, പരീക്ഷണത്തിൻ്റെ ഭാഗമായി ഒരു വനിതാ അസിസ്റ്റൻ്റ് അവർക്ക് ഒരു ചോദ്യാവലി കൊടുക്കുകയും അതിന് ഉത്തരം നൽകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവർ ചോദ്യാവലി പൂരിപ്പിച്ച് പൂർത്തിയാക്കിയപ്പോൾ, പരീക്ഷണത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാനായി വനിതാ അസിസ്റ്റൻ്റ് അവളുടെ ഫോൺ നമ്പർ അവർക്ക് നൽകി. ഇതുവരെയുള്ള പരീക്ഷണം ബാലിശമാണെന്ന് തോന്നുമെങ്കിലും പിന്നീട് നടന്നത് വളരെ രസകരമായിരുന്നു.
“തൂക്കുപാലം” കടന്ന മിക്ക പുരുഷന്മാരും വനിതാ അസിസ്റ്റന്റിനെ ഫോണിൽ വിളിച്ച് കാപ്പി കുടിക്കാൻ പോവാൻ ആഗ്രഹം പ്രകടിപ്പിച്ചു. “കോൺക്രീറ്റ് പാലം” കടന്ന പുരുഷന്മാരിൽ ഈ നീക്കം കാണപ്പെട്ടില്ല.
ആരോണും ഡട്ടണും നടത്തിയ ഈ പരീക്ഷണത്തിലെ ഒരേയൊരു വ്യത്യാസം പാലത്തിൻ്റെ തരമാണ്: ഒന്ന് കോൺക്രീറ്റും മറ്റൊന്ന് തൂക്കുപാലവുമാണ്. കോൺക്രീറ്റ് പാലങ്ങൾ ഉറച്ചതാണ്. ഉയരങ്ങളോട് വലിയ ഭയം ഇല്ലെങ്കിൽ, നമുക്ക് അവയിൽ എളുപ്പത്തിൽ നടക്കാം. തൂക്കുപാലങ്ങളുടെ കാര്യമോ? ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഇടത്തോട്ടും വലത്തോട്ടും ആടുന്ന കയറുകൊണ്ട് നിർമ്മിച്ച പാലങ്ങളാണ് അവ. അവ മുറിച്ചുകടക്കുന്നത് മിക്ക ആളുകളെയും ഉത്കണ്ഠാകുലരാക്കുന്നു. അതിനാൽ, ഈ പരീക്ഷണത്തിൽ, തൂക്കുപാലം കടന്ന പുരുഷന്മാരുടെ അഡ്രിനാലിൻ (Adrenaline) വർദ്ധിച്ചു. അവരുടെ കൈകൾ വിയർത്തു, അവരുടെ ഹൃദയമിടിപ്പ് ത്വരിതപ്പെട്ടു. അതായത്, അവരുടെ (ഉത്കണ്ഠാകുല സാഹചര്യങ്ങളിൽ ഒന്നുകിൽ ഓടി രക്ഷപ്പെടാനൊ (flight) അല്ലെങ്കിൽ നിന്ന് പോരാടാനോ (fight) സഹായിക്കുന്ന മസ്തിഷ്ക ഘടനയായ) സിമ്പതറ്റിക് നാഡീവ്യൂഹങ്ങൾ സജീവമായി. കോൺക്രീറ്റ് പാലം ഉപയോഗിച്ചവരുടെ സ്ഥിതി ഇതായിരുന്നില്ല.
പരീക്ഷണത്തിൻ്റെ ഭാഗമായ ഒരു ചോദ്യാവലിക്ക് ഉത്തരം നൽകാൻ വനിതാ അസിസ്റ്റൻ്റിൻ്റെ അടുത്തെത്തിയപ്പോഴും തൂക്കുപാലം കടന്നവർ ഈ സിമ്പതറ്റിക് നാഡീവ്യൂഹം (Sympathetic nervous system) സജീവമായതിൻ്റെ സ്വാധീനത്തിലായിരുന്നു. നമ്മുടെ സിമ്പതറ്റിക് നാഡീവ്യൂഹം സജീവമാകുന്ന മറ്റൊരു അവസ്ഥ കൂടിയുണ്ട്: നമ്മൾ ഒരാളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ ആണത്. അതു കൊണ്ടാണ് നാം സ്വകാര്യമായി പ്രണയിക്കുന്ന (Crush) ഒരാളെ കാണുമ്പോൾ നമുക്ക് അവരുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെടാൻ തോന്നുന്നതും അവരോട് സംസാരിക്കുമ്പോൾ ഉത്ക്കണ്ഠ ഉണ്ടാവാനും ഒക്കെ കാരണം. അഥവാ പ്രണയത്തിൻറെ സമയത്തും തൂക്കുപാലത്തിലൂടെ കടന്നു പോവുക പോലെയുള്ള ഉൽക്കണ്ഠാജനകമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമയത്തും സിമ്പതറ്റിക് നാഡീവ്യൂഹം (Sympathetic nervous system) എന്ന് മസ്തിഷ്കത്തിന്റെ ഒരേ ഭാഗം തന്നെയാണ് സജീവമാകുന്നത്. (ഇത് തലച്ചോറിനെ കൺഫ്യൂഷനിൽ ആക്കുന്നു. ഉൽക്കണ്ഠാജനകമായ ഒരു പ്രവർത്തനം ചെയ്ത്, സിമ്പതറ്റിക് നാഡീവ്യൂഹം സജീവമായിരിക്കുന്ന അതേ ഘട്ടത്തിൽ നാം എതിർലിംഗത്തിലെ ഒരാളെ പരിചയപ്പെടുമ്പോൾ മസ്തിഷ്കം കരുതുന്നത് എതിർലിംഗക്കാരനോടുള്ള ആകർഷണീയത കൊണ്ടാണ് സിമ്പതറ്റിക് നാഡീവ്യൂഹം സജീവമായിരിക്കുന്നത് എന്നാണ്. ഇത് ആ വ്യക്തിയോട് നമ്മിൽ പ്രേമം ജനിക്കാൻ കാരണമായി ഭവിക്കുന്നു. ഉൽക്കണ്ഠാജനകമായ ജീവിത സാഹചര്യത്തിലൂടെ പോകുന്ന സമയത്ത് നാം അടുക്കുന്ന എതിർലിംഗക്കാരോട് ആകർഷണീയതയും പ്രേമവും ജനിക്കുന്നത് യഥാർത്ഥത്തിൽ ഈ കൺഫ്യൂഷനിൽ നിന്നാണ്)
പാലം കടന്നയുടൻ വനിതാ സഹായിയെ കണ്ടപ്പോൾ, വർധിച്ച ഉത്കണ്ഠയാൽ സിമ്പതറ്റിക് നാഡീവ്യൂഹം സജീവവുമായിരിക്കുന്നതിനാൽ അവരുടെ തലച്ചോറ് ആശയക്കുഴപ്പത്തിലായി. “ഈ പെൺകുട്ടിയെ കണ്ടപ്പോൾ എൻ്റെ ഹൃദയമിടിപ്പ് കൂടുന്നു, കൈപ്പത്തി വിയർക്കുന്നു, അഡ്രിനാലിൻ വർദ്ധിച്ചു, അതിനാൽ, ഈ സ്ത്രീയിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടതാവും” എന്ന് അവർ ചിന്തിച്ചു. അതുകൊണ്ട് തന്നെ തൂക്കുപാലം കടന്നവർ പരീക്ഷണം കഴിഞ്ഞ് യുവതിയെ വിളിച്ച് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോൺക്രീറ്റ് പാലം കടക്കുന്ന പുരുഷന്മാരുടെ സിമ്പതറ്റിക് നാഡീവ്യൂഹം സജീവമാകാത്തതിനാൽ, അത്തരം ആശയക്കുഴപ്പം അവർക്ക് ഉണ്ടായില്ല. അതുകൊണ്ട് തന്നെ തൂക്കുപാലം കടക്കുന്നവരെ പോലെ പരീക്ഷണം കഴിഞ്ഞ് ഡേറ്റിനായി അവർ അവളെ വിളിച്ചില്ല.
ഈ പരീക്ഷണം നടത്തിയത് പുരുഷന്മാരിലാണെങ്കിലും, മറ്റ് പഠനങ്ങളിലെ സമാനമായ ഫലങ്ങൾ കാണിക്കുന്നത് ഈ ആശയക്കുഴപ്പം രണ്ട് ലിംഗക്കാർക്കും ഉണ്ടെന്നാണ്…
ഇപ്രകാരം മസ്തിഷ്കത്തെ കബളിപ്പിക്കുന്നതിന്, തൂക്കുപാലം കടന്നുപോകുന്നത് പോലുള്ള അപകടകരമായ പ്രവർത്തനങ്ങളിൽ ഒരാൾ ഏർപ്പെടണമെന്ന് നിർബന്ധമില്ല. വ്യക്തി ഉത്കണ്ഠാകുലനാകുന്ന, സിമ്പതറ്റിക് നാഡീവ്യൂഹം സജീവമാകുന്ന ഏതൊരു സാഹചര്യവും പ്രവർത്തനവും ഈ കബളിപ്പിക്കലിന് മതിയാകുന്നതാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്തോ സ്‌കൂളിലോ ഉള്ള ആദ്യ ദിവസത്തെക്കുറിച്ച് ഉത്കണ്ഠയുള്ള ഒരു വ്യക്തിയിൽ…
ആരെയും അറിയാത്തതിനാൽ ഒരു പാർട്ടിയിൽ കോണിൽ പരിഭ്രാന്തനായി കാത്തിരിക്കുന്ന ഒരാളിൽ… ഇങ്ങനെ ഏത് ഉൽക്കണ്ഠാജനകമായ ജീവിത സാഹചര്യത്തിലും സിമ്പതറ്റിക് നാഡീവ്യൂഹം സജീവമാകും. ഇത്തരക്കാരോട് എതിർലിംഗത്തിൽ പെട്ടവർ സംസാരിക്കുമ്പോൾ, അവരിൽ സമാനമായ ഇഫക്റ്റുകളും വികാരങ്ങളും ഉയർന്നുവന്നേക്കാം.
എന്നാൽ നമ്മിൽ ഭൂരിഭാഗവും ആദ്യമായി കണ്ടുമുട്ടിയതിന് ശേഷം, ഒരു സാധാരണ പരിചയത്തിൻ്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്നതുമായ ശൃംഗാര സംഭാഷണങ്ങൾക്ക് സമാനമായ ഫലം നേടാൻ കഴിയുമോ?
അതെ എന്നാണ് ഉത്തരം. അതിനാൽ, ശൃംഗാര സംഭാഷണങ്ങളുടെ പ്രാരംഭ ഘട്ടം, ഉത്കണ്ഠ ജനിപ്പിക്കുന്നതും സാഹസികത ഉൾക്കൊള്ളുന്നതുമായ പശ്ചാത്തലങ്ങളിലാണ് നടക്കുന്നതെങ്കിൽ, ഉദാഹരണത്തിന് അമ്യൂസ്‌മെൻ്റ് പാർക്കിൽ പോകുന്നതോ ത്രില്ലർ സിനിമയ്ക്ക് പോകുന്നതോ, ഒക്കെ സമാനമായ രീതിയിൽ സ്വാധീനിക്കുന്നതാണ്. കാരണം നമ്മൾ പ്രണയിക്കുന്നവരുടെ സിമ്പതറ്റിക് നാഡീവ്യവസ്ഥ ഈ സന്ദർഭങ്ങളിലെല്ലാം സജീവമാണ്. ”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 150, 151)
ടൂറുകൾ, പിക്നിക്കുകൾ, തിയ്യറ്ററുകൾ, ബൈക് റൈഡുകൾ തുടങ്ങി സാഹസികതയും ഉത്കണ്ഠയോ നിലനിൽക്കുന്ന പശ്ചാത്തലങ്ങൾ നമ്മുടെ മസ്തിഷ്കത്തെ കബളിപ്പിച്ചുകൊണ്ട് അനർഹരുമായി പ്രേമത്തിൽ ആവാൻ സാഹചര്യം ഒരുക്കപ്പെടുന്നു. ക്യാമ്പസ് ജീവിതത്തിലെയും ഉദ്യോഗ ജീവിതത്തിലെയും ഉൽക്കണ്ഠാജനകമായ പശ്ചാത്തലത്തിലും മുള പൊട്ടുന്ന മിക്കവാറും പ്രണയങ്ങളും ഇത്തരത്തിൽ ഒരുതരം മസ്തിഷ്ക പ്രക്ഷാളനങ്ങളാണ്.
പരിധികളും വ്യവസ്ഥകളും നിയമങ്ങളും എല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള സ്ത്രീപുരുഷ സങ്കലനവും സംസർഗ്ഗവും ഇത്തരം മസ്തിഷ്ക പ്രക്ഷാളനത്തിലേക്ക് നമ്മെ നയിക്കും. മസ്തിഷ്കം സന്തുലിതമായ അവസ്ഥയിൽ നാം ഒരിക്കലും ഇഷ്ടപ്പെടാത്ത തെറ്റായ വ്യക്തിയിലേക്ക് പ്രണയം നമ്മളെ കൊണ്ടെത്തിക്കുന്ന മറ്റൊരു വഴിയാണ് ഇത് എന്ന് വ്യക്തം. നമ്മുടെ വികാരങ്ങളെ പ്രണയം അവിഹിതമായും കൗശലകരമായും സ്വാധീനിക്കുന്ന സാഹചര്യങ്ങൾ നാം തന്നെ ഉണ്ടാക്കി കൊടുക്കുന്ന ദുരവസ്ഥയാണ് അതിർവരമ്പുകൾ ലംഘിച്ചു കൊണ്ടുള്ള ഈ എതിർലിംഗ കൂടിക്കലരലുകൾ സൃഷ്ടിക്കുക.
പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം നിരുപാധികമായി ഇടപഴകരുത് എന്നും, ലിംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ പരസ്പരം പാലിക്കണമെന്നും ഇസ്‌ലാം നിഷ്കർഷിച്ചതിന്റെ പല കാരണങ്ങളിൽ ഒന്നാണ് ഈ ഗവേഷണത്തിലൂടെ നാം തിരിച്ചറിയുന്നത്. മസ്തിഷ്കം ഹൈജാക്ക് ചെയ്യപ്പെടുന്നതിലൂടെ, സാധാരണഗതിയിൽ നാം ഇഷ്ടപ്പെടാത്ത, നമുക്ക് ചേരാത്ത ഭൗതികമായും ആത്മീയമായും ദോഷകരമായ ബന്ധങ്ങൾ നമ്മുടെ മനസ്സിൽ മുളപൊട്ടുന്നു. എന്നാൽ മസ്തിഷ്കത്തിന്റെ ഈ ദുർബല അവസ്ഥക്ക് അറുതി വരുന്നതോടുകൂടി, സ്വാഭാവികമായ ബൗദ്ധിക നിലവാരത്തിലേക്ക് നാം തിരിച്ചെത്തുമ്പോൾ ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളിൽ നാം ഖേദിക്കുകയും, സ്ഥാപിച്ച ചില ബന്ധങ്ങളുടെ നീരാളി പിടുത്തത്തിൽ നിന്ന് എങ്ങനെ ഒഴിയുമെന്ന് തല പുകയ്ക്കുകയും ചെയ്യേണ്ടി വരുന്നു.
ശ്രദ്ധേയമായ മറ്റൊരു ഗവേഷണ വിവരണം കാണൂ:
“ആകർഷണത്തിന്റെ കാര്യത്തിൽ ആളുകളുടെ തലച്ചോറിനെ കബളിപ്പിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ഇതുവരെ സംസാരിച്ചത്. ശരി, നമ്മുടെ പ്രണയ പങ്കാളിയുടെ തലച്ചോറിനെ സമ്പൂർണമായും ഹാക്ക് ചെയ്യാൻ നമുക്ക് കഴിയുമോ? ഒരാളെക്കൊണ്ട് നമ്മെ പ്രേമിപ്പിക്കാൻ, നമ്മളോടുള്ള പ്രേമത്തിൽ അയാളെ അകപ്പെടുത്താൻ വല്ല കുറുക്കുവഴിയുമുണ്ടോ?
ഇത്തരമൊരു കുറുക്കു വഴി വാസ്തവത്തിൽ ഉണ്ട്!
1997-ൽ സൈക്കോളജിസ്റ്റ് ആർതർ ആരോൺ നടത്തിയ പഠനം ഇതാണ് സൂചിപ്പിക്കുന്നത്. ആർതർ ആരോൺ നിർമ്മിച്ച കുറുക്കു വഴി, പരീക്ഷണാർത്ഥികളിൽ പരിശോധന നടത്തിയത് ചില പരീക്ഷണാർത്ഥികൾ തമ്മിൽ വിവാഹത്തിൽ വരെ അവസാനിക്കുകയുണ്ടായി !! ആർതർ ആരോൺ കണ്ടെത്തിയ രീതി വളരെ ഫലപ്രദം മാത്രമല്ല, വളരെ ഹ്രസ്വവുമാണ്.
തികച്ചും അപരിചിതരായ രണ്ട് ആളുകൾക്ക് പരസ്പരം പ്രണയത്തിലാകാൻ ഈ രീതി ഉപയോഗിച്ച് 49 മിനിറ്റ് മാത്രമേ എടുക്കൂ. 45 മിനിറ്റിനുള്ളിൽ ഉത്തരം നൽകേണ്ട 36 ചോദ്യങ്ങളും അതിനുശേഷം 4 മിനിറ്റ് മിഴികളുടെ സമ്പർക്കവും ഈ സാങ്കേതിക രീതിയിൽ ഉൾപ്പെടുന്നു. എല്ലാ ചോദ്യങ്ങളും ഞാൻ ഇവിടെ എഴുതുന്നില്ല; അതിൻ്റെ ആവശ്യവുമില്ല. അവയിൽ ചിലത് നമ്മുക്ക് നോക്കാം:
ആരുമായും ആശയവിനിമയം നടത്താൻ അവസരമില്ലാതെ ഇന്ന് വൈകുന്നേരം നിങ്ങൾ മരിക്കുകയാണെങ്കിൽ, ആരോടെങ്കിലും പറയാതിരുന്നതിൽ നിങ്ങൾ ഏറ്റവും ഖേദിക്കുന്ന കാര്യമെന്തായിരിക്കും?
എന്തുകൊണ്ടാണ് നിങ്ങൾ ഇതുവരെ അവരോട് ഈ കാര്യം പറയാത്തത്?
ഒരു ഗുണമോ കഴിവോ നേടാൻ കഴിയുമെങ്കിൽ, നിങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഗുണമോ കഴിവോ എന്തായിരിക്കും?
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണ്?
ഒരു വർഷത്തിനുള്ളിൽ നിങ്ങൾ പെട്ടെന്ന് മരിക്കുമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന രീതിയിൽ എന്തെങ്കിലും മാറ്റം വരുത്തുമോ? വരുത്തുമെങ്കിൽ എന്തുകൊണ്ട്?
നിങ്ങളുടെ കുടുംബവുമായി നിങ്ങൾക്ക് എത്രത്തോളം അടുപ്പമുണ്ട്? നിങ്ങളുടെ കുടുംബം നിങ്ങൾക്ക് എന്താണ്?
നിങ്ങളുടെ കുടുംബത്തിലെ എല്ലാ ആളുകളിലും വെച്ച് ആരുടെ മരണമാണ് നിങ്ങൾക്ക് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുക? എന്തുകൊണ്ട്?
ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷം ഏതാണ് ?
നിങ്ങളെ വളർത്തിയ രീതിയിൽ എന്തെങ്കിലും മാറ്റാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, അത് എന്തായിരിക്കും?
ഈ ചോദ്യങ്ങളിൽ പൊതുവായ ഒരു സാമ്യത നിങ്ങൾ ശ്രദ്ധിച്ചിവോ? വ്യക്തിയിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചോദ്യങ്ങൾ, ആളുകളുമായി അവർ എളുപ്പത്തിൽ പങ്കിടാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെടുന്നതാണ് ഈ ചോദ്യങ്ങൾ. ഉത്തരങ്ങൾ വളരെ വ്യക്തിപരവും അഗാധമായവയുമാണ്. അല്ലേ?
ഈ സവിശേഷതകൾ ഉപയോഗിച്ച്, തലച്ചോറിനെ കബളിപ്പിക്കുകയാണ് ചോദ്യങ്ങൾ ചെയ്യുന്നത്. സാധാരണയായി നമ്മൾ ആഴത്തിലുള്ള വിഷയങ്ങളും രഹസ്യങ്ങളും, നമ്മുടെ ജീവിതത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വിശദാംശങ്ങളും പെട്ടെന്ന് കണ്ടുമുട്ടിയവരുമായോ അല്ലെങ്കിൽ ബന്ധത്തിൻ്റെ തുടക്കത്തിൽ നമ്മുടെ പങ്കാളികളുമായോ പങ്കിടാറില്ല. ഉദാഹരണത്തിന്, നമ്മുടെ കുടുംബത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകൾ, പശ്ചാത്താപങ്ങൾ, പരാധീനതകൾ, അങ്ങനെ പലതും പലപ്പോഴും പങ്കാളിയുമായി പങ്കു വെക്കുന്നത് ബന്ധം ഒരു നിശ്ചിത ഘട്ടത്തിൽ എത്തിയതിന് ശേഷം, ഒരു നിശ്ചിത അടുപ്പവും പരസ്പര വിശ്വാസവും ഉണ്ടായതിന് ശേഷം മാത്രമാണ്.
ആർതർ ആരോണിൻ്റെ പഠനത്തിലെ ചോദ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ, ബന്ധത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെക്കുറിച്ചാണ് പ്രാരംഭത്തിൽ തന്നെ പരസ്പരം പങ്കു വെക്കപ്പെടുന്നത്. ഇതാണ് ആർതർ ആരോൺ കണ്ടെത്തിയ കുറുക്കുവഴി. ഒരാൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, അവരുടെ ഉപബോധമനസ്സ് ഇങ്ങനെ ചിന്തിക്കുന്നു, “ഞാൻ ഇയാളുമായി ആഴത്തിലുള്ള വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ഞാൻ അവരിലേക്ക് ശരിക്കും ആകർഷിക്കപ്പെടുകയും ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവരെ നന്നായി വിശ്വസിക്കുകയും ചെയ്തിരിക്കണം.”… (ഇതു നമ്മുടെ മസ്തിഷ്കത്തെ കൺഫ്യൂഷനിൽ ആക്കുന്നു. അങ്ങേയറ്റത്തെ ബന്ധമുള്ള ഒരുപാട് കാലമായി സ്നേഹിക്കുന്ന സമ്പൂർണ്ണമായ വിശ്വാസമുള്ള ഒരാളുമായി പങ്കുവെക്കേണ്ട അഗാധവും വ്യക്തിപരവുമായ വിഷയങ്ങൾ സംസാരിക്കുമ്പോൾ അതൊരു അന്യനോട് ആണെങ്കിൽ പോലും, ആ അന്യൻ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട, വളരെ പ്രിയപ്പെട്ട വ്യക്തിയാണെന്ന് ഉപബോധ മനസ്സ് തെറ്റായി ധരിക്കുന്നു. ഇത് അന്യനോട് യാതൊരു യുക്തിയുമില്ലാതെ പ്രേമത്തിൽ അകപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു)
സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദ്യങ്ങൾ മാത്രമല്ല, അവസാനത്തെ നാല് മിനിറ്റ് നേത്ര സമ്പർക്കവും പ്രണയം തഴച്ചുവളരാൻ അത്യന്താപേക്ഷിതമാണ്. 1989-ൽ യു.എസ്. ശാസ്ത്രജ്ഞനായ ജോവാൻ കെല്ലർമാനും അവരുടെ സഹപ്രവർത്തകരും 96 ആളുകളിൽ നടത്തിയ പഠനം കാണിക്കുന്നത്, കണ്ണുകളിലേക്ക് വെറും 2-മിനിറ്റ് നോക്കിയിരുന്നാൽ തന്നെ, പരസ്പരം ഇഷ്ടം കൂടാൻ നമ്മെ അത് പ്രചോദിപ്പിക്കുന്നു എന്നാണ്. എന്നാൽ അവരുടെ പഠന ഫലങ്ങളിലെ ഏറ്റവും നിർണായകമായ വിശദാംശം ഈ നോട്ടം പരസ്പരവും ആഴമേറിയതുമായിരിക്കും എന്നതാണ്…”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 153-155)
എതിർലിംഗങ്ങളിലുള്ള വ്യക്തികൾ പരസ്പര വ്യവഹാരങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കേണ്ടതായ ഇസ്‌ലാം പഠിപ്പിച്ച ഓരോ അതിർവരമ്പുകളുടെയും പ്രസക്തിയാണ് ഈ പഠനങ്ങൾ എല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്.
“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച്മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക… തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്.”
(ക്വുർആൻ: 24: 30, 31)
ദൃഷ്ടികൾ താഴ്ത്താൻ ഇരുലിംഗത്തിൽ ഉള്ളവരോടും ഇസ്‌ലാം കൽപ്പിച്ചു. സ്വകാര്യതയും (Privacy) അടുപ്പവും (intimacy) അന്യരുമായി പങ്കുവെക്കരുത് എന്നും നിർദ്ദേശിച്ചു. ഇത്തരം നിയമസംവിധാനങ്ങളും ലിംഗത്വ സംസ്കാരവുമാണ്, മസ്തിഷ്കം ഹൈജാക്ക് ചെയ്യപ്പെടുന്ന പശ്ചാത്തലങ്ങളിലും ബൗദ്ധികമായ ദുർബലാവസ്ഥയിലും കാവലാളാവുക.
لَا يَخْلُوَنَّ رَجُلٌ بامْرَأَةٍ إلَّا وَمعهَا ذُو مَحْرَمٍ
“വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട വ്യക്തികൾ കൂടെയില്ലാതെ ഒരു സ്ത്രീയുമായും ഒരു പുരുഷനും തനിച്ചാവുകയെ അരുത്”
(സ്വഹീഹുൽ ബുഖാരി: 3006) എന്ന് പ്രവാചകൻ പഠിപ്പിക്കാൻ കാരണം സ്ത്രീകളുടെ സുരക്ഷയാണ് എന്നത് പോലെ തന്നെ, മറ്റുപല യുക്തികളും ഈ നിർദ്ദേശത്തിനു പിന്നിലുണ്ട് എന്ന് മുകളിൽ വായിച്ച പഠനങ്ങളിലൂടെ നമുക്ക് തിരിച്ചറിയാം. തനിച്ചാകുമ്പോൾ ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നു. പ്രസ്തുത സംസാരം സാധാരണഗതിയിൽ സംഘത്തിൽ സംസാരിക്കുന്ന വിഷയങ്ങൾ ആവാനുള്ള സാധ്യത വളരെ കുറവാണ്. വ്യക്തിപരവും അഗാധവുമായ ചർച്ചയാണ് തനിച്ചുള്ള സ്ത്രീപുരുഷ സംവാദങ്ങളിലൂടെ സംഭവിക്കുക. ഇത് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ മസ്തിഷ്കത്തെ വഞ്ചനയിൽ അകപ്പെടുത്തുകയും, സ്വതസിദ്ധമല്ലാത്ത പ്രേമബന്ധങ്ങൾക്ക് തുടക്കം കുറിക്കാനും കാരണമാകുന്നു. സോഷ്യൽ മീഡിയകളിലൂടെയുള്ള ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ നടത്തുന്ന പ്രൈവറ്റ് ചാറ്റുകളും ഇതേ അപകട സാധ്യത ഉൾക്കൊള്ളുന്ന കാര്യങ്ങളാണ്.
സ്വതസിദ്ധമായി ഉണ്ടാവാത്ത, മസ്തിഷ്കത്തെ അവിഹിതമായി സ്വാധീനിച്ചു കൊണ്ട് രൂപീകൃതമാകുന്ന ഇത്തരം പ്രണയങ്ങൾ ആരോഗ്യകരമായിരിക്കാൻ യാതൊരു വഴിയുമില്ല. ഇത്തരം പശ്ചാത്തലങ്ങളിൽ ഭൂജാതമാകുന്ന പ്രണയങ്ങളിൽ പ്രണയികൾ പരസ്പരം അല്ല പലപ്പോഴും പ്രേമിക്കുന്നത്. പ്രത്യുത സാഹചര്യങ്ങളെയാണ് അവർ പ്രേമിക്കുന്നത്.
എന്നാൽ നാം പ്രേമിച്ചത് അയാളുടെ ചോദ്യങ്ങളെയാണ്, അല്ലെങ്കിൽ നാമകപ്പെട്ട സാഹചര്യങ്ങളെയാണ്, അല്ലാതെ ആ വ്യക്തിയുടെ വ്യക്തിത്വത്തെയോ ഗുണ വിശേഷണങ്ങളെയോ ഒന്നുമല്ല എന്ന് നമുക്ക് തിരിച്ചറിവ് നഷ്ടപ്പെടുന്നു. ജീവിതത്തിൻ്റെ ഒറ്റപ്പെട്ട അവസ്ഥയിൽ ഏകാന്തതയിൽ പ്രത്യക്ഷപ്പെടുന്ന അനർഹനായ/ അനർഹയായ വ്യക്തികളെ ചിലർ പ്രേമിക്കുന്നത് ഇതിനു ഉദാഹരണം.
വൈകാരിക അപഹാരങ്ങളിൽ നിന്നും (Emotional manipulation) രക്ഷപ്പെടണമെങ്കിൽ ഇസ്‌ലാം ലിംഗത്വ പരിധികൾ ലംഘിക്കപ്പെടാതിരിക്കണം. എതിർ ലിംഗത്തിലുള്ളവരുടെ (വിവാഹപൂർവ്വം) പരസ്പര അടുപ്പം (intimacy) തടയപ്പെടണം. പ്രണയങ്ങൾ പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്നതല്ല. അവയ്ക്ക് ഓരോ ഘട്ടങ്ങളുണ്ട്. അവയുടെ ആദ്യഘട്ടം അനിയന്ത്രിതമായി നടന്നാൽ തുടർന്നുവരുന്ന ഘട്ടങ്ങളെ തടയാൻ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പ്രാഥമിക ഘട്ടത്തെ തടസ്സപ്പെടുത്താൻ ബോധപൂർവ്വമായി ഓരോ വിശ്വാസിയും വിശ്വാസിനിയും തയ്യാറാവേണ്ടതുണ്ട്.
“എല്ലാ ദിവസവും, റോഡിലൂടെ നടക്കുമ്പോഴും, ഒരു കഫേയിലും മറ്റും ഇരിക്കുമ്പോഴും, ടി.വി.യിലും എല്ലാം ആകർഷണീയരായ ഡസൻ കണക്കിന് ആളുകളെ നാം കാണുന്നു. എന്നാൽ നമ്മൾ അവരുമായി പ്രണയത്തിലാകുന്നില്ല, കാരണം പ്രണയം സാധാരണയായി ചില ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു വികാരമാണ്.
ഒന്നാമതായി, നമ്മൾ ആകർഷിക്കപ്പെടുന്ന വ്യക്തി നമുക്ക് പ്രാപ്യമായിരിക്കണം. ഇതിനർത്ഥം നമുക്ക് എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്ന ഒരാളുമായാണ് നാം പ്രണയത്തിലാവുക. കാരണം, ഒരു വ്യക്തിയുമായി ആശയവിനിമയം നടത്തുമ്പോൾ മാത്രമേ നമ്മൾ പരസ്പരം നന്നായി അറിയുകയും പ്രണയത്തിലേക്ക് ആകർഷിക്കപ്പെടാൻ സ്വയം അനുവദിക്കുകയും ചെയ്യുകയുള്ളു…”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 110)
“ആകർഷണം ഉടലെടുത്താൽ, പ്രണയത്തിലാകാൻ നാം കടന്നുപോകേണ്ട ഘട്ടം അടുപ്പമാണ്. അതിനാൽ, മറ്റൊരാളുടെ പ്രാപ്യത/ലഭ്യത പ്രണയത്തിലാകാൻ അത്യന്താപേക്ഷിതമാണ്. നമുക്ക് ശാരീരികമായി എത്തിപ്പെടാൻ കഴിയാത്ത ആളുകളുമായി അടുക്കാൻ നമുക്ക് അവസരമില്ല. ന്യൂയോർക്കിലെ തിരക്കേറിയ തെരുവുകളിലൂടെ നടക്കുമ്പോൾ നിങ്ങൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ഒരാളെ വീണ്ടും കണ്ടുമുട്ടാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങൾ ടെലിവിഷനിലോ സിനിമയിലോ കാണുന്ന അഭിനേതാക്കളുമായി ഒരേ സാമൂഹിക അന്തരീക്ഷം പങ്കിടാനും കൂടുതൽ അടുക്കാനും സാധ്യതയില്ല. അതിനാൽ, ഈ ആളുകളെ നമുക്ക് എത്രമാത്രം ഇഷ്ടപ്പെട്ടാലും, അവരോട് പ്രേമം വളർത്തിയെടുക്കാൻ പ്രയാസമാണ്. ഇക്കാരണത്താൽ, തെരുവിലൂടെ കടന്നുപോകുന്ന ആകർഷകമായ വ്യക്തിയുമായി നമ്മൾ പ്രണയത്തിലാകില്ല. എന്നാൽ, നമ്മുടെ അതേ ക്ലാസിലോ ജോലിസ്ഥലത്തോ ഉള്ള, കൂടാതെ കൂടുതൽ എളിമയുള്ള ഗുണങ്ങൾ ഉള്ളവരും, ആയ ഒരാളുമായി നമുക്ക് എളുപ്പത്തിൽ പ്രണയത്തിലാകാൻ കഴിയും, കാരണം ആ ആളുകളെ നമുക്ക് കൂടുതൽ ആക്സസ് ചെയ്യാൻ (സമീപിക്കാനും അടുക്കാനും) കഴിയും. തെരുവിലോ സിനിമയിലോ ടെലിവിഷനിലോ നമ്മൾ കണ്ടവർ നമ്മുടെ സോഷ്യൽ സർക്കിളിൽ ഉണ്ടായിരുന്നെങ്കിൽ, അവരിലേക്ക് എത്താൻ കഴിഞ്ഞാൽ തീർച്ചയായും നമുക്കും അവരുമായി പ്രണയത്തിലാകാം. നമ്മൾ ആകർഷിക്കപ്പെടുന്ന വ്യക്തിയുമായി അടുത്തിടപഴകാൻ നമ്മൾ ചെലവഴിക്കുന്ന സമയത്തെ ഫ്ലർട്ടിംഗ് (ശൃംഗരിക്കൽ) എന്ന് വിളിക്കുന്നു. ഫ്ലർട്ടിംഗ് സമയത്ത് നമ്മൾ വേണ്ടത്ര അടുത്തുവരുന്നുവെങ്കിൽ, നമുക്ക് മറ്റൊരാളോട് അടുപ്പം തോന്നാൻ തുടങ്ങും.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 21)
അടുപ്പത്തോടെയുള്ള ഇടപഴകലുകളും, സമയം പങ്കിടലും, വളരെ വ്യക്തിപരമായ വിഷയങ്ങളുടെ ചർച്ചകളുമൊക്കെയാണ് പ്രണയത്തിലേക്കുള്ള പ്രാഥമിക പ്രചോദനങ്ങൾ. ഈ ഘട്ടത്തിൽ തന്നെ കൃത്യമായ നിയമപാലനം നടക്കേണ്ടതുണ്ട്. അടുപ്പത്തിന് കടുപ്പം കൂടിയതിനു ശേഷം തടയിടാൻ കഴിയണമെന്നില്ല.
No comments yet.