“പ്രണയം ഒരു വൃക്ഷം പോലെയാണ്: അത് സ്വയം വളരുന്നു, നമ്മുടെ അസ്തിത്വത്തിൽ ആഴത്തിൽ വേരുറപ്പിക്കുകയും നാശത്തിലായ ഒരു ഹൃദയത്തിൽ തഴച്ചുവളരുകയും ചെയ്യുന്നു. പ്രണയം അന്ധമാകുന്തോറും കൂടുതൽ ദൃഢമാകുന്നു എന്നതാണ് വിശദീകരിക്കാനാകാത്ത വിരോധാഭാസം. പ്രണയം പൂർണ്ണമായും യുക്തിരഹിതമാകുമ്പോൾ അതിന് ശക്തി കൂടുകയാണ് ചെയ്യുന്നത്.”
(The Hunchback of Notre-Dame: വിക്ടർ ഹ്യൂഗോ )
*************************
പുറംമോടികൾ പലപ്പോഴും നമ്മെ വഞ്ചിക്കും. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് എത്ര കേട്ടാലും നാം പഠിക്കില്ല. കൈപ്പുറ്റ പാഠങ്ങൾ പലതും അനുഭവിച്ചെ മനസ്സിലാക്കൂ എന്ന ബാലിശതയാണ് പലരിലും. പക്വതയില്ലാത്ത പ്രായത്തിൽ പക്വമായി എടുക്കേണ്ട തീരുമാനങ്ങൾക്ക് നമുക്ക് സഹായികൾ ആവശ്യമാണ്. അനുഭവങ്ങളാണ് പക്വത ഉണ്ടാക്കുന്നത്. അനുഭവസമ്പത്തും പക്വതയും ഉള്ള നമ്മുടെ ഗുണകാംക്ഷികൾ നമ്മുടെ പല തീരുമാനങ്ങളിലും -പ്രത്യേകിച്ചും ഇണകളെ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ- ഭാഗഭാക്കാവേണ്ടതുണ്ട് എന്ന യാഥാർത്ഥ്യത്തെ ബോധിപ്പിക്കുന്ന ഒരു കണ്ടെത്തലാണ് ഹാലോ ഇഫക്റ്റ് (Halo effect) എന്ന പ്രതിഭാസത്തെ സംബന്ധിച്ച പഠനങ്ങൾ.
“1977-ൽ, മിഷിഗൺ സർവകലാശാലയിലെ റിച്ചാർഡ് നിസ്ബെറ്റും തിമോത്തി ഡികാമ്പ് വിൽസണും ഹാലോ ഇഫക്റ്റിൻ്റെ (Halo effect) അസ്തിത്വം വിശദീകരിച്ചു. ശാരീരികമായി ആകർഷകത്വമുള്ള ഒരാളെ കണ്ടെത്തുകയാണെങ്കിൽ, ആ വ്യക്തിയുടെ മറ്റ് സ്വഭാവവിശേഷങ്ങളും പോസിറ്റീവായി നമ്മൾ അനുമാനിക്കുമെന്ന ഉപബോധ മനസ്സിൻ്റെ ന്യൂനതയാണ് ഈ ഹാലോ ഇഫക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ, ഗ്രേ എന്നതിൽ ഉൾപ്പെടുത്തുന്നതിനു പകരം, നമ്മുടെ മസ്തിഷ്കം ആളുകളെ ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് എന്നിങ്ങനെ തരം തിരിക്കാൻ ശ്രമിക്കുന്നു. തുടർന്നുള്ള വർഷങ്ങളിലെ, പല പഠനങ്ങളും കാണിക്കുന്നത് ആകർഷകരായ (ഭംഗിയുള്ള) ആളുകളെ നമ്മൾ (യാഥാർത്ഥ്യമല്ലെങ്കിൽ കൂടി) മിടുക്കന്മാരും കൂടുതൽ സ്‌നേഹമുള്ളവരും തമാശക്കാരുമായി കാണുന്നു എന്നാണ്. ഒരു വ്യക്തിയുടെ മുഖത്ത് 100 മില്ലിസെക്കൻഡ് നോക്കിയാൽ പോലും നമ്മിൽ ഈ മുൻവിധികൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ഈ ഹാലോ ഇഫക്റ്റ് കാരണം, ആകർഷകമായ രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ആളുകൾ അവരുടെ സമപ്രായക്കാരായ മറ്റുള്ളവരെക്കാൾ ഉയർന്ന ശമ്പളം നേടുകയും കരിയറിലെ സ്റ്റെപ്പുകൾ വേഗത്തിൽ കയറുകയും ചെയ്യുന്നു. അവർ ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ പോലും, ജൂറിമാർ അവരോട് സൗമ്യത കാണിക്കുന്നു, അതിനാൽ ഭംഗിയില്ലാത്ത ആളുകളേക്കാൾ കുറഞ്ഞ ശിക്ഷയാണ് അവർക്ക് ലഭിക്കുന്നത്.
ഉദാഹരണത്തിന്, 2013-ൽ നടത്തിയ ഒരു പരീക്ഷണത്തിൽ, ബുസെറ്റയും അവരുടെ സഹപ്രവർത്തകരും ഏകദേശം ഒരു വർഷത്തേക്ക് പ്രസിദ്ധീകരിച്ച 1542 തൊഴിൽ പരസ്യങ്ങളിലേക്ക് 11008 CVകൾ പ്രതികരണങ്ങായി അയച്ചു നോക്കി. അവർ ഒരേ ഉള്ളടക്കമുള്ള 8 CVകൾ അയച്ചു, എന്നാൽ അവയിൽ നാലെണ്ണത്തിൽ ഫോട്ടോകളൊന്നും ഉണ്ടായിരുന്നില്ല, മറ്റ് നാല് എണ്ണത്തിൽ ഫോട്ടോഗ്രാഫുകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ ആകർഷകമായ പുരുഷൻ്റെ ഫോട്ടോയും മറ്റൊന്ന് ആകർഷകമായ സ്ത്രീയുടെ ഫോട്ടോയും മറ്റൊന്ന് ഭംഗിയില്ലാത്ത പുരുഷൻ്റെ ഫോട്ടോയും അവസാനത്തേത് ആകർഷകമല്ലാത്ത ഒരു സ്ത്രീയുടെ ഫോട്ടോയും. അവയുടെ ഫലങ്ങൾ വളരെ രസകരമായിരുന്നു. ആകർഷകമായ സ്ത്രീയുടെ ഫോട്ടോ സഹിതം അയച്ച സിവിക്ക് തൊഴിലുടമകളിൽ നിന്ന് 54% നല്ല പ്രതികരണമാണ് ലഭിച്ചത്. താരതമ്യപ്പെടുത്തുമ്പോൾ, ഒരു ഭംഗിയില്ലാത്ത സ്ത്രീയുടെ ചിത്രത്തോടൊപ്പം അയച്ച അതേ CV-യുടെ പോസിറ്റീവ് പ്രതികരണ നിരക്ക് 7% മാത്രമായി തുടർന്നു. പുരുഷന്മാരിൽ ഈ വ്യത്യാസം കുറവാണെങ്കിലും, അത് ഇപ്പോഴും 2 മടങ്ങ് അടുത്താണ്. ആകർഷകമായ പുരുഷൻ്റെ ഫോട്ടോ സഹിതം അയച്ച അതേ സിവിക്ക് തൊഴിലുടമകളിൽ നിന്ന് 47% പോസിറ്റീവ് പ്രതികരണം ലഭിച്ചപ്പോൾ, ആകർഷകമല്ലാത്ത പുരുഷൻ്റെ ഫോട്ടോയോടുള്ള അവരുടെ പോസിറ്റീവ് പ്രതികരണ നിരക്ക് 26% മാത്രമായി തുടർന്നു. അതിനാൽ, ഹാലോ ഇഫക്റ്റ് കാരണം, ആകർഷകമായിരിക്കുന്നത് ഒരേ ബയോഡാറ്റയുള്ള ഒരേ ജോലി നേടാൻ ആഗ്രഹിക്കുന്ന സമപ്രായക്കാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഏതാണ്ട് എട്ട് മടങ്ങ് കൂടുതൽ നേട്ടമുണ്ടാക്കുകയും പുരുഷന്മാരിൽ രണ്ട് മടങ്ങ് കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യും എന്ന് ചുരുക്കം.
പ്രണയത്തിൽ മാത്രമല്ല മറ്റ് മേഖലകളിലും നമുക്ക് നേട്ടം നൽകുന്ന ഈ സാർവത്രിക ആകർഷണ മാനദണ്ഡങ്ങൾ… ചില ചെറിയ മിനുക്കു പണികളിലൂടെ വർദ്ധിപ്പിക്കാൻ സാധിക്കും.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 28)
“ചില ചെറിയ മിനുക്കു പണികളിലൂടെയും”, “കുറുക്കു വഴികളിലൂടെയും” കാഴ്ചയിൽ ആകർഷണീയത വരുത്തി നമ്മെ വഞ്ചനയിൽ അകപ്പെടുത്തുന്നവരെ നാം സൂക്ഷിക്കേണ്ടതില്ലെ.? കാഴ്ചയിലെ ആകർഷണീയത കാരണം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം ഉള്ളടങ്ങിയിട്ടുണ്ടാവും എന്ന തെറ്റിദ്ധാരണയിലേക്ക് അകപ്പെടാൻ ഹാലോ എഫക്റ്റിന്റെ സ്വാധീനശക്തി നമ്മെ പ്രേരിപ്പിക്കും. നമുക്ക് ഏറെ ദോഷകരവും ഉപദ്രവകാരികളും നാം ഭാവിയിൽ വേദനിക്കുന്നതിന് കാരണമാവുകയും ചെയ്തേക്കാവുന്ന പലരെയും ഇണകളായി തിരഞ്ഞെടുക്കാൻ ഹാലോ എഫക്റ്റ് കാരണമായി ഭവിക്കുന്നു.
“What Is Beautiful Is Good.’’
“എന്തിനാണൊ ഭംഗിയുള്ളത്, അതാണ് നല്ലത്” എന്ന ഒരു മുൻധാരണ എല്ലാ മനുഷ്യരുടെയും ഉള്ളിൽ കുടികൊള്ളുന്നു. തലച്ചോറിന്റെ മീഡിയൽ ഓർബിറ്റോഫ്രണ്ടൽ കോർട്ടക്‌സ് (medial orbitofrontal cortex) മുഖത്തിന്റെ ഭംഗിയും (beauty of a face), പെരുമാറ്റത്തിലെ നന്മയെയും (goodness of a behavior),
മൂല്യനിർണയം ചെയ്യുന്നതിൽ ഒരു പോലെ പങ്കു വഹിക്കുന്നു. ഈ രണ്ടിൽ ഏതെങ്കിലും ഒരു ചുമതല നിർവഹിക്കപ്പെടുമ്പോൾ രണ്ടിലും (മുഖഭംഗി & പെരുമാറ്റഭംഗി) ഒരു വിധി തന്നെ മസ്തിഷ്കം സങ്കൽപ്പിക്കുന്നു; അമേരിക്കൻ ന്യൂറോ സയൻ്റിസ്റ്റും, പ്രൈമറ്റോളജിസ്റ്റും, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഫ്രൊഫസ്സറുമായ റോബർട്ട് മോറിസ് സപോൾസ്കി ഇത് വ്യക്തമാക്കുന്നുണ്ട്.
(Dataclysm: Who We Are; When We Think No One’s Looking: Page: 120)
സ്ത്രീകളിൽ ഈ മിഥ്യാബോധം അധികമാണെന്ന് നവോമി വുൾഫിൻ്റെ “The Beauty Myth: How Images of Beauty Are Used Against Women” എന്ന ഗ്രന്ഥം വാദിക്കുന്നുണ്ട്.
പാശ്ചാത്യൻ നാടുകളിലെ ലക്ഷോപലക്ഷം മനുഷ്യർ ഇണകളെ തിരഞ്ഞെടുക്കുന്ന രീതി പരിശോധനക്ക് വിധേയമാക്കിയ, okCupid ഡെയ്റ്റിംഗ് സൈറ്റിൻ്റെ സ്ഥാപകനായ ക്രിസ്റ്റൻ റഡ്ഡർ ഇതേ വസ്തുത വ്യക്തമാക്കുന്നുണ്ട്.
(Dataclysm: Who We Are; When We Think No One’s Looking: Page: 120)
പ്രണയിതാവിനെ തിരഞ്ഞെടുക്കുന്ന ഏറ്റവും “ജനകീയ”മായ ഈ രീതി തെറ്റാണെന്നല്ലെ ഇതിനർത്ഥം!
“ഭംഗിയുള്ളവർ തനിക്ക് നല്ലതാണ്” എന്ന ഒരു ന്യായ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ മസ്തിഷ്കത്തിന്റെ കൺഫ്യൂഷന്റെ അടിസ്ഥാനത്തിലാണ് മിക്കവാറും പ്രണയങ്ങൾ നിർമ്മിക്കപ്പെടുന്നത് എന്നർത്ഥം. ഇത്തരം പ്രണയങ്ങൾ പരാജയ നിർണിതമാണ് എന്ന് ന്യായമായും നിഗമിക്കാം.
ഇണയെ തിരഞ്ഞെടുക്കുന്നതിൽ മാനദണ്ഡമായി നിശ്ചയിക്കേണ്ട മുൻഗണനാക്രമം തെറ്റിച്ച് സൗന്ദര്യത്തിലും ആകർഷണീയതയും കാഴ്ചയിലും പ്രകടനത്തിലും നാം വഞ്ചിതരായി പോകുന്നു. മേക്കപ്പും ആകർഷണീയമായ വസ്ത്രവും കൊഞ്ചിക്കുഴഞ്ഞ സംസാരവും എല്ലാം ഒരു പെൺകുട്ടിയിൽ കാണുമ്പോഴേക്കും ആൺകുട്ടി അവളെ ജീവിതസഖി ആക്കാൻ വെമ്പൽ കൊള്ളുന്നു. പെൺകുട്ടികളുടെ മുൻഗണനാക്രമത്തെയും ഹാലോ എഫക്റ്റ്, ഹൈജാക് ചെയ്യുന്നു. ലെതർ ജാക്കറ്റിട്ട്, ഫ്രീക്കൻ ഹെയർ സ്റ്റൈലുമായി, ബൈക്കിൽ റൈസ് ചെയ്തു, കൂട്ടുകാരുമൊത്ത്, ആരവങ്ങൾക്ക് നടുവിൽ ക്യാമ്പസിലെ ഹീറോ കഥാപാത്രമായി വിലസുന്ന ആൺകുട്ടിയാണ് തനിക്ക് ഏറ്റവും അനുയോജ്യനായ ഇണ എന്ന് ഒരു പെൺകുട്ടിയിൽ അന്ധവിശ്വാസം രൂപീകരിക്കുന്നതും ഈ ഹാലോ ഇഫക്റ്റാണ്. കാഴ്ചയിലെ നന്മ ആ വ്യക്തിയുടെ മൊത്തത്തിലുള്ള നന്മയുടെ സൂചകമായി നമ്മുടെ ഉപബോധ മനസ്സ് തെറ്റിദ്ധരിക്കുന്നതിലൂടെയാണ് ഈ അബദ്ധത്തിൽ നാം ചെന്ന് ചാടുന്നത്. ഫലമായി, ഉത്തരവാദിത്ത ബോധമോ സമചിത്തതയൊ അധ്വാനശീലമോ അച്ചടക്കമോ (വിശിഷ്യാ ലൈംഗിക അച്ചടക്കം) സ്വഭാവിശുദ്ധിയോ ധാർമികതയൊ ആദർശ പ്രതിബദ്ധതയോ മതബോധമോ ഒന്നുമില്ലാത്ത ഇണയെ നാം തിരഞ്ഞെടുക്കുന്നു.
ഇണയുടെ കാഴ്ച്ചയിലെ ആകർഷണീയതയൊ സൗന്ദര്യമൊ ഒരു നല്ല ജീവിതവും ആനന്ദവും സമാധാനവും നമ്മുക്ക് തരുമൊ? ഒരു സുന്ദരിയെയോ സുന്ദരനെയോ സ്വന്തമാക്കുന്നതോടുകൂടി ജീവിതം സാക്ഷാത്കരിക്കപ്പെടും എന്ന തെറ്റിദ്ധാരണ തീർത്തും വേണ്ട. നേർ വിപരീതമായ വിവരങ്ങളാണ് പഠനങ്ങൾ നമ്മോട് പങ്കുവെക്കുന്നത്:
“ഇണകളെ വഞ്ചിക്കാനുള്ള സാധ്യത കൂടുതലും കുടികൊള്ളുന്ന വിശേഷണം എന്താണെന്ന് ഒരു ഗവേഷണത്തിൽ പഠനത്തിന് വിധേയമാക്കപ്പെട്ടു. ആകർഷണീയതാണ് ഇതിൽ പ്രഥമസ്ഥാനം വഹിക്കുന്നത്. ആകർഷകത്വം പലപ്പോഴും നമ്മുടെ സ്വപ്ന പങ്കാളിയെ കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, വിവിധ പഠനങ്ങൾ കാണിക്കുന്നത് നല്ല രൂപം ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ്. കൗതുകകരമെന്നു പറയട്ടെ, കൂടുതൽ ആകർഷണീയതയുള്ള മുഖമുള്ള പുരുഷന്മാർ ആണ് പങ്കാളികളെ വഞ്ചിക്കുന്നവരിൽ കൂടുതലും എന്ന് പഠനങ്ങൾ കാണിക്കുന്നു. ഏത് തരത്തിലുള്ള ബന്ധമാണ് അവർ തമ്മിലുള്ളത് എന്നതൊന്നും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതേയില്ല. അത് പോലെ കൂടുതൽ അകർഷണീയരായ പുരുഷന്മാരുടെ ദാമ്പത്യം, ഭംഗി കുറഞ്ഞ പുരുഷന്മാരേക്കാൾ കുറവ് കാലമേ നീണ്ടു നിൽക്കുന്നുള്ളൂ എന്നും കണ്ടെത്തി.
ക്രിസ്റ്റീൻ മാ-കെല്ലംസും ഹാർവാർഡ് സർവകലാശാലയിലെ അവരുടെ സഹപ്രവർത്തകരും നടത്തിയ 2017 ലെ ഒരു പഠനം വെളിപ്പെടുത്തുന്നത്, ഒരു ബന്ധത്തിലുള്ള ആകർഷകമായ വ്യക്തികൾ അവരുടെ ഭാഗ്യം പരീക്ഷിക്കുകയും ബന്ധത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു എന്നാണ്. ഭംഗിയുള്ളവർ തങ്ങൾക്കുള്ള ഭംഗിയേക്കാൾ കൂടുതൽ ഭംഗി തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു.
അതുപോലെ, അടുത്തിടെ നടന്ന ഒരു പഠനം സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചും ബന്ധങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും രസകരമായ ഒരു കണ്ടെത്തൽ വെളിപ്പെടുത്തുന്നു. ഗവേഷണ ഫലങ്ങൾ അനുസരിച്ച്, സ്ത്രീകൾ തങ്ങളെ പങ്കാളികളെക്കാൾ ആകർഷണീയരായി കരുതുന്നുവെങ്കിൽ, ബന്ധം ഉറപ്പില്ലാത്തതായി പരിണമിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സ്ത്രീ തൻ്റെ പങ്കാളിയേക്കാൾ താൻ കൂടുതൽ ആകർഷണീയയാണെന്ന് കരുതുന്നുവെങ്കിൽ, അവൾ അവരുടെ ബന്ധത്തെ കൂടുതൽ ചോദ്യം ചെയ്യുന്നു. ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീകൾ ഈ ബന്ധത്തിൽ പൂർണമായി പ്രതിജ്ഞാബദ്ധരല്ലെന്നും പങ്കാളികളെ കൂടുതൽ തവണ ചതിക്കുമെന്നും പഠനഫലം സ്ഥിരീകരിക്കുന്നു. ബന്ധം അത്രയൊന്നും പ്രശ്‌നകരമല്ലെങ്കിൽപ്പോലും, കൂടുതൽ ആകർഷകമായ ഒരാളെ കണ്ടെത്തുമ്പോൾ, അതായത്, അവർ അർഹിക്കുന്നുവെന്ന് അവർ കരുതുന്ന ഒരാളെ കണ്ടെത്തുമ്പോൾ അവരുടെ പങ്കാളികളെ ഉപേക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഈ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊന്നൽ, ഗവേഷണം നടക്കുന്ന സ്ത്രീകൾ യഥാർത്ഥത്തിൽ സുന്ദരികളാണോ അല്ലയോ എന്നതല്ല. ആ സ്ത്രീകൾക്ക് അങ്ങനെ തോന്നുന്നു അല്ലെങ്കിൽ അവർ സുന്ദരികളാണെന്ന് അവർ വിശ്വസിക്കുന്നു എന്നത് തന്നെ അവരെ ഈ പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നു /പ്രേരിപ്പിക്കപ്പെടുന്നു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: 194)
ഇണയിൽ സൗന്ദര്യം അന്വേഷിക്കുകയേ വേണ്ട എന്നല്ല ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറിച്ച് സൗന്ദര്യമാണ് എല്ലാം, കാഴ്ചയിലെ ആകർഷണീയതയാണ് ഇണകളെ തിരഞ്ഞെടുക്കുന്നതിൽ മുഖ്യ മാനദണ്ഡം എന്ന് വിശ്വസിക്കുന്നവരെ തിരുത്തുന്നതാണ് ഈ ഗവേഷണങ്ങൾ. സൗന്ദര്യം സമ്പത്ത് കുലീനത എല്ലാം ഇണയിൽ ഉണ്ടാവുന്നത് കൊണ്ടും പരിഗണിക്കുന്നത് കൊണ്ടും പ്രശ്നങ്ങളും അസന്തുഷ്ടിയുമാണ് ഉണ്ടാവുക; അതിനോടെല്ലാം ഒപ്പം മതബോധവും ധർമ്മനിഷ്ഠയും ആദർശ പ്രതിബദ്ധതയും ഇല്ലാത്തിടത്തോളം. മതബോധവും ധർമ്മനിഷ്ഠയും ആദർശ പ്രതിബദ്ധതയും ഒരു ഇണയിൽ ഉണ്ട് എങ്കിൽ അവയ്ക്കെല്ലാം പുറമേ സൗന്ദര്യവും സമ്പത്തും കുലീനതയും ഒക്കെ ഉണ്ടാകുന്നത് നല്ലതുതന്നെ. മതത്തെ ഒന്ന് എന്ന സംഖ്യയായി സൗന്ദര്യം സമ്പത്ത് കുലീനത തുടങ്ങിയ ഗുണങ്ങളെ പൂജ്യം എന്ന സംഖ്യകളായും പരിഗണിക്കുക. ഒന്ന് എന്ന സംഖ്യക്ക് തുടർച്ചയായി എത്ര പൂജ്യം വന്നാലും അവയുടെ മൂല്യം കൂടുകയേയുള്ളൂ. അതേസമയം ഒന്ന് എന്ന സംഖ്യയില്ലാതെ എത്ര പൂജ്യങ്ങൾ ഇട്ടാലും അവയ്ക്ക് ഒരു മൂല്യവും ഇല്ല.
അതുകൊണ്ടാണ് പ്രവാചകൻ ഇപ്രകാരം വിവാഹാന്വേഷകരോട് നിർദ്ദേശിച്ചത്:
تُنْكَحُ المَرْأَةُ لأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَلِجَمَالِهَا، وَلِدِينِهَا، فَاظْفَرْ بذَاتِ الدِّينِ تَرِبَتْ يَدَاكَ.
“ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത് നാലുകാര്യങ്ങൾക്ക് വേണ്ടിയാണ്: അവളുടെ ധനം, അവളുടെ കുടുംബ മഹിമ, അവളുടെ സൗന്ദര്യം, അവളുടെ മതം. മതബോധമുള്ളവളെ കൊണ്ട് നിങ്ങൾ വിജയം കൊയ്യുക; നിങ്ങളുടെ കൈ മൺപുരണ്ടാലും (എത്ര കഷ്ടപ്പെട്ടാലും അവൾ വിജയമെ ജീവിതത്തിൽ കൊണ്ടുവരൂ).”
(സ്വഹീഹുൽ ബുഖാരി: 5090, സ്വഹീഹു മുസ്‌ലിം: 1466)
മിന്നുന്നതിന് എല്ലാം പിന്നിൽ ഓടുന്ന നമ്മളുടെ പ്രായത്തിൽ നാം ഏകപക്ഷീയമായി തിരഞ്ഞെടുക്കേണ്ട ഒന്നല്ല ഇണ എന്ന് ഹാലോ എഫക്റ്റും നമ്മെ പഠിപ്പിക്കുന്നു. വർണ്ണശബളമായ പൊതിയിൽ കണ്ണു മഞ്ഞളിച്ച് വസ്‌തുനിഷ്‌ഠത നഷ്ടപ്പെട്ട നമുക്ക് എങ്ങനെ ഒരു വ്യക്തിയുടെ കാഴ്ചക്കപ്പുറം ഉള്ള ഗുണവിശേഷങ്ങൾ അന്വേഷിച്ച് വ്യവച്ഛേദിച്ച് ഉൾക്കൊള്ളാൻ സാധിക്കും? പുറം പൂച്ചിന് പിന്നിലെ മൂല്യരാഹിത്യം നമുക്ക് തുറന്നു കാണിച്ചു തരാൻ നമ്മോടൊപ്പം നമ്മുടെ പ്രിയപ്പെട്ട പിതാവും മാതാവും സഹോദരനും ഉണ്ടായേ തീരൂ.
No comments yet.