പ്രേമിക്കേണ്ടത് എങ്ങനെ ? -2

//പ്രേമിക്കേണ്ടത് എങ്ങനെ ? -2
//പ്രേമിക്കേണ്ടത് എങ്ങനെ ? -2
ആനുകാലികം

പ്രേമിക്കേണ്ടത് എങ്ങനെ ? -2

“അവന്‍ (യൂസുഫ്‌) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു.തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്‌) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു. അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം (പിടിച്ചു. അത്‌) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം. യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്‍റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്‌. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്‌.
എന്നാല്‍ അവന്‍റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്‌. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്‌. അങ്ങനെ അവന്‍റെ (യൂസുഫിന്‍റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്‌) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്‌. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ. യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ,) നീ നിന്‍റെ പാപത്തിന് മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു. നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു.അവള്‍ അവനോട് പ്രേമത്താൽ തീവ്രവികാരാധീനയായി കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ വഴികേടിൽ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.”
(12:23-30)

*****************************

പ്രണയത്തിന് രണ്ടു ഘട്ടങ്ങളുണ്ട് എന്ന് ആർക്കൊക്കെ അറിയാം? ഈ രണ്ടു ഘട്ടങ്ങളാണ് മറ്റു അഡിക്ഷനുകളിൽ നിന്ന് പ്രണയ ആസക്തിയെ (Love addiction) വ്യത്യസ്തമാക്കുന്നതും.

പ്രേമത്തിൻറെ ആദ്യഘട്ടം; പ്രേമിച്ച വ്യക്തി പൂർണ്ണമായും സ്വന്തമായിട്ടില്ലാത്ത ഘട്ടം. കമിതാവിനെ പൂർണ്ണമായും അറിഞ്ഞിട്ടില്ലാത്ത, പൂർണമായും ആസ്വദിച്ചിട്ടില്ലാത്ത, പൂർണമായും അനുഭവിച്ചിട്ടില്ലാത്ത ഘട്ടം. ഈ ഘട്ടത്തെ “വികാരതീവ്രമായ പ്രേമ ഘട്ടം” (Passionate Love) എന്നു വിളിക്കാം. ഈ ഘട്ടത്തിൽ പ്രണയിയെ നാം ഉൽക്കടമായി ആഗ്രഹിക്കുകയും തീവ്രവികാരത്തോടെ മോഹിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ നമ്മുടെ തലച്ചോറിൽ പ്രേമ പ്രചോദനങ്ങളെ നിയന്ത്രിക്കുന്നത് -മുമ്പ് സൂചിപ്പിച്ചതുപോലെ- ഡോപമീൻ തന്മാത്രകളാണ്. ഡോപമിൻ തന്മാത്രകൾ നമ്മിൽ ഇനിയും ഇനിയും വേണമെന്ന് ചിന്ത ഉണർത്തുന്നു. ഇനിയും കിട്ടാനായുള്ള തീവ്ര വികാരത്തിൽ മറ്റെല്ലാം അപ്രസക്തമായി തോന്നിക്കുന്നു.

എന്നാൽ ഈ ഘട്ടം കുറച്ചു കഴിയുമ്പോൾ അവസാനിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതോടെ നാം നമ്മുടെ ഇണയെ സ്വന്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കും. കമിതാവിനെ പൂർണ്ണമായും അറിഞ്ഞു കഴിഞ്ഞ, പൂർണമായും ആസ്വദിച്ച് കഴിഞ്ഞ, പൂർണമായും അനുഭവിച്ച് കഴിഞ്ഞ ഘട്ടം. ഈ ഘട്ടത്തെ “സഹജീവിത പ്രേമം” (Companionate love) എന്നാണ് വിളിക്കപ്പെടുന്നത്. ഈ ഘട്ടത്തിന്റെ ആരംഭത്തോടെ ടോപമീന്റെ ഉൽപാദനം മസ്തിഷ്കത്തിൽ അവസാനിക്കുന്നു. തൽസ്ഥാനത്ത് H&N തന്മാത്രകൾ പ്രവർത്തനമാരംഭിക്കുന്നു.

“വികാരതീവ്രമായ പ്രേമ ഘട്ടം” (Passionate Love) പലർക്കും പല ദൈർഘ്യം ആയിരിക്കും ഉണ്ടായിരിക്കുക.

“നരവംശശാസ്ത്രജ്ഞനായ ഹെലൻ ഫിഷറിൻ്റെ അഭിപ്രായത്തിൽ, പ്രണയത്തിൻ്റെ പ്രാരംഭ ഘട്ടത്തിലെ അല്ലെങ്കിൽ “വികാരതീവ്രമായ പ്രേമ ഘട്ടത്തിലെ” (Passionate Love) പ്രണയത്തിന് പന്ത്രണ്ട് മുതൽ പതിനെട്ട് മാസം മാത്രമേ ആയുസ്സുള്ളൂ. അതിനുശേഷം, ദമ്പതികൾക്ക് പരസ്പരം ചേർന്നു പോകണമെങ്കിൽ, അവർ “സഹജീവിത പ്രേമം” (Companionate love) എന്ന സ്നേഹത്തിൻ്റെ മറ്റൊരു തലം വികസിപ്പിക്കേണ്ടതുണ്ട്. സഹജീവിത പ്രേമത്തിൽ, കാരണമായി നില കൊള്ളുന്നത് H&N ഹോർമോണുകൾ ആണ്, അത് കൊണ്ട് ഇപ്പോൾ ഈ സന്ദർഭത്തിൽ നടക്കുന്ന അനുഭവ തലങ്ങളെയാണ് അവ കൈകാര്യം ചെയ്യുന്നത്. നിങ്ങൾ ആഗ്രഹിച്ച (Wanting) ഇണയെ നിങ്ങൾ സ്വന്തമാക്കിയിരിക്കുന്നു. ഇനി അയാളെ നിങ്ങൾ ഇഷ്ടപ്പെടൂ (Liking), ആസ്വദിക്കൂ എന്ന് നമ്മുടെ തലച്ചോർ രാസമാറ്റത്തിലൂടെ നമ്മോട് നിർദ്ദേശിക്കുന്നു.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 16)

മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, ആഗ്രഹത്തിൽ (Wanting) നിന്നും ഇഷ്ടത്തിൻ്റെ (Liking) ഘട്ടത്തിലേക്ക് നാം കടക്കുന്നു. ഈ ഘട്ടത്തിലാണ് നാം പ്രേമിച്ച വ്യക്തിയെ നാം യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്നുണ്ടോ? എന്നു നാം വ്യക്തമായി മനസ്സിലാക്കുക. അയാളോടൊത്തുള്ള ജീവിതം, അയാളുടെ സാന്നിധ്യം, സ്വഭാവം, പെരുമാറ്റം, ഗുണ വിശേഷണാദികൾ, സഹജീവിതം എല്ലാം നാം ഇഷ്ടപ്പെടുന്നുണ്ടോ? നമുക്ക് ഗുണകരമാണോ? അതോ ദോഷകരമോ? എന്ന് സ്വബോധത്തോടെ നാം ചിന്തിക്കാൻ ആരംഭിക്കുന്നു. നാം വഞ്ചിക്കപ്പെട്ടുവോ? നമ്മുടെ തെരഞ്ഞെടുപ്പും തീരുമാനവും എല്ലാം യുക്തി ഭദ്രമായിരുന്നുവൊ? എന്നൊക്കെയുള്ള തിരിച്ചറിവുകൾ നമ്മുടെ ഉള്ളിൽ കൃതാർത്ഥതയാണോ അതോ ഖേദമാണോ ഉളവാക്കുന്നത് എന്നതിനനുസരിച്ചിരിക്കും തുടർന്നുള്ള നമ്മുടെ ജീവിതത്തിൻ്റെ സ്വസ്ഥിതി.

ചെവിയോർക്കുക… പഴയ ജീവിതത്തിലെ സ്നേഹബന്ധങ്ങളും സന്തോഷങ്ങളും ജീവിതനിലവാരവും രക്ഷിതാക്കളുടെ സ്നേഹവും എല്ലാം എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് പുനർവിചിന്തനം നടത്തുന്ന ഒരു ഘട്ടം വരാനുണ്ട്. ശിഷ്ടജീവിതം, താൻ ചെയ്തുകൂട്ടിയ അബദ്ധങ്ങളാലും ക്രൂരതകളാലും സാഹസങ്ങളാലും വേട്ടയാടപ്പെട്ട് ജീവിച്ചു തീർക്കേണ്ട ഗതികേട്. ഈ ദുരവസ്ഥ വരാതിരിക്കാനുള്ള സുരക്ഷാ മാർഗ്ഗമാണ് രക്ഷിതാക്കളുടെ നേതൃത്വത്തിൽ, വധു വരന്മാരുടെ ഇഷ്ടത്തോടെ, സാക്ഷികളുടെ സാന്നിധ്യത്തിലായി നടക്കുന്ന വിവാഹ കരാർ.

ജീവിതത്തിൽ ചപലമായ ഒരു ഘട്ടത്തിൽ നാം എടുത്ത തീരുമാനം നമ്മെ മരണം വരെ വേട്ടയാടുന്ന അവസ്ഥ പ്രണയത്തിലൂടെ സംഭവിക്കാനുള്ള സാധ്യത ഈ ഗവേഷണങ്ങൾ തുറന്നു കാണിക്കുന്നില്ലെ ?!മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രസക്തി ഇവിടെ വ്യക്തമാവുന്നില്ലെ ?! തീവ്ര പ്രണയഘട്ടത്തിൽ നമ്മുടെ ആഗ്രഹത്തെ വസ്തുനിഷ്ഠമായി പരിശോധിക്കണം. അവ നമുക്ക് ഗുണമാണോ ദോഷമാണോ എന്ന് വിലയിരുത്താനും ദോഷകരം ആണെങ്കിൽ നമ്മെ വഴി നടത്താനും ഗുണകരമാണെങ്കിൽ നമുക്ക് അനുകൂലമായ നിലപാടുകൾ എടുക്കാനും ദൈവം ഏർപ്പെടുത്തിയ കാവൽ മാലാഖമാരാണ് മാതാപിതാക്കൾ. ആ സുരക്ഷാ വലയത്തിൽ നിന്ന് നാം എപ്പോൾ കുതറി ഓടുന്നുവോ അപ്പോൾ നാം അരക്ഷിതാവസ്ഥയിൽ എത്തിപ്പെട്ടു എന്നർത്ഥം.

സുലൈഖക്ക് (എന്നായിരിക്കാം അവരുടെ പേര്) യൂസുഫ് നബിയോട് (അ) തോന്നിയ വികാരതീവ്രമായ പ്രേമത്തെ (Passionate Love) കുറിച്ച് ക്വുർആൻ ഇപ്രകാരം പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ:

“അവള്‍ അവനോട് പ്രേമത്താൽ തീവ്രവികാരാധീനയായി കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ വഴികേടിൽ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.”
(12:23-30)

قَدْ شَغَفَهَا حُبًّا
“പ്രേമത്താൽ തീവ്രവികാരാധീനയായി കഴിഞ്ഞിരിക്കുന്നു” എന്ന വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ ഇപ്രകാരം എഴുതി:

أَيْ قَدْ: وَصَلَ حُبُّهُ إِلَى شَغَافِ قَلْبِهَا. وَهُوَ غِلَافُهُ.
قَالَ الضَّحَّاكُ عَنِ ابْنِ عَبَّاسٍ: الشَّغَف: الْحُبُّ الْقَاتِلُ، والشَّغَف دُونَ ذَلِكَ، وَالشَّغَافُ: حِجَابُ الْقَلْبِ.
“അവൾക്ക് അദ്ദേഹത്തോട് തോന്നിയ പ്രേമം അവളുടെ ഹൃദയത്തിൻറെ അന്തരാളങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. “ശഗാഫ്” എന്ന അറബി പദത്തിനർത്ഥം ഹൃദയത്തിൻറെ ആവരണമാണ്. ദഹ്ഹാക്, ഇബ്നു അബ്ബാസ് (റ) ഇപ്രകാരം ഇപ്രകാരം പറഞ്ഞതായി സൂചിപ്പിക്കുന്നു: “അശ്ശഗഫ്” എന്നാൽ “മുടിഞ്ഞ പ്രേമം” എന്നാണർത്ഥം
(തഫ്സീർ ഇബ്നു കസീർ)

ഈ വികാരതീവ്രമായ പ്രേമം (Passionate Love) അവളെ എന്തിലേക്ക് കൊണ്ടെത്തിച്ചു എന്നും തുടർന്ന് ക്വുർആൻ പറയുന്നുണ്ട്.

“തീര്‍ച്ചയായും അവള്‍ വ്യക്തമായ വഴികേടിൽ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.”
(12:23-30)

തനിക്ക് എല്ലാവിധത്തിലും സമൃദ്ധമായ ജീവിതം സമ്മാനിച്ച ഭർത്താവിനെ വഞ്ചിക്കുവാനും അനുഗ്രഹ ദാതാവായ ദൈവത്തിനെ ധിക്കരിക്കാനും മകനെപ്പോലെ കാണേണ്ടിയിരുന്ന ഒരു നല്ല മനുഷ്യനെ വ്യഭിചാരത്തിന് വേണ്ടി വശീകരിക്കാനും ബലാൽക്കാരത്തിലൂടെ വലിച്ചിഴക്കാനും എല്ലാം ഈ വികാര തീവ്രമായ പ്രേമലഹരി അവളെ പ്രേരിപ്പിച്ചു. നിർദോഷിയായ ഒരു മനുഷ്യനെ കുറിച്ച് വ്യാജ പ്രചാരണം നടത്താനും അയാളെ തുറുങ്കിലടക്കാനുമെല്ലാം കുൽസിത ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കാൻ “മുടിഞ്ഞ പ്രേമം” അവളെ പ്രചോദിപ്പിച്ചു.

തിരിച്ചറിവിലേക്ക് നാം എത്തിച്ചേരുന്നതിനു മുമ്പ്, പ്രേമാതുരമായ ഘട്ടത്തിൽ -നമ്മുടെ മസ്തിഷ്ക പ്രക്രിയകളുടെ പരിണിതഫലമായി- പല അബദ്ധങ്ങളും നാം ചെയ്തു പോയിരിക്കും. തിരിച്ചെടുക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള പ്രേമ പ്രചോദിതമായ അവിവേകങ്ങൾ എന്തൊക്കെയാണെന്നും, അവയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് അടുത്തതായി പരിശോധിക്കാം.

print

1 Comment

  • Jazakallah Khair

    Shafin 03.10.2024

Leave a comment

Your email address will not be published.