പ്രേമിക്കേണ്ടത് എങ്ങനെ ? -11

//പ്രേമിക്കേണ്ടത് എങ്ങനെ ? -11
//പ്രേമിക്കേണ്ടത് എങ്ങനെ ? -11
ആനുകാലികം

പ്രേമിക്കേണ്ടത് എങ്ങനെ ? -11

ഭൗതികവും ആത്മീയവുമായ ഒട്ടനവധി ചതിക്കുഴികൾ ജീവിതത്തിൽ ഒരുക്കുന്ന, അവിവാഹിത പ്രേമബന്ധങ്ങളിൽ കുടുങ്ങി പോകാതിരിക്കാൻ ഒരു വിശ്വാസി എന്ത് ചെയ്യണം? മക്കൾ വിശിഷ്യാ പെൺമക്കൾ പ്രണയത്തിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് ? ഈ രണ്ടു ചോദ്യങ്ങൾക്കും ഒരേ ഉത്തരങ്ങളാണ് ഉള്ളത്. അവ ഹ്രസ്വമായി ചില പോയിന്റുകളിൽ വിവരിക്കാം:

ഒന്ന്, പ്രണയം മനസ്സിൽ വിരിയുന്ന പ്രായത്തിൽ തന്നെ സുരക്ഷിതമായ പ്രണയത്തിന് അഥവാ വിവാഹാനന്തര പ്രണയത്തിന് അവസരം ഒരുക്കുക.

ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മനസ്സുകളിൽ പ്രണയത്തിന്റെ തീവ്രമായ അഭിലാഷങ്ങൾ ജ്വലിക്കാൻ സാധ്യതയുള്ള പ്രായത്തിൽ തന്നെ അത് വിഹിതമായ മാർഗത്തിൽ നടത്താനുള്ള സാഹചര്യം ഒരുക്കുക. വിവാഹത്തിന് ഭൗതികമായ തടസ്സങ്ങളെല്ലാം നീക്കം ചെയ്യുക. അത്തരമൊരു സാഹചര്യം സാമൂഹികമായും മാതാപിതാക്കളുടെ സഹായത്തോടെയും സംജാതമായില്ല എങ്കിൽ പ്രണയ തീക്ഷണമായ യുവ മനസ്സുകൾ അവിഹിതമായ മാർഗ്ഗങ്ങളിലേക്ക് തിരിയുകയായിരിക്കും ഫലം.

സാമൂഹിക സമ്മർദ്ദത്താലും (social pressure) ജീവിതശൈലിയുടെ സവിശേഷതയാൽ അസൗകര്യങ്ങളാലും (inconvenience) വിവാഹം കഴിക്കാൻ കഴിയാതെ വരുന്ന യുവാക്കൾ സാമൂഹികമായി അവിവാഹിതത്വം (Social bachelorhood) വഹിച്ചുവെന്ന് വരാം. എന്നാൽ അവരിൽ ഒരു വലിയ വിഭാഗം വിവാഹാനന്തര ജീവിതത്തിന് തുല്യമായ, പ്രണയത്തിൽ നിന്നൊ ലൈംഗികതയിൽ നിന്നൊ വിട്ടുനിൽക്കുന്നില്ല. അഥവാ ലൈംഗിക അവിവാഹിതത്വം (Sexual bachelorhood) പാലിക്കുന്നവരല്ല ഇന്നത്തെ യുവസമൂഹം. ഇത് ന്യൂജന് നന്നായി അറിയാമെങ്കിലും രക്ഷിതാക്കൾക്ക് ഇതിനെ സംബന്ധിച്ച് അവബോധമില്ല. തൻ്റെ കുട്ടി പഠനത്തിലും ഗവേഷണത്തിലും അഭിരമിച്ച്, ധന്യമായ വിദ്യാർത്ഥി ജീവിതം നയിച്ച്, പരിശുദ്ധമായ ഒരു ലൈംഗിക ജീവിതം നയിക്കുന്നവരാണെന്ന് തെറ്റിദ്ധരിച്ച രക്ഷിതാക്കൾ എത്രയോയുണ്ട്! സാമൂഹികമായി അവിവാഹിതത്വം (Social bachelorhood) ലൈംഗിക അവിവാഹിതത്വത്തിൻ്റെ (Sexual bachelorhood) തെളിവല്ല എന്ന് അവർ മനസ്സിലാക്കണം. ക്യാമ്പസുകളുടെ ഇടനാഴികളിലും കലാലയ കെട്ടിടങ്ങളുടെ പിൻഭാഗങ്ങളിലും പ്ലേ ഗ്രൗണ്ടുകളിലെ മരച്ചുവടുകളിലും ന്യൂജൻ വിദ്യാർത്ഥികൾ വിവാഹതുല്യമായ പ്രണയ ജീവിതം പങ്കുവെക്കുന്നു എന്ന് അല്പമൊക്കെ നിരീക്ഷണ പാടവമുള്ളവർക്ക് മനസ്സിലാക്കാം. വിവാഹം കഴിക്കാതെ തന്നെ, കുട്ടികൾ സ്കൂളിൽ തന്നെ ഭർത്താവും ഭാര്യയുമായി ജീവിക്കുന്നു! അതുകൊണ്ടുതന്നെ പ്രണയ ദാരിദ്ര്യമോ ലൈംഗിക വിശപ്പോ അവർ അനുഭവിക്കുന്നില്ല. അതിനാൽ “വിവാഹം ഇപ്പോൾ വേണ്ട” എന്നതാണ് അവരുടെ ബാലിശമായ നയം.

വിവാഹപൂർവ്വ പ്രണയ ചതിക്കുഴികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സാംസ്കാരിക ബോധം വെച്ചുപുലർത്തുന്ന ന്യൂജൻ ചെയ്യേണ്ടതും, രക്ഷിതാക്കൾ സാഹചര്യം ഒരുക്കി കൊടുക്കേണ്ടതുമായ കാര്യം, നേരത്തെയുള്ള വിവാഹമാണ്. പഠനവും ജീവിതസാഹചര്യങ്ങളും ന്യായീകരണങ്ങളായി പറഞ്ഞു പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹം മുപ്പതും നാൽപ്പതുമൊക്കെ പ്രായത്തിലേക്ക് എത്തിക്കുന്നത് തീർത്തും അവസാനിപ്പിക്കേണ്ട പ്രവണതയാണ്.

വിശന്നാൽ നമ്മൾ എന്തും തിന്നും എന്ന് നമുക്കറിയാമല്ലോ. രുചിയോ ആരോഗ്യമോ നാം കഠിന വിശപ്പിന്റെ സാഹചര്യത്തിൽ മുഖവിലക്കെടുക്കില്ല. ഇതുപോലെ പ്രണയ വിശപ്പ് ആരെയും പ്രണയിക്കാൻ നമ്മെ പ്രേരിപ്പിക്കും. ആരോഗ്യപ്രദമോ ഉചിതമോ ആണെന്ന് നോക്കാതെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഏതു വ്യക്തിയെയും നാം പിന്തുടരുന്ന അപകടകരമായ അവസ്ഥയാണ് വൈകിയ വിവാഹങ്ങളിലൂടെ സംജാതമാവുക. എന്നുമാത്രമല്ല നല്ല ഒരു വിവാഹ ജീവിതം ലഭിക്കാതെ വരുന്ന സാഹചര്യവും ഉണ്ടാവുന്നു. വിവാഹം വൈകിപ്പിക്കുന്നതിലൂടെ വളരെയധികം ദോഷം ബാധിക്കുക പെൺകുട്ടികൾക്കാണ് എന്നതും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

സ്വീഡനിലെ ലണ്ട് യൂനിവേഴ്സിറ്റിയിലെ ന്യൂറോ സയൻ്റിസ്റ്റായ, ഡോ. ഒക്താർ ഗുലോഗ്ലു എഴുതുന്നത് ഇപ്രകാരമാണ്:

“ജീവശാസ്ത്രപരമായി നോക്കുമ്പോൾ, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പ്രത്യുൽപാദന ശേഷിയുള്ള കാലഘട്ടം 20-22 വയസ്സാണ്… ഇക്കാരണത്താൽ, സ്വന്തം പ്രായം കണക്കിലെടുക്കാതെ തന്നെ, ഇരുപതുകളുടെ തുടക്കത്തിലുള്ള സ്ത്രീകളെ പുരുഷന്മാർ ഏറ്റവും ആകർഷകമായി കാണുന്നു. ഈ സമയത്താണ് സ്ത്രീകളുടെ അടുക്കൽ ഏറ്റവും അധികം പ്രണയ/വിവാഹ അഭ്യർത്ഥനകൾ വരുന്നത്.

സ്ത്രീകൾ പ്രായമാകുമ്പോൾ, ഈ ആകർഷണം, കുറയുന്നു, അങ്ങനെ, അവരുടെ കമിതാക്കളുടെ എണ്ണം കുറയുന്നു… പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി പിന്നീടുള്ള വളരെ പ്രായം വരെ തുടരുന്നതിനാൽ, അവരുടെ പ്രായം സ്ത്രീകളുടേതിന് തുല്യമല്ല. നേരെമറിച്ച്, പലപ്പോഴും എതിർലിംഗത്തിൽപ്പെട്ടവർക്ക് സ്ത്രീകൾ അന്വേഷിക്കുന്ന ഒരു സവിശേഷതയായ സാമൂഹിക പദവിയും മതിയായ വിഭവങ്ങളും പുരുഷന്മാർക്ക് പ്രായമാകുമ്പോൾ കൂടുതലും വർദ്ധിക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാർ തങ്ങളുടെ ശരീരത്തിന്റെ കാര്യത്തിൽ കുറച്ചു ശ്രദ്ധാലുക്കൾ ആവുന്ന കാലത്തോളം പിന്നീടുള്ള പ്രായത്തിൽ അവരുടെ ആകർഷണീയത തുടർന്നു കൊണ്ടു പോകാനും അവർക്ക് കഴിയും. ഈ ആകർഷണീയത സ്ത്രീകളുടെ പ്രായത്തിൽ നിന്ന് സ്വതന്ത്രമാണ്. അതുകൊണ്ടാണ് 50-കളുടെ രണ്ടാം പകുതിയിൽ ജീവിക്കുന്ന ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, കീയാനു റീവ്സ്, ജോർജ്ജ് ക്ലൂണി തുടങ്ങിയ വ്യക്തികൾ പോലും ഇപ്പോഴും ഇരുപതുകളിലെ മിക്ക സ്ത്രീകൾക്കും വളരെ ആകർഷകവും അവരുടെ സ്വപ്ന പുരുഷ സങ്കൽപ്പവുമായി നിലനിൽക്കുന്നത്. കൂടാതെ പുരുഷരുടെ ആകർഷണീയതയുടെ ഘടകങ്ങളിൽ ശക്തമായത് ശാരീരിക സൗന്ദര്യത്തിനുമപ്പുറം അവരുടെ സാമൂഹിക പദവിയുമാണ് ശക്തിയും വരുമാനവുമാണ്…

“ഇരുപതുകളുടെ തുടക്കത്തിലെ ചാരുത ചിലപ്പോൾ സ്ത്രീകൾക്ക് ഗുരുതരമായ ഒരു മിഥ്യാബോധം ഉണ്ടാക്കിയേക്കാം. ഈ പ്രായത്തിലുള്ള തങ്ങളുടെ കമിതാക്കളുടെ ആധിക്യം പിന്നീടുള്ള വർഷങ്ങളിലും തുടരുമെന്ന് അവർ അനുമാനിക്കുന്നു. പക്ഷെ, സ്ത്രീകൾ പ്രായമാകുമ്പോൾ, പ്രത്യേകിച്ച് 20-കളുടെ അവസാനത്തോടെ, കമിതാക്കളുടെ എണ്ണം അതിവേഗം കുറയാൻ തുടങ്ങുന്നു. അതേ സമയം, പല പുരുഷന്മാരും ആ പ്രായത്തിൽ തന്നെ വിവാഹിതരാകുന്നു, അതിനാൽ സ്ത്രീകളുടെ ഓപ്ഷനുകൾ സമാനമായി കുറയുന്നു. ആരോഗ്യമുള്ള ഒരു കുട്ടിയുണ്ടാകാൻ ശേഷിക്കുന്ന പരിമിതമായ ജീവശാസ്ത്രപരമായ സമയത്തെക്കുറിച്ചുള്ള സഹജമായ ഉത്കണ്ഠയും അവരെ ഉടൻ വിവാഹം കഴിക്കാൻ പ്രചോദിപ്പിക്കുന്നു. ഈ ഉത്കണ്ഠ ചിലപ്പോഴൊക്കെ സ്ത്രീകളെ തെറ്റായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചേക്കാം: ഈ ഒരു പരിഭ്രാന്തിയിൽ അവൾക്ക് അനുയോജ്യനല്ലാത്ത ഒരു പുരുഷനെ അവൾ വിവാഹം കഴിച്ചേക്കാം. മിക്കപ്പോഴും, ഈ പരിഭ്രാന്തിയിൽ എടുക്കുന്ന തീരുമാനങ്ങൾ പൊരുത്തമില്ലാത്ത ദമ്പതികളെയോ പരസ്പരം പൊരുത്തപ്പെടാത്ത ആളുകളെയോ ഉണ്ടാക്കിത്തീർക്കുന്നു. അനുയോജ്യനായ പങ്കാളിക്കായി കാത്തിരിക്കുന്നത് തുടരുക എന്നതാണ് മറ്റൊരു ഓപ്ഷൻ. വർഷങ്ങളായി, അനുയോജ്യരുടെ ലഭ്യതയും തിരഞ്ഞെടുപ്പുകളുടെ എണ്ണവും കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ് സുന്ദരികളായ സ്ത്രീകളുടെ പോലും അവസ്ഥ. പക്ഷേ അവരുടെ സ്വപ്നത്തിലെ പുരുഷനേയും കാത്ത് അവർ അവിവാഹിതരായി ജീവിതം തുടരുന്നു… കാലക്രമേണ, സ്നേഹം ലഭിക്കാനുള്ള സാധ്യത അസാധ്യമായി വരും. അതിനാൽ, പെൺപ്രകൃതിക്ക് അനുസൃതമായി പ്രവർത്തിക്കുന്നതാണ് ബുദ്ധി. ചെറുപ്രായത്തിൽ തന്നെ ശരിയായ ആളെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്യുക. “എനിക്ക് ഭാവിയിൽ മികച്ച ഒരാളെ കണ്ടെത്താൻ കഴിയും” എന്നോ “ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്, എൻ്റെ 30 വയസ്സ് വരെ ഞാൻ ആരെയും വിവാഹം കഴിക്കാൻ പോകുന്നില്ല” എന്നോ വിചാരിച്ചാൽ, നിങ്ങൾ നിരാശരാകാനും, പ്രായമാകുമ്പോൾ ഈ തീരുമാനത്തിൽ ഖേദിക്കാനുമുള്ള സാധ്യതയെ കുറച്ചുകാണരുത്.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:103, 104)

ഇരുപതുകളിലെ പ്രസരിപ്പും സൗന്ദര്യവും യുവത്വവും നമ്മുടെ നാട്ടിലെയും പല പെൺകുട്ടികളെയും മിഥ്യാ ബോധത്തിൽ അകപ്പെടുത്തിയിട്ടുണ്ട്. തൻറെ പിന്നിൽ പ്രേമാഭിലാഷവുമായി കറങ്ങി നടക്കുന്ന യുവാക്കളുടെ എണ്ണം അമിതമായ ആത്മവിശ്വാസം പെൺകുട്ടികൾക്ക് നൽകുന്നു.

അമിതമായ ആത്മാഭിമാനം വിനയാണ്. ഇത് ആത്മവ്യാമോഹത്തിലേക്ക് (self-delusion) നയിക്കുകയും ആരും തന്നെ അർഹിക്കുന്നില്ല എന്നും താൻ എല്ലാവരേക്കാളും ഉയർന്നതാണെന്നുമുള്ള മിഥ്യാബോധം സൃഷ്ടിക്കുന്നു. തന്നിമിത്തം ഒരു വിവാഹാലോചനയും തനിക്ക് ഇണങ്ങിയതല്ല എന്ന അന്ധമായ ആത്മ പ്രേമം വളരുന്നു. വ്യക്തിക്ക് അമിതമായ പ്രാധാന്യം നൽകുന്ന, സ്വാർത്ഥതയെയും നാർസിസ്സിത്തെയും ഊതി വീർപ്പിക്കുന്ന ഇൻഡിവിജ്വലിസ്റ്റിക് ആശയങ്ങളായ ലിബറലിസം പോലെയുള്ള ആശയങ്ങളും പാശ്ചാത്യ ജീവിതശൈലിയോടുള്ള വളർന്നു വരുന്ന അനുരാഗാത്മകഭ്രമവുമെല്ലാം ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു.

ഫലമായി, ഇണയെ ഏതുകാലത്തും നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമെന്ന് അവർ തെറ്റിദ്ധരിക്കുന്നു. പിന്നീട് അനുയോജ്യമായ ഇണകളെ കിട്ടാതെയും വിവാഹം നടക്കാതെയും പല അബദ്ധ തീരുമാനങ്ങളിലും ചെന്ന് ചാടുന്നു.

വിദ്യാഭ്യാസത്തിന് അനുരാഗാത്മക ജീവിതത്തേക്കാൾ പ്രാധാന്യം നൽകുകയും അമിതമായ ആത്മാഭിമാനവും, ജീവിതപങ്കാളിയെ സംബന്ധിച്ച അസാധാരണമായ ഉയർന്ന സങ്കൽപ്പങ്ങളും വെച്ചുപുലർത്തുകയും ചെയ്യുന്ന സ്ത്രീകൾ പിന്നീട് നിരാലംബരും ഏകാന്തരുമായി പരിണമിക്കുന്ന സവിശേഷ സാഹചര്യം ഇന്ന് പാശ്ചാത്യ നാടുകളിൽ നിലനിൽക്കുന്നുണ്ട്:

“ബന്ധത്തിൽ ആധികാരികത പുലർത്താനുള്ള പുരുഷന്മാരുടെ സഹജാവബോധം ശാരീരികമായി മാത്രം പരിമിതപ്പെടുന്നില്ല. സാംസ്കാരിക വശങ്ങളിലും അവർക്ക് അത്തരമൊരു സഹജാവബോധമുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലൊന്നിൽ ഈ സാഹചര്യവും ബന്ധങ്ങളിൽ അതിൻ്റെ സ്വാധീനവും പ്രതിഫലിപ്പിക്കുന്ന ഒരു നല്ല ഉദാഹരണം നമുക്ക് കണ്ടെത്താൻ കഴിയും.

ഡെൻമാർക്കിലെ മിക്ക പ്രൊഫഷനുകളുടെയും വരുമാനം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്ക ആളുകൾക്കും സമാനമായതും മികച്ചതുമായ ശമ്പളമുള്ളതിനാൽ, ചില പുരുഷന്മാർ ഹൈസ്‌കൂൾ കഴിഞ്ഞ് ഒരു സർവകലാശാലയിൽ ചേരുന്നത് അനാവശ്യമാണെന്ന് കണ്ടെത്തുകയും താരതമ്യേന കൂടുതൽ വരുമാനം നൽകുന്ന ലളിതമായ തൊഴിലുകളിലേക്ക് തിരിയുകയും ചെയ്യുന്നു. സ്ത്രീകളാകട്ടെ, സാധാരണയായി മികച്ച വിദ്യാഭ്യാസത്തിനായി യൂണിവേഴ്സിറ്റിയിലേക്കും പലപ്പോഴും മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ പോലുള്ള ഉന്നത വിദ്യാഭ്യാസത്തിലേക്കും തിരിയുന്നു. ഇത് നല്ല വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ വിഭാഗത്തെയും വിദ്യാഭ്യാസം കുറഞ്ഞ പുരുഷ വിഭാഗത്തെയും സൃഷ്ടിക്കുന്നു.

സ്ത്രീകൾ സ്വാഭാവികമായും തങ്ങളേക്കാൾ വിദ്യാഭ്യാസം കുറഞ്ഞ പുരുഷന്മാരെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് അവരുടെ സഹജാവബോധം. വിദ്യാഭ്യാസപരവും സാംസ്കാരികവുമായ തലങ്ങളിൽ സ്വയം ആധികാരികത പുലർത്തുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് ആകർഷണീയത ഇല്ല എന്നതാണ് പുരുഷന്മാരുടെ സഹജാവബോധം. അതിനാൽ, സാംസ്കാരിക ആധികാരികതയിലെ വ്യത്യാസം കൊണ്ട് പോലും ഡെൻമാർക്കിലെ നല്ല വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് പങ്കാളികളെ കണ്ടെത്താൻ കഴിയാതെ വരുന്ന അവസ്ഥ നിലനിൽക്കുന്നു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 54)

ഈയൊരു വിരോധാഭാസത്തിലേക്ക് തന്നെയാണ് നമ്മുടെ നാടും പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ചിലർക്കെല്ലാം മനസ്സിലായിക്കാണും. നമ്മുടെ പെൺകുട്ടികൾ ഇനിയും പഠിക്കണമെന്നും അതിനായി എത്ര പ്രായം വരെയും വിവാഹം പിന്തിപ്പിക്കാമെന്നും ചിന്തിക്കുന്നു. ആൺകുട്ടികളാകട്ടെ ജോലിയും കൂലിയും സംഘടിപ്പിക്കുകയും ഉടനെ വിവാഹം കഴിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. അനുയോജ്യരായ ഇണകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ തളരുന്ന ആൺകുട്ടികൾ ഒടുവിൽ, ലഭ്യമായ ഇണയെ അവർ സ്വീകരിക്കാൻ തയ്യാറാവുന്നു. പെൺകുട്ടികളാകട്ടെ വളരെ വൈകി, വലിയ പ്രായത്തിൽ അവരുടെ പഠനയോഗ്യതക്ക് അനുയോജ്യരായ ആൺകുട്ടികളെ കിട്ടാതെ ഉഴലുകയും ചെയ്യുന്നു. ഈ വിരോധാഭാസം പാശ്ചാത്യൻ രാജ്യങ്ങളിൽ എന്നപോലെ നമ്മുടെ നാട്ടിലും, അതിശക്തമായ രൂപത്തിൽ നിലവിൽ വരാൻ ഒരു പതിറ്റാണ്ട് പോലും കാത്തിരിക്കേണ്ടി വരില്ല.

ഈ വിരോധാഭാസത്തിനിടയിൽ അവിവാഹിതരും ഇണകളില്ലാത്തവരുമായ പുരുഷന്മാരും അതിലേറെ സ്ത്രീകളും ബാക്കിയാവുന്നു. ഇത് വിവാഹിതരിലും അവിവാഹിതരിലും അവിഹിത ബന്ധങ്ങളുടെ വർദ്ധനവിന് ഇടയായി മാറുന്നു. കലുഷമായ കുടുംബങ്ങളും വഴിവിട്ട ലൈംഗിക സംസ്കാരവുമെല്ലാം നിറഞ്ഞ ഇരുണ്ട ഒരു ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത് എന്നർത്ഥം.

നികാഹിന് (النكاح) അഥവാ വിവാഹത്തിന് തടസ്സങ്ങൾ യുവാക്കൾ സ്വമേധയാലോ രക്ഷിതാക്കൾ പുറമെ നിന്നൊ സൃഷ്ടിക്കരുത്. വിവാഹത്തിലേക്കുള്ള വഴി വെട്ടിത്തെളിച്ച് എളുപ്പമാക്കുക. യുവത്വത്തിൽ, സിഫാഫ് (الزفاف) അഥവാ കൂടെയുള്ള ജീവിതം സാധ്യമല്ലാത്ത സാഹചര്യമാണെങ്കിൽ വിവാഹച്ചടങ്ങെങ്കിലും (عقد النكاح അക്ദു ന്നികാഹ്) നടത്താവുന്ന സാമൂഹിക അവസ്ഥയെങ്കിലും സംജാതമാവണം.

“നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിശാലതയുള്ളവനും സര്‍വ്വജ്ഞനുമത്രെ. വിവാഹം കഴിക്കാന്‍ (യാതൊരു വിധത്തിലും) കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ…”
(ക്വുർആൻ: 24: 32, 33)

പ്രവാചകൻ (സ) അരുളി:
لقَدْ قالَ لَنَا النبيُّ صَلَّى اللهُ عليه وسلَّمَ: يا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ، ومَن لَمْ يَسْتَطِعْ فَعليه بالصَّوْمِ؛ فإنَّه له وِجَاءٌ.

“യുവ സമൂഹമേ, നിങ്ങളിൽ ആർക്ക് സാമ്പത്തികമായ ശേഷിയുണ്ടോ അവൻ വിവാഹം കഴിക്കട്ടെ. അതിനു സാധിക്കാത്തവൻ ഒരുപാട് വ്രതമനുഷ്ഠിക്കുക; അത് ലൈംഗികശുദ്ധിക്ക് അവന് സഹായകരമാകും”
(സ്വഹീഹുൽ ബുഖാരി: 5065, സ്വഹീഹു മുസ്‌ലിം: 1400)

രണ്ട്, അമിതമായ ആത്മാഭിമാനം വിനയാണെന്ന് നാം വ്യക്തമാക്കിയല്ലൊ.

എന്നാൽ ആത്മമൂല്യം (self value) ജീവിതത്തെ മുഴുവൻ സ്വാധീനിക്കുന്ന ഒരു ഗുണകരമായ വിശേഷണവും അനിവാര്യമായ ആത്മശക്തിയുമാണ്. സ്വന്തത്തിന് വിലയില്ലെങ്കിൽ നാം വഴിതെറ്റിപ്പോകുമെന്നതിൽ യാതൊരു സംശയവുമില്ല. ഒന്നിനും കൊള്ളാത്തവരാണെന്ന് തോന്നുന്നവർ ആരെയും ഇണയായി സ്വീകരിക്കാൻ തയ്യാറാവുന്നു. അപകടം വരുത്തുന്നവരും, തീരെ അർഹിക്കാത്തവരും, അനുയോജ്യനല്ലാത്തവരും ഒക്കെയായ ആരുമായും ബന്ധമാവാം എന്ന ആത്മനിന്ദയുടെ അവസ്ഥയിലേക്ക് അവർ അധഃപതിക്കുന്നു.

ആത്മീയവും ഭൗതികവുമായ ഒട്ടനവധി സവിശേഷതകളും മൂല്യങ്ങളും ഉടമപ്പെടുത്തുന്നവരാണ് വിശ്വാസികൾ. അതുകൊണ്ടുതന്നെ, ഒരു വിശ്വാസി സ്വയം ആത്മമൂല്യം ഉള്ളവനായി വിശ്വസിക്കണം. നമ്മുടെ മക്കളെ ആത്മ മൂല്യമുള്ളവരായി വളർത്തണം. ഒന്നിനും കൊള്ളാത്തവരെന്ന് സ്വയം വിശ്വസിക്കുവോളം അവരെ അവമതിക്കുന്ന പ്രവണത രക്ഷിതാക്കളിൽ നിന്നും പൂർണമായും ഇല്ലാതാവണം. ആത്മനിന്ദ ആത്മനാശത്തിലേക്കുള്ള പാതയാണ്.

പ്രവാചകൻ (സ) പറഞ്ഞു:
لا ينبغي للمؤمنِ أن يُذِلَّ نفسَه, قالوا : وكيف يُذِلُّ نفسَه ؟ ! قال : يتعرضُ من البلاءِ لما لا يُطِيقُ .
“സ്വന്തത്തെ നിന്ദിക്കൽ ഒരു വിശ്വാസിക്ക് പാടില്ലാത്ത കാര്യമാണ്.” അനുചരന്മാർ ചോദിച്ചു: എങ്ങനെയാണ് ഒരാൾ സ്വന്തത്തെ നിന്ദിക്കുക? പ്രവാചകൻ മറുപടി നൽകി: ”തൻ്റെ കഴിവിനപ്പുറമുള്ള പരീക്ഷണങ്ങൾക്കും പ്രയാസങ്ങൾക്കും സ്വയം വിധേയനാവുക എന്നതാണ് സ്വന്തത്തെ നിന്ദിക്കൽ”.
(തുർമുദി, ഹിദായതുർ റുവാത്: 2437)

“യു.എസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ആദ്യ ഘട്ടത്തിൽ, ഗവേഷകർ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി പത്രത്തിൽ ഒരു പരസ്യം നൽകി. തങ്ങളുടെ ഗവേഷണത്തിന് യുവതികളും അവിവാഹിതരുമായ സ്ത്രീകളെ ആവശ്യമാണെന്നും പരീക്ഷണം വ്യക്തിത്വ പരിശോധന (Personality test) മാത്രമാണെന്നും അവർ പ്രഖ്യാപിച്ചു. ഈ പഠനത്തിന് വ്യക്തിത്വ പരിശോധനയുമായി യാതൊരു ബന്ധവുമില്ലെന്ന് പഠന വിധേയർക്ക് അറിയില്ലായിരുന്നു. പഠന വിധേയരായി തിരഞ്ഞെടുത്ത സ്ത്രീകളെ വ്യക്തിത്വ പരിശോധനയ്ക്ക് മുമ്പ് വെയ്റ്റിംഗ് റൂമിലേക്ക് ഒറ്റയ്ക്ക് കൊണ്ടുപോയി. അതിനിടെ, ഗവേഷക സംഘത്തിലെ സുന്ദരനായ ഒരു യുവാവ് മുറിയിൽ പ്രവേശിച്ച്, മറ്റൊരു പരീക്ഷണത്തിന് പങ്കെടുക്കാൻ എത്തിയതാണെന്ന് സ്വയം പരിചയപ്പെടുത്തി, മുറിയിലെ പരീക്ഷണാർത്ഥികളായ സ്ത്രീകളുമായി സംസാരിക്കാനും തുടങ്ങി. ഒളിക്യാമറ ഉപയോഗിച്ച് മുഴുവൻ ഇടപെടലുകളും വീക്ഷിച്ച ഗവേഷകർ സംഭാഷണം മുറുകിയ സന്ദർഭത്തിൽ മുറിയിൽ പ്രവേശിച്ച് വ്യക്തിത്വ പരിശോധനയ്ക്ക് പങ്കെടുക്കാനെത്തിയ സ്ത്രീയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പരീക്ഷണത്തിന് വിധേയരായ എല്ലാ സ്ത്രീകൾക്കും അവർ ഈ നടപടിക്രമം പ്രത്യേകം പ്രയോഗിച്ചു.

മറ്റുമുറിയിലെ ഈ സ്ത്രീകൾക്കുള്ള വ്യക്തിത്വ പരിശോധന യഥാർത്ഥമായിരുന്നില്ല. “പേഴ്സണാലിറ്റി ടെസ്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഈ കൃത്രിമ ടെസ്റ്റ് പൂർത്തിയായപ്പോൾ, ഗവേഷകർ ഈ സ്ത്രീകൾക്ക് വ്യാജ ഫലങ്ങൾ നൽകി. അവർ യാതൊരു അടിസ്ഥാനവുമില്ലാത്ത ഫലം പറഞ്ഞു, “നിങ്ങളുടെ വ്യക്തിത്വ പരിശോധനയുടെ ഫലം വളരെ നല്ലതാണ്” അല്ലെങ്കിൽ “നിങ്ങളുടെ വ്യക്തിത്വ പരിശോധനാ ഫലം വളരെ മോശമാണ്.”

പിന്നീട്, ഈ സ്ത്രീകൾ ഗവേഷകരുടെ ഭാഗത്തു നിന്നുള്ള, സുന്ദരനായ പുരുഷൻ ഇരിക്കുന്ന വെയിറ്റിംഗ് റൂമിലൂടെ പുറത്തേക്ക് തിരികെ നയിച്ചു. അപ്പോൾ ഈ അവിവാഹിതരായിരുന്ന സ്ത്രീകളെ ആ സുന്ദരനായ യുവാവ് വീണ്ടും സമീപിക്കുന്നു, “നമ്മുടേത് വളരെ മനോഹരമായ ഒരു സംഭാഷണമായിരുന്നു, പക്ഷേ അത് പകുതി വഴിയിൽ നിന്നു പോയി. നിങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, നമുക്ക് പിന്നീട് ഒരു കാപ്പി കഴിക്കാനോ മറ്റോ കണ്ടു മുട്ടിയാലോ?” സൗന്ദര്യം ഉണ്ടെന്നോ ഇല്ലെന്നോ വ്യത്യാസമില്ലാതെ, പേഴ്സണാലിറ്റി ടെസ്റ്റിൽ വ്യാജ പോസിറ്റീവ് റിസൾട്ട് ലഭിച്ച സ്ത്രീകൾ -ഈ സുന്ദരനായ പുരുഷനേക്കാൾ മികച്ച ഇണയെ തങ്ങൾ അർഹിക്കുന്നു എന്ന ചിന്തയോടെയും ആത്മവിശ്വാസത്തോടെയും- അയാളുടെ ഈ അഭ്യർത്ഥന നിരസിച്ചു. എന്നാൽ, വ്യക്തിത്വ പരിശോധനയിൽ വ്യാജ നെഗറ്റീവ് ഫലം ലഭിച്ച സ്ത്രീകൾ -അവരുടെ സൗന്ദര്യം കണക്കിലെടുക്കാതെ തന്നെ- ഈ യുവാവിൻ്റെ വാഗ്ദാനം സ്വീകരിച്ചു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 183)

നമ്മെ വളരെ ചിന്തിപ്പിക്കേണ്ട ചില കണ്ടെത്തലുകളാണ് ഈ പരീക്ഷണത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ആത്മാഭിമാനത്തിൻ്റെ ഗുണകരവും ദോഷകരവുമായ സ്വാധീനങ്ങൾ വ്യക്തമാക്കുന്ന ഈ പരീക്ഷണത്തിൽ ആത്മാഭിമാനവുമായി ബന്ധപ്പെട്ട മൂന്നു വസ്തുതകൾ വെളിപ്പെടുത്തപ്പെടുന്നു:

1. അമിതമായ ആത്മവിശ്വാസം സ്വന്തത്തെ കുറിച്ച മിഥ്യാ ബോധത്തിലേക്ക് നമ്മെ -പ്രത്യേകിച്ചും സ്ത്രീകളെ- നയിക്കുന്നു. ഇത് ആരോഗ്യകരമായ സഹ ജീവിതത്തിനും ദാമ്പത്യത്തിനും സ്വന്തത്തെ വഴങ്ങി കൊടുക്കുന്നതിൽ നിന്നും ഒരാളെ തടയുന്നു. ഫലമായി യാഥാർത്ഥ്യത്തിന് നിരക്കാത്ത ഇണ സങ്കൽപ്പങ്ങളും നിബന്ധനകളും സ്വന്തം മനസ്സിൽ ദാമ്പത്യത്തിനായി അവർ സ്വയം നിശ്ചയിക്കും. കിട്ടാക്കനിയും കാത്ത് കാലങ്ങളേറെ കളയും.

2. ആത്മ മൂല്യം തീരെ ഇല്ലെന്ന് വിശ്വസിക്കുന്നവർ -തങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാതെ- എത്ര അനർഹരുടെയും പ്രേമാഭ്യർത്ഥനയും വിവാഹാഭ്യർത്ഥനയും സ്വീകരിക്കുന്നു. സ്നേഹവും സമ്മതിയും പരിഗണനയുമെല്ലാം കുടുംബത്തിൽ നിന്ന് ആവശ്യത്തിന് അനുഭവിച്ച് വളർന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ തനിക്ക് ഇണങ്ങിയ ഇണയെ അർഹതപ്പെട്ട മാർഗത്തിലൂടെയാണ് സ്വീകരിക്കുവാൻ തയ്യാറാവുക. അതേസമയം വഴക്കും കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും മാത്രം കേട്ട് വളർന്ന, ഒരു നല്ല വാക്കൊ പ്രശംസയോ സമ്മതിയോ ഒരിക്കലും അനുഭവിക്കാതെ ജീവിക്കുന്ന ഒരാളെ പ്രണയത്തിൽ വിഴ്ത്താൻ ഏതു അൽപ്പനും സാധിക്കും. എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ, പരിഗണനയോ സ്നേഹത്തിൻ്റെ ലാഞ്ചനയോ ലഭിച്ചാൽ അവിടെയൊക്കെ വളഞ്ഞ് വളരുന്ന വള്ളിച്ചെടികളായി അവർ പരിണമിക്കും !

നമ്മുടെ മക്കളും പെങ്ങമ്മാരും സുന്ദരികൾ അല്ലെങ്കിലും സുന്ദരികളാണ്. അവൾ ഒരുപാട് നേട്ടങ്ങളോ കഴിവുകളോ ഉള്ളവൾ അല്ലെങ്കിൽ പോലും മൂല്യമുള്ളവളാണ് എന്ന് നാം പുരുഷന്മാർ സ്വയം വിശ്വസിക്കുകയും കൂടെ ജീവിക്കുന്ന പെണ്ണുങ്ങളെ വിശ്വസിപ്പിക്കുകയും വേണം.

ഭൗതികമായ ഒരു മൂല്യവും നമുക്കില്ല എന്ന് തന്നെ സങ്കൽപ്പിക്കുക. എങ്കിൽപോലും നാം ഓരോരുത്തരും ഉന്നതരാണ്. അമൂല്യമായ വിശ്വാസങ്ങളും ആദർശങ്ങളും ഹൃദയത്തോട് ചേർത്തുവെച്ചവരാണ് വിശ്വാസികൾ. ആ വിശ്വാസ ആദർശങ്ങൾ സൂക്ഷിക്കപ്പെടുന്ന മനുഷ്യാവരണങ്ങളായ നമ്മളും അമൂല്യമാണ്.

“നിങ്ങള്‍ ദുർബലരാവുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍.”
(ക്വുർആൻ: 3: 139)

അവസാനിച്ചു

print

No comments yet.

Leave a comment

Your email address will not be published.