പ്രേമിക്കേണ്ടത് എങ്ങനെ ? -10

//പ്രേമിക്കേണ്ടത് എങ്ങനെ ? -10
//പ്രേമിക്കേണ്ടത് എങ്ങനെ ? -10
ആനുകാലികം

പ്രേമിക്കേണ്ടത് എങ്ങനെ ? -10

പകട സാധ്യതകളും സങ്കീർണതകളും എത്രതന്നെ വസ്തുനിഷ്ഠമായി വിവരിക്കപ്പെട്ടാലും പ്രേമത്തിൽ അകപ്പെട്ടവർ, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു വ്യക്തിയെപ്പോലെ ഒരുപാട് ന്യായീകരണങ്ങൾ മനസ്സിൽ രൂപീകരിക്കും.

പ്രണയത്തിലൂടെ വഞ്ചിക്കപ്പെടില്ല. ഞാൻ അപകടങ്ങളിൽ അകപ്പെടില്ല. എൻ്റെ പ്രണയം സുരക്ഷിതമാണ്. എൻ്റെ ഇണ നല്ലവൾ/നല്ലവൻ ആണ്. ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സു മാറില്ല, സ്നേഹത്തിന്റെ തീക്ഷണത വ്യത്യസ്തപ്പെടില്ല. ഇതുതന്നെയാണ് എല്ലാ പ്രണയികളും എല്ലാകാലത്തും ആഗ്രഹിക്കുന്നത്.

നിഷിദ്ധമായ ബന്ധങ്ങൾ ദുഃഖവും ദുരിതവും ഖേദവും മാത്രമേ കൊണ്ടുവരു; ഇഹലോകത്ത് അല്ലെങ്കിൽ പരലോകത്ത്. ഇണ നമ്മെ “തേച്ച്” കടന്നു പോകുമ്പോൾ, അവസാനമായി പരാതിയുമായി നാം തിരിയുന്നത് നമ്മുടെ റബ്ബിലേക്ക് ആണല്ലോ. ദൈവം നിഷിദ്ധമാക്കിയ ബന്ധങ്ങളെ പിന്തുടർന്ന് ഹൃദയം ഭേദിക്കപ്പെടുമ്പോൾ ദൈവത്തിലേക്ക് തന്നെ തലതാഴ്ത്തി തിരിച്ചു വരേണ്ടി വരും നമ്മുക്ക് എന്ന് ഓർക്കുക.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതികമായ ഈ അപകടങ്ങളെക്കാളും ഗുരുതരമാണ് ആത്മീയമായ അപകടങ്ങൾ എന്നവൻ/അവൾ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ദൈവ തൃപ്തിക്ക് എതിരായ ബന്ധങ്ങൾ ജീവിതത്തിൽ നന്മയും അനുഗ്രഹവും അല്ല കൊണ്ടുവരിക എന്ന് അവൻ/അവൾ വിശ്വസിക്കണം. അപ്പോൾ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിവാഹപൂർവ പ്രേമബന്ധങ്ങൾ ഉപേക്ഷിക്കാൻ അവനെ/അവളെ പ്രേരിപ്പിക്കേണ്ട ഏറ്റവും വലിയ കാരണം, അവൻ്റെ/അവളുടെ നാഥൻ്റെ തൃപ്തിയാണ്.

“മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യ കൂട്ടുകാരെ സ്വീകരിക്കാത്തവരുമായ” (ക്വുർആൻ: 4: 25) ഇണകളെയാണ് വിവാഹം ചെയ്യേണ്ടത് എന്നാണ് വിശ്വാസികളോടുള്ള ദൈവകൽപ്പന. ഈ ക്വുർആൻ വചനത്തിലെ, “മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവർ” എന്നതു കൊണ്ട് ഉദ്ദേശ്യം പരസ്യമായി വ്യഭിചാരത്തിൽ ഏപ്പെടുന്ന സ്ത്രീ പുരുഷന്മാരെയാണ്. എന്നാൽ “രഹസ്യ കൂട്ടുകാരെ സ്വീകരിക്കാത്തവർ” എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആരെയാണ്?

(وَمُتَّخِذَاتُ أَخْدَانٍ) يَعْنِي: أَخِلَّاءَ.
وَكَذَا رُوِيَ عَنْ أَبِي هُرَيْرَةَ، وَمُجَاهِدٍ وَالشَّعْبِيِّ، وَالضَّحَّاكِ، وَعَطَاءٍ الْخُرَاسَانِيِّ، وَيَحْيَى بْنِ أَبِي كَثِيرٍ، وَمُقَاتِلِ بْنِ حَيَّانَ، وَالسُّدِّيِّ، قَالُوا: أَخِلَّاءَ. وَقَالَ الْحَسَنُ الْبَصْرِيُّ: يَعْنِي: الصَّدِيقَ.

“ഇത് (എതിർലിംഗത്തിൽ ഉള്ള) ഉറ്റ മിത്രങ്ങളെ സ്വീകരിക്കുന്നതിനെ സംബന്ധിച്ചാണ് എന്ന് അബൂ ഹുറൈറ, മുജാഹിദ്, ശഅ്ബി, ളഹ്ഹാക് , അത്വാഅ്, യഹ്‌യബ്നു അബൂ കസീർ, മുക്വാതിലിബ്നു ഹയ്യാൻ, സുദ്ദി തുടങ്ങിയവർ വ്യാഖ്യാനിച്ചത്. ഹസ്സനുൽ ബസ്വരി പറഞ്ഞു: ബോയ്ഫ്രണ്ടുകളെയാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.”
(തഫ്സീറുൽ ക്വുർആനിൽ അളീം: ഇബ്നു കസീർ)

ബോയ്ഫ്രണ്ടുകളെ സ്വീകരിക്കുന്ന പെൺകുട്ടികളും ഗേൾഫ്രണ്ടുകളെ സ്വീകരിക്കുന്ന ആൺകുട്ടികളെയും വിവാഹം ചെയ്യുന്നതിൽ നിന്നാണ് ഖുർആൻ വിശ്വാസികളായ ആണുങ്ങളെയും പെണ്ണുങ്ങളെയും വിലക്കുന്നത് എന്നർത്ഥം. പ്രേമബന്ധങ്ങൾ അല്ലാത്ത ഇത്തരം എതിർലിംഗ സൗഹൃദങ്ങൾ പ്രേമത്തിലേക്കും അവിഹിതബന്ധങ്ങളിലേക്കും നയിക്കും എന്നതാണ് സത്യം!

ഒരു പഠനം മാത്രം തൽക്കാലം ഇവിടെ ചേർക്കാം:

“പുരുഷൻമാർ അവരുടെ പെൺസുഹൃത്തുക്കളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു; പെൺസുഹൃത്തുക്കൾക്ക് തിരിച്ച് ആകർഷകത്വം ഇല്ലെങ്കിൽ കൂടിയും. തങ്ങളുടെ എതിർലിംഗത്തിലുള്ള സുഹൃത്തുക്കൾ തങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന് ചിന്തിക്കാനും സ്ത്രീകളേക്കാൾ പുരുഷന്മാർ കൂടുതൽ സാധ്യതയുള്ളവരാണ്…

സ്ത്രീകൾ തങ്ങളുടെ എതിർലിംഗക്കാരായ സുഹൃത്തുക്കളുടെ മാനസികാവസ്ഥയെക്കുറിച്ച് മിക്കവാറും അജ്ഞരൊ അന്ധരൊ ആയിരിക്കും; സ്ത്രീകൾ പൊതുവെ തങ്ങളുടെ ആൺസുഹൃത്തുക്കളിലേക്ക് ആകർഷിക്കപ്പെടാത്തതിനാൽ, ഈ ആകർഷണക്കുറവ് തന്നെ പുരുഷനും വെച്ചു പുലർത്തുന്നുവെന്ന് സ്ത്രീകൾ തെറ്റായി അനുമാനിക്കുന്നു.
(https://www.scientificamerican.com/article/men-and-women-cant-be-just-friends/)

അപ്പോൾ വിവാഹേതര/ വിവാഹപൂർവ്വ പ്രണയങ്ങൾ നാം വിശ്വാസികൾ ഉപേക്ഷിച്ചേ തീരൂ എന്ന് ക്വുആനിൽ നിന്നും മനസ്സിലാക്കി. എത്ര ഹൃദഭേദകമാണെങ്കിലും നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന അനുഗ്രഹ ദാതാവായ അല്ലാഹുവിനായി നാം നിഷിദ്ധവും അവിഹിതവുമായ ബന്ധങ്ങളും ത്യജിച്ചെ മതിയാകു. വികാര തീക്ഷണമായ ഈ തീരുമാനം അങ്ങേയറ്റം പ്രയാസകരമാണെങ്കിലും അത് നാം ചെയ്യേണ്ടത് നമ്മുടെ ധാർമികമായ ബാധ്യതയാണ്.

പ്രവാചകാനുചരന്മാരുടെ ത്യാഗ മാതൃകകളിൽ പ്രണയ ത്യാഗങ്ങളും ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്.

വ്യഭിചാരം നിഷിദ്ധമാക്കി കൊണ്ട് ക്വുആൻ വചനം ഇറങ്ങുന്ന സമയത്ത് ഗേൾഫ്രണ്ടുകൾ ഉണ്ടായിരുന്ന സ്വഹാബികൾ ഉണ്ടായിരുന്നു. അവർ തങ്ങളുടെ അവിഹിത ബന്ധങ്ങൾ അല്ലാഹുവിനായി ത്യജിക്കുകയുണ്ടായി.
(തഫ്സീറുൽ ക്വുർആനിൽ അളീം: ഇബ്നു കസീർ)

വിവാഹം നടന്നതിനുശേഷം തനിക്കും തൻറെ ഭാര്യക്കും ഒരു സ്ത്രീ ചെറുപ്പത്തിൽ മുലയൂട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ നിഷിദ്ധമായ ആ ദാമ്പത്യം ഉപേക്ഷിച്ച ഉക്ബത്തിബ്നുൽ ഹാരിസും അദ്ദേഹത്തിൻ്റെ ഭാര്യയും (സ്വഹീഹുൽ ബുഖാരി: 5105) നമുക്ക് മാതൃകയും പ്രചോദനവും ആണ്.

كُنْتُ أُحِبُّ امْرَأَةً مِن بَناتِ عَمِّي كَأَشَدِّ ما يُحِبُّ الرَّجُلُ النِّساءَ
“ഒരു പുരുഷൻ ഒരു സ്ത്രീയെ പ്രണയിക്കുന്നതിൽ വെച്ച് ഏറ്റവും തീവ്രമായ പ്രണയം ഞാൻ എൻ്റെ പിതാമഹന്റെ മകളോട് വെച്ച് പുലർത്തിയിരുന്നു” എന്ന് സ്വയം പ്രഖ്യാപിച്ച ഗുഹാവാസിയുടെ കഥയും നാം ഹദീസുകളിൽ വായിച്ചിട്ടുണ്ട്. അവളുമായി അവിഹിതബന്ധത്തിൽ ഏർപ്പെടാൻ സാധിച്ച സന്ദർഭത്തിൽ ദൈവ തൃപ്തിക്ക് അതെതിരാണെന്ന് സ്വബോധം വരുകയും തൻറെ പ്രണയവും വികാരവും ദൈവത്തിനായി ത്യജിക്കുകയും ചെയ്ത മാതൃക നമുക്ക് പ്രചോദനമാവേണ്ടതുണ്ട്.
(സ്വഹീഹുൽ ബുഖാരി: 2215)

وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ إلى نَفْسِهَا، قالَ: إنِّي أَخَافُ اللَّهَ

അപ്രകാരം അവിഹിത പ്രണയങ്ങളെയും വികാരങ്ങളെയും ദൈവ മാർഗ്ഗത്തിൽ ത്യജിക്കുന്ന വിശ്വാസികൾക്കായി, ദൈവത്തിൻ്റെ സിംഹാസനത്തിന്റെ തണലല്ലാതെ മറ്റൊരു തണലും അവശേഷിക്കാത്ത പരലോകത്ത് തണലും ആശ്വാസവും കുളിരും നൽകപ്പെടും എന്ന് പ്രവാചകൻ നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
(സ്വഹീഹുൽ ബുഖാരി: 6806)

നിഷിദ്ധമായ ബന്ധങ്ങളും അവിഹിതങ്ങളായ പ്രണയങ്ങളും നമ്മുടെ ജീവിതത്തിൽ നിന്ന് നിശ്ശേഷം തുടച്ചു മാറ്റുക. ഇത് അനിവാര്യമെങ്കിലും നിസ്സാരമായ ഒരു പ്രവർത്തനമല്ലെന്ന് നമുക്കേവർക്കും അറിയാം. അതുകൊണ്ടുതന്നെ, ഈ ആത്മ ത്യാഗം വളരെ ശ്രമകരമാണ്. പക്ഷേ ഒരു കാര്യം നാം ഓർക്കുക,
إِنَّ عِظمَ الجزاءِ مع عِظمِ البلاءِ
ഏറ്റവും കൂടുതൽ പ്രയാസങ്ങൾക്ക് ഒപ്പമാണ് ഏറ്റവും മഹത്തായ പ്രതിഫലം ഉള്ളത്.
(തുർമുദി: 2396)
പ്രയാസങ്ങൾക്കൊപ്പം ഒരു എളുപ്പവും ഉണ്ടാവുമെന്ന് അല്ലാഹുവിൻറെ വാഗ്ദാനത്തിൽ നാം ഉറച്ചു വിശ്വസിക്കുക.
(ക്വുർആൻ: 94: 4, 5)

ചില കാര്യങ്ങൾ നാം അങ്ങേയറ്റം വെറുക്കും എങ്കിലും അതിൽ ഒരുപാട് നന്മകൾ നിക്ഷിപ്തമായിരിക്കുമെന്നും. (ക്വുർആൻ: 4: 19, 2: 216)

അല്ലാഹുവാണ് കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നവനും നമുക്ക് അല്പം മാത്രമേ അറിയാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ
(ക്വുർആൻ: 2: 216) എന്നും ഉറച്ചു വിശ്വസിക്കുക.

സ്വന്തം (ധാർമ്മികമായ) തീരുമാനത്താലാണെങ്കിലും, നാം പ്രേമിച്ച വ്യക്തി നമ്മെ ഉപേക്ഷിച്ചതിനാലാണെങ്കിലും വേർപ്പാടിൻ്റെ വിരഹവേദന അസഹ്യമായി നമ്മുക്ക് ആദ്യം അനുഭവപ്പെട്ടേക്കാം. പക്ഷെ അത് രോഗമുക്തിയുടെ ആദ്യ ഘട്ടം മാത്രമാണ് എന്ന് നാം ഓർക്കുകയും അവിവേകങ്ങളിലേക്ക് വ്യതിചലിച്ച് പോകാതെ ശ്രദ്ധിക്കുകയും വേണം.

“നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.”
(ക്വുർആൻ: 93: 3-5)

“ജനങ്ങളെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദുർബലരാവരുത്‌. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്‌. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്‌.”
(ക്വുർആൻ: 4: 104)

വിരഹ വേദനയെ തരണം ചെയ്യാനുള്ള മനശാസ്ത്രപരവും ഭൗതികവുമായ മാർഗ്ഗങ്ങൾ പിന്തുടരാനും നാം ശ്രമിക്കേണ്ടതുണ്ട്. അത്തരം മാർഗങ്ങളും ഉപായങ്ങളും ന്യൂറോ സയൻ്റിസ്റ്റായ, ഡോ. ഒക്താർ ഗുലോഗ്ലു വിശദീകരിക്കുന്നത് നമുക്കൊന്ന് ശ്രദ്ധിക്കാം:

“ലഹരിക്ക് അടിമപ്പെട്ട ഒരു വ്യക്തി, ലഹരി ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന വികാരത്തിന് സമാനമായ പ്രതികരണങ്ങൾ പ്രേമിക്കുന്ന വ്യക്തിയുമായി (സ്വന്തം താൽപര്യത്താലൊ അല്ലെങ്കിൽ പ്രണയിതാവ് ഉപേക്ഷിക്കുന്നതിലൂടെയൊ ഉണ്ടാവുന്ന) വേർപിരിയലിലൂടെ ഉടലെടുക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു പുകവലിക്കാരനാണെങ്കിൽ, പുകവലിക്കുമ്പോൾ നിങ്ങൾക്ക് അത്ര സുഖം അനുഭവപ്പെടില്ല. സാമ്പത്തിക നാശനഷ്ടങ്ങളും ആരോഗ്യപ്രശ്നങ്ങളും കാരണം മിക്ക സമയത്തും പുകവലി ഉപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, പ്രത്യേകിച്ച് ഉപേക്ഷിക്കുന്നതിൻ്റെ ആദ്യ ആഴ്ചകളിൽ, നിങ്ങൾ നിരന്തരം ഒരു സിഗരറ്റ് കൊതിക്കുന്നു. പുകവലിക്കുന്നത് എത്ര സന്തോഷകരമായിരുന്നുവെന്ന് നിങ്ങൾ എപ്പോഴും ചിന്തിക്കുന്നു. വേർപിരിയലിനു ശേഷമുള്ള ലക്ഷണങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ സമാന പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിനാൽ, അവ സമാനമായ ഫലങ്ങളും മിഥ്യാധാരണകളും പ്രേമിക്കുന്നവരുമായി വേർപ്പെടുമ്പോളും ഉണ്ടാക്കുന്നു.

വേർപിരിയലിൽ നമ്മെ വേദനിപ്പിക്കുന്ന ഒരേയൊരു കാര്യം ഡോപാമിൻ, നോറാഡ്രിനാലിൻ എന്നിവയുടെ അമിതമായ വർദ്ധനവ് മാത്രമല്ല. നെർവ് ഗ്രോത്ത് ഫാക്ടർ (എൻ.ജി.എഫ്) ഹോർമോണിൻ്റെ ഫലങ്ങൾ പലപ്പോഴും നമ്മൾ വേർപിരിയുമ്പോൾ തെറ്റായ തീരുമാനങ്ങളെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു എന്നത് കൂടിയാണ്. അത് എങ്ങനെയെന്ന് അത്ഭുതപ്പെടുന്നോ?

നമ്മൾ മുൻ അധ്യായങ്ങളിൽ സൂചിപ്പിച്ചതുപോലെ, പ്രണയത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ നമ്മുടെ NGF ഹോർമോണുകളുടെ അളവ് വർദ്ധിക്കുന്നു. പൊതുവേ, NGF ന് ഞരമ്പുകളെ ശക്തവും ആരോഗ്യകരവും കൂടുതൽ ശാശ്വതവുമാക്കുന്ന ഒരു സ്വാധീനമുണ്ട്. നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്ന നമ്മുടെ ഞരമ്പുകളും സിനാപ്‌സുകളും ഈ ഫലത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. പ്രണയത്തിൻ്റെ ആദ്യ ആറുമാസം ഹണിമൂൺ കാലഘട്ടമാണ്. ആളുകൾ പൊതുവെ തങ്ങളുടെ പങ്കാളികളെയും ബന്ധങ്ങളെയും ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന സമയമാണിത്. അതിനാൽ, ഈ കാലയളവിൽ നമ്മുടെ പങ്കാളികളെയും ബന്ധത്തെയും കുറിച്ചുള്ള നമ്മുടെ ഓർമ്മകൾ കൂടുതലും പോസിറ്റീവ് ആണ്. വർദ്ധിച്ച NGF പ്രഭാവം കൊണ്ട്, ആ സമയത്തെക്കുറിച്ചുള്ള നമ്മുടെ ഓർമ്മകൾ, നെഗറ്റീവ് ഓർമ്മകളേക്കാൾ ശക്തമായി നമ്മുടെ തലച്ചോറിൽ എൻകോഡ് ചെയ്യപ്പെടുന്നു. (അവരിൽ നിന്നുള്ള ദ്രോഹങ്ങൾ, അവരുടെ ന്യൂനതകൾ, അവർ എപ്രകാരമാണ് നമുക്ക് ദോഷകരം എന്ന നമ്മുടെ തിരിച്ചറിവ് തുടങ്ങിയ എല്ലാ നെഗറ്റീവ് ഓർമ്മകളും, വിവാഹപൂർവ്വ പ്രണയം തന്നെ സുരക്ഷിതമല്ല എന്നു നാം തിരിച്ചറിഞ്ഞ്… എല്ലാം അപ്രസക്തങ്ങളായി അനുഭവപ്പെടുകയും ഓർമ്മയില്ലാതിരിക്കുകയും ചെയ്യുന്നു. പകരം അവരുമായി നാം ആസ്വദിച്ച പലതിനെക്കുറിച്ചുള്ള പോസിറ്റീവ് ഓർമ്മകൾ മാത്രം പ്രബലമായി തലച്ചോറിൽ നിലനിൽക്കുന്നു എന്ന അവസ്ഥ. – ലേഖകൻ)

അതുകൊണ്ട് തന്നെ, തുടർന്നുള്ള മാസങ്ങളിൽ നമ്മെ വേർപിരിയലിലേക്ക് നയിക്കുന്ന സംഭവങ്ങൾ അവരിൽ നിന്നും ഉണ്ടാവുന്നുവെങ്കിലും, തകർച്ചയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ അവ പലപ്പോഴും ശക്തമായി ഓർമ്മിക്കപ്പെടുന്നില്ല.

പകരം, NGF ഇഫക്‌റ്റ് ഉപയോഗിച്ച് കൂടുതൽ ശക്തമായി കോഡ് ചെയ്‌തിരിക്കുന്ന നമ്മുടെ പോസിറ്റീവ് ഓർമ്മകൾ കൂടുതൽ ഓർമ്മിക്കപ്പെടുന്നു. അതുകൊണ്ട്, ഒരു ഇണയിൽ നിന്ന് ഗുരുതരമായ വഴക്കുകൾക്കും ഹൃദയഭേദത്തിനും വഞ്ചിക്കപ്പെട്ടതിനും ശേഷം നമ്മൾ പിരിയുമ്പോൾ പോലും, നമ്മുടെ ആദ്യത്തെ കോപം കടന്നുപോയതിന് ശേഷം നമ്മൾ കൂടുതലും ഇണയെ കുറിച്ച നല്ല ഓർമ്മകൾ മാത്രം ഓർക്കുന്നു. “യഥാർത്ഥത്തിൽ, അവർ ഒരു മോശം വ്യക്തിയായിരുന്നില്ല. ഞങ്ങൾ കൂടെ ചെലവഴിച്ച സമയം വളരെ നല്ല സമയവും രസകരവുമായിരുന്നു” എന്ന് നാം തെറ്റിദ്ധരിക്കാൻ മസ്തിഷ്കം നമ്മെ പ്രേരിപ്പിക്കുന്നു. ഒപ്പം നമ്മുടെ മുൻ പങ്കാളികളോട് ക്ഷമിക്കാനും വീണ്ടും ഒന്നിക്കാനുമുള്ള പ്രവണത ഉടലെടുക്കുന്നു. ഈ മസ്തിഷ്ക പ്രതിഭാസത്തിന്റെ സ്വാധീനത്താൽ, കമിതാക്കൾ, വേർപിരിയലിനു ശേഷമുള്ള ആദ്യത്തെ ആറ് മാസങ്ങളിൽ വീണ്ടും ഒന്നിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

വേർപിരിയുന്ന കമിതാക്കളിൽ മൂന്നിലൊന്ന് പേരും ആദ്യത്തെ ഒമ്പത് മാസത്തിനുള്ളിൽ വീണ്ടും വേർപിരിയുന്നു. പിന്നീടുള്ള കാലഘട്ടങ്ങളിൽ വീണ്ടും ഒന്നിക്കുന്ന ദമ്പതികളെ പരിഗണിക്കുമ്പോൾ, വീണ്ടും ശ്രമിക്കുന്നവരുടെ നിരക്ക് 65% വരെ ഉയരുന്നു. എന്നിരുന്നാലും, തങ്ങളുടെ മുൻ പങ്കാളികളുമായി വീണ്ടും ഇടപഴകാൻ ശ്രമിക്കുന്നവരിൽ പകുതിയോളം പേർക്കും തങ്ങളുടെ ബന്ധം പ്രതീക്ഷിച്ചതുപോലെ നിലനിർത്താൻ കഴിയാതെ വീണ്ടും വേർപിരിയുന്നു.

രസകരമെന്നു പറയട്ടെ, ഒരേ പങ്കാളിയുമായി രണ്ടാം ബന്ധം പരീക്ഷിച്ച് വീണ്ടും വേർപിരിയുന്നവരിൽ മൂന്നിലൊന്ന് ആ വ്യക്തിയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഹോർമോണുകളുടെ സ്വാധീനം കാരണം നമ്മിൽ ഭൂരിഭാഗത്തിനും യഥാർത്ഥ്യബോധം ഇല്ലാതാവുന്നു എന്നർത്ഥം! വിഷലിപ്തമായ ആളുകളും ബന്ധങ്ങളും പോലും, അടുത്ത തവണ ഒന്നിച്ചാൽ മെച്ചപ്പെടുമെന്ന് എപ്പോഴും നാം പ്രതീക്ഷിക്കുന്നു…

” അപ്പോൾ, ഈ മിഥ്യാധാരണയോട് എങ്ങനെ പോരാടാം? മുൻ പ്രണയിനിയിൽ/പ്രണയിയിൽ നിന്നും പൂർണ്ണമായും എങ്ങനെ വിമോചനം നേടാം? നമ്മെ ദ്രോഹിക്കുകയോ വേദനിപ്പിക്കുകയോ ചെയ്ത ഒരാൾ, നമ്മുടെ മസ്തിഷ്കത്തിലെ ചില മാറ്റങ്ങൾ നിമിത്തം അവരുടെ യഥാർത്ഥ മൂല്യത്തിലും അധികം വിലപ്പെട്ടവരായി നമുക്ക് മാറുന്നതും അങ്ങനെ വീണ്ടും അവരിലേക്ക് തന്നെ നമ്മൾ ചെന്നെത്തുന്നതും തടയാൻ നമുക്ക് എങ്ങനെ കഴിയും,?

ആദ്യം, നമ്മുടെ ഡോപമീൻ സിസ്റ്റത്തെ ടാർഗെറ്റു ചെയ്യേണ്ടതുണ്ട്. നമ്മൾ വേർപിരിയുമ്പോൾ, ഡോപമീൻ അളവിലെ തീവ്രമായ വർദ്ധനവ് കാരണം നമ്മളുടെ മുൻ പങ്കാളി യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ആകർഷകവും മികച്ചതുമായി നമ്മുക്ക് തോന്നുന്നു. ഈ മിഥ്യാധാരണ തടയാൻ, ഈ വർദ്ധിച്ച ഡോപമീൻ പ്രഭാവം നിർവീര്യമാക്കാൻ, നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

1. ഇതിനായി, നമ്മുടെ മുൻ പങ്കാളിയുടെ നമുക്ക് ഇഷ്ടപ്പെടാത്തതും ദോഷകരവും സഹിക്കാൻ കഴിയാത്തതും നമ്മളെ വശം കെടുത്തുന്നതുമായ സവിശേഷതകളുടെ ഒരു ലിസ്റ്റ് എഴുതുന്നത് ഉപയോഗപ്രദമായിരിക്കും. ഡോപമീൻ വളരെയധികം വർദ്ധിക്കുന്നതിനാൽ, നമ്മുടെ മുൻ പങ്കാളിയുടെ നല്ല വശങ്ങൾ നമ്മുടെ മനസ്സിൽ പ്രബലമായി നാം തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ എല്ലാം ഈ ലിസ്റ്റ് നോക്കാനും കൂടുതൽ വസ്തുനിഷ്ഠമായ ചിത്രം കാണാനും യാഥാർത്ഥ്യം ഓർമ്മിക്കാനും കഴിയും.

2. വേർപിരിയലിനുശേഷം, നാം അവരുടെ എല്ലാ ഫോട്ടോകളും ഇല്ലാതാക്കണം, എന്നാൽ നമ്മുടെ മുൻ പങ്കാളി മോശമായി കാണപ്പെടുന്ന ഒരു ചിത്രം സൂക്ഷിക്കുക. അവർ നമ്മുടെ മനസ്സിൽ വരുമ്പോളെല്ലാം, നമുക്ക് ഈ ആകർഷകമല്ലാത്ത ഫോട്ടോ നോക്കാനും നാം വേർപിരിയുമ്പോൾ ഉണ്ടാകുന്ന ഉയർന്ന ഡോപാമൈൻ അളവ് കാരണം (നമുക്ക് തോന്നുന്ന) വർദ്ധിച്ച ആകർഷണത്തെ നിർവീര്യമാക്കാനും കഴിയും. (ഇങ്ങനെ ഒരു ചിത്രം സൂക്ഷിക്കുന്നത് ഇസ്‌ലാമികമായി ശരിയല്ലാത്തതിനാലും വീണ്ടും ആ വ്യക്തിയെ കുറിച്ച് ഓർമ്മ ഉണ്ടാവാനുള്ള റൊമാൻറിക് ക്യൂ ആയി അത് അവശേഷിക്കുമെന്നതിനാലും ഇതല്ലാത്ത സമാനമായ മറ്റു മാർഗ്ഗങ്ങൾ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഉദാഹരണത്തിന് നമ്മുടെ പങ്കാളിയായിരുന്നു വ്യക്തി ക്രോധത്തിന്റെ സമയത്ത് നശിപ്പിച്ച വല്ല വസ്തുക്കൾ ഉണ്ടായിരുന്നിരിക്കാം. നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയ ദോഷകരമായ സ്വാധീനത്തെ സൂചിപ്പിക്കുന്ന വസ്തുക്കളോ അടയാളങ്ങളും ഉണ്ടായേക്കാം. ഇത്തരം കാര്യങ്ങൾ “ഫ്രെയിമിട്ട് ” സൂക്ഷിക്കുക. )

3. വേർപിരിയലിനു ശേഷമുള്ള വേളയിൽ നമ്മുടെ മുൻ പങ്കാളിയെ കുറച്ചുകൂടി എളുപ്പത്തിൽ മറക്കാൻ കഴിയുന്ന മറ്റൊരു മാർഗം നമ്മൾ ഒരുമിച്ച് ചെയ്ത പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ്. ഉദാഹരണത്തിന്, നമ്മൾ ഒരു പ്രത്യേക കഫേയിലോ റസ്റ്റോറൻ്റിലോ പോകുകയും ബന്ധത്തിനിടയിൽ ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തിരുന്നെങ്കിൽ, അവ ഇനിമേൽ അവഗണിക്കുക.

വേർപിരിയലിനുശേഷം ആ സ്ഥലത്തുകൂടി വെറുതെ കടന്നുപോയാൽ പോലും, ശക്തമായി കൊത്തിവെച്ച മനോഹരവുമായ ഓർമ്മകൾ എല്ലായ്‌പ്പോഴും നമ്മുടെ കൺമുന്നിൽ നീന്തിത്തുടിക്കും. അവരെ മറക്കുന്ന പ്രക്രിയ നീണ്ടുപോകും.

4. നമ്മൾ ഒരുമിച്ച് കേൾക്കാൻ ഇഷ്ടപ്പെട്ട ഒരു പാട്ട് ഉണ്ടെങ്കിൽ അവ ഒഴിവാക്കുക, ഒരുമിച്ച് ആസ്വദിച്ച ഒരു പ്രവർത്തനത്തിന് പകരം മറ്റൊരു പ്രവർത്തനത്തിലേക്ക് തിരിയുക, ശാരീരിക ചുറ്റുപാടുകൾ മാത്രമല്ല സോഷ്യൽ മീഡിയയിൽ അവരെ തടയുന്നത് ഉൾപ്പെടെ – നമ്മുടെ മുൻ പങ്കാളിയുമായി ഇടപഴകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക എന്നതൊക്കെ ഈ പ്രക്രിയയിൽ നമ്മളെ സഹായിക്കും… ”

“ട്രോമാറ്റിക് സ്ട്രെസിൻ്റെ അഥവാ ദുരന്താനന്തര സമ്മർദ്ദത്തിൻ്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന “ഇംപാക്റ്റ് ഓഫ് ഇവൻ്റ് സ്കെയിൽ (IES-R)” ടെസ്റ്റ് അനുസരിച്ച് വേർപിരിയലിൽ നമ്മൾ അനുഭവിക്കുന്ന സമ്മർദ്ദവും ഉത്കണ്ഠയും ശരാശരി 36.06 പോയിൻ്റുകൾ നേടുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. കഠിനമായ ഭൂകമ്പം, ഹൃദയ ശസ്ത്രക്രിയ അല്ലെങ്കിൽ ഒരു വലിയ വാഹനാപകടം എന്നിവയ്ക്ക് ശേഷമുള്ള ആളുകളുടെ സമ്മർദ്ദവും ഉത്കണ്ഠയും ഈ സ്കോറിന് തുല്യമാണ്. സ്‌നേഹത്തിൻ്റെ വ്യാപ്തിയും അതിനാൽ അവർ അനുഭവിക്കുന്ന നിരാശയും അനുസരിച്ച്, ഈ സ്‌കോർ ചിലരിൽ അൽപ്പം കുറവും മറ്റുള്ളവരിൽ കൂടുതലും ആയിരിക്കാം. IES-R സ്കോർ 40-ന് മുകളിലുള്ള ആഘാതങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല, ഈ പ്രശ്നം വർഷങ്ങളോളം തുടരുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു.

5. വേർപിരിയലിനുശേഷം അനുഭവപ്പെടുന്ന വിഷാദത്തിലൂടെ, “ഈ മുറിവുകളെല്ലാം സുഖപ്പെടുത്താൻ എന്നെ സഹായിക്കൂ!” എന്ന സിഗ്നൽ നമ്മുടെ സോഷ്യൽ സർക്കിളിലേക്ക് നമ്മൾ യഥാർത്ഥത്തിൽ അയയ്ക്കുകയാണ് നാം മാനസികവും ശാരീരികവുമായി ചെയ്യുന്നത്. അതിനാൽ, ഈ കാലഘട്ടത്തെ എളുപ്പത്തിൽ മറികടക്കാൻ നമ്മുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വളരെ പ്രധാനമാണ്.

വിഷാദരോഗമുള്ള ഒരാൾ സാധാരണയായി ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇനി ചെയ്താലും, അവർക്ക് ആ ഊർജ്ജം സ്വയം കണ്ടെത്താൻ കഴിയില്ല. അതിനാൽ, നമ്മുടെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും പിന്തുണ, അവരുടെ ശാന്തമായ നിർദ്ദേശങ്ങൾ, രസകരവും ഹൃദ്യവുമായ സംഘ പ്രവർത്തനങ്ങൾ എന്നിവ ഈ കാലഘട്ടത്തിലൂടെ പ്രശ്‌നങ്ങളില്ലാതെ കടന്നുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

6. ഡോപമീൻ പുനഃസ്ഥാപിക്കുന്നതിനായി മദ്യം, ചൂതാട്ടം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ഹാനികരമായ പ്രവർത്തനങ്ങളിലേക്ക് നാം തിരിഞ്ഞേക്കാം. നമ്മിൽ ചിലർ ഡോപമീൻ-റിലീസിംഗ് പ്രവർത്തനമായി ഭക്ഷണം കഴിക്കുക എന്നത് സ്വയം തിരഞ്ഞെടുത്തേക്കാം. ജങ്ക് ഫുഡ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്കാണ് ഇത് നയിക്കുന്നത്. അതിനാൽ, ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം അഡിക്ഷനുകളിൽ നിന്ന് അകന്നു നിൽക്കൽ ഈ കാലഘട്ടത്തിൽ അനിവാര്യമാണ്.

7. മതവും ആരാധനയും നമ്മുടെ തലച്ചോറിലെ ഡോപമീൻ സ്രവത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മയക്കുമരുന്ന് ഉപേക്ഷിച്ചതിന് ശേഷം മതത്തിലേക്ക് തിരിയുന്ന ആളുകളിൽ വീണ്ടും ലഹരിക്ക് അടിമപ്പെടുന്നതിന്റെ നിരക്ക് കുറയുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മത വിശ്വാസവും ആരാധനകളും മയക്കുമരുന്ന് കഴിക്കുമ്പോൾ സ്രവിക്കുന്ന ഡോപമീനെ മാറ്റിസ്ഥാപിക്കുന്നു… ആഘാതകരമായ വേർപിരിയലിനുശേഷം ചില ആളുകൾ സഹജമായി മതത്തിൽ സ്വയം അർപ്പിക്കുന്നു…

8. ഈ ഘട്ടത്തിൽ നമുക്ക് സ്വന്തമായി ഡോപ്പമിൻ്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്ന ലളിതവും ഫലപ്രദവുമായ മറ്റു ചില പ്രവർത്തനങ്ങളുമുണ്ട്. അതിലൊന്ന് നല്ല ഭംഗിയും ഓമനത്വവുമുള്ള കുഞ്ഞുങ്ങളുടെ ഫോട്ടോകൾ നോക്കുക എന്നതാണ്. ഈ ഫോട്ടോകൾ നമ്മുടെ ന്യൂക്ലിയസ് അക്യുംബൻസുകളെ സജീവമാക്കുന്നു, ഇത് നമ്മുടെ തലച്ചോറിൽ ഡോപമിൻ സ്രവിപ്പിക്കുന്നു. ഇത് ചെയ്യാൻ നമ്മൾ വിഷാദരോഗികളാവാൻ കാത്തിരിക്കണമെന്നില്ല. നമുക്ക് മടുപ്പും സന്തോഷവുമില്ലാത്ത സമയങ്ങളിലെല്ലാം, കുഞ്ഞുങ്ങളുടെ ഫോട്ടോകൾക്കായി ഇൻ്റർനെറ്റിൽ സർഫ് ചെയ്യാം. നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും, നമ്മുടെ മാനസികാവസ്ഥ ഉയർത്തപ്പെടും…

9. വേർപിരിയലിൻ്റെ വേദനയെ മറികടന്ന ശേഷം ഒരു പുതിയ ബന്ധം (വിവാഹ ബന്ധം – ലേഖകൻ) ആരംഭിക്കുന്നത് നമ്മുടെ മുൻ പങ്കാളിയെ മറക്കുന്നത് എളുപ്പമാക്കുന്നതാണ്…”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:205-207)

മനസ്സിനെ ശുദ്ധീകരിക്കാനും ലൈംഗികാവയവങ്ങളെ സംരക്ഷിക്കാനും പാപങ്ങൾ പൊറുക്കപ്പെടാനും അല്ലാഹുവോട് സദാ പ്രാർത്ഥിക്കുക. ഇതിന് ഇണങ്ങിയ രണ്ടു പ്രാർത്ഥനകൾ ഇവിടെ സൂചിപ്പിക്കട്ടെ:

اللهمَّ طهِّرْ قلبِي واغفر ذنبِي وحصِّنْ فَرْجِي

“അല്ലാഹുവേ എന്റെ മനസ്സിനെ ശുദ്ധീകരിക്കുകയും എൻ്റെ പാപങ്ങൾ പൊറുക്കുകയും എൻറെ ലൈംഗികാവയങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ”
(ഇത് പ്രവാചക പ്രാർത്ഥനയുടെ വ്യത്യസ്തമായ ഒരു ആവിഷ്കാരമാണ്)

للَّهمَّ إنِّي أعوذُ بِكَ مِن شرِّ سمعي، ومِن شرِّ بصَري، ومِن شرِّ لِساني، ومِن شرِّ قلبي، ومن شرِّ مَنيِّي يَعني فرجَهُ

“അല്ലാഹുവേ എൻ്റെ കേൾവിയിലൂടെ വന്നുഭവിക്കാവുന്ന ഉപദ്രവത്തിൽ നിന്നും, എൻ്റെ കാഴ്ചയിലൂടെ വന്നുഭവിക്കാവുന്ന ഉപദ്രവത്തിൽ നിന്നും, എൻ്റെ നാവിലൂടെ സംഭവിക്കാവുന്ന ഉപദ്രവത്തിൽ നിന്നും, എൻറെ ലൈംഗിക ചോദനയിൽ നിന്നും വന്നുഭവിക്കാവുന്ന ഉപദ്രവത്തിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.”

(അബൂ ദാവൂദ്:1551, തുർമുദി: 3492, നസാഈ: 5444)

print

No comments yet.

Leave a comment

Your email address will not be published.