പ്രേമിക്കേണ്ടത് എങ്ങനെ ? -1

//പ്രേമിക്കേണ്ടത് എങ്ങനെ ? -1
//പ്രേമിക്കേണ്ടത് എങ്ങനെ ? -1
ആനുകാലികം

പ്രേമിക്കേണ്ടത് എങ്ങനെ ? -1

“ഒരു പുരുഷൻ്റെ തീവ്രവികാരത്തോടെ ഞാൻ എസ്റ്റെല്ലയെ പ്രണയിച്ചപ്പോൾ, ഞാൻ അവളെ പ്രണയിച്ചത്, അവളെ പ്രണയിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞു നിർത്താൻ എനിക്ക് തന്നെ സാധിക്കാതിരുന്നത് കൊണ്ടാണ് എന്നതാണ് യോഗ്യതയില്ലാത്ത സത്യം. യുക്തിക്കെതിരായി, ഭാവിക്കെതിരായി, വാഗ്ദാനങ്ങൾക്കെതിരായി, സമാധാനത്തിനെതിരായി, പ്രതീക്ഷകൾക്കെതിരായി, സന്തോഷങ്ങൾക്കെതിരായി, എല്ലാവരുടെയും നിരുത്സാഹങ്ങൾക്കും എതിരായി ഞാൻ അവളെ പ്രേമിച്ചു. എപ്പോഴുമല്ലെങ്കിലും ഇടക്കിടെ ഈ തിരിച്ചറിവ് എനിക്ക് വന്നിരുന്നു എന്നതാണ് ദുഖത്തോടെ ഞാൻ ഓർക്കുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും
അവളെ പ്രണയിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞു നിർത്താൻ എനിക്ക് സാധിച്ചില്ല. ഈ ന്യൂനതകളെല്ലാം ഉണ്ടായിട്ടും, അവൾ മനുഷ്യ പൂർണ്ണതയുടെ മൂർത്തീഭാവമാണെന്ന് ഞാൻ ഭക്തിപൂർവ്വം വിശ്വസിച്ചിരുന്നതിൽ നിന്നും എന്നെ തടയാൻ വസ്തുതകൾക്ക് സ്വാധീനശക്തി ഉണ്ടായിരുന്നില്ല…”
(Charles Dickens: Great Expectations: Chapter 29)

***************************

Wanting is not liking

ഒരു കാര്യം “വേണമെന്ന് ആഗ്രഹം” (Wanting) നമുക്ക് ആ കാര്യം ഇഷ്ടമാണ് (liking) എന്നതിൻറെ തെളിവല്ല. നമ്മൾ ഒരു വസ്തുവെ അല്ലെങ്കിൽ ഒരു വ്യക്തിയെ ഉൽക്കടമായി വേണമെന്ന് ആഗ്രഹിച്ചേക്കാം. അത് ലഭിക്കാതെ ഒരു നിവൃത്തിയുമില്ല എന്ന് നമുക്ക് തോന്നിയേക്കാം. എങ്കിൽ പോലും ആ വസ്തുവേയോ വ്യക്തിയോ നമുക്ക് ഇഷ്ടമാണ് എന്ന് ഒരിക്കലും തെളിയുന്നില്ല എന്നാണ് ന്യൂറോ സയന്റിസ്റ്റുകൾ വാദിക്കുന്നത്.

ആഗ്രഹം ഇഷ്ടമല്ല:

“ഒരാൾ ഒരു റെസ്റ്റോറൻ്റിന് മുന്നിലൂടെ നടക്കുന്നു, ബർഗറുകൾ പാചകം ചെയ്യുന്നത് മണക്കുന്നു. അയാൾ ബർഗർ ഒരു കടി കഴിക്കുന്നതായി സങ്കൽപ്പിക്കുന്നു; അയാൾക്ക് ഏതാണ്ടൊക്കെ അതിന്റെ രുചി പോലും സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ട്. അയാൾ ഡയറ്റിങ്ങിലാണ്, എന്നാൽ ഈ സമയത്ത് അയാൾക്ക് ആ ഹാംബർഗറിനേക്കാൾ കൂടുതൽ മറ്റൊന്നും ആഗ്രഹിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല, അതിനാൽ അയാൾ റെസ്റ്റോറന്റ് ൽ കയറി ബർഗർ ഓർഡർ ചെയ്യുന്നു. തീർച്ചയായും, ആദ്യത്തെ കടി അതിരസകരമായിരിക്കും, എന്നാൽ രണ്ടാമത്തെ കടി, അത്രയില്ല. ഓരോ പീസ് കടിക്കുമ്പോഴും, ആശിച്ചു മോഹിച്ച “ഹാംബർഗർ സ്വർഗ്ഗ”ത്തിലെ അവൻ്റെ ആസ്വാദനം കുറഞ്ഞു കുറഞ്ഞു വരുന്നു. അവൻ എങ്ങനെയൊക്കെയോ അത് കഴിച്ചു തീർക്കുന്നു, എന്തോ പിന്നെ ചെറിയ ഓക്കാനം അനുഭവപ്പെടുകയും തന്റെ ഡയറ്റ്ൽ ഉറച്ചു നിന്നില്ലല്ലോ എന്ന നിരാശ കൊണ്ട് അവൻ വളരെയധികം പരാജിതനായി അനുഭവപ്പെടുകയും ചെയ്യുന്നു.

തിരിച്ചു നടക്കുമ്പോൾ ഒരു ചിന്ത അവൻ്റെ മനസ്സിലൂടെ കടന്നുപോകുന്നു: എന്തെങ്കിലും ആഗ്രഹിക്കുന്നതും അത് ഇഷ്ടപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്…”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 27)

“മിഷിഗൺ സർവ്വകലാശാലയിലെ, സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് പ്രൊഫസറായ ഡോ കെൻ്റ് ബെറിഡ്ജ്, ഈ Here&Now ആഗ്രഹ സർക്യൂട്ടുകളിൽ നിന്ന്, ഡോപമീൻ (Dopamine) ആഗ്രഹ സർക്യൂട്ടുകൾ വേർപെടുത്തുന്ന ശാസ്ത്ര പഠനത്തിന് വഴി വെട്ടിത്തെളിച്ച വ്യക്തിയാണ്.

എലി ഒരു പഞ്ചസാര ലായനി രുചിച്ചറിയുമ്പോൾ, ചുണ്ടുകൾ നക്കി ഇഷ്ടം (Liking) പ്രദർശിപ്പിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ചുണ്ടുകൾ നക്കാതെ, മധുരദ്രാവകം കൂടുതൽ കൂടുതൽ കഴിക്കുന്നതിലൂടെ അത് അതിൻ്റെ ആഗ്രഹമാണ് (wanting) പ്രകടിപ്പിക്കുന്നത്, ഇഷ്ടമല്ല എന്നും തിരിച്ചറിഞ്ഞു.

തുടർന്ന്, എലിയുടെ മസ്തിഷ്കത്തിലേക്ക് ഡോപമീൻ വർദ്ധിപ്പിക്കുന്ന ഒരു രാസവസ്തു കുത്തിവച്ചപ്പോൾ, അത് കൂടുതൽ കൂടുതൽ (Wanting) പഞ്ചസാര വെള്ളം കഴിച്ചു, പക്ഷേ ഇഷ്ടപ്പെടുന്നതിൻ്റെ ലക്ഷണങ്ങൾ (ചുണ്ടു നക്കുക) കാണിച്ചില്ല. അതേ സമയം, അദ്ദേഹം ഒരു എച്ച് & എൻ ബൂസ്റ്റർ കുത്തിവച്ചപ്പോൾ, ചുണ്ടു നക്കിക്കൊണ്ടുള്ള ഇഷ്ട പ്രതികരണത്തെ (Liking) മൂന്നിരട്ടിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ദി ഇക്കണോമിസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഡോ. ബെറിഡ്ജ് ഇപ്രകാരം പരീക്ഷണ ഫലത്തെ സംഗ്രഹിച്ചു:
ഡോപമീൻ ആഗ്രഹ സംവിധാനം (wanting) തലച്ചോറിൽ ശക്തവും വളരെ സ്വാധീനമുള്ളതുമാണ്. എന്നാൽ തലച്ചോറിലെ ഇഷ്ടപ്പെടൽ (Liking) സർക്യൂട്ട് ചെറുതും ദുർബലവും പ്രവർത്തനക്ഷമമാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുമാണ്.

ഇവ രണ്ടും (ആഗ്രഹവും ഇഷ്ടവും) തമ്മിലുള്ള വ്യത്യാസം കൊണ്ടാണ് “തീവ്രമായ ആഗ്രഹത്തേക്കാൾ (Wanting), ജീവിതത്തിൻ്റെ തീവ്രമായ ആനന്ദങ്ങൾ (Liking) കുറവും സ്ഥിരതയില്ലാത്തതുമായത്.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 45)

നാം ഉൽക്കടമായി കൊതിക്കുന്ന, ലഭിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന (Wanting) മസ്തിഷ്ക പ്രക്രിയയെ നിയന്ത്രിക്കുന്നത് ഡോപമീൻ എന്ന രാസപദാർത്ഥമാണ്. എന്നാൽ ഒരു കാര്യം “ഇഷ്ടപ്പെടുക” (Liking) എന്ന മസ്തിഷ്ക പ്രക്രിയ നിയന്ത്രിക്കുന്നത് Here&Now രാസപദാർത്ഥങ്ങളാണ്. ഇവ താരതമ്യേന ദുർബലമാണ്. അതുകൊണ്ടുതന്നെ ശക്തമായ ഡോപമീൻ ഉൽപാദനം നടക്കുന്നതിലൂടെ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും നാം അനിയന്ത്രിതമായും തീവ്രവികാരത്തോടുകൂടിയും ആഗ്രഹിക്കുക എന്ന വിരോധാഭാസം സംഭവിക്കുന്നു. പഞ്ചസാര (Added Sugar) ചേർക്കപ്പെടുന്ന ഏതു വസ്തുവിനോടും നമുക്ക് ആഗ്രഹം ജനിക്കുന്നത് ഇപ്രകാരമാണ്. പഞ്ചസാരയിലൂടെ ഡോപമീൻ ഉത്പാദനം ശക്തമാകുന്നു എന്നതിനാൽ നമുക്ക് ഇഷ്ടമില്ലാത്ത വസ്തു പോലും പഞ്ചസാര ഉണ്ടെങ്കിൽ നാം വീണ്ടും വീണ്ടും ആഗ്രഹിക്കും. കാപ്പിക്കും ചായക്കും ഒക്കെ, അവയിൽ കഫീൻ (coffine) അടങ്ങുന്നതുകൊണ്ട് ഈ സ്വാധീനശക്തി ഉണ്ട്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന അഡിക്ഷനുകളും ആയി ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോൾ (ആഗ്രഹവും ഇഷ്ടവും തമ്മിലുള്ള) ഈ വ്യത്യാസം സുവ്യക്തമാകുന്നതാണ്. ആരും മദ്യത്തെയൊ സിഗരറ്റിനെയൊ മയക്കുമരുന്നിനെയോ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ, ഡോപമീൻ ഉൽപാദനം മസ്തിഷ്കത്തിൽ അനിയന്ത്രിതമായി നടക്കുന്നു. തന്നിമിത്തം പ്രസ്തുത ലഹരി വസ്തുക്കളെ എന്ത് വിലകൊടുത്തും ആഗ്രഹിക്കുക എന്ന അവസ്ഥയിലേക്ക് ഒരു അഡിക്റ്റ് പരിഗണിക്കുന്നു.

“അലൻ ലെഷ്നർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് മുൻ ഡയറക്ടർ, മയക്കുമരുന്ന് ദുരുപയോഗം ഡിസയർ സർക്യൂട്ടിനെ “ഹൈജാക്ക്” (ബലാൽക്കാരമായി അപഹരിക്കുക) ചെയ്യുന്നുവെന്ന് പറയുകയുണ്ടായി. അവ അതിനെ വളരെയധികം ബാധിക്കുന്നു, ഭക്ഷണമോ ലൈംഗികതയോ പോലുള്ള സ്വാഭാവിക പ്രതിഫലങ്ങളേക്കാൾ തീവ്രമായി, അതേ മസ്തിഷ്ക-പ്രേരണ സംവിധാനത്തെ അത് ഉത്തേജിപ്പിക്കുന്നു. അതുകൊണ്ടാണ് ഭക്ഷണ-ലൈംഗിക ആസക്തികൾ മയക്കുമരുന്നിനോടുള്ള ആസക്തിയുമായി വളരെയധികം സാമ്യമുള്ളത്. നമ്മുടെ തലച്ചോറിലെ സർക്യൂട്ടുകൾ ഒരു ആസക്തി (Addiction) ഉണ്ടാക്കുന്ന രാസവസ്തുക്കൾ ഏറ്റെടുക്കുകയും അതിൻ്റെ വലയിൽ അകപ്പെടുന്ന ഒരാളെ അടിമയാക്കുകയും ചെയ്യുന്നു.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 37)

തുടർന്ന് തനിക്ക് യാതൊരു ഇഷ്ടമോ ആവശ്യമോ ഗുണമോ ഇല്ലാത്ത, തനി ദോഷകരമായ മയക്കുമരുന്നുകൾക്ക് വേണ്ടി അയാൾ എല്ലാം ത്യജിക്കുന്നു. താൻ ഇഷ്ടപ്പെടുന്ന തനിക്ക് ആവശ്യകരമായ എല്ലാം ഈ ഒരു ആസക്തിക്കായി ബലി കഴിക്കാൻ ഒരു അഡിക്റ്റ് തയ്യാറാകുന്നു. ഇത്തരം അഡിക്ഷനുകളുടെ ഫലമായി യാതൊരുവിധത്തിലും ബുദ്ധിപരമോ യുക്തിപരമോ അല്ലാത്ത പല വിഡ്ഢിത്തങ്ങളും മൗഢ്യങ്ങളും തീരുമാനിക്കാനും പ്രവർത്തിക്കാനും അയാൾ തയ്യാറാവുന്നു:

“ജോലി, കുടുംബം, എല്ലാറ്റിനും ഉപരിയായി ഒരു അഡിക്റ്റ് മയക്കുമരുന്ന് തിരഞ്ഞെടുക്കുന്നു. ഒരു അഡിക്റ്റ് യുക്തിരഹിതമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക, പക്ഷേ ഒരു അഡിക്റ്റിൻ്റെ തിരഞ്ഞെടുപ്പുകൾ തികച്ചും യുക്തിസഹമാണെന്ന് അവൻ്റെ മസ്തിഷ്കം അവനോട് (കള്ളം) പറയുന്നു. ആരെങ്കിലും നിങ്ങൾക്ക് ഇപ്രകാരം ഒരു തെരഞ്ഞെടുപ്പ് തന്നു എന്ന് കരുതുക: ഒന്നുകിൽ ഒരു നല്ല റെസ്റ്റോറന്റിൽ ഭക്ഷണം… അല്ലെങ്കിൽ ഒരു മില്ല്യൺ ഡോളറിന്റെ ഒരു ചെക്ക്… ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യപ്പെട്ടാൽ, പട്ടണത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റിൽ ആണെങ്കിൽ പോലും ഭക്ഷണം എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക എന്നത് വിഡ്ഢിത്തം ആണെന്ന് നിങ്ങൾ കരുതും. സമാനമായി, ഉള്ള കാശ് കൊണ്ട് വീടിൻറെ വാടക കൊടുക്കണോ അതോ ലഹരി വാങ്ങണോ എന്ന ചോദ്യം വരുമ്പോൾ, ലഹരിക്ക് അടിമപ്പെട്ട ഒരു വ്യക്തി ചിന്തിക്കുന്നതും ഇതേ രീതിയിലാണ്. ഏറ്റവും മികച്ച ഡോപമിൻ പ്രവാഹത്തിലേക്ക് നയിക്കുന്ന ഓപ്‌ഷൻ (ലഹരി വാങ്ങുക) അവൻ തിരഞ്ഞെടുക്കുന്നു. വാടക കൊടുക്കുക എന്നത് അത്രമാത്രം ഡോപമീൻ ഉത്പാദിപ്പിക്കുന്നില്ല. നിങ്ങൾക്ക് എടുത്തു പറയാൻ കഴിയുന്ന ഏതൊരു അനുഭവത്തേക്കാളും വലുതാണ് ക്രാക്ക് കൊക്കെയ്‌നിൻ്റെ (cocaine ഒരു തരം മയക്കുമരുന്ന്‌) മിഥ്യാ ആനന്ദം. ആസക്തിക്ക് കാരണമാകുന്ന ഡോപമീനിൻ്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഇത് യുക്തിസഹമാണ്, ഇതാണ് അഡിക്റ്റുകളുടെ പെരുമാറ്റത്തെ നയിക്കുന്നത്.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 38)

മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ മസ്തിഷ്കത്തിൽ നടക്കുന്ന രാസപ്രക്രിയയെ പറ്റിയും അതിലൂടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന വഞ്ചനകളെയും തെറ്റിദ്ധാരണകളെയും യുക്തിരഹിതമായ പ്രവർത്തനങ്ങളെയും മൂഢമായ തെരഞ്ഞെടുപ്പുകളെയും ഒക്കെ സംബന്ധിച്ച് കേൾക്കുമ്പോൾ പ്രണയത്തിൽ അന്ധമായും ആയുക്തമായും ലയിച്ചു പോയ കമിതാക്കളോട് വല്ല സാമ്യതയും വായനക്കാർക്ക് തോന്നുന്നുവെങ്കിൽ അത് തീർത്തും സ്വാഭാവികം മാത്രമാണ്.

പ്രേമവും ഒരു അഡിക്ഷനാണ് (Addiction) എന്ന് ന്യൂറോ സയന്റിസ്റ്റുകൾ കണ്ടെത്തിക്കഴിഞ്ഞു. Love is Original Addiction എന്നൊക്കെ പല ശാസ്ത്രജ്ഞരും ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. നമുക്ക് ദോഷകരമായ പ്രണയബന്ധങ്ങളിൽ നാം കുരുങ്ങുന്നത് അക്ഷരാർത്ഥത്തിൽ ഒരു അഡിക്റ്റ് മയക്കുമരുന്നിൽ കുടുങ്ങുന്നതിന് തുല്യമാണ് എന്നാണ് പുതിയ ശാസ്ത്ര പഠനങ്ങൾ നമ്മെ ബോധിപ്പിക്കുന്നത്:

“നമ്മൾ പ്രണയത്തിലാകുമ്പോൾ, മസ്തിഷ്കത്തിലെ ഈ ഡോപമീൻ സെർക്യൂട്ട് മേഖലകൾ കൂടുതൽ സജീവമാകും. ഈ വർദ്ധിച്ച അളവിലുള്ള ഡോപമീൻ നമ്മൾ സ്നേഹിക്കുന്ന വ്യക്തിയെ പിന്തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവരെ കാണുമ്പോഴോ കേൾക്കുമ്പോഴോ അവരുടെ ചിത്രങ്ങൾ നോക്കുമ്പോഴോ നമ്മുടെ തലച്ചോറിൽ ഡോപമീൻ സ്രവണം വർദ്ധിക്കുന്നു. ഈ ഡോപമീൻ വർദ്ധനവ് നമുക്ക് സന്തോഷം നൽകുന്നു. ഇവ ഇല്ലാതാകുമ്പോൾ ഡോപമീൻ സ്രവണം നിലയ്ക്കും. നാം ഇല്ലായ്മ അനുഭവിക്കാൻ തുടങ്ങുന്നു. നമ്മുടെ തലച്ചോറിലെ ഡോപമീൻ സ്രവണം വീണ്ടും വർദ്ധിപ്പിക്കാനായി അവരെ കാണാനും അവരോട് സംസാരിക്കാനും നമുക്ക് തിടുക്കം കൂടുന്നു. നമ്മൾ ഒരാളുമായി പ്രണയത്തിലാകുമ്പോൾ, നമ്മുടെ ദിവസത്തിൻ്റെ 85% സമയത്തും നമ്മൾ ചിലപ്പോൾ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. നമ്മുടെ റിവാർഡ് സിസ്റ്റം (പ്രതിഫലബോധം പകരുന്ന മസ്തിഷ്ക ഘടന) സജീവമായതാണ് ഈ “ഒബ്സസീവ് മൂഡിന്” (പ്രണയിക്കുന്ന വ്യക്തിയെ കുറിച്ച ഒഴിയാത്ത ചിന്തക്ക്) കാരണം. ഡോപമീൻ നമ്മുടെ പങ്കാളിയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുക മാത്രമല്ല, കൂടുതൽ ഊർജ്ജസ്വലരാക്കുകയും ചെയ്യുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ പിന്തുടരാനുള്ള ഊർജവും പ്രചോദനവും ഇത് നൽകുന്നു”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 130)

“അതിനാൽ, നമ്മുടെ മസ്തിഷ്കം നാം പ്രേമിക്കുന്ന വ്യക്തിയെ ഒരു പ്രതിഫലമായി കാണുന്നു. അതിനാൽ, നമ്മൾ ഒരാളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ നമ്മുടെ തലച്ചോറിലെ ഡോപമീൻ പ്രേരിതമായ റിവാർഡ് പാത്ത്‌വേ (പ്രതിഫലബോധം പകരുന്ന മസ്തിഷ്ക ഘടന) സജീവമാകുന്നു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 108)

ഡേവിഡ്. പി. ബാറശ് എഴുതി:

“തീവ്രമായ പ്രണയത്തിലാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകളുടെ മസ്തിഷ്കത്തിൽ കൊക്കെയ്ൻ (ഒരു തരം മയക്കുമരുന്ന്) ഉത്തേജിപ്പിക്കുന്ന മസ്തിഷ്കത്തിലെ അതേ മേഖലകളെ തന്നെയാണ് പ്രത്യേകം സജീവമാക്കുന്നതായി (പഠന നിരീക്ഷണങ്ങളിൽ) കാണുന്നത്. അതുകൊണ്ട് പ്രണയം ഒരുതരം ആസക്തി (addiction) ആകാം.”
(Out of Eden: The Surprising Consequences of Polygamy By David P. Barash. 2016. Oxford University Press, New York, USA: Page: 135)

“ന്യൂയോർക്ക് സ്റ്റേറ്റ് സൈക്യാട്രിക് ഇൻസ്റ്റിറ്റ്യൂട്ടിലെ മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്‌ദ്ധനുമായ, മൈക്കൽ ലീബോവിറ്റ്‌സും “സ്നേഹം ഒരു മയക്കു മരുന്നാണ്” (Love is a drug)എന്ന് രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹം വികാരാധീനമായ പ്രണയത്തെ (passionate love) ഉയർന്ന ഡോസിലുള്ള ആംഫെറ്റാമൈനുമായി താരതമ്യം ചെയ്യുന്നു. രണ്ടിനും മൂഡ് വർദ്ധിപ്പിക്കുന്ന ഉന്മാദം സൃഷ്ടിക്കാൻ കഴിയും, പ്രേമത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും പിൻവലിയുന്നത് ഉത്കണ്ഠയ്ക്കും ഭയത്തിനും പരിഭ്രാന്തി മൂലമുള്ള മാനസികാഘാതങ്ങൾക്കും കാരണമാകുന്നു. ഒരു വ്യക്തി ആദ്യമായി പ്രണയത്തിലാകുമ്പോൾ ശരീരം ധാരാളം രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു; ഡോപാമൈൻ, നോറെപിനെഫ്രിൻ, പ്രത്യേകിച്ച് ആംഫെറ്റാമൈനിൻ്റെ അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്ന ഫെനൈലെതൈലാമൈൻ അല്ലെങ്കിൽ PEA. ഈ മസ്തിഷ്ക രാസവസ്തുക്കൾ മൂലമുണ്ടാകുന്ന “നൈസർഗിക ഉന്മാദം”, നിർഭാഗ്യവശാൽ, ശാശ്വതമായി നിലനിൽക്കില്ല. ഇത്‌ കൊണ്ടാണ് attraction junkies (എപ്പോഴും താൻ ആരാധിക്കപ്പെടമെന്ന അനിയന്ത്രിതമായ അഭിലാഷമുള്ള വ്യക്തികൾ) എന്ന് വിളിക്കപ്പെടുന്ന ചില ആളുകൾ, അവരുടെ അടുത്ത “പ്രണയോന്മാദം” തേടി ഒരു ബന്ധത്തിൽ നിന്ന് മറ്റൊരു ബന്ധത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത്; ലിബോവിറ്റ്‌സ് വിശദീകരിക്കുന്നു.”
(Why Women Have Sex: Understanding Sexual Motivation from Adventure to Revenge (and Everything in Between: Cindy Meston and David Buss: Page: 171)

പ്രണയത്തിൻ്റെ ആദ്യഘട്ടമായ വികാരതീവ്രമായ പ്രേമ ഘട്ടത്തിൽ (Passionate Love), നാം നമ്മുടെ മസ്തിഷ്കത്തിൽ അത്യധികം ഡോപമീൻ ഉല്പാദിപ്പിക്കുന്നു. അതിൻറെ ഫലമായിത്തന്നെ നാം നമ്മുടെ പ്രണയിതാവിനെ ഉൽക്കടമായി ആഗ്രഹിക്കുന്നു (Wanting). അയാളെ സ്വന്തമാക്കാൻ നാം എന്തും ത്യജിക്കാനും എന്തും ചെയ്യാനും തയ്യാറാവുന്നു. യുക്തിരഹിതം ആണെങ്കിലും നമ്മുടെ ബുദ്ധിയിൽ അവയെല്ലാം ന്യായയുക്തമായി അനുഭവപ്പെടുന്നു. ഉറ്റവരും ഉടയവരും മാതാപിതാക്കളും കൂട്ടുകാരും സഹജീവികളും ഒന്നും പ്രണയിതാവിന്റെ അത്രയും പ്രധാനപ്പെട്ടതല്ല എന്ന് തോന്നുകയും എന്തിനേക്കാൾ ഏറെയും തൻറെ പ്രണയിതാവിനെ കൊതിക്കുകയും ചെയ്യുന്ന അനിയന്ത്രിതമായ ആഗ്രഹം (Wanting). ഇതു തന്നെയല്ലേ ഒരു മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തിയും കടന്നുപോകുന്ന മാനസികാവസ്ഥ !? തനിക്ക് ദോഷകരമാണെങ്കിൽ പോലും പ്രണയിക്കുന്ന വ്യക്തിയെ സ്വന്തമാക്കിയേ മതിയാവു. ആരുടെയും എതിർപ്പും വിയോജിപ്പും പ്രണയിതാക്കളുടെ മുമ്പിൽ ഒരു തടസ്സമല്ല. ഏറ്റവും പ്രധാനപ്പെട്ടത് എൻ്റെ പ്രിയതമൻ/പ്രിയതമ മാത്രം. അവളില്ലാതെ/ അവനില്ലാതെ ഇനി കഴിയില്ല എന്ന് ദുർവാശി !

ഈ പറയുന്ന എല്ലാ ലക്ഷണങ്ങളും, മയക്കുമരുന്നിന് അടിമപ്പെട്ട ഒരു വ്യക്തിയുടെ ലക്ഷണങ്ങളും സ്വഭാവങ്ങളും അല്ലേ?! ഇത്തരമൊരു ഘട്ടത്തിൽ നാം എങ്ങനെയാണ് നമ്മെ യുക്തിപൂർവ്വമുള്ള ഒരു തെരഞ്ഞെടുപ്പിന് പ്രാപ്തരും അർഹരുമായി കാണുക?! നമുക്ക് ഈ അവസ്ഥയിൽ സ്വമേധയാ ഒരു ഇണയെ തിരഞ്ഞെടുക്കാനുള്ള യുക്തി ശേഷി ഉണ്ടോ? നാം ഈ വ്യക്തിയെ ഉൾക്കടമായി ആഗ്രഹിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ ആ വ്യക്തിയെ നാം ഇഷ്ടപ്പെടുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ് എന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. തീവ്രമായ ആഗ്രഹത്തിന്റെ ഘട്ടത്തിൽ എങ്ങനെയാണ് അയാളെ നാം ഇഷ്ടപ്പെടുന്നു എന്ന് നാം തിരിച്ചറിയുക? നമുക്ക് ഒരു വ്യക്തി ഇഷ്ടപ്പെട്ടതാണോ എന്നുപോലും നമുക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരു ഘട്ടത്തിൽ, നമുക്ക് ആ വ്യക്തി ഗുണകരവും ആവശ്യവുമാണ് എന്നത് അറിയാൻ തീർച്ചയായും ഒരു വകുപ്പും ഇല്ലല്ലോ. അപ്പോൾ നമ്മുടെ ഇഷ്ടങ്ങളെ അറിയുന്ന, നമ്മുടെ ഗുണവും ആവശ്യവും എന്താണെന്ന് തിരിച്ചറിയുന്ന, നമ്മുടെ ഏറ്റവും നല്ല ഗുണകാംക്ഷികളായ ആരെങ്കിലും വേണം നമ്മുടെ പ്രണയത്തെയും പ്രണയ പാത്രത്തെയും കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും. അവരുടെ അഭിപ്രായമാണ് വസ്തുനിഷ്ഠമായ അഭിപ്രായം എന്ന് ന്യായമായും നമുക്ക് പ്രതീക്ഷിക്കാമല്ലോ. ഇത്തരമൊരു വിഭാഗം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് നമ്മുടെ മാതാപിതാക്കളാണെന്ന് ഇസ്‌ലാം അഭിപ്രായപ്പെടുന്നു.

ഖേദകരം എന്നു പറയട്ടെ, വികാര തീവ്രമായ ആസക്തിയിൽ അടിമപ്പെട്ട ഒരു അഡിക്റ്റിന്ന്, സ്വന്തം ജോലിയും സ്വസ്ഥിതിയും കുടുംബവും മാതാപിതാക്കളും എല്ലാത്തിനെക്കാളും പ്രിയങ്കരം തൻ്റെ അഡിക്ഷനോട് ആയിരിക്കും എന്ന് ഗവേഷകർ സൂചിപ്പിച്ചല്ലോ. ഇത് ഗുണകാംക്ഷ വെച്ചുപുലർത്തുന്നവരോട് ദയയില്ലായ്മയും ക്രൂരതയും ചെയ്യാൻ ഒരു അഡിക്റ്റിനെ പ്രേരിപ്പിക്കുന്നു. സമാനമായി പ്രണയ ലഹരിയിൽ മയങ്ങി നാം അയുക്തമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും നമ്മളോട് ഏറ്റവും കൂടുതൽ ഗുണകാംക്ഷ വച്ചുപുലർത്തുന്ന വ്യക്തികളോട് ദയയില്ലായ്മയും ക്രൂരതയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. അവരുടെ വസ്തുനിഷ്ഠമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും നമുക്ക് അരോചകങ്ങളായി മാറുന്നു. ബന്ധ നിരാസത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും അധാർമികമായ ധിക്കാരങ്ങളിലേക്കും നാം വഴിമാറുന്നു.

ഭർത്താവിനെയും സ്വന്തം കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കമിതാവിനോടൊപ്പം പോയ സ്ത്രീകളെയും കാമുകിക്ക് വേണ്ടി അവളുടെ പിതാവിനെയും സഹോദരനെയും അരുംകൊല ചെയ്യുന്ന പുരുഷന്മാരെയും കുറിച്ച് വാർത്താക്കുറിപ്പുകൾ കേൾക്കുമ്പോൾ അത്ഭുതപ്പെടാൻ ഒന്നുമില്ല. അവർ പ്രേമലഹരിക്ക് അടിമപ്പെട്ടിരിക്കുകയാണ്. അത്തരം ഒരു അവസ്ഥയിൽ അവരുടെ മസ്തിഷ്കവും മയക്കുമരുന്നിന് അടിമപ്പെട്ട ഒരു വ്യക്തിയുടെ മസ്തിഷ്കവും തീർത്തും സമാനമായിരിക്കും.

print

No comments yet.

Leave a comment

Your email address will not be published.