പ്രിയതമേ.. റമദാനിനെ വരവേൽക്കാം

//പ്രിയതമേ.. റമദാനിനെ വരവേൽക്കാം
//പ്രിയതമേ.. റമദാനിനെ വരവേൽക്കാം
ആനുകാലികം

പ്രിയതമേ.. റമദാനിനെ വരവേൽക്കാം

പ്രിയപ്പെട്ടവളേ,

നമ്മുടെ വീട്ടിലേക്ക് ഒരു അഥിതി വരുന്നുണ്ടെന്ന വിവരം അറിയാമല്ലൊ. ശരിയാണ്, അതുകൊണ്ടാണല്ലൊ വീടും പുറവുമൊക്കെ വൃത്തിയാക്കുന്ന തിരക്കില്‍ നീയും മക്കളും.

വരുന്ന അഥിതിയെ നമുക്ക് നന്നായി സ്വീകരിക്കണം. ഒരു കാര്യമുണ്ട്; ഭക്ഷണപദാര്‍ത്ഥങ്ങളിലൊന്നിലും തത്പരനല്ല നമ്മുടെ അഥിതി. മാത്രമല്ല, നമ്മളില്‍ നിന്ന് എന്തെങ്കിലും കഴിച്ചു പോകാനല്ല; നമുക്കു പലതും തരാന്‍ കൈനിറയെ സമ്മാനങ്ങളുമായിട്ടാണ് അതിഥിയുടെ വരവ്. കൊടുക്കാനായി ഒന്നും കരുതി വെക്കേണ്ടതില്ല, വാങ്ങാനായി നാം ഒരുങ്ങി നില്‍ക്കണം എന്നര്‍ത്ഥം.

പ്രിയപ്പെട്ടവളേ, ഏതായാലും ഒരുങ്ങുകയല്ലെ. എല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കുകയല്ലെ. ഒരു കാര്യം പ്രത്യേകം പറയട്ടെ ഞാന്‍?

എല്ലായിടവും വൃത്തിയാക്കിയാലും ആളുകളധികവും മറന്നു പോകുന്ന ഒരു ഭാഗമുമുണ്ട്.

അടുക്കള!

അല്ലട്ടൊ, അടുക്കളയല്ല ഞാനുദ്ദേശിച്ചത്.

പിന്നെ എന്താകും? ഒന്നു ഊഹിച്ചു നോക്കൂ…

വേണ്ട, ഞാന്‍ തന്നെ പറയാം, എനിക്കു കൂടി ബാധകമാണല്ലൊ അത്.

പ്രിയപ്പെട്ടവളെ, എന്‍റെയും നിന്‍റെയും, പിന്നെ നമ്മുടെ മക്കളുടേയും മനസ്സ്. അഥിതിയെത്തും മുമ്പ് നാം ആദ്യമായി വൃത്തിയാക്കേണ്ടത് നമ്മുടെയൊക്കെ മനസ്സാണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ അടിക്കാടുകള്‍ ഒരുപാട് അടിഞ്ഞു കൂടിയിട്ടുണ്ടതില്‍. അവയെല്ലാം അടിച്ചു തെളിക്കണം. ഹൃദയത്തിന്‍റെ ചുമരുകളില്‍ പലതരം ചെളികള്‍ പുരണ്ടിട്ടുണ്ട്. അതെല്ലാം തുടച്ചുമാറ്റി വെള്ളവലിക്കണം. ഹൃദയത്തില്‍ ഇറക്കിവെച്ച ഈമാനിന് ദ്രവീകരണം വന്നിട്ടുണ്ട്. അതില്‍ ക്ലാവു പിടിച്ചിട്ടുണ്ട്. ഒരു പഴകിയ മണം അതില്‍ നിന്ന് നമുക്കു തന്നെ അനുഭവപ്പെടുന്നുണ്ട്.

ഈമാനിന് ദ്രവീകരണം വരുക, ക്ലാവു പിടിക്കുക, പഴകിയതാകുക എന്ന് പറയുമ്പോള്‍, പ്രിയപ്പെട്ടവളേ, നീ അത്ഭുതപ്പെടേണ്ട. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) പറഞ്ഞിട്ടുളളതാണ് അത്.

അബ്ദുല്ലാഹ് ബ്നു അംറ് (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ നമുക്കത് ഇപ്രകാരം വായിക്കാം:

നിങ്ങളിലാരുടേയും ഹൃദയത്തിലെ ഈമാനിന് പഴക്കം സംഭവിക്കാം, നിങ്ങളുടെ വസ്ത്രങ്ങള്‍ക്ക് പഴക്കം വരുന്നതു പോലെ. ആകയാല്‍ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാനിനെ പുതുക്കി നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുവീന്‍. (ഹാകിം)

അതു കൊണ്ട് ഹൃദയത്തില്‍ നിന്നു തന്നെ തുടങ്ങാം നമ്മുടെ നനച്ചുകുളി. റമദാന്‍ ആഗതമാകുന്നതോടെ നാട്ടിലെ ആളുകളുടെ ശീലമാണല്ലൊ അത്: നനച്ചുകുളി. മുന്‍ഗാമികള്‍ റമദാനിലെ ആരാധനകള്‍ക്കൊരുങ്ങാനായി ശീലിച്ച ഒരു ആചാരമാകണം അത്.

ഇപ്പോഴത് വെറുമൊരാചാരമായി മാറിയിട്ടുണ്ടെന്ന് തോന്നുന്നു.

എന്തുമാകട്ടെ, കഴുകി വൃത്തിയാക്കലുകള്‍ ഹൃദയത്തില്‍ നിന്ന് തുടങ്ങണമെങ്കില്‍ ഞാനെന്‍റെ ഹൃദയത്തിലേക്കും നീ നിന്‍റെ ഹൃദയത്തിലേക്കും, നമ്മുടെ പൊന്നുമക്കള്‍ അവരവരുടെ ഹൃദയങ്ങളിലേക്കും നോക്കേണ്ടതില്ലെ? തീര്‍ച്ചയായും വേണം.

ഹൃദയഭിത്തികളില്‍ എവിടെയൊക്കെ അഴുക്കു പുരണ്ടിരിക്കുന്നു? എന്തെല്ലാം അഴുക്കുകള്‍ അടിഞ്ഞു കൂടിയിരിക്കുന്നു? എത്ര വെള്ളമൊഴിക്കണം? എത്ര ഉരച്ചു കഴുകണം? ഹൃദയത്തെ കഴുകിയുണക്കിയെടുക്കാന്‍ എത്ര സമയം ചെലവഴിക്കണം? ഇതെല്ലാം നാം ശ്രദ്ധിക്കണം.

എങ്കില്‍ പ്രിയപ്പെട്ടവളേ, സൂക്ഷ്മതയോടെ നമുക്ക് നമ്മുടെ ഹൃദയശുദ്ധീകരണം നടത്താന്‍ സാധിക്കും. ഇത് വെറുമൊരു ആചാരക്രിയയല്ലല്ലൊ.

പുതുമയുള്ളൊരു മനസ്സ് അല്ലാഹുവിന്‍റെ തൗഫീഖോടെ ലഭിക്കാനുള്ള ആത്മാര്‍ത്ഥമായ യത്നമല്ലെ?

പ്രിയപ്പെട്ടവളേ, ഹൃദയശുദ്ധിയാണ് ജീവിത വിജയത്തിന് നിദാനം. നിനക്കുമറിയാമല്ലൊ. ഇന്നലെ മഗ്‌രിബു നമസ്കാര ശേഷം നീ ഓതിയ സൂറത്തുശ്ശംസിലെ ഒമ്പതാം വചനത്തിന്‍റെ അര്‍ത്ഥം ശ്രദ്ധിച്ചിട്ടില്ലെ, ‘തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

അല്ലാഹു നമ്മളെ നോക്കുന്നുണ്ടെന്നറിയാമല്ലൊ, നിനക്ക്?. നമ്മളില്‍ അവന്‍റെ ശ്രദ്ധ എവിടേക്കായിരിക്കും എന്നാണ് നിന്‍റെ ഊഹം?

നമ്മുടെ ആകാരം? നമ്മുടെ ശാരീരിക ഭംഗി? നാം ഇട്ടുടുത്ത ചന്തമുള്ള വസ്ത്രങ്ങള്‍?

പ്രവാചകന്‍റെ ഒരു ഹദീസ് കേള്‍പ്പിക്കാം. അപ്പോള്‍ നമുക്കതിന്‍റെ ഉത്തരം കൃത്യമായി ലഭിക്കും. അബൂഹുറയ്റ(റ)യാണ് ഹദീസ് നിവേദനം ചെയ്തത്. പ്രവാചകനരുളി: നിശ്ചയം അല്ലാഹു നിങ്ങളുടെ ആകാരത്തിലേക്കൊ രൂപഭംഗിയിലേക്കൊ അല്ല നോക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്‌ലിം)

പ്രിയപ്പെട്ടവളെ, നമ്മുടെ ഹൃദയങ്ങളിലേക്കാണത്രെ റബ്ബിന്‍റെ ശ്രദ്ധ.

എങ്കില്‍, എന്‍റെ റബ്ബ് നോക്കുന്ന എന്‍റെ ഹൃദയത്തെ തന്നെയല്ലെ ഞാനാദ്യം വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കേണ്ടത്.

ഒരു രഹസ്യം പറയട്ടെ, നിന്നോടാകുമ്പോള്‍ മടികൂടാതെ പറയാമല്ലൊ. ഇതെഴുതും മുമ്പ്, എന്‍റെ ഹൃദയത്തിലേക്ക് ഞാനൊന്ന് പാളിനോക്കി. അത്ഭുതം!

പ്രിയപ്പെട്ടവളേ, വളരെ ശോചനീയമാണ് അതിന്‍റെ അവസ്ഥ. പക, വിദ്വേഷം, അസൂയ, അഹങ്കാരം, അത്യാഗ്രഹം, ദുഷ്ടത, ധാര്‍ഷ്ട്യം, അനുസരണക്കേട്, ധിക്കാരം, പരനിന്ദ, ആക്ഷേപം, പരിഹാസം, അലസത… ഹൊ… എന്തെന്തെല്ലാം ദുഃസ്വഭാവങ്ങളാണെന്നൊ ഹൃദയഭിത്തിയെ മാരകമായി മലീമസമാക്കിയിരിക്കുന്നത്!

നിനക്കറിയുമൊ; കാരുണ്യത്തിന്‍റെ നേര്‍ത്ത ഒരു ഉറവയേ അതിലുള്ളൂ!

നിനക്കറിയുമൊ; അലിവിന്‍റെ നന്നെ ചെറിയൊരു വെട്ടമേ അതിലൂള്ളൂ!

അതില്‍ എന്‍റെ കുടുംബക്കാരെ ഞാനധികം കണ്ടില്ല!

അതില്‍ എന്‍റെ അയല്‍വാസികളില്‍ നിന്നൊരാളേയും കണ്ടുമുട്ടിയില്ല!

ദേഹേച്ഛകളുടെ അഴുക്കുചാലുകള്‍ പിശാച് തലങ്ങും വിലങ്ങും വെട്ടിവലുതാക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ്!

പ്രിയപ്പെട്ടവളെ, പിന്നെയുമുണ്ട് കുറേ കാര്യങ്ങള്‍. മനസ്സിനകത്ത് എത്രയെത്ര ആഗ്രഹങ്ങളുടെ അടിക്കാടുകളാണെന്നൊ? ദുനിയാവിനും ആഖിറത്തിനും ഉപകാരപ്പെടാത്തവയാണ് മിക്കതും! സത്യത്തില്‍ മിക്കപ്പോഴും ഈ ആഗ്രഹച്ചവറുകളുടെ പേരിലാണ് നമ്മളൊക്കെ വ്യസനിക്കുന്നതും നിരാശപ്പെടുന്നതും! ഒക്കെ, അടിച്ചുകൂട്ടി പുറത്തിടണം.

പകയും പ്രതികാരവുമൊക്കെ വിഷച്ചിലന്തികളെപ്പോലെ മനസ്സില്‍ അവിടെയും ഇവിടെയുമൊക്കെ വലകെട്ടിയിട്ടുണ്ട്. വെറുതെയല്ല, കുടുംബക്കാരിലും ഇഷ്ടക്കാരിലും പെട്ട പലരുമായും ബന്ധപ്പെടാത്തത്! അവരെ നോക്കി പുഞ്ചിരിക്കാത്തത്! അവരുടെ ക്ഷേമാന്വേഷണങ്ങള്‍ നടത്താത്തത്! ചിലന്തിവലകളൊക്കെ തട്ടിക്കുടഞ്ഞ് ഹൃദയഭിത്തികള്‍ ശുദ്ധിയാക്കണം.

പ്രിയപ്പെട്ടവളേ, ഇടയ്ക്കിരുന്ന് നീയും നിന്‍റെ മനസ്സകത്തേക്ക് എത്തിനോക്കുക. നല്ലതാണത്. റമദാനിലേക്ക് നടന്നു കയറും മുമ്പ് ഹൃദയത്തിലേക്കുള്ള ഒരെത്തിനോട്ടം ഉപകാരപ്പെടും; തീര്‍ച്ചായായും.

സുബ്ഹാനല്ലാഹ്! വെറുതെയല്ല; ഓരോ വര്‍ഷവും നമ്മുടെ നാഥന്‍ നമ്മിലേക്കൊരഥിതിയെ പറഞ്ഞയക്കുന്നത്. ഈ കണ്ട അഴുക്കുകള്‍ മുഴുവനും കഴുകി വൃത്തിയാക്കി ഹൃദയചൈതന്യം കൈവരിക്കാന്‍ തന്‍റെ ദാസീ ദാസന്മാര്‍ക്ക് അവസരമൊരുക്കുന്ന നമ്മുടെ റബ്ബിന്, പ്രിയപ്പെട്ടവളേ, നാമെത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! വലില്ലാഹില്‍ ഹംദ്

ഒരു കാര്യമുണര്‍ത്തട്ടെ, എന്നും ഭംഗിയുള്ള ഏറ്റവും നല്ല വസ്ത്രമുടുക്കാനല്ലെ ഞാനും നീയുമൊക്കെ ആഗ്രഹിക്കുന്നത്?

എന്നും രുചികരമായ ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനല്ലെ നമ്മള്‍ ഇഷ്ടപ്പെടുന്നത്? നമ്മുടെ മക്കള്‍ക്ക് അത്തരം ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാനാണല്ലൊ നീയെന്നും ശ്രദ്ധിക്കാറ്.

ഞാന്‍ ചോദിച്ചോട്ടെ, എന്നോടു കൂടിയാണ് ചോദ്യം കേട്ടൊ.

നിന്‍റെ കൈവശമുള്ള വസ്ത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ള വസ്ത്രമേതാണെന്ന് പറയാമൊ?

എന്നും നമ്മുടെ കൈവശമുണ്ടാകണമെന്ന് നീ കൊതിക്കുന്ന ഏറ്റവും നല്ല ഭക്ഷണ വിഭവമേതാണന്നും പറയാമൊ?

നിന്‍റെ നാവിന്‍ തുമ്പില്‍ ഉത്തരങ്ങള്‍ ഒരുപാടു വരുന്നുണ്ടാകും എന്നെനിക്കറിയാം.

സത്യത്തില്‍, നിന്‍റെ ഉത്തരത്തിനു വേണ്ടിയായിരുന്നില്ല എന്‍റെയീ ചോദ്യം

ഏറ്റവും ചന്തമുള്ള വസ്ത്രവും ഏറ്റവും ഉത്തമമായ ഭക്ഷണവും ഏതാണെന്ന് നമ്മുടെ റബ്ബ് നമ്മോട് പറഞ്ഞിട്ടുണ്ട്. അതിലേക്ക് നിന്‍റെ ശ്രദ്ധയെ കൊണ്ടുവരാന്‍ മാത്രമാണ്.

പ്രിയപ്പെട്ടവളെ, സൂറത്തുല്‍ അഅ്റാഫിലെ 26ാമത്തെ ആയത്തിന്‍റെ ആദ്യ ഭാഗം ശ്രദ്ധിച്ചിട്ടുണ്ടൊ നീ?

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. തഖ്‌വയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം.

സൂറത്തുല്‍ ബഖറയിലെ 197ാമത്തെ ആയത്തിന്‍റെ അവസാന ഭാഗം നീ ശ്രദ്ധിച്ചിട്ടുണ്ടൊ?

നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ്‌വയാകുന്നു.

നമ്മുടെ വിഷയം റമദാനാണ്, മറക്കരുത്. നല്ല വസ്ത്രം തഖ്‌വ! നല്ല ഭക്ഷണം തഖ്‌വ! രണ്ടും ആവശ്യമുള്ളത് നമ്മുടെ മനസ്സിനും! ഇനി ഒന്നുകൂടി: റമദാനിലെ വ്രതത്തിന്‍റെ ലക്ഷ്യമായി അല്ലാഹു എടുത്തു പറഞ്ഞത് എന്താണെന്ന് ഇതിനോട് ചേര്‍ത്ത് വെച്ച് ആലോചിച്ചു നോക്കു. സൂറത്തുല്‍ ബഖറയിലെ 185ാമത്തെ ആയത്തു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയത്രെ അത്.

ഇപ്പോള്‍ മനസ്സിലായൊ, നമ്മുടെ നനച്ചുകുളി ഹൃദയത്തില്‍ നിന്നു തുടങ്ങണം എന്ന് പറഞ്ഞതിന്‍റെ സാരം?

റമദാനിലേക്ക് പ്രവേശിച്ചിട്ട്, അതിലെ ആരാധനകളിലും പുണ്യകര്‍മ്മങ്ങളിലും മുഴുകിയിട്ട്, ഖേദിച്ചും പശ്ചാത്തപിച്ചും മാപ്പിരന്നും അല്ലാഹുവുമായി അടുത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഞാനും നീയും നമ്മുടെ മക്കളുമൊക്കെ പുറത്തുവരാന്‍.

പ്രിയപ്പെട്ടവളേ, നീ എന്തു പറയുന്നു? വ്രതനാളുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പും ശേഷവും നമ്മുടെ ജീവിതവും സ്വഭാവങ്ങളുമൊക്കെ ഒരേപോലെത്തന്നെയാണെങ്കില്‍ റമദാന്‍ കൊണ്ട് ഫലമുണ്ടാകില്ല എന്ന് നമ്മള് മനസ്സിലാക്കണം. അതിനാല്‍ ചില പ്രവാചകോപദേശങ്ങള്‍ സ്മരിച്ചു കൊണ്ട് ഞാനീ വര്‍ത്തമാനം നിര്‍ത്താം.

അബൂഹുറയ്റ (റ) നിവേദനം. പ്രവാചകന്‍ (സ്വ) അരുളി: ‘ചീത്ത വാക്കുകളും അത്തരം പ്രവര്‍ത്തനങ്ങളും അവിവേകങ്ങളും ഒഴിവാക്കാത്തവന്‍, അവന്‍റെ ഭക്ഷണവും വെള്ളവും ത്യജിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.’ (ബുഖാരി)

അബൂഹുറയ്റ (റ) നിവേദനം. പ്രവാചകന്‍ (സ്വ) അരുളി: ‘റമദാന്‍ ആഗതമായിട്ട്, തനിക്ക് പൊറുത്തു കിട്ടും മുമ്പെ ആരില്‍ നിന്നാണൊ റമദാന്‍ ഊരിപ്പോകുന്നത്, അവന്ന് നാശം’ (തിര്‍മിദി)

വരുന്ന റമദാന്‍ ദിനങ്ങള്‍ നമ്മുടെ ജീവിതത്തിന് ഫലദായകമായിത്തീരാന്‍ നമുക്കു ചില മുന്നൊരുക്കങ്ങളും തീരുമാനങ്ങളും നടത്താം. ഖുര്‍ആനിന്‍റെ മാസമാണിത്. ഓരോ ദിവസവും തുറന്ന ഖുര്‍ആനിന്‍റെ മുന്നില്‍ നീയും ഞാനും മക്കളുമുണ്ടാകണം.

ഓരോ ദിവസവും പടച്ചവനോട് ഒരുപാട് ഇസ്തിഗ്ഫാറുകള്‍ നടത്താന്‍ ശ്രദ്ധിക്കണം.

നമസ്കാരങ്ങള്‍ കൃത്യസമയത്തു തന്നെ നിര്‍വഹിക്കാന്‍ താത്പര്യമെടുക്കണം

സുന്നത്തു നമസ്കാരങ്ങളുണ്ട്: മറന്നു പോകാതെ കഴിയുന്നത്ര നിര്‍വഹിക്കണം

ഇന്നലെ കൂടി പുതിയ ചില ദിക്റുകള്‍ നമ്മള്‍ പഠിക്കുകയുണ്ടായി, എല്ലാം ഉപയോഗപ്പെടുത്താനുള്ള വേദിയാണ് റമദാന്‍.

ചോദിച്ചോളൂ തരാമെന്ന് നമ്മുടെ റബ്ബ് വാക്കു തന്നിട്ടുണ്ട്:

റബ്ബനാ ളലംനാ അന്‍ഫുസനാ…..

റബ്ബനാ ഹബ് ലനാ മിന്‍ അസ് വാജിനാ….

റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനത്തന്‍….

അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ് വ….

എല്ലാം നിനക്കറിയാവുന്ന പ്രാര്‍ത്ഥനകളാണ്. കരുണാവാരിധിയായ റബ്ബിനോട് ചോദിക്കാനുള്ള ഒരുപാടു കാര്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍.

പ്രിയപ്പെട്ടവളെ, നിര്‍ത്തുകയാണ്. അല്ലാഹു നല്ല റമദാന്‍ ദിനങ്ങളെ നമുക്ക് ഔദാര്യപൂര്‍വ്വം നല്‍കട്ടെ. ഈമാന്‍ പുതുക്കാനുതകുന്ന നല്ലദിനങ്ങളെ. പാപങ്ങളില്‍ നിന്ന് മുക്തമാകാനുതകുന്ന ഇഷ്ടദിനങ്ങളെ. പരലോകത്ത് വിചാരണാ നാളില്‍ ഹൃദയശുദ്ധിയോടെ റബ്ബന്‍റെ മുന്നിലണയാന്‍ അവസരമേകുന്ന പുണ്യദിനങ്ങളെ.

എന്‍റെ റമദാന്‍ ദിനങ്ങളിലെ പ്രാര്‍ത്ഥനകളില്‍ നീയും മക്കളുമുണ്ടാകും

നിന്‍റെ റമദാന്‍ ദിനങ്ങളിലെ പ്രാര്‍ത്ഥനകളില്‍ ഞാനും മക്കളുമുണ്ടാകണം.

മക്കളുടെ പ്രാര്‍ത്ഥനകളില്‍ നമ്മളുമുണ്ടാകണം എന്ന് നമുക്കവരോട് വസ്വിയ്യത്തു ചെയ്യാം

അല്ലാഹുമ്മ ബല്ലിഗ്നാ റമദാന്‍.

print

4 Comments

  • 👍👍
    أللهم بلغنا رمضان

    Abdussalam 22.04.2020
  • Anonymous 27.04.2020
  • masha Allah…
    നല്ല അവതരണം..

    Afreen 29.04.2020
  • good

    Shonkath ali 15.03.2023

Leave a comment

Your email address will not be published.