തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

പ്രവാചക വൈദ്യത്തിന്റെ പൊരുൾ -6

സംസം

സംസമിന് മതപരമായ പവിത്രതയുണ്ട് എന്നാണ് ഹദീസുകളിൽ നിന്ന് മനസ്സിലാവുന്നത്. അക്കാലഘട്ടത്തിൽ നിലനിന്നിരുന്ന വൈദ്യ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിനപ്പുറം, ദിവ്യ വെളിപാടിൽ നിന്നാണ് സംസമിന്റെ ഔഷധ – പോഷക സവിശേഷതയെ പറ്റി പ്രവാചകൻ (സ) സംസാരിച്ചത് എന്ന് സ്വഹീഹായ ഹദീസുകളുടെ പദപ്രയോഗങ്ങളിൽ നിന്ന് തെളിയുന്നുണ്ട്. സംസം ദൈവത്താൽ അനുഗ്രഹീതമായ (مبارك) ജലമാണ് എന്ന് പ്രവാചകൻ (സ) പറയണമെങ്കിൽ ആ അറിവ് ദൈവത്തിൽ നിന്ന് തന്നെ ലഭിക്കണമല്ലൊ.
 
എന്നാൽ സംസമിന്റെ സവിശേഷതകൾ, സ്വഹീഹായ ഹദീസുകളിൽ എന്തെല്ലാമാണൊ വന്നിരിക്കുന്നത് അവ മാത്രമാണ് മുസ്‌ലിംകൾ അംഗീകരിക്കുന്നത്. ദുർബല ഹദീസുകളുടേയും കേവല അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിൽ സംസമിന്റെ പേരിൽ പ്രചരിക്കപ്പെടുന്ന അത്ഭുത സിദ്ധികളൊന്നും ഇസ്‌ലാമിന്റെ ഭാഗമല്ല. ഉദാഹരണത്തിന്, സംസമിന്റെ ഉറവ ഒരിക്കലും വറ്റില്ല എന്ന വാദം തന്നെയെടുക്കുക. ഊഷരമായ മരുഭൂമിക്കു നടുവിൽ ഒരു പ്രവാചകനേയും മാതാവിനേയും കൊടും ദാഹത്തിൽ നിന്ന് സഹായിക്കാനായി അല്ലാഹു ഉറവ പൊട്ടിച്ച അത്ഭുത പ്രതിഭാസമായിരുന്നു സംസം എന്നത് കൊണ്ട് തന്നെ അതിന്റെ ലഭ്യതയിലും നൈരന്തര്യത്തിലും അസാധാരണത്വങ്ങൾ ഉണ്ടാവാമെങ്കിലും ‘സംസമിന്റെ ഉറവ ഒരിക്കലും വറ്റില്ല’ എന്ന ഒരു പ്രഖ്യാപനം മതപ്രമാണങ്ങളിൽ കാണുന്നില്ല.

‘സംസം ആഗ്രഹ സഫലീകരണത്തിന്റെ ഉപാധിയാണ്’ എന്നതാണ് മറ്റൊരു പ്രചാരണം. “സംസം വെള്ളം എന്തിനു വേണ്ടിയാണോ കുടിക്കുന്നത് അതിനുള്ളതാണ്” എന്ന ദുർബല ഹദീസാണ് ഈ വാദത്തിന് നിദാനം എന്നതിനാലും, സ്വഹീഹായ ഹദീസുകളിലൊന്നും ഈ വിശേഷണം വന്നതായി കാണുന്നില്ല എന്നതിനാലും സംസമിൽ ആരോപിക്കപ്പെടുന്ന ഈ സവിശേഷതയും മതപരമായി തിരസ്ക്കരിക്കപ്പെടുന്നു:

ماء زمزم لما شرب له
സംസം വെള്ളം എന്തിനു വേണ്ടിയാണോ കുടിക്കുന്നത് അതിനുള്ളതാണ്.
(ഇബ്നുമാജ: 2/1018)

സംസം, പ്രാർത്ഥനാ നിർഭരമായ മനസ്സോടെ കുടിക്കുന്നവരുടെ വിശ്വാസ ധാർഢ്യതയും ആത്മാർത്ഥതക്കുമനുസരിച്ച് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിക്കുന്നവ അവൻ സാക്ഷാൽക്കരിച്ചു കൊടുക്കുന്നതാണ് എന്നു മാത്രമെ ഹദീസ് ഉദ്ദേശിക്കുന്നുള്ളു. ആശയം യുക്തിക്ക് നിരക്കാത്തതോ അബദ്ധമോ ഒന്നുമല്ലെങ്കിലും ഹദീസ് ദുർബലമായതിനാൽ തന്നെ ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷത സംസമിന് സ്ഥിരപ്പെട്ടിട്ടില്ല.

ഈ ഹദീസ് യാതൊരു അടിത്തറയും ഇല്ലാത്തതാണെന്ന് ബദറുദ്ധീൻ സർക്കശി തന്റെ തദ്‌കിറ എന്ന ഗ്രന്ഥത്തിലും അങ്ങേയറ്റം ദുർബലമാണെന്ന് ഒരു സംഘം ഹദീസ് പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു.
(അൽഹാവി ലിൽ ഫതാവാ: 1:421)

ഹദീസിന്റെ സർവ്വ നിവേദക പരമ്പരകളും ദുർബലമാണ്.

1. സുനനു ഇബ്നുമാജ: (3062) യിലെ നിവേദക പരമ്പര:
عن جابر رضي الله عنه بمثله, من طريق هشام بن عمار حدثنا الوليد بن مسلم قال قال عبد الله بن المؤمل أنه سمع أبا الزبير عنه به.

2. മുസ്നദു അഹ്മദിലെ (3/357) നിവേദക പരമ്പര:
وأحمد في المسند  عنه بمثله, من طريق علي بن ثابت حدثني ابن المؤمل به.

3. മുസ്വന്നഫ് ഇബ്നു അബീ ശൈബയിലെ (14137) നിവേദക പരമ്പര:
من طريق سعيد بن زكريا وزيد بن الحباب عن عبد الله بن المؤمل به.

4. ബൈഹകിയുടെ സുനനുൽ കുബ്റായിലെ (9442) നിവേദക പരമ്പര:
من طريق سعيد بن سليمان حدثنا ابن المؤمل به, ثم قال عقبه: تفرد به عبد الله بن المؤمل.

ഈ നിവേദകപരമ്പരകളിലെല്ലാം അബ്ദുല്ലാഹിബ്നു മുഅമ്മൻ എന്ന നിവേദകൻ ഒറ്റപ്പെട്ട് വന്നിരിക്കുന്നു. അയാൾ അങ്ങേയറ്റം ദുർബലനാണ് എന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: അയാളുടെ ഹദീസുകൾ മുൻകർ (വിശ്വസ്ഥരായ റാവിമാർക്ക് എതിരായ അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ) ആകുന്നു.

അബൂ ഹാതിം, അബൂ സുർഅ എന്നിവർ പറഞ്ഞു: അയാൾ (ഹദീസിന്റെ കാര്യത്തിൽ) ശക്തനല്ല.
നസാഈ, ഇബ്നു അദിയ്യ് എന്നിവർ അയാളെ ദുർബലനായി വിധിച്ചു. നിവേദനത്തിൽ സ്കലിതങ്ങൾ വരുത്തുന്ന വ്യക്തി ആയാണ് മുഅമ്മലിനെ, ഇബ്നുഹിബ്ബാൻ വീക്ഷിക്കുന്നത്.
(തഹ്ദീബുൽ കമാൽ: 16/187, തഹ്ദീബുത്തഹ്ദീബ്: 3/676, തക്‌രീബ്: 1/317, മീസാനുൽ ഇഅ്തിദാൽ: 4/207)

ബൈഹകി പറഞ്ഞു:
ഹദീസിൽ അബ്ദുല്ലാഹിബ്നു മുഅമ്മൻ എന്ന നിവേദകൻ ഒറ്റപ്പെട്ട് വന്നിരിക്കുന്നു. അയാൾ ദുർബലനാണ്.
(തൽഖീസുൽ ഹബീർ: 2/268)

ദാറകുത്നി (സുനനു ദാറകുത്‌നി: 238) ഹദീസിന് ഉപോൽബലകമായ ഒരു നിവേദനം ഉദ്ധരിക്കുന്നുവെങ്കിലും അതും ദുർബലമാണ്. നിവേദക പരമ്പരയിൽ മുഹമ്മദിബ്നു ഹബീബ് അൽജാറൂദി എന്ന നിവേദകനുണ്ട്; അയാൾ ദുർബലനാണ്.

അൽജാറൂദി നിവേദക പരമ്പരയിൽ ഇല്ലായിരുന്നെങ്കിൽ ഹദീസ് സ്വഹീഹാവുമായിരുന്നു എന്ന് ഹാകിം പറഞ്ഞു. (അൽ മുസ്തദ്റക്: 1/473)

സഖാവി പറഞ്ഞു: ജാറൂദി ഓർമശക്തി കുറഞ്ഞ വിശ്വസ്ഥനാണ്. ഈ നിവേദക പരമ്പരയിൽ അയാൾ ഒറ്റപ്പെട്ട് വരുന്നു. അയാളെ പോലെയുള്ള നിവേദകർ ഒരു പരമ്പരയിൽ ഒറ്റപ്പെട്ട് വന്നാൽ തന്നെ ഹദീസ് തെളിവിന് കൊള്ളില്ല. അപ്പോൾ പിന്നെ മറ്റു നിവേദനങ്ങൾ എതിരായ നിലക്ക് വന്ന ഈ നിവേദനത്തിന്റെ കാര്യം പറയാനുണ്ടൊ?!
(അൽ മക്വാസിദ്: 1/421: 928)

നുണയാൽ ആരോപിതമായ വ്യാജ നിവേദനങ്ങൾ കൊണ്ടുവരുന്ന വ്യക്തിയാണ് അൽജാറൂദി.
(മീസാനുൽ ഇഅ്തിദാൽ: 3:508)

ഫാക്കിഹി തന്റെ അഖ്ബാറു മക്കയിൽ (2/162: നമ്പർ: 1042) മറ്റൊരു നിവേദനം ഉദ്ധരിക്കുന്നുവെങ്കിലും അതിന്റെ പരമ്പര മുആവിയയിൽ അവസാനിക്കുന്നു. അഥവാ അത് പ്രവാചകൻ (സ) പറഞ്ഞ ഒരു ഹദീസ് അല്ല എന്നർത്ഥം. പുറമെ നിവേദക പരമ്പര ദുർബലവുമാണ്. നിവേദക പരമ്പരയിൽ മുഹമ്മദിബ്നു ഇസ്ഹാക് അസ്സ്വീനി എന്ന നിവേദകനുണ്ട്. അയാൾ നുണയനാണെന്ന് ഔനിബ്നു അംറ്, ഇബ്നു അബീ ഹിബ്ബാൻ, ഇബ്നു അബീ ഹാതിം എന്നീ ഹദീസ് നിദാനശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.
(http://hadith.islam-db.com/narrators/28683/%D9%85%D8%AD%D9%85%D8%AF-%D8%A8%D9%86-%D8%A5%D8%B3%D8%AD%D8%A7%D9%82-%D8%A8%D9%86-%D9%8A%D8%B2%D9%8A%D8%AF)

സംസമിന്റെ പവിത്രതയെ സംബന്ധിച്ചും ഔഷധ – പോഷക ഗുണങ്ങളെ സംബന്ധിച്ചും സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുള്ളത് താഴെ പറയുന്ന കാര്യങ്ങൾ മാത്രമാണ്:

1. ഭക്ഷണം ലഭ്യമാകാത്ത അവസ്ഥയിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പോഷക ഗുണങ്ങൾ സംസമിനുള്ളതിനാൽ, അതിനെ ഭക്ഷണത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കാം.

2. പല രോഗങ്ങൾക്കുമുള്ള ശമനമാണ് സംസം.

ഒന്ന്, ഭക്ഷണം ലഭ്യമാകാത്ത അവസ്ഥയിൽ സംസം മാത്രം കുടിച്ച് കഴിച്ചു കൂട്ടിയ പ്രവാചക ശിഷ്യൻ അബൂദർറിനോട് (റ) പ്രവാചകൻ (സ) പറഞ്ഞു:

إنها مباركة إنها طعام طعم
“തീർച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. അത് ഒരു തരം ഭക്ഷണമാണ്.”
(സ്വഹീഹു മുസ്‌ലിം: 4/1922)

ഇമാം മുനാവി പറഞ്ഞു:

“അതായത് ധാരാളം ദിവസത്തേക്ക് വിശപ്പകറ്റാനുള്ള കഴിവ് അതിനുണ്ട്.”
(ഫൈദുൽ കദീർ: 4:75)

ഇമാം കസ്ത്വല്ലാനി പറഞ്ഞു:
“ഇബ്നു ഫാരിസ് പറഞ്ഞിരിക്കുന്നു: മനുഷ്യൻ ‘കഴിക്കുന്ന’ എല്ലാത്തിനേയും – അത് വെള്ളമാണെങ്കിൽ പോലും – ‘ത്വആം’ (طعام ഭക്ഷണം) എന്ന അറബി പദം ഉപയോഗിക്കാം. അല്ലാഹു പറഞ്ഞത് പോലെ: “അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു ‘ഭക്ഷി’ച്ചില്ലയൊ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു” (കുർആൻ: 2:249)”
(ഇർശാദുസ്സാരി: 8:209)

ഇമാം സർകാനി പറഞ്ഞു:

“വെള്ളമുൾപ്പെടെ മനുഷ്യൻ രുചിക്കുകയും വിഴുങ്ങി അകത്താക്കുകയും ചെയ്യുന്നതിനെ ഭാഷാപരമായി ‘ത്വആം’ (طعام ഭക്ഷണം) എന്ന് പറയുന്നതിൽ തെറ്റില്ല. കുർആൻ പറഞ്ഞു: (കുർആൻ: 2:249 ”
(ശർഹു സർകാനി അലൽ മുവത്വഅ്: 1:200)

“അത് ഒരു തരം ഭക്ഷണമാണ്” എന്ന് പറഞ്ഞതിന്റെ ഉദ്ദേശമിതാണ്. അറബിയിൽ രുചിക്കാൻ കഴിയുന്ന, ശരീരത്തിന് പോഷകമേകുന്ന ജലത്തെയും ഭാഷാപരമായി ഭക്ഷണം എന്ന് വിളിക്കാം.

രണ്ട്, സംസം പല രോഗങ്ങൾക്കുമുള്ള ശമനമാണ്:
وشفاء سقم
“പല രോഗങ്ങൾക്കുമുള്ള ശമനവുമാണ്”
(ത്വയാലിസി: 61)

ഇപ്പറഞ്ഞ രണ്ട് വിശേഷണങ്ങളും വൈദ്യശാസ്ത്ര പരീക്ഷണങ്ങളുടെയും മുസ്‌ലിംകളുടെ ആയിരമായിരം അനുഭവ പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞ കാര്യമാണ്.

സാധാരണക്കാർ പോലും സംസം മാത്രം കുടിച്ച് ദിവസങ്ങളോളം ‘സംസം ഡയറ്റി’ൽ ഏർപ്പെടുന്ന ഈ കാലത്ത് (https://youtu.be/uPMQXub_c0M) ജീവൻ നിലനിർത്താൻ സഹായിക്കുന്ന പോഷക ഗുണം സംസമിലുള്ളതിനാൽ, അതിനെ ഭക്ഷണത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കൽ സംഭവ്യമാണ് എന്നതിനൊക്കെ ശാസ്ത്രീയ തെളിവുകളുടെ ആവശ്യമുള്ളതായി തോന്നുന്നില്ല.

ഭക്ഷണത്തിന്റെ സ്ഥാനത്ത് -സംസമല്ലാത്ത- ശുദ്ധജലം പോലും കുടിച്ചു തന്നെ മാസത്തോളം ഡയറ്റ് (Water Fasting) ചെയ്യുകയും ആരോഗ്യ അഭിവൃദ്ധി കൈവരിക്കുകയും ചെയ്യുന്ന നിത്യാനുഭവങ്ങൾ ഇക്കാലത്ത് എമ്പാടുമുള്ളപ്പോൾ -പ്രവാചക ശിഷ്യൻ അബൂദർറ് ഹദീസിൽ സൂചിപ്പിച്ച പോലെ- വിശിഷ്ടമായ സംസം കുടിച്ച് ഒരു മാസം ജീവിക്കാൻ കഴിയുമെന്നതിലും ഒരു പരിധി വരെ ഭക്ഷണത്തിന്റെ സ്ഥാനത്ത് സംസമിനെ ഉപയോഗിക്കൽ സാധ്യമാണെന്നതിലും എന്താണ് സംശയം?! ശൈഖ് നാസ്വറുദ്ദീൻ അൽബാനി, 40 ദിവസം ശുദ്ധജലം കുടിച്ച് ഉപവസിച്ച തന്റെ പരീക്ഷണാനുഭവം പങ്കുവെക്കുന്നുണ്ട്. ദിവസങ്ങളും മാസങ്ങളും ജല ഉപവാസത്തിൽ ഏർപ്പെട്ട് ആരോഗ്യം മെച്ചപ്പെടുത്തിയ ഒട്ടനവധി അമുസ്‌ലിംകളുടെ അനുഭവങ്ങൾ തന്നെ നിലനിൽക്കുന്നു. കൃത്യമായ മുൻകരുതലുകൾ നിലനിർത്തി, 5 മുതൽ 40 ദിവസം വരെയുള്ള ജല ഉപവാസത്തിന്, കൈറോപ്രാക്റ്റിക് ഡോക്ടറും സാന്ത റോസയിലെ ട്രൂനോർത്ത് ഹെൽത്ത് സെന്റർ സ്ഥാപകനുമായ അലൻ ഗോൾഡ്ഹാമർ വൈദ്യശാസ്ത്രപരമായ മേൽനോട്ടം വഹിക്കുന്നു. 1422 വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള, 4 മുതൽ 21 ദിവസം വരെ ജല ഉപവാസ കാലയളവിലെ ആരോഗ്യ സുരക്ഷ, ആരോഗ്യ അഭിവൃദ്ധി, ക്ഷേമം എന്നിവയെ സംബന്ധിച്ച ഒരു നിരീക്ഷണ പഠനം ‘പബ്ബ് മെഡ് സെന്റർ’ PubMed Central (PMC) പ്രസിദ്ധീകരിച്ചതു കാണാം.
(https://www.ncbi.nlm.nih.gov/pmc/articles/PMC6314618/)

ഇനി, സംസമിന്റെ വൈദ്യശാസ്ത്ര പരീക്ഷണ ഫലങ്ങളുടെ ചില ഉദാഹരണങ്ങൾ ചുവടെ കുറിക്കാം:

ഇരുപതോളം വരുന്ന അംഗങ്ങളുള്ള ഗവേഷക സംഘം സംസം വെള്ളത്തിന്റെ വൈദ്യ സവിശേഷതകളെ പഠനം നടത്തുകയും ഫലം പ്രബന്ധമായി ‘അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ’ (NCBI) കീഴിലുള്ള ‘നാഷണൽ ലൈബ്രറി ഓഫ് മെഡിസിനി’ൽ (National Library of Medicine) പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പതിനെട്ട് വെള്ളെലികളെ മൂന്ന് വിഭാഗമായി തിരിച്ച് പൈപ്പ് വെള്ളവും വാറ്റിയെടുത്ത വെള്ളവും സംസം വെള്ളവും ഓരോ വിഭാഗം എലികൾക്കും നൽകി നടത്തിയ പഠനത്തിൽ
സംസമിന്റെ ധാരാളം വൈദ്യ സവിശേഷതകൾ കണ്ടെത്തുകയുണ്ടായി. സംസം വെള്ളം, മാരകമായ പല രോഗങ്ങൾക്ക് വിരുദ്ധമായ കോശ സംരക്ഷണ പ്രതിഫലനങ്ങൾ  സൃഷ്ടിക്കുന്നു. ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകാത്ത പകർച്ചരോഗാണു വിമുക്ത ജലമാണ് സംസം. പതിവായ സംസം ഉപഭോഗം സിറം കൊളസ്ട്രോൾ, സിറം ട്രൈഗ്ലിസറൈഡുകൾ എന്നിവ ഗണ്യമായി കുറക്കുന്നു. സംസമിലെ ധാതുക്കൾ ഉയർന്നതോത് ലിപിഡ് മെറ്റബോളിസത്തെ സാരമായി സഹായിക്കുന്നു.
(https://www.ncbi.nlm.nih.gov/pmc/articles/PMC7811908/#!po=74.4444)

മറ്റു ജലത്തേക്കാൾ ഉയർന്ന സാന്ദ്രതയിലുള്ള 34 മൂലകങ്ങൾ കൊണ്ട് സംസം വെള്ളം സമ്പുഷ്ടമാണെന്ന് പല പരീക്ഷണങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

കാൽസ്യം (Ca), മഗ്നീഷ്യം (Mg), സോഡിയം (Na), ക്ലോറൈഡ് (Cl) എന്നിവയുടെ -മറ്റു ജലങ്ങളേക്കാൾ – വർധിച്ച അളവ് സംസമിന്റെ പ്രധാന സവിശേഷതയാണ്.

ഉയർന്ന അളവിലുള്ള കാൽസ്യം പോലുള്ള ചില പ്രത്യേകതകൾ മറ്റു ജലങ്ങളേക്കാൾ സംസമിനെ ആരോഗ്യകരമാക്കുന്നുവെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. കാൽസ്യം സമ്പന്നത സംസം ജലത്തെ സമ്പുഷ്ടമാക്കുന്നത് ‘ദാഹവും വിശപ്പും തൃപ്തിപ്പെടുത്തുന്നതിന് അതിനെ പ്രാപ്തമാക്കുന്നു’. പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറഞ്ഞ അളവിലുള്ള സമ്പുഷ്ടത മനുഷ്യ നാഡീവ്യവസ്ഥയെ സ്വാധീനിക്കാനുള്ള അതിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു.
(El-Zaiat, S.Y. 2007. Inherent optical properties of Zamzam water in the visible spectrum: dispersion analysis. The Arabian Journal for Science and Engineering, 32(2A): 171–180.) [Web of Science, Google Scholar]

ആന്റിമണി (എസ്ബി), ബെറിലിയം (ബി), ബിസ്മത്ത് (ബൈ), ബ്രോമിൻ (ബ്ര), കോബാൾട്ട് (കോ), അയോഡിൻ (ഐ), മോളിബ്ഡിനം (മോ) എന്നീ ഘടകങ്ങൾ 0.01 ppm ൽ കുറവായിരുന്നു.

ക്രോമിയം (Cr), മാംഗനീസ് (Mn), ടൈറ്റാനിയം (Ti) എന്നിവയുടെ അംശം സംസാം വെള്ളത്തിൽ മാത്രം കണ്ടെത്തി.

ആർസെനിക് (അസ്), കാഡ്മിയം (സിഡി), ലെഡ് (പിബി), സെലിനിയം (സെ) എന്നീ നാല് വിഷ ഘടകങ്ങളുടെ അളവ് മനുഷ്യ ഉപഭോഗത്തിന്റെ അപകട നിലയേക്കാൾ വളരെ താഴെയാണ്.

പുനരുൽപാദന വ്യവസ്ഥയുടെ ഉത്തേജനക്കുറവ്, ദന്തക്ഷയ രോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗ ചികിത്സകളിൽ സംസം വഹിക്കുന്ന ഫലപ്രദമായ പങ്കിനെ സംബന്ധിച്ച് പഠനങ്ങൾ നടക്കുകയാണ്.
(https://www.tandfonline.com/doi/full/10.1080/10942912.2012.660721)

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.