തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

പ്രവാചക വൈദ്യത്തിന്റെ പൊരുൾ -5

കരിഞ്ചീരകം

പ്രവാചകൻ (സ) പറഞ്ഞു:
“മരണമല്ലാത്ത എല്ലാ രോഗത്തിനും കരിഞ്ചീരകത്തിൽ ശമനമുണ്ട്.”
(സ്വഹീഹുൽ ബുഖാരി: 5688, സ്വഹീഹു മുസ്‌ലിം: 2215, മുസ്നദു അഹ്മദ്: 25133)

വ്യത്യസ്ഥ നാഗരീകതകളിൽ, 2000 വർഷങ്ങൾപ്പുറം, വൈവിധ്യമാർന്ന രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് കരിഞ്ചീരകത്തിന്റേത്. ആ വിശാലമായ ചരിത്രമൊന്നും ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കരിഞ്ചീരകത്തിന്റെ ഔഷധഗുണത്തെ സംബന്ധിച്ച് പ്രവാചകൻ (സ) സംസാരിച്ചത് ഈ സാമ്പ്രദായിക വൈദ്യ വിജ്ഞാനത്തിനപ്പുറം അല്ലാഹുവിൽ നിന്നുള്ള ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സൂചിപ്പിക്കുന്ന യാതൊരു സൂചനയും ഹദീസിൽ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ, അത് സാമ്പ്രദായിക വൈദ്യ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാവന ആകുവാനാണ് സാധ്യത.

‘മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ ശമനമുണ്ട് എന്നത് ഒരു പ്രയോഗം മാത്രമാണ്. ലോകത്തുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധമാണ് കരിഞ്ചീരകം എന്നല്ല പ്രസ്ഥാവനയുടെ സാരം. അങ്ങനെയായിരുന്നു ഉദ്ദേശ്യമെങ്കിൽ വ്യത്യസ്ഥമായ രോഗങ്ങൾക്ക് വ്യത്യസ്ഥമായ മറ്റ് മരുന്നുകളും ചികിത്സകളും പ്രവാചകൻ (സ) തന്നെ നിർദേശിക്കുമായിരുന്നോ ?! എല്ലാ രോഗത്തിനും കരീഞ്ചീരകം തന്നെ മതി എന്ന് കൽപ്പിക്കുമായിരുന്നില്ലെ എന്ന് അക്ഷരപൂജ ഒഴിവാക്കി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളു. ‘മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ എന്ന പ്രയോഗം കൊണ്ട് ഒട്ടുമിക്ക രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് കരിഞ്ചീരകം എന്നാണ് പ്രവാചക വാക്യത്തിന്റെ അർത്ഥമായി പ്രവാചക അനുചരന്മാർ മുതൽ, ഹദീസ് പണ്ഡിതർ, അറബി ഭാഷാ വിശാരദർ തുടങ്ങി ഇക്കാലഘട്ടം വരെയുള്ള മുസ്‌ലിംകൾ മനസ്സിലാക്കിയത്.

ഇബ്നു ഹജറുൽ അസ്കലാനി എഴുതി (ആശയ വിവർത്തനം): എല്ലാ രോഗങ്ങളിൽ നിന്നുമുള്ള ശമനം എന്ന് പറഞ്ഞതു കൊണ്ടുദ്ദേശം ശൈത്യരോഗങ്ങൾക്കെല്ലാം ശമനമായി ഉപകാരപ്പെടുമെന്നാണ്.

ഖത്താബി പറഞ്ഞു: ‘എല്ലാ രോഗങ്ങളിൽ നിന്നുമുള്ള ശമനം’ എന്ന പ്രയോഗം പ്രത്യേക ഇനങ്ങളെ ഉദ്ദേശിച്ചു (ഖുസൂസ് اﻟْﺨُﺼُﻮﺹِ) കൊണ്ട് പൊതുവായ പ്രയോഗം (ഉമൂമ് اﻟْﻌُﻤُﻮﻡِ) ഉപയോഗിക്കുക എന്ന സാധാരണ ഭാഷാ ശൈലിയാണ്. അല്ലാതെ ലോകത്തുള്ള സർവ രോഗങ്ങളുടേയും ശമനം ഒരു ചെടിയിൽ നിക്ഷിപ്തമാണ് എന്നല്ല. ഈർപ്പവും കുളിർമയും കാരണമായുണ്ടാകാവുന്ന എല്ലാ രോഗങ്ങൾക്കുള്ള ശമനം അതിലുണ്ടെന്ന് മാത്രമെ പ്രസ്‌തുത പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നുള്ളു…

പ്രവാചകൻ (സ) രോഗികളിൽ കാണുന്ന രോഗ ലക്ഷണത്തിനും അവസ്ഥക്കുമനുസരിച്ച് പല മരുന്നുകളും പറഞ്ഞു കൊടുക്കാറുണ്ട്. അപ്പോൾ ഈ ഹദീസ് ഏതു രോഗിയുടെ കാര്യത്തിലാണൊ പ്രസ്ഥാവിക്കപ്പെട്ടത് ആ വിഭാഗത്തിൽ ഉൾപ്പെട്ട രോഗങ്ങൾക്കെല്ലാം ശമനമാണ് എന്ന പ്രത്യേകാർത്ഥത്തിലാണ് ഹദീസിന്റെ പ്രയോഗം സ്വീകരിക്കപ്പെടുക.
(ഫത്ഹുൽ ബാരി: 10: 145, 146)

അബ്ദുർ റഹ്‌മാൻ മുബാറക് പൂരി പറഞ്ഞു (ആശയ വിവർത്തനം):
ഹദീസിലെ പൊതുവായ പ്രയോഗം അക്ഷരാർത്ഥത്തിലല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രത്യേകാർത്ഥത്തിലാണ് ആ പ്രയോഗത്തെ മനസ്സിലാക്കേണ്ടത്.

ത്വീബിയും സമശീർഷകരായ മറ്റു പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു: ബിൽകീസ് രാജ്ഞിയെ സംബന്ധിച്ച് കുർആൻ ഇപ്രകാരം പറയുകയുണ്ടായി:
“എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്‌. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്‌.” (കുർആൻ: 27:23)
മറ്റൊരിടത്ത് കുർആൻ ഇപ്രകാരം പറയുകയുണ്ടായി:
“അതിന്‍റെ (കാറ്റ്) രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് (കാറ്റ്) നശിപ്പിച്ചുകളയുന്നു.” (കുർആൻ: 46:25)

ഈ രണ്ട് സ്ഥലങ്ങളിലും ‘എല്ലാകാര്യങ്ങളില്‍ നിന്നും’, ‘സകല വസ്തുക്കളെയും’ എന്ന പൊതുവായ പ്രയോഗമാണ് (اﻟْﻌُﻤُﻮﻡِ) ഉപയോഗിച്ചിരിക്കുന്നത് എങ്കിലും പ്രത്യേകാർത്ഥമാണ് ഉദ്ദേശിച്ചിരിക്കുന്നത് (اﻟْﺨُﺼُﻮﺹِ). (കാരണം, ബിൽകീസ് രാജ്ഞിക്ക് ‘എല്ലാകാര്യങ്ങളില്‍ നിന്നും’ നൽകപ്പെട്ടു എന്ന് പറഞ്ഞെങ്കിലും ലോകത്തുള്ള എല്ലാ വസ്തുവകകളും അവരുടെ അടുക്കലുണ്ട് എന്നല്ലല്ലൊ ഉദ്ദേശ്യം. മറിച്ച്, സുഖ സമൃദ്ധിക്കുള്ള ഭൂരിഭാഗം ഉപാധികളും രാജ്ഞിക്ക് നൽകപ്പെട്ടു എന്നെ ഉദ്ദേശിക്കപ്പെടുന്നുള്ളു. കാറ്റ് ‘സകല വസ്തുക്കളെയും’ നശിപ്പിച്ചു എന്ന് പറഞ്ഞതും അക്ഷരാർത്ഥം സൂചിപ്പിക്കുന്ന പോലെ നാട്ടിലുള്ള സർവ വസ്തുക്കളെയും നശിപ്പിച്ചു എന്നല്ല. മറിച്ച് ഭൂരിഭാഗത്തെയും നശിപ്പിച്ച അധിശക്തമായ കാറ്റായിരുന്നു അത് എന്നെ ഉദ്ദേശിക്കപ്പെടുന്നുള്ളു. കാറ്റിന്റെ ശക്തിയെ ഊന്നി പറയാൻ വേണ്ടിയാണ് കാറ്റിനെ ‘സർവനാശകാരി’ എന്ന് വിശേഷിപ്പിക്കുന്നത്.)
ഇതു തന്നെയാണ് കരിഞ്ചീരകത്തെ സംബന്ധിച്ച് ‘എല്ലാ രോഗങ്ങൾക്കും ശമനം’ എന്ന് പറഞ്ഞതിലൂടെയും ഉദ്ദേശിക്കപ്പെടുന്നുള്ളു. (മരുന്നിന്റെ ശക്തിയെയും ഫലവ്യാപ്തിയേയും ഊന്നി പറയുകയാണ് ആ പ്രയോഗത്തിന്റെ ഉദ്ദേശം)
(തുഹ്ഫത്തുൽ അഹ്‌വദി: 6:163)

കരിഞ്ചീരകത്തിന്റെ ഫലപ്രാപ്തിയുടെ വ്യാപ്തിയെയും ശക്തിയെയും സൂചിപ്പിക്കാനാണ് പ്രവാചകൻ (സ) അപ്രകാരമൊരു പ്രയോഗം പ്രയോഗിച്ചത് എന്ന് ചുരുക്കം.

‘An apple a day keeps the doctor away’ ‘ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് നമ്മിൽ നിന്ന് ഡോക്ടറെ ഒഴിവാക്കി നിർത്തും’. ആപ്പിളിന്റെ ഔഷധ ഗുണങ്ങളെ ഒരു വരിയിൽ സംഗ്രഹിക്കാൻ സാധാരണയായി പറയാറുള്ള ഒരു വാചകമാണിത്. ഡോക്ടറുടെ ജനാല ചില്ല് തല്ലി തകർത്ത ടിന്റുമോൻ ഡോക്ടർ പരാതിയുമായി വീട്ടിൽ വരാതിരിക്കാൻ ദിവസവും ഒരു ആപ്പിൾ വീതം കഴിച്ചു കൊണ്ടിരുന്നു എന്ന് ഒരു ടിന്റുമോൻ ഫലിതം വായിച്ചിട്ടുണ്ട്. ‘മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ ശമനമുണ്ട് എന്ന ഒരു പ്രയോഗം ഉപയോഗിച്ചതിനാൽ ലോകത്തുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധമാണ് കരിഞ്ചീരകം എന്ന് തെളിയിക്കണമെന്ന വെല്ലുവിളികൾ ഓർമിപ്പിക്കുന്നത് ഈ ടിന്റുമോൻ ഫലിതമാണ്.

കരിഞ്ചീരകത്തിന്റെ ഔഷധ ശക്തിയെയും ഫലപ്രാപ്തിയുടെ വ്യാപ്തിയെയും ശക്തിയെയും സൂചിപ്പിക്കാനാണ് പ്രവാചകൻ (സ) അപ്രകാരമൊരു പ്രയോഗം പ്രയോഗിച്ചത്. കരിഞ്ചീരകത്തെ അങ്ങേയറ്റം സ്തുതിക്കുകയും അത് ഉപയോഗിക്കുന്നത് അത്യധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ആ പ്രയോഗത്തിന്റെ ഉദ്ദേശ്യം. അതേ പ്രയോഗം തന്നെ പല ഘട്ടത്തിലും പല കാര്യങ്ങളെ പറ്റിയും വർണിക്കാൻ പ്രവാചകൻ (സ) ഉപയോഗിച്ചിട്ടുണ്ട്. അവിടെയൊന്നും അക്ഷരാർത്ഥത്തിലല്ല ആ പ്രയോഗം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചില ഉദാഹരണങ്ങൾ കാണുക:

1. ﻣﻦ ﻗﺮﺃ ﺁﻳﺔ اﻟﻜﺮﺳﻲ ﺩﺑﺮ ﻛﻞ ﺻﻼﺓ ﻣﻜﺘﻮﺑﺔ ﻟﻢ ﻳﻤﻨﻌﻪ ﻣﻦ ﺩﺧﻮﻝ اﻟﺠﻨﺔ، ﺇﻻ اﻟﻤﻮﺕ»
പ്രവാചകൻ (സ) പറഞ്ഞു:
“ആരെങ്കിലും ‘ആയത്തുൽ കുർസി’ എല്ലാ നിർബന്ധ നമസ്ക്കാരങ്ങൾക്കും തൊട്ടു ശേഷം ഓതിയാൽ, ‘മരണമല്ലാതെ’ സ്വർഗ പ്രവേശനത്തിൽ നിന്ന് അയാളെ തടയില്ല.”
(മുഅ്ജമുൽ കബീർ: ത്വബ്റാനി: 7532)

ഇവിടെ സ്വർഗത്തിൽ പ്രവേശിക്കാൻ മരണം സംഭവിക്കണമെന്ന തടസ്സം മാത്രമാണോ ഒരാൾക്കുള്ളത് ? തീർച്ചയായുമല്ല. വൻപാപങ്ങൾ ചെറു പാപങ്ങളുടെ ആധിക്യം നന്മയുടെ കുറവ് തുടങ്ങി സ്വർഗത്തിൽ നിന്നും തടയുന്ന ഒരുപാട് തടസ്സങ്ങൾ വേറെയുമുണ്ട്. ഇവിടെ ‘ആയത്തുൽ കുർസി’യുടെ ശ്രേഷ്ടതയും അത് ഒരു വിശ്വാസിയെ അത്യധികം സ്വർഗത്തിലേക്ക് അടുപ്പിക്കുമെന്ന പാഠവുമാണ് ‘മരണമല്ലാതെ’ സ്വർഗ പ്രവേശനത്തിൽ നിന്ന് അയാളെ തടയില്ല എന്ന് പറഞ്ഞതു വഴി പ്രവാചകൻ (സ) ഉദ്ദേശിച്ചത്.

2. ﻣَﻦْ ﻗَﺮَﺃَ ﺁﻳَﺔَ اﻟْﻜُﺮْﺳِﻲِّ ﻓِﻲ ﺩُﺑُﺮِ ﻛُﻞِّ ﺻَﻼَﺓٍ ﺛَﻼَﺙَ ﻣِﺮَاﺭٍ ﻟَﻢْ ﻳَﻜُﻦْ ﺑَﻴْﻨَﻪُ ﻭَﺑَﻴْﻦَ اﻟْﺠَﻨَّﺔِ ﺇﻻ اﻟﻤﻮﺕ
പ്രവാചകൻ (സ) പറഞ്ഞു:
“ആരെങ്കിലും ‘ആയത്തുൽ കുർസി’ എല്ലാ നിർബന്ധ നമസ്ക്കാരങ്ങൾക്കും തൊട്ടു ശേഷം മൂന്ന് വട്ടം ഓതിയാൽ, അവനും സ്വർഗത്തിനുമിടയിൽ ‘മരണമല്ലാതെ’ മറ്റൊന്നുമില്ല”
(മുസ്നദു റൂയാനി: 1268)

ഇവിടെ ആയത്തുൽ കുർസി ഓതിയവനും സ്വർഗത്തിനുമിടയിൽ ആയുസ്സിലെ ഒട്ടനവധി വർഷങ്ങളും, ദിവസങ്ങളുമില്ലേ ? കബർ ജീവിതമില്ലെ?! ലോകാവസാനവും പുനരുദ്ധാരണവുമില്ലെ?!! മഹ്ശറും വിചാരണയുമില്ലെ?! സ്വിറാത്തും മീസാനുമില്ലെ ?!! എന്ന ചോദ്യങ്ങളെല്ലാം ഭാഷയും സാഹിത്യവും അൽപമെങ്കിലും അറിയുന്നവരുടെ മുമ്പിൽ ബാലിശമാണ്. മുമ്പ് സൂചിപ്പിച്ചതു പോലെ ‘ആയത്തുൽ കുർസി’യുടെ ശ്രേഷ്ടതയും അത് ഒരു വിശ്വാസിയെ അത്യധികം സ്വർഗത്തിലേക്ക് അടുപ്പിക്കുമെന്നും സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളിൽ ഏറ്റവും മഹത്തായ ഒന്നാണ് ആ സൽകർമമെന്നുമുള്ള വസ്തുതയെ ബലപ്പെടുത്തലുമാണ് “അവനും സ്വർഗത്തിനുമിടയിൽ ‘മരണമല്ലാതെ’ മറ്റൊന്നുമില്ല” എന്ന പ്രയോഗത്തിന്റെ ഉദ്യേശ്യം.

3. ﺇﺫا ﻭﺿﻌﺖ ﺟﻨﺒﻚ ﻋﻠﻰ اﻟﻔﺮاﺵ ﻭﻗﺮﺃﺕ ﻓﺎﺗﺤﺔ اﻟﻜﺘﺎﺏ ﻭ {ﻗﻞ ﻫﻮ اﻟﻠﻪ ﺃﺣﺪ}  ﻓﻘﺪ ﺃﻣﻨﺖ ﻣﻦ ﻛﻞ ﺷﻲء ﺇﻻ اﻟﻤﻮﺕ.
പ്രവാചകൻ (സ) പറഞ്ഞു:
“നീ നിന്റെ പാർശം വിരിപ്പിൽ വെക്കുകയും കുർആനിലെ പ്രാരംഭ അധ്യായവും ‘കുൽ ഹുവല്ലാഹു അഹദ്’ (അധ്യായവും) പാരായണം ചെയ്യുകയും ചെയ്താൽ ‘മരണമല്ലാത്ത’ എല്ലാത്തിൽ നിന്നും നീ നിർഭയനായി.”
(മുസ്നദുൽ ബസ്സാർ: 7393)

ഒരാൾക്ക് അല്ലാഹു വല്ല വിപത്തൊ, രോഗമൊ, ദുഖമൊ ബാധിപ്പിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ പ്രസ്‌തുത അധ്യായങ്ങൾ ഓതി എന്നതിനാൽ മാത്രം അവയിൽ നിന്ന് അഭയം നൽകപ്പെടണമെന്നില്ല. വിപത്തുകളും, രോഗങ്ങളും, ദുഖങ്ങളും അല്ലാഹു കൂടുതലും ബാധിപ്പിക്കുക ഈ അധ്യായങ്ങളൊന്നും ഓതാതെയും ദൈവസ്മരണയില്ലാതെയും ഉറങ്ങുന്നവർക്കാണ്. എന്നു മാത്രമല്ല ഇത്തരം അധ്യായങ്ങളൊന്നും ഓതാതെയും ദൈവസ്മരണയില്ലാതെയും ഉറങ്ങുന്നവർക്കാണ് മതപരമായ വിപത്തുകളും പരീക്ഷണങ്ങളും മുഴുവനും ബാധിക്കുക. അപ്പോൾ ഈ ആത്മീയവും ലൗകീകവുമായ വിപത്തുകളിലും പരീക്ഷണങ്ങളിലും ‘ഭൂരിഭാഗവും’ കുർആനിലെ പ്രാരംഭ അധ്യായവും ഇഖ്‌ലാസ് അധ്യായവും പാരായണം ചെയ്യുന്നവർക്ക് ബാധിക്കില്ല എന്നതാണ് ഹദീസിന്റെ ഉദ്ദേശ്യം.

4. ﻓَﺈِﺫَا ﺣَﺴُﻦَ ﺧُﻠُﻖُ اﻟﺮَّﺟُﻞِ ﻻَ ﻳَﻜَﺎﺩُ ﻳُﻔَﺮِّﻕُ ﺑَﻴْﻨَﻪُ ﻭَﺑَﻴْﻦَ اﻣْﺮَﺃَﺗِﻪِ ﺇﻻ اﻟﻤﻮﺕ، ﺃَﻥْ ﻳَﻤُﻮﺕَ ﻋَﻨْﻬَﺎ ﻓَﻴَﻜُﻮﻥَ ﺁﺧِﺮَ ﺃَﺯْﻭَاﺟِﻬَﺎ ﺃَﺣْﺴَﻨَﻬُﻢْ ﺧُﻠُﻘًﺎ ﻣَﻌَﻬَﺎ ﻓَﻴَﺘَّﻔِﻖُ اﻟْﺨَﺒَﺮَاﻥِ، ﻭَاﻟﻠَّﻪُ ﺃَﻋْﻠَﻢُ ﺑِﺎﻟﺼَّﻮَاﺏِ
പ്രവാചകൻ (സ) പറഞ്ഞു:
“… അങ്ങനെ ഒരു പുരുഷന്റെ സ്വഭാവം നന്നായി കഴിഞ്ഞാൽ അവനെയും അവന്റെ ഇണയെയും ‘മരണമല്ലാതെ’ വേർപ്പെടുത്തുകയില്ല…”
(ബഹ്റുൽ ഫവാഇദ്: 1:341 )

സൽസ്വഭാവിയായ പുരുഷനെയും ഇണയെയും ‘മരണമല്ലാതെ’ വേർപ്പെടുത്തുകയില്ല എന്നത് എങ്ങനെ ശരിയാവും ?! ഭർത്താവ് ജോലിക്ക് പോയാലൊ വിദേശത്തേക്ക് യാത്ര ചെയ്താലൊ അവർ തമ്മിൽ പിരിയില്ലെ? ഇണയെ ഒരാൾ തട്ടി കൊണ്ട് പോയാലോ ? ഇണകൾ തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ഊഷ്മളത മങ്ങുകയും അവർ പരസ്പരം വിവാഹമോചനം ചെയ്താലും വേർപിരിയില്ലെ ? എന്നൊക്കെ ചോദിക്കുന്നത് ബാലിശമാണ്. ഇണകളോട്
സൽസ്വഭാവത്തോടെയും സ്നേഹാദരവോടെയും പെരുമാറിയാൽ ‘ഭൂരിഭാഗം’ അവസരങ്ങളിലും വിവാഹ മോചനങ്ങൾ സംഭവിക്കില്ല. പരസ്പരം അടുത്തിരിക്കാനും വേർപെടാതിരിക്കാനും ഇണകളിലോരോരുത്തരും ‘കഴിവിൽ പരമാവധി’ പരിശ്രമിക്കും എന്നെ “മരണമല്ലാതെ വേർപ്പെടുത്തുകയില്ല” എന്ന പ്രയോഗം കോണ്ട് ഉദ്ദേശിക്കുന്നുള്ളു. ഇതു പോലെ, ‘മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ ശമനമുണ്ട് എന്ന പ്രയോഗവും. ഒട്ടനവധി രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് കരിഞ്ചീരകം എന്നെ പ്രവാചക വാക്യത്തിന്റെ അർത്ഥമുള്ളു.

രോഗ ചികിത്സകൾക്കായി ഉപയോഗിച്ച് വരുന്ന ‘കന്നാബിഡിയോളി’നെ (CBD) “സർവ്വ ശമനിയായി കണക്കാക്കപ്പെടുന്നു…” (…touted as a cure-all) എന്ന് വിശദീകരിച്ച ‘ദ ന്യൂയോർക്ക് ടൈംസി’ലെ (The New York Times) ലേഖനത്തെയും, ഒരുപാട് പോഷകഗുണങ്ങളുള്ള ചിക്കൻ സൂപ്പിനെ “നിങ്ങളെ ബാധിക്കുന്ന എല്ലാം സുഖപ്പെടുത്തുന്നു” (A chicken soup that cures everything that ails you) എന്ന് ‘പോസ്റ്റ് ഗസറ്റ്’ (Post-Gazette) ആരോഗ്യ പതിപ്പിൽ വർണിച്ചതും, വിറ്റാമിൻ-ഡിയെ “സർവ്വ ശമനി” (Cure-all) എന്ന് ‘ദ ഗാർഡിയൻ’ (The Guardian) സയൻസ് മാഗസിൻ വിശേഷിപ്പിച്ചതും ഏതാനും ചില ഹൃദയ സംബന്ധമായ രോഗങ്ങളെ കുറക്കുന്നതിൽ സഹായിക്കുന്ന ഒരു പോളിപില്ലിനെ “മാന്ത്രിക വെടിയുണ്ട”(magic bullet) എന്ന് എ.ബി.സി. ന്യൂസിന് വിശേഷിപ്പിക്കാമെങ്കിൽ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്ക് ശമനമേകുന്ന കരിഞ്ചീരകത്തെ ‘മരണമല്ലാത്ത ഏതു രോഗത്തിനും ശമനം’ എന്ന് വർണിച്ചാൽ അത് വൈദ്യശാസ്ത്രത്തോട് ചെയ്യുന്ന വലിയ പാതകമായി കണക്കാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?! ഒരു വിശേഷിപ്പിക്കലിലും വർണനയിലും പോലും ഭൂതകണ്ണാടി വെച്ച് വിമർശനത്തിനായി നടക്കുന്നവർ ഒരു ആരോഗ്യ മാസികയെങ്കിലും വായിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ പല മരുന്നുകളേയും ചികിത്സകളേയും പ്രകൃതിദത്തമായ ഔഷധങ്ങളേയും പ്രവാചകൻ കരിഞ്ചീരകത്തെ വിശേഷിപ്പിച്ചതു പോലെ അങ്ങേയറ്റം സ്തുതിച്ചു കൊണ്ടും സ്ഥാനോൽക്കർഷം വാദിച്ചു കൊണ്ടുമുള്ള ആയിരക്കണക്കിന് വരികൾ കാണാം. അങ്ങനെയുള്ള പ്രയോഗങ്ങളൊക്കെ തെറ്റാണെന്ന് വാദിക്കുന്നെങ്കിൽ ഒരു വട്ടം കൂടി പള്ളിക്കൂടത്തിൽ പോയി ഭാഷയും സാഹിത്യവും പഠിക്കുക എന്ന് മാത്രം നമുക്ക് പറയാം.

പ്രവാചകവൈദ്യത്തിൽ കരിഞ്ചീരകത്തെ സംബന്ധിച്ച വിശേഷണം ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലൊ സാമ്പ്രദായിക വൈദ്യ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലൊ, ഇതിൽ ഏത് വിഭാഗത്തിൽ നാം ഉൾപ്പെടുത്തിയാലും ശരി കരിഞ്ചീരകത്തെ വൈദ്യശാസ്ത്ര വീക്ഷണകോണിലൂടെ പഠനത്തിന് വിധേയമാക്കിയാൽ ‘മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും ശമന’മെന്ന് വിശേഷിപ്പിക്കാൻ ഉതകുന്ന ഔഷധഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാകുന്നത്:

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ക്യാൻസറിനെതിരെ പോരാടാനും, ഗർഭധാരണം സാധ്യമാക്കുന്നതിനും, വീക്കം കുറയ്ക്കാനും, ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്നതിലൂടെ വിവിധ അലർജികൾ കുറയ്ക്കാനും കരിഞ്ചീരകം സഹായിക്കുമെന്ന് ചില ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിക്കുന്നുണ്ട്. മുഖക്കുരു, പലതരം പനികളും അലർജികളും, ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്ധ രോഗങ്ങൾ, പ്രമേഹം, ദോഷകരമായ കൊളസ്‌റ്റ്രോൾ, അൾസർ, കൂടിയ ബ്ലഡ് പ്രഷർ, വന്ദ്യത, ബീജാണുക്കളുടെ കുറവ്, സ്തന വേദന തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ശമനമാർഗമാണ് കരിഞ്ചീരകം എന്നത് അവിതർക്കിതമായ വസ്തുതയാണ്.
(https://www.webmd.com/vitamins/ai/ingredientmono-901/black-seed)

മുലയൂട്ടൽ, ഓർമ്മശക്തി, ചിന്താ കഴിവുകളുടെ (cognitive function) അഭിവൃദ്ധി, ഹെറോയിൻ, മോർഫിൻ, മറ്റ് ഒപിയോയിഡ് മയക്കു മരുന്നുകളിൽ നിന്ന് വിരമിക്കൽ എന്നിവയെ സഹായിക്കുന്നു എന്നതിന് പുറമെ ബ്രോങ്കൈറ്റിസ്, മൂക്കടപ്പ്, ചുമ, കുടൽ വാതകം, വയറിളക്കം ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾ, തളർച്ച, ജലദോഷപ്പനി, പകർച്ചപ്പനി, തലവേദന, മൂലക്കുരു, തൊണ്ട – ടോൺസിലുകൾ എന്നിവയിലെ അണുബാധ, സോറിയാസിസ്, ആർത്തവ തകരാറുകൾ, ആർത്തവവിരാമ ലക്ഷണങ്ങൾ, യോനി യീസ്റ്റ് അണുബാധ, മലബന്ധം എന്നിവക്ക് കരിഞ്ചീരകം ശമനമായി വർത്തിക്കുന്നുവെന്നതിന് ഭാഗീകമായ തെളിവുകൾ ഗവേഷണങ്ങളിലൂടെ ലഭ്യമായിട്ടുണ്ട്. കൂടാതെ ചില കാൻസർ മരുന്നുകൾ മൂലമുണ്ടാകുന്ന ഹൃദയ സംബന്ധരോഗങ്ങൾ, വരട്ടുചൊറി, ചില തൈറോയ്ഡ് സംബന്ധ രോഗങ്ങൾ, കാൻസർ ചികിത്സ മൂലം രോഗപ്രതിരോധ ശേഷിക്കുണ്ടാവാറുള്ള തകരാറുകൾ, കുട്ടികളിൽ വെളുത്ത രക്താണുക്കളുടെ എണ്ണക്കുറവു മൂലം (ന്യൂട്രോപീനിയ) സംഭവിക്കാവുന്ന അപകടങ്ങൾ, നാഡീ വീക്കം, ദീർഘകാല വൃക്കരോഗങ്ങൾ, തുടർച്ചയായ വൃക്കരോഗം (CKD), വേദനയോടെയുള്ള ആർത്തവം (dysmenorrhea), ദഹനക്കേട് (dyspepsia), അപസ്മാരം, മോണരോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് സി പോലെയുള്ള ലിവർ രോഗങ്ങൾ, അവയവ വീക്കം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗം, ഹൃദയാഘാതം (മെറ്റബോളിക് സിൻഡ്രോം) എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ലക്ഷണങ്ങൾ, മദ്യം കഴിക്കാത്തവരിൽ വർദ്ധിച്ച തോതിലുള്ള കരളിൽ കൊഴുപ്പ് (NAFLD), അമിതവണ്ണം, ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA), റേഡിയേഷൻ തെറാപ്പി മൂലമുണ്ടാകുന്ന ചർമ്മ ക്ഷതങ്ങൾ, പ്രായമായവരിൽ ഉണ്ടാകാറുള്ള മൂക്ക് വരൾച്ച, വൻകുടൽ പുണ്ണ്, ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാകാൻ കാരണമാകുന്ന ചർമ്മരോഗം (vitiligo) എന്നിവയെ ചെറുക്കുന്നതിലും കരിഞ്ചീരകം നിർണായകമായ പങ്കു വഹിക്കുന്നതായും പല ഭാഗീകമായ ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്. എച്ച്.ഐ.വി (AIDS) വിരുദ്ധ പരീക്ഷണങ്ങളിൽ പോലും കരിഞ്ചീരകം ഫലവത്തായി ഉപയോഗിക്കപ്പെടുന്നുണ്ട്.
(https://www.webmd.com/vitamins/ai/ingredientmono-901/black-seed)

ഏറ്റവും ഒടുവിൽ, കൊറോണക്കും കോവിഡ് 19 നുമെല്ലാം പ്രതിരോധം തീർക്കാൻ കരിഞ്ചീരകം ഉപയോഗപ്പെടുത്തുന്നതായ വൈദ്യ ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ തന്നെയാണ് നാം ഇപ്പോൾ വായിക്കുന്നത്!!

1. “കൊറോണ വൈറസിൻമേൽ നിഗെല്ല സറ്റിവ (കരിഞ്ചീരകം), ആന്തെമിസ് ഹയാലിന, സിട്രസ് സിനെൻസിസ് സത്തുകളുടെ സ്വാധീന ഫലങ്ങൾ… ”
(The effects of Nigella sativa (Ns), Anthemis hyalina (Ah) and Citrus sinensis (Cs) extracts on the replication of coronavirus and the expression of TRP genes family)
(https://www.ncbi.nlm.nih.gov/pmc/articles/PMC3933739/)
(https://pubmed.ncbi.nlm.nih.gov/24413991/ )

2. “COVID-19 രോഗികളിൽ, തേൻ, നിഗെല്ല സാറ്റിവ (കരിഞ്ചീരകം) എന്നിവ, വൈറസുകളെ നീക്കം ചെയ്യുന്ന പ്രക്രിയയെ  വേഗത്തിലാക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു.” ( Study suggests honey and Nigella sativa expedites viral clearance in COVID-19 patients)
(https://www.news-medical.net/amp/news/20201108/Study-suggests-honey-and-Nigella-sativa-expedites-viral-clearance-in-COVID-19-patients.aspx)

3. “കൊറോണ വൈറസ് രോഗം 2019 തിനുള്ള, പ്രബലമായ ഫൈറ്റോതെറാപ്പിയായി നിഗെല്ല സാറ്റിവ.എൽ (കരിഞ്ചീരകം): സിലിക്കോ പഠനങ്ങളുടെ ഒരു ഹ്രസ്വ അവലോകനം.”
(Nigella sativa L as a potential phytotherapy for coronavirus disease 2019: A mini review of in silico studies)
(https://www.sciencedirect.com/science/article/pii/S0011393X2030028X)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.