ചരിത്രത്തിലെല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത മതം ഒന്നായിരുന്നു; അതിന്റെ പേരാണ് ഇസ്‌ലാം. മുഹമ്മദ് നബി(സ)യിലാണ് ഈ പ്രവാചകത്വം അവസാനിക്കുന്നത്. ഖുർആൻ പലതവണ വ്യക്തമാക്കിയ പ്രകാരം, അവരെല്ലാം മുഴുവൻ ലോകത്തിനുമായി ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രന്ഥവും നീതിയുടെ നിയമസംഹിതയും എത്തിച്ചുകൊടുക്കാനാണ് ആഗതരായത്. ഏറ്റവും ഒടുവിലത്തെ സന്ദേശവാഹകനായിരുന്നു മുഹമ്മദ് (സ).
അല്ലാഹുവിനെ മാത്രം കീഴ്‌പ്പെട്ട് ജീവിക്കാനും, ഇതരന്മാരുടെ ചങ്ങലക്കെട്ടുകളിൽനിന്നെല്ലാം സ്വതന്ത്രരാകാനുമാണ് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തത്. സാർവലൗകിക ഐക്യത്തിന്റെ ആദർശമാണ് തൗഹീദ്. അതിനെ ദൃഢമായി പണിതുയർത്താനായിരുന്നു മുഹമ്മദ് (സ) നിയുക്തനായത്.
തൗഹീദിലൂടെ മനുഷ്യകുലത്തേയും മാനവചരിത്രത്തേയും ഒന്നിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ് അഥവാ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന ആദർശവാക്യമാണ്. അല്ലാഹു അല്ലാതെ തനിക്ക് ആരാധിക്കാനും അനുസരിക്കാനും കീഴ്‌പെടാനും മറ്റൊരു ദൈവവുമില്ല എന്ന സമ്പൂർണ്ണപ്രഖ്യാപനം. അതിൽ മായം കലർത്താനോ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനോ പ്രവാചകന്മാരെപ്പോലും പങ്കാളിയാക്കാനോ സാധ്യമല്ല. കാര്യകാരണബന്ധത്തിനതീതമായി ഗുണമോ ദോഷമോ വരുത്താൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സാധ്യമല്ലതന്നെ.
അദൃശ്യകാര്യങ്ങളും ഭാവികാര്യങ്ങളും എല്ലാം അവനു മാത്രമാണ് അറിയാൻ കഴിയുക. വിഗ്രഹങ്ങളും ശവകുടീരങ്ങളും മനുഷ്യരും ഇതരസൃഷ്ടികളും ദൈവങ്ങളോ ദിവ്യത്വം കലർന്നതോ അല്ലെന്നും, സാക്ഷാൽ ഏകദൈവം അല്ലാഹു മാത്രമാണെന്നുമുള്ള ഏറ്റവും ഉന്നതമായ ആദർശത്തോട് കിടപിടിക്കുന്ന മറ്റൊന്നും ഇല്ലതന്നെ. തന്നെ സൃഷ്ടിച്ച ദൈവത്തിനു മാത്രമാണ് താൻ എങ്ങനെ ജീവിക്കണം എന്ന് കൽപ്പിക്കാനും നിയമങ്ങൾ നിർമ്മിച്ചുതരാനുമുള്ള പരമമായ അധികാരം. ഈ പ്രഖ്യാപനത്തോടെ ഒരു വ്യക്തി സൃഷ്ടികളുടെയും സ്വന്തം ഇച്ഛകളുടെയും അടിമത്തത്തിൽനിന്ന് മുക്തമായി ശാന്തിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും എത്തിച്ചേരുകയാണ് ചെയ്യുന്നത്.
ഈ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന തത്ത്വം, കേവലം ഒരു തത്ത്വശാസ്ത്രമല്ല, മറിച്ച് മാനവരാശിയെ കാലങ്ങളോളം ബന്ധിച്ചിരുന്ന ആശയപരമായ അടിമത്തത്തെ വേരോടെ പിഴുതെറിയുന്ന ഒരു തത്ത്വശാസ്ത്രപരമായ വിപ്ലവമാണ്. ഇത് മനുഷ്യന്റെ മനസ്സിൽ നിന്ന് എല്ലാവിധമായ ‘ആഭ്യന്തര അടിമത്തത്തെ’യും ഉന്മൂലനം ചെയ്തു. മനുഷ്യൻ തന്റെ ഭയങ്ങൾക്കും ആഗ്രഹങ്ങൾക്കും മുന്നിൽ തലകുനിക്കേണ്ടതില്ലെന്നും, അവന്റെ നിലനിൽപ്പിനും മൂല്യത്തിനും ഏക അധികാരം പരമോന്നത ശക്തിക്ക് മാത്രമാണെന്നും ഉള്ള ജ്ഞാനത്തിന്റെ കൊടുങ്കാറ്റ് അവനെ ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു.
തലമുറകൾ, രാഷ്ട്രങ്ങൾ, വ്യത്യസ്ത വിഭാഗങ്ങൾ, ഗോത്രങ്ങൾ, സമൂഹത്തിന്റെ വിവിധ തട്ടുകളിൽ കഴിയുന്നവർ… എന്നിങ്ങനെ ബഹുദൈവവാദത്തെ തുടർന്നുളവായ തരംതിരിവുകളെല്ലാം അതോടെ നീങ്ങി.
തൗഹീദിന്റെ ശബ്ദം വിമോചനത്തിന്റെ മുദ്രാവാക്യമാണ്.
ആ മുദ്രാവാക്യത്തിന്റെ മഹത്വം ആദ്യമായി മനസ്സിലാക്കിയത് അന്യരുടെ ചമ്മട്ടിക്ക് അരയായിക്കൊണ്ടിരുന്ന അടിമകൾ, പട്ടിണിപ്പാവങ്ങൾ, അപ്രശസ്തർ, അവസ്ഥിതർ എന്നിവരായിരുന്നു. എന്നാൽ ബുദ്ധിജീവികൾ, ജ്ഞാനികൾ, വിദ്യാസമ്പന്നർ, ദാർശനികന്മാർ എന്നിവർക്ക് അത് മനസ്സിലാക്കാൻ വളരെ താമസം നേരിട്ടു.
ഇതിന് കാരണം, ഏതൊരു സമൂഹത്തിലെയും ജ്ഞാനസംവിധാനങ്ങൾ (എപ്പിസ്റ്റീംസ്) അധികാര ഘടനകളുമായി ബദ്ധസ്ഖലിതമായിരിക്കുന്നു എന്നതാണ്.
ഉന്നതവർഗത്തിന് അനുകൂലമായ നിയമങ്ങളും തത്ത്വജ്ഞാനങ്ങളും സൃഷ്ടിക്കുന്നതിൽ ബുദ്ധിജീവികൾക്ക് ഒരു ‘ആശയപരമായ നിക്ഷേപം’ (ഐഡിയോളജിക്കൽ ഇൻവെസ്റ്റ്‌മെൻ്റ്) ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ്, അവരുടെ സ്ഥാനമാനങ്ങളെയും ബുദ്ധിപരമായ ഏകപക്ഷീയതയെയും (ഇൻ്റലെക്ച്വൽ ഹെജിമണി) ചോദ്യം ചെയ്യുന്ന ഒരു സംവിധാനത്തെ ആദ്യം അവർ നിരാകരിച്ചത്. എന്നാൽ, ചരിത്രത്തിന്റെ തള്ളൊഴുക്കിൽ നിന്ന് ഒതുങ്ങി നിൽക്കുന്നവർ, അടിച്ചമർത്തപ്പെട്ടവർ, ആശയസംവിധാനങ്ങളുടെ ഭാരം അനുഭവിക്കുന്നവർ ആണ് യഥാർത്ഥത്തിൽ പുതിയ വിപ്ലവകരമായ സത്യങ്ങളെ ആദ്യം തിരിച്ചറിയുന്നത്.
അവരുടെ അനുഭവജ്ഞാനം തന്നെയാണ് അവരുടെ ബോധത്തിന് നേർവ്വഴി കാണിച്ചത്. ഇതേ കാരണത്താൽ തന്നെ അദ്ദേഹത്തിനു ചുറ്റും അണിനിരന്ന് അവകാശനിഷേധിതരും അറിയപ്പെടാത്ത മേഖലകളിലുള്ളവരും പേരും പെരുമയുമില്ലാത്തവരുമായിരുന്നു. ഉന്നത വർഗത്തിലെ ഏതാനും പേരെ മാത്രമേ അപ്പോൾ നാം അവിടെ കാണുന്നുള്ളൂ.
എതിർവശത്തുനിന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം തന്നെ ഇതായിരുന്നു: ”തനിക്കു ചുറ്റും വലിഞ്ഞുകൂടിയിരിക്കുന്നത് സമൂഹത്തിലെ നികൃഷ്ട വിഭാഗമാണല്ലോ. ഈ സത്യ പ്രസ്ഥാനത്തെ പരിചയപ്പെടാൻ ഇതു തന്നെയാണ് സവിശേഷ മാനദണ്ഡം.”
ബുദ്ധമതത്തിന്റെ തലവന്മാരെയും പ്രവാചകന്മാരെയും നോക്കൂ. ഇന്ത്യയിലെയോ ചൈനയിലെയോ പ്രധാന പ്രഭുകുടുംബത്തിൽപ്പെട്ട വ്യക്തികളാണവരെല്ലാം. ഇന്നു മൂല്യങ്ങൾക്കെല്ലാം മാറ്റം സംഭവിച്ചിരിക്കുന്നു.
ലോകത്തെങ്ങുമുണ്ടായിട്ടുള്ള അടിമകളെ സംബന്ധിച്ചിടത്തോളം, അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിത്തന്നെയായിരുന്നു മുഹമ്മദ് നബി (സ)യുടെ ആഗമനം.
അടിമപ്പണി വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് സ്വയം ഉറപ്പിച്ചുകഴിയുകയായിരുന്നു ആ പാവങ്ങൾ. മതം, ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, കല, അനുഭവം എന്നീ ഘടകങ്ങൾ മുഴുവൻ അടിമകളേയും കീഴ്ജാതിക്കാരേയും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മേലാളന്മാരെ സേവിക്കലാണ് അവരുടെ ജീവിതധർമ്മമെന്ന് പട്ടിണികിടന്നും ഭാരം പേറിയും അന്യരുടെ സംതൃപ്തിക്കുവേണ്ടി പ്രയത്നം ചെയ്യുകയാണ് തങ്ങളുടെ അസ്തിത്വത്തിന്റെ പിന്നിലെ ലക്ഷ്യമെന്നായിരുന്നു അവരുടെയും വിശ്വാസം.
അവഗണിക്കപ്പെട്ട ആ പാവങ്ങൾ ഇത്രയുംകൂടി വിശ്വസിക്കാൻ നിർബന്ധിതരായി. ദൈവം-അഥവാ ദൈവങ്ങൾ-അവരുടെ ശത്രുവാണ്. പണിയെടുക്കുക, അന്യർക്കുവേണ്ടിയാണ് വേലചെയ്യുക, ചുമടു പേറി നീങ്ങുക; ഇതിനായിട്ട് പടുക്കപ്പെട്ടവരാണവർ.
ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ച് സംസാരിക്കുന്നതിനിടയിൽ മാനി പ്രവാചകൻ സിദ്ധാന്തിച്ചതിന്റെ വിവക്ഷയും ഈ വിശ്വാസത്തിന് ഉപബലകമായിട്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ”നീചന്മാരും പരാജിതരും ഇരുട്ടിന്റെ സന്തതികളാണ്; നേതാക്കളും ശക്തന്മാരുമാകട്ടെ വെളിച്ചത്തിന്റെ സത്തയും.”
അരിസ്റ്റോട്ടിൽ, പ്ലേറ്റോ പോലെയുള്ള ജീനിയസുകൾ പറഞ്ഞത് കാണുക: ദൈവം-അതല്ലെങ്കിൽ പ്രകൃതി-ചിലരെ അടിമകളും മറ്റു ചിലരെ സ്വതന്ത്രന്മാരുമായിട്ട് സൃഷ്ടിച്ചിരിക്കുന്നു. താഴ്ന്ന ജാതിക്കാർ താണതരം ജോലിയും ഉയർന്നവർ ഉയർന്ന ജോലിയും നിർവഹിക്കാൻ വേണ്ടിയാണത്. വിദ്യാഭ്യാസം, കല, സാഹിത്യം, പ്രസംഗം, സംഗീതം, രാഷ്ട്രീയം, സാംസ്കാരികം എന്നീ മേഖലകളിൽ ഉയർന്നവിഭാഗക്കാരാണ് വരേണ്ടത്.
വഞ്ചന, വ്യാജം, ബഹുദൈവത്വം, അനൈക്യം, കാപട്യം, ആധിപത്യം, വിഭാഗികത, ഉച്ചനീചത്വം എന്നിവക്കെതിരെ നിരന്തര സമരങ്ങളുടെ ഈ പ്രസ്ഥാനം അതിന്റെ പരിപൂർണതയിലെത്തിയത് മുഹമ്മദ് നബി (സ)യുടെ ആഗമനത്തോടെയാണ്.
അദ്ദേഹം തുറന്നു പ്രഖ്യാപിച്ചു: മനുഷ്യരാശിയുടെ മുഴുവൻ തറവാടും ഉത്ഭവകേന്ദ്രം ഒന്നാണ്. പ്രകൃതി ഒന്ന്, സ്രഷ്ടാവും ദൈവവും ഒന്ന്, എല്ലാവരും സമന്മാർ. അന്നു നിലവിലുണ്ടായിരുന്ന തത്ത്വശാസ്ത്രത്തിനും സാമ്പത്തിക വ്യവസ്ഥയ്ക്കും എതിരായൊരു വിപ്ലവമായിരുന്നു ഇത്.
ഇതൊക്കെ ആശയമണ്ഡലത്തിൽ മാത്രം ഒതുങ്ങുന്ന വാചകക്കസർത്തുകളായിരുന്നില്ല; ഇത് പ്രയോഗത്തിൽ ഉടൻ സാക്ഷാൽക്കരിച്ചതും ലോകം അനുഭവിച്ചറിഞ്ഞതുമാണ്. മദീനയിൽ അടിത്തറയിട്ട ആ മാതൃകാസമൂഹത്തെ നോക്കൂ. സാമൂഹ്യജീവിതത്തിലെ സകല തുറകളും, സാമ്പത്തികവും നിയമപരവുമായ നീതിയുടെ നിദർശനമായി നാം അവിടെ കാണുന്നു.
അന്നു വരെ പരിത്യക്തനായി കഴിഞ്ഞിരുന്ന അബിസീനിയക്കാരൻ അടിമ ബിലാൽ, അറേബ്യയിലെ അരിസ്റ്റോക്രാറ്റുകളേക്കാൾ ഉന്നതമായ പദവിയും ഉയർന്ന വിലയും നൽകി ആദരിപ്പിക്കപ്പെടുകയാണവിടെ. അദ്ദേഹത്തിന്റെ പദവി സമൂഹം മനസ്സാലെ തന്നെ അംഗീകരിക്കുകയും നിയമം അതിനെ സംരക്ഷിക്കുകയും ചെയ്തു.
ഹുദൈഫയുടെ ഒരു അടിമച്ചെറുക്കനായിരുന്നു സാലിം. ഇടുങ്ങിയ ഇടവഴികളിൽനിന്ന് അകന്ന് മാറി നടക്കേണ്ട ഹതഭാഗ്യനും ബഹിഷ്കൃതനുമായിരുന്നു അയാൾ ഇന്നലെവരെ. ഇന്നിതാ, അറബികളും ജൂതന്മാരും ഖുറൈശികളുമടങ്ങുന്ന മദീനാവാസികൾ അയാളെ അംഗീകരിച്ച് അഭിവാദനം ചെയ്യുന്നു. മദീനയിലെ ഖുബാ പള്ളിയിൽ അയാളാണ് നേതൃത്വം കൊടുക്കുന്നത്. ഉന്നതന്മാരും പ്രമാണികളുമൊക്കെ അയാൾക്ക് പിന്നിൽ അണിനിരക്കുന്നു; അയാൾ അവർക്കെല്ലാം പ്രിയങ്കരനും ബഹുമാന്യനുമാണ്.
ആഢ്യമനസ്ഥിതിയും പാവങ്ങളോടുള്ള അവഗണനയും അവസാനിപ്പിക്കാൻ പ്രവാചകൻ നേരിട്ട് രംഗത്തിറങ്ങി. അതോടെ അന്നുവരെ നിലവിലിരുന്ന, ഉച്ചനീചത്വ പരിമാണങ്ങളുടെ ഊടും പാവും കീഴ്മേൽ മറിഞ്ഞു. നീളം കൂടിയ മീശ മുറിച്ചുകളയാനും, നരിയാണിക്ക് താഴെ ഇറങ്ങിയ വസ്ത്രം കയറ്റി ഉടുക്കാനും അവിടുന്ന് അനുയായികളെ പഠിപ്പിച്ചു. കാരണം, അക്കാലത്ത് ആഢ്യത്വത്തിന്റെ അടയാളമായി ഗണിച്ചിരുന്നതാണ് വസ്ത്രം വലിച്ചിഴച്ചു നടക്കലും നീണ്ട കൊമ്പൻ മീശയും. തെരുവുകളിലൂടെ അഹംഭാവം നടിച്ചു നടക്കുന്നത് അദ്ദേഹം അനിഷേധ്യമായി വിലക്കി.
ഒരു കുതിരപ്പുറത്ത് ഈ രണ്ടു പേർ വീതം യാത്ര ചെയ്യാൻ പഠിപ്പിച്ചു. ആരെങ്കിലും വാഹനപ്പുറത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കണ്ടാൽ മറ്റൊരാളെ അയാളുടെ പിറകിൽ കയറ്റി ഇരുത്തുമായിരുന്നു അദ്ദേഹം. ജീനി അണിയാത്ത, നഗ്നമായ കഴുതയുടെ പുറത്ത് കയറി ആളുകൾക്കിടയിലൂടെ അവിടുന്ന് സഞ്ചരിക്കാറുണ്ടായിരുന്നു. ആഢ്യത്വത്തിന്റെ സീമകൾ നേരിട്ട് തകർക്കുകയായിരുന്നു അതിന്റെയെല്ലാം പിന്നിലെ ഉദ്ദേശ്യം.
ഇത്തരം നിർദ്ദേശങ്ങൾ ഒരു പുതിയ തരം സാമൂഹിക മനഃശാസ്ത്രം (സോഷ്യൽ സൈക്കോളജി) സൃഷ്ടിക്കുകയായിരുന്നു. ഭൗതികമായ ആഡംബരങ്ങളുടെ പ്രദർശനം എങ്ങനെ സാമൂഹിക അസമത്വത്തെ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള അതിശക്തമായ തിരിച്ചറിവാണ് ഈ നിർദ്ദേശങ്ങൾ. ഇത് ഒരു വ്യക്തിയുടെ സ്വയം ഭാവനയെ അടിമുടി മാറ്റിയെഴുതുകയും, അവന്റെ സ്വാധീന മേഖലയെ പരിധിയില്ലാതെ വികസിപ്പിക്കുകയും ചെയ്തു. ഇത് കേവലം ഒരു ആചാരപരമായ വിപ്ലവമായിരുന്നില്ല; മറിച്ച്, ഒരു പുതിയ മനുഷ്യനെ നിർമ്മിച്ചെടുത്ത വിപ്ലവമായിരുന്നു.
അനസ് (റ) പ്രസ്താവിക്കുന്നു: ”റസൂലുല്ലാഹ് (സ) വളരെയേറെ കരുണ നിറഞ്ഞവരായിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താൽ സാധിക്കുന്നതാണെങ്കിൽ നിർബന്ധമായും അത് പൂർത്തീകരിക്കുമായിരുന്നു.”
ഒരിക്കൽ നമസ്കാരത്തിനായി ഇഖാമത്ത് കൊടുത്ത ശേഷം, ഒരു അറാബി വന്നു. അദ്ദേഹം ദൂതരുടെ വസ്ത്രം പിടിച്ചുകൊണ്ട് പറഞ്ഞു: ”എനിക്കൊരു ചെറിയ ആവശ്യമുണ്ട്; അത് സാധിപ്പിച്ചുതരാൻ താങ്കൾ മറന്നുപോകുമെന്ന് ഞാൻ ഭയപ്പെടുന്നു.” തിരുമേനി അദ്ദേഹത്തോടൊപ്പം പോയി, ആവശ്യം നിറവേറ്റിക്കൊടുത്തതിനു ശേഷം തിരിച്ചുവന്ന് നമസ്കരിച്ചു.
ഒരിക്കൽ പ്രവാചകനെ കാണാൻ ഒരു വൃദ്ധസ്ത്രീ വന്നു. വർഷങ്ങളായി ഇസ്‌ലാം മതപ്രവാചകന്റെ മഹത്വവും ഗാംഭീര്യവും കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു ആ വൃദ്ധ. തിരുസന്നിധാനത്തിലെത്തി പകച്ചുനിന്നു. പുരുഷത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ഗാംഭീര്യം കണ്ട് അവർ ആകപ്പാടെ നിശബ്ദമായി; ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. തിരുമേനി അവരുടെ ചുമലിൽ മൃദുവായി തടവിക്കൊണ്ട്, ലളിതവും കരുണ കലർന്നതുമായ സ്വരത്തിൽ ചോദിച്ചു: ”എന്തിനാണീ പരിഭ്രമം? ഞാൻ ഖുറൈശികളിൽപ്പെട്ട ഒരു പാൽക്കാരിയുടെ മകനാണ്. നിങ്ങൾ ആരെയാണ് ഈ ഭയപ്പെടുന്നത്?”
ഇത് നേതാവിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ അതിനിർദയം കീറിമുറിച്ച ഒരു പ്രഖ്യാപനമാണ്. ഒരു നേതാവിൻ്റെ യഥാർത്ഥ ശക്തി അയാളുടെ അതിമാനുഷികതയിൽ നിന്നല്ല, മറിച്ച് അവന്റെ അതിമാനുഷികമായ മാനുഷികതയിലാണ് എന്ന് ഈ സംഭവം പ്രഖ്യാപിച്ചു. സ്വയം ഒരു സാധാരണ മനുഷ്യനായി അവതരിപ്പിച്ചുകൊണ്ട്, അധികാരത്തിനും ഭയത്തിനുമിടയിലുള്ള അകലത്തെ അദ്ദേഹം പൂർണ്ണമായി തകർത്തെറിഞ്ഞു. ഈ കാഴ്ചപ്പാടാണ് ആധുനിക നേതൃത്വ സിദ്ധാന്തങ്ങളുടെ പോലും അടിത്തറ.
പ്രവാചകൻ മുന്നോട്ടുവച്ച ഇസ്‌ലാമിന്റെ സന്ദേശം ഒരു തത്ത്വശാസ്ത്രപരമായ വിപ്ലവമായി മാത്രം ഒതുങ്ങിയില്ല; അത് മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് തുടങ്ങി സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടനകളുടെ മുകളിൽവരെ എത്തിയ ഒരു സംവിധാനപരവും സാംസ്കാരികവുമായ മാറ്റത്തിന്റെ ഉഗ്രപ്രഹരമായിരുന്നു. തൗഹീദ് എന്ന ആശയം, ദൈവികമായ ഏകത്വത്തെക്കുറിച്ചുള്ള ഒരു സങ്കല്പം മാത്രമല്ല, മനുഷ്യന്റെ സ്വതന്ത്ര ചിന്തയുടെയും സമൂഹത്തിലെ ന്യായവും സമത്വവുമായ ഘടനയുടെയും ഉരുക്കുമതിലുകളാണ്. ഇതാണ് പ്രവാചക സന്ദേശത്തിന്റെ ശാശ്വതമായ ശക്തിയും കാലാതീതമായ പ്രസക്തിയും.
അതെ! മരുഭൂമികളുടെ മുകളിൽനിന്ന് അപ്രശസ്തരും അധർമ്മരുമായി കഴിഞ്ഞിരുന്ന ഒരു ജനതയെ പെട്ടെന്ന് എഴുന്നേറ്റുവന്ന് ലോകത്തിന് മുമ്പിൽ മാതൃകാസമൂഹമാക്കുകയും, ലോകത്തിലെ വിശ്വോത്തരന്മാർക്കും പ്രബലന്മാർക്കും എതിരെ വിജയം വരിക്കുകകയും, ലോകചരിത്രങ്ങൾ തന്നെ മാറ്റിയെഴുതിയ ജനത; ആ ജനതയുടെ നായകൻ, ഭൂമിയിലെ മാണിക്യം… ഇതാണ് എന്റെ പ്രവാചകൻ. ‘സല്ലല്ലാഹു അലൈഹി വസല്ലം…’

മാഷാ അല്ലാഹ്
വളരെ നല്ല നിലയിൽ
നബി (സ ) തങ്ങളുടെ മഹത്വം എലാവർക്കും മനസിലാകുന്ന ഭാഷയിൽ വിവരിച്ച സഹോദരൻ നിസാറിന് എല്ലാ ഭാവുകങ്ങളും
അല്ലാഹു സ്വീകരിക്കട്ടെ
🤲🏻
👍🏻
ഇനിയും നല്ല രീതിയിൽ🤝
ഇസ്ലാമിനെ സോഷ്യൽ മീഡിയയിൽ കൂടി
ഇസ്ലാമിക പ്രബോധനം നിർവഹിക്കാൻ
അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻമാഷാ അല്ലാഹ്
വളരെ നല്ല നിലയിൽ
നബി (സ ) തങ്ങളുടെ മഹത്വം എലാവർക്കും മനസിലാകുന്ന ഭാഷയിൽ വിവരിച്ച സഹോദരൻ നിസാറിന് എല്ലാ ഭാവുകങ്ങളും
അല്ലാഹു സ്വീകരിക്കട്ടെ
ആമീൻ 🤲🏻
ഈ ലേഖനം ഒരു മതത്തിന്റെ അതിരുകൾ കടന്ന് എല്ലാ മനുഷ്യരെയും ബാധിക്കുന്ന ആഴമേറിയ സത്യങ്ങളെ തൊടാനായി എന്നതാണ്.
എങ്ങനെ ഒരു ആശയം സമൂഹത്തിന്റെ ഏറ്റവും അടിഭാഗത്ത് നിന്നുയർന്ന് ഒരു വിപ്ലവം സൃഷ്ടിക്കും എന്നാണ്. അധികാരവും പ്രതിഷ്ഠയുമുള്ളവർക്ക് പകരം, ജീവിതത്തിന്റെ കഠിന reality അനുഭവിക്കുന്ന സാധാരണക്കാർ ആണ് ആദ്യം ഈ സത്യം മനസ്സിലാക്കിയത് എന്നതിൽ ഒരു വലിയ സത്യം ഉണ്ട്. അവർക്കാണ് യഥാർത്ഥത്തിൽ ‘എന്താണ് നീതി’ എന്നറിയാൻ കഴിയുക.
ബിലാലിന്റെയും സാലിമിന്റെയും കഥകൾ വായിക്കുമ്പോൾ, ഒരു വ്യക്തിയുടെ യോഗ്യത അവന്റെ ജനനത്തിലല്ല, ചാരിത്യത്തിലാണ് എന്ന സാധാരണ സത്യം എന്റെ മനസ്സിൽ ഉറച്ചു. പ്രവാചകന്റെ ലളിതമായ ജീവിതം, അഹങ്കാരമറ്റ നേതൃത്വം എന്നിവ നേതൃത്വം പറയുന്നത് എന്താണെന്ന് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
അടിസ്ഥാനപരമായിഈ ലേഖനം മതത്തെക്കുറിച്ചല്ല, മനുഷ്യത്വത്തെക്കുറിച്ചാണ്. സ്വാതന്ത്ര്യം, സമത്വം, ആത്മീയ ശക്തി, മനുഷ്യന്റെ അന്തർബലം എന്നിവയെക്കുറിച്ചുള്ള ഒരു powerful ഓർമ്മക്കുറിപ്പാണിത്. അതാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.”
ലേഖനം എഴുതിയ നിസാർ വിരിപ്പാക്കിൽക്ക് ഒരു പ്രത്യേക സ്ഥാനം. ഇത്രയും ആഴമുള്ള ഒരു വിഷയം ഇത്ര ലളിതമായും വ്യക്തമായും ആളുകളുടെ മനസ്സിൽ എത്തിക്കാൻ കഴിയുന്ന എഴുത്തുകാരൻ ആണ്. അദ്ദേഹത്തിന്റെ എഴുത്ത് ശക്തി ശരിക്കും അഭിനന്ദനീയമാണ്.
വളരെ ചിന്താപ്രചോദനമായ ഒരു ഒ എഴുത്തുതന്നെ അഭിനന്ദനങ്ങൾ