പ്രവാചകചര്യ: തെറ്റുപറ്റാത്ത മാര്‍ഗദര്‍ശനം

//പ്രവാചകചര്യ: തെറ്റുപറ്റാത്ത മാര്‍ഗദര്‍ശനം
//പ്രവാചകചര്യ: തെറ്റുപറ്റാത്ത മാര്‍ഗദര്‍ശനം
ഖുർആൻ / ഹദീഥ്‌ പഠനം

പ്രവാചകചര്യ: തെറ്റുപറ്റാത്ത മാര്‍ഗദര്‍ശനം

Print Now

ദൈവിക ബോധനങ്ങളെ മാര്‍ഗദര്‍ശനമായി സ്വീകരിക്കുന്നതില്‍ പരാജയം സംഭവിച്ചതാണ് മാനുഷ സമൂഹത്തിന്റെ തകര്‍ച്ചക്ക് നിദാന മായിട്ടുള്ളത്. ലോകത്ത് കഴിഞ്ഞുപോയ ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ചരിത്രം ഈ വിഷയത്തില്‍ നമുക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ദൈവിക ബോധനങ്ങള്‍ക്ക് പ്രായോഗികമാക്കാന്‍ കഴിയാത്ത കാര്യങ്ങളെ മറികടക്കുവാന്‍ തങ്ങളുടെ ചിന്തക ള്‍ക്കും ആശയങ്ങള്‍ക്കും സാധിക്കുമെന്ന തെറ്റായ വിശ്വാസത്തിന്റെ ഉടമകളുടെ നേതൃത്വത്തില്‍ തന്നെ അവയുടെ തകര്‍ച്ച സംഭവിച്ചത് ചിന്തിക്കുന്നവര്‍ക്ക് ഒരു വലിയ ദൃഷ്ടാന്തമാണ്.

ഓരോ കാലഘട്ടങ്ങളിലെയും ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ലഭിച്ചിരുന്നത് ആ കാലഘട്ടങ്ങളില്‍ നിയുക്തരായ പ്രവാചകന്‍മാരിലൂടെയായി രുന്നു. പ്രവാചകന്‍മാര്‍ അവര്‍ക്ക് ലഭിച്ച ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുമായി ഇടപെടുകയും അവര്‍ക്കിടയില്‍ നന്‍മ നടപ്പിലാക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്തു. തദടിസിഥാനത്തില്‍ തന്നെ മാതൃകാപരമായ സമൂഹത്തെ പടുത്തുയര്‍ത്താന്‍ അതിലൂടെ അവര്‍ക്ക് സാധിച്ചു.

മരണാനന്തര ജീവിതത്തിലെ സ്വര്‍ഗപ്രവേശനത്തിന് പ്രാപ്തമാകുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ ചെയ്യുന്നത്. ഗവേഷണ പരീക്ഷണങ്ങളിലൂടെ മാനവരാശിക്ക് നേടിയെടുക്കാന്‍ കഴിയാത്ത മൂല്യവത്തായ വിജ്ഞാനമാണ് അതില്‍ അനാവ രണം ചെയ്യപ്പെട്ടിട്ടുള്ളത്. അവ കണ്ടെത്താനും സ്വീകരിക്കാനുംസാധിക്കുമ്പോഴാണ് സ്വര്‍ഗ പ്രവേശം സുസാധ്യമാകുന്നത്.

ഖുര്‍ആനും അതിന്റെ പ്രായോഗിക വിശദീകരണമായ സുന്നത്തുമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍. ധാര്‍മിക ജീവിതത്തിന് നാം അവലംഭി ക്കേണ്ടത് ഇവ രണ്ടുമാണ്. ഖുര്‍ആന്‍ ലോകാവസാനംവരെ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നതും ഏതൊരാള്‍ക്കും ദൈവികമാണെന്ന് മന സ്സിലാക്കുവാന്‍ സാധിക്കുന്നതുമായ ഒന്നാണ്. സുന്നത്താകട്ടെ, പ്രവാചകന്‍ (സ)യുടെ ജീവിതമാണ്. ദൈവിക ബോധനത്തിന്റെ അടിസ്ഥാന ത്തില്‍ ആര്‍ക്കും പരിശോധിക്കുവാന്‍ സാധിക്കുംവിധം അല്ലാഹുവിനു മുമ്പില്‍ സമര്‍പിച്ച ജീവിതം. മനുഷ്യര്‍ക്കിടയിലെ അഭിപ്രായ     വ്യത്യാസങ്ങള്‍ക്കുള്ള പരിഹാരമായി അല്ലാഹു നിര്‍ദ്ദേശിക്കുന്നതും അതു തന്നെയാണ്. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനു സരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല ര്യവസാനമുള്ളതും.” (ഖുര്‍ആന്‍ 4:59)

എന്താണ് സുന്നത്ത്?

വഴി, മാര്‍ഗം, നടപടി ക്രമം എന്നതെല്ലാം സുന്നത്തിന് അര്‍ഥമായി ഭാഷയില്‍ ഉപയോഗിക്കുന്നതാണ്. അതിനു സൂചനയായി വിശുദ്ധ ഖുര്‍ആനിലും ഹദീഥുകളിലും വന്ന ചില വചനങ്ങള്‍ കാണുക.

‘നിനക്ക് മുമ്പ് നാം അയച്ച നമ്മുടെ ദൂതന്‍മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ. നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല’. (ഖുര്‍ആന്‍ 17:77)

‘പൂര്‍വികന്‍മാരില്‍ (ദൈവത്തിന്റെ) നടപടി നടന്ന് കഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല’. (ഖുര്‍ആന്‍ 15:13)

‘തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായത് പൂര്‍വികന്‍മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം. അല്ലെങ്കില്‍ അവര്‍ക്ക് നേരിട്ട് ശിക്ഷ വരണം എന്ന അവരുടെ നിലപാട് മാത്രമാകുന്നു’.(ഖുര്‍ആന്‍ 18:55)

പ്രവാചകന്‍ (സ) പറഞ്ഞു നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ മാര്‍ഗത്തെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റുക തന്നെ ചെയ്യും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ വരെ, നിങ്ങളും അതില്‍ പ്രവേശിക്കും…..(ബുഖാരി, മുസ്‌ലിം )

ആരെങ്കിലും ഒരു നല്ല ചര്യ നടപ്പിലാക്കിയാല്‍ അവന് അതിന്റെ പ്രതിഫലവും ഖിയാമത്ത് നാളുവരെ അതുപ്രകാരം പ്രവര്‍ത്തിച്ചവരുടെ പ്രതിഫലവും (അവര്‍ക്ക് കുറയാതെ തന്നെ) ഉണ്ടായിരിക്കും. ഒരു മോശമായ ചര്യ നടപ്പിലാക്കിയാല്‍ അവന് അതിന്റെ കുറ്റവും ഖിയാമംനാള്‍ വരെ അതുപ്രകാരം പ്രവര്‍ത്തിച്ചവരുടെ കുറ്റവും ഉണ്ടായിരിക്കും (മുസ്‌ലിം) അഥവാ നല്ലതോ ചീത്തയോ ആയ മാര്‍ഗത്തിന് ഭാഷയില്‍ സുന്നത്ത് എന്ന് പറയുമെന്നര്‍ത്തം.

നബി (സ) യുടെ വാക്ക് ,പ്രവര്‍ത്തി, മൗനാനുവാദം, പ്രവാചക (സ) യെ കുറിച്ച വിശേഷണം , ജീവിതചര്യ എന്നിവയാണ് ഹദീഥ് പണ്ഡിതന്‍മാരുടെ അടുക്കല്‍ സങ്കേതികമായി സുന്നത്ത്. കര്‍മശാസ്ത്ര വിചക്ഷണര്‍ നബി (സ) യുടെ വാക്ക്,പ്രവര്‍ത്തി , സ്ഥിരീകരണം എന്നിവക്കാണ് സാങ്കേതികമായി സുന്നത്ത് എന്ന് പറയുന്നത്.

വാക്കുകള്‍

നബി (സ) യുടെ പ്രസ്താവങ്ങള്‍, വിഷയ വിശദീകരണങ്ങള്‍ കല്‍പനകള്‍ നിരോധനങ്ങള്‍, ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍, സംഭവ വിവര ങ്ങള്‍, പ്രസംഗം, മുന്നറിയിപ്പുകള്‍ തുടങ്ങി നബി (സ) പറഞ്ഞ കാര്യങ്ങളാണ് വാചികമായ സുന്നത്ത്. ഉദാഹരണം ഉമറുബ്‌നുല്‍ ഖത്താബ് (റ) മിമ്പറില്‍ വെച്ച് ഇങ്ങനെ പറഞ്ഞു: റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു, തീര്‍ച്ചയായും കര്‍മങ്ങള്‍ പരിഗണിക്കപ്പെടുന്നത്. നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ്. (ബുഖാരി)

പ്രവൃത്തികള്‍

അനുഷ്ഠാന മുറകള്‍, സാമ്പത്തിക ഇടപാടുകള്‍, രാഷ്ട്രീയ നടപടികള്‍, പരസ്പര ബന്ധങ്ങള്‍ , യുദ്ധം, സന്ധി, വിവാഹം കുടുംബ ബന്ധങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നബി (സ) യുടെ ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളുമാണ് ഈ ഇനത്തില്‍ വരുന്നത്. നമസ്‌കാരം അതിനൊരു ഉദാഹരണമാണ്. നമസ്‌ക്കാരത്തിലെ ഓരോ ഭാഗങ്ങളും എപ്രകാരമായിരിക്കണമെന്ന് നബി (സ) പഠിപ്പിക്കുകയുണ്ടായി. എന്നിട്ടദ്ദേഹം പറഞ്ഞത്. ‘ഞാന്‍ എപ്രകാരം നമസ്‌ക്കരിക്കുന്നത് നിങ്ങള്‍ കണ്ടുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക'(ബുഖാരി) എന്നാണ്. നോമ്പും ഹജ്ജും അതുപോലുള്ള മറ്റു കര്‍മങ്ങളും നിര്‍വഹിക്കേണ്ടത് നബി(സ) യുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാതൃകയുള്‍ക്കൊണ്ടാണ്.

സ്ഥിരീകരണങ്ങള്‍

പ്രവാചക സന്നിധിയിലോ അഭാവത്തിലോ സ്വഹാബികളാരെങ്കിലും ചെയ്ത ഒരു കാര്യത്തെ കുറിച്ച് നബി (സ) വിസമ്മതമൊന്നും പ്രകടിപ്പിക്കാതെ മൗനം ദീക്ഷിക്കുകയോ സമ്മതമോ സംതൃപ്തിയോ പ്രകടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണ് സ്ഥിരീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം ബനൂ ഖുറൈദയുമായുണ്ടായ യുദ്ധത്തിന്റെ സമയത്ത് നബി(സ) സ്വഹാബി കളോട് പറഞ്ഞു: നിങ്ങള്‍ ബനൂ ഖുറൈദയിലെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്. അതില്‍ നിന്ന് ചിലര്‍ മനസ്സിലാക്കിയത് അതിന്റെ ബാഹ്യാര്‍ഥമായിരുന്നു. അതു കൊണ്ടു തന്നെ അവര്‍ സുര്യാസ്തമയം സംഭവിച്ചിട്ടും അവിടെ എത്തിയ ശേഷമേ അസ്വര്‍ നമസ്‌ക്ക രിച്ചുള്ളൂ. എന്നാല്‍ മറ്റു ചിലര്‍ മനസ്സിലാക്കിയത് നബി(സ) അതു കൊണ്ടുദ്ദേശിച്ചത് വേഗത്തില്‍ എത്തലാണെന്നും അതിനാല്‍ വഴിമധ്യേ അസ്വര്‍ നമസ്‌ക്കരിക്കുന്നത് കൊണ്ട് വിരോധമില്ലെന്നുമാണ്. അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. നബി (സ) ഇതറിഞ്ഞപ്പോള്‍ അവരില്‍ ആരോടെങ്കിലും താക്കീതു ചെയ്യുന്നതിനു പകരം അത് മൗനമായി അംഗീകരിക്കുകയായിരുന്നു.

നബിവ്യക്തിത്വം

നബി (സ) യുടെ സ്വഭാവ വൈശിഷ്ട്യങ്ങളെ കുറിച്ച വചനങ്ങളും ഹദീഥുകളില്‍ നമുക്ക് കാണാന്‍ കഴിയും. ആയിശ (റ) പറയുന്നു. നബി (സ) യാതൊന്നിനെയും ഭാര്യമാരെയോ ഭൃത്യനെയോ പോലും കൈകൊണ്ട് പ്രഹരിച്ചിട്ടേയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ സമരത്തിലല്ലാതെ മറ്റൊരാളില്‍ നിന്ന് വല്ല ഉപദ്രവും അദ്ദേഹത്തിന് ഏല്‍ക്കുകയും അക്കാരണത്താല്‍ അദ്ദേഹം പ്രതികാരം ചെയ്യുകയും ഉണ്ടായിട്ടില്ല. എന്നാല്‍ അല്ലാഹു പവിത്രമാക്കിയതില്‍ നിന്ന് വല്ലതും പിച്ചിച്ചീന്തപ്പെട്ടാല്‍ അല്ലാഹുവിനു വേണ്ടി അദ്ദേഹം പ്രതികാരം ചെയ്യും. (മുസ്‌ലിം)

അദ്ദേഹം (മുഹമ്മദ് നബി (സ) തന്റെ വീട്ടുകാരോടൊപ്പം വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും നമസ്‌ക്കാര സമയമായാല്‍ നമസ്‌ക്കരിക്കാന്‍ പോവുകയും ചെയ്യും. (ബുഖാരി)

‘മുഹമ്മദ് നബി (സ) മനുഷ്യരില്‍ ഒരാളായി (സാധാരണക്കാരനായി) തന്നെ  കഴിഞ്ഞു. തന്റെ വസ്ത്രം തുന്നുക, ആടിനെ കറക്കുക, തന്റെ ആവശ്യങ്ങള്‍ തനിയെ നിര്‍വ്വഹിക്കുക എന്നതെല്ലാം അദ്ദേഹം ചെയ്തിരുന്നു.’ (ശമാഇലു തുര്‍മുദി)

ആയിശ (റ) പറയുന്നു. ഒരിക്കല്‍ ഒരു പെരുന്നാളിന്റെ ദിവസം എത്യോപ്യക്കാരനായ ഒരു സംഘം ആളുകള്‍ മദീന പള്ളിയില്‍ ആയു ധാഭ്യാസ പ്രകടനം നടത്തുകയുണ്ടായി. അന്നേരം പ്രവാചകന്‍ (സ) എന്നോട് ചോദിച്ചു. ആയിശാ നിനക്കിത് കാണണോ? ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ പിന്നില്‍ നിര്‍ത്തി. അദ്ദേഹം തന്റെ ചുമല്‍ താഴ്ത്തി എനിക്ക് കാണാന്‍ അവസരമൊരിക്കുത്തന്നു. ഞാന്‍ അപ്പോള്‍ എന്റെ താടി അദ്ദേഹത്തിന്റെ ചുമലില്‍ വെച്ച് എന്റെ കവിള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചേര്‍ത്ത് വെച്ച് നിന്ന് കാണുകയുണ്ടായി. നബി (സ) അപ്പോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. ഇടക്ക് ആയിശാ മതിയായില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ധൃതികൂട്ടല്ലേ എന്ന് പറഞ്ഞു. അങ്ങനെ എനിക്ക് മടുക്കുന്നത് വരെ പ്രവാചകന്‍ (സ) അവരുടെ കളികാണാന്‍ സൗകര്യം ഒരിക്കിത്തന്നു. (ബുഖാരി, മുസ്‌ലിം)

ഖുര്‍ആനിന്റെ വിശദീകരണം

വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പെട്ടത് പ്രവാചകന്‍മാര്‍ക്കാണ്. അവരാണ് അതിലെ ഓരോകാര്യങ്ങളും ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടു ത്തത്. പ്രവാചകന്‍മാരുടെ വിശദീകരണങ്ങള്‍ മനസ്സിലാക്കാതെ വേദഗ്രന്ഥങ്ങള്‍ പരതുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കല്‍ സ്വാഭാവി കമാണ്. അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ മുഹമ്മദ് നബി (സ) ക്ക് അവതരിക്കപ്പെട്ടത് തന്നെ അദ്ദേഹം അത് വിശദീകരിക്കുന്ന തിനുവേണ്ടിയാണ്. അല്ലാഹു പറയുന്നത് കാണുക.

”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്.” (ഖുര്‍ആന്‍ 16:64)

”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (ഖുര്‍ആന്‍ 16:44)

വിശുദ്ധ ഖുര്‍ആനിനെ നബി(സ) സ്വന്തമായി വിശദീകരിക്കുകയല്ല. മറിച്ച് ഖുര്‍ആനിക വചനങ്ങള്‍ക്ക് അല്ലാഹു നല്‍കിയ വിശദീകര ണമെന്താണോ അത് എത്തിക്കുകയാണ് ചെയ്തത് വിശുദ്ധ ഖുര്‍ആന്‍ ധൃതിപ്പെട്ട് മന:പ്പാഠമാക്കുന്നതിനുവേണ്ടി പ്രവാചകന്‍ (സ) ശ്രമിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള സംസാരത്തില്‍ അല്ലാഹു അക്കാര്യവും ഉള്‍പ്പെടുത്തിട്ടുണ്ട്.

”നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.” (ഖുര്‍ആന്‍ 75:16-19)

ദൈവിക വചനങ്ങളില്‍ കലര്‍പ്പ് വരുത്താത്തവരാണ് പ്രവാചകന്മാര്‍ എന്നതുകൊണ്ടുതന്നെ അല്ലാഹുവിന്റെ വിശദീകരണങ്ങളെ അതു പോലെ കൈമാറുകയാണ് മുഹമ്മദ് നബി (സ) ചെയ്തത്. അദ്ദേഹത്തിന്റെ സംസാരം വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ദൈവിക വെളിപാടുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നെങ്കില്‍ ഈ ലോകത്തു വെച്ചു തന്നെ ശിക്ഷ പിടികൂടുമായിരുന്നുവെന്നും മുഹമ്മദ് നബി (സ) യെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (വിശുദ്ധ ഖുര്‍ആന്‍ 53:3,4)

”നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.” (വിശുദ്ധ ഖുര്‍ആന്‍ 69:44-47)

ഖുര്‍ആനിനെ സുന്നത്ത് വിശദീകരിക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്. അവ താഴെ കൊടുക്കുന്നു.

 1. ഖുര്‍ആനില്‍ സംഗ്രഹിച്ചതിന് വിശദീകരണം നല്‍കുക.

വിശുദ്ധ ഖുര്‍ആനില്‍ സംക്ഷിപ്തമായി വന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വിശേഷിച്ചും ആരാധനാ കര്‍മങ്ങളുടെ വിഷയത്തില്‍. അവക്ക് സുന്നത്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. ഉദാഹരണമായി നമസ്‌കാരം, നമസ്‌കാരത്തെ കുറിച്ച് ഖുര്‍ആനില്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. സുജൂദും റുകൂഉം മറ്റു കാര്യങ്ങളും ഖുര്‍ആനിലെ പ്രതിപാദ്യങ്ങളാണ്. എന്നാല്‍ അത് ഏത് രൂപത്തിലാകണമെന്നും അവക്കിടയില്‍ പ്രാര്‍ത്ഥനകള്‍ എപ്രകാരമായിരിക്കണമെന്നുമെല്ലാം വിശദീകരിച്ചത് പ്രവാചകന്‍ (സ)യാണ്. എന്നിട്ട് അദ്ദേഹം പറഞ്ഞത് ‘ഞാന്‍ നമസ്‌ക്കരിക്കുന്നത് എപ്രകാരം നിങ്ങള്‍ കണ്ടുവോ അപ്രകാരം നമസ്‌ക്കരിക്കുവിന്‍’ (ബുഖാരി) അഥവാ ഖുര്‍ആനില്‍ പറഞ്ഞ നമസ്‌ക്കാരത്തെ എങ്ങനെ നിര്‍വ്വഹിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിക്കുകയും അതു പോലെ നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെടുകയുമാണ് മുഹമ്മദ് നബി (സ) ചെയ്തത്. ഇതേ രൂപത്തില്‍ തന്നെയാണ് നോമ്പും സകാത്തും ഹജ്ജുമെല്ലാം.

 1. ഖര്‍ആനില്‍ പൊതുവായി പറഞ്ഞതിനെ പ്രത്യേകമാക്കല്‍

അനന്തരാവകാശത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ഇതിനുദാഹരണമാണ്. അല്ലാഹു പറയുന്നു. ‘നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ആണിന് രണ്ട് പെണ്ണിന്റേതിനു തുല്യമായ ഓഹരിയാണുള്ളതെന്ന്’. (ഖുര്‍ആന്‍)

അനന്തരാവകാശത്തിന്റെ പൊതു നിയമങ്ങളാണ്. ഈ സൂക്തത്തിലൂടെ അല്ലാഹു വിശദീകരിച്ചത്. ഈ വചനപ്രകാരം എല്ലാ ആണ്‍-പെണ്‍ മക്കളും മാതാപിതാക്കളില്‍ നിന്നും അന്തരമെടുക്കുന്നവരാണ് എന്നാല്‍ പ്രവാചകന്‍മാരില്‍ നിന്നും അനന്തരമെടുക്കുകയില്ല (മുസ്‌ലിം) എന്നും

കൊലയാളിക്ക് അനന്തിരമില്ല (തുര്‍മുദി) എന്നുമെല്ലാം മുഹമ്മദ് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഖുര്‍ആനില്‍ അനന്തിരാവ കാശത്തെ കുറിച്ച് പൊതുവായി പറഞ്ഞു. പ്രവാചകന്‍ (സ) അത് ലഭിക്കുന്നവരും അല്ലാത്തവരും ആരാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

 1. ഖുര്‍ആന്‍ നിരുപാധികമായി പറഞ്ഞതിന് ഉപാധിവെക്കല്‍.

ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തിനു കീഴിലുള്ള ഒരു രാജ്യത്ത് ഒരാള്‍ മോഷ്ടിച്ചാല്‍ അയാളുടെ കൈ മുറിക്കണമെന്നാണ് നിയമം. ഖുര്‍ആന്‍ അക്കാര്യം വിശദീകരിക്കുന്നത് കാണുക.

”മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.” (വിശുദ്ധ ഖുര്‍ആന്‍, 5:38)

മോഷ്ടിക്കുന്നവരുടെ കൈകള്‍ മുറിച്ചു കളയുക എന്നാണ് ഈ വചനത്തില്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ വിശദീകരണം ആവശ്യമായ ഒട്ടേറെ കാര്യങ്ങളുണ്ട്. കൈ എന്നു പറഞ്ഞാല്‍ ചുമല്‍ മുതല്‍ വിരല്‍ വരെയുള്ള ഭാഗമാണ്. ഇതില്‍ എവിടെയാണ് മുറിക്കേണ്ടത്? ആരാണ് മുറിക്കേണ്ടത്? അയല്‍വാസി വീട്ടില്‍ നിന്നും വല്ലതും മോഷടിച്ചാല്‍ നമുക്ക് അയാളുടെ കൈമുറിക്കാന്‍ അവകാശമുണ്ടോ? എത്ര അളവ് മോഷടിച്ചാലാണ് മുറിക്കേണ്ടത്? ഇതിനെല്ലാം കൃത്യമായ വിശദീകരണം നല്‍കിയത് പ്രവാചകന്‍ (സ) യാണ്.

 1. ഖുര്‍ആനില്‍ വന്ന നിയമത്തെ ഹദീഥ് ശക്തിപ്പെടുത്തുന്നു.

ഖുര്‍ആനില്‍ വന്ന നിയമങ്ങളെ ശക്തിപ്പെടുത്തി കൊണ്ടുള്ള പ്രവാചക വചനങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഉദാഹരണമായി, അല്ലാഹു പറയുന്നു.

”ഹേ; ദൂതന്‍മാരേ, വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.” (ഖുര്‍ആന്‍ 23:51)

ഈ വിഷയത്തിലുള്ള മുഹമ്മദ് നബി (സ) യുടെ വിശദീകരണം അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ നമുക്ക് കാണാം. പ്രവാചകന്‍ (സ) പറഞ്ഞു. ജനങ്ങളേ, അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമല്ലാത്ത ഒന്നും തന്നെ അവന്‍ സ്വീകരിക്കുകയില്ല. അല്ലാഹു അവന്റെ പ്രവാചകന്‍മാരോട് എന്താണോ കല്‍പ്പിച്ചിട്ടുള്ളത്. അതു തന്നെയാണ് വിശ്യാസികളോടും കല്‍പ്പിച്ചുട്ടുള്ളത്. എന്നിട്ടദ്ദേഹം ഈ വചനങ്ങള്‍ പാരായണം ചെയ്തു. ”ഹേ; ദൂതന്‍മാരേ, വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കു കയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.” (ഖുര്‍ആന്‍ 23:51) ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.” (2:172) എന്നിട്ടദ്ദേഹം ഒരാളെ കുറിച്ച് പറഞ്ഞു. അയാള്‍ ദീര്‍ഘമായി യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി അയാളുടെ മുടി ജഡപിടിക്കുകയും ശരീരം പൊടിപുരളുകയും ചെയ്തിരിക്കുന്നു. ഇരു കൈകളും ആകാശത്തിലേക്കുയുര്‍ത്തി അയാള്‍ എന്റെ രക്ഷിതാവേ എന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ ഉപയോഗിച്ച ഭക്ഷണവും പാനീയവും വസ്ത്രവും നിഷിദ്ധമായതാണ്. അയാള്‍ ഹറാമില്‍ മുങ്ങിപ്പോയിട്ടുണ്ട്. പിന്നെ എങ്ങിനെയാണ് അയാള്‍ക്ക് ഉത്തരം ലഭിക്കുന്നത്? (മുസ്‌ലിം)
ഖുര്‍ആന്‍ നല്ലതാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ അതിനെ ശക്തിപ്പെടുത്തിക്കൊണ്ട് നിഷിദ്ധമായത് ഉപയോഗിച്ചാലുള്ള അപകടം പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു.

ഹിക്മതിന്റെ പൊരുള്‍

സുന്നത്തിന്റെ പ്രാമാണികതയെ സ്ഥാപിക്കുന്ന മറ്റൊന്നാണ് ഖുര്‍ആനിലെ ഹിക്മത്ത് എന്ന പ്രയോഗം. ഖുര്‍ആനിന്റെ പല ഭാഗങ്ങളായി ആവര്‍ത്തിച്ചുവന്ന ഹിക്മത്ത് പദത്തിന് വ്യത്യസ്ഥ അര്‍ഥമാണുള്ളത്. ചില ഉദാഹരണങ്ങളില്‍ നിന്നും നമുക്കത് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.

”താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.” (ഖുര്‍ആന്‍, 2:269)

”ലുഖ്മാന്‍ നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.” (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.) (ഖുര്‍ആന്‍, 31:12)

”യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.” (ഖുര്‍ആന്‍, 16:125)

കിതാബ് എന്ന പദത്തിനോട് ചേര്‍ന്ന് ഹിക്മത്ത് എന്ന പദവും ധാരാളമായി ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

”നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരികയും, നിങ്ങളെ സംസ്‌കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.” (ഖുര്‍ആന്‍, 2:151)

”ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.” (ഖുര്‍ആന്‍, 2:129)

”നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.” (ഖുര്‍ആന്‍, 4:113)

”നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുങ്കില്‍ നിങ്ങളവരെ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച് തന്നെ പിരിച്ചയക്കുകയോ ആണ് വേണ്ടത്. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.” (ഖുര്‍ആന്‍ 2:231)
ഇവിടെയെല്ലാം കിതാബ് എന്ന പദത്തിന്റെ കൂടെ വന്ന ഹിക്മത്ത് കൊണ്ട് ഖുര്‍ആനല്ലാതെ നബി (സ) ക്ക് ലഭിച്ച വഹ്‌യാണ് ഉദ്ദേശിക്കുന്നത്. അഥവാ സുന്നത്ത്. ഇമാം ശാഫി (റ)യെപ്പോലുള്ളവര്‍ അത് വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രവാചകന്‍ (സ)യെ അനുസരിക്കുക

അല്ലാഹുവിനെ അനുസരിക്കുവാന്‍ ബാധ്യസ്ഥനായ ഒരാള്‍ പ്രവാചകന്‍ (സ)യെ അനുസരിക്കലും പിന്‍തുടരലും നിര്‍ബന്ധമാണ്. പ്രവാചക ചര്യയോട് വിമുഖത കാണിക്കുന്ന ഒരാള്‍ക്ക് സ്വര്‍ഗപ്രവേശം അസാധ്യമാണെന്നാണ് വിശുദ്ധഖുര്‍ആന്‍ പറയുന്നത്.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്ക ളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (4:59)

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീ ക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (33:36)

(നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹി ക്കുകയും നിങ്ങളുടെ പാപങ്ങള്‍പൊ റുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (3:31)

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല. (4:65)

പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (7:158)

ചുരുക്കത്തില്‍ ഖുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അംഗീകരിക്കുന്ന ഒരാള്‍ക്ക് സുന്നത്തിനെ നിഷേധിക്കുവാന്‍ സാധ്യമല്ല. പ്രവാചകന്‍(സ) പഠിപ്പിക്കുന്ന കാര്യങ്ങളോട് അതെത്ര വലുതാണെങ്കിലും അല്ലെങ്കിലും അനുസരണക്കേട് കാണിക്കാതിരിക്കലാണ് വിശ്വാസികള്‍ക്ക് അഭികാമ്യം. അല്ലാഹു പറയുന്നു. ‘തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’ (ഖുര്‍ആന്‍, 4:115)

1 Comment

 • Assalamu alaikum
  Quran avatharanam
  Vahy Vanna reethikal
  Athiley numeric miracles
  And Hadith shasthreeyatha
  Athintey crodeekarana reethi inganey ulpeduthiyulla Oru cheru ariv vaayikkan ishtappedunnu

  Zakariya 14.03.2019

Leave a comment

Your email address will not be published.

11 + twenty =