പ്രണയവും ഇസ്‌ലാമും

//പ്രണയവും ഇസ്‌ലാമും
//പ്രണയവും ഇസ്‌ലാമും
ആനുകാലികം

പ്രണയവും ഇസ്‌ലാമും

നുഷ്യന്റെ ശക്തമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം. സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമാണത്. എന്താണ് പ്രണയം എന്നതിന് ശാസ്ത്രത്തിന് ഇന്ന് ഉത്തരമുണ്ട്. പ്രണയം ജീവശാസ്ത്രപരമായും രസതന്ത്രപരമായും ഒക്കെ നിർവചിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിനു മൂന്ന് ഘട്ടങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ‘lust’, ‘attraction’, ‘attachment’ എന്നിവയാണവ.

ഒരാൺകുട്ടിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുമ്പോൾ യഥാർത്ഥത്തിൽ അവിടെ ലൈംഗികമായ ഒരാകർഷണമാണ് നടക്കുന്നത്. അതിനെയാണ് ശാസ്ത്രം ‘lust’ എന്ന് വിളിക്കുന്നത്. ഒരു തരം ഭോഗേച്ചയാണ് lust’ എന്ന് പറയുന്നത്. ഒരാണിന് പെൺശരീരത്തിനോട് തോന്നുന്ന സ്വാഭാവികമായ താല്പര്യം. അത് കൊണ്ട് തന്നെ പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആണ് lust ഘട്ടത്തിലും ആൺ ശരീരത്തിലും ഇതിന്റെ പങ്ക് നിർവഹിക്കുന്നത്. ഈ ഘട്ടം ആരംഭിക്കുന്നതോട് കൂടി അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നാഗ്രഹം അവനിൽ രൂപപ്പെടും. അതിനു വേണ്ടിയുള്ള പ്രയത്നമാവും പിന്നീട് അവനിൽ നിന്നുണ്ടാവുക. അങ്ങനെയാണ് പുറകെ നടക്കലും പഞ്ചാര വാക്കുകളും ഒക്കെ ഉണ്ടാകുന്നത്. മനഃശാസ്ത്രപരമായി ഇതൊരു അഭിനയമാണ്. യഥാർത്ഥത്തിൽ പ്രണയം ഉണ്ടായിട്ടില്ലെങ്കിലും പ്രണയം നടിച്ചു കൊണ്ട് അവളെ ആകർഷിക്കാൻ നടത്തുന്ന ഒരു തരം അഭിനയം. ആ ‘ആത്മാർത്ഥത’ പെൺകുട്ടി തിരിച്ചറിയുമ്പോഴാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ശാസ്ത്രം അതിനെ attraction എന്ന് വിളിക്കുന്നു.

അട്രാക്ഷൻ ഘട്ടത്തിൽ കമിതാക്കൾ ഇരുവരും പ്രണയത്തിന്റെ മൂർധന്യാവസ്ഥയിൽ ആയിരിക്കും. ഈ ഘട്ടത്തിൽ സ്ത്രീ പുരുഷ ശരീരത്തിൽ ഒരു ഹോർമോൺ ധാരാളമായി ഉല്പാദിപ്പിക്കപ്പെടും. അതിന്റെ പേരാണ് ഡോപമിൻ! ഡോപമിൻ അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നതോട് കൂടി കാമിതാക്കളിൽ ഉത്സാഹം കൂടും ഭക്ഷണത്തോടും ഉറക്കിനോടും ഒക്കെയുള്ള താല്പര്യം കുറയും. അവരുടെ ശ്രദ്ധ മുഴുവൻ തന്റെ കാമുകനിലേക്ക് അല്ലെങ്കിൽ കാമുകിയിലേക്ക് കേന്ദ്രീകരിക്കപ്പെടും. അവരിൽ ഒരു തരം അന്ധത രൂപപ്പെടും. അവരുടെ കുറ്റങ്ങൾ കാണാൻ അവർക്ക് സാധിക്കാതെ വരും. നന്മകളാണെങ്കിൽ വലുതായി കാണുകയും ചെയ്യും. അത് കൊണ്ടാണ് തന്റെ കാമുകനെയോ കാമുകിയെയോ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർ ക്ഷുഭിതരാവുന്നത്. അത് കൊണ്ട് തന്നെയാണ് വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് തന്നെക്കാളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെ തട്ടിൽ നിൽക്കുന്ന കാമുകന്മാരുണ്ടാകുന്നത്. ഇതേ ഡോപമിൻ തന്നെയാണ് മാതാപിതാക്കളെ ധിക്കരിക്കാനുള്ള ധൈര്യവും ഇവർക്ക് നൽകുന്നത്. അവസാനം ഈ ഹോർമോൺ വ്യതിയാനങ്ങൾ ഒരുമിച്ചു ജീവിക്കാൻ ഉള്ള അവരുടെ ആഗ്രഹങ്ങൾക്ക് ചിറകു മുളപ്പിക്കും. ഒരുമിച്ചു ജീവിക്കണം കുടുംബമുണ്ടാകണം കുട്ടികളുണ്ടാകണം എന്നീ ചിന്തകൾ അവരിൽ ശക്തമാകും. സ്വാഭാവികമായും പ്രണയത്തിന്റെ അടുത്ത ഘട്ടമായ attachment ലേക്ക് അതവരെ കൊണ്ടെത്തിക്കും.

അറ്റാച്ച്മെന്റ് എന്നത് ചുരുക്കി പറഞ്ഞാൽ പ്രണയബദ്ധരായ സ്ത്രീയും പുരുഷനും കിടപ്പറ പങ്കിടുന്നത് മുതലാണ് ആരംഭിക്കുക. ഈ ഘട്ടത്തിൽ ഡോപമിന്റെ അളവ് ക്രമാതീതമായി കുറയും. ഓക്സിടോസിൻ, വാസോപ്രെസിൻ തുടങ്ങിയ ഹോർമോണുകൾ ആണ് പിന്നീട് അവരിൽ ഉല്പാദിപ്പിക്കപ്പെടുക. അതവരെ പ്രത്യുല്പാദനത്തിനും മക്കളുമായുള്ള സ്നേഹബന്ധത്തിനുമെല്ലാം സഹായിക്കും. ഡോപമിന്റെ അളവ് കുറയുന്നതോട് കൂടി നേരത്തെ പറഞ്ഞ അന്ധത അവരിൽ നിന്നകലും. അത് വരെ തന്റെ പ്രണയിനിയുടെ നന്മകൾ പർവതീകരിച്ചു കണ്ടിരുന്ന അവരുടെ കണ്ണും മനസ്സും അവരുടെ കുറ്റങ്ങൾ കൂടി കാണാനും അറിയാനും തുടങ്ങും. ഇവിടെയാണ് ‘ക്ലാഷ്’ ആരംഭിക്കുക എന്നാണ് ശാസ്ത്രം പറയുന്നത്. അത് കൊണ്ടാണ് വിവാഹത്തിന് മുൻപ് തീവ്ര പ്രണയത്തിൽ ആയിരുന്നവരിൽ വിവാഹത്തിനുശേഷം പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്!

പ്രണയത്തെ ശാസ്ത്രീയമായി വിലയിരുത്തുകയാണ് നാം ഇത് വരെ ചെയ്തത്. ഇനി ഇസ്‌ലാമിലേക്ക് വരാം. സ്വന്തം ഇച്ഛകളെ സർവശക്തനായ സ്രഷ്ടാവിൽ സമർപ്പിച്ചു ജീവിക്കുന്നവരാണ് ഇസ്‌ലാം അനുധാവനം ചെയ്തു ജീവിക്കുന്ന മുസ്‌ലിംകൾ. ഈ ലോകത്തിനു ഒരു സ്രഷ്ടാവുണ്ടെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. വെള്ളവും വായുവും നൽകികൊണ്ട് ഈ ഭൂമിയെ ജീവിത യോഗ്യമാക്കിയ പരമകാരുണികനായ ഒരു സ്രഷ്ടാവ്. ഈ ജീവിതം കേവലം പരീക്ഷണമാണെന്നും മരണത്തിനുപ്പുറം അനശ്വരമായ ഒരു ജീവിതം വരാനുണ്ടെന്നും ദൂതന്മാർ മുഖേന അവൻ നമ്മെ പഠിപ്പിച്ചു. ആ ജീവിതത്തിൽ വിജയിക്കണമെങ്കിൽ ആ സ്രഷ്ടാവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കൽ മുസ്‌ലിംകൾക്ക് പരമപ്രധാനമാണ്. അതിനെതിരു നിൽക്കുന്ന ഏതൊരുവിധ പ്രവൃത്തിയും അത് കൊണ്ട് തന്നെ അവൻ വർജ്ജിക്കേണ്ടതാണ്!

സ്രഷ്ടാവിൽ നിന്നുള്ള മതം എന്നത് കൊണ്ട് തന്നെ ഇസ്‌ലാം ഒരു പ്രകൃതി മതമാണ്. പ്രണയം എന്ന മനുഷ്യവികാരത്തിന്‌ ഇസ്‌ലാമിൽ ഉന്നതമായ സ്ഥാനമാണുള്ളത്. പ്രണയവും സ്ത്രീപുരുഷ ലൈംഗികബന്ധവുമെല്ലാം പ്രതിഫലാർഹമായ കർമങ്ങളായിട്ടാണ് ഇസ്‌ലാം കാണുന്നത്. പരലോകമോക്ഷത്തിലേക്കുള്ള ഒരു മുസ്‌ലിമിന്റെ യാത്രയിൽ ജീവിതപങ്കാളിക്ക് പരമപ്രധാനമായ സ്ഥാനമാണുള്ളത്. അത് കൊണ്ടു തന്നെ പങ്കാളിയെ തിരഞ്ഞെടുക്കൽ ഗൗരവകരമായ ഒരു തീരുമാനമാകണം. അതൊരിക്കലും ഡോപമിന്റെ അന്ധതയിൽ ഉണ്ടാവേണ്ട ഒരു തീരുമാനമല്ല. സമചിത്തതയോടെ എടുക്കേണ്ട തീരുമാനമാണ്. അത് കൊണ്ടു തന്നെ വിവാഹപൂർവ പ്രണയവും വിവാഹേതര പ്രണയവും ഇസ്‌ലാമിൽ നിഷിദ്ധമാണ്! സമാധാന പൂർണമായ ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന അത്തരം പ്രവർത്തികൾ ഇസ്‌ലാം ശക്തമായി തന്നെ എതിർക്കുന്നു. ലൈംഗികത എന്നത് വിവാഹബന്ധത്തിനുള്ളിൽ നിന്നുകൊണ്ടാകണം എന്ന് ഇസ്‌ലാം ശക്തമായി നിഷ്കർഷിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് നിങ്ങൾക്ക് പ്രണയം തോന്നുന്നുവെങ്കിൽ വിവാഹബന്ധത്തിലൂടെ അതാസ്വദിക്കാൻ മനുഷ്യരോട് ഇസ്‌ലാം കല്പിക്കുന്നതും!

“നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌. ” [വിശുദ്ധ ഖുർആൻ 30:21]

എല്ലാം അറിയുന്ന അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവനും!

print

1 Comment

  • Good article, must read for youth.

    Hafeed 24.09.2021

Leave a comment

Your email address will not be published.