പ്രകൃതിവിരുദ്ധമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം

//പ്രകൃതിവിരുദ്ധമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം
//പ്രകൃതിവിരുദ്ധമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം
ആനുകാലികം

പ്രകൃതിവിരുദ്ധമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -8

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിലുള്ള അനാവശ്യമായ അകലം കുറയ്ക്കുകയും സ്ത്രീ-പുരുഷസമത്വത്തിന് നിമിത്തമാവുകയും ചെയ്യുമെന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനുള്ള ന്യായീകരണമായി പൊതുസമൂഹത്തെ പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത്. പുരുഷന്മാരും സ്ത്രീകളും ചെറുപ്പം മുതൽ തന്നെ പരസ്പരം മനസ്സിലാക്കിയും തിരിച്ചറിഞ്ഞുമാണോ അതല്ല ലിംഗം പോലും പരസ്പരം മനസ്സിലാക്കാതെയാണോ വളർന്നു വരേണ്ടത് എന്ന പ്രശ്നം ചർച്ച ചെയ്യുമ്പോഴാണ് ജെൻഡർ ന്യൂട്രാലിറ്റിയാണോ ജെൻഡർ ഐഡന്റിറ്റിയാണോ ആൺ-പെൺ പാരസ്പര്യത്തിനാവശ്യം എന്ന വിഷയത്തിൽ കൃത്യമായ അവബോധമുണ്ടാക്കുവാൻ കഴിയുക. ചെറുപ്പം മുതലേ എതിർലിംഗത്തിലുള്ളവരെ ഏതിർലിംഗത്തിലുള്ളവരായി തന്നെ മനസ്സിലാക്കിയും പരിഗണിച്ചും കൊണ്ട് തന്നെയാണ് വളർത്തേണ്ടത് എന്ന വീക്ഷണപ്രകാരം പരസ്പരം തിരിച്ചറിയാത്ത സ്ഥിതി സൃഷ്ടിക്കുന്നത് മനുഷ്യപ്രകൃതിക്കെതിരാണ്. ആ കാഴ്ചപ്പാടാനുസരിച്ച് പുരുഷനും സ്ത്രീയും തമ്മിൽ തിരിച്ചറിയുകയും സ്വന്തം സ്വത്വവും വ്യതിരിക്തതകളും പാരസ്പര്യവും മനസ്സിലാക്കുകയും ചെയ്തുകൊണ്ടാവണം വളർന്നു വരേണ്ടത്. അപ്പോഴാണ് അവർക്ക് വ്യക്തിത്വബോധമുണ്ടാവുകയും സമൂഹനിർമ്മിതിയിൽ അവരുടേതായ പങ്കുവഹിക്കുവാൻ കഴിയുകയും ചെയ്യുക. ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ അടിച്ചേല്പിച്ചുകൊണ്ട് അവനവന്റെ സ്വത്വവും വ്യതിരിക്തതയും മനസ്സിലാകാൻ അനുവദിക്കാതെ വളർത്തുന്നത് ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും നാഡീശാസ്ത്രത്തിനും അന്തഃസ്രാവശാസ്ത്രത്തിനുമെല്ലാം എതിരാണെന്നതാണ് സത്യം.

ഒരു ജീവിവർഗ്ഗത്തിലെ ആണും പെണ്ണും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിൽ അതിന്ന് ഏകലിംഗരൂപത്വം (sexual monomorphism) എന്നും വ്യത്യാസങ്ങളുണ്ടെങ്കിൽ അതിന് ദ്വിലിംഗരൂപത്വം (sexual dimorphism) എന്നുമാണ് പറയുക.

ഒരു ജീവിവർഗ്ഗത്തിലെ ആണും പെണ്ണും തമ്മിലുള്ള പ്രകടമായ വ്യതിരിക്തതകൾ എത്രത്തോളം അധികമാണോ അതിന് ആനുപാതികമായി അവയിലെ ആൺ-പെൺ ധർമ്മങ്ങളുടെ വ്യാത്യാസം അധികമായിരിക്കും. മനുഷ്യൻ മോണോമോർഫിക് ആണോ ഡൈമോർഫിക് ആണോ എന്നത് ചൂടുപിടിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണിന്ന്. ജെൻഡർ പൊളിറ്റിക്സിന്റെ ഭാഗമായി ഹോമോസാപിയൻ സ്പിഷീസ് മോണോമോർഫിക് ആണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. പ്രസ്തുത പഠനങ്ങളിലധികവും നമ്മുടെ വർഗ്ഗത്തിന്റെ ദ്വിലിംഗരൂപത്വമാണ് കൂടുതൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സത്യം മറച്ചുപിടിച്ചുകൊണ്ടാണ് നരവർഗം മോണോമോർഫിക് ആണെന്ന് ചില ശാസ്ത്രകാരന്മാർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം താൽപര്യസംരക്ഷണത്തിനായി സിദ്ധാന്തങ്ങൾ നിർമ്മിക്കുക; അത് ആവർത്തിച്ചുകൊണ്ടേയിരിക്കുക; പലയിടങ്ങളിലും അതേക്കുറിച്ച് സത്യമെന്ന രൂപത്തിൽ എഴുതിപ്പിടിപ്പിക്കുക; ഒരു സ്ഥലത്ത് എഴുതിയത് മറ്റൊരു സ്ഥലത്ത് തെളിവായി ഉദ്ധരിക്കുക; അങ്ങനെ ഏത് താല്പര്യങ്ങളെയും ശാസ്ത്രീയ സിദ്ധാന്തങ്ങളാക്കിത്തീർക്കുക എന്ന ജെൻഡർ പൊളിറ്റിക്സിന്റെ രീതി തന്നെയാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്.

ഹോമോസാപിയൻ എന്ന ജീവിവർഗ്ഗം മോണോമോർഫിക് ആണോ ഡൈമോർഫിക് ആണോ എന്നത് ജീവശാസ്ത്രത്തിന്റെ സാങ്കേതികത്വങ്ങളൊന്നുമില്ലാതെ ഏതൊരാൾക്കും മനസ്സിലാക്കാവുന്ന സരളമായ വിഷയമാണ്. നമ്മെളെല്ലാം ദിവസവും കാണുന്ന കാക്ക മോണോമോർഫിക് പക്ഷിയാണ്; കോഴി ഡൈമോർഫിക് പക്ഷിയാണ്. കാക്കകളെ കണ്ടാൽ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ എളുപ്പമല്ല. പൂവൻ കോഴിയെയാകട്ടെ പിടക്കോഴിയിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാൻ ഏതൊരാൾക്കും കഴിയും. വസ്ത്രങ്ങളൊന്നുമണിയാത്ത കൗമാരം കഴിഞ്ഞ മനുഷ്യരെ സങ്കൽപ്പിക്കുക. അവരെ തിരിച്ചറിയാൻ കഴിയുമോ ഇല്ലേ? കഴിയുമെന്നാണ് ഉത്തരമെങ്കിൽ ഹോമോ സാപിയൻ എന്ന ജീവിവർഗ്ഗം ഡൈമോർഫിക് ആണെന്ന് സമ്മതിക്കേണ്ടി വരും. ഒരു തുല്യതാവാദിക്കും അത് നിഷേധിക്കാനാവില്ല. അങ്ങനെയാണെങ്കിൽ, മനുഷ്യനിലെ ഈ ദ്വിലിംഗരൂപത്വത്തെ സാധൂകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതായിരിക്കും അവന്റെ ജീവശാസ്ത്രവും മനഃശാസ്ത്രവും നാഡീശാസ്ത്രവും അന്തഃസ്രാവശാസ്ത്രവുമെല്ലാമെന്ന് ഉറപ്പാണ്. ഈ ഉറപ്പ് ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന വെറും വർത്തമാനമല്ല; ഈ ശാസ്ത്രശാഖകളിലെല്ലാം നടക്കുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്ന സത്യമാണ്.

കോശങ്ങളിൽ നിന്ന് തുടങ്ങുന്ന വ്യത്യാസങ്ങൾ

ശരീരം നിർമ്മിച്ചിരിക്കുന്ന ഇഷ്ടികകളായ കോശങ്ങളിൽ നിന്നാരംഭിക്കുന്നു ലിംഗവ്യത്യാസങ്ങൾ. പെൺകോശങ്ങളും ആൺകോശങ്ങളും തമ്മിൽ പോലും വ്യത്യാസങ്ങളുണ്ട്. ആൺകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള നാല്പത്തിയാറ് ക്രോമോസോമുകളിൽ രണ്ടെണ്ണമാണ് നമ്മുടെ ലിംഗം നിർണ്ണയിക്കുന്നതെന്ന് നാം മുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. പുരുഷകോശത്തിലും സ്ത്രീകോശത്തിലും എക്സ് ക്രോമോസോമുകളുണ്ട്. സ്ത്രീകോശത്തിൽ അത് രണ്ടെണ്ണമുണ്ടെന്ന് മാത്രമേയുള്ളൂ. പുരുഷകോശത്തിന് മാത്രമുള്ള സവിശേഷതയാണ് വൈ ക്രോമോസോമുകളുടെ സാന്നിധ്യം; ഒപ്പം തന്നെ അതിൽ ഒരു എക്സ് ക്രോമോസോമുമുണ്ട്. പുരുഷകോശത്തിൽ മാത്രമുള്ള വൈ ക്രോമോസോം പൗരുഷത്തെ പൂർണ്ണമായി പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയാം. എന്നാൽ ഒരു എക്‌സിന് മാത്രമായി സ്ത്രൈണതയെ പൂർണ്ണമായി പ്രതിനിധാനം ചെയ്യാനാവില്ല. അഥവാ ഒരു കോശത്തിലുള്ള ഒരൊറ്റ വൈ ക്രോമോസോമിൽ നിന്ന് തന്നെ പുരുഷാവയവങ്ങൾ മുഴുവൻ ഉണ്ടാവുമ്പോൾ ഒരൊറ്റ എക്സ് ക്രോമോസോമിൽ നിന്ന് മാത്രമായി സ്ത്രീയുടെ അവയവങ്ങളെല്ലാം ഉണ്ടായി വരുകയില്ല.

ക്ലയ്ൻഫെൽറ്റർ അസ്വാസ്ഥ്യമുള്ളവരുടെ കോശകേന്ദ്രത്തിൽ രണ്ട് എക്സ് ക്രോമോസോമുകളോടൊപ്പം ഒരു വൈ ക്രോമോസോം മാത്രമേയുള്ളൂവെങ്കിലും അവർക്ക് എല്ലാ പുരുഷാവയവങ്ങളുമുണ്ടായിരിക്കും. ഒരു എക്സ് ക്രോമോസോം അധികമുള്ളതിനാൽ ചില സ്ത്രൈണസ്വഭാവങ്ങൾ പ്രകടമാകുമെന്നല്ലാതെ വൃഷണമടക്കമുള്ള പുരുഷാവയവങ്ങൾക്കൊന്നും യാതൊരു കുഴപ്പവുമുണ്ടാവുകയില്ല. എന്നാൽ ഒരൊറ്റ എക്സ് ക്രോമോസോം മാത്രം കോശകേന്ദ്രത്തിലുള്ള ടെർണർ അസ്വാസ്ഥ്യം അനുഭവിക്കുന്നവരുടെ സ്ഥിതിയതല്ല. അതിൽ നിന്ന് മാത്രമായി അണ്ഡാശയം ഉണ്ടായി വരുന്നില്ല. പ്രത്യുല്പാദനപരമോ ലൈംഗികമോ ആയ യാതൊരുവിധ ധർമ്മവും നിർവ്വഹിക്കാത്ത ഒരു വിടവ് മാത്രമാണ് ഫെല്ലോപിയൻ കുഴലിന് താഴെയായി അണ്ഡാശയത്തിന് പകരമായി അവർക്കുണ്ടാവുക. ആൺകോശത്തിന്റെ മാത്രം സവിശേഷതയായ വൈ ക്രോമോസോമിന് ഏത് പ്രതികൂലസാഹചര്യങ്ങളിലും എല്ലാ പുരുഷാവയങ്ങളെയും പ്രതിനിധീകരിക്കാനാവുമെങ്കിൽ പെൺകോശത്തിന്റെ സവിശേഷതയായ എക്സ് ക്രോമോസോമിന് ഒരു എക്സ് കൂടി കൂട്ടിനുണ്ടെങ്കിൽ മാത്രമേ സ്ത്രൈണാവയവങ്ങളെ പ്രതിനിധീകരിക്കാനാവൂ എന്നാണിത് വ്യക്തമാക്കുന്നതെന്ന് അമേരിക്കൻ ജേർണൽ ഓഫ് സെൽ ഫിസിയോളജിയിൽ വന്ന ഒരു സംഘം ശാസ്ത്രജ്ഞരുടെ പഠനം അഭിപ്രായപ്പെടുന്നുണ്ട്. (Kalpit Shah, Charles E. McCormack, Neil A. Bradbur: “Do you know the sex of your cells?”, American Journal of Physiology -Cell Physiology, 01..01.2014). കോശങ്ങൾക്കകത്തും ക്രോമോസോമുകൾ തമ്മിൽ പോലും ആൺ-പെൺ വ്യത്യാസങ്ങളും ചില സവിശേഷതകളുമെല്ലാം ഉണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

കോശകേന്ദ്രത്തിനകത്തുള്ള ലിംഗനിർണ്ണയ ക്രോമോസോമുകൾ മാത്രമാണ് വ്യത്യസ്തമെന്നായിരുന്നു ഈ അടുത്ത് വരെ നാം മനസ്സിലാക്കിയിരുന്നത്. അതുകൊണ്ട് തന്നെ മനുഷ്യനിലെ ലിംഗക്രോമോസോമുകൾ ഒഴിച്ചുള്ള 22 ജോഡി ക്രോമോസോമുകളെയും വിളിക്കുന്നത് സദൃശക്രോമോസോമുകൾ (autosomes) എന്നാണ്. ആണിലും പെണ്ണിലുമുള്ള ഓട്ടോസോമുകളെല്ലാം സദൃശമാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലുണ്ടായതാണ് ഈ നാമധേയം. എന്നാൽ പുതിയ ചില പഠനങ്ങൾ കാണിക്കുന്നത് ഈ ധാരണ ശരിയല്ലെന്നാണ്. ഓട്ടോസോമുകളിലും ലിംഗവ്യത്യാസത്തിനനുസരിച്ച് പലതരം ജനിതകവ്യതിരിക്തതകളുമുണ്ടെന്ന് വെളിപ്പെടുത്തുന്നവയാണ് ചില ഗവേഷണഫലങ്ങൾ. ലിംഗനിർണ്ണയ ക്രോമോസോമുകളിലെ ജീനുകളിൽ നിന്നുള്ള നിർദ്ദേശാനുസരണം ഭ്രൂണത്തിൽ നിർമ്മിക്കപ്പെടുന്ന ഹോർമോണുകളാണ് ലിംഗവ്യതിരിക്തതകൾ മുഴുവൻ സൃഷ്ടിക്കുന്നതെന്ന ഇതുവരെയുണ്ടായിരുന്ന ധാരണ തിരുത്തുന്നതാണ് ഈ പഠനങ്ങൾ. ഭ്രൂണവളർച്ചയുടെ ആറാമത്തെ ആഴ്ച്ച കഴിഞ്ഞാണ് ഹോർമോൺ പ്രവർത്തനങ്ങൾ വഴിയുള്ള ലിംഗവ്യത്യാസങ്ങൾ പ്രകടമാകുന്നതെങ്കിൽ അതിന് എത്രയോ മുമ്പ് ഭ്രൂണം ഗർഭാശയഭിത്തിയിൽ അള്ളിപ്പിടിക്കുന്നതിന് മുമ്പ് തന്നെ ഭ്രൂണകോശങ്ങൾ ലിംഗവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനാരംഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഫിലാഡൽഫിയ കാൻസർ റിസർച്ച് സെന്ററിലെ രണ്ട് ഗവേഷകരുടെ പ്രബന്ധം ‘ഫ്രോണ്ടിയേഴ്‌സ് ഇൻ സെൽ ഡെവലൊപ്മെന്റൽ ബിയോളജി’ ജേർണൽ പ്രസിദ്ധീകരിച്ചിരുന്നു. (Daniel F. Deegan, Nora Engel: “Sexual Dimorphism in the Age of Genomics: How, When, Where”, Front. Cell Dev. Biol., 06.09.2019).

വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങളുടെ ജനിതകവ്യത്യാസങ്ങളെയും അവയ്ക്ക് നിദാനമായ വിവിധങ്ങളായ ജീൻപതിപ്പുകളെയും (alleles) കുറിച്ച പഠനങ്ങളും ഓട്ടോസോമുകൾക്കും ലിംഗവ്യത്യാസമുണ്ടെന്നാണ് വ്യക്തമാക്കുന്ന ഒരു സംഘം ശാസ്ത്രജ്ഞരുടെ ഒരു ഗവേഷണപ്രബന്ധം ‘ജീൻസ് ആന്റ് ജീനോമിക്‌സ്’ ജേർണലിലും പ്രസിദ്ധീകരിച്ചിരുന്നു. Lingjun Zuo, Tong Wang, Xiandong Lin, Jijun Wang, Yunlong Tan, Xiaoping Wang, Xueqing Yu & Xingguang Luo: “Sex difference of autosomal alleles in populations of European and African descent” Genes and Genomics 01.12. 2015) മനുഷ്യസവിശേഷതകൾക്കെല്ലാം നിദാനമായ ക്രോമോസോമുകൾക്കിടയിൽ കൃത്യമായ ലിംഗവ്യത്യാസമുണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ വളർന്നു വരുന്ന അവയവങ്ങളിൽ ലിംഗവ്യത്യാസം പ്രകടവും വ്യക്തവുമാകുമെന്ന് പറയേണ്ടതില്ലല്ലോ.

ശരീരനിർമ്മിതിയിലെ വ്യത്യാസങ്ങൾ

ശരീരത്തെക്കുറിച്ച് പഠിക്കുന്നവർക്ക് അതിന്റെ നിർമ്മിതി മുതൽ തന്നെ കാണാനാവുന്നതാണ് മനുഷ്യനിലെ ഡൈമോർഫിസം. ആൺശരീരത്തിൽ കൂടുതൽ പേശികളാണുള്ളതെങ്കിൽ പെൺശരീരത്തിൽ താരതമ്യേന കൂടുതൽ കൊഴുപ്പാണുള്ളത്. പുരുഷൻ കഴിക്കുന്ന ഭക്ഷണത്തിന്റെ സിംഹഭാഗവും പേശികളായാണ് മാറുന്നത്; സ്ത്രീ കഴിക്കുന്നതാകട്ടെ, കൂടുതലും കൊഴുപ്പായിത്തീരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുരുഷനായിരിക്കും സ്ത്രീയേക്കാൾ ശരാശരി ശക്തി കൂടുതലുണ്ടാവുക. ലിപിഡുകളുടെ രൂപത്തിൽ ഊർജ്ജം ശേഖരിച്ച് വെക്കുന്ന അടിപ്പൊസ് കലകൾ പുരുഷനിൽ വയർ ഭാഗത്തും ശരീരത്തിന്റെ മുകൾഭാഗത്തും ശേഖരിക്കപ്പെടുമ്പോൾ സ്ത്രീയിൽ അത് നിതംബത്തിലും തുടയിലുമാണ്. പുരുഷന്റെയും സ്ത്രീയുടെയും ആകാരങ്ങൾ തമ്മിലുള്ള വ്യത്യാസം മാറിലും മുഖത്തിന്റെ അടിഭാഗത്തും മുട്ടുപൊക്കിളിനിടയിലുള്ള ഭാഗത്തും പ്രകടമായി കാണാൻ കഴിയും. ആണിന് പെണ്ണിനേക്കാൾ ഭാരവും നീളവും കൂടുതലാണ്. അവന്ന് അവളെക്കാൾ ശരാശരി പത്ത് ശതമാനം നീളം കൂടുതലായിരിക്കും. നിതംബവുമായി താരതമ്യം ചെയ്യുമ്പോൾ ആണിന്റെ അരക്കെട്ടിനാണ് പെണ്ണിന്റേതിനേക്കാൾ കൂടുതൽ വലിപ്പമുണ്ടാവുക. സ്ത്രീകളുടെ ചൂണ്ടുവിരലും മോതിരവിരലും ഒരേ വലിപ്പത്തിലുള്ളതോ അല്ലെങ്കിൽ ചൂണ്ടുവിരൽ അല്പം വലിപ്പക്കൂടുതലുള്ളതോ ആയിരിക്കുമെങ്കിൽ പുരുഷന്മാരുടെ മോതിരവിരലിനാണ് എപ്പോഴും വലിപ്പം അധികമുണ്ടാവുക.

ആകാരം നിർണ്ണയിക്കുന്ന അസ്ഥിവ്യവസ്ഥയെടുത്താൽ മനുഷ്യനിലെ ഡൈമോർഫിസം കൂടുതൽ പ്രകടമാകും. കൂടുതൽ ബലവത്തും സാന്ദ്രതയുള്ളതുമായ എല്ലുകളും സ്നായുക്കളും സന്ധിബന്ധങ്ങളുമുള്ളത് പുരുഷനാണ്. പെണ്ണിന്റെയും ആണിന്റെയും താടിയെല്ലുകൾ തികച്ചും വ്യത്യസ്തമാണ്. വലുപ്പവും വിസ്താരവും കൂടുതലുള്ള അവന്റെ താടിയെല്ല് കൂടുതൽ ചതുരത്തിലുമാണ്. മുന്തിനിൽക്കുന്ന നെറ്റിത്തടം ഒരു ആൺസവിശേഷതയാണ്. ആദാമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന തൊണ്ടയിലുള്ള തൈറോയിഡ് തരുണാസ്ഥിയും (thyroid cartilage) നീളക്കൂടുതലുള്ള ധ്വനിസ്നായുക്കളും (vocal cords) അവനെ ഗംഭീരമായ ശബ്ദത്തിന് ഉടമയാക്കിത്തീർക്കുന്നു. താരതമ്യേന വലിയ പല്ലുകളുള്ളത് ആണുങ്ങൾക്കാണെങ്കിലും അവരുടെ പല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഡെന്റൈനുകളെക്കൊണ്ടാണ്; പെൺപല്ലുകളിലാണ് കൂടുതൽ ഇനാമൽ ഉള്ളത്. പുരുഷന്റെയും സ്ത്രീയുടെയും അസ്ഥികൂടങ്ങൾ കണ്ടാൽ തന്നെ അവ ആരുടേതാണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. അസ്ഥിയിൽ നിന്നാരംഭിക്കുന്നു വ്യക്തമായ ഡൈമോർഫിസം എന്നാണല്ലോ ഇതിനർത്ഥം. ഇതേപോലെതന്നെയാണ് ആന്തരായവയവങ്ങളുടെ പോലും സ്ഥിതി. ശരീരരഭാരവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വലിപ്പമുള്ള ഹൃദയവും ശാസകോശവുമെല്ലാം പുരുഷന്മാർക്കാണുള്ളത്.

മസ്തിഷ്കവ്യത്യാസങ്ങൾ

ആൺ-പെൺ മസ്തിഷ്കങ്ങൾ തമ്മിൽ വലിയ വലിപ്പവ്യത്യാസമുണ്ടെന്നും അതിനാൽ പുരുഷന്മാർക്കാണ് ബുദ്ധികൂടുതൽ എന്നുമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഗവേഷണങ്ങൾ ആൺകോയ്മയിൽ അധിഷ്ഠിതമായ സാമൂഹ്യബോധമുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കിപ്പെട്ടിരുന്നുവെന്നതിനാൽ അടുത്ത കാലത്തായി മസ്തിഷ്കവ്യത്യാസങ്ങളെ നിഷേധിക്കുന്ന പ്രവണത പൊതുവെ ഉണ്ടായി വന്നിരുന്നു. എന്നാൽ പുതിയ പഠനങ്ങളും തലച്ചോറിന്റെ ദ്വിലിംഗരൂപത്വത്തെ സ്ഥിരീകരിക്കുകയാണ് നിഷേധിക്കുകയല്ല ചെയ്യുന്നത്. പുരുഷമസ്തിഷ്‌കം 10-15% വലുതും ഭാരമുള്ളതുമാണ് എന്ന് തന്നെയാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ പുരുഷശരീരത്തിന് താരതമ്യേന വലിപ്പം കൂടിയതായതിനാലാണ് മസ്തിഷ്കത്തിന്റ വലിപ്പവും ഭാരവും കൂടുതലായതെന്നും ശരീര-മസ്തിഷക അനുപാതം നോക്കിയാൽ രണ്ടു പേരുടേതും ഒന്ന് തന്നെയായിരിക്കും എന്നായിരുന്നു സമത്വസിദ്ധാന്തക്കാർ വാദിച്ചിരുന്നത്. എന്നാൽ ഒരേ വലിപ്പവും ഭാരവുമുള്ള ആണിന്റെയും പെണ്ണിന്റെയും മസ്തിഷകങ്ങൾ തമ്മിലും വ്യത്യാസം നിലനിൽക്കുന്നുണ്ട് എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. പ്രായപൂർത്തിയായവരും ഒരേ നീളവും ഭാരവുമുള്ളവരുമായ രണ്ടുപേരിൽ സ്ത്രീയുടെ മസ്തിഷ്കത്തിന് പുരുഷന്റേതിനേക്കാൾ നൂറ് ഗ്രാമെങ്കിലും കുറവായിരിക്കും.

ഗണിതക്രിയകൾക്കും സമയം അളക്കാനും വേഗത തീരുമാനിക്കുന്നതിനും മറ്റുമുള്ള ആൺമസ്തിഷ്കത്തിന്റെ ഇൻഫീരിയർ പരിയേറ്റൽ ലോബ്യൂൾ (inferior-parietal lobule) പെൺമസ്തിഷ്കത്തിന്റേതിനേക്കാൾ വലുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആൺമസ്തിഷ്കത്തിലാണ് കൂടുതൽ ഗ്രേ മാറ്ററുള്ളത്. അതേസമയം പെൺമസ്തിഷ്കത്തിൽ കൂടുതലുള്ളത് വൈറ്റ് മാറ്ററാണ്. ആൺമസ്തിഷ്കത്തിൽ 6. 5 ഇരട്ടിയോളം ഗ്രേ മാറ്ററുള്ളപ്പോൾ പെൺമസ്തിഷ്കത്തിൽ പത്തിരട്ടിയോളം വൈറ്റ് മാറ്ററുണ്ട്. വിവരങ്ങൾ അപഗ്രഥിക്കുന്ന കേന്ദ്രങ്ങളെ (information processing centers) ഗ്രേ മാറ്ററും ഈ കേന്ദ്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെ (networking of these processing centers) വൈറ്റ് മാറ്ററും പ്രതിനിധീകരിക്കുന്നു. പുരുഷന്മാർ കഠിനാധ്വാനം അനിവാര്യമാകുന്ന ജോലികളിൽ തിളങ്ങുമ്പോൾ സ്ത്രീകൾ ഭാഷയിലും ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യേണ്ട ജോലികളിലും പ്രാവീണ്യം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്.

ന്യൂറോണുകൾ തമ്മിലുള്ള ബന്ധനങ്ങളിൽ പോലും ആൺ-പെൺ വ്യത്യാസമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പെൺമസ്തിഷ്കത്തിനകത്ത് വശങ്ങൾ തമ്മിലുള്ള ബന്ധനങ്ങൾ കൂടുതൽ ശക്തമാണെങ്കിൽ ആൺമസ്തിഷ്കത്തിനകത്ത് ശക്തമായത് മുൻഭാഗവും പിൻഭാഗവും തമ്മിലുള്ള ബന്ധങ്ങളാണ്. അന്തർജ്ഞാനപരമായ ചിന്തകൾക്കും(intuitive thinking), അപഗ്രഥനത്തിനും(analyzing) കൂടുതൽ കഴിയുക പെണ്ണുങ്ങൾക്കാവുന്നതും ഉയർന്ന ഉൾക്കാഴ്ച്ച പ്രകടിപ്പിക്കാനും (heightened perception) ശക്തമായ പേശീചലനപാടവങ്ങൾക്കും (stronger motor skills) കൂടുതൽ കഴിയുക ആണുങ്ങൾക്കാവുന്നതും ഇതുകൊണ്ടാണ്. ശാരീരികചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിൽ പോലും നേരിയ തോതിലുള്ള ആൺ-പെൺ വ്യത്യാസങ്ങളുണ്ട് എന്നാണ് ഈയടുത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരേ ന്യൂറോ ട്രാൻസ്മിറ്ററുകൾ തന്നെ ആൺതലച്ചോർ നിർമ്മിക്കുന്ന രീതിയിലല്ല പെൺതലച്ചോർ നിർമ്മിക്കുന്നത്. അവയുടെ നിർമ്മാണത്തോതും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആൺമസ്തിഷ്‌കം 52% സെറാടോണിൻ അധികം ഉൽപാദിപ്പിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും കൂടുതൽ സ്ത്രീകളിലാവുന്നതിന് കാരണമിതാണ്.

ലൈംഗികതയുടെ കേന്ദ്രം വ്യത്യസ്തമാണ്

ലൈംഗികവികാരങ്ങളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗത്തിന് പ്രകടമായ ദ്വിലിംഗരൂപത്വമുണ്ട്. ഹൈപ്പോതലാമസിൽ സെക്ഷ്വലി ഡൈമോർഫിക് ന്യൂക്ലിയസ് (sexually dimorphic nucleus -SDN) എന്ന ഒരു ഭാഗം തന്നെയുണ്ട്; പേരിൽ തന്നെ ദ്വിലിംഗരൂപത്വം വഹിക്കുന്ന ഈ ന്യൂക്ലിയസ് സ്ഥിതി ചെയ്യുന്നത് മീഡിയൽ പ്രീഓപ്റ്റിക് ഏരിയ (medial preoptic area) യിലാണ്. പുരുഷനിൽ 2.2 ഇരട്ടി വലിപ്പമുള്ള ഇതിൽ സ്ത്രീകളുടേതിൽ ഉള്ളതിനേക്കാൾ 2.1 ഇരട്ടി കോശങ്ങളുണ്ടാവുമെന്നാണ് കണക്ക്. സ്ത്രീയിൽ ഇതിന്റെ ആകൃതി അല്പം നീണ്ടിട്ടാണെങ്കിൽ പുരുഷനിൽ അത് ഗോളാകൃതിയിലാണുള്ളത്. പുരുഷലൈംഗികതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മിക്കതിനെയും നിയന്ത്രിക്കുന്നത് ഈ മസ്തിഷ്കഭാഗമാണ്.

ഹൈപ്പോതലാമസിൽ തന്നെ ദ്വിലിംഗരൂപത്വം വഹിക്കുന്ന മറ്റൊരു ഭാഗം കൂടിയുണ്ട്. വെൻട്രോ മീഡിയൽ ന്യൂക്ളിയസ് (ventromedial nucleus of the hypothalamus-VMN) എന്നാണ് അതിനെ വിളിക്കുക. ആണിലും പെണ്ണിലുമുള്ള ഇതിന്റെ ഘടനകൾ വ്യത്യസ്തമാണ്. സ്ത്രീകളുടെ ലൈംഗികസ്വഭാവങ്ങളെ നിയന്ത്രിക്കുന്ന ഭാഗമാണിത്. ആൺതലച്ചോർ ലൈംഗികതയെ കാണുന്നതും പെൺതലച്ചോർ ലൈംഗികതയെ കാണുന്നതും രണ്ട് രൂപത്തിലാവുന്നത് ഈ കാഴ്ചകൾ രണ്ടും അപഗ്രഥിക്കപ്പെടുന്നത് രണ്ട് സ്ഥലങ്ങളിലായതുകൊണ്ടാണ്; മസ്തിഷ്കത്തിന്റെ രണ്ട് ഭാഗങ്ങളാണ് അവയെ നിയന്ത്രിക്കുന്നത്; രണ്ട് രൂപത്തിലാണ് അവർ അത് ആസ്വദിക്കുന്നത്; ശരീരത്തിനും മനസ്സിനും വ്യത്യസ്തങ്ങളും എന്നാൽ പരസ്പരപൂരകവുമായ ആഹ്ളാദവും അനുഭവങ്ങളുമാണ് അത് പ്രദാനം ചെയ്യുന്നത്.

വ്യതിരിക്തമായ ലൈംഗികത

സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികവ്യവസ്ഥകൾ വ്യത്യസ്തങ്ങളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. രൂപത്തിലും ഭാവത്തിലും ധർമ്മത്തിലും പ്രവർത്തനരീതിയിലുമെല്ലാം വ്യത്യസ്തമാണ് അവ. സ്ത്രീയുടെ ബാഹ്യലൈംഗികാവയവമായ യോനിയും അതിൽ നിന്നാരംഭിക്കുന്ന സെർവിക്സ് എന്ന നാളിയും അത് അവസാനിക്കുന്ന ഗർഭാശയവും അതിന് രണ്ട് വശങ്ങളിലായുള്ള രണ്ട് അണ്ഡാശയങ്ങളും മസ്തിഷ്കവും ചേർന്നതാണ് സ്ത്രീയുടെ ലൈംഗികവ്യവസ്ഥ. യോനിയടക്കമുള്ള അവയവങ്ങളെല്ലാം ശരീരത്തിനകത്താണുള്ളത്. അതിൽ നിന്ന് പുറത്തേക്ക് ഒരു തുറവിയുണ്ടെന്ന് മാത്രമേയുള്ളൂ. പുരുഷലൈംഗികാവയവം തികച്ചും വ്യത്യസ്തമാണ്. മസ്തിഷ്‌കം കിഴിച്ചുള്ള പ്രധാനപ്പെട്ട അവയവങ്ങളായ വൃഷണങ്ങളും ലിംഗവും പ്രധാനശരീരത്തിന് പുറത്തായാണുള്ളത്.

വേഴ്ചാനുഭവങ്ങളും പ്രത്യുത്പാദനവും തമ്മിലുള്ള ബന്ധവും തികച്ചും വ്യത്യസ്തമാണ്. സുരതാഹ്ളാദത്തിന്റെ പരമകാഷ്ഠയായ രതിമൂർച്ഛ അനുഭവിക്കുവാൻ ആണിനും പെണ്ണിനും കഴിയുമെങ്കിലും പെൺരതിമൂർച്ചക്ക് പ്രത്യുത്പാദനവുമായി യാതൊരു ബന്ധവുമില്ല. രതിമൂർച്ഛയുണ്ടാകുമ്പോൾ സ്ഖലിക്കുന്ന ശുക്ലമാണ് പ്രത്യുല്പാദനത്തിന്റെ പുരുഷബീജം വഹിക്കുന്നത്. ലൈംഗികബന്ധത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സ്ത്രീയുടെ സ്രവങ്ങളിലൊന്നും പ്രത്യുല്പാദനത്തിൽ പങ്കെടുക്കുന്നില്ല. പ്രത്യുല്പാദനത്തിലെ പെണ്ണിന്റെ പങ്കായ അണ്ഡം അവൾ അറിയാതെയാണ് ഉത്സർജ്ജിക്കപ്പെടുന്നത്. പുരുഷൻ മാസത്തിൽ സ്ഖലിക്കുന്ന കോടിക്കണക്കിന് ബീജങ്ങളിൽ മിക്കതിനും ബീജസങ്കലനത്തിനുള്ള ശേഷിയുണ്ട്. എന്നാൽ ബീജസങ്കലനത്തിന് ശേഷിയുള്ള ഒരേയൊരു അണ്ഡം മാത്രമേ സാധാരണഗതിയിൽ മാസത്തിലൊരിക്കൽ സ്ത്രീക്ക് ഉല്പാദിപ്പിക്കാനാവൂ.

സ്ത്രീകളുടെ പ്രത്യുല്പാദനശേഷി മുപ്പത് വയസ്സ് കഴിഞ്ഞാൽ കുറയാൻ തുടങ്ങുകയും ആർത്തവവിരാമത്തോടെ നിലയ്ക്കുകയും ചെയ്യും. ഇന്ത്യയിലെ ആർത്തവവിരാമത്തിന്റെ ശരാശരി പ്രായം 46.2 വയസ്സാണ്. പുരുഷനാകട്ടെ ശരാശരി നാൽപ്പത്തിയഞ്ച് വയസ്സ് കഴിയുന്നതോടെ പ്രത്യുല്പാദനശേഷി കുറയാൻ തുടങ്ങുമെങ്കിലും അതൊരിക്കലൂം നിലയ്ക്കുകയില്ല. ലോകത്തിലെ ഏറ്റവും പ്രായമേറിയ പിതാവായി അറിയപ്പെടുന്ന റാംജി രാംദേവിന് 96 ആമത്തെ വയസ്സിലും സ്വാഭാവികരതിയിലൂടെ കുഞ്ഞുണ്ടാകുന്നത് അതുകൊണ്ടാണ്.

ആകർഷകത്വത്തിലെ ഡൈമോർഫിസം

മനുഷ്യരിൽ ശാരീരികമായ ആകർഷകത്വം കൂടുതലുള്ളത് സ്ത്രീകൾക്കാണ്. അവളുടെ ശരീരപ്രകൃതി പുരുഷനെ ആകർഷിക്കുമ്പോൾ അവന്റെ വ്യക്തിത്വമാണ് സ്ത്രീയെ ആകർഷിക്കുന്നത്. പുരുഷനെ ആകർഷിക്കുവാനും ലൈംഗികമായി ഉത്തേജിപ്പിക്കുവാനും തക്ക രൂപത്തിലുള്ളതാണ് സ്ത്രീശരീരത്തിന്റെ ബാഹ്യമായ സവിശേഷതകൾ. പുരുഷന്റെയും സ്ത്രീയുടെയും മുഖങ്ങൾ പരസ്പരം ആകർഷിക്കുന്നതാണെങ്കിലും ലൈംഗികാകർഷണത്തിന്റെ മാനകങ്ങൾ പ്രകാരം പെൺമുഖമാണ് കൂടുതൽ ആകർഷകം. മറ്റെല്ലാ ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യസ്ത്രീയുടെ സ്തനങ്ങൾക്ക് മാത്രമാണ് പുരുഷനെ ആകർഷിക്കുവാനുള്ള അനുകൂലനമുണ്ടായിട്ടുള്ളത്. മക്കൾക്ക് മുലപ്പാൽ നൽകുകയെന്നതിലുപരിയായി ലൈംഗികമായ ധർമ്മങ്ങളൊന്നും നിർവ്വഹിക്കുന്നവയല്ല മറ്റു ജൈവവർഗ്ഗങ്ങളിലെ സ്ത്രീകൾക്കുള്ള സ്തനങ്ങൾ. മനുഷ്യനിൽ അങ്ങനെയല്ല. പെണ്ണിനെ ആകർഷകമാക്കുന്ന സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്നാണത്. കൗമാരം മുതൽ ആർത്തവവിരാമം വരെയുള്ള കാലത്ത് നിറഞ്ഞുനിൽക്കുന്നതായുള്ള സ്തനങ്ങളുടെ കാഴ്ച്ച മനുഷ്യസ്ത്രീയുടെ മാത്രം സവിശേഷതയാണ്. ആകർഷണം മാത്രമല്ല, അതിന്റെ പ്രദർശനം വഴി ഉണ്ടാവുക. പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനവും അതുവഴി ലൈംഗീകമായ പ്രചോദനവും സ്നേഹദ്രവത്തിന്റെ നിർമ്മാണവുമെല്ലാം സ്തനങ്ങളോ അവയുടെ വടിവൊത്ത ആകൃതിയോ കാണുന്നത് വഴി സംഭവിക്കും. അമേരിക്കയിലെ ഹൂട്ടേഴ്സ് റസ്റ്ററന്റുകൾക്ക് സ്തനപ്രദർശനത്തിന്റെ സാധ്യതകളെ സമർത്ഥമായി മാർക്കെറ്റ് ചെയ്യാൻ കഴിയുന്നത് ഈ സവിശേഷതയുള്ളത് കൊണ്ടാണ്.

സ്തനാകാരത്തിന്റെ പ്രദർശനം വഴി പുരുഷനിൽ ഉണ്ടാകുന്നത് പോലെ കാഴ്ച വഴി മാത്രമായി സ്ത്രീയിൽ ഇത്തരം അനുഭവങ്ങളുണ്ടാക്കുന്ന പുരുഷാവയവങ്ങളൊന്നുമില്ല. അവളിൽ ശ്യംഗാരവും സ്പർശവുമാണ് സമാനമായ അനുഭവങ്ങളുണ്ടാക്കുക. സ്ത്രീകളുടെ അരക്കെട്ടും നിതംബവും അവ തമ്മിലുള്ള അനുപാതവുമെല്ലാം അവരെ ആകർഷിപ്പിക്കുകയും അവയുടെ കാഴ്ച്ച പുരുഷനെ ലൈംഗികതയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സവിശേഷതയാണ്. പുരുഷന്റെ ശാരീരികപ്രകൃതിയെക്കാളധികം വ്യക്തിത്വവും സ്വഭാവങ്ങളുമെല്ലാമാണ് സ്ത്രീയെ അവനിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങൾ.

വസ്ത്രധാരണത്തിലെ മതം

മനുഷ്യർ ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടത് മുതൽ തന്നെ അവർ വസ്ത്രങ്ങളുപയോഗിച്ചിരുന്നുവെന്ന് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നു. വിലക്കപ്പെട്ട കനി തിന്നപ്പോഴാണ് ആദിപിതാവും മാതാവും തങ്ങൾ നഗ്നനാണെന്ന് മനസ്സിലാക്കിയതെന്നും അപ്പോൾ തന്നെ അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കിയതെന്നുമാണ് ബൈബിൾ പറയുന്നത്. (ഉല്പത്തി 3: 7). ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട് ഭൂമിയിലെത്തിയപ്പോൾ മുതൽ മനുഷ്യർക്ക് വസ്ത്രങ്ങളുണ്ടായിരുന്നുവെന്നാണ് ഇതിനർത്ഥം. “അങ്ങനെ അവർ ആ മരത്തിൽ നിന്ന് തിന്നു; അപ്പോൾ അവർക്ക് രണ്ട് പേർക്കും നഗ്‌നത വെളിവായി; സ്വർഗ്ഗത്തിലെ ഇലകൾ തുന്നിക്കൂട്ടി അവർ തങ്ങളുടെ ദേഹം പൊതിയാനും തുടങ്ങി” എന്ന് ഖുർആൻ (20: 121) പറയുമ്പോഴും ഇതേ ആശയം തന്നെയാണ് പ്രസരിപ്പിക്കുന്നത്. മനുഷ്യൻ ഭൂമിയിലെത്തിയത് മുതൽ തന്നെ അവൻ വസ്ത്രമുടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അതിന്റെ പ്രാഥമികമായ ലക്‌ഷ്യം നഗ്‌നത മറക്കുകയാണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.

പ്രകൃതിനിർധാരണത്തിലൂടെയുള്ള ജീവപരിണാമം വഴിയാണ് മനുഷ്യരുണ്ടായതെന്ന് സിദ്ധാന്തിക്കുന്ന പരിണാമവാദത്തിന് മനുഷ്യരുടെ വസ്ത്രധാരണസ്വഭാവം എന്തിന് എങ്ങനെ എപ്പോൾ ഉണ്ടായിയെന്ന് വിശദീകരിക്കുവാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. ഒരേ പൂർവ്വികനിൽ നിന്ന് പരിണമിച്ചുണ്ടായ ആൾക്കുരങ്ങിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ജനനേന്ദ്രിയങ്ങൾ മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കണം എന്ന ബോധം മനുഷ്യർക്ക് സമ്മാനിച്ച ഉല്പരിവർത്തനത്തെയോ ജനിതകമാറ്റത്തെയോ കുറിച്ചും പരിണാമവാദത്തിന് കാര്യമായൊന്നും പറയാനില്ല. എല്ലാ അർത്ഥത്തിലും ഡൈമോർഫിക് ആയ മനുഷ്യൻ യാതൊരുവിധ ദൈവികനിർദേശങ്ങളുമില്ലാതെ സ്വന്തമായ അനുഭവങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് ഉടയാടകൾ ഉപയോഗിക്കാൻ തുടങ്ങിയതെങ്കിലും ഓരോ ലിംഗത്തിന്റെയും സവിശേഷതകളും വ്യതിരിക്തതകളും ഉൾക്കൊണ്ടുകൊണ്ടുതന്നെയായിരിക്കും അവർ ഓരോരുത്തർക്കുമുള്ള വസ്ത്രങ്ങൾ തെരെഞ്ഞെടുത്തത് എന്ന് മനസ്സിലാക്കുന്നതാണ് യുക്തിസഹം.

വസ്ത്രധാരണത്തിന്റെ ചരിത്രം

മനുഷ്യശരീരത്തിൽ വളരുന്ന ഒരു തരം പേനിന്റെ ജനിതകാപഗ്രഥനത്തിൽ നിന്ന് 170,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യർ വസ്ത്രങ്ങളുടുക്കാൻ ആരംഭിച്ചിരുന്നുവെന്ന നിഗമനത്തിൽ ചില ഗവേഷകർ എത്തിയിട്ടുണ്ടെങ്കിലും അതിന്ന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ല. റഷ്യയിലെ സൈബീരിയയിൽ ഡെനിസോവ ഗുഹയിൽ നിന്ന് ലഭിച്ച മനുഷ്യാവിഷ്ടങ്ങളോടൊപ്പം അവിടുത്തുകാർ ഉടയാടകൾ തുന്നുവാൻ ഉപയോഗിച്ചുവെന്ന് കരുതാവുന്ന സൂചികളുടെ അവശിഷ്ടം ലഭിച്ചതിൽ നിന്ന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പെങ്കിലും മനുഷ്യർ വസ്ത്രങ്ങളുടുക്കുവാൻ തുടങ്ങിയിരുന്നുവെന്നാണ് പ്രഗത്ഭരായ പുരാവസ്തുശാസ്ത്രജ്ഞർ കരുതുന്നത്. ജോർജിയയിൽ നിന്ന് കണ്ടെത്തിയ 34,000 വർഷങ്ങൾക്ക് മുമ്പത്തെ ചണനാരുകളിൽ നിന്നും (Harvard University: Archaeologists Discover Oldest-known Fiber Materials Used By Early Humans, Science News, 11.09.2009) ഫ്രാൻസിലെ പ്രശസ്‍ത പുരാവസ്തുകേന്ദ്രത്തിൽ (Musée de l’Homme) സൂക്ഷിച്ചിരിക്കുന്ന 26000 വർഷങ്ങൾക്ക് മുമ്പുള്ളതെന്ന് കരുതപ്പെടുന്ന ലെസ്‌ബിഗോയിലെ ശുക്രൻ (Venus of Lespugue, https://web.archive.org) എന്ന പ്രതിമയിലെ വസ്ത്രാടയാളങ്ങളിൽ നിന്നും മുപ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് ശിലായുഗസംസ്കാരത്തിൽ തന്നെ നാരുകൾ കൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നതായി മനസ്സിലാക്കാം. അക്കാലത്ത് വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും പുരുഷനും സ്ത്രീയും എങ്ങനെയുള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നതെന്ന് മനസ്സിലാക്കാൻ മാർഗ്ഗങ്ങളൊന്നുമില്ല.

ക്രിസ്തുവിന് 2400 വർഷങ്ങൾക്ക് മുമ്പുള്ള സുമേറിയൻ പ്രതിമകൾ അക്കാലത്ത് ആണും പെണ്ണും അവരുടെ ലിംഗമെന്താണെന്ന് വെളിപ്പെടുത്തുന്ന രീതിയിലുള്ള വ്യത്യസ്തമായ വസ്ത്രങ്ങളാണ് ഉടുത്തതെന്നാണ് മനസ്സിലാക്കിത്തരുന്നത്. (Early Dynastic Sculpture, 2900–2350 B.C. https://www.metmuseum.org) എല്ലാ പുരാതന സംസ്കാരങ്ങളിലും ഈ വസ്ത്രവ്യത്യാസം നില നിന്നിരുന്നു. ചുരുങ്ങിയത് അയ്യായിരം വർഷങ്ങളെങ്കിലുമായി ആണും പെണ്ണും അവരെ തിരിച്ചറിയുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട് എന്നാണ് ഇതിന്നർത്ഥം. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് അറിവ് നൽകുന്ന ചുവർ ചിത്രങ്ങൾ (Helen Strudwick: Encyclopedia of Ancient Egypt, London, 2006). ക്രിസ്തുവിന് 2130 വർഷങ്ങൾക്ക് മുമ്പ് അവരിലെ പുരുഷന്മാർ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ വസ്ത്രങ്ങളായിരുന്നു സ്ത്രീകൾ ധരിച്ചിരുന്നതെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. ക്രിസ്തുവിന് 3000 വർഷങ്ങൾക്കും 1600വർഷങ്ങൾക്കുമിടയിൽ ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ വസിച്ചിരുന്ന വെങ്കല യുഗക്കാരായ മിനോനുകളുടെ (Minoans) വസ്ത്രധാരണത്തിലും ആൺ-പെൺ വ്യത്യാസം പ്രകടമായിരുന്നുവെന്ന് തന്നെയാണ് അവരുടെ ചുവർചിത്രങ്ങൾ വ്യക്തമാക്കുന്നത്. (Beauty in the Bronze Age – Minoan & Mycenaean Fashion, https://www.worldhistory.org)

ഈ പ്രതിമകളും ചുമർ ചിത്രങ്ങളുമെല്ലാം നരവർഗം നാഗരികമനുഷ്യരായ കാലം മുതൽ തുടരുന്നതാണ് ആണും പെണ്ണും വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലമെന്ന വസ്തുത വ്യക്തമാക്കുന്നതാണ്.

ക്രിസ്തുവിന് 1700 വർഷങ്ങൾക്ക് മുമ്പുള്ള സിന്ധുനദീതട സംസ്കാരത്തിൽ ശരീരം മുഴുവൻ ചുറ്റിപ്പൊതിയുന്ന രൂപത്തിലുള്ള വസ്ത്രങ്ങളായിരുന്നു സ്ത്രീകളും പുരുഷന്മാരും ഉപയോഗിച്ചിരുന്നതെങ്കിലും രണ്ട് കൂട്ടരുടെയും വസ്ത്രങ്ങൾ തമ്മിൽ വ്യക്തമായും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള വ്യതിരിക്തതകൾ ഉണ്ടായിരുന്നുവെന്ന് ഹാരപ്പൻ നാഗരികതയെക്കുറിച്ച പഠനത്തിൽ അഗ്രേസരനായ അമേരിക്കൻ പുരാവസ്തു ഗവേഷകൻ ജോനാഥൻ മാർക്ക് കെനോയെരുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. (Jonathan Mark Kenoyer: “Ornament Styles of the Indus Valley Tradition : Evidence from Recent Excavations at Harappa, Pakistan”, Paléorient, 1991, https://www.persee.fr). ക്രിസ്തുവിന് 1500 വർഷങ്ങൾക്ക് മുമ്പ് ആരംഭിക്കുന്ന വേദകാലത്തെ സ്ത്രീകളും പുരുഷന്മാരും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളിൽ പ്രകടമായ അന്തരമുണ്ടായിരുന്നുവെന്ന് ഗ്വാളിയർ മ്യൂസിയത്തിലെ പുരാവസ്തുക്കളെക്കുറിച്ച തന്റെ പഠനത്തിൽ സുലോചന അയ്യർ വ്യക്തമാക്കുന്നുണ്ട്. (Sulochana Ayyar: Costumes and Ornaments as Depicted in the Sculptures of Gwalior Museum”, New Delhi, 1987). ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന അടിവസ്ത്ര, കുർള, അന്ധപ്രതിതി എന്നീ വസ്ത്രനാമങ്ങൾ അക്കാലത്ത് നിലനിന്നിരുന്ന വസ്ത്രധാരണത്തിലെ ലിംഗവൈവിധ്യമാണ് സൂചിപ്പിക്കുന്നത്.

വസ്ത്രവ്യത്യാസം മതങ്ങളിൽ

പുരാതന ഇസ്രാഈല്യർക്കിടയിലെ സ്ത്രീകളും പുരുഷന്മാരും പരസ്പരം തിരിച്ചറിയുന്ന രീതിയിലുള്ള വ്യത്യസ്തങ്ങളായ വസ്ത്രങ്ങളായിരുന്നു സ്വീകരിച്ചിരുന്നത് എന്ന് ബൈബിൾ പഴയ നിയമം വായിച്ചാൽ മനസ്സിലാവും. മാത്രവുമല്ല, സ്ത്രീപുരുഷന്മാരുടെ വസ്ത്രങ്ങൾ പരസ്പരം മാറി ഉപയോഗിക്കരുതെന്നും ആൺവസ്ത്രം ധരിക്കുന്ന പെണ്ണിനേയും പെൺവസ്ത്രം ധരിക്കുന്ന ആണിനെയും ദൈവം ശപിക്കുകമെന്ന നിർദേശം തന്നെ തോറയിലുണ്ട് (ആവർത്തനം 22: 5). ഈ നിയമം നിലനിന്നിരുന്നതിനാൽ ഇസ്രാഈല്യർ ആൺ-പെൺ വസ്ത്രധാരണത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നുവെന്നാണ് മനസ്സിലാവുന്നത്.

ജൂതമതത്തിന്റെ പിന്തുടർച്ചയായി വന്ന ക്രൈസ്തവർക്കിടയിലും ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വസ്ത്രവ്യവച്ഛേദം നിലനിന്നുവെന്ന് തന്നെയാണ് മനസ്സിലാവുന്നത്. ‘സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു.’ (1 തിമോത്തേയോസ്‌ 2: 9) എന്ന പൗലോസ് ശ്ലീഹായുടെ ഉപദേശം പഴയനിയമത്തിലെ സ്ത്രീവസ്ത്രം പുരുഷനും പുരുഷവസ്ത്രം സ്ത്രീയും ധരിക്കരുതെന്ന നിർദേശത്തെക്കൂടി ഉൾക്കൊള്ളുന്നതാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. “സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ, മുടി മുറിച്ച്‌ കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക്‌ ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ.” (1കൊറിന്ത്യൻസ്‌ 11:6) എന്നുകൂടി സ്ത്രീകളോട് അല്പം പരുഷമായിത്തന്നെ അദ്ദേഹം കല്പിക്കുന്നുണ്ടല്ലോ. ശിരോവസ്ത്രത്തിന്റെ കാര്യത്തിൽ സ്ത്രീയോടുള്ള പ്രത്യേകമായ നിർദേശം കാണിക്കുന്നത് ആവർത്തനപുസ്തകത്തിലെ നടേ പറഞ്ഞ നിയമം പാലിക്കുവാൻ സ്ത്രീ-പുരുഷന്മാർ സന്നദ്ധമാകണമെന്ന് തന്നെയാണെന്നും അങ്ങനെ അഭിപ്രായം പറഞ്ഞവർ കൂട്ടിച്ചേർക്കുന്നു.(Jay Dee: “Is it wrong for Christians to crossdress?”, https://www.uncoveringintimacy.com; “What does the Bible say about cross-dressing / transvestism?”, https://www.gotquestions.org)

സ്ത്രീവസ്ത്രങ്ങൾ പുരുഷനും പുരുഷവസ്ത്രങ്ങൾ സ്ത്രീയും ധരിക്കുന്നതിനെ ശക്തമായി വിലക്കിയ മതമാണ് ഇസ്‌ലാം. പെണ്ണുടയാടകൾ അണിയുന്ന ആണിനെയും ആണുടയാടകൾ അണിയുന്ന പെണ്ണിനേയും പ്രവാചകൻ ശപിച്ചതായി വ്യക്തമാക്കുന്ന ഹദീഥ് സ്വീകാര്യമായ പരമ്പരയോടെ അബൂ ഹുറൈറയിൽ നിന്ന് അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. പുരുഷനെ അനുകരിക്കുന്ന സ്ത്രീയും സ്ത്രീയെ അനുകരിക്കുന്ന പുരുഷനും ശപിക്കപ്പെട്ടവരാണെന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഇബ്നു അബ്ബാസി(റ)ൽ നിന്ന് സ്വഹീഹുൽ ബുഖാരിയിലും നിവേദനം ചെയ്യപ്പെട്ടുണ്ട്.

പുരുഷന്റെയും സ്ത്രീയുടെയും കോശങ്ങൾ മുതൽ മസ്തിഷ്‌കം വരെ എല്ലാത്തിന്റെയും ഘടനയും ധർമ്മങ്ങളും നരവർഗ്ഗം അടിസ്ഥാനപരമായി ഡൈമോർഫിക് ആണെന്ന സത്യത്തിനുള്ള തെളിവുകൾ നൽകുന്നു. വസ്ത്രം ധരിക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ ആണിനെയും പെണ്ണിനെയും പരസ്പരം തിരിച്ചറിയാവുന്ന വസ്ത്രങ്ങളായിരുന്നു ധരിച്ചതെന്നതിന് നരവംശശാസ്ത്രവും പുരാവസ്തുശാസ്ത്രവും മുന്നോട്ടു വെക്കുന്ന തെളിവുകൾ വ്യക്തമാക്കുന്നു. വേദഗ്രന്ഥങ്ങളും മതങ്ങളുമെല്ലാം ആൺവസ്ത്രം പെണ്ണും തിരിച്ചും ധരിക്കാൻ പാടില്ലെന്ന് വിലക്കുന്നു. ചരിത്രവും ശാസ്ത്രവും മതവുമെല്ലാം ആണും പെണ്ണും അവരുടെ ലിംഗത്തെ മനസ്സിലാക്കാനാകുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് ശരിയെന്നതിന് സാക്ഷ്യം വഹിക്കുന്നു. പിന്നെയെന്തിനാണ് സഹസ്രാബ്ദങ്ങളായി മനുഷ്യർ പിന്തുടർന്ന് പോന്ന ഈ വസ്ത്രശീലത്തിനെതിരെ പടവാളോങ്ങുകയും പ്രകൃതിവിരുദ്ധമായ വസ്ത്രസംസ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ? ഉത്തരം ഒന്ന് മാത്രമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ ഇപ്പോഴത്തെ അജണ്ട ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കുകയാണ്. അതിന്ന് ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ അടിച്ചേൽപ്പിക്കണമെന്നാണ് തീരുമാനം. ആ തീരുമാനത്തിനെതിരെ ചെറുവിരലെങ്കിലും അനക്കാൻ ലിബറലിസത്തിന്റെ ചഷകത്തിനടിയിൽ വാലുകൾ കുടുങ്ങിപ്പോയ ഭരണാധികാരികൾക്കോ ബുദ്ധിജീവികൾക്കോ ശാസ്ത്രജ്ഞർക്കോ കഴിയില്ല. ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ പറഞ്ഞുകൊടുക്കുന്നതെല്ലാം അക്ഷരത്തെറ്റില്ലാതെ ആവർത്തിക്കാനാണ് അവരുടെയെല്ലാം നിയോഗം.

എന്തിന് ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ?

ഹെറ്ററോനോർമേറ്റിവിറ്റിയിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കുവാൻ ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നതുകൊണ്ട് കാര്യമുണ്ടോ? അങ്ങനെ ചെയ്‌താൽ ഹെറ്ററോനോർമേറ്റിവിറ്റിയിൽ നിന്ന് ഭാവിപൗരന്മാർ മോചിതരാവുമോ? ഈ ചോദ്യങ്ങൾക്ക് ക്വിയർ തിയറിയുടെയും ജെൻഡർ തിയറിയുടെയും അടിസ്ഥാനത്തിൽ ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ മറുപടി പറയും; കൃത്യവും വ്യക്തവുമായ മറുപടി.

ലൈംഗികാഭിമുഖ്യത്തിന്റെ വർണ്ണരാജിയിൽ ഒരറ്റത്തുള്ള ദ്വിവർഗ്ഗ ലൈംഗികത മാത്രം പ്രകൃതിപരവും മറ്റെല്ലാം പ്രകൃതിവിരുദ്ധവുമായി കരുതപ്പെടുന്നതിനുള്ള കാരണം ചരിത്രത്തിലുടനീളം നിർബ്ബന്ധിത എതിർവർഗ്ഗ ലൈംഗികത (compulsory heterosexuality) അടിച്ചേല്പിക്കപ്പെട്ടതാണെന്നാണ് ക്വിയർ തിയറി പറയുന്നത്. ആണധികാരം നിലനിർത്താനുള്ള രാഷ്ട്രീയായുധമായി ആൺകോയ്മാ വ്യവസ്ഥിതികൾ എതിർവർഗ്ഗ ലൈംഗികതയെ ഉപയോഗിച്ചതുകൊണ്ടാണ് അത് നോർമലും മറ്റെല്ലാം അബ്നോർമലുമായി കരുതപ്പെടുന്ന സ്ഥിതിയുണ്ടായത് എന്നാണ് തിയറി. ലൈംഗികാഭിമുഖ്യത്തിന്റെ വർണ്ണരാജിയിലെ എല്ലാ തരം ആസ്വാദനങ്ങളും അനുഭവിക്കാനാവുന്ന അവസ്ഥയുണ്ടാകണമെങ്കിൽ എല്ലാ തരം ലൈംഗികാഭിമുഖ്യങ്ങളെയും സ്വാഭാവികമായി കരുതപ്പെടുന്ന സ്ഥിതിയുണ്ടാകണം. LGBTQIA+ വർണ്ണരാജിയിലെ എല്ലാതരം ലൈംഗികാഭിമുഖ്യങ്ങളും നോർമലാണെന്ന ബോധം തലച്ചോറിലേക്ക് സന്നിവേശിക്കപ്പെടണം. എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധം തകർക്കപ്പെടണം. അത് തകർക്കുന്ന രീതിയിൽ മാനവസ്ഥാപനങ്ങളെല്ലാം ഉടച്ചുവാർക്കപ്പെടണം. നിയമവും സമൂഹവും ഹെറ്ററോനോർമേറ്റിവ് ആയ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എല്ലാ സാമൂഹ്യസ്ഥാപനങ്ങളെയും ഹോമോനോർമേറ്റീവും ക്വിയർ നോർമേറ്റീവുമെല്ലാമാക്കി മാറ്റണം.

ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിന്റെ ഒന്നാം ഘട്ടം നിയമനിർമ്മാണമായിരുന്നു. ലോകത്തെ ഒരുവിധം എല്ലാ ജനാധിപത്യരാജ്യങ്ങളും സ്വവർഗാനുരാഗവും സ്വവർഗവിവാഹവുമെല്ലാം നിയമം മൂലം അനുവദിക്കപ്പെടുന്ന സ്ഥിതിയുണ്ടായത് ജെൻഡർ പൊളിറ്റിക്സിന്റെ ലോബിയിങ് വഴിയാണ്. ഹോമോനോർമേറ്റീവിറ്റിയും ക്വിയർ നോർമേറ്റീവിറ്റിയും അടിച്ചേൽപ്പിക്കുന്നതിന്റെ അടുത്ത ഘട്ടം സാമൂഹ്യമായ മാറ്റമാണ്. അതിന് സമൂഹത്തിൽ ആൺ- പെൺ വ്യത്യാസങ്ങൾ പരിഗണിക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടണം. കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇടപെട്ടാൽ അതിന് കഴിയുമെന്ന് പെരുമാറ്റ മനഃശാസ്ത്രം (behavioral psychology) അവരെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ കുട്ടിയെയും താൻ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വളർത്തിയാൽ ആൺ- പെൺ വ്യത്യാസങ്ങളറിയാതെ അവർ വളർന്നു വരും. അങ്ങനെ വളർന്നുവരുന്നവർ ലൈംഗികത്വരയുണ്ടാകുന്ന കൗമാരത്തിലെത്തിയാൽ വികാരശമനത്തിന് അവർക്ക് കാമ്യമെന്ന് തോന്നുന്ന രീതികൾ സ്വീകരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടാകും. LGBTQIA+ വർണ്ണരാജിയിലെ തങ്ങളുടെ സ്ഥാനമെന്താണെന്ന് തീരുമാനിക്കാൻ അപ്പോൾ അവർക്ക് കഴിയും. ഹെറ്ററോനോർമേറ്റിവിറ്റിയെ തകർത്തുകൊണ്ടല്ലാതെ അതിന്ന് കഴിയില്ലെന്നാണ് ക്വിയർ തിയറിയുടെ വക്താക്കൾ കരുതുന്നത്.

ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാതെ ഒരാളെ വളർത്തണമെങ്കിൽ ആദ്യം അവരുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങൾ എടുത്ത് കളയണം. ഉപദേശം കൊണ്ട് മാത്രം കഴിയുന്നതല്ല ഇത്; അല്പം ശക്തി ഉപയോഗിക്കേണ്ടി വന്നാലും കുഴപ്പമില്ല. എന്നാൽ അങ്ങനെ ശക്തി ഉപയോഗിക്കുന്നത് മൂലം ആരുടെയെങ്കിലും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് തോന്നാനും പാടില്ല. അതിനാണ് സ്‌കൂൾ യൂണിഫോമിൽ നിന്ന് തന്നെ തുടങ്ങുന്നത്. നിർബന്ധമായും അണിയേണ്ടതായതിനാൽ അത് കുട്ടികൾ അണിയേണ്ടി വരും. സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയാണ് അതെന്ന് കൊട്ടിഘോഷിച്ചാൽ പൊതുവെ ലിബറൽ മൂല്യങ്ങൾ പേറുന്ന സമൂഹം അത് സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുകയില്ല. ആൺ-പെൺ സൗഹൃദത്തിന് കൂടുതൽ കഴിയുമെന്ന ധാരണയുണ്ടാക്കിയാൽ കൗമാരക്കാരായ കുട്ടികളിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടാവുകയുമില്ല. സ്‌കൂളിനകത്ത് നിന്ന് തുടങ്ങുന്ന ശീലം മെല്ലെ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കും. ആണും പെണ്ണും തിരിച്ചറിയാത്ത അവസ്ഥയുണ്ടാക്കാൻ അതുവഴി കഴിയുമെന്നാണ് എൽജിബിറ്റി ആക്ടിവിസ്റ്റുകൾ കരുതുന്നത്. അതുവഴി മെല്ലെ ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കുവാൻ കഴിയുമെന്ന് അവർ സ്വപ്നം കാണുകയും ചെയ്യുന്നു.

ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ വഴി ആൺകുട്ടിയേയും പെൺകുട്ടിയേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടായിക്കഴിഞ്ഞാൽ അടുത്ത പടിയിലേക്ക് കയറാൻ കുട്ടികൾ തന്നെ സ്വയം നിർബന്ധിതരാകും. അതിനനുസൃതമായ രീതിയിൽ മുടിയും ഉടയാടകളും സ്വീകരിക്കുവാൻ സ്വയം നിർബന്ധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും. ഒരേ രൂപത്തിലാകുന്നതിനായി മുടി മുറിക്കുകയോ നീട്ടി വളർത്തുകയോ ചെയ്യാൻ എല്ലാവരും സ്വയം നിർബന്ധിക്കപ്പെടുകയും അങ്ങനെ സന്നദ്ധമാവുകയും ചെയ്യും. ആൺ- പെൺ വ്യത്യാസങ്ങളില്ലാതെ ഇടപഴകൽ അങ്ങനെ സ്വാഭാവികമായിത്തീരും. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ബെഞ്ചിൽ അടുത്തടുത്തിരുത്തിക്കൊണ്ട് തുറന്ന ഇടപെടലുകൾക്കുള്ള അവസരങ്ങളുണ്ടാക്കുവാൻ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. കൗമാരത്തിന് മുമ്പ് തന്നെ ജെൻഡർ ന്യൂട്രൽ ഹോസ്റ്റലുകളിൽ കഴിയാൻ വൈമനസ്യമൊന്നുമില്ലാത്ത സ്ഥിതിവിശേഷമുണ്ടാവുകയും അത്തരം ഹോസ്റ്റലുകൾ വ്യാപകമാവുകയും ചെയ്യും. ജെൻഡർ ന്യൂട്രൽ ടോയ്‌ലെറ്റുകളും ഇതോടൊപ്പം വ്യാപകമാവും. ആണും പെണ്ണും ഒരേപോലെ ഇടപഴകുന്ന സ്ഥിതിയുണ്ടായാൽ അവർ തമ്മിൽ കണ്ടാൽ പോലും മനസ്സിലാകാത്ത അവസ്ഥയുണ്ടാകും.

ഇങ്ങനെയെല്ലാമാണെങ്കിലും കൗമാരത്തിലെത്തുന്നതോടെ ജന്തുസഹജമായ ലൈംഗികതൃഷ്ണ അവരിൽ രൂപപ്പെടും. അപ്പോൾ ലൈംഗികാസ്വാദനത്തിന് ആരെങ്കിലും ഒരാൾ മതിയെന്ന മാനസികാവസ്ഥയിലെത്തും. ലൈംഗികാഭിനിവേശത്തിന്റെ വർണ്ണരാജിയിലെ തങ്ങൾക്ക് ആസ്വാദ്യകരമായി തോന്നുന്ന സ്വവർഗാനുരാഗം മുതൽ മൃഗരതി വരെയുള്ള ഏത് നിറവും സ്വീകരിക്കുവാൻ അവർക്ക് കഴിയും. ഒരു നിറത്തിൽ നിന്ന് അടുത്ത നിറത്തിലേക്ക് ചാടുവാനും അവർക്ക് പ്രയാസമൊന്നുമുണ്ടാവില്ല. തങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരാളുമായോ ഒന്നിലധികം പേരുമായോ അവർ രതിസുഖം പങ്കുവെക്കും. ആടോ പന്നിയോ പട്ടിയോ കുരങ്ങോ തന്റെ ഇണയായി വന്നാലും ആ രതിയിൽ അയാൾക്ക് കുറ്റബോധമൊന്നുമുണ്ടാവുകയില്ല. ഇതാണ് ഹെറ്ററോനോർമേറ്റിവിറ്റിയുടെ ഭാരത്തിൽ നിന്ന് രക്ഷപ്പെട്ട ലോകത്തെക്കുറിച്ച എൽജിബിറ്റി ആക്ടിവിസ്റ്റുകളുടെ സ്വപ്നം. ഈ സ്വപ്നത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യപടിയായി നടപ്പാക്കുന്നതാണ് എന്നതിനാലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അപകടകരമാണെന്ന് പറയുന്നത്, അല്ലാതെ ഏതെങ്കിലും ഒരു വസ്ത്രത്തോട് പ്രത്യേകമായ വിരോധങ്ങളെന്തെങ്കിലും ഉള്ളതുകൊണ്ടല്ല.

print

No comments yet.

Leave a comment

Your email address will not be published.